Thursday, May 12, 2011

SUPER CHENNAI



ഹൈദര്‍ കളിതുടരും
ലാഹോര്‍: വധഭീഷണി നേരിട്ട പാകിസ്‌താന്‍ ക്രിക്കറ്റര്‍ ദുല്‍ഖര്‍നൈന്‍ ഹൈദര്‍ വിരമിക്കല്‍ തീരുമാനം മാറ്റിവെച്ചു. സാഹചര്യങ്ങള്‍ മാറിയ നിലക്ക്‌ കളിതുടരാനാണ്‌ താല്‍പര്യമെന്ന്‌ മുന്‍ വിക്കറ്റ്‌ കീപ്പര്‍ അറിയിച്ചു. ഒത്തുകളിക്കാനവശ്യപ്പെട്ട്‌ വധഭീഷണിയുമായി ലഭിച്ച അജ്ഞാത ഫോണ്‍ സംഭാഷണത്തെ തുടര്‍ന്ന്‌ നവംബര്‍ അവസാനം ദുബൈയിലെ ടീം ഹോട്ടലില്‍ നിന്ന്‌ ലണ്ടനിലേക്ക്‌ കടന്നുകളഞ്ഞ താരം പാകിസ്‌താനിലേക്കു തന്നെ തിരിച്ചുവന്നിരുന്നു. എന്നാല്‍ പാകിസ്‌താനില്‍ നിന്നും തനിക്കെതിരെയുള്ള ഭീഷണി തുടരുന്നുണ്ടെന്നും വിരമിക്കാന്‍ തീരുമാനിച്ചെന്നുമാണ്‌ ഹൈദര്‍ പ്രഖ്യാപിച്ചു. എന്നാല്‍ ഇപ്പോള്‍ സാഹചര്യങ്ങള്‍ മാറിയിട്ടുണ്ടെന്നും കളിയില്‍ തിരിച്ചെത്താന്‍ ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു.
'മാറിയ സാഹചര്യം പരിഗണിച്ച്‌ എന്റെ കുടുംബത്തിന്റേയും സുഹൃത്തുക്കളുടേയും ഉപദേശപ്രകാരം വിരമിക്കാനുള്ള തീരുമാനം ഞാന്‍ പിന്‍വലിക്കുകയാണ്‌. പാകിസ്‌താന്റെ താല്‍പര്യപ്രകാരമാണ്‌ നേരത്തേ ഞാന്‍ തീരുമാനം കൈക്കൊണ്ടത്‌. എന്നാല്‍ ഇപ്പോള്‍ ഗവണ്‍മെന്റില്‍ നിന്ന്‌ ഉറപ്പ്‌ ലഭിച്ചിരിക്കുന്നതിനാല്‍ ക്രിക്കറ്റിന്റെ എല്ലാ രൂപങ്ങളിലും കളിക്കാന്‍ ആലോചിക്കുകയാണ്‌.' ദുല്‍ഖര്‍നൈന്‍ പറഞ്ഞു.

പിച്ച്‌ വിവാദം:
വോണിനെതിരെ രാജസ്ഥാന്‍
ജയ്‌പൂര്‍: രാജസ്ഥാന്‍ ക്രിക്കറ്റ്‌ അസോസിയേഷന്‍ (ആര്‍.സി.എ) സെക്രട്ടറി സഞ്‌ജയ്‌ ദീക്ഷിത്തിനെ കുറ്റപ്പെടുത്തിയ രാജസ്ഥാന്‍ റോയല്‍സ്‌ നായകന്‍ ഷെയ്‌ന്‍ വോണിനെതിരെ അസോസിയേഷന്‍ ബി.സി.സി.ഐക്ക്‌ പരാതി നല്‍കി. യോജിച്ച പിച്ചൊരുക്കണമെന്ന തന്റെ ആവശ്യം നിരാകരിച്ചതിനെ തുടര്‍ന്ന്‌ ദീക്ഷിത്തിനെ പരസ്യമായി കുറ്റപ്പെടുത്തുകയായിരുന്നു വോണ്‍.
ഐ.പി.എല്ലില്‍ നിന്ന്‌ വിരമിക്കല്‍ പ്രഖ്യാപനം നടത്തിക്കഴിഞ്ഞ വോണ്‍ ദീക്ഷിത്തിനോട്‌ മോശമായി പെരുമാറിയതായി ആര്‍..സി.എ ആരോപിച്ചു. ചെന്നൈ സൂപ്പര്‍കിംഗ്‌സിനെതിരെ 63 റണ്‍സിന്‌ പരാജയപ്പെട്ടതിനു ശേഷമാണ്‌ വോണ്‍ സംഘാടകര്‍ക്കെതിരെ ക്ഷുഭിതനായി സംസാരിച്ചത്‌. ദീക്ഷിത്തിനെ നുണയനും സ്വാര്‍ത്ഥനുമെന്ന്‌ വോണ്‍ വിളിച്ചതായി രാജസ്ഥാന്‍ ക്രിക്കറ്റ്‌ അസോസിയേഷന്‍ ഡയറക്ടര്‍ നരേന്ദ്ര ജോഷി ഐ.പി.എല്‍ ചീഫ്‌ ഓപറേറ്റിംഗ്‌ ഓഫീസര്‍ സുന്ദര്‍ രാമന്‌ എഴുതി. ഓസ്‌ട്രേലിയന്‍ താരത്തിനെതിരെ നടപടി എടുക്കണമെന്നും കത്തില്‍ ജോഷി ആവശ്യപ്പെടുകയും ചെയ്‌തു.

ടെസ്റ്റില്‍ മികവ്‌
പുലര്‍ത്തുമെന്ന്‌ സമ്മി
ജോര്‍ജ്‌ടൗണ്‍ (ഗയാന): രണ്ടു മത്സര ടെസ്‌റ്റ്‌ പരമ്പരയില്‍ പാകിസ്‌ാനെതിരെ ഹോം ഗ്രൗണ്ടിലെ റെക്കോര്‍ഡ്‌ നിലനിര്‍ത്താന്‍ കഴിയുമെന്ന്‌ ആത്മവിശ്വാസമുള്ളതായി വെസ്‌റ്റിന്‍ഡീസ്‌ നായകന്‍ ഡാരന്‍ സമ്മി. അഞ്ചു മത്സര ഏകദിന പരമ്പരയില്‍ 3-2ന്റെ വിജയം പാകിസ്‌താനായിരുന്നു. എന്നാല്‍ മുമ്പ്‌ ആറു തവണ വെസ്‌റ്റിന്‍ഡീസില്‍ പര്യടനം നടത്തിയപ്പോഴൊന്നും പാകിസ്‌താന്‌ വിജയം നേടാനായിട്ടില്ല. പരമ്പര വിജയിക്കാനായാല്‍ റാങ്കിംഗില്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി ആറാം സ്ഥാനത്തേക്ക്‌ കയറാന്‍ വിന്‍ഡീസിനു കഴിയും.
' പരമ്പര ജയിക്കാനാകുമെന്നു തന്നെയാണ്‌ ഞങ്ങളുടെ വിശ്വാസം. മത്സരങ്ങള്‍ക്കായി നന്നായി ഒരുങ്ങിയിട്ടുണ്ട്‌. ഹോം മൈതാനത്ത്‌ മികച്ച പ്രകടനം കാഴ്‌ചവെക്കാനുള്ള കഴിവ്‌ ഞങ്ങള്‍ക്കുണ്ട്‌. ഏകദിന പരമ്പരയിലെ അവസാന രണ്ടു മത്സരങ്ങളില്‍ ടീമിന്റെ ബാറ്റിംഗ്‌ മെച്ചപ്പെട്ടിരുന്നു. എല്ലാവരും ആത്മവിശ്വാസത്തിലാണ്‌.' സമ്മി പറഞ്ഞു.

നായകനാകാന്‍ വാട്‌സണ്‍
ജയ്‌പൂര്‍: ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ നയിക്കാന്‍ തയാറാണെന്ന്‌ ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഷെയ്‌ന്‍ വാട്‌സണ്‍. നാട്ടുകാരനും നിലവില്‍ ടീമിന്റെ നായകനുമായ ഷെയ്‌ന്‍ വോണ്‍ വിരമിക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ വോണിനു ശേഷം ടീമിനെ നയിക്കാന്‍ താല്‍പര്യമുള്ളതായി വാട്‌സണ്‍ തുറന്നു പറഞ്ഞു. എന്നാല്‍ നായക സ്ഥാനമാഗ്രഹിക്കുന്ന മറ്റുചിലരും ടീമിലുള്ളതായി പേരു വെളിപ്പെടുത്താതെ വാട്‌സണ്‍ അറിയിച്ചു. ' ഷെയ്‌ന്‍ വോണിന്റെ അഭാവത്തില്‍ ടീമിനെ നയിക്കാന്‍ എനിക്ക്‌ താല്‍പര്യമുണ്ട്‌. എന്നാല്‍ മറ്റുചിലരും ഈ ആഗ്രഹത്തോടെ ടീമിലുണ്ട്‌. രാജസ്ഥാന്‍ പുറത്തായിക്കഴിഞ്ഞെന്നും എങ്കിലും അഭിമാനത്തിനു വേണ്ടി അടുത്ത മത്സരങ്ങളില്‍ മെച്ചപ്പെട്ട പ്രകടനത്തിനു ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മക്‌ഡെര്‍മോട്ട്‌ ഓസ്‌ട്രേലിയന്‍
ബൗളിംഗ്‌ കോച്ച്‌
(ചിത്രം; എസ്‌.പി ഓസ്‌ട്രേലിയ)
സിഡ്‌നി: മുന്‍ ടെസ്റ്റ്‌ പേസ്‌ ബൗളര്‍ ക്രെയ്‌ഗ്‌ മക്‌ഡെര്‍മോട്ടിനെ ഓസ്‌ട്രേലിയയുടെ പുതിയ ബൗളിംഗ്‌ പരിശീലകനായി തിരഞ്ഞെടുത്തതായി ക്രിക്കറ്റ്‌ ഓസ്‌ട്രേലിയ അറിയിച്ചു. അതേസമയം പ്രധാന പരിശീലകന്‍ ടിം നീല്‍സന്റെ സഹപരിശീലകനായി ജസ്റ്റിന്‍ ലാംഗറെ നിലനിര്‍ത്തി. അടുത്ത ഒരു വര്‍ഷത്തേക്കാണ്‌ ലാംഗറുടെ കരാര്‍ പുതുക്കിയത്‌.
46കാരന്‍ മക്‌ഡെര്‍മോട്ട്‌ 71 ടെസ്‌റ്റില്‍ നിന്ന്‌ 291 വിക്കറ്റെടുത്തിട്ടുണ്ട്‌. 'അന്താരാഷ്ട്ര കളിക്കാരനെന്ന നിലയില്‍ മക്‌ഡെര്‍മോട്ടിന്റെ പ്രകടനങ്ങളും, തിരിച്ചടികളില്‍ നിന്ന്‌ തിരിച്ചുവരാനുള്ള മിടുക്കും ഉള്‍പ്പെടെ പലനിലക്കും മതിപ്പുളവാക്കുന്ന അദ്ദേഹത്തിന്റെ കരിയറാണ്‌ ബൗളിംഗ്‌ പരിശീലകനായി അദ്ദേഹത്തെ തിരഞ്ഞെടുക്കുന്നതില്‍ പ്രതിഫലിച്ചത്‌' ക്രിക്കറ്റ്‌ ഓസ്‌ട്രേലിയ ജനറല്‍ മാനേജര്‍ മൈക്കല്‍ ബ്രൗണ്‍ പറഞ്ഞു.

കോമണ്‍വെല്‍ത്ത്‌
ഗെയിംസിന്‌ ട്വന്റി-20യും
ക്വലാലംപൂര്‍: കോമണ്‍വെല്‍ത്ത്‌ ഗെയിംസില്‍ ട്വന്റി20 മത്സരങ്ങളേയും ഉള്‍പ്പെടുത്താന്‍ ആലോചിക്കുന്നതായി മുതിര്‍ന്ന ഗെയിംസ്‌ ഉദ്യോഗസ്ഥരിലൊരാള്‍ പറഞ്ഞു. ഇക്കാര്യത്തിന്‌ അന്താരാഷ്ട്ര ക്രിക്കറ്റ്‌ കൗണ്‍സിലുമായി ചര്‍ച്ച ചെയ്യുകയാണെന്ന്‌ അദ്ദേഹം പറഞ്ഞു. ഐ.സി.സിയുമായി ഉടമ്പടിയുണ്ടാക്കാനുദ്ദേശിക്കുകയാണെന്നും വിവിധ കായിക ഇനങ്ങള്‍ മത്സര ഇനമാകുന്ന ഒരു മുന്‍നിര ഗെയിംസായി കോമണ്‍വെല്‍ത്തിനെ മാറ്റാനുള്ള ശ്രമത്തിലാണെന്നും കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ ഫെഡറേഷന്‍ കായിക പുനരവലോകനാ സമിതി അധ്യക്ഷന്‍ തുങ്കു ഇമ്രാന്‍ പറഞ്ഞു. ഐ.സി.സി അംഗീകരിക്കുകയാണെങ്കില്‍ 2018 കോമണ്‍വെല്‍ത്ത്‌ ഗെയിംസില്‍ ട്വന്റി20യും ഉണ്ടായിരിക്കുമെന്നും എന്നാല്‍ അതത്ര എളുപ്പമായിരിക്കില്ലെന്നും ഇമ്രാന്‍ പറഞ്ഞു.

ഐലീഗ്‌ രണ്ടാം ഡിവിഷന്‍
ലാജോംഗിനെ കീഴടക്കി
സ്‌പോര്‍ട്ടിംഗ്‌ രണ്ടാമത്‌
ഷില്ലോങ്‌: ഐ ലീഗ്‌ രണ്ടാം ഡിവിഷനില്‍ ഷില്ലോങ്‌ ലാജോംഗിനെതിരെ സ്‌പോര്‍ട്ടിംഗ്‌ ക്ലബ്‌ ഗോവക്ക്‌ ജയം. ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക്‌ ലാജോംഗിനെ വീഴ്‌ത്തിയ സ്‌പോര്‍ട്ടിംഗ്‌ ഒന്നാം സ്ഥാനക്കാരായ ലാജോംഗിന്‌ കടുത്ത വെല്ലുവിളി ഉയര്‍ത്തി രണ്ടാം സ്ഥാനത്തേക്ക്‌ കയറി. ലാജോംഗിന്‌ 13ഉം സ്‌പോര്‍ട്ടിംഗിന്‌ 11ഉം പോയിന്റാണുള്ളത്‌. വാസ്‌കോ, യുണൈറ്റഡ്‌ സിക്കിം ടീമുകള്‍ 10 വീതം പോയിന്റുമായി തൊട്ടടുത്ത സ്ഥാനങ്ങളിലുണ്ട്‌. മറ്റൊരു മത്സരത്തില്‍ റോയല്‍ വാഹിങ്‌ദോ 6-1ന്‌ സതേണ്‍ സാമിറ്റിയെ തകര്‍ത്തു.

മേഖല ക്രിക്കറ്റ്‌:
ഉത്തര മേഖക്ക്‌ മൈല്‍ക്കൈ
കൊച്ചി: അണ്ടര്‍-16 മേഖലാ മത്സരങ്ങളില്‍ മധ്യമേഖലക്കെതിരെ ഉത്തര മേഖലക്ക്‌ ആധിപത്യം. രണ്ടാം ദിവസം സ്റ്റംപെടുക്കുമ്പോള്‍ രണ്ടാം ഇന്നിംഗ്‌സില്‍ ആറിന്‌ 70 എന്ന നിലയിലാണ്‌ മധ്യമേഖല. ആദ്യ ഇന്നിംഗ്‌സില്‍ മധ്യമേഖല 114നും ഉത്തര മേഖല 161നും പുറത്തായി. ഉത്തര മേഖലക്ക്‌ വേണ്ടി അക്ഷയ്‌ കെ.സി (6/33 ബൗളിംഗിലും സല്‍മാന്‍ നിസാര്‍ (59 നോട്ട്‌ഔട്ട്‌) ബാറ്റിംഗിലും തിളങ്ങി.
കെ.സി.എ ഇലവനെതിരെ രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റുചെയ്യുന്ന ദക്ഷിണ മേഖല മികച്ച നിലയിലാണ്‌. ആദ്യ ഇന്നിംഗ്‌സില്‍ 130 റണ്‍സെടുത്ത്‌ പുറത്തായ അവര്‍ രണ്ടിന്‌ 150 എന്ന നിലയിലാണ്‌. സുബിന്‍ എസ്‌ (95) ആണ്‌ ക്രീസില്‍. ഒന്നാം ഇന്നിംഗ്‌സില്‍ കെ.സി.എ 131ന്‌ പുറത്തായി.

ചിറകടിച്ച്‌ കൂകബുറാസ്‌
ഓസ്‌ട്രേലിയ 2-1 ബ്രിട്ടന്‍
(ചിത്രം;എസ്‌.പി അസ്‌്‌ലന്‍ ശാ ബ്രിട്ടന്റെ ലയ്‌ന്‍ ലെവേഴ്‌സും (ഇടത്‌) ഓസ്‌ട്രേലിയയുടെ തിമോത്തി ഡീവിനും പന്തിനായുള്ള പോരാട്ടത്തില്‍)
ഇപ്പൊ (മലേഷ്യ): റൗണ്ട്‌ റോബിന്‍ ലീഗില്‍ ഒരു മത്സരം ബാക്കി നില്‍ക്കേ ലോക ചാമ്പ്യന്‍മാരയ ഓസ്‌ട്രേലിയ അസ്‌്‌ലന്‍ശാ ഹോക്കി ഫൈനലില്‍ കടന്നു. ഗ്രൂപ്പിലെ വമ്പന്‍ മത്സരത്തില്‍ ബ്രിട്ടനെ 2-1ന്‌ കീഴടക്കിയ ഓസ്‌ട്രേലിയന്‍ പൊന്മാനുകള്‍ 13 പോയിന്റ്‌്‌ നേടിയാണ്‌ കലാശപ്പോര്‍ക്കളത്തിലേക്ക്‌ ചിറകടിച്ചുയര്‍ന്നത്‌. അഞ്ചുവട്ട ചാമ്പ്യന്മാര്‍ 2011ലെ ആദ്യ കിരീടമാണ്‌ ലക്ഷ്യം വെക്കുന്നത്‌. എന്നാല്‍ ഫൈനലില്‍ ഓസ്‌ട്രേലിയയുടെ പ്രതിയോഗികളാരെന്നറിയാന്‍ ശനിയാഴ്‌ച വരെ കാത്തിരിക്കണം. ഒമ്പതു പോയിന്റ്‌ വീതമുള്ള പാകിസ്‌താന്‍, ബ്രിട്ടന്‍ ടീമുകള്‍ ഗ്രൂപ്പിലെ അവസാന മത്സരം കളിക്കുന്നത്‌ അന്നാണ്‌.
ഗ്രൂപ്പിലെ ശേഷിക്കുന്ന മത്സരത്തില്‍ ന്യൂസിലാന്റാണ്‌ കൂകബുറാസിന്റെ എതിരാളികള്‍. ഏഴു പോയിന്റുള്ള ഇന്ത്യയുടേയും അവസാന മത്സരം ന്യൂസിലാന്റുമായാണ്‌. ലോകകപ്പ്‌, ചാമ്പ്യന്‍സ്‌ ട്രോഫി, കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ കിരീടങ്ങള്‍ ഒരേ വര്‍ഷം സ്വന്തമാക്കി 2010ല്‍ റെക്കോര്‍ഡിട്ട ഓസ്‌ട്രേലിയ പെനാല്‍ട്ടിയില്‍ നിന്നാണ്‌ ബ്രിട്ടനെതിരെ ആദ്യ ഗോള്‍ കണ്ടെത്തിയത്‌. കളിയുടെ എട്ടാം മിനുട്ടില്‍ ബെന്റ്‌ ഡാന്‍സറാണ്‌ അവര്‍ക്കു വേണ്ടി ലക്ഷ്യം കണ്ടത്‌.
29-ാം മിനുട്ടില്‍ ക്രിസ്‌റ്റഫര്‍ സിറിയെല്ലോ ഓസ്‌ട്രേലിയയുടെ ലീഡ്‌ ഇരട്ടിയാക്കി. ആദ്യ പകുതിയില്‍ പിന്നീട്‌ ഗോളൊന്നും പിറന്നില്ല. 57-ാം മിനുട്ടിലായിരുന്നു ബ്രിട്ടന്റെ മറുപടി ഗോള്‍. പെനാല്‍ട്ടി ഗോളിലേക്ക്‌ തിരിച്ചുവിട്ട റിച്ചാര്‍ഡ്‌ മാന്റലിലൂടെ ബ്രിട്ടീഷുകാര്‍ തിരിച്ചുവരവിന്‌ ശ്രമിച്ചു. മുതിര്‍ന്ന താരങ്ങളില്‍ ചിലര്‍ക്ക്‌ പരിക്കും ചിലര്‍ യൂറോപ്യന്‍ ലീഗുകളില്‍ കളിക്കുകയുമായിരുന്നതിനാല്‍ യുവത സംഘത്തെയാണ്‌ ഓസ്‌ട്രേലിയ ടൂര്‍ണമെന്റിലിറക്കിയത്‌. കളിയുടെ അവസാന നിമിഷങ്ങളില്‍ ഓസീസിന്റെ ഗോളടി ശ്രമങ്ങളെ ഗോള്‍ലൈന്‍ രക്ഷപ്പെടുത്തലുകളുമായി ബ്രിട്ടീഷ്‌ ഡിഫന്‍ഡേഴ്‌സ്‌ പ്രതിരോധിച്ചു.

ഹാട്രിക്ക്‌ ബാര്‍സ
ക്രിസ്‌റ്റിയാനോ ഹാട്രിക്കില്‍ റയല്‍
(ചിത്രങ്ങള്‍; എസ്‌.പി ബാര്‍സ1-5 സ്‌പാനിഷ്‌ ലീഗില്‍ ഹാട്രിക്‌ കിരീടം സ്വന്തമാക്കിയ ബാര്‍സലോണ താരങ്ങള്‍ ആഘോഷത്തില്‍)
മാഡ്രിഡ്‌: സ്‌പാനിഷ്‌ ലീഗ്‌ ഫുട്‌ബോളില്‍ തുടര്‍ച്ചയായ മൂന്നാം തവണയും ബാര്‍സലോ ണ ചാമ്പ്യന്മാരായ. ലെവന്റെയുമായി ഒരു ഗോള്‍ സമനിലയില്‍ പിരിഞ്ഞ മത്സരത്തോടെയാണ്‌ 92 പോയിന്റ്‌ നേടിയ കാറ്റാലന്‍ പട കിരീടമുറപ്പിച്ചത്‌. 86 പോയിന്റുമായി രണ്ടാം സ്ഥാനത്തുള്ള റയല്‍ മാഡ്രിഡ്‌ മടക്കമില്ലാത്ത നാലുഗോളുകള്‍ക്ക്‌ ഗെറ്റാഫെയെ തകര്‍ത്തു. ക്രിസ്‌റ്റിയാനോ റൊണാള്‍ഡോയുടെ ഹാട്രിക്കായിരുന്നു മത്സരത്തിന്റെ പ്രത്യേകത.
ഒരു പോയിന്റ്‌ നേടിയാല്‍ കിരീടമുറപ്പിക്കാം എന്ന നിലയില്‍ കളിക്കാനിറങ്ങിയ ജോസെപ്‌ ഗ്വാര്‍ഡിയോളയുടെ കുട്ടികള്‍ 28-ാം മിനുട്ടില്‍ തന്നെ മുന്നിലെത്തി. സെയ്‌ദു കെയ്‌റ്റയായിരുന്നു സ്‌കോറര്‍. സാവി ഹെര്‍ണാണ്ടസ്‌ ചിപ്പ്‌ ചെയ്‌തു നല്‍കിയ പന്ത്‌ കെയ്‌റ്റ ഹെഡറിലൂടെ വലയിലാക്കി. എന്നാല്‍ ബാര്‍സയുടെ പതിവ്‌ ആക്രമണം ലെവന്റയുടെ തട്ടകത്തില്‍ വിലപ്പോയില്ല. ജനുവരി ഒമ്പതു മുതല്‍ ഇവിടെ തോറ്റിട്ടില്ലാത്ത ആതിഥേയര്‍ ഫെലിപ്പെ കെയ്‌ഷെഡോയിലൂടെ ഇടവേളക്കു മുമ്പു തന്നെ സമനില പിടിച്ചു. 41-ാം മിനുട്ടിലായിരുന്നു ലെവന്റെയുടെ സമനില ഗോള്‍.
എന്നാല്‍ സിയൂഡാഡ്‌ സ്‌റ്റേഡിയത്തില്‍ മിക്കപ്പോഴും പന്ത്‌ ബാര്‍സയുടെ കൈവശമായിരുന്നു. കളിയുടെ 16 ശതമാനം സമയം മാത്രമാണ്‌ ആതിഥേയര്‍ക്ക്‌ ആകെ പന്തു കിട്ടിയത്‌. എന്നിട്ടുപോലും ബാര്‍സക്ക്‌ കിരീടനേട്ടം വിജയത്തോടെ ആഘോഷിക്കാനായി ഗോള്‍ കണ്ടെത്താനായില്ല. 2005ല്‍ ഫ്രാങ്ക്‌ റൈക്കാര്‍ഡ്‌ ഇതേവേദിയില്‍ 1-1 സ്‌കോറുമായി കിരീട നേട്ടം ആഘോഷിച്ചിരുന്നു.
24, 58, 77, 92 മിനുട്ടുകളിലായിരുന്നു ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഹാട്രിക്ക്‌ നേട്ടം. ആദ്യ രണ്ടു ഗോളുകള്‍ക്ക്‌ മസൂദ്‌ ഓസില്‍ വഴിയൊരുക്കിയപ്പോള്‍ പെനാല്‍ട്ടിയില്‍ നിന്നായിരുന്നു പോര്‍ചുഗീസ്‌ സൂപ്പര്‍താരത്തിന്റെ മൂന്നാം ഗോള്‍. കരീം ബെന്‍സേമയാണ്‌ ശേഷിക്കുന്ന ഗോള്‍ നേടിയത്‌. ലീഗില്‍ രണ്ടു മത്സരങ്ങള്‍ ശേഷിക്കേ വലന്‍സിയ (67), വിയ്യാറയല്‍ (62) ടീമുകളാണ്‌ യഥാക്രമം മൂന്ന്‌, നാല്‌ സ്ഥാനങ്ങളില്‍.

ഇറ്റാലിയന്‍ കപ്പ്‌
ഇന്റര്‍ ഫൈനലില്‍
മിലാന്‍: ഇറ്റാലിയന്‍ കപ്പ്‌ സെമിഫൈനലിന്റെ ഇരുപാദങ്ങളിലുമായി എ.എസ്‌ റോമയെ 2-1ന്‌ പിന്നിലാക്കി നിലവിലെ ചാമ്പ്യന്മാര്‍ ഇന്റര്‍മിലാന്‍ ഫൈനലില്‍ പ്രവേശിച്ചു. എ.സി മിലാനെ 3-4ന്‌ മറികടന്ന പാലെര്‍മോയാണ്‌ ഇന്ററിന്റെ എതിരാളികള്‍ ഈ മാസം അവസാനമാണ്‌ ഫൈനല്‍.
റോമയുടെ മൈതാനത്ത്‌ നടന്ന ആദ്യ പാദത്തില്‍ 0-1ന്‌ ജയിച്ചു കയറിയ ഇന്റര്‍ സ്വന്തം മൈതാനത്ത്‌ ഒരു ഗോള്‍ സമനില വഴങ്ങിയാണ്‌ ഫൈനല്‍ പ്രവേശം ഉറപ്പാക്കിയത്‌. 58-ാം മിനുട്ടില്‍ സാമുവല്‍ എറ്റൂവാണ്‌ ചാമ്പ്യന്മാര്‍ക്കു വേണ്ടി നിര്‍ണായക ഗോള്‍ കണ്ടെത്തിയത്‌. 85-ാം മിനുട്ടില്‍ മാര്‍ക്കോ ബോരിയെല്ലോ ഒരു ഗോള്‍മടക്കി. മിലാന്റെ ഗ്രൗണ്ടില്‍ 2-2 സമനിലയും സ്വന്തം ഗ്രൗണ്ടില്‍ 2-1 വിജയവും നേടിയാണ്‌ പാലെര്‍മോ ഫൈനലില്‍ കടന്നത്‌.

ഇന്ത്യക്ക്‌ കൂറ്റന്‍ തോല്‍വി
ഇപ്പൊ (മലേഷ്യ): ആദ്യ റൗണ്ടിലെ അവസാന മത്സരത്തില്‍ ന്യൂസിലാന്റിനോട്‌ 7-3ന്റെ കനത്ത തോല്‍വി ഏറ്റുവാങ്ങി ഇന്ത്യ അസ്‌്‌്‌ലന്‍ ശാ ഹോക്കി ടൂര്‍ണമെന്റില്‍ നിന്ന്‌ പുറത്തായി. ഇന്ത്യക്കെതിരെ ന്യൂസിലാന്റിന്റെ എക്കാലത്തേയും വലിയ വിജയമാണിത്‌. ഹായ്‌ വാര്‍ഡിന്റെ ഹാട്രിക്ക്‌ പ്രകടനമാണ്‌ ഇന്ത്യയെ തകര്‍ക്കാന്‍ കരിങ്കുപ്പായക്കാരെ സഹായിച്ചത്‌. തോല്‍വിയോടെ ഏഴു ടീമുകളടങ്ങുന്ന റൗണ്ട്‌ റോബിന്‍ ലീഗ്‌ ടേബിളില്‍ അഞ്ചാം സ്ഥാനത്തേക്ക്‌ ഇന്ത്യ പതിച്ചു. ന്യൂസിലാന്റിന്‌ ഫൈനലിലെത്താന്‍ അവസാന മത്സരത്തില്‍ ഓസ്‌ട്രേലിയയെ തോ|ിക്കുകയും പാകിസ്‌താന്‍, ബ്രിട്ടന്‍ ടീമുകള്‍ ശനിയാഴ്‌ച നടക്കുന്ന മത്സരങ്ങളില്‍ തോല്‍ക്കുകയും വേണം. ആദ്യ പതിനാലു മിനുട്ടുകള്‍ക്കുള്ളില്‍ തന്നെ ഹായ്‌ വാര്‍ഡ്‌ പെനാല്‍ട്ടി കോര്‍ണറുകളില്‍ നിന്ന്‌ ഹാട്രിക്ക്‌ പൂര്‍ത്തിയാക്കിയിരുന്നു. ബ്ലെയര്‍ ഹില്‍ട്ടന്റെ രണ്ടു തവണയും നിക്കോളാസ്‌ വില്‍സണ്‍, ശായ്‌ നീല്‍ എന്നിവര്‍ ഓരോ തവണയും സ്‌കോര്‍ ചെയ്‌തു.

നദാല്‍ ക്വാര്‍ട്ടറില്‍
റോം: ലോക ഒന്നാം നമ്പര്‍ റാഫേല്‍ നദാല്‍ ഇറ്റാലിയന്‍ ഓപണ്‍ ടെന്നീസ്‌ ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. സ്‌പാനിഷ്‌ താരങ്ങളുടെ പോരാട്ടത്തില്‍ ഫെലിഷ്യാനോ ലോപസിനെ 6-4, 6-2 സ്‌കോറിന്‌ തകര്‍ത്ത നദാല്‍ ക്ലേ ക്വാര്‍ട്ടിലെ തന്റെ മികച്ച പ്രകടനങ്ങളിലൊന്നാണ്‌ പുറത്തെടുത്തത്‌. റാങ്ക്‌ നിലനിര്‍ത്താന്‍ നൊവാക്‌ ദ്യോകോവിച്ചില്‍ നിന്ന്‌ കടുത്തവെല്ലുവിളി നേരിടുന്ന നദാലിന്‌ കിരീട വിജയം അനിവാര്യമാണ്‌. ദ്യോകോവിച്ചാണ്‌ ജേതാവാകുന്നതെങ്കില്‍ സെര്‍ബ്‌ താരം ഒന്നാം റാങ്ക്‌ പിടിച്ചെടുക്കും. 6-0, 6-3 സ്‌കോറിന്‌ ആദ്യ റൗണ്ട്‌ വിജയിച്ച ദ്യോകോവിച്ച്‌ ഈ വര്‍ഷം 33 മത്സരങ്ങളില്‍ പരാജയമറിയാതെ കുതിക്കുകയാണ്‌.

നായകന്‍ തന്നെ രാജാവ്‌
ധോണി 63*(31)
ചെന്നൈ: നായകന്‍ മഹേന്ദ്ര സിംഗ്‌ ധോണി പഴയ കരുത്തില്‍ ആഞ്ഞടിച്ചപ്പോള്‍ ചെന്നൈ സൂപ്പര്‍കിംഗ്‌സിന്റെ മൈതാനത്ത്‌ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന്റെ ചെകുത്താന്മാര്‍ ചൂളിപ്പോയി. ചെന്നൈ നാലു വിക്കറ്റ്‌ നഷ്ടത്തില്‍ 176 റണ്‍സ്‌ അടിച്ചെടുത്തു. 10 ഓവറില്‍ മൂന്നു വിക്കറ്റ്‌ കളഞ്ഞ്‌ 68 റണ്‍സെടുത്തു നില്‍ക്കുകയായിരുന്ന ടീമിനെ തോളിലേറ്റി മുന്നേറിയ ധോണി 31 പന്തില്‍ നാലു സിക്‌സറും അഞ്ചു ബൗണ്ടറിയും നേടി 63 റണ്‍സുമായി അപരാജിതനായി നിന്നു. ഡല്‍ഹി ബൗളര്‍മാരില്‍ ഓവറില്‍ 12ലധികം ശരാശരിയില്‍ റണ്‍വഴങ്ങിയ അജിത്‌ അഗാര്‍ക്കറായിരുന്നു ചെന്നൈയുടെ ഇര. അഗാര്‍ക്കറിന്റെ നാലോവറില്‍ നിന്ന്‌ 49 റണ്‍സ്‌ ചെന്നൈ അടിച്ചെടുത്തു. അവസാന വിവരം ലഭിക്കുമ്പോള്‍ മറുപടി ബാറ്റിംഗില്‍ ഏഴോവറില്‍ ഒരു വിക്കറ്റ്‌ നഷ്ടത്തില്‍ ഡല്‍ഹി 54 റണ്‍സെടുത്തിട്ടുണ്ട്‌. 14 പന്തില്‍ 25 റണ്‍സെടുത്ത നമാന്‍ ഓജയാണ്‌ പുറത്തായത്‌.
ശസ്‌ത്രക്രിയ ആവശ്യമായി ടീം വിട്ട നായകന്‍ വീരേന്ദര്‍ സെവാഗിനു പകരം ഓസ്‌ട്രേലിയക്കാരന്‍ ജെയിംസ്‌ ഹോപ്‌സാണ്‌ ഡല്‍ഹിയെ നയിച്ചത്‌. ടോസ്‌ വിജയിച്ച്‌ ചെന്നൈ ആദ്യം ബാറ്റുചെയ്യാന്‍ തീരുമാനിച്ചു.ആദ്യ ഓവറിന്റെ അവസാന പന്തില്‍ മൈക്ക്‌ ഹസിയെ (അഞ്ച്‌) വിക്കറ്റിനു മുന്നില്‍ കുടുക്കി ഇര്‍ഫാന്‍ പത്താന്‍ ചെന്നൈയെ ഞെട്ടിച്ചു. സുരേഷ്‌ റെയ്‌ന-മുരളി വിജയ്‌ സഖ്യം അവരെ 41 റണ്‍സുവരെ മുന്നോട്ട്‌ നയിച്ചു. ആറാം ഓവറില്‍ റെയ്‌നയെ (10 പന്തില്‍ 14) പുറത്താക്കി വരുണ്‍ ആരന്‍ ഡല്‍ഹിക്ക്‌ പ്രതീക്ഷ നല്‍കി. 11-ാം ഓവറില്‍ മുരളി വിജയ്‌യും (33 പന്തില്‍ 35) വീണതോടെ ഡല്‍ഹിക്ക്‌ നേരിയ മുന്‍തൂക്കമായി.
എന്നാല്‍ എസ്‌. ബദരീനാഥിനൊപ്പം ധോണി ചെന്നൈയുടെ നാഥനായി. ധോണിയുടെ താണ്ഡവമായിരുന്നു പിന്നീട്‌. ഡല്‍ഹി ബൗളര്‍മാരില്‍ അഗാര്‍ക്കറിനെ കൂടാതെ ആന്‍ഡ്ര്യൂ മക്‌ഡൊണാള്‍ഡ്‌, ഇര്‍ഫാന്‍ പത്താന്‍ എന്നിവരെല്ലാം കണക്കിന്‌ ശിക്ഷിക്കപ്പെട്ടു. മക്‌ഡൊണാള്‍ഡിന്റെ രണ്ടോവറില്‍ 23 റണ്‍സ്‌ പിറന്നു. പത്താന്‍ നാലോവറില്‍ 40 റണ്‍സ്‌ വിട്ടുകൊടുത്തു. പത്താന്റെ അവസാന പന്ത്‌ സിക്‌സറിലേക്ക്‌ പറഞ്ഞയച്ചാണ്‌ ധോണി തന്റെ റണ്‍ദാഹമറിയിച്ചത്‌. ബദരീനാഥ്‌ (43 പന്തില്‍ 55) ഒരു സിക്‌സറും ആറു ബൗണ്ടറിയും നേടി.
ധോണിയുടെ കടന്നാക്രമണത്തിനിടയിലും ഡല്‍ഹിക്കു വേണ്ടി തലഉയര്‍ത്തി നില്‍ക്കുകയായിരുന്നു വരുണ്‍ ആരണ്‍ എന്ന 21കാരന്‍. അഞ്ചു റണ്‍സ്‌ മാത്രമായിരുന്നു ആരന്റെ ഇക്കോണമി. നാലോവറില്‍ 20 റണ്‍സ്‌ വഴങ്ങി ഒരു വിക്കറ്റ്‌ വീഴ്‌ത്തിയ ആരണ്‍ ചെന്നൈബാറ്റ്‌സ്‌മാന്മാരുടെ ആദരവ്‌ ഏറ്റുവാങ്ങി. ബീഹാറിന്‌ രഞ്‌ജി ടീമില്ലാത്തതിനാല്‍ ഝാര്‍ഖണ്ഡിനു വേണ്ടി കളിച്ചിരുന്ന ആരണ്‍ ശ്രദ്ധേയമായ ബൗളിംഗ്‌ കാഴ്‌ചവെച്ചു.

ഹര്‍ഭജന്‍സിഗിന്‌ സംശയങ്ങളില്ല-ഇത്തവണ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ക്രിക്കറ്റ്‌ കിരീടം മുംബൈ ഇന്ത്യന്‍സിന്‌ തന്നെ. അവസാന മല്‍സരത്തില്‍ പഞ്ചാബ്‌ കിംഗ്‌സിന്‌ മുന്നില്‍ തകര്‍ന്നത്‌ കാര്യമാക്കാനില്ല. ബാറ്റിംഗിലും ബൗളിംഗിലും വിജയങ്ങളിലുമെല്ലാം മുന്നില്‍ മുംബൈ തന്നെ. ഇതിനകം അവസാന നാലില്‍ സ്ഥാനമുറപ്പിച്ചവരും മറ്റാരുമല്ല. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ നായകത്വത്തില്‍ കഴിഞ്ഞ തവണ നഷ്‌മാ കിരീടം ഇത്തവണ തിരിച്ചുപിടിക്കും. ഫൈനലിലെ പ്രതിയോഗിയായി ബാജി കാണുന്നത്‌ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിനെയാണ്‌. ക്രിസ്‌ ഗെയിലും തിലകരത്‌നെ ദില്‍ഷാനുമെല്ലാം മിന്നുന്ന ഫോമിലാണ്‌. അവരെ തോല്‍പ്പിക്കാന്‍ എളുപ്പമല്ലെങ്കിലും തന്ത്രങ്ങള്‍ മുംബൈക്കറിയാമെന്നും ബാജി
വിജയത്തേരില്‍ മുംബൈ സഞ്ചരിക്കുമ്പോള്‍ ആത്മവിശ്വാസം പ്രകടമാണല്ലോ വാക്കുകളില്‍
= തീര്‍ച്ചയായും. വിജയങ്ങള്‍ നല്‍കുന്ന ആത്മവിശ്വാസം വലിയ പ്രതീക്ഷയാവും. ഐ.പി.എല്‍ സീസണില്‍ ഇത്‌ വരെ ഉന്നതങ്ങളിലേക്ക്‌ മുംബൈ വന്നിട്ടില്ല. ഇത്‌ ഞങ്ങളുടെ സീസണാണ്‌. ഇത്‌ വരെയുള്ള പ്രകടനങ്ങളില്‍ നിന്ന്‌ അത്‌ വ്യക്തം. ചില മല്‍സരങ്ങളിലെ തകര്‍ച്ച മറക്കുന്നില്ല. പക്ഷേ നിര്‍ണ്ണായക ഘട്ടത്തില്‍ കരുത്തരായി കളിക്കാന്‍ ടീമിനാവും. സച്ചിന്‍ മുന്നില്‍ നിന്ന്‌ നയിക്കുന്നു. അമ്പാട്ട്‌ റായിഡുവും രോഹിതും സൈമണ്ട്‌്‌സും പിന്നെ പൊലാര്‍ഡുമെല്ലാമാവുമ്പോള്‍ എത്ര വലിയ സ്‌ക്കോര്‍ നേടാനും ഏത്‌ സ്‌ക്കോര്‍ പിന്തുടരാനും പ്രയാസമില്ല.
ബൗളിംഗ്‌
= മാലിങ്ക, മുനാഫ്‌ -ഈ രണ്ട്‌ സീമര്‍മാരും മികവ്‌ നിലനിര്‍ത്തുന്നു. കഴിഞ്ഞ മല്‍സരത്തില്‍ അഞ്ച്‌ വിക്കറ്റ്‌ നേടിയിരുന്നു മുനാഫ്‌. മാലിങ്കയുടെ നാല്‌ ഓവറുകള്‍ നിര്‍ണ്ണായകമാണ്‌. ബാറ്റ്‌സ്‌മാന്മാരെ നിലക്കുനിര്‍ത്താന്‍ അദ്ദേഹത്തിനാവും. ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവുമധികം വിക്കറ്റുകളുമായി അദ്ദേഹമാണ്‌ മുന്നേറുന്നത്‌. സ്‌പിന്‍ ഡിപ്പാര്‍ട്ട്‌മെന്റും ശക്തമാണ്‌.
ബാംഗ്ലൂര്‍ ഇങ്ങനെ പറക്കുമ്പോള്‍
=അതില്‍ ഭയമില്ല. ക്രിസ്‌ ഗെയിലിനെ എല്ലാവര്‍ക്കുമറിയാം. അദ്ദേഹത്തെ തുടക്കത്തില്‍ തന്നെ പുറത്താക്കാനാവണം. ദില്‍ഷാനും നിലയുറപ്പിച്ചാല്‍ അപകടകാരിയാണ്‌. ചെന്നൈ സൂപ്പര്‍ കിംഗ്‌സ്‌, കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സ്‌ എന്നിവരും നല്ല പ്രതിയോഗികളാണ്‌. മുംബൈക്ക്‌ വ്യക്തമായ ലക്ഷ്യങ്ങളുണ്ട്‌. അടുത്ത മല്‍സരങ്ങള്‍ മുതല്‍ വ്യക്തമായ ഗെയിം പ്ലാനില്‍ നിലയുറപ്പിക്കും. സച്ചിന്റെ മികച്ച പ്രകടനം വരാനിരിക്കുന്നതേയുള്ളു.

No comments: