Saturday, May 7, 2011

GOING STRONG




ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ക്രിക്കറ്റില്‍ പോരാട്ടങ്ങള്‍ അന്തിമഘട്ടത്തിലേക്ക്‌ നീങ്ങുമ്പോള്‍ അവസാന നാലില്‍ ഇടം നേടാന്‍ എല്ലാവര്‍ക്കും ഇനിയുള്ള മല്‍സരങ്ങളില്‍ പിടിമുറുക്കണം. മുംബൈ ഇന്ത്യന്‍സും കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സും ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സും രാജസ്ഥാന്‍ റോയല്‍സുമാണ്‌ ഇപ്പോള്‍ ആദ്യ നാലില്‍. ടസ്‌ക്കേഴ്‌സ്‌ കൊച്ചിയും ഡല്‍ഹി ഡെയര്‍ഡെവിള്‍സും തൊട്ട്‌ പിറകില്‍ നില്‍ക്കുന്നു. ഡെക്കാന്‍ ചാര്‍ജേഴ്‌സിനെയും തള്ളാന്‍ സമയമായിട്ടില്ല. കിംഗ്‌സ്‌ ഇലവന്‍ പഞ്ചാബും പൂനെ വാരിയേഴ്‌സും മാത്രമാണ്‌ സാധ്യതയില്ലാത്തവര്‍. കപ്പിലേക്കുള്ള ദൂരം കുറഞ്ഞ്‌ വരവെ വിവിധ ടീമുകളിലെ പ്രമുഖര്‍ സ്‌പോര്‍ട്‌സ്‌ ചന്ദ്രികയുമായി സംസാരിക്കുന്നു. ഇന്ന്‌ കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സ്‌ ഓള്‍റൗണ്ടര്‍ യൂസഫ്‌ പത്താന്‍. കൊച്ചിയിലെ മല്‍സരത്തിന്‌ ശേഷം ഹോട്ടല്‍ ലാ മെറീഡിയനില്‍ വെച്ച്‌ യൂസഫ്‌ ചന്ദ്രിക ന്യൂസ്‌ എഡിറ്റര്‍ കമാല്‍ വരദൂരുമായി സംസാരിച്ചതില്‍ നിന്ന്‌:
ഫൈനല്‍ ആരൊക്കെ തമ്മിലായിരിക്കും
= പ്രവചിക്കാന്‍ പ്രയാസം. എങ്കിലും ഞാന്‍ പറയും കൊല്‍ക്കത്ത ചാമ്പ്യന്മാരാവുമെന്ന്‌. അവസാന പ്രതിയോഗികള്‍ മുംബൈയായിരിക്കും. പക്ഷേ അത്‌ എന്റെ ടീമിനോടുളള സ്‌നേഹം കൊണ്ടാണ്‌. മുംബൈ ഇന്ത്യന്‍സ്‌ വളരെ നന്നായി കളിച്ചവരാണ്‌. അവര്‍ കപ്പടിക്കുമെന്ന്‌ പറയാന്‍ കഴിയില്ല. പക്ഷേ ഒന്നുണ്ട്‌-സച്ചിനും സൈമണ്ട്‌സും പൊലാര്‍ഡും മാലിംഗയും റായിഡുവുമെല്ലാമായി വലിയ താരനിര അവര്‍ക്കുണ്ട്‌. ഹര്‍ഭജനെ പോലുള്ള സ്‌പിന്നര്‍മാരുടെ സാന്നിദ്ധ്യം ക്യാപ്‌റ്റന്‌ നല്‍കുന്ന ആത്മവിശ്വാസം ചെറുതായിരിക്കില്ല. കൊല്‍ക്കത്താ ടീം നന്നായി കളിക്കുന്നുണ്ട്‌. നല്ല മാച്ച്‌ വിന്നര്‍മാര്‍ ടീമിലുണ്ട്‌. ജാക്‌ കാലിസ്‌, ബ്രെട്ട്‌ ലീ, ഗൗതം ഗാംഭീര്‍ തുടങ്ങിയവര്‍ സ്വന്തം പ്രകടനത്തില്‍ മാത്രം കളിയെ സ്വാധീനിക്കാന്‍ ശേഷിയുള്ളവരാണ്‌. കൊല്‍ക്കത്തയുടെ ബൗളിംഗ്‌, ബാറ്റിംഗ്‌ നിര പരിശോധിച്ചാല്‍ ഒരു മല്‍സരത്തിലും തോല്‍ക്കേണ്ടവരല്ല. പക്ഷേ ഈ കളിയില്‍ ചിലപ്പോള്‍ പിഴക്കുന്നു. ചില മല്‍സരങ്ങളില്‍ ടീമിന്റെ തോല്‍വി നിര്‍ഭാഗ്യകരമായിരുന്നു.
കൊല്‍ക്കത്തയുടെ പ്ലസ്‌ പോയന്റുകള്‍ എന്തെല്ലാമാണ്‌
= നായകന്‍ ഗൗതം ഗാംഭീര്‍. ന്യൂസിലാന്‍ഡിനെതിരായ പരമ്പരയിലൂടെയാണ്‌ ഞാന്‍ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയത്‌. അന്ന്‌ നായകന്‍ ഗാംഭീറായിരുന്നു. എല്ലാവരെയും ബഹുമാനിക്കുന്ന, ചൂഷണം ചെയ്യുന്ന നായകനാണ്‌ ഗൗതം. അദ്ദേഹം സ്വന്തം പ്രകടനത്തിലൂടെ ടീമിനെ മുന്നില്‍ നിന്ന്‌ നയിക്കുന്നു. കൊച്ചിക്കെതിരായ മല്‍സരത്തില്‍ മാത്രമാണ്‌ പരാജയപ്പെട്ടത്‌.
രാജസ്ഥാന്‍ റോയല്‍സില്‍ നിന്ന്‌ കൊല്‍ക്കത്തയിലേക്ക്‌ വന്നപ്പോഴുള്ള മാറ്റം
= ഷെയിന്‍ വോണ്‍ എന്ന നായകനായിരുന്നു റോയല്‍സിലെ അല്‍ഭുതം. വോണില്‍ നിന്ന്‌ ധാരാളം പഠിക്കാനായി. ആദ്യ സീസണില്‍ കപ്പ്‌ സ്വന്തമാക്കാനായത്‌ വലിയ നേട്ടമായിരുന്നു. വോണ്‍ ഒരു സ്‌പിന്നറായതിനാല്‍ അദ്ദേഹത്തിന്റെ ടിപ്പുകള്‍ ഫലപ്രദമായിരുന്നു. മൂന്ന്‌ സീസണ്‍ അവിടെ കളിച്ചു. കൊല്‍ക്കത്തയിലേക്ക്‌ വന്നപ്പോള്‍ ഇവിടെ അക്രം ഭായിയെ പോലുള്ളവര്‍. ഡേവ്‌ വാട്ട്‌മോറിനെ പോലെ കരുത്തരായ പരിശീലകര്‍. നല്ല താരങ്ങള്‍. എന്റെ പ്രകടനത്തില്‍ പൂര്‍ണ്ണ സംതൃപ്‌തിയിയാട്ടില്ല. ഓള്‍റൗണ്ടര്‍ എന്ന വിശേഷണത്തോട്‌ താല്‍പ്പര്യമില്ല. ഞാന്‍ ബാറ്റ്‌സ്‌മാനാണ്‌. ചിലപ്പോള്‍ പന്തെറിയുന്നു. കുറച്ച്‌ സമയം ബാറ്റ്‌ ചെയ്യാന്‍ ലഭിക്കണം. എങ്കില്‍ മികവ്‌ പ്രകടിപ്പിക്കാന്‍ കഴിയും.

No comments: