Monday, March 16, 2009
CLOSE..... SO CLOSE
ക്ലോസ്..., ക്ലോസ്
ലണ്ടന്‍: യൂറോപ്യന്‍ ഫുട്‌ബോള്‍ ലീഗുകളില്‍ ചാമ്പ്യന്‍പ്പട്ടം തേടിയുളള യാത്രകള്‍ക്ക് കാഠിന്യമേറുന്നു... ഇംഗ്ലണ്ടില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡും ഫ്രാന്‍സില്‍ ലിയോണും മറക്കാനാഗ്രഹിക്കുന്ന വാരത്തില്‍ ലിവര്‍പൂളും ചെല്‍സിയും റയല്‍ മാഡ്രിഡും ബാര്‍സിലോണയും ഇന്റര്‍ മിലാനും ഹെര്‍ത്താ ബെര്‍ലിനുമെല്ലാം മികച്ച വിജയങ്ങളുമായി കപ്പിലേക്ക് തന്നെ നോട്ടമിട്ടിരിക്കുന്നു. വിവിധ യൂറോപ്യന്‍ ലീഗുകളിലൂടെ:
പ്രീമിയര്‍ ലീഗ്
കഴിഞ്ഞ വര്‍ഷം നവംബര്‍ എട്ടിനാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പ്രീമിയര്‍ ലീഗിലെ അവസാന തോല്‍വി രുചിച്ചിരുന്നത്. അതിന് ശേഷം തകര്‍പ്പന്‍ വിജയങ്ങളുമായി കിരീടത്തിലേക്ക് മുന്നേറിയ അലക്‌സ് ഫെര്‍ഗൂസന്റെ സംഘം മറക്കാനാഗ്രഹിക്കുന്ന പോരാട്ടമാണ് ശനിയാഴ്‌ച്ച ഓള്‍ഡ്‌ട്രാഫോഡില്‍ നടന്നത്. ലിവര്‍പൂളിനെതിരായ മല്‍സരത്തില്‍ ജയിച്ചാല്‍ കിരീടം ഉറപ്പാണെന്നിരിക്കെ കൃസ്റ്റിയാനോ റൊണാള്‍ഡോയും സംഘവും വന്‍ മാര്‍ജിനില്‍ തോറ്റു. നവംബര്‍ എട്ടിന് ആഴ്‌സനലിനോടായിരുന്നു മാഞ്ചസ്‌റ്ററിന്റെ തോല്‍വി. അന്നത്തെ തോല്‍വിക്ക് കാരണമായ അതേ ഘടകങ്ങള്‍ തന്നെയാണ് ലിവര്‍പൂളിനെതിരായ മല്‍സരത്തിലും ടീമിനെ ബാധിച്ചത്. അമിത ആത്മവിശ്വാസത്തില്‍ കളിച്ചു. തുടക്കത്തില്‍ തന്നെ കൃസ്റ്റിയാനോയുടെ ഗോളില്‍ ലീഡ് നേടിയ ശേഷം നാല് ഗോളുകളാണ് ടീം വഴങ്ങിയത്. സ്‌റ്റീവന്‍ ജെറാര്‍ഡ്, ഫെര്‍ണാണ്ടോ ടോറസ് എന്നിവരുടെ മികവില്‍ സീസണിലെ ഏറ്റവും മികച്ച സോക്കറാണ് ലിവര്‍പൂള്‍ കാഴ്‌ച്ചവെച്ചത്. ഞായറാഴ്‌ച്ച നടന്ന മല്‍സരത്തില്‍ ചെല്‍സി ഒരു ഗോളിന് മാഞ്ചസ്‌റ്റര്‍ സിറ്റിയെ പരാജയപ്പെടുത്തിയോടെ മാഞ്ചസ്‌റ്ററും ലിവര്‍പൂളും ചെല്‍സിയുമിപ്പോള്‍ അവസാന കുതിപ്പിലേക്ക് കടന്നിരിക്കുന്നു. മറ്റ് രണ്ട്‌് പേരെക്കാള്‍ ഒരു മല്‍സരം കുറവാണ് മാഞ്ചസ്‌റ്റര്‍ കളിച്ചത്. ഇതാണ് അവര്‍ക്കുളള മുന്‍ത്തൂക്കം. ബ്ലാക്‌ബര്‍ണ്‍ റോവേഴ്‌സിനെ നാല് ഗോളിന് പരാജയപ്പെടുത്തിയ ആഴ്‌സനല്‍ നാലാം സ്ഥാനത്താണ്. 65 പോയന്റാണ് മാഞ്ചസ്‌റ്ററിന്റെ സമ്പാദ്യം. ചെല്‍സിക്കും ലിവര്‍പൂളിനും 61 പോയന്റ്‌് വീതമുണ്ട്. അടുത്ത മല്‍സരത്തില്‍ മാഞ്ചസ്‌റ്റര്‍ പരാജയപ്പെടുന്നപക്ഷം കിരീടപ്പോരാട്ടത്തിന് തീ പിടിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. അതേസമയം തരം താഴ്‌ത്തല്‍ ഭീഷണിക്ക് മുന്നിലാണ് സ്റ്റോക്ക് സിറ്റിയും മിഡില്‍സ്‌ബോറോയും വെസ്‌റ്റ് ബ്രോമും. ലീഗിലെ ടോപ് സ്‌ക്കോറര്‍പട്ടം ഇപ്പോഴും നിക്കോളാസ് അനേല്‍ക്കയെന്ന ചെല്‍സിക്കാരന്റെ പേരിലാണ്. 15 ഗോളുകളാണ് അദ്ദേഹം നേടിയത്.
സ്‌പാനിഷ് ലീഗ്
ബാഴ്‌സിലോണ സ്‌പാനിഷ് ലീഗില്‍ കുതിപ്പ് തുടരുകയാണ്. ഇന്നലെ നടന്ന മല്‍സരത്തില്‍ അല്‍മേരിയയെ രണ്ട് ഗോളിന് തോല്‍പ്പിച്ചതോടെ തൊട്ടരികിലുള്ള റയല്‍ മാഡ്രിഡിനേക്കാള്‍ വ്യക്തമായ ആറ് പോയന്റ്‌് ലീഡ് അവര്‍ സ്വന്തമാക്കി. യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്രിക്വാര്‍ട്ടര്‍ ഫൈനലില്‍ നിന്ന് നാണംകെട്ട തോല്‍വിയുമായി പുറത്തായ റയല്‍ ശനിയാഴ്‌ച്ച നടന്ന അങ്കത്തില്‍ അത്‌ലറ്റികോ ബില്‍ബാവോയെ 5-2ന് പരാജയപ്പെടുത്തി ബാര്‍സയില്‍ സമ്മര്‍ദ്ദമുണ്ടാക്കിയിരുന്നു. എന്നാല്‍ ബോജാന്‍ കിര്‍കിക്കിന്റെ മികവില്‍ വ്യക്തമായ വിജയമാണ് അല്‍മേരിയക്കെതിരെ ബാര്‍സ സ്വന്തമാക്കിയത്. പോയന്റ്‌് ടേബിളില്‍ മൂന്നാം സ്ഥാനത്തുളള സെവിയെയെ മലാഗ 2-2 ല്‍ തളച്ചപ്പോള്‍ വില്ലാ റയലിനും തിരിച്ചടിയേറ്റു. അത്‌ലറ്റികോ മാഡ്രിഡാണ് 3-2 ന് വില്ലാ റയലിനെ വീഴ്‌ത്തിയത്.
66 പോയന്റാണ് ഒന്നാം സ്ഥാനക്കാരായ ബാര്‍സക്കുളളത്. റയല്‍ മാഡ്രിഡ് 70 ലും സെവിയെ 51 ലും നില്‍ക്കുന്നു. 23 ഗോളുകളുമായി ബാര്‍സയുടെ കാമറൂണ്‍ സ്‌ട്രൈക്കര്‍ സാമുവല്‍ ഇറ്റോയാണ് ടോപ് സ്‌ക്കോറര്‍ പട്ടത്തിലുളളത്. തരം താഴ്‌ത്തല്‍ ഭീഷണിക്ക് വക്കിലുള്ളവര്‍ ഒസാസുന, നുമാന്‍സിയ, എസ്‌പാനിയോള്‍ എന്നിവരാണ്.
ജര്‍മന്‍ ലീഗ്
ബയര്‍ ലെവര്‍കൂസണെ പരാജയപ്പെടുത്തി ഹെര്‍ത്താ ബെര്‍ലിന്‍ ജര്‍മന്‍ ബുണ്ടേല്‍സ്‌് ലിഗിലെ ആധിപത്യം തുടരുന്നു. ജര്‍മന്‍ ആസ്ഥാനത്ത് നടന്ന മല്‍സരത്തില്‍ ആന്ദ്രെ വോരോനിന്റെ ഗോളിലാണ് ബെര്‍ലിന്‍ വിജയിച്ചത്. കരുത്തരായ ബയേണ്‍ മ്യൂണിച്ച് മൂന്ന് ഗോളിന് ബോഷമിനെയും ഹാംബര്‍ഗ്ഗ് രണ്ട് ഗോളിന് കോട്ട്‌ബസിനെയും തോല്‍പ്പിച്ചു. 49 പോയന്റാണ് ഹെര്‍ത്താ ബെര്‍ലിനുളളത്. ബയേണ്‍ മ്യൂണിച്ച്, വോള്‍സ്‌ബര്‍ഗ് എന്നിവര്‍ 45 പോയന്റുമായി രണ്ടാം സ്ഥാനത്താണ്.
ഇറ്റാലിയന്‍ ലീഗ്:
ഇറ്റാലിയന്‍ ലീഗില്‍ ആദ്യ മൂന്ന് സ്ഥാനക്കാരുടെ കാര്യത്തില്‍ മാറ്റമില്ല. 66 പോയന്റുമായി ഇന്റര്‍ മിലാനും ഒന്നാം സ്ഥാനത്തും 59 പോയന്റുമായി യുവന്തസ് രണ്ടാമതും 54 പോയന്റുമായി ഏ.സി മിലാന്‍ മൂന്നാമതും നില്‍ക്കുന്നു. ഇന്നലെ നടന്ന മല്‍സരങ്ങളില്‍ ഏ.സി മിലാന്‍ 5-1ന് സിയന്നയെ വീഴ്‌ത്തിയപ്പോള്‍ യുവന്തസ് 4-1 ന് ബോളോഗ്നയെ തോല്‍പ്പിച്ചു. ആന്ദ്രെ പിര്‍ലോ, ഫിലിപോ ഇന്‍സാഗി, പാറ്റോ എന്നിവരുടെ മികവാണ് മിലാനെ തുണച്ചതെങ്കില്‍ യുവന്തസിന്റെ ഹീറോ അവരുടെ നായകന്‍ അലക്‌സാണ്ടറോ ദെല്‍പിയാറോ തന്നെയായിരുന്നു. ഇന്റര്‍ മിലാന്‍ രണ്ട് ഗോളിന് നാലാം സ്ഥാനക്കരായ ഫിയോറന്റീനയെ പരാജയപ്പെടുത്തി.
ഫ്രഞ്ച് ലീഗ്
ചാമ്പ്യന്മാരായ ഒളിംപിക് ലിയോണിന് കനത്ത ആഘാതമേറ്റതാണ് ഫ്രഞ്ച് ലീഗിലെ പ്രധാന വാര്‍ത്ത. സ്വന്തം മൈതാനത്ത് ഈ സീസണില്‍ ആദ്യമായി തോറ്റ ലിയോണ്‍ ഇപ്പോള്‍ പിറകോട്ടുളള പാതയിലാണ്. ആക്‌സുറെയാണ് ഇന്നലെ നടന്ന മല്‍സരത്തില്‍ ലിയോണിനെ തോല്‍പ്പിച്ചത്. 53 പോയന്റുമായി ലിയോണ്‍ തന്നെയാണ് ഇപ്പോഴും മുന്നില്‍. മാര്‍സലി, പാരിസ് സെന്റ് ജര്‍മന്‍ എന്നിവര്‍ 52 പോയന്റുമായി തൊട്ടരികിലുണ്ട്.
ഐ.പി.എല്‍ പ്രതിസന്ധി
ന്യൂഡല്‍ഹി: ഐ.പി.എല്‍ മല്‍സരങ്ങള്‍ പ്രതിസന്ധിയുടെ വക്കില്‍.. ഏപ്രില്‍ പത്തിന് ആരംഭിക്കാന്‍ നിശ്ചയിച്ച ചാമ്പ്യന്‍ഷിപ്പിന്റെ പുതുക്കിയ ഷെഡ്യൂളും കേന്ദ്ര ആഭ്യന്തര മന്ത്രാലയം തള്ളിയതോടെ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡും ഐ.പി.എല്‍ ഗവേണിംഗ് കമ്മിറ്റിയും ആശങ്കയിലാണ്. വന്‍ വിജയത്തില്‍ കലാശിച്ച ആദ്യ സീസണിന് ശേഷം അതേ കരുത്തില്‍ രണ്ടാമത് എഡിഷനും നടത്താനുളള അധികൃതരുടെ തീരുമാനത്തിന് വിലങ്ങായിരിക്കുന്നത് പൊതു തെരഞ്ഞെടുപ്പാണ്. തെരഞ്ഞെടുപ്പും ഐ.പി.എല്‍ മല്‍സരങ്ങളും ഒരേ സമയം വരുന്നതിനാല്‍ സുരക്ഷാ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും വിട്ടുവീഴ്‌ച്ചക്ക് ഒരുക്കമല്ല. ഇന്നലെ ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയ ബി.സി.സി.ഐ സെക്രട്ടറി എല്‍. ശ്രീനിവാസന് സര്‍ക്കാരിനെ അനുനയിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല.
മല്‍സര ഷെഡ്യൂള്‍ പ്രഖ്യാപിക്കപ്പെട്ടതിന് ശേഷം രണ്ട് തവണ സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം സംഘാടകര്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയിരുന്നു. പുതുക്കിയ ഷെഡ്യൂളും അംഗീകരിക്കാന്‍ ഡല്‍ഹി, പശ്ചിമബംഗാള്‍,കര്‍ണ്ണാടക, ആന്ധ്ര പ്രദേശ് സര്‍ക്കാരുകള്‍ വിസമ്മതം പ്രകടിപ്പിച്ച സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ കൈമലര്‍ത്തിയിരിക്കുന്നത്.
ലോക ക്രിക്കറ്റിലെ മുഴുവന്‍ സൂപ്പര്‍ താരങ്ങളെയും അണിനിരത്താനുളള ശ്രമത്തില്‍ വിവിധ ടീമുകളുടെ രാജ്യാന്തര മല്‍സര ഷെഡ്യൂള്‍ പരിശോധിച്ചാണ് ഐ.പി.എല്‍ ഗവേണിംഗ് കമ്മിറ്റി മല്‍സരതിയ്യതികള്‍ പ്രഖ്യാപിച്ചത്. അതില്‍ കാര്യമായ മാറ്റം വരുത്തിയാല്‍ സൂപ്പര്‍ താരങ്ങളുടെ സാന്നിദ്ധ്യം പ്രശ്‌നത്തിലാവും. രണ്ട് വഴികളാണ് ഇപ്പോള്‍ ഗവേണിംഗ് കമ്മിറ്റിക്ക് മുന്നിലുളളത്. ഒന്ന് മല്‍സരക്രമം വെട്ടിചുരുക്കുക, രണ്ട് ഒരു ദിവസം മൂന്നോളം മല്‍സരങ്ങള്‍ നടത്തുക.
തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഐ.പി.എല്‍ മല്‍സരങ്ങള്‍ക്ക് മതിയായ കേന്ദ്ര സൈനീക സുരക്ഷിതത്വം നല്‍കാന്‍ കഴിയില്ലെന്ന കാര്യം ബന്ധപ്പെട്ടവരെ അറിയിച്ചതായി ക്രിക്കറ്റ് ബോര്‍ഡ് അധികാരികളമായി ഒന്നരമണിക്കൂര്‍ ചര്‍ച്ചകള്‍ക്ക് ശേഷം വാര്‍ത്താ ലേഖകരുമായി സംസാരിക്കവെ ആഭ്യന്തര വകുപ്പ് വക്താവ് ഒ.കേദിയ പറഞ്ഞു. വിവിധ സംസ്ഥാന സര്‍ക്കാരുകളുമായി കൂടിയാലോചിച്ച ശേഷം പുതുക്കിയ ഷെഡ്യൂള്‍ തയ്യാറാക്കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. പുതുക്കിയ ഷെഡ്യൂള്‍ പരിശോധിച്ച ശേഷം മാത്രമായിരിക്കും ആഭ്യന്തര വകുപ്പിന് എന്തെങ്കിലും പറയാനാവുകയെന്നും അദ്ദേഹം പറഞ്ഞു. മല്‍സരനടത്തിപ്പില്‍ ഗവേണിംഗ് കമ്മിറ്റിക്കുളള പ്രശ്‌നങ്ങളും പ്രയാസങ്ങളും സര്‍ക്കാരിനെ ധരിപ്പിച്ചുവെന്നാണ് ബോര്‍ഡ് സെക്രട്ടറി ശ്രീനിവാസന്‍ അറിയിച്ചത്.
ഐ.പി.എല്‍ ഫിക്‌സ്‌ച്ചര്‍ കമ്മിറ്റി ആദ്യം തയ്യാറാക്കിയ ഷെഡ്യൂള്‍ അംഗീകരിക്കാനാവില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പി.ചിംദബരമാണ് പറഞ്ഞത്. ഇതിനെ തുടര്‍ന്ന് വീണ്ടുമൊരു ഷെഡ്യൂള്‍ തയ്യാറാക്കി. ഇതില്‍ സംസ്ഥാന സര്‍ക്കാരുകള്‍ വിസ്സമതം പറഞ്ഞപ്പോള്‍ മൂന്നാമതൊരു ഷെഡ്യൂള്‍ തയ്യാറാക്കി സമര്‍പ്പിച്ചു. ഇതാണ് ഇപ്പോള്‍ തള്ളിയിരിക്കുന്നത്. മെയ് 4 വരെ ഐ.പി.എല്‍ മല്‍സരങ്ങള്‍ക്ക് ഒരു തരത്തിലുളള സുരക്ഷിതത്വവും നല്‍കാന്‍ കഴിയില്ലെന്നാണ് ബാംഗ്ലൂര്‍ പോലീസ് അറിയിച്ചത്. കര്‍ണ്ണാടകയില്‍ ഏപ്രില്‍ 23, മെയ്‌് 3 നുമായാണ് ലോക്‌സഭാ തെരഞ്ഞെടുപ്പ്. ഈ സമയത്ത് പോലീസിന്റെ സേവനം ക്രിക്കറ്റിനായി നല്‍കാനാവില്ല. മെയ് 4,7, 10,11,14,19,20 തിയ്യതികളില്‍ മല്‍സരങ്ങള്‍ നടത്തിയാല്‍ സുരക്ഷ നല്‍കാമെന്നാണ് സിറ്റി പോലീസ് കമ്മീഷണര്‍ ശങ്കര്‍ ബിദാരി അറിയിച്ചിരിക്കുന്നത്. നഗരത്തില്‍ നിന്നുള്ള ബാംഗ്ലൂര്‍ റോയല്‍സ് ഐ.പി.എല്ലില്‍ കളിക്കുന്നുണ്ട്. ഇവരുടെ ഹോം മല്‍സരങ്ങളെല്ലാം ചിന്നസ്വാമി സ്‌റ്റേഡിയത്തിലാണ് ഷെഡ്യൂള്‍ ചെയ്‌തിരിക്കുന്നത്.
ഏപ്രില്‍ 26 ന് ശേഷമുളള മല്‍സരങ്ങള്‍ക്ക് സുരക്ഷ നല്‍കാമെന്ന് ഹൈദരാബാദ് പോലീസ് അറിയിച്ചിട്ടുണ്ട്. ഏപ്രില്‍ 23 നാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പൂര്‍ത്തിയാവുന്നത്. മെയ് 14 മുതല്‍ 16 വരെ പോലീസ് വോട്ടെണ്ണല്‍ തിരക്കിലായിരിക്കും. ആ സമയത്തും മല്‍സരങ്ങള്‍ക്ക് സുരക്ഷ നല്‍കാനാവില്ലെന്ന് സംസ്ഥാന ഡി.ജി.പി ഏ.കെ ഖാന്‍ പറഞ്ഞു.
സര്‍വന്‍ വാഴ്‌ച്ച
പോര്‍ട്ട് ഓഫ് സ്‌പെയിന്‍: ടെസ്‌റ്റ് പരമ്പരക്ക് പിറകെ 20-20 മല്‍സരത്തിലും ഇംഗ്ലണ്ടിന് തോല്‍വി. ആവേശകരമായ പോരാട്ടത്തില്‍ ആറ് വിക്കറ്റിന്റെ വിജയവുമായാണ് വിന്‍ഡീസ് കരുത്ത് കാട്ടിയത്. ആദ്യം ബാറ്റ് ചെയ്‌ത ഇംഗ്ലണ്ട് 19.1 ഓവറില്‍ 121 റണ്‍സിന് എല്ലാവരും പുറത്തായി. പതിനെട്ട് ഓവറില്‍ രാം നരേഷ്‌് സര്‍വന്റെ മികവില്‍ വിന്‍ഡീസ് അനായാസം മല്‍സരം സ്വന്തമാക്കി. സുലൈമാന്‍ ബെന്‍ എന്ന ബൗളര്‍ക്ക് മുന്നിലാണ് കേള്‍വികേട്ട ഇംഗ്ലിഷ് ബാറ്റിംഗ് നിര തകര്‍ന്നത്. 24 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റാണ് ബെന്‍ കരസ്ഥമാക്കിയത്. 21 പന്തില്‍ 27 റണ്‍സ് നേടിയ പുതിയ വിക്കറ്റ് കീപ്പര്‍ സ്റ്റീവന്‍ ഡേവിസ് മാത്രമാണ് പിടിച്ചുനിന്നത്. ഡ്വിന്‍ ബ്രാവോയുടെ പന്തില്‍ ഡേവിസ് പുറത്തായതിന് ശേഷം വിക്കറ്റുകളുടെ പെരുമഴയായിരുന്നു. 16 പന്തില്‍ നിന്ന് തപ്പിതടഞ്ഞ് 12 റണ്‍സ് നേടിയ കെവിന്‍ പീറ്റേഴ്‌സണും, ഒവൈസ് ഷായുമെല്ലാം നിറംമങ്ങിയപ്പോള്‍ ഓവര്‍ ക്വാട്ട പൂര്‍ത്തിയാക്കാന്‍ പോലും ടീമിനായില്ല. മറുപടി ബാറ്റിംഗില്‍ വിന്‍ഡീസിന് കാര്യങ്ങള്‍ എളുപ്പമായിരുന്നു. 46 പന്തില്‍ നിന്ന് 59 റണ്‍സുമായി സര്‍വന്‍ കളം നിറഞ്ഞു. പരുക്ക് കാരണം നായകന്‍ ക്രിസ് ഗെയില്‍ മാറിനിന്നപ്പോള്‍ ധനേഷ് രാംദിനാണ് ടീമിനെ നയിച്ചത്.
സീസണ്‍ നഷ്ടം
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്‌റ്റര്‍ യുനൈറ്റഡിന് തൊട്ടുപിറകില്‍ കുതിക്കുന്ന ചെല്‍സിക്ക് സീസണില്‍ അവശേഷിക്കുന്ന മല്‍സരങ്ങളില്‍ പ്ലേ മേക്കര്‍ ഡെക്കോയുടെ സേവനം ലഭിക്കില്ല. മാഞ്ചസ്‌റ്റര്‍ സിറ്റിക്കെതിരെ ഞായറാഴ്‌ച്ച നടന്ന മല്‍സരത്തിനിടെ പരുക്കേറ്റ ഡെകോക്ക് സീസണിലെ ഇനിയുള്ള മല്‍സരങ്ങളില്‍ കളിക്കാനാവില്ല. സ്‌റ്റാഫോര്‍ഡ് ബ്രിഡ്‌ജില്‍ നടന്ന മല്‍സരത്തിന്റെ ഒന്നാം പകുതിയിലാണ് ഡെക്കോക്ക് പരുക്കേറ്റത്. മുടന്തിയാണ് അദ്ദേഹം മൈതാനം വിട്ടത്. സ്‌പാനിഷ് ക്ലബായ ബാര്‍സയില്‍ നിന്നും ഒരു സീസണ്‍ മുമ്പ് ചെല്‍സിയിലെത്തിയ ബ്രസീല്‍ വംശജനായ പോര്‍ച്ചുഗീസുകാരന് പക്ഷേ ഇത് വരെ തന്റെ പഴയ കരുത്തില്‍ ചെല്‍സിക്കായി കളിക്കാന്‍ കഴിഞ്ഞിരുന്നില്ല.
തിരിച്ചെത്തി
ഗുയാന: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ വിന്‍ഡീസ് നായകന്‍ ക്രിസ് ഗെയില്‍ കളിക്കും. പരമ്പരയിലെ ആദ്യ മല്‍സരം വെളളിയാഴ്‌ച്ചയാണ് നടക്കുന്നത്. ട്രിനിഡാഡില്‍ നടന്ന അവസാന ടെസ്റ്റിനിടെ പേശീവലിവ് മൂലം പിന്മാറിയ ഗെയില്‍ കഴിഞ്ഞ ദിവസം നടന്ന 20-20 മല്‍സരത്തില്‍ പങ്കെടുത്തിരുന്നില്ല. ക്രിസ് ഗെയിലും രാം നരേഷ് സര്‍വനുമായിരിക്കും ഏകദിന മല്‍സരങ്ങളില്‍ വിന്‍ഡീസ് ഇന്നിംഗ്‌സിന് തുടക്കമിടുക. ടീം ഇതാണ്: ക്രിസ് ഗെയില്‍ (ക്യാപ്‌റ്റന്‍), ലെന്‍ഡല്‍ സിമ്മണ്‍സ്, ഡിവോണ്‍ സ്‌മിത്ത്, ശിവനാരായണ്‍ ചന്ദര്‍പോള്‍, രാംനരേഷ് സര്‍വന്‍, ഡ്വിന്‍ ബ്രാവോ, ധനേഷ് രാംദിന്‍, ഡാരന്‍ സാമി, കിരണ്‍ പോലാര്‍ഡ്, ഫിഡല്‍ എഡ്‌വാര്‍ഡ്‌സ്, നികിത മില്ലര്‍, ഡാരന്‍ പവല്‍, ലയണല്‍ ബേക്കര്‍.
ബോള്‍ട്ട് തന്നെ
ലണ്ടന്‍: ട്രിപ്പിള്‍ ഒളിംപിക് ചാമ്പ്യന്‍ ഉസൈന്‍ ബോള്‍ട്ടിന് 2009 ലെ ആദ്യ മല്‍സരത്തില്‍ തന്നെ കനത്ത വെല്ലുവിളി. ആന്റിഗ്വക്കാരനായ ഡാനിയല്‍ ബെയ്‌ലിയില്‍ നിന്നും കനത്ത വെല്ലുവിളി നേരിട്ട ബോള്‍ട്ട് ഒടുവില്‍ ജയിച്ചുകയറുകയായിരുന്നു. 9.93 സെക്കന്‍ഡിലാണ് ബോള്‍ട്ട് ജയിച്ചുകയറിയത്.
ചര്‍ച്ചില്‍ മുന്നില്‍
കൊല്‍ക്കത്ത: ഐ ലീഗ് ഫുട്‌ബോള്‍ അവസാന ഘട്ടത്തിലേക്ക് നീങ്ങവെ ഗോവയില്‍ നിന്നുളള ചര്‍ച്ചില്‍ ബ്രദേഴ്‌സ് ഒന്നാം സ്ഥാനത്ത്. മിക്ക ടീമുകളും പത്തൊമ്പത് മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ 39 പോയന്റാണ് ചര്‍ച്ചില്‍ സ്വന്തമാക്കിയിരിക്കുന്നത്. ഇത്രയും പോയന്റുമായി മറ്റൊരു ഗോവന്‍ ടീമായ സ്‌പോര്‍ട്ടിംഗ് ക്ലബ് ചര്‍ച്ചിലിനൊപ്പമുണ്ട്. എന്നാല്‍ മെച്ചപ്പെട്ട ഗോള്‍ ശരാശരി ചര്‍ച്ചിലിനെ തുറക്കുന്നു. 17 മല്‍സരങ്ങളില്‍ നിന്നായി 33 പോയന്റ്‌് സ്വന്തമാക്കിയ മോഹന്‍ബഗാനാണ് മൂന്നാമത് നില്‍ക്കുന്നത്. മഹീന്ദ്ര യുനൈറ്റഡും മുംബൈ എഫ്.സിയും 27 പോയന്റ് വീതം നേടിയിട്ടുണ്ട്. ലീഗിലെ അടുത്ത മല്‍സരം 21 ന് ജെ.സി.ടിയും സ്‌പോര്‍ട്ടിംഗ് ക്ലബും തമ്മിലാണ്.
ഇനി ടെസ്‌റ്റ്
ഹാമില്‍ട്ടണ്‍: ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ടെസ്‌റ്റ് പരമ്പരയിലെ ആദ്യ മല്‍സരത്തിന് നാളെ പുലര്‍ച്ചെ സിദാന്‍ പാര്‍ക്കില്‍ തുടക്കം. പുലര്‍ച്ചെ നാല് മണിക്ക് ആരംഭിക്കുന്ന പോരാട്ടത്തിന്റെ തല്‍സമയ സംപ്രേഷണം സോണി സെറ്റ് മാക്‌സിലുണ്ട്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, വി.വി.എസ് ലക്ഷ്‌മണ്‍ തുടങ്ങിയ സീനിയര്‍ താരങ്ങള്‍ ഇന്ത്യന്‍ നിരയില്‍ കളിക്കുമ്പോള്‍ കിവി സംഘത്തില്‍ കാര്യമായ മാറ്റമില്ല. ഡാനിയല്‍ വെട്ടോരിയുടെ ടീമില്‍ ഏകദിന സംഘത്തില്‍ മികവ് പ്രകടിപ്പിച്ച ജെസി റെയ്‌ഡര്‍ക്ക് അവസരമുണ്ടാവുമെന്നാണ് കരുതപ്പെടുന്നത്.
ബാറ്റിംഗിനെ തുണക്കുന്ന ചെറിയ മൈതാനമാണ് സിദാന്‍ പാര്‍ക്കിലേത്. അതിനാല്‍ തന്നെ വലിയ സ്‌ക്കോറുകള്‍ പിറന്നാല്‍ അല്‍ഭുതപ്പെടാനില്ലെന്ന് ഇന്ത്യന്‍ നായകന്‍ മഹേന്ദ്രസിംഗ് ധോണി പറഞ്ഞു. ഏകദിന പരമ്പര സ്വന്തമാക്കിയ ആവേശമുണ്ട്. അതിനൊപ്പം അവസാന മല്‍സരത്തിലെ ബാറ്റിംഗ് പരാജയവും മറക്കുന്നില്ലെന്ന് ധോണി പറഞ്ഞു. മൂന്ന് സീമര്‍മാരെയും രണ്ട് സ്‌പിന്നര്‍മാരെയും ബൗളിംഗ് നിരയില്‍ ഇറക്കാനാണ് നായകന്‍ ആലോചിക്കുന്നത്. സഹീര്‍ഖാന്‍, ഇഷാന്ത് ശര്‍മ്മ എന്നിവര്‍ക്കൊപ്പം ലക്ഷ്‌മിപതി ബാലാജിക്ക് ചിലപ്പോള്‍ മൂന്നാം സീമറായി അവസരം നല്‍കിയേക്കും. സ്‌പിന്നര്‍മാരായി ഹര്‍ഭജനും അമിത് മിശ്രയും വന്നേക്കും.
Subscribe to:
Post Comments (Atom)
No comments:
Post a Comment