Friday, May 6, 2011
KAMAL VARADOOR WITH YUSUF PATHAN
യൂസഫിന് ടെന്‍ഷനില്ല
കമാല്‍ വരദൂര്‍ കൊച്ചിയില്‍ വെച്ച് യൂസഫിനെ കണ്ടപ്പോള്‍
കൊച്ചി: പാവത്താനാണ് യൂസഫ് പത്താന്‍. ബാറ്റുമായി ക്രീസിലെത്തിയാല്‍ അദ്ദേഹം കൊടുങ്കാറ്റാവാറുണ്ട്...ഓഫ് സ്‌പിന്നില്‍ വിക്കറ്റ് ലഭിച്ചാലും അലറി വിളിക്കും... അവിടെ അവസാനിക്കും അദ്ദേഹത്തിന്റെ ആക്രോശങ്ങളും ആഘോഷങ്ങളും. നല്ല മുസല്‍മാനായി, എല്ലാവരോടും ചിരിച്ചു സംസാരിച്ചും കുശലം പറഞ്ഞുമെല്ലാം നീങ്ങുന്ന യൂസഫിനായിരുന്നു ഇന്നലെ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നിറഞ്ഞ ആരാധകര്‍. കൊച്ചി ടസ്‌ക്കേഴ്‌സ്‌് അനുകൂലികള്‍ തിങ്ങിനിറഞ്ഞ മൈതാനത്ത് യൂസഫ് കൊല്‍ക്കത്തക്കായി ബാറ്റ് ചെയ്യാനിറങ്ങിയപ്പോള്‍ കൈയ്യടിയായിരുന്നു. ടീമിനെ വിജയിപ്പിക്കാനായില്ലെങ്കിലും രണ്ട് സിക്‌സറുകളുമായി അദ്ദേഹം സാന്നിദ്ധ്യമറിയിച്ചു. രാത്രി മല്‍സരത്തിന് ശേഷം ലാ മെറീഡിയനില്‍ വെച്ച് കണ്ടപ്പോള്‍ യൂസഫിന് കേരളത്തെക്കുറിച്ച് കൂടുതലറിയണം.
ഡല്‍ഹി ഫിറോസ് ഷാ കോട്‌ലയില്‍ ഡെയര്‍ഡെവിള്‍സിനെതിരായ മല്‍സരത്തിന് ശേഷം സ്‌റ്റേഡിയത്തിലെ സെക്യൂരിറ്റിക്കാരനുമായി യൂസഫ് ഇടഞ്ഞതായി കഴിഞ്ഞ ദിവസം വാര്‍ത്തയുണ്ടായിരുന്നു. യൂസഫും അനുജന്‍ ഇര്‍ഫാനും പരസ്‌പരം മല്‍സരിക്കുന്നത് കാണാന്‍ സഹോദരങ്ങളുടെ കുടുംബമെത്തിയിരുന്നു. ബറോഡയില്‍ നിന്ന് ദീര്‍ഘസമയം യാത്ര ചെയ്‌തെത്തിയ മാതാവ് മല്‍സരത്തിന് ശേഷം മടങ്ങവെ തലചുറ്റല്‍ അനുഭവപ്പെട്ടു. തിരക്കേറിയ സ്‌റ്റേഡിയം ലിഫ്‌റ്റ് വഴി പുറത്തിറങ്ങാന്‍ ശ്രമിച്ചപ്പോഴായിരുന്നു അസ്വസ്ഥത. ഉടന്‍ തന്നെ അവര്‍ സമീപത്തുളള സെക്യൂരിറ്റിക്കാരനോട് ഇരിക്കാന്‍ കസേര ചോദിച്ചു. യൂസഫിന്റെ മാതാവാണെന്ന് അറിയാതെ ഉദ്യോഗസ്ഥന്‍ കസേര നല്‍കിയില്ല. പ്രായം മറന്ന് കളി കാണാന്‍ വരണോ എന്ന് പറഞ്ഞ് പരിഹസിക്കാന്‍ ശ്രമിച്ചു. ഇനി വീട്ടില്‍ ടെലിവിഷനിലിരുന്ന് കളി കണ്ടാല്‍ മതിയെന്ന് പറയുകയും ചെയ്‌തു. മാതാവിനൊപ്പമുണ്ടായിരുന്ന യൂസഫിന്റെ കുടുംബ സുഹൃത്തിന് ഇത് ഇഷ്‌ടമായില്ല. അദ്ദേഹം ഉടന്‍ തന്നെ യൂസഫിനെ ഫോണില്‍ വിളിച്ച് കാര്യം പറഞ്ഞു. കൊല്‍ക്കത്താ ടീം ഡ്രസ്സിംഗ് റൂമില്‍ നിന്ന് തിരക്കിട്ടെത്തിയ യൂസുഫ് സെക്യൂരിറ്റി ഉദ്യോഗസ്ഥനോട് വിശദീകരണം തേടി. അയാള്‍ മാപ്പ് പറഞ്ഞെങ്കിലും ഉന്നതെരെല്ലാം സംഭവമറിഞ്ഞെത്തി. പക്ഷേ എല്ലാവരോടും യൂസഫിന് പറയാനുണ്ടായിരുന്നത് ഒന്ന് മാത്രം-ഈ വിഷയത്തില്‍ അദ്ദേഹത്തെ ജോലിയില്‍ നിന്ന് പറഞ്ഞ് വിടരുത്...
ഉമ്മ കളി കാണാന്‍ ദൂരയാത്ര ചെയ്‌ത് വന്നതാണ്. ഞാനും ഇര്‍ഫാനും പരസ്‌പരം കളിക്കുകയാണല്ലോ- അത് കാണാന്‍ കുടുംബത്തിലെ പലരുമെത്തിയിരുന്നു. കോട്‌ലയില്‍ നല്ല തിരക്കായിരുന്നു. കളിക്ക് ശേഷം മടങ്ങുമ്പോഴാണ് പ്രശ്‌നമുണ്ടായത്. പ്രായമുള്ളവരോട് മോശമായി ആരും പെരുമാറരുത്. നമ്മള്‍ മാതാപിതാക്കളെയും പ്രായമുളളവരെയും എപ്പോഴും സംരക്ഷിക്കണം. അയാള്‍ക്കറിയില്ലായിരിക്കാം അത് എന്റെ മാതാവാണെന്ന്. പക്ഷേ ആരുടെ മാതാവിനോടും അത്തരത്തില്‍ സംസാരിക്കരുത്.
ഐ.പി.എല്ലില്‍ കൊല്‍ക്കത്ത ശക്തമായി തിരിച്ചുവരുമെന്നാണ് യൂസഫിന്റെ പക്ഷം. കൊല്‍ക്കത്തയുടെ മുന്നേറ്റത്തില്‍ ആധികാരികത കുറയുന്നുണ്ടെന്ന പരാതിയില്‍ കഴമ്പില്ല. ജയവും തോല്‍വിയുമാണ്‌് ടി-20 ക്രിക്കറ്റിന്റെ സ്വഭാവം. വിജയവും പരാജയവും പ്രവചിക്കാനാവില്ല. ഒരു നല്ല ഇന്നിംഗ്‌സിന് ടീമിനെ വിജയിപ്പിക്കാനാവും. നല്ല ബാറ്റിംഗ് എന്നതിനെ തല്‍ക്കാലം മാറ്റിനിര്‍ത്തുക. ആക്രമണാത്മക ബാറ്റിംഗ്. ആദ്യ പന്തിനെ പഠിച്ചും രണ്ടാം പന്തിനെ ശ്രദ്ധിച്ചും ബാറ്റ് ചെയ്യാനാവില്ല. ചിലപ്പോള്‍ അത് ക്ലിക് ചെയ്യും. ചിലപ്പോള്‍ പുറത്താവും. കൊച്ചിക്കെതിരായ മല്‍സരത്തില്‍ കൊല്‍ക്കത്ത തോല്‍ക്കാന്‍ കാരണം ബ്രാഡ് ഹോഡ്‌ജിന്റെ അവസാന ഓവര്‍ പ്രകടനമാണെന്നാണ് യൂസഫ് കരുതുന്നത്. രണ്ട് സിക്‌സറുകളും അത്രയും ബൗണ്ടറികളും ആ ഓവറില്‍ പിറന്നു. ലീ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളറാണ്. അദ്ദേഹമാണ് ആക്രമിക്കപ്പെട്ടത്. അതാണ് ഈ ക്രിക്കറ്റിന്റെ സ്വഭാവം.
മുംബൈ ഇന്ത്യന്‍സും ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സും ഐ.പി.എല്ലിലെ മികച്ച പ്രതിയോഗികളാണെന്നാണ് യൂസഫിന്റെ പക്ഷം. ഈ ടീമുകളില്‍ മികച്ച താരങ്ങളുണ്ട്. പക്ഷേ ഇവരുടെ പ്രകടനത്തിലും ആധികാരികത കാണാനാവില്ല. ലോകകപ്പില്‍ ഇന്ത്യന്‍ വിജയത്തില്‍ പങ്കാളിയാവാന്‍ കഴിഞ്ഞതിലും ബറോഡക്കാരന് നിറഞ്ഞ സന്തോഷം. 2007 ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന പ്രഥമ ടി-20 ലോകകപ്പിലും ഇപ്പോള്‍ സ്വന്തം തട്ടകത്ത് നടന്ന ഏകദിന ലോകകപ്പിലും കിരീടം സ്വന്തമാക്കിയ ടീമിന്റെ ഭാഗമാവാന്‍ കഴിഞ്ഞതാണ് അഭിമാനകരം. ടെസ്റ്റ് ടീമില്‍ ഇടം നേടാനും യൂസഫിന് കൊതിയുണ്ട്.
അനുജന്‍ ഇര്‍ഫാന്‍ ദേശീയ ടീമില്‍ മടങ്ങിയെത്തുമെന്ന കാര്യത്തില്‍ യൂസഫിന് സംശയങ്ങളില്ല. ഇര്‍ഫാന്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ മികച്ച ഓള്‍റൗണ്ടറാണ്. അദ്ദേഹത്തെ ഉപയോഗപ്പെടുത്തണം. ഇടക്കാലയളവില്‍ ഇര്‍ഫാന് ഫോം നിലനിര്‍ത്താന്‍ കഴിഞ്ഞിരുന്നില്ല. പക്ഷേ അതെല്ലാം താല്‍കാലികമാണ്. അദ്ദേഹത്തിന് തിരിച്ചുവരാന്‍ ഇനിയും ധാരാളം സമയമുണ്ട്. കേരളാ ക്രിക്കറ്റിലെ മികവും യൂസഫ് കാണാതിരിക്കുന്നില്ല. ശ്രീശാന്ത്‌് മികച്ച ബൗളറായി മാറിയിരിക്കുന്നു. അദ്ദേഹത്തിന്റെ പിന്‍ഗാമികളായാണ് ഇപ്പോള്‍ ഐ.പി.എല്‍ വഴി പ്രശാന്ത് പരമേശ്വരനും റൈഫി വിന്‍സന്റ്‌് ഗോമസും മാറുന്നത്. കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുന്ന പക്ഷം കേരളത്തിനും ദേശീയ ക്രിക്കറ്റിന്റെ മുന്‍നിരയിലെത്താനാവുമെന്നാണ് യൂസഫ് കരുതുന്നത്.
കൂറ്റനടികള്‍ക്ക് ഇര്‍ഫാനും
ഹൈദരാബാദ്: പവര്‍ ഹിറ്റിംഗിന്റെ ശക്തനായ വക്താവാണ് യൂസഫ് പത്താന്‍... പന്തിനെ പ്രഹരിച്ച് ഗ്യാലറിയിലെത്തിക്കും. ഇപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ അടിപൊളി ബാറ്റ്‌സ്‌മാന്‍ ആരാണെന്ന ചോദ്യത്തിന് വിരേന്ദര്‍ സേവാഗ് കഴിഞ്ഞാല്‍ എല്ലാവരുടെയും ഉത്തര യൂസഫാണ്. സഹോദരന്റെ വഴി തെരഞ്ഞെടുക്കാന്‍ പോവുകയാണ് ഇര്‍ഫാന്‍ പത്താന്‍. ടി-20 ക്രിക്കറ്റില്‍ യൂസഫിന്റെ ശൈലിയാണ് മികച്ചതെന്നും അദ്ദേഹം പായിക്കുന്ന ചില ഷോട്ടുകള്‍ അനിതരസാധാരണമാണെന്നും പറയുന്ന ഇര്‍ഫാന്‍ ഡല്‍ഹിക്കായി ഇനിയുള്ള മല്‍സരങ്ങളില്‍ പൊട്ടിത്തെറിക്കാനുള്ള ഒരുക്കത്തിലാണ്. മികച്ച ഓള്‍റൗണ്ടറെന്ന വിശേഷണവുമായി ഇന്ത്യന്‍ ക്രിക്കറ്റിലെത്തിയ ഇര്‍ഫാന് ഇത് വരെ ഐ.പി.എല്ലില്‍ വ്യക്തിഗത മികവില്‍ ടീമിനെ വിജയത്തിലെത്തിക്കാന്‍ കഴിഞ്ഞിട്ടില്ല. അതേ സമയം ഡക്കാനെതിരായ കഴിഞ്ഞ മല്‍സരത്തില്‍ കൂറ്റനടികള്‍ വഴി യൂസഫ് കളിയിലെ കേമന്‍ പട്ടത്തിനൊപ്പം ടീമിനെ വിജയിപ്പിക്കുകയും ചെയ്‌തു. ടീമിനെ വിജയിപ്പിക്കാനുളള വ്യക്തിഗത മികവ് തനിക്കുണ്ടെന്ന് തെളിയിക്കുകയാണ് പ്രധാനമെന്ന് ഇര്‍ഫാന്‍ പറയുന്നു. അതിനുളള അവസരങ്ങള്‍ ഇനിയുമുണ്ട്. അഞ്ച് മല്‍സരങ്ങള്‍ ലീഗില്‍ ഡല്‍ഹിക്ക് കളിക്കാനുണ്ട്. ഈ മല്‍സരങ്ങള്‍ക്കായി കാത്തിരിക്കാനാണ് അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥന.
വോണ്‍ വിരമിക്കുന്നു
ജയ്‌പ്പൂര്‍: രാജസ്ഥാന്‍ റോയല്‍സിന്റെ ഇതിഹാസ നായകന്‍ ഷെയിന്‍ വോണിനെ അടുത്ത സീസണില്‍ നീല കുപ്പായത്തില്‍ കാണില്ല. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ ഇത് തന്റെ അവസാന സീസണാണെന്ന് ഇന്നലെ ട്വിറ്റര്‍ വഴി വോണ്‍ ആരാധകരെ അറിയിച്ചു. പരിശീലകനായും ടീമിന്റെ ഉപദേശകനായോ തുടര്‍ന്നേക്കാം. കളിക്കാരന്‍ എന്ന നിലയില്‍ ഇനിയുണ്ടാവില്ല. ഐ.പി.എല്‍ പോയന്റ്‌് ടേബിളില്‍ റോയല്‍സ് ഇപ്പോള്‍ അല്‍പ്പം പിറകിലാണ്. അവസാന നാലിലെ സ്ഥാനം നിലനിര്‍ത്താന്‍ ഇനിയും തോല്‍ക്കരുത്. ടീമിന്റെ ഇനിയുള്ള എല്ലാ മല്‍സരങ്ങളിലും എല്ലാവരുടെയും പിന്തുണ ട്വിറ്ററില്‍ തേടിയാണ് തന്റെ വിടവാങ്ങല്‍ അറിയിച്ച് ഓസ്‌ട്രേലിയക്കാരന്‍ നല്‍കിയത്.
ഐ.പി.എല്ലിന്റെ ആദ്യ സീസണില്‍ എല്ലാവരെയും അല്‍ഭുതപ്പെടുത്തി കിരീടം സ്വന്തമാക്കിയ രാജസ്ഥാന്‍ റോയല്‍സിന്റെ നായകനായിട്ടാണ് വോണ്‍ അരങ്ങേറിയത്. വമ്പന്‍ ടീമുകളെയും താരങ്ങളെയും മറിച്ചിട്ടാണ് അന്ന് വോണും സംഘവും വിജയശ്രീലാളിതരായത്. ഷെയിന്‍ വാട്ട്‌സണ്‍, യൂസഫ് പത്താന്‍, തന്‍വീര്‍ സുഹൈല്‍ തുടങ്ങിയ താരനിരയെയും ഉപയോഗിച്ചുള്ള വോണിന്റെ തേരോട്ടത്തില്‍ വമ്പന്മാരെല്ലാം തകര്‍ന്നടിഞ്ഞു. പക്ഷേ അടുത്ത രണ്ട്‌് സീസണില്‍ ടീ നിറം മടങ്ങി. വോണ്‍ തന്നെയായിരുന്നു നായകന്‍. ഇത്തവണയും ആധികാരികത സമ്പൂര്‍ണ്ണമായി പ്രകടിപ്പിക്കാന്‍ ടീമിനായില്ല. എങ്കിലും മുന്‍നിരയില്‍ ടീമിനെ നിലനിര്‍ത്തുന്നത് വോണാണ്. വലിയ താരങ്ങള്‍ ടീമില്ലില്ല. വാട്ട്‌സണും ഷോണ്‍ ടെയിറ്റും റോസ് ടെയ്‌ലറും രാഹുല്‍ ദ്രാവിഡും മാത്രമാണ് വലിയ താരങ്ങള്‍. 52 മല്‍സരങ്ങളാണ് ഇതിനകം വോണ്‍ ഐ.പി.എല്ലില്‍ കളിച്ചത്. 56 വിക്കറ്റും അദ്ദേഹത്തിന്റെ പേരിലുണ്ട്. ഇനിയുള്ള മല്‍സരങ്ങളില്‍ ടീം മികവ് പ്രകടിപ്പിച്ചാല്‍ തീര്‍ച്ചയായും മുന്നേറാനാവുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ആദ്യ ഐ.പി.എല്ലില്‍ കിരീടം സ്വന്തമാക്കാനായി. ഇത്തവണയും കപ്പ് സ്വന്തമാക്കി വിടവാങ്ങാന്‍ കഴിഞ്ഞാല്‍ അത് വലിയ നേട്ടമായിരിക്കുമെന്നാണ് വോണ്‍ പറയുന്നത്.
വോണിന് കിരീടം സമ്മാനിക്കാനാണ് ടീം ആഗ്രഹിക്കുന്നതെന്ന് ഓള്‍റൗണ്ടര്‍ വാട്ട്‌സണ്‍ പറഞ്ഞു. നാല്‍പ്പത് വയസ്സ് കഴിഞ്ഞിട്ടും അസാമാന്യ മികവിലാണ് അദ്ദേഹം ബൗള്‍ ചെയ്യുന്നതും ടീമിനെ നയിക്കുന്നതും. കപ്പ് നേടാനായാല്‍ അതില്‍പ്പരം മികച്ച യാത്രയയപ്പ് അദ്ദേഹത്തിന് നല്‍കാനില്ലെന്നും വാട്ട്‌സണ്‍ പറഞ്ഞു. വോണ്‍ ടീമിന്റെ അമരത്ത് നിന്ന് മാറുന്നത് കനത്ത ആഘാതമാണെന്ന് ടീമിന്റെ ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ രഘു അയ്യര്‍ പറഞ്ഞു.
കേരളം ഇന്നിറങ്ങുന്നു
ഗോഹട്ടി: അറുപതിനാലാമത് സന്തോഷ് ട്രോഫി ദേശീയ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം ദിവസമായ ഇന്ന് മുന്‍ ചാമ്പ്യന്മാരായ കേരളം പന്ത് തട്ടുന്നു. ഉച്ചതിരിഞ്ഞ് മൂന്നിന് നടക്കുന്ന ക്ലസ്‌റ്റര്‍ നാല് പോരാട്ടത്തില്‍ പ്രതിയോഗികള്‍ ജമ്മു കാശ്‌മീരാണ്. താര്‍ഖണ്ഡ്, ചണ്ടിഗര്‍ എന്നീ ദുര്‍ബലരാണ് ക്ലസ്‌റ്ററില്‍ കേരളത്തിന്റെ മറ്റ് പ്രതിയോഗികള്‍. എല്ലാ മല്‍സരത്തിലും വന്‍ വിജയം നേടി പ്രാഥമിക റൗണ്ട് പിന്നിടുകയെന്നതാണ് കേരളാ ടീം ലക്ഷ്യമാക്കുന്നത്. ഇത്തവണ വമ്പന്‍ താരങ്ങള്‍ ആരുമില്ലാതെയാണ് ബിജേഷ് ബെനും സംഘവും ഇറങ്ങുന്നത്. യുവനിരയുടെ മികവില്‍ ജയിച്ചുകയറാനാവുമെന്നാണ് പ്രതീക്ഷയെന്ന് നായകന്‍ സ്‌പോര്‍ട്‌സ് ചന്ദ്രികയുമായി ടെലഫോണില്‍ സംസാരിക്കവെ അഭിപ്രായപ്പെട്ടു. ദീര്‍ഘ യാത്രക്ക് ശേഷം ഇന്നലെയാണ് ടീം പരിശീലനത്തിനിറങ്ങിയത്. കാലാവസ്ഥയുമായി പെരുത്തപ്പെടണം. കശ്‌മീര്‍ സംഘത്തില്‍ അമേച്വര്‍ താരങ്ങള്‍ മാത്രമാണെങ്കിലും നല്ല തുടക്കത്തിന് കൂടുതല്‍ ഗോളുകല്‍ വേണെന്നാണ് നായകന്റെ നിലപാട്.
അനുഭവ സമ്പന്നരായ താരങ്ങള്‍ പിന്‍നിരയിലും മധ്യനിരയിലുമുണ്ട്. ജോബി ജോസഫായിരിക്കു ഗോള്‍ വല കാക്കുക. നവാസ്, സജിത്, ശരത്, സതീഷ് തുടങ്ങിയവരാണ് പിന്‍നിരയില്‍. ഉസ്‌മാന്‍, ഫിറോസ് തുടങ്ങിയവര്‍ മുന്‍നിരയിലെ തുരുപ്പു ചീട്ടുകളാണ്.
പ്രദീപിന് ഷോക്കോസ്
ന്യൂഡല്‍ഹി: ഇന്ത്യന്‍ താരം എന്‍.പി പ്രദീപിന് അഖിലേന്ത്യാ ഫുട്‌്‌ബോള്‍ ഫെഡറേഷന്‍ ഷോക്കോസ് നോട്ടീസയച്ചു. ഫേസ് ബുക്കില്‍ ഫെഡറേഷനെതിരെ പ്രതികരിച്ചതിന്റെ പേരിലാണ് നോട്ടീസ്. ഈ മാസം 11 കം ഷോക്കോസിന് മറുപടി നല്‍കണം. 16ന് ഫെഡറേഷന്‍ മുമ്പാകെ നേരിട്ട് ഹാജരാവുകയും വേണം.
നെഹ്‌റു സ്റ്റേഡിയം ഇനി എന്ത്
കൊച്ചി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കൊച്ചിന്‍ ടസ്‌ക്കേഴ്‌സിന്റെ കൊച്ചി ഹോം മല്‍സരങ്ങള്‍ അവസാനിച്ചതോടെ കലൂരിലെ നെഹ്‌റു സ്‌റ്റേഡിയം അനാഥമാവുന്നു... ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന പരമ്പരയിലെ മഴയില്‍ മുടങ്ങിയ മല്‍സരവും പിന്നെ ഐ.പി.എല്‍ ഒരുക്കങ്ങളുമായി ഇത് വരെ ബഹളത്തിന്റെ നടുവിലായിരുന്നു സംസ്ഥാനത്തെ മികച്ച സ്‌റ്റേഡിയം. ഐ.പി.എല്‍ മല്‍സരങ്ങളുടെ കാര്യത്തില്‍ സ്‌റ്റേഡിയത്തിന്റെ ഉടമകളായ കൊച്ചിന്‍ കോര്‍പ്പറേഷനും ഗ്രേറ്റര്‍ കൊച്ചിന്‍ ഡവലപ്‌മെന്റ്‌് അതോരിറ്റിയും കേരളാ ക്രിക്കറ്റ് അസോസിയേയഷനുമായി ചെറുതായി പിണങ്ങിയെങ്കിലും ഐ.പി.എല്‍ മല്‍സരങ്ങളിലുടെ കൊച്ചിയും നെഹ്‌റു സ്‌റ്റേഡിയവും ക്രിക്കറ്റ് ചര്‍ച്ചകളില്‍ മുന്‍പന്തിയില്‍ വന്നിരുന്നു. തല്‍ക്കാലം നെഹ്‌റു സ്‌റ്റേഡിയത്തില്‍ ഈ സീസണില്‍ ഇനി പ്ലാന്‍ ചെയ്‌ത മല്‍സരങ്ങളൊന്നുമില്ല. രാജ്യത്ത് കളിമുറ്റങ്ങള്‍ അനാഥമാവുന്നത് പോലെ നെഹ്‌റു സ്‌റ്റേഡിയത്തിലും ആളനക്കമുണ്ടാവില്ല. കൊച്ചിക്ക് ഇനി നാല് മല്‍സരങ്ങള്‍ കളിക്കാനുണ്ട്. ഇതില്‍ രണ്ട് ഹോം മല്‍സരങ്ങള്‍ ഇന്‍ഡോറിലാണ് നടക്കുന്നത്.
ടസ്‌ക്കേഴ്‌സിന്റെ എല്ലാ ഹോം മല്‍സരങ്ങളും നെഹ്‌റു സ്‌റ്റേഡിയത്തില്‍ തന്നെ ലഭിച്ചിരുന്നെങ്കില്‍ ടീമിന്റെ സാധ്യതകള്‍ കൂടുതലായിരുന്നു. കഴിഞ്ഞ ദിവസം കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സിനെ കൊച്ചി പരാജയപ്പെടുത്തിയത് കാണികള്‍ നല്‍കിയ നിര്‍ലോഭ പിന്തുണയിലായിരുന്നു. ഇവിടെ നടന്ന മല്‍സരങ്ങളില്‍ ഏറ്റവുമധികം കാണികളെത്തിയത് കൊല്‍ക്കത്തക്കെതിരായ മല്‍സരത്തിലായിരുന്നു. മൂന്ന് കേരളാ താരങ്ങള്‍ കളിച്ച പോരാട്ടത്തില്‍ സ്വന്തം താരങ്ങളെ മാത്രമല്ല യൂസഫ് പത്താനെ പോലുള്ള കൂറ്റനടിക്കാരെയും കാണികള്‍ പ്രോല്‍സാഹിപ്പിച്ചു. കൊല്‍ക്കത്താ ടീം ഉടമ ഷാറുഖ് ഖാനും നിറഞ്ഞ പിന്തുണയായിരുന്നു.
ബംഗളൂരു: ഒമ്പത് സിക്‌സറുകള്‍-അതില്‍ ഏഴും ഗ്യാലറിക്ക് പുറത്ത്... ആര്‍ക്കെങ്കിലും കഴിയുമോ പന്തിനെ ഇങ്ങനെ പറപ്പിക്കാന്‍. അതാണ് ക്രിസ് ഗെയില്‍... വിന്‍ഡീസുകാരന് ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ തിമിര്‍ത്താടിയപ്പോള്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബ് വട്ടപൂജ്യമായി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പോരാട്ടത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ബാംഗ്ലൂര്‍ സംഘം ക്രിസ് ഗെയിലിന്റെ വെടിക്കെട്ട് സെഞ്ച്വറിയില്‍ 205 റണ്‍സ് നേടിയപ്പോള്‍ തന്നെ ചിത്രം വ്യക്തമായിരുന്നു. മറുപടിക്ക് കരുത്തനായി പഞ്ചാബ് സംഘത്തിലുണ്ടായിരുന്ന അവരുടെ നായകന്‍ ആദം ഗില്‍ക്രൈസ്‌റ്റ് നേരിട്ട ആദ്യ പന്തില്‍ തന്നെ റണ്ണൗട്ടായതോടെ മല്‍സരം ഏകപക്ഷീയമായി. പോള്‍ വല്‍ത്താട്ടിയെന്ന യുവതാരത്തിന്റെ ഇന്നിംഗ്‌സ് 16 പന്തില്‍ 21 റണ്‍സില്‍ അവസാനിച്ചു. ഷോണ്‍ മാര്‍ഷ് നാലിനും ദിനേശ് കാര്‍ത്തിക് 20 ലും സണ്ണി സിംഗ് നാലിലും പുറത്തായപ്പോള്‍ എല്ലാം പെട്ടെന്ന് അവസാനിച്ചു.
മിന്നുന്ന ഫോമിലായിരുന്നു ഗെയില്‍. 49 പന്തില്‍ 107 റണ്‍സ്. ബാംഗ്ലൂര്‍ ഇന്നിംഗ്‌സില്‍ മറ്റാര്‍ക്കും കാര്യമായ സംഭാവന നല്‍കേണ്ടി വന്നില്ല. ദില്‍ഷാന്‍ 16 ലും വിരാത് കോഹ്‌ലി 27 ലും പുറത്തായി. എബി ഡി വില്ലിയേഴ്‌സ് പുറത്താവാതെ 27 റണ്‍സ് നേടി.
തട്ടുതകര്‍പ്പന്‍ സെഞ്ച്വറിയുടെ നിറവില്‍ ക്രിസ് ഗെയില്‍ ചിരിച്ചുല്ലസിച്ചപ്പോള്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment