Thursday, February 12, 2009

DIAGO... WELL DONE


ബലേ ഡിയാഗോ
പാരീസ്‌: പരിശീലകനായ ഡിയാഗോ മറഡോണക്ക്‌ തുടര്‍ച്ചയായ രണ്ടാം ജയം... ഇതിഹാസ താരത്തിന്റെ ശിക്ഷണത്തിന്‌ കീഴില്‍ കളിച്ച അര്‍ജന്റിന ഫ്രാന്‍സിനെ അവരുടെ മണ്ണില്‍ രണ്ട്‌ ഗോളിന്‌ പരാജയപ്പെടുത്തി. സൗഹൃദ പോരാട്ടങ്ങളില്‍ ശ്രദ്ധേയമായ വിജയം സ്വന്തമാക്കിയപ്പോള്‍ ഫാബിയോ കാപ്പലോയുടെ ഇംഗ്ലണ്ടിനെ രണ്ട്‌ ഗോളിന്‌ യൂറോപ്യന്‍ ചാമ്പ്യന്മാരായ സ്‌പെയിന്‍ നാണംകെടുത്തി. സ്വന്തം നാട്ടില്‍ നോര്‍വെയെ വെല്ലുവിളിച്ച ജര്‍മനിക്കാര്‍ക്ക്‌ ഒരു ഗോളിന്റെ ആഘാതമേറ്റപ്പോള്‍ കരുത്തരായ ഹോളണ്ടിനെ ടൂണീഷ്യ 1-1 ലും ചെക്‌ റിപ്പബ്ലിക്കിനെ ആഫ്രിക്കക്കാരായ മൊറോക്കോ ഗോള്‍രഹിത സമനിലയിലും തളച്ചു. അടുത്ത മാസം നടക്കുന്ന ലോകകപ്പ്‌ യോഗ്യതാ മല്‍സരങ്ങള്‍ക്ക്‌ മുന്നോടിയായാണ്‌ എല്ലാ ടീമുകളും സൗഹൃദ പോരാട്ട വേദിയില്‍ മുഖാമുഖമെത്തിയത്‌. പക്ഷേ ക്ലബ്‌ പോരാട്ടങ്ങളില്‍ തിളങ്ങുന്ന സൂപ്പര്‍ താരങ്ങള്‍ക്കൊന്നും ദേശീയ ടീമിനെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. അടുത്ത വര്‍ഷം ലോകകപ്പിന്‌ വേദിയാവുന്ന ദക്ഷിണാഫ്രിക്കക്കും സ്വന്തം നാട്ടില്‍ കനത്ത തിരിച്ചടിയേറ്റു. ലാറ്റിനമേരിക്കന്‍ പ്രതിനിധികളായ ചിലി ജോഹന്നാബര്‍ഗ്ഗ്‌ പോരാട്ടത്തില്‍ രണ്ട്‌ ഗോളിന്‌ ആഫ്രിക്കന്‍ കരുത്തരെ മറിച്ചിട്ടു.
ഇന്നലെ എല്ലാവരും ആകാംക്ഷയോടെ കാത്തിരുന്ന പോരാട്ടം മറഡോണയുടെ സംഘവും റെയ്‌മോണ്ട്‌ ഡൊമന്‍ച്ചെയുടെ ഫ്രഞ്ച്‌ സംഘവും തമ്മിലുളള പടയോട്ടമായിരുന്നു. അര്‍ജന്റീനയുടെ പരിശീലകന്‍ എന്ന നിലയില്‍ മറഡോണ 100 ദിവസം പൂര്‍ത്തീകരിച്ച ദിവസത്തിലായിരുന്നു മല്‍സരം. ജോനാസ്‌ ഗുട്ടിറസിന്റെ ഗോളില്‍ ഒന്നാം പകുതിയില്‍ ലീഡ്‌ നേടിയ അര്‍ജന്റീനക്കായി രണ്ടാം പകുകിയില്‍ സൂപ്പര്‍താരം ലയണല്‍ മെസിയും ഗോള്‍ നേടി. രാജ്യാന്തര സോക്കറില്‍ നിറം മങ്ങുന്ന ഫ്രാന്‍സിന്‌ കനത്ത ആഘാതമാണ്‌ ഈ പരാജയം. സ്വന്തം മൈതാനത്ത്‌ എല്ലാ വമ്പന്മാരെയും പരാജയപ്പെടുത്തിയിട്ടുളളവരെന്ന ഖ്യാതിയാണ്‌ ഫ്രാന്‍സിനുണ്ടായിരുന്നത്‌. 98 ല്‍ ഇവിടെ വെച്ച്‌ ബ്രസീല്‍ ഉള്‍പ്പെടെയുളള പ്രബലരെ മറിച്ചിട്ട്‌ ലോകകപ്പില്‍ മുത്തമിട്ട സൈനുദ്ദീന്‍ സിദാന്‍ ഫ്രാന്‍സ്‌ പക്ഷേ ഇന്നലെ പഴയ കരുത്തിന്റെ നിഴല്‍ മാത്രമായിരുന്നു. മാര്‍സലിയിലെ അങ്കത്തില്‍ തിയറി ഹെന്‍ട്രിയും ഫ്രാങ്ക്‌ റിബറിയും ഉള്‍പ്പെടെ ഫ്രഞ്ച്‌ നിരയില്‍ സൂപ്പര്‍ താരങ്ങളെല്ലാമുണ്ടായിരുന്നു. ഇവര്‍ക്കൊന്നും പക്ഷേ അര്‍ജന്റീനിയന്‍ ഹാഫില്‍ പരിഭ്രാന്തി സൃഷ്‌്‌ടിക്കാന്‍ കഴിഞ്ഞില്ല.
കോച്ചായ ശേഷം മറഡോണ ആദ്യം നേരിട്ട എതിരാളികള്‍ സ്‌ക്കോട്ട്‌ലാന്‍ഡായിരുന്നു. ഈ മല്‍സരത്തില്‍ ആധികാരികത പ്രകടിപ്പിക്കാന്‍ അദ്ദേഹത്തിന്റെ സംഘത്തിന്‌ കഴിഞ്ഞിരുന്നില്ല. ഇന്നലെ എല്ലാ തലത്തിലും ഡിയാഗോയുടെ സംഘം പൂര്‍ണ്ണ കരുത്തിലായിരുന്നു. ഫ്രാന്‍സിന്റെ ശൈലി ദീര്‍ഘപാസുകളായിരുന്നു. പക്ഷേ പന്തുകളെ ഉപയോഗപ്പെടുത്തുന്നതില്‍ മുന്‍നിരക്കാര്‍ പരാജയപ്പെട്ടു. അതേ സമയം രാജ്യത്തിനായി ഗുട്ടിറസ്‌ നേടിയ ആദ്യ ഗോള്‍ അര്‍ജന്റീനയുടെ ഫിനിഷിംഗ്‌ പാടവത്തിനുളള തെളിവായി. സ്വന്തം മികവിന്റെ വജ്രശോഭയാണ്‌ ഒരിക്കല്‍ക്കൂടി മെസി പ്രകടിപ്പിച്ചത്‌. കാര്‍ലോസ്‌ ടെവസാണ്‌ ഗോളിലേക്ക്‌ മെസ്സിക്ക്‌ പന്ത്‌ നല്‍കിയത്‌. പെനാല്‍ട്ടി ബോക്‌സിന്‌ 30 വാര പുറത്ത്‌ നിന്ന്‌ പന്ത്‌ സ്വീകരിച്ച ബാര്‍സിലോണിയന്‍ താരം ചടുലമായ നീക്കത്തില്‍ തൊട്ട്‌ മുന്നിലുളള രണ്ട്‌ ഡിഫന്‍ഡര്‍മാരെ മറികടന്ന്‌ ഓട്ടത്തില്‍ തൊടുത്ത ഷോട്ടിന്‌ മുന്നില്‍ ഫ്രഞ്ച്‌ ഗോള്‍ക്കീപ്പര്‍ സ്റ്റീവ്‌ മന്‍ഡാന നിസ്സഹായനായിരുന്നു.
താന്‍ പറഞ്ഞത്‌ പോലെ തന്നെയാണ്‌ താരങ്ങള്‍ കളിച്ചതെന്നും ആദ്യ മുപ്പത്‌ മിനുട്ട്‌ പ്രതിയോഗികളെ പിടിച്ചുനിര്‍ത്താനായാല്‍ മല്‍സരത്തില്‍ ജയിക്കാന്‍ പ്രയാസമില്ലെന്നുമായിരുന്നു എന്റെ നിഗമനം. അതാണ്‌ താരങ്ങള്‍ പ്രാവര്‍ത്തികമാക്കിയത്‌്‌-വിജയശ്രീലാളിതനായി കാണപ്പെട്ട കോച്ച്‌ മറഡോണ മല്‍സരശേഷം പറഞ്ഞു.
സൗഹൃദ പോരാട്ടങ്ങളിലെ വലിയ അട്ടിമറിക്കാര്‍ നോര്‍വെയായിരുന്നു. മൈക്കല്‍ ബലാക്‌ എന്ന സൂപ്പര്‍ മിഡ്‌ഫീല്‍ഡര്‍ ദീര്‍ഘകാലത്തിന്‌ ശേഷം ജര്‍മന്‍ നിരയില്‍ മടങ്ങിയെത്തിയപ്പോള്‍ പ്രതീക്ഷിക്കപ്പെട്ടത്‌ ജര്‍മന്‍കാരുടെ ആധികാരികതയായിരുന്നു. എന്നാല്‍ കൃസ്റ്റ്യന്‍ ഗ്രിന്‍ഡ്‌ഹാം നോര്‍വെക്കാരുടെ ഹീറോയായി. മല്‍സരത്തിന്‌ 63 മിനുട്ട്‌ പ്രായമായപ്പോഴായിരുന്നു ഗ്രിന്‍ഹാമിന്റെ നിര്‍ണ്ണായക ഗോള്‍ പിറന്നത്‌. രണ്ടാം പകുതിയില്‍ കൂടുതല്‍ അവസരങ്ങള്‍ സമ്പാദിക്കുന്നതിലും നോര്‍വെക്കാരായിരുന്നു മുന്നില്‍.
യൂറോപ്യന്‍ ചാമ്പ്യന്മാര്‍ക്കൊത്ത പ്രകടനമാണ്‌ സ്‌പെയിന്‍ ഇംഗ്ലണ്ടിനെതിരെ നടത്തിയത്‌. ഇംഗ്ലണ്ടിനെതിരെ തുടര്‍ച്ചയായി സമ്പാദിക്കുന്ന മൂന്നാം വിജയത്തിന്റെ സ്‌പാനിഷ്‌ ശില്‍പ്പികള്‍ ഡേവിഡ്‌ വിയയും ഫെര്‍ണാണ്ടോ ലോറന്‍ഡെയുമായിരുന്നു. രണ്ടാം പകുതിയിലിറങ്ങിയ ഡേവിഡ്‌ ബെക്കാം അനുഭവസമ്പത്തിന്റെ കരുത്ത്‌ ആവര്‍ത്തിച്ചു തെളിയിച്ചുവെങ്കിലും കാര്‍ലോസ്‌ പിയോളിന്റെ നേതൃത്ത്വത്തിലുളള സ്‌പാനിഷ്‌ ഡിഫന്‍സ്‌ വഴങ്ങിയില്ല. ഫിന്‍ലാന്‍ഡിനെ പരാജയപ്പെടുത്താന്‍ പോര്‍ച്ചുഗലിന്‌ കൃസ്‌റ്റിയാനോ റൊണാള്‍ഡോയുടെ പെനാല്‍ട്ടി കിക്ക്‌ വേണ്ടി വന്നതായിരുന്നു മറ്റൊരു പ്രധാന യൂറോപ്യന്‍ വാര്‍ത്ത. യൂറോപ്യന്‍ ഫുട്‌
്‌ബോളില്‍ തുടര്‍ച്ചയായി ആധികാരികത പ്രകടിപ്പിക്കുന്ന ഫിന്നിഷ്‌ ടീം 90 മിനുട്ടും വീരോചിത പോരാട്ടമാണ്‌ നടത്തിയത്‌.
ആഫ്രിക്കയില്‍ നിന്നുമെത്തിയ ടൂണീഷ്യക്കാരെ തരിപ്പണമാക്കാനിറങ്ങിയ ഡച്ചുകാര്‍ക്ക്‌ സ്വന്തം പിഴവുകള്‍ വിനയായി. ജാന്‍ ഹഡ്‌ലറുടെ ഗോളില്‍ ലീഡ്‌ നേടിയ ഡച്ചുകാരെ മല്‍സരമവസാനിക്കാന്‍ അഞ്ച്‌്‌ മിനുട്ടുളളപ്പോള്‍ ജമാല്‍ സൈദി നേടിയ ഗോളില്‍ ടൂണീഷ്യ പിടിച്ചുനിര്‍ത്തി. ക്രൊയേഷ്യക്കെതിരായ മല്‍സരത്തില്‍ ലീഡ്‌ കരസ്ഥമാക്കിയ റുമേനിയ തുടര്‍ച്ചയായ രണ്ട്‌ ഗോളുകള്‍ വഴങ്ങി വഴിയില്‍ വീണു. ജര്‍മന്‍ ലീഗില്‍ ഷാല്‍ക്കെക്കായി കളിക്കുന്ന ഇവാന്‍ റാക്‌റ്റിക്ട്‌ ക്രോട്ടുകാരുടെ സമനില ഗോള്‍ നേടിയപ്പോള്‍ വിജയഗോള്‍ നികോ ക്രാന്‍ജറുടെ ബൂട്ടില്‍ നിന്നായിരുന്നു. സ്വന്തം കരുത്ത്‌ നിലനിര്‍ത്തിയ സ്വീഡന്‍ രണ്ട്‌ ഗോളിന്‌ ഓസ്‌ട്രിയയെ തോല്‍പ്പിച്ചപ്പോള്‍ സ്ലോവാക്യ 3-2ന്‌ സൈപ്രസിനെ കീഴടക്കി. തുര്‍ക്കിയും ഐവറി കോസ്‌റ്റും തമ്മിലുളള മല്‍സരം 1-1 ല്‍ അവസാനിച്ചു. മുന്‍നിരക്കാരന്‍ സാമുവല്‍ ഇറ്റോയുടെ കരുത്തില്‍ കാമറൂണ്‍ 3-1ന്‌ ഗുനിയയെ വീഴ്‌ത്തി.
ഐറിഷ്‌ ജയം
ലണ്ടന്‍: സൗഹൃദ പോരാട്ടങ്ങള്‍ക്കൊപ്പം ഇന്നലെ യൂറോപ്പില്‍ നടന്ന മൂന്ന്‌ ലോകകപ്പ്‌ യോഗ്യതാ മല്‍സരങ്ങളില്‍ കരുത്ത്‌ പ്രകടിപ്പിച്ചത്‌ ഉത്തര അയര്‍ലാന്‍ഡുകാര്‍. യൂറോപ്യന്‍ ഗ്രൂപ്പ്‌ 3 ല്‍ നടന്ന മല്‍സരത്തില്‍ ഐറിഷ്‌ സംഘം മൂന്ന്‌ ഗോളിന്‌ സാന്‍മറീനോയെ മുക്കി. ഗ്രൂപ്പ്‌ എട്ടിലെ മല്‍സരത്തില്‍ തുടക്കത്തില്‍ പിറകിലായിരുന്ന റിപ്പബ്ലിക്‌ ഓഫ്‌ അയര്‍ലാന്‍ഡ്‌ 2-1ന്‌ ജോര്‍ജിയയെ തോല്‍പ്പിച്ചപ്പോള്‍ ഗ്രൂപ്പ്‌ ഒന്നില്‍ നടന്ന അല്‍ബേനിയ-മാള്‍ട്ട മല്‍സരം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു.

ഗാബ ഫൈനല്‍
ബ്രിസ്‌ബെന്‍: ചാപ്പല്‍-ഹാഡ്‌ലി ട്രോഫി ആര്‍ക്കാണെന്ന്‌ ഇന്നറിയാം. ഓസ്‌ട്രേലിയയും ന്യൂസിലാന്‍ഡും തമ്മിലുളള പഞ്ചമല്‍സര ഏകദിന പരമ്പരയിലെ അവസാന പോരാട്ടം ഇന്ന്‌ നടക്കുമ്പോള്‍ ശരിക്കുമൊരു ഫൈനല്‍ പ്രതീതിയാണ്‌ ഇരു ക്യാമ്പുകളിലും. പരമ്പരയിലെ ആദ്യ രണ്ട്‌ മല്‍സരങ്ങളിലും ഡാനിയല്‍ വെട്ടോരിയുടെ ന്യൂസിലാന്‍ഡ്‌ ജയിച്ചപ്പോള്‍ റിക്കി പോണ്ടിംഗിന്റെ ഓസ്‌ട്രേലിയ അവസാന രണ്ട്‌ മല്‍സരങ്ങളില്‍ കരുത്തോടെ തിരിച്ചെത്തിയിരുന്നു. നല്ല മഴക്ക്‌ സാധ്യതയുളള ദിവസമായതിനാല്‍ ഇന്നത്തെ ഫൈനല്‍ പോരാട്ടം നിശ്ചിത ഓവറുകളില്‍ നടക്കുമോ എന്ന സംശയം നിലനില്‍ക്കെ ശുഭപ്രതീക്ഷയിലാണ്‌ വെട്ടോരി. ആദ്യ രണ്ട്‌ മല്‍സരങ്ങളിലെ വിജയം ടീമിന്‌ സമ്മാനിച്ച ആത്മവിശ്വാസം ചെറുതായിരുന്നില്ല. ബാറ്റിംഗിലും ബൗളിംഗിലും ഫീല്‍ഡിംഗിലും ടീം ഒറ്റക്കെട്ടായിരുന്നു. എന്നാല്‍ മൂന്ന്‌,നാല്‌ മല്‍സരങ്ങളില്‍ റിക്കി പോണ്ടിംഗ്‌ തിരിച്ചെത്തിയത്‌ കിവീസിന്‌ ആഘാതമായി. എതിരാളികളുടെ കരുത്ത്‌ മനസ്സിലാക്കി ഏറ്റവും മികച്ച പ്രകടനം നടത്താനാണ്‌ വെട്ടോരി തന്റെ യുവസംഘത്തിലെ അംഗങ്ങളോട്‌ പറയുന്നത്‌.
വെട്ടോരി, കൈല്‍ മില്‍സ്‌, ബ്രെന്‍ഡന്‍ മക്കുലം എന്നിവരെ മാറ്റിനിര്‍ത്തിയാല്‍ കിവി സംഘത്തിലെ എല്ലാവരും താരതമ്യേന പുതുമുഖങ്ങളാണ്‌. ഈ സംഘമാണ്‌ പരമ്പരയിലെ ആദ്യ രണ്ട്‌ മല്‍സരങ്ങളിലും കരുത്ത്‌ പ്രകടിപ്പിച്ചത്‌. ഗുട്‌പില്‍, ടെയ്‌ലര്‍, ഫുള്‍ടോണ്‍ എന്നിവരാണ്‌ ബാറ്റിംഗിലെ നെടുംതൂണുകള്‍. ബൗളിംഗില്‍ മില്‍സും വെട്ടോരിയും. ഓസ്‌ട്രേലിയന്‍ മണ്ണില്‍ വെച്ച്‌ ഇത്‌ വരെ ഒരു ഏകദിന പരമ്പര സ്വന്തമാക്കാന്‍ ന്യൂസിലാന്‍ഡിന്‌ കഴിഞ്ഞിട്ടില്ല. ആ റെക്കോര്‍ഡ്‌ തിരുത്താന്‍ വെട്ടോരി ഇറങ്ങുമ്പോള്‍ സമീപകാലത്തെ ദുഷ്‌പ്പേര്‌ ചെറുതായെങ്കിലും ഇല്ലാതാക്കാന്‍ പരമ്പര നേട്ടം സഹായിക്കുമെന്ന വിശ്വാസത്തിലാണ്‌ പോണ്ടിംഗ്‌.
ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിലെ ദയനീയ തോല്‍വിക്ക്‌ ശേഷമാണ്‌ റിക്കിയും സംഘവും അയല്‍വാസികള്‍ക്കെതിരെ കളിക്കാനിറങ്ങിയത്‌. ഇന്ത്യയില്‍ നടന്ന ടെസ്‌റ്റ്‌ പരമ്പരയിലെ കനത്ത ആഘാതത്തില്‍ നിന്നും ഓസീസിന്‌ ചെറിയ തുണയായത്‌ ന്യൂസിലാന്‍ഡിനെതിരായ ടെസ്‌റ്റ്‌ പരമ്പരയായിരുന്നു. ഈ പരമ്പരയിലെ നേട്ടത്തിന്‌ ശേഷം പക്ഷേ ദക്ഷിണാഫ്രിക്ക ഇരുട്ടടിയേല്‍പ്പിച്ചു.
പരുക്കിന്റെ പ്രശ്‌നം ഓസീ ക്യാമ്പിലുണ്ട്‌. വൈസ്‌ ക്യാപ്‌റ്റനായ മൈക്കല്‍ ക്ലാര്‍ക്കിന്റെ കാര്യം സംശയത്തിലാണ്‌. പക്ഷേ ഹസി സഹോദരന്മാര്‍ ഫോമില്‍ കളിക്കുന്നുണ്ട്‌. ഓപ്പണറുടെ കുപ്പായത്തില്‍ വിക്കറ്റ്‌്‌ കീപ്പര്‍ ബ്രാഡ്‌ ഹാദ്ദീനും കരുത്ത്‌ തെളിയിച്ചിരിക്കുന്നു.

ഷോക്ക്‌
കൊളംബോ: മഹേല ജയവര്‍ദ്ധനെ ശ്രീലങ്കന്‍ ക്രിക്കറ്റ്‌ ടീമിന്റെ നായക സ്ഥാനമൊഴിഞ്ഞതില്‍ മുത്തയ്യ മുരളിധരനും ലങ്കന്‍ ടീമിനും ഷോക്ക്‌....! കളത്തിന്‌ പുറത്തുളള കളികളില്‍ മഹേലക്ക്‌ മടുപ്പ്‌ തോന്നിയിരുന്നുവെന്നും അദ്ദേഹം ഏത്‌ സമയത്തും രാജി നല്‍കാന്‍ സാധ്യതയുണ്ടെന്നും അറിയാമായിരുന്നുവെങ്കിലും പെട്ടെന്നുളള രാജിയില്‍ എല്ലാവരും ഞെട്ടിയതായി തന്റെ കോളത്തില്‍ മുരളി എഴുതി. കുറച്ച്‌ മാസങ്ങളായി ഇതിനെക്കുറിച്ച്‌ മഹേല ചിന്തിക്കാന്‍ തുടങ്ങിയിട്ട്‌. ലങ്കന്‍ നായകനാവുമ്പോള്‍ എല്ലാതരം സമ്മര്‍ദ്ദവുമുണ്ടാവും. ഇതില്‍ പിടിച്ചുനില്‍ക്കുക എളുപ്പമല്ല. ടെസ്റ്റ്‌ ടീം നായകന്‍ എന്ന നിലയില്‍ മഹേലയുടെ നേട്ടം ഒരു ലങ്കന്‍ ക്യാപ്‌റ്റനും സമ്പാദിക്കാന്‍ കഴിയാത്തതാണെന്ന്‌ മുരളി വിലയിരുത്തുന്നു. എല്ലാ താരങ്ങളെയും ഓരേ തരത്തില്‍ കാണാനും എല്ലാവരുടെയും കരുത്തിനെ ചൂഷണം ചെയ്യാനും മഹേല മിടുക്കനായിരുന്നു. സീനിയര്‍-ജൂനിയര്‍ വേര്‍ത്തിരിവ്‌ അദ്ദേഹം കാണിച്ചിരുന്നില്ല. എല്ലാവരില്‍ നിന്നും എല്ലാ പിന്തുണയും തേടുന്നതില്‍ മടിയില്ലായിരുന്നു. ഡ്രസ്സിംഗ്‌ റൂമിലെ ഐക്യം തന്നെ മഹേലയുടെ കരുത്തായിരുന്നു. അദ്ദേഹത്തിന്റെ രാജി ലങ്കന്‍ ക്രിക്കറ്റിന്‌ ആഘാതമാണെന്നും മുരളി കരുതുന്നു. ഒരു വിഭാഗം മാധ്യമങ്ങളുടെ വിമര്‍ശനമാണ്‌ മഹേലയെ പെട്ടെന്നുളള തിരുമാനത്തിന്‌ പ്രേരിപ്പിച്ചതെന്ന്‌ മുന്‍ ലങ്കന്‍ നായകന്‍ മൈക്കല്‍ ടിസേര പറഞ്ഞു. നല്ല നായകനായിരുന്നു മഹേല. ടീമിനെ കരുത്തോടെ നിലനിര്‍ത്താന്‍ അദ്ദേഹത്തിനായി. ലോകകപ്പിന്റെ ഫൈനല്‍ വരെ ടീം കളിച്ചു. എന്നാല്‍ ചിലരുടെ അന്യായമായ വിമര്‍ശനങ്ങള്‍ സഹിക്കാവുന്നതിലുമപ്പുറമായിരുന്നുവെന്ന്‌ അദ്ദേഹം അഭിപ്രായപ്പെട്ടു. 2011 ലെ ലോകകപ്പ്‌ മുന്‍നിര്‍ത്തി തന്റെ പിന്‍ഗാമിക്ക്‌ ആവശ്യമായ സമയം നല്‍കിയുളള മഹേലയുടെ വിടവാങ്ങലിനെ ബഹുമാനിക്കണമെന്ന്‌ ഐ.സി.സി മാച്ച്‌ റഫറിയായ രഞ്‌ജന്‍ മദുഗലെ പറഞ്ഞു.
പണമില്ല
മുംബൈ: കപില്‍ദേവിന്റെ ഐ.സി.എല്‍ വന്‍ പ്രതിസന്ധി മുഖത്ത്‌... !ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലകപ്പെട്ട ഐ.സി.എല്‍ അടുത്ത മാസം നടത്താന്‍ നിശ്ചയിച്ചിരുന്ന ലോക സീരിസ്‌ 20-20 ചാമ്പ്യന്‍ഷിപ്പ്‌ അവസാന നമിഷം റദ്ദാക്കി. സാമ്പത്തിക മാന്ദ്യത്തിനൊപ്പം പാക്കിസ്‌താന്‍ താരങ്ങളുടെ അഭാവവുമാണ്‌ ചാമ്പ്യന്‍ഷിപ്പ്‌ റദ്ദാക്കാന്‍ കാരണമായി ചൂണ്ടികാണിക്കപ്പെടുന്നത്‌. ചാമ്പ്യന്‍ഷിപ്പ്‌ റദ്ദാക്കിയത്‌ മാത്രമല്ല കരാര്‍ ചെയ്യപ്പെട്ട പല താരങ്ങള്‍ക്കും പ്രതിഫല കുടിശ്ശിക ഐ.സി.എല്‍ നല്‍കാനുണ്ട്‌. ഇന്ത്യ, പാക്‌, ഓസീസ്‌ താരങ്ങളെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. നിലവിലെ ഐ.സി.എല്‍ ചാമ്പ്യന്മാര്‍ ഇന്‍സമാം നയിക്കുന്ന ലാഹോര്‍ ബാദ്‌ഷാസാണ്‌. ഐ.സി.എല്ലില്‍ കളിച്ച പാക്‌ താരങ്ങള്‍ക്ക്‌ ഏര്‍പ്പെടുത്തിയ വിലക്ക്‌ ഈയിടെ പാക്കിസ്‌താന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ പിന്‍വലിച്ചതിനാല്‍ ബാദ്‌ഷാസിലെ എല്ലാവരും ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കുകയാണ്‌്‌. ചിലര്‍ക്ക്‌ ദേശീയ സംഘത്തിലും അവസരം ലഭിക്കും. ഈ സാഹചര്യത്തിലാണ്‌ ലോക സീരീസിന്‌ ബാദ്‌ഷാസ്‌ വരാത്തത്‌. ക്രിസ്‌ കെയിന്‍സ്‌, ദിനേശ്‌ മോംഗിയ തുടങ്ങിയവരുമായുളള കരാര്‍ ഇടക്കാലത്ത്‌്‌ ഐ.സി.എല്‍ റദ്ദാക്കുകയും ചെയ്‌തിരുന്നു. നിലവിലെ സാഹചര്യത്തില്‍ അടുത്ത സീസണില്‍ ഐ.സി.എല്‍ 20-20 ചാമ്പ്യന്‍ഷിപ്പ്‌ തന്നെയുണ്ടാവുമോ എന്ന കാര്യത്തിലും ഉറപ്പില്ല.

രണ്ടാമന്‍
ലണ്ടന്‍: സ്‌പെയിനിനെതിരായ സൗഹൃദ മല്‍സരത്തില്‍ ഇംഗ്ലണ്ട്‌ രണ്ട്‌ ഗോളിന്‌ തോറ്റെങ്കിലും വ്യക്തിപരമായി ഡേവിഡ്‌ ബെക്കാമിന്‌ വിലപ്പട്ട റെക്കോര്‍ഡ്‌ മല്‍സരം സമ്മാനിച്ചു. സ്‌പാനിഷ്‌ പ്രതിയോഗികള്‍ക്കെതിരെ രണ്ടാം പകുതിയില്‍ കളിച്ചതോടെ ഇംഗ്ലീഷ്‌ സോക്കര്‍ ചരിത്രത്തില്‍ രാജ്യത്തിനായി ഏറ്റവുമധികം മല്‍സരങ്ങള്‍ കളിച്ച രണ്ടാമത്‌ താരമെന്ന ബഹുമതി ബോബി മൂറിനൊപ്പം പങ്കിടാന്‍ ബെക്കാമിന്‌ അവസരം ലഭിച്ചു. രാജ്യത്തിനായി 108-ാമത്‌ മല്‍സരമാണ്‌ ഇന്നലെ ബെക്കാം കളിച്ചത്‌. മൂറും ഇത്രയും മല്‍സരങ്ങള്‍ കളിച്ചിട്ടുണ്ട്‌്‌. 125 മല്‍സരങ്ങളില്‍ രാജ്യത്തിന്റെ കുപ്പായമണിഞ്ഞിട്ടുളള ഗോള്‍ക്കീപ്പര്‍ പീറ്റര്‍ ഷില്‍ട്ടണാണ്‌ റെക്കോര്‍ഡ്‌ നേട്ടത്തില്‍ ഒന്നാമന്‍. ഇപ്പോള്‍ ഇറ്റാലിയന്‍ ലീഗില്‍ ഏ.സി മിലാന്‌ വേണ്ടി കളിക്കുന്ന 33 കാരന്‌ അടുത്ത ലോകകപ്പില്‍ പങ്കെടുത്ത്‌ വിടവാങ്ങാനാണ്‌ താല്‍പ്പര്യം. അങ്ങനെയാണെങ്കില്‍ ചിലപ്പോള്‍ ഷില്‍ട്ടന്റെ റെക്കോര്‍ഡ്‌ ഭേദിക്കാനും അവസരമുണ്ടാവും. പക്ഷേ എല്ലാം കോച്ച്‌ ഫാബിയോ കാപ്പലോയുടെ കൈകളിലാണ്‌...

മാനം
ആന്റിഗ്വ: ജമൈക്കയിലെ സബീനാപാര്‍ക്ക്‌ ഇംഗ്ലീഷുകാര്‍ മറക്കില്ല.... ദിവസങ്ങള്‍ക്ക്‌ മുമ്പാണ്‌ ഈ വേദിയില്‍ ആന്‍ഡ്ര്യൂ സ്‌ട്രോസ്‌ നയിച്ച ഇംഗ്ലീഷ്‌ ക്രിക്കറ്റ്‌ ടീം ടെസ്‌റ്റ്‌ ചരിത്രത്തില ഏറ്റവും ദയനീയമായ തോല്‍വികളിലൊന്നില്‍ അംഗങ്ങളായത്‌. ക്രിസ്‌ ഗെയിലിന്റെ വിന്‍ഡീസിന്‌ മുന്നില്‍ രണ്ടാം ഇന്നിംഗ്‌സില്‍ കേവലം 51 റണ്‍സിന്‌ പുറത്തായി പേരുദോഷം സമ്പാദിച്ച സ്‌ട്രോസും സംഘവും ഇന്ന്‌ മാനം കാക്കാന്‍ ഇറങ്ങുകയാണ്‌. ആന്റിഗ്വ റിക്രിയേഷന്‍ ക്ലബ്‌ മൈതാനത്ത്‌ ഇന്ന്‌ മുതല്‍ ആരംഭിക്കുന്ന രണ്ടാം ടെസ്‌റ്റ്‌ ഇംഗ്ലീഷ്‌ താരങ്ങള്‍ക്ക്‌ ജീവന്മരണ പോരാട്ടമാണ്‌. ടീം തിരിച്ചുവരുമെന്നാണ്‌ സ്‌ട്രോസ്‌ പറയുന്നത്‌. സമ്മര്‍ദ്ദത്തെ അതിജയിക്കാന്‍ താരങ്ങള്‍ക്ക്‌ കഴിയുമെന്ന്‌ പോള്‍ കോളിംഗ്‌വുഡും എല്ലാം മറന്ന്‌ ഇംഗ്ലണ്ട്‌ കളിക്കുമെന്ന്‌ ആന്‍ഡ്ര്യൂ ഫ്‌ളിന്റോഫും പറയുമ്പോള്‍ കെവിന്‍ പീറ്റേഴ്‌സണ്‍ എന്ന മുന്‍നായകന്‍ ഒന്നും പറഞ്ഞിട്ടില്ല. പീറ്റേഴ്‌സണെ പുറത്താക്കിയാണ്‌ വിന്‍ഡീസ്‌ പരമ്പരക്കായി സ്‌ട്രോസിനെ സെലക്ടര്‍മാര്‍ ജോലിയേല്‍പ്പിച്ചത്‌. ജമൈക്കയിലെ ഒന്നാം ഇന്നിംഗ്‌സില്‍ സെഞ്ച്വറിക്കടുത്ത പ്രകടനം നടത്തിയ കെവിന്‍ രണ്ടാം ഇന്നിംഗ്‌സില്‍ പരാജയമായിരുന്നു. താരങ്ങള്‍ക്ക്‌ മാത്രമല്ല കോച്ച്‌ ആന്‍ഡി ഫ്‌ളവറിനും ആന്റിഗ്വ ടെസ്റ്റ്‌ നിര്‍ണ്ണായകമാണ്‌.

No comments: