Friday, May 27, 2011

BLATTER IN DANGER

ലണ്ടന്‍: യൂറോപ്പിലെ ചാമ്പ്യന്‍ ക്ലബിനെ നിശ്ചയിക്കുന്ന യുവേഫ ചാമ്പ്യന്‍സ്‌ ലീഗ്‌ ഫൈനല്‍ പോരാട്ടം ഇന്ന്‌ ചരിത്രമുറങ്ങുന്ന വെംബ്ലി മുറ്റത്ത്‌. സ്‌പാനിഷ്‌ ശക്തരായ ബാര്‍സിലോണ ഇംഗ്ലണ്ടിലെ പ്രബലരായ മാഞ്ചസ്‌റ്റര്‍ യുനൈറ്റഡിനെ നേരിടുന്നു. തകര്‍പ്പന്‍ കലാശപ്പോരാട്ടമാണ്‌ കടലാസില്‍. പക്ഷേ ലയണല്‍ മെസിയെന്ന സൂപ്പര്‍ താരത്തെ നിയന്ത്രിക്കുന്നതില്‍ മാഞ്ചസ്‌റ്റര്‍ പിന്‍നിര വിജയിക്കുമോ എന്നതാണ്‌ പ്രസക്തമായ ചോദ്യം.
വാര്‍ത്തകളില്‍ നിറയെ ലയണല്‍ മെസിയാണ്‌.... ചര്‍ച്ചകളില്ലെല്ലാം മെസി....ചിത്രങ്ങളിലും സ്‌ക്രീനിലുമെല്ലാം മെസി.... ആകെ ഒരു മെസിമയം. ഫൈനലിനേക്കാള്‍ വാര്‍ത്താ പ്രാധാന്യം മെസിക്കാണ്‌. ഫുട്‌ബോള്‍ രാജാവ്‌ പെലെക്കും ഇതിഹാസതാരം ഡിയാഗോ മറഡോണക്കും ഫുട്‌ബോളിന്റെ മാനസപുത്രന്‍ സൈനുദ്ദീന്‍ സിദാന്‌ പോലും ഇത്ര വാര്‍ത്താ പ്രാധാന്യം ലഭിച്ചിട്ടില്ല.
ഫുട്‌ബോള്‍ പ്രേമികളുടെ പ്രിയപ്പെട്ട കളിമുറ്റമായ വെംബ്ലിക്ക്‌ വിരേതിഹാസങ്ങളുടെ നിരവധി കഥകള്‍ പറയാനുണ്ട്‌. എത്രയോ പ്രമുഖര്‍ ഈ മുറ്റത്ത്‌ പന്ത്‌ തട്ടിയിട്ടുണ്ട്‌. ഈ മൈതാനത്തിനെ പോലും അപ്രസക്തമാക്കുന്ന തരത്തില്‍ മെസി നിറയുമ്പോള്‍ ബാര്‍സിലോണയുടെ സൂപ്പര്‍ താരത്തിന്‌ ടെന്‍ഷന്‍ തെല്ലുമില്ല. ഇതെല്ലാം താന്‍ എത്ര കണ്ടിരിക്കുന്നു എന്ന മട്ടിലാണ്‌ മെസി. യുവേഫ ചാമ്പ്യന്‍സ്‌ ലീഗ്‌ കിരീടം സ്വന്തമാക്കുന്നതിനേക്കാള്‍ മെസി പ്രാധാന്യം നല്‍കുന്നത്‌ ക്ലബായ ബാര്‍സക്കാണ്‌. ഇന്നലെ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കവെ തന്റെ കരിയറില്‍ ഇനി മറ്റൊരു ക്ലബില്ലെന്നാണ്‌ അദ്ദേഹം വ്യക്തമാക്കിയത്‌. ഇപ്പോള്‍ പ്രായം 23. ഇനിയുള്ള കാലത്തും ബാര്‍സക്കായി കളിക്കണം. ഈ ക്ലബിനായി കളിക്കുന്നത്‌ അഭിമാനമാണ്‌. അവര്‍ എന്നില്‍ അധികഭാരം വെക്കുന്നില്ല. എന്നെ സമ്മര്‍ദ്ദത്തിലാക്കുന്നില്ല. ബാര്‍സക്കായി കളിച്ചാണ്‌ എനിക്ക്‌ ലോകം നിറയെ ആരാധകരെ ലഭിച്ചത്‌. എന്റെയും സഹതാരങ്ങളുടെയും കളിയാണ്‌ ബാര്‍സയെ ലോകതലത്തില്‍ ഒന്നാം സ്ഥാനത്ത്‌ എത്തിച്ചിരിക്കുന്നതെന്നും മെസി വ്യക്തമാക്കുന്നു.
മാഞ്ചസ്റ്ററിന്റെ പ്രതീക്ഷകളില്‍ സൂപ്പര്‍ താരങ്ങളില്ല. ടീം ഗെയിമാണ്‌ കോച്ച്‌ അലക്‌സ്‌ ഫെര്‍ഗൂസണ്‌ വാഗ്‌ദാനം ചെയ്യുന്നത്‌. മെസിയെ നിയന്ത്രിക്കും. അവസരങ്ങള്‍ ഉപയോഗപ്പെടുത്തും-ഇതാണ്‌ അദ്ദേഹത്തിന്റെ മുദ്രാവാക്യം.
ഫൈനല്‍ രാത്രി 10-30 മുതല്‍
ടെന്‍ ആക്‌ഷനില്‍ തല്‍സമയം
മെസിയെ സ്വതന്ത്രനാക്കില്ലെന്ന്‌ ഫെര്‍ഗൂസണ്‍
ആരെയും പേടിയില്ലെന്ന്‌ മെസി
വെംബ്ലിയില്‍ കനത്ത ജാഗ്രത

തേര്‍ഡ്‌ ഐ
വന്‍കരയിലെ ജേതാവിനെ നിശ്ചയിക്കാന്‍ യൂറോപ്പില്‍ കഴിഞ്ഞ എട്ട്‌ മാസമായി നടക്കുന്ന തകര്‍പ്പന്‍ പോരാട്ടങ്ങള്‍ക്കൊടുവില്‍ ഇന്ന്‌ ഫൈനല്‍ നടക്കുമ്പോള്‍ യോഗ്യരായ രണ്ട്‌ ടീമുകളാണ്‌ ബലാബലം. സീസണില്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയ രണ്ട്‌ ടീമുകളുണ്ടെങ്കില്‍ അത്‌ ബാര്‍സിലോണയും മാഞ്ചസ്‌റ്റര്‍ യുനൈറ്റഡുമാണ്‌. രണ്ട്‌ ടീമുകളെയും പരിശീലിപ്പിക്കുന്നത്‌ അനുഭവസമ്പന്നരായ മികച്ച വ്യക്തികള്‍. അലക്‌സ്‌ ഫെര്‍ഗൂസണ്‍ ഈ രംഗത്തെ ഭീഷ്‌മാചാര്യന്‍. ജോസഫ്‌ ഗുര്‍ഡിയോള യുവനിരയിലെ ശക്തനായ പരിശീലകന്‍. പക്ഷേ അന്തിമയായി ടീമുകളെ വിലയിരുത്തുമ്പോള്‍ പ്രകടമാവുന്ന കാര്യമായ മാറ്റം മുന്‍നിരയില്‍ ലയണല്‍ മെസി ബാര്‍സക്ക്‌ നല്‍കുന്ന കുതിപ്പാണ്‌. ഒരൊറ്റ കുതിപ്പില്‍ മല്‍സരഫലത്തെ സ്വാധീനിക്കാന്‍ കഴിയുന്ന താരമാണ്‌ മെസി. ഇത്തരത്തിലൊരാള്‍ മാഞ്ചസ്റ്റര്‍ സംഘത്തില്‍ ഇല്ല. ഡിയാഗോ മറഡോണയുടെ സവിശേഷത അദ്ദേഹത്തിന്റെ കുതിപ്പായിരുന്നു. 1986 ലെ ലോകകപ്പ്‌ അര്‍ജന്റീനക്ക്‌ ലഭിച്ചത്‌ മറഡോണയുടെ കുതിപ്പുകളില്‍ മാത്രമാണ്‌. അന്ന്‌ 25 വയസ്സായിരുന്നു ഡിയാഗോയുടെ പ്രായം. മെസിക്കിപ്പോള്‍ പ്രായം 23. ഈ ചെറിയ പ്രായത്തില്‍ തന്നെ അദ്ദേഹം എല്ലാവരെയും പിറകിലാക്കിയിരിക്കുന്നു. മെസിയെ അര്‍ജന്റീനക്കായും ബാര്‍സക്കായും ഇതിനകം പരിശീലിപ്പിച്ചവരായ സാല്‍വഡോര്‍ റെക്കാര്‍ഡോ, ഫ്രാങ്ക്‌്‌ റെയ്‌ക്കാര്‍ഡ്‌, പെപ്‌ ഗുര്‍ഡിയോള, ഡിയാഗോ മറഡോണ, ആല്‍ഫിയോ ബാസില്‍ എന്നിവരെല്ലാം പറഞ്ഞതും പറയുന്നതും ഒന്നാണ്‌- മെസിയുടെ അതിര്‍വരമ്പുകള്‍ നിശ്ചയിക്കാനാവില്ല. കഴിഞ്ഞ മൂന്ന്‌ സീസണ്‍ മാത്രം ഉദാഹരിച്ചാല്‍ മെസിക്ക്‌ അതിര്‍ത്തികളില്ലെന്ന്‌ വ്യക്തമാണ്‌. 158 മല്‍സരങ്ങളില്‍ അദ്ദേഹം കളിച്ചു. 137 ഗോളുകള്‍ സ്‌ക്കോര്‍ ചെയ്‌തു. ചെറിയ പ്രായത്തില്‍ രണ്ട്‌ തവണ വന്‍കരയിലെ മികച്ച താരമായി. ബാര്‍സിലോണക്ക്‌ തുടര്‍ച്ചയായി മൂന്ന്‌ തവണ ലാ ലീഗ്‌ കിരീടം സമ്മാനിക്കുന്നതില്‍ വലിയ പങ്ക്‌ വഹിച്ച മെസിയിലുടെ 2009 ല്‍ വന്‍കരാപ്പട്ടവും ബാര്‍സ സ്വന്തമാക്കിയിരുന്നു. ഓരോ സീസണിലും അദ്ദേഹം മെച്ചപ്പെട്ട്‌ വരുന്നു. 2006-07 സീസണില്‍ 36 മല്‍സരങ്ങളില്‍ നിന്ന്‌ 17 ഗോളുകള്‍, 2007-08 ല്‍ 40 മല്‍സരങ്ങളില്‍ നിന്ന്‌ 16 ഗോളുകള്‍, 2008-09 സീസണില്‍ 51 മല്‍സരങ്ങളില്‍ 38 ഗോളുകള്‍, 2009-10 ല്‍ 53 മല്‍സരങ്ങളില്‍ 47 ഗോളുകള്‍, 2010-11 ല്‍ 54 മല്‍സരങ്ങളില്‍ 52 ഗോളുകള്‍. സമ്മര്‍ദ്ദം അദ്ദേഹത്തെ ബാധിക്കുന്നില്ലെന്നതാണ്‌ ആ താരത്തിലെ സവിശേഷത. കഴിഞ്ഞ വര്‍ഷം അബുദാബിയില്‍ ലോക ക്ലബ്‌ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ അദ്ദേഹം ബാര്‍സക്കായി കളിക്കുന്നത്‌ നേരില്‍ കണ്ടപ്പോള്‍ ലോകം കീഴടക്കാന്‍ മാത്രമുള്ള പ്രതിഭാ സമ്പത്തും ആത്മവിശ്വാസവും മെസിക്കുണ്ടെന്ന്‌ ബോധ്യപ്പെട്ടിരുന്നു.

ഫിഫയില്‍ കലാപം
സൂറിച്ച്‌: ലോക ഫുട്‌ബോളിനെ ഭരിക്കുന്ന ഫിഫയില്‍ നടക്കുന്ന അധികാര വടം വലി പുതിയ തലത്തിലേക്ക്‌. അടുത്ത ബുധനാഴ്‌ച്ച പ്രസിഡണ്ട്‌ പദവിയിലേക്ക്‌ വാശിയേറിയ തെരഞ്ഞെടുപ്പ്‌ നടക്കാനിരിക്കെ സംഘടനയുടെ തലവന്‍ സെപ്‌ ബ്ലാറ്റര്‍ നാളെ വിചാരണ ചെയ്യപ്പെടുന്നു. അദ്ദേഹത്തിനെതിരെ ഫിഫ എക്‌സിക്യൂട്ടീവ്‌ സമിതി അംഗമായ ബിന്‍ ഹമാം ഉന്നയിച്ച ആരോപണമാണ്‌ വിചാരണക്ക്‌ നിദാനം. പ്രസിഡണ്ട്‌ തെരഞ്ഞെടുപ്പില്‍ ബ്ലാറ്റര്‍ക്ക്‌്‌ പ്രതിയോഗിയായി മുന്നില്‍ നില്‍ക്കുന്നത്‌ ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ തലവന്‍ കൂടിയായ ബിന്‍ ഹമാമാണ്‌. ഫിഫയുടെ എത്തിക്‌സ്‌ കമ്മിറ്റിയുടെ വിചാരണക്ക്‌ മുന്നിലാണ്‌ നാളെ ബ്ലാറ്റര്‍ എത്തുന്നത്‌. ഫിഫയില്‍ നടന്നുവെന്നാരോപിക്കുന്ന അഴിമതിയെക്കുറിച്ചും കൈക്കൂലി വിവാദത്തെക്കുറിച്ചുമെല്ലാം ബ്ലാറ്റര്‍ക്ക്‌ അറിവുണ്ടായിരുന്നുവെന്ന്‌ തുറന്നടിച്ച മുഹമ്മദ്‌ ബിന്‍ ഹമാം എത്തിക്‌സ്‌ കമ്മിറ്റി വിചാരണ ആവശ്യപ്പെട്ട്‌ കഴിഞ്ഞ ദിവസം രംഗത്ത്‌ വന്നിരുന്നു. എത്തിക്‌സ്‌ കമ്മിറ്റി വിചാരണ ബ്ലാറ്റര്‍ക്ക്‌ നിര്‍ണായകമാണ്‌. ഏഷ്യന്‍ ഫുട്‌ബോളിനെ നയിക്കുന്ന ബിന്‍ ഹമാമും, കൈക്കൂലി ആരോപണങ്ങള്‍ നേരിടുന്ന ഫിഫയുടെ വൈസ്‌ പ്രസിഡണ്ട്‌ ജാക്‌ വാര്‍നറും വിചാരണക്കെത്തുന്നുണ്ട്‌്‌. വിചാരണയെ ഒരു തരത്തിലും ഭയപ്പെടുന്നില്ലെന്നാണ്‌ ബ്ലാറ്റര്‍ പറഞ്ഞത്‌. വിചാരണയില്‍ സത്യങ്ങള്‍ വ്യക്തമാവും. അതിനെ പേടിക്കുന്നില്ല. നിയമപ്രകാരം തന്നെ കാര്യങ്ങള്‍ നടക്കട്ടെയെന്നാണ്‌ അദ്ദേഹം വെല്ലുവിളിക്കുന്നത്‌. മെയ്‌ 10,11 തിയ്യതികളില്‍ കരീബിയന്‍ ഫുട്‌ബോള്‍ യൂണിയന്റെ യോഗത്തില്‍ വെച്ച്‌ ബിന്‍ ഹമാമും വാര്‍നറും വലിയ തുക കൈക്കൂലി വാഗ്‌ദാനം ചെയ്‌തിരുന്നതായി ഫിഫ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിയംഗം ചക്‌ ബ്ലേസര്‍ ആരോപിച്ചതാണ്‌ പുതിയ വിവാദത്തിന്‌ തിരി തെളിയിച്ചിരിക്കുന്നത്‌. 2018, 2022 ലോകകപ്പ്‌ വേദികള്‍ നിശ്ചയിക്കുന്നതിലും കോടികള്‍ മറിഞ്ഞിട്ടുണ്ടെന്ന ആരോപണം നിലനില്‍ക്കെയാണ്‌ ബ്ലേസര്‍ പുതിയ ആരോപണമുന്നയിച്ചത്‌. വിന്‍ഡീസിലെ ട്രിനിഡാഡില്‍ നടന്ന യോഗത്തില്‍ കൈക്കൂലി വാഗ്‌ദാനം ചെയ്യപ്പെട്ടതിന്‌ തന്റെ കൈവശം തെളിവുണ്ടെന്നാണ്‌ ബ്ലേസര്‍ പറയുന്നത്‌. പ്രശ്‌നത്തില്‍ നിന്ന്‌ രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ബ്ലാറ്റര്‍ക്ക്‌ ഇതെല്ലാം അറിയുമെന്നാണ്‌ ഹമാം കുറ്റപ്പെടുത്തിയത്‌. അത്‌ കൊണ്ട്‌ തന്നെയാണ്‌ വിചാരണക്കും അദ്ദേഹം ആവശ്യമുന്നയിച്ചത്‌.
ഫിഫ പ്രസിഡണ്ട്‌ സ്ഥാനത്തേക്ക്‌ മല്‍സരിക്കുന്ന രണ്ട്‌ പേര്‍ കൈക്കൂലിയാരോപണത്തില്‍ പരസ്‌പരം പഴി ചാരുമ്പോള്‍ അത്‌ ലോക സോക്കറിനെ തന്നെ ബാധിക്കുമെന്ന ഭയമാണ്‌ എല്ലാവര്‍ക്കും. ഈ വര്‍ഷമാദ്യമാണ്‌ ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്റെ തലവനായി ഖത്തറുകാരനായ ഹമാം തെരഞ്ഞെടുക്കപ്പെട്ടത്‌. അദ്ദേഹത്തിന്റെ വ്യക്തമായ ലക്ഷ്യം ഫിഫയുടെ തലവനാവുകയെന്നതാണ്‌. പക്ഷേ ഒരു തവണ കൂടി മല്‍സരിക്കാന്‍ ബ്ലാറ്റര്‍ രംഗത്ത്‌ വന്നതോടെയാണ്‌ കാര്യങ്ങള്‍ മാറിയത്‌. ഇത്‌ വരെ ഒരു ഫിഫ തലവനും അഴിമതിയാരോപണത്തില്‍ പ്രതിയ ചേര്‍ക്കപ്പെട്ടിട്ടില്ല. എന്നാല്‍ ഒന്നിലധികം തവണ ബ്ലാറ്റര്‍ കൈക്കുലിയാരോപണത്തില്‍ ആരോപണ വിധേയനായിട്ടുണ്ട്‌. അദ്ദേഹം നയിക്കുന്ന ഫിഫ എക്‌സിക്യൂട്ടീവ്‌ സമിതിയിലെ ചിലര്‍ ഇപ്പോള്‍ അന്വേഷണം നേരിടുന്നുണ്ട്‌. അടുത്ത ബുധനാഴ്‌ച്ചയാണ്‌ പ്രസിഡണ്ട്‌ തെരഞ്ഞെടുപ്പ്‌ നടക്കുന്നത്‌. മല്‍സരിക്കുന്ന രണ്ട്‌ പ്രമുഖര്‍ ആരോപണങ്ങള്‍ നേരിടുന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ്‌ മാറ്റിവെക്കണമെന്ന വാദമുണ്ട്‌. എന്നാല്‍ ഫിഫ എക്‌സിക്യൂട്ടീവ്‌ സമിതിയിലെ ഒരംഗം ഭാരവാഹികള്‍ക്കെതിരെ പരാതി ഉന്നയിച്ചാല്‍ വിചാരണ നടത്തുക നിയമപ്രകാര സംഭവമാണെന്നാണ്‌ ഫിഫ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്‌. ബ്ലാറ്ററെ വിചാരണ ചെയ്യുന്നതില്‍ പുതുമയില്ല. 1998 മുതല്‍ പ്രസിഡണ്ട്‌ സ്ഥാനത്തുള്ള ബ്ലാറ്റര്‍ വിചാരണവേളയില്‍ പതറില്ലെന്നാണ്‌ അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ പറയുന്നത്‌.

യൂറോപ്പിന്റെ പിന്തുണ ഹമാമിന്‌
ലണ്ടന്‍: ഫിഫ തലവന്‍ സ്ഥാനത്ത്‌ സെപ്‌ ബ്ലാറ്റര്‍ വീണ്ടും തെരഞ്ഞെടുക്കപ്പെടുമെന്ന ശക്തമായ സൂചന നിലനില്‍ക്കെ യൂറോപ്യന്‍ പിന്തുണ ഉറപ്പാക്കുന്നതില്‍ ബിന്‍ ഹമാം മുന്നേറുന്നു. ഇംഗ്ലീഷ്‌ ഫുട്‌ബോള്‍ അസോസിയേഷന്‍ എന്തായാലും ബ്ലാറ്ററെ തുണക്കില്ലെന്ന്‌ വ്യക്തമാക്കിയിട്ടുണ്ട്‌. യൂവേഫയിലെ പല രാജ്യങ്ങള്‍ക്കും ബ്ലാറ്ററോട്‌ താല്‍പ്പര്യമില്ല. തുടര്‍ച്ചയായി നാലാം തവണയും ബ്ലാറ്റര്‍ രംഗത്ത്‌ വരുന്നതില്‍ പലരും പരസ്യമായി തന്നെ എതിര്‍പ്പ്‌ പ്രകടിപ്പിച്ചിട്ടുണ്ട്‌. ഏഷ്യന്‍ രാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കുന്നതില്‍ വിജയിച്ച ഹമാമിന്‌ യൂറോപ്പിലാണ്‌ കാര്യമായ പ്രതീക്ഷ. ആഫ്രിക്കയുടെയും ഉത്തര അമേരിക്കയുടെയും പിന്തുണ പക്ഷേ ബ്ലാറ്റര്‍ക്കാണ്‌. ഇംഗ്ലീഷ്‌ ഫുട്‌ബോളിനെ നയിക്കുന്ന ഡേവിഡ്‌ ബെര്‍നസ്‌റ്റീന്‍ ബ്ലാറ്ററോടുള്ള വിയോജിപ്പ്‌ പ്രകടിപ്പിച്ച സാഹചര്യത്തില്‍ ആ പാതയില്‍ യൂറോപ്പിലെ മറ്റ്‌ രാജ്യങ്ങള്‍ നീങ്ങുമോ എന്ന ആശങ്ക ബ്ലാറ്റര്‍ ഗ്രൂപ്പിനുണ്ട്‌.

ഈസ്‌റ്റ്‌ ബംഗാള്‍ പ്രതീക്ഷയോടെ
ബാംഗ്ലൂര്‍: ഐ ലീഗ്‌ ഫുട്‌ബോളില്‍ കിരീട പ്രതീക്ഷ നിലനിര്‍ത്തുന്ന കിംഗ്‌ ഫിഷര്‍ ഈസ്‌റ്റ്‌ ബംഗാള്‍ ഇന്ന്‌ ഹിന്ദുസ്ഥാന്‍ ഏറനോട്ടിക്കല്‍സ്‌ ബാംഗ്ലൂരിനെ അവസാന മല്‍സരത്തില്‍ നേരിടുന്നത്‌ വിജയിക്കാന്‍ മാത്രമല്ല, വന്‍ മാര്‍ജിനില്‍ വിജയിച്ച്‌ സാധ്യത നിലനിര്‍ത്താന്‍. പതിനാല്‌ ടീമുകളുടെ ചാമ്പ്യന്‍ഷിപ്പില്‍ പതിനാലില്‍ നില്‍ക്കുന്ന എച്ച്‌.ഏ.എല്ലിന്‌ ഈ മല്‍സരത്തില്‍ പ്രസക്തിയില്ല. പക്ഷേ വലിയ തോല്‍വി വഴങ്ങാതിരിക്കാന്‍ അവര്‍ ജാഗ്രത പാലിക്കും. 25 മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിയ സാല്‍ഗോക്കര്‍ സ്‌പോര്‍ട്‌സ്‌ ക്ലബ്‌ ഗോവ 53 പോയന്റുമായി ഒന്നാമതാണ്‌. 50 ല്‍ രണ്ടാം സ്ഥാനത്ത്‌ നില്‍ക്കുന്ന ചര്‍ച്ചില്‍ ബ്രദേഴ്‌സിന്‌ പിറകിലാണ്‌ 47 പോയന്റുമായി ഈസ്‌റ്റ്‌ ബംഗാള്‍.

ബംഗാള്‍-മണിപ്പൂര്‍ ഫൈനല്‍
ഗോഹട്ടി: സന്തോഷ്‌ ട്രോഫി ദേശീയ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ കലാശപ്പോരാട്ടത്തില്‍ മണിപ്പൂരിനെ നേരിടാന്‍ ബംഗാള്‍ ടിക്കറ്റ്‌ സ്വന്തമാക്കി. ഇന്നലെ ഇവിടെ നടന്ന രണ്ടാം സെമിയില്‍ മുന്‍ ചാമ്പ്യന്മാരായ വംഗനാട്ടുകാര്‍ റെയില്‍വേസിനെ ഒരു ഗോളിന്‌ കീഴ്‌പ്പെടുത്തി. ക്വാര്‍ട്ടര്‍ ഫൈനലില്‍ നിരാശപ്പെടുത്തിയ ബംഗാള്‍ സെമിയില്‍ ചാമ്പ്യന്മാര്‍ക്കൊത്ത പ്രകടനം നടത്തിയാണ്‌ സംഘം കരുത്ത്‌ കാട്ടിയത്‌. ബുദ്ധിറാം ടുഡുവാണ്‌ നിര്‍ണ്ണായക ഗോള്‍ നേടിയത്‌. മുപ്പതിനാണ്‌ ഫൈനല്‍.

റൈന നായകന്‍: സച്ചിന്‍,ഗാംഭീര്‍,യുവരാജ്‌ ഇല്ല
മുംബൈ: ജൂണ്‍ നാലിന്‌ ആരംഭിക്കുന്ന ഇന്ത്യയുടെ വിന്‍ഡീസ്‌ പര്യടനത്തിനുള്ള ടീമുകളെ പ്രഖ്യാപിച്ചു. പരുക്കേറ്റ ഗൗതം ഗാംഭീറിന്‌ പകരം ഏകദിന-ടി 20 ടീമുകളെ സുരേഷ്‌ റൈന നയിക്കും. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക്‌ വിശ്രമം അനുവദിച്ചപ്പോള്‍ യുവരാജ്‌ സിംഗിന്‌ പരുക്ക്‌ കാരണം ഒരു ടീമിലും ഇടമില്ല. ടെസ്‌റ്റ്‌ സംഘത്തെ മഹേന്ദ്രസിംഗ്‌ ധോണി നയിക്കുമ്പോള്‍ ഉപനായക സ്ഥാനം വി.വി.എസ്‌ ലക്ഷ്‌മണിനാണ്‌. ഏകദിന ടീമില്‍ നിന്ന്‌ നേരത്തെ വിശ്രമം തേടിയ സച്ചിന്‍ ടെസ്‌റ്റ്‌ സംഘത്തില്‍ ഉണ്ടാവുമെന്നാണ്‌ കരുതപ്പെട്ടത്‌. വിരാത്‌ കോഹ്‌ലി, അഭിനവ്‌ മുകുന്ദ്‌്‌ എന്നിവരാണ്‌ ടെസ്‌റ്റ്‌ സംഘത്തിലെ പുതുമുഖങ്ങള്‍. ഏകദിന സംഘത്തിലേക്ക്‌ യുവരാജ്‌, ഗാംഭീര്‍ എന്നിവര്‍ക്ക്‌ പകരം ശിഖര്‍ ധവാന്‍, മനോജ്‌ തിവാരി എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. ഹര്‍ഭജനാണ്‌ റൈനയുടെ ഡെപ്യൂട്ടി. ടെസ്‌റ്റ്‌ സംഘത്തില്‍ ശ്രീശാന്തുണ്ട്‌. പുതിയ കോച്ച്‌ ഡങ്കണ്‍ ഫ്‌ളെച്ചറിന്റെ സാന്നിദ്ധ്യത്തിലായിരുന്നു ടീം തെരഞ്ഞെടുപ്പ്‌.
ടെസ്റ്റ്‌ ടീം: എം.എസ്‌ ധോണി, വി.വി.എസ്‌ ലക്ഷ്‌മണ്‍, എം.വിജയ്‌, അഭിനവ്‌ മുകുന്ദ്‌, രാഹുല്‍ ദ്രാവിഡ്‌, വിരാത്‌ കോഹ്‌ലി, എസ്‌.ബദരീനാഥ്‌, ഹര്‍ഭജന്‍സിംഗ്‌, ഇഷാന്ത്‌ ശര്‍മ്മ, ശ്രീശാന്ത്‌, അമിത്‌ മിശ്ര, പ്രഗ്യാന്‍ ഒജ, സഹീര്‍ഖാന്‍, മുനാഫ്‌ പട്ടേല്‍, സുരേഷ്‌ റൈന, പാര്‍ത്ഥീവ്‌ പട്ടേല്‍.
ഏകദിന, ടി 20 ടീം: സുരേഷ്‌ റൈന, ആര്‍.അശ്വിന്‍, എസ്‌.ബദരീനാഥ്‌, ഹര്‍ഭജന്‍സിംഗ്‌, വിരാത്‌ കോഹ്‌ലി, പ്രവീണ്‍ കുമാര്‍, അമിത്‌ മിശ്ര, മുനാഫ്‌ പട്ടേല്‍, പാര്‍ത്ഥീവ്‌ പട്ടേല്‍, യൂസഫ്‌ പത്താന്‍, വൃദ്ധിമാന്‍ സാഹ, ഇഷാന്ത്‌ ശര്‍മ്മ, രോഹിത്‌ ശര്‍മ്മ, വിനയ്‌ കുമാര്‍, മനോജ്‌ തിവാരി, ശിഖര്‍ ധവാന്‍.

No comments: