Saturday, March 14, 2009
MAJIC LIVER
ലിവര്‍ വിസ്‌മയം
ഓള്‍ഡ് ട്രാഫോഡ്: ഇല്ല... ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് ഉറപ്പിക്കാന്‍ സമയമായിട്ടില്ല. പ്രീമിയര്‍ ലീഗില്‍ ഇന്നലെ നടന്ന തകര്‍പ്പന്‍ അങ്കത്തില്‍ 4-1 ന്റെ വലിയ വിജയവുമായി ലിവര്‍പൂള്‍ മാഞ്ചസ്റ്ററിനെ കശക്കിയ കാഴ്‌ച്ചയില്‍ ലീഗ് മല്‍സരങ്ങള്‍ ഇനി ആവേശഘട്ടത്തിലാണ്. സ്വന്തം മൈതാനത്ത് മാഞ്ചസ്റ്ററിനെ ഇല്ലാതാക്കുന്ന പ്രകടനം നടത്തിയ റാഫേല്‍ ബെനിറ്റസിന്റെ സംഘം കഴിഞ്ഞ ഒരാഴ്‌ച്ചയില്‍ അടിച്ചുകൂട്ടുന്ന ഗോളുകളുടെ എണ്ണം എട്ടായിരിക്കുന്നു. യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ സ്‌പെയിനില്‍ നിന്നുളള റയല്‍ മാഡ്രിഡിനെതിരെ അവരുടെ മൈതാനത്ത് വെച്ച് നാല് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയ അതേ ഫോം നിലനിര്‍ത്തിയാണ് നായകന്‍ സ്‌റ്റീവന്‍ ജെറാര്‍ഡിന്റെ സംഘം വിസ്‌മയ പ്രകടനവുമായി അല്‍ഭുത വിജയം കരസ്ഥമാക്കിയത്.
ഒന്നിനൊന്ന് മെച്ചപ്പെട്ടതായിരുന്നു ലിവറിന്റെ നാല് ഗോളുകളും. 75,000 ത്തോളം വരുന്ന ഫുട്‌ബോള്‍ പ്രേമികളെ സാക്ഷിയാക്കി തുടക്കം മുതല്‍ സുന്ദരമായ ആക്രമണ സോക്കറിന്റെ ചടുലതയില്‍ അവര്‍ മാഞ്ചസ്‌റ്ററിനെ വിറപ്പിച്ചു നിര്‍ത്തി.
28 മല്‍സരങ്ങളില്‍ നിന്ന് 65 പോയന്റ്‌് നേടിയ മാഞ്ചസ്‌റ്റര്‍ തന്നെയാണ് ഇപ്പോഴും ടേബിളില്‍ മുന്നില്‍. 29 മല്‍സരങ്ങളില്‍ നിന്നായി ലിവര്‍പൂള്‍ 61 പോയന്റ്‌് സ്വന്തമാക്കി രണ്ടാം സ്ഥാനത്തുണ്ട്. ചെല്‍സി 28 കളികളില്‍ നിന്നായി 58 പോയന്റുമായി മൂന്നാമതാണ്.
കൃസ്‌റ്റിയാനോ റൊണാള്‍ഡോയിലൂടെ മാഞ്ചസ്‌റ്ററാണ് മല്‍സരത്തിലെ ആദ്യ ഗോള്‍ നേടിയത്. ലിവര്‍പൂള്‍ ഗോള്‍ക്കീപ്പര്‍ റൈന മാഞ്ചസ്‌റ്റര്‍ മധ്യനിരക്കാരന്‍ പാര്‍ക് ജി സംഗിനെ വീഴ്‌ത്തിയതിന് അനുവദിക്കപ്പെട്ട പെനാല്‍ട്ടി കിക്കാണ് പോര്‍ച്ചുഗീസുകാരന്‍ ഗോളാക്കി മാറ്റിയത്. കാര്‍ലോസ് ടെവസ് നല്‍കിയ ക്രോസ് സ്വീകരിച്ച് ജാമി കരാഗര്‍, സാമി ഹൈപ്പിയ എന്നിവരെ പിറകിലാക്കി കുതിച്ച കൊറിയന്‍ താരത്തെ തടയാന്‍ ശ്രമിച്ച ഗോള്‍ക്കീപ്പര്‍ തെറ്റുകാരനായിരുന്നു. എന്നാല്‍ ലീഡുമായി അധികം സഞ്ചരിക്കാന്‍ മാഞ്ചസ്റ്ററിനെ ലിവര്‍ അനുവദിച്ചില്ല. സ്‌പാനിഷ് താരം ഫെര്‍ണാണ്ടോ ടോറസിന്റെ കുതിപ്പില്‍ മാഞ്ചസ്റ്ററിന്റെ പ്രധാന പിന്‍നിരക്കാരന്‍ നിമാന്‍ഞ്ച വിദിക് പിറകിലായി. മുന്നോട്ട് കയറി വന്ന ഗോള്‍ക്കീപ്പര്‍ വാന്‍ഡര്‍ സറിനെ പിറകിലാക്കി ടോറസിന്റെ മനോഹരമായ ഗോള്‍. അതോടെ കളിക്ക് പതിവില്‍ കവിഞ്ഞ വേഗതയും വാശിയുമായി.
ഫോമില്‍ കളിക്കുകയായിരുന്ന ജെറാര്‍ഡായിരുന്നു ലിവറിന്റെ കുന്തമുന. അദ്ദേഹതിന്റെ കുതിപ്പ് തടയാന്‍ ശ്രമിച്ച മാഞ്ചസ്‌റ്റര്‍ ഡിഫന്‍ഡര്‍ പാട്രൈ ഇവാരക്ക് പിഴച്ചു. വീണ്ടും പെനാല്‍ട്ടി. ജെറാര്‍ഡിലൂടെ പന്ത് വലയില്‍. മാഞ്ചസ്റ്ററിന്റെ ആരാധകര്‍ക്ക് വിശ്വസിക്കാന്‍ കഴിയാത്ത അവസ്ഥ.
ജെറാര്‍ഡിനെ മാരകമായി ഫൗള്‍ ചെയ്‌തതിന് ചുവപ്പുകാര്‍ഡുമായി വിദിക് പുറത്തായതിന് അനുവദിക്കപ്പെട്ട ഫ്രികിക്ക് എടുത്തത് ഫാബിയോ ഒറിലോ. പന്ത് തടയാന്‍ മാഞ്ചസ്റ്റര്‍ പ്രതിരോധഭിത്തി കെട്ടി. പക്ഷേ ഷോട്ട് ഗോള്‍ക്കീപ്പര്‍ വാന്‍ഡര്‍ സറെ നിസ്സഹയനാക്കി. മല്‍സരത്തില്‍ മാഞ്ചസ്റ്ററിന് പിടി അയഞ്ഞ നിമിഷത്തില്‍ മറ്റൊരു മനോഹരമായ ഗോളും പിറന്നു. ഗോള്‍ക്കീപ്പറുടെ ലോംഗ് ഷോട്ടില്‍ നിന്ന് ലഭിച്ച പന്തുമായി കുതിച്ച ആന്‍ഡ്രിയ ദോസന തന്ത്രപരമായി പായിച്ച ലോബ് വലയിലായി.
Subscribe to:
Post Comments (Atom)
No comments:
Post a Comment