Wednesday, May 11, 2011
ENGLISH THREAT
ലണ്ടന്‍: ഫിഫക്ക് ബ്രിട്ടന്റെ ഭീഷണി. കൈക്കൂലി, അഴിമതിയാരോപണങ്ങളില്‍ സത്വരമായ അന്വേഷണവും നടപടികളും സ്വീകരിക്കാത്തപക്ഷം നിര്‍ണ്ണായക തീരുമാനങ്ങള്‍ക്ക് ബ്രിട്ടന്‍ നിര്‍ബന്ധിതരാവുമെന്ന് വ്യക്തമാക്കിയിരിക്കുന്നു രാജ്യത്തെ സ്‌പോര്‍ട്‌സ് മന്ത്രി ഹഗ് റോബര്‍ട്‌സണ്‍. 2018 ലെ ലോകകപ്പ് വേദി ലഭിക്കുന്നത് സംബന്ധിച്ചുയര്‍ന്ന കൈക്കൂലി വിവാദത്തില്‍ ഇത് വരെ കര്‍ക്കശ നടപടി ലോക ഫുട്‌ബോളിനെ ഭരിക്കുന്ന ഫിഫ സ്വീകരിച്ചിട്ടില്ലെന്നാണ് റോബര്‍ട്‌സന്റെ പരാതിയുടെയും മുന്നറിയിപ്പിന്റെയും ആധാരം.
2018 ലെ ലോകകപ്പിന് ആതിഥേയത്വം വഹിക്കാന്‍ ഇംഗ്ലണ്ട് ശക്തമായി രംഗത്തുണ്ടായിരുന്നു. എന്നാല്‍ അവസാന നിമിഷം ഡേവിഡ് ബെക്കാമിനെ പോലുളളവരുടെ പിന്‍ബലത്തിലും ബ്രിട്ടനെ മറികടന്ന് റഷ്യ ടിക്കറ്റ് നേടിയത് അന്ന് ആതിഥേയത്വം ശ്രമങ്ങള്‍ക്ക് മുന്നില്‍ നിന്നിരുന്ന റോബര്‍ട്‌സണ് ആഘാതമായിരുന്നു. ഫിഫ എക്‌സിക്യൂട്ടീവ് സമിതിയിലെ നാല് അംഗങ്ങള്‍ കൈക്കൂലി ചോദിച്ചത് വന്‍ വിവാദമായിട്ടും യാതൊരു നടപടിയും പിന്നീട് വന്നില്ല എന്ന പരാതി റോബര്‍ട്ട്‌സണ്‍ ആവര്‍ത്തിച്ചു.
ഇംഗ്ലണ്ടുകാര്‍ ഏറെ മോഹിച്ചിരുന്നു 2018 ലെ ലോകകപ്പ്. ദീര്‍ഘകാലമായി ലോകകപ്പിന് കൊതിക്കുന്ന രാജ്യത്തിന് വലിയ പ്രതീക്ഷകളുമുണ്ടായിരുന്നു. ഇംഗ്ലീഷ് ഫുട്‌ബോള്‍ അസോസിയേഷന്റെ മുന്‍ പ്രസിഡണ്ട് ലോര്‍ഡ് ട്രൈസ്‌മാന്‍ ചെയര്‍മാനായ ബിഡ് കമ്മിറ്റി എല്ലാ തലത്തില്‍ പ്രവര്‍ത്തിച്ചിട്ടും വിജയിക്കാതിരുന്നതിനെ തുടര്‍ന്ന് സംഭവത്തില്‍ ഇംഗ്ലണ്ട് പാര്‍ലമെന്ററി അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഈ അന്വേഷണത്തില്‍ ബ്രിട്ടന്റെ പരാജയത്തിന് കാരണം ഫിഫ എക്‌സിക്യൂട്ടീവ് സമിതിയിലെ നാല് പേര്‍-വൈസ് പ്രസിഡണ്ട് ജാക് വാര്‍നര്‍, പരാഗ്വേയില്‍ നിന്നുള്ള നിക്കോളാസ് ലിയോസ്, ബ്രസീലുകാരന്‍ റിക്കാര്‍ഡോ ടെക്‌സേര, തായ്‌ലാന്‍ഡുകാരന്‍ വോര്‍ഡവി മകൂദി എന്നിവര്‍ കൈക്കൂലി ചോദിച്ചത് കൊണ്ടാണെന്ന് ട്രൈസ്‌മാന്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ ഇത് വരെ സത്യസന്ധമായ ഒരന്വേഷണത്തിന് ഫിഫ തലവന്‍ സെപ് ബ്ലാറ്റര്‍ മുതിര്‍ന്നില്ല എന്നതാണ് ബ്രിട്ടന്റെ പുതിയ പരാതി.
ലോകത്തെ ഏറ്റവും വലിയ കായിക സംഘടനായ രാജ്യാന്തര ഒളിംപിക് കമ്മിറ്റി ഉള്‍പ്പെടെയുള്ളവര്‍ കൈക്കൂലിയും അഴിമതിയും ഇല്ലാതാക്കാന്‍ നടപടികള്‍ സ്വീകരിച്ചപ്പോള്‍ ഫിഫ പോലുള്ള സംഘടന ഈ തലത്തില്‍ പിറകില്‍ നില്‍ക്കരുതെന്നാണ് ബ്രിട്ടന്റെ ആവശ്യം. കൈക്കൂലി ചോദിച്ചവരുടെ പേരുകള്‍ വ്യക്തമാക്കിയിട്ടും നടപടിയുണ്ടാവാത്തത് നിര്‍ഭാഗ്യകരമാണ്. സാള്‍ട്ട്‌ലെക്ക് സിറ്റിയിലെ ശൈത്യകാല ഒളിംപിക്‌സ് സംബന്ധിച്ച് കൈക്കൂലി വിവാദമുയര്‍ന്നപ്പോള്‍ രാജ്യാന്തര ഒളിംപിക് കമ്മിറ്റി കര്‍ക്കശ നടപടികള്‍ സ്വീകരിച്ചു. ആ പാത ഫിഫ സ്വീകരിക്കണമെന്ന് ഫിഫ നിര്‍ദ്ദേശിക്കുന്നു.
ഗോഹട്ടി: സമ്മര്‍ദ്ദ പോരാട്ടത്തില്‍ മുന്‍നിരക്കാരന്‍ ഫിറോസ് കസറിയപ്പോള്‍ കേരളത്തിന് സന്തോഷ് ട്രോഫി ദേശീയ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ തകര്‍പ്പന്‍ വിജയം. നിര്‍ണ്ണായകമായ അവസാന ക്ലസ്റ്റര്‍ പോരാട്ടത്തില്‍ താര്‍ഖണ്ഡിനെ മൂന്ന് ഗോളിന് തോല്‍പ്പിച്ച് കേരളം പ്രി ക്വാര്‍ട്ടര്‍ ടിക്കറ്റ് സ്വന്തമാക്കി. മൂന്ന് ഗോളുകളും സ്വന്തമാക്കിയത് ഫിറോസ്. ആദ്യ പകുതിയില്‍ ഒരു ഗോളിന് മുന്നിട്ട് നിന്ന മുന്‍ ചാമ്പ്യന്മാര്‍ ദയ കാണിക്കാത്ത പ്രകടനവുമായി രണ്ടം പകുതിയിലും കളം വാണു. ക്ലസ്‌റ്റര്‍ നാലിലെ ആദ്യ മല്‍സരത്തില്‍ ജമ്മു കാശ്‌മീരിനെ അഞ്ച് ഗോളിന് പരാജയപ്പെടുത്തിയ കേരളത്തിന് രണ്ടാം മല്‍സരത്തില്‍ ചണ്ഡിഗറിനെതിരെ വിജയിക്കാനായിരുന്നില്ല. ഇത് കാരണം അവസാന പോരാട്ടത്തില്‍ വിജയം നിര്‍ബന്ധമായി. ഇന്നലെ വൈകീട്ട് നടന്ന മല്‍സരത്തില്‍ തുടക്കത്തില്‍ കേരളം പതറിയിരുന്നു. ചണിഡര്‍ സ്വീകരിച്ച നെഗറ്റീവ് ഫുട്‌ബോളിലേക്ക് താര്‍ഖണ്ഡും പ്രവേശിച്ചെങ്കിലും മുന്‍നിരക്കാര്‍ ആക്രമണം ശക്തമാക്കി കരുത്ത് തെളിയിച്ചു. മികച്ച പ്രകടനം തന്നെയാണ് ടീമിനെ തുണച്ചതെന്ന് മല്‍സരത്തിന് ശേഷം സംസാരിക്കവെ നായകന്‍ ബിജേഷ് ബെന്‍ പറഞ്ഞു.
ജയ്‌പ്പൂര്‍: രാഹുല്‍ ദ്രാവിഡ് എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റിന് വന്‍ മതില്‍... സാങ്കേതിക തികവില്‍ എല്ലാവരെയും തോല്‍പ്പിക്കുന്ന കരുത്തനായ മിസ്റ്റര്‍ കൂള്‍. ടെസ്റ്റ് ക്രിക്കറ്റിന്റെ ക്ലാസിക് സൗന്ദര്യത്തിന്റെ സുന്ദരമായ മുഖം. ക്രിക്കറ്റിന് കൈവന്ന കാലോചിത മാറ്റത്തില്‍ അതിജീവനത്തിന് പ്രയാസപ്പെട്ടവരില്‍ ദ്രാവിഡുണ്ടായിരുന്നു. ടി-20 ക്രിക്കറ്റിന്റെ രംഗ പ്രവേശത്തോടെ മുഖ്യധാരയില്‍ നിന്ന് ദ്രാവിഡ് അകന്നു. പക്ഷേ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിന്റെ തുടക്കം മുതല്‍ അദ്ദേഹം ബാംഗ്ലൂര്‍ റോയല്‍സ് സംഘത്തിലുണ്ടായിരുന്നു. ഇത്തവണ ഷെയിന്‍ വോണിന്റെ രാജസ്ഥാന്‍ റോയല്‍സ് നിരയില്‍ അവരുടെ നീല കുപ്പായത്തില്‍ ഓപ്പണറായും വണ്‍ ഡൗണ്ടായും അടിച്ചു തകര്‍ക്കുന്നു. സിക്‌സറുകളും ബൗണ്ടറികളുമായി റണ്‍വേട്ടയുടെ അതിവേഗതയിലേക്ക് പ്രവേശിക്കാന്‍ തനിക്കാവുമെന്ന് തെളിയിച്ച ദ്രാവിഡ് സംസാര പ്രിയനല്ല. പക്ഷേ ഇത്തവണ രാജസ്ഥാന്‍ മുന്നേറുമെന്ന് തന്നെ അദ്ദേഹം പറയുന്നു.
രാജസ്ഥാന്‍ റോയല്‍സ് അവസാന നാലിലേക്ക് വരുമോ
ഇനിയും മല്‍സരങ്ങളുണ്ട്. സാധ്യതകളും നിലനില്‍ക്കുന്നു. നന്നായി കളിക്കണം. ഇപ്പോള്‍ ആരുടെയും നില ഭദ്രമല്ല. അവിടെയാണ് റോയല്‍സിന് പ്രതീക്ഷ. ചില മല്‍സരങ്ങളില്‍ ടീം പ്രതീക്ഷിച്ച തരത്തില്‍ ഉയര്‍ന്നില്ല. ബൗളിംഗിലെ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നു.
വോണ്‍ എന്ന നായകന്‍
അല്‍ഭുതപ്പെടുത്തുന്നു എല്ലാവരെയും. നാല്‍പ്പത് വയസ്സ് കഴിഞ്ഞെന്ന് തോന്നില്ല വോണിന്. അദ്ദേഹമാണ് ഞങ്ങളെ പോലുള്ള സീനിയര്‍ താരങ്ങള്‍ക്ക് ഊര്‍ജ്ജം. ടീമിനെ നയിക്കുമ്പോഴും ബൗള്‍ ചെയ്യുമ്പോഴും വോണ്‍ പ്രകടിപ്പിക്കുന്ന കരുത്ത് അപാരമാണ്. എല്ലാവരിലും പോസീറ്റിവ് എനര്‍ജി നിറക്കാന്‍ മിടുക്കന്‍.
ആരാവും ചാമ്പ്യന്മാര്‍
ഇത് വരെയുള്ള പ്രകടനങ്ങള്‍ മുഖവിലക്കെടുത്ത് പ്രവചിക്കുക പ്രയാസം. മുംബൈ ഇന്ത്യന്‍സ് നന്നായി കളിച്ചിരുന്നു. പക്ഷേ കഴിഞ്ഞ മല്‍സരത്തിലവര്‍ പഞ്ചാബ് കിംഗ്‌സിനോട് പരാജയപ്പെടുവെന്ന് മാത്രമല്ല ആകെ പതറി. ആരും ജയിക്കുന്ന ആരും പരാജയപ്പെടുന്ന ചാമ്പ്യന്‍ഷിപ്പാണിത്.
ഗാംഗൂലിയുടെ തിരിച്ചുവരവ്
നന്നായി കളിച്ചല്ലോ സൗരവ്. ഞാന്‍ കണ്ടില്ല. പക്ഷേ കൂറെ കാലത്തിന് ശേഷമുള്ള തിരിച്ചുവരവില്‍ അദ്ദേഹം പിടിച്ചുനിന്നു. സൗരവിന് അത് കഴിയും.
ചെന്നൈ: അവസാന നാലില്‍ സ്ഥാനം ഉറപ്പിക്കാന്‍ മഹേന്ദ്രസിംഗ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഇന്ന് വിരേന്ദര്‍ സേവാഗില്ലാത്ത, ജെയിംസ് ഹോപ്‌സിന്റെ ഡല്‍ഹി ചെകുത്താന്മാരുമായി കളിക്കുന്നു. സ്വന്തം തട്ടകത്ത് നടക്കുന്ന മല്‍സരത്തില്‍ തകര്‍പ്പന്‍ വിജയവും അത് വഴി ടേബിളില്‍ മുംബൈക്കൊപ്പം ഒന്നാം സ്ഥാനവുമായി ടീമിന്റെ ലക്ഷ്യം. കഴിഞ്ഞ മല്‍സരത്തല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മുംബൈ ഇന്ത്യന്‍സ് പഞ്ചാബ് കിംഗ്‌സിന് മുന്നില്‍ പരാജയപ്പെട്ടത് മുന്നില്‍ കുതിക്കാന്‍ ചെന്നൈക്ക് അവസരം നല്‍കിയിട്ടുണ്ട്. പതിനൊന്ന് മല്‍സരങ്ങളാണ് ഇതിനകം രണ്ട് ടീമുകളും കളിച്ചത്. പതിനാറ് പോയന്റുണ്ട് മുംബൈക്ക്. ചെന്നൈക്ക് പതിനാലും. അത്രയു മല്‍സരങ്ങള്‍ തന്നെ കളിച്ച ഡല്‍ഹിക്ക് സാധ്യത കുറവാണ്. എട്ട് പോയന്റാണ് അവരുടെ സമ്പാദ്യം. ഇനിയുള്ള എല്ലാ മല്‍സരങ്ങളും വിജയിച്ചാല്‍ തന്നെയും ഡല്‍ഹിക്കാര്‍ക്ക് അവസാന നാല് ബാലികേറാമലയാണ്. മറ്റുള്ളവരുടെ തോല്‍വിക്കായി കാത്തിരിക്കണം.
ഇന്ന് ഓസ്‌ട്രേലിയക്കാരന്‍ ഹോപ്‌സാണ് ടീമിനെ നയിക്കുന്നത്. ചുമലിലെ ശസ്‌ത്രക്രിയക്കായി പോവുന്ന സേവാഗിന്റെ സ്ഥാനത്ത് ആര് ഇറങ്ങുമെന്ന് വ്യക്തമല്ല.
അസ്‌ലാം ഷാ ഹോക്കി
ഇന്ത്യയെ പാക്കിസ്‌താന്‍ പരാജയപ്പെടുത്തി
ഇപ്പോ: സുല്‍ത്താന്‍ അസ്‌്‌ലം ഷാ ഹോക്കിയിലെ നിലവിലെ സംയുക്ത ജേതാക്കളായ ഇന്ത്യക്ക് കനത്ത ആഘാതം. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഇന്ത്യ പരമ്പരാഗത വൈരികളായ പാക്കിസ്‌താനോട് പരാജയപ്പെട്ടു. ഇതോടെ ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യയുടെ സാധ്യതകളും മങ്ങി. ചാമ്പ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായി രണ്ട് മല്‍സരങ്ങള്‍ പരാജയപ്പെട്ട പാക്കിസ്‌താന് ഈ വിജയം വഴി അടുത്ത ഘട്ട സാധ്യത നിലനിര്‍ത്താനുമായി. പെനാല്‍ട്ടി കോര്‍ണര്‍ വിദഗ്‌ദ്ധന്‍ സന്ദീപ് സിംഗിന്റെ അഭാവമാണ് ഇന്ത്യക്ക് പ്രശ്‌നമായത്. അതറിഞ്ഞ് തന്നെ പാക്കിസ്‌താന്‍ കളിക്കുകയും ചെയ്‌തു.
സമീപകാലത്ത് നടന്ന മല്‍സരങ്ങളില്ലെല്ലാം ഇന്ത്യക്ക് മുന്നില്‍ അടിയറവ് പറഞ്ഞ പാക്കിസ്‌താന് കണക്ക് തീര്‍ക്കുന്ന വിജയമായി ഇത്. ലോകകപ്പ് ഹോക്കിയിലും ഡല്‍ഹിയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസിലും കഴിഞ്ഞ അസ്‌ലം ഷാ ഹോക്കിയിലും ഗുവാന്‍ഷുവില്‍ നടന്ന ഏഷ്യന്‍ ഗെയിംസിലും ഇന്ത്യക്കായിരുന്നു വിജയം. ഓസ്‌ട്രേലിയക്കെതിരായ മല്‍സരത്തിലെ വലിയ തോല്‍വിക്ക് ശേഷം തീരിച്ചുവരാനുള്ള അവസാന പോരാട്ടമായി എല്ലാവരും ഈ കളിയെ കണ്ടതാണ് വിജയത്തിന് കാരണമെന്ന് ക്യാപ്‌റ്റന്‍ മുഹമ്മദ് ഇമ്രാന്‍ പറഞ്ഞു. സന്ദീപ് സിംഗിന്റെ അഭാവമാണ് പാക്കിസ്‌താന്‍ ഉപയോഗപ്പെടുത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.
മന്ദഗതിയിലാണ് മല്‍സരമാരംഭിച്ചത്. കാണികള്‍ നിറഞ്ഞ സ്‌റ്റേഡിയത്തിന്റെ ആവേശത്തിനൊപ്പമെത്താന്‍ പ്രയാസപ്പെട്ട ഇന്ത്യയെ പാക്കിസ്‌താനാണ് വേഗതയില്‍ വിറപ്പിച്ചത്. പക്ഷേ മല്‍സരത്തിലെ ആദ്യ പെനാല്‍ട്ടി കോര്‍ണര്‍ പതിനാലാം മിനുട്ടില്‍ ഇന്ത്യക്കായിരുന്നു. സന്ദീപ് സിംഗിന്റെ അഭാവത്തില്‍ കാര്യമായ ചലനമുണ്ടാക്കാന്‍ ഇന്ത്യക്കായില്ല. പതിനാറാം മിനുട്ടില്‍ പാക്കിസ്‌താന്‍ വലയില്‍ ശിവേന്ദ്രസിംഗ് പന്തെത്തിച്ചു. മഹാദിക്കിന്റെ ഷോട്ട് റീബൗണ്ട് ചെയ്‌തപ്പോള്‍ അവസരം പാര്‍ത്ത ശിവേന്ദ്ര പന്തിനെ വലയിലേക്ക് ആനയിച്ചു. പക്ഷേ അമ്പയര്‍ ഗോള്‍ അനുവദിച്ചില്ല. ഇരുപത്തിയൊന്നാം മിനുട്ടില്‍ ഇന്ത്യക്ക് രണ്ടാം പെനാല്‍ട്ടി കോര്‍ണര്‍. ഇത്തവണ രുപിന്ദര്‍ പാല്‍ സിംഗ് പന്ത് വലയിലാക്കി. തിരിച്ചടിക്കാന്‍ ആക്രമണം ശക്തമാക്കിയ പാക്കിസ്‌താന് അനുകൂലമായി ഇരുപത്തിയഞ്ചാം മിനുട്ടില്‍ പെനാല്‍ട്ടി കോര്‍ണര്‍. അവരുടെ വെറ്ററന്‍ കോര്‍ണര്‍ വിദഗ്‌ദ്ധന്‍ സുഹൈല്‍ അബാസിന് പക്ഷേ അവസരം ഉപയോഗപ്പെടുത്താനായില്ല.
മുപ്പത്തിമൂന്നാം മിനുട്ടില്‍ ഇന്ത്യക്ക് വീണ്ടും പെനാല്‍ട്ടി കോര്‍ണര്‍. എന്നാല്‍ ഇത്തവണ രുപീന്ദര്‍ പാലിന്റെ ഫ്‌ളിക്ക് ഗോള്‍ക്കീപ്പര്‍ ഇമ്രാന്‍ ഷാ തട്ടിയകറ്റി. ആദ്യ പകുതി അവസാനിക്കുമ്പോള്‍ ഇന്ത്യ ഒരു ഗോളിന് മുന്നിലായിരുന്നു.
രണ്ടാം പകുതിയില്‍ പാക്കിസ്‌താന്‍ കൂടുതല്‍ അപകടകാരികളായി. രേഹാന്‍ ഭട്ടും ഷക്കീല്‍ അബാസും അതിവേഗതയില്‍ നീങ്ങി. രണ്ട് സുവര്‍ണ്ണാവസരങ്ങള്‍ക്ക് ശേഷം നാല്‍പ്പത്തിയൊമ്പതാം മിനുട്ടില്‍ ഉമര്‍ ഭട്ട് പാക്കിസ്‌താനെ ഒപ്പമെത്തിച്ചു. ഈ ഗോളോടെ ഇന്ത്യ തളര്‍ന്നു. അവസരം മുതലാക്കിയ പാക്കിസ്‌താന്‍ അമ്പത്തിയഞ്ചാം മിനുട്ടില്‍ ലഭിച്ച പെനാല്‍ട്ടി കോര്‍ണറില്‍ നിന്ന് മുഹമ്മദ് ഇംറാന്റെ മികവില്‍ ഗോള്‍ നേടി. മൂന്ന് മിനുട്ടിനകം സുഹൈല്‍ അബാസിന്റെ മികവില്‍ പാക്കിസ്‌താന്‍ വീണ്ടും ഗോള്‍ നേടി.
ഇന്നലെ നടന്ന മറ്റൊരു മല്‍സരത്തില്‍ ശക്തരായ ഓസ്‌ട്രേലിയ 4-2ന് ദക്ഷിണ കൊറിയയെ പരാജയപ്പെടുത്തി ടേബിളില്‍ ഒന്നാമത് വന്നു. തകര്‍പ്പന്‍ മല്‍സരത്തില്‍ മെച്ചപ്പെട്ട പ്രകടനം കൊറിയക്കാരാണ് നടത്തിയത്. പക്ഷേ ഗോള്‍ നേടുന്നതില്‍ അവര്‍ പരാജയപ്പെട്ടു.
അടുത്ത ലോകകപ്പില്‍ യോഗ്യതാ റൗണ്ട്
ലണ്ടന്‍: 2015 ലെ ലോകകപ്പ് ക്രിക്കറ്റില്‍ അസോസിയേറ്റ് രാജ്യങ്ങള്‍ക്കായി യോഗ്യതാ മല്‍സരങ്ങള്‍ ഐ.സി.സി നിര്‍ദ്ദേശിച്ചു. പ്രമുഖ ടീമുകള്‍ മാത്രമായിരിക്കും അടുത്ത ലോകകപ്പിനെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഐ.സി.സിയുടെ ദ്വിദിന എക്‌സിക്യൂട്ടീവ് കൊച്ചു രാജ്യങ്ങളുടെ സഹായത്തിനെത്തിയത്. ടെസ്‌റ്റ് ക്രിക്കറ്റിലും ഡി.ആര്‍.എസ് സമ്പ്രദായം നടപ്പിലാക്കും. അമ്പയറുടെ തീരുമാനം തെറ്റായാല്‍ ടീമുകള്‍ക്ക് അപ്പീല്‍ നല്‍കാനുള്ള അവസരമാണ് ഡി.ആര്‍.എസ് ഒരുക്കുന്നത്. പകലും രാത്രിയുമായി നടക്കുന്ന ഫസ്‌റ്റ് ക്ലാസ് മല്‍സരങ്ങളില്‍ പരീക്ഷണാര്‍ത്ഥം പിങ്ക് നിറത്തിലുള്ള പന്ത് ഉപയോഗിക്കാം. റണ്ണറെ നിയോഗിക്കുന്ന കാര്യത്തില്‍ പ്രതികൂലമായ തീരുമാനവുമുണ്ട്. എക്‌സിക്യൂട്ടീവ് തീരുമാനങ്ങള്‍ അടുത്ത മാസം ഹോംഗ്‌കോംഗില്‍ നടക്കുന്ന ചീഫ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗീകരിക്കണം.
ജയ്‌പ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിലെ 55-ാമത് മല്‍സരത്തില്‍ ആദ്യം ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചിട്ടും കൂറ്റനടിക്കാരായ ബാംഗ്ലൂകാരെ വിറപ്പിക്കാനുള്ള സ്‌ക്കോര്‍ നേടാന്‍ രാജസ്ഥാന്‍ റോയല്‍സിനായിരുന്നില്ല. 146 റണ്‍സാണ് അവര്‍ സ്വന്തമാക്കിയത്. പതിവ് പോലെ ഓപ്പണര്‍മാരായ ഷെയിന്‍ വാട്ട്‌സണും രാഹുല്‍ ദ്രാവിഡും നല്ല തുടക്കം നല്‍കി. വിക്കറ്റ് പോവാതെ 72 റണ്‍സ് എന്ന നിലയിലാണ് വാട്ട്‌സണ്‍ പുറത്തായത്. പിന്നീട് വന്നവരാര്‍ക്കും ആക്രമിച്ച് കളിക്കാനായില്ല. 31 പന്തില്‍ 37 റണ്‍സുമായി ദ്രാവിഡ് ടോപ് സ്‌ക്കോററായി. ആറ് ബൗണ്ടറികള്‍ അദ്ദേഹം പായിച്ചു. പക്ഷേ കൂടുതല്‍ ആക്രമണം നടത്തിയത് ഓസ്‌ട്രേലിയക്കാരന്‍ വാട്ട്‌സണായിരുന്നു. 29 പന്തില്‍ അദ്ദേഹം 34 റണ്‍സ് വാരിക്കൂട്ടി. രണ്ട് സിക്‌സറുകളും മൂന്ന് ബൗണ്ടറികളുമായി ബാംഗ്ലൂരിനെ വിറപ്പിക്കുന്നതില്‍ വാട്ട്‌സണ്‍ വിജയിച്ചു. പക്ഷേ എസ്.അരവിന്ദ് എന്ന ബൗളറുടെ കരുത്തില്‍ വാട്ട്‌സണ്‍ മാത്രമല്ല ദ്രാവിഡും ജഹാന്‍ ബോത്തയും പുറത്തായി. പത്ത് പന്തില്‍ 17 റണ്‍സുമായി രഹാനെ റണ്ണൗട്ടായപ്പോള്‍ ന്യൂസിലാന്‍ഡുകാരന്‍ റോസ് ടെയ്‌ലര്‍ വീണ്ടും നിരാശപ്പെടുത്തി. സഹീര്‍ഖാന് വിക്കറ്റൊന്നും ലഭിച്ചില്ല. പക്ഷേ അരവിന്ദ് 34 റണ്‍സിന് മൂന്ന് പേരെ പുറത്താക്കി,
മറുപടി പതിവ് പോലെ സ്‌ഫോടനാത്മകമായിരുന്നു. ക്രിസ് ഗെയിലും തിലകരത്‌നെ ദില്‍ഷാനും ചേര്‍ന്ന് പ്രതിയോഗികളെ ഇല്ലാതാക്കി.
Subscribe to:
Post Comments (Atom)
No comments:
Post a Comment