Tuesday, March 31, 2009

SOCCER WORLD

അമേരിക്കയില്‍ അങ്കക്കലി
ലോസാഞ്ചലസ്സ്‌: അടുത്ത വര്‍ഷം ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ലോകകപ്പ്‌ ഫുട്‌ബോള്‍ ഫൈനല്‍ റൗണ്ടില്‍ ഉത്തര അമേരിക്കയെയും മധ്യ അമേരിക്കയെയും കരീബിയന്‍ ദ്വീപ സമൂഹങ്ങളെയും പ്രതീനിധീകരിക്കുന്നവര്‍ ആരെല്ലാമായിരിക്കുമെന്ന്‌ ഈയാഴ്‌ച്ച തന്നെ വ്യക്തമാവും. അമേരിക്ക, മെക്‌സിക്കോ, കോസ്‌റ്റാറിക്ക, എല്‍സാവഡോര്‍, ട്രിനിഡാഡ്‌ ആന്‍ഡ്‌ ടുബാഗോ, ഹോണ്ടുറാസ്‌ എന്നിവരില്‍ ആര്‍ക്കായിരിക്കും അഭിമാനസ്ഥാനമെന്ന്‌ അറിയാന്‍ ഇന്ന്‌ മൂന്ന്‌ മല്‍സരങ്ങള്‍ നടക്കുന്നു. ഇന്നത്തെ അങ്കങ്ങളില്‍ ഗ്രൂപ്പില്‍ നാല്‌ പോയന്റുമായി ഒന്നാം സ്ഥാനത്തുള്ള അമേരിക്ക രണ്ട്‌ പോയന്റ്‌്‌ മാത്രമുള്ള ട്രിനിഡാഡ്‌ ആന്‍ഡ്‌ ടുബാഗോയെയും കേവലം ഒരു പോയന്റുമായി അവസാന സ്ഥാനത്തുള്ള ഹോണ്ടുറാസ്‌ മൂന്ന്‌ പോയന്റുമായി രണ്ടാമതുള്ള മെക്‌സിക്കോയെയും മൂന്ന്‌ പോയന്റുമായി ഗ്രൂപ്പില്‍ മൂന്നാമത്‌ നില്‍ക്കുന്ന കോസ്‌റ്റാറിക്ക രണ്ട്‌ പോയന്റുള്ള എല്‍സാവഡോറിനെയും നേരിടും. ഈ മല്‍സരങ്ങള്‍ കോണ്‍കാകാഫിലെ ചിത്രം ഏറെക്കുറെ വ്യക്തമാക്കും.
കോണ്‍കാകാഫിലെ പ്രബലരായ മെക്‌സിക്കോ അല്‍പ്പകാലമായി വിജയമില്ലാത്ത അവസ്ഥയിലായിരുന്നു. നാല്‌ മല്‍സരങ്ങളില്‍ അവര്‍ ജയിക്കാന്‍ മറന്നു. പക്ഷേ ശനിയാഴ്‌ച്ചയോടെ ആ ശനി അകന്നിരിക്കുന്നു. പ്രബലരായ കോസ്‌റ്റാറിക്കയെ രണ്ട്‌ ഗോളിന്‌ തോല്‍പ്പിക്കാന്‍ കഴിഞ്ഞതോടെ മെക്‌സിക്കോ ആവേശത്തിലാണ്‌. ഇന്നത്തെ മല്‍സരത്തില്‍ ജയിച്ച്‌ ദക്ഷിണാഫ്രിക്കന്‍ ടിക്കറ്റ്‌ ഉറപ്പിക്കുകയാണ്‌ ടീമിന്റെ പ്രധാന ലക്ഷ്യം. ലോക സോക്കറിലെ ഏറ്റവും അനുഭവസമ്പന്നനായ പരിശീലകന്‍ ഗോരാന്‍ എറിക്‌സണാണ്‌ ടീമിനെ പരിശീലിപ്പിക്കുന്നത്‌ എന്നതാണ്‌ കാര്യമായ മാറ്റം. ഇംഗ്ലീഷ്‌ ദേശീയ ടീമിനെയും യൂറോപ്പിലെ പല പ്രമുഖ ക്ലബുകളെയും പരിശീലിപ്പിച്ചിട്ടുള്ള എറിക്‌സണ്‍ തന്ത്രങ്ങളുടെ ആശാനാണ്‌. കഴിഞ്ഞ നവംബറില്‍ നടന്ന മല്‍സരത്തില്‍ ഹോണ്ടുറാസിനോട്‌ ഒരു ഗോളിന്‌ തോറ്റതിന്റെ ക്ഷീണം അകറ്റാനുമുണ്ട്‌. ഹോണ്ടുറാസിന്‌ ഇത്‌ വരെ കരുത്ത്‌ പ്രകടിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. ഒരു പോയന്റ്‌്‌ മാത്രമാണ്‌ സമ്പാദ്യം. കോസ്‌റ്റാറിക്കക്കെതിരായ മല്‍സരത്തില്‍ തോറ്റ ഹോണ്ടുറാസിന്‌ കഴിഞ്ഞയാഴ്‌ച്ച ട്രിനിഡാഡിനെതിരെ നടന്ന മല്‍സരത്തില്‍ വിജയിക്കാമായിരുന്നു. ലോംഗ്‌ വിസിലിന്‌ സെക്കന്‍ഡുകള്‍ ബാക്കിനില്‍ക്കവെ ഒരു ഗോളിന്റെ ലീഡ്‌ കാത്ത ടീമിന്‌ അവസാനത്തില്‍ പിഴച്ചു. ട്രിനിഡാഡ്‌ സമനില നേടിയതും ലോംഗ്‌ വിസില്‍ മുഴങ്ങുകയായിരുന്നു. ഇന്നത്തെ നിര്‍ണ്ണായക അങ്കത്തില്‍ ടീമിലെ സൂപ്പര്‍താരം ഡേവിഡ്‌ സൗസോയുടെ സേവനവും ടീമിനില്ല. എവേ മല്‍സരത്തല്‍ വിജയിക്കുകയാണ്‌ പ്രധാനമെന്നും ഇത്‌ ടീമിന്റെ ആത്മവിശ്വാസം ഉയര്‍ത്തുമെന്നും എറിക്‌സണ്‍ പറഞ്ഞു.
വന്‍കരയിലെ പ്രധാന സോക്കര്‍ ശക്തിയായി മാറിയിരിക്കുന്ന അമേരിക്കക്ക്‌ ഇന്ന്‌ എളുപ്പ മല്‍സരമാവാനാണ്‌ സാധ്യത. മെക്‌സിക്കോയെ തോല്‍പ്പിക്കുകയും എല്‍സാവഡോറിനെതിരെ സമനില വഴങ്ങുകയും ചെയ്‌തത്‌ വഴി ലഭിച്ച മൂന്ന്‌ പോയന്റുമായി ഗ്രൂപ്പില്‍ ഒന്നാമത്‌ നില്‍ക്കുന്ന അമേരിക്കയുടെ താരങ്ങളെല്ലാം തകര്‍പ്പന്‍ വിജയത്തിനായുളള ഒരുക്കത്തിലാണ്‌. സാല്‍വഡോറിനെതിരായ മല്‍സരത്തില്‍ അമേരിക്ക നിറം മങ്ങിയിരുന്നു. കളിയുടെ അവസാന പതിനഞ്ച്‌ മിനുട്ട്‌ വരെ രണ്ട്‌ ഗോളിന്‌ പിറകിലായിരുന്ന ടീം അവസാനത്തിലാണ്‌ തിരിച്ചെത്തിയത്‌. ഫ്രാങ്കി ഹെജ്‌ദൂക്‌ എന്ന നായകന്റെ കരുത്താണ്‌ ടീമിനെ തുണച്ചത്‌. ഒരു ഗോള്‍ മടക്കുകയും സമനില ഗോളിന്‌ അവസരമൊരുക്കുകയും ചെയ്‌തത്‌ അദ്ദേഹമായിരുന്നു. സ്വന്തം മൈതാനത്താണ്‌ അമേരിക്ക ഇന്ന്‌ കളിക്കുന്നത്‌. പക്ഷേ ഇന്ന്‌ സൂപ്പര്‍ താരം ഡ്വിയറ്റ്‌ യോര്‍ക്കെയുടെ സേവനം ടീമിന്‌ ലഭിക്കില്ല. കഴിഞ്ഞ മല്‍സരത്തില്‍ നിന്നും സസ്‌പെന്‍ഡ്‌ ചെയ്യപ്പെട്ട താരത്തിന്‌ നാല്‌ മല്‍സരവിലക്കാണ്‌ ശിക്ഷയായി നല്‍കിയിരിക്കുന്നത്‌. കോസ്‌റ്റാറിക്ക -എല്‍സാവഡോര്‍ മല്‍സരം തുല്യ ശക്തികളുടേതാണ്‌.
കോണ്‍കാകാഫ്‌-പോയന്റ്‌്‌ ടേബിള്‍
അമേരിക്ക-4
മെക്‌സിക്കോ-3
കോസ്‌റ്റാറിക്ക-3
എല്‍സാവഡോര്‍-2
ട്രിനിഡാഡ്‌-2
ഹോണ്ടുറാസ്‌-1

ഏഷ്യയില്‍ തീ
മെല്‍ബണ്‍: ഏഷ്യയില്‍ നിന്ന്‌ ദക്ഷിണാഫ്രിക്കന്‍ ടിക്കറ്റ്‌ സ്വന്തമാക്കുന്ന ആദ്യ ടീമെന്ന ഖ്യാതി സ്വന്തമാക്കാന്‍ ഇന്ന്‌ ഓസ്‌ട്രേലിയക്ക്‌ അവസരം. ഗ്രൂപ്പ്‌ എ യിലെ അങ്കത്തില്‍ ഉസ്‌ബെക്കിസ്ഥാനെ കങ്കാരുക്കള്‍ക്ക്‌ തോല്‍പ്പിക്കാനാവണം. കൂടാതെ ഖത്തറും ബഹറൈനും തമ്മിലുളള മല്‍സരം സമനിലയിലാവുകയും വേണം. ഗ്രൂപ്പ്‌ ബിയില്‍ രണ്ട്‌ കൊറിയകള്‍ തമ്മിലുളള തീപ്പാറുന്ന അങ്കമുണ്ട്‌. ഈ മല്‍സരത്തില്‍ ജയിക്കുന്നവര്‍ക്കും ടിക്കറ്റ്‌്‌ ഉറപ്പിക്കാം. രണ്ട്‌ ഗ്രൂപ്പില്‍ നിന്നും ആദ്യ രണ്ട്‌ സ്ഥാനങ്ങള്‍ നേടുന്നവര്‍ക്കാണ്‌ ദക്ഷിണാഫ്രിക്കന്‍ ടിക്കറ്റ്‌. ഓസ്‌ട്രേലിയക്കും കൊറിയകള്‍ക്കും പിറകെ ജപ്പാനും ഇറാനും ടിക്കറ്റിനായി രംഗത്തുണ്ട്‌. ഇന്ന്‌ നാല്‌ മല്‍സരങ്ങളാണ്‌ വന്‍കരയില്‍ നടക്കുന്നത്‌. എ ഗ്രൂപ്പില്‍ മനാമയില്‍ ബഹറൈന്‍ ഖത്തറിനെയും മെല്‍ബണില്‍ ഓസ്‌ട്രേലിയ ഉസ്‌ബെക്കിസ്ഥാനെയും നേരിടുമ്പോള്‍ ബി യില്‍ സോളില്‍ നടക്കുന്ന അങ്കത്തില്‍ ദക്ഷിണ കൊറിയ പരമ്പരാഗത വൈരികളായ ഉത്തരകൊറിയയെയും റിയാദില്‍ വെച്ച്‌ സൗദി അറേബ്യ യു.എ.ഇയെയും എതിരിടുന്നു.
ലോകകപ്പില്‍ വേഗം പന്ത്‌ തട്ടാനാണ്‌ ഇത്തവണ ഓഷ്യാന വിട്ട്‌ ഓസ്‌ട്രേലിയക്കാര്‍ ഏഷ്യയിലേക്ക്‌ ചേക്കേറിയത്‌. ഒാഷ്യാനയില്‍ നിന്ന്‌ ടീമുകള്‍ക്ക്‌ ഫൈനല്‍ റൗണ്ടിലേക്ക്‌ നേരിട്ട്‌ ബെര്‍ത്തില്ല. ഓഷ്യാന ജേതാക്കള്‍ ലാറ്റിനമേരിക്കയിലെ അഞ്ചാം സ്ഥാനക്കാരുമായി പ്ലേ ഓഫ്‌ കളിച്ചാണ്‌ ഫൈനല്‍ റൗണ്ട്‌ ടിക്കറ്റ്‌ സമ്പാദിക്കാറുള്ളത്‌. ഇത്‌ കാരണം പലപ്പോഴും പ്ലേ ഓഫ്‌ കടമ്പ കടക്കാന്‍ ഓസ്‌ട്രേലിയക്ക്‌ കഴിയാറില്ല. ഇത്‌ കാരണമാണ്‌ അവര്‍ ഏഷ്യയിലേക്ക്‌ മാറിയിരിക്കുന്നത്‌. അതിന്റെ ഫലവും കണ്ടിരിക്കുന്നു. ഇന്നത്തെ മല്‍സരത്തില്‍ ഉസ്‌ബെക്കുകാരെ തോല്‍പ്പിച്ചാല്‍ ടിക്കറ്റ്‌ ഉറപ്പിക്കാം. പക്ഷേ കാര്യങ്ങള്‍ എളുപ്പമല്ലെന്ന്‌ ഓസീസ്‌ കോച്ച്‌ പീം വിബെക്ക്‌ സമ്മതിക്കുന്നു. ജപ്പാനെക്കാള്‍ അപകടകാരികളാണ്‌ ഉസ്‌ബെക്കുകാര്‍. കഴിഞ്ഞ മല്‍സരത്തില്‍ അവര്‍ ഖത്തറിനെ നാല്‌ ഗോളിനാണ്‌ പരാജയപ്പെടുത്തിയത്‌. ഇരു ടീമുകളും തമ്മില്‍ നടന്ന ആദ്യപാദ യോഗ്യതാ അങ്കത്തില്‍ ഒരു ഗോളിനാണ്‌ ഓസ്‌ട്രേലിയ ജയിച്ചത്‌. ഇന്ന്‌ സ്വന്തം മൈതാനത്ത്‌, ആയിരക്കണക്കിന്‌ ആരാധകരുടെ പിന്‍ബലത്തില്‍ കളിക്കുന്നു എന്നുള്ളത്‌ ആനുകൂല്യമാണ്‌. ഇന്നത്തെ മല്‍സരത്തില്‍ സൂപ്പര്‍ താരങ്ങളായ ടീം കാഹില്‍, മാര്‍ക്‌ ബെര്‍സിയാനോ, കാര്‍ വലേരി, മൈക്കല്‍ പിബാക്‌്‌പ എന്നിവര്‍ കളിക്കുന്ന കാര്യം സംശയത്തിലാണ്‌. ഉസ്‌ബെക്ക്‌ നിരയിലും ചെറിയ പ്രശ്‌നങ്ങളുണ്ട്‌. അസുഖ ബാധിതനായ മാക്‌സിം ഷാറ്റ്‌സിക്‌ കളിക്കുന്നില്ല.
മനാമയില്‍ നടക്കുന്നത്‌ രണ്ട്‌ അറേബ്യന്‍ ശക്തികള്‍ തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടമാണ്‌. ഗ്രൂപ്പ്‌ എ യില്‍ നിന്ന്‌ ഓസ്‌ട്രേലിയയും ജപ്പാനും ഫൈനല്‍ റൗണ്ട്‌ ടിക്കറ്റ്‌ ഏറെക്കുറെ ഉറപ്പാക്കുമെന്നിരിക്കെ ഗ്രൂപ്പിലെ മൂന്നാം സ്ഥാനമാണ്‌ രണ്ട്‌ ടീമുകളും ലക്ഷ്യമാക്കുന്നത്‌. മൂന്നാം സ്ഥാനം ലഭിച്ചാല്‍ പ്ലേ ഓഫ്‌ അവസരമുണ്ട്‌. 26 തവണ ഇതിനകം രണ്ട്‌ ടീമുകളും നേര്‍ക്കുനേര്‍ വന്നിട്ടുണ്ട്‌. ഇതില്‍ വിജയകാര്യത്തില്‍ ഒരു മല്‍സരത്തിന്റെ മുന്‍ത്തൂക്കം ഏഷ്യന്‍ ഗെയിംസ്‌ ജേതാക്കളായ ഖത്തറിനുണ്ട്‌.
ഖത്തറിന്‌ ക്ഷീണമായിരിക്കുന്നത്‌ കഴിഞ്ഞയാഴ്‌ച്ചയിലെ മല്‍സരമാണ്‌. താഷ്‌ക്കന്റില്‍ നടന്ന കളിയില്‍ അവര്‍ നാല്‌ ഗോളിന്‌ ഉസ്‌ബെക്കിസ്ഥാനോട്‌ പരാജയപ്പെട്ടിരുന്നു. മുമ്പ്‌ സെനഗല്‍ ഉള്‍പ്പെടെയുളള മുഖ്യ ടീമുകളെ പരിശീലിപ്പിച്ച ബ്രൂണോ മസ്‌തു എന്ന ഫ്രഞ്ചുകാരനാണ്‌ ടീമിന്റെ കോച്ച്‌. ഇത്‌ വരെ ടീമിന്‌ ഒരു വിജയം സമ്മാനിക്കാന്‍ കോച്ചിന്‌ കഴിഞ്ഞിട്ടില്ല. ഇന്നത്തെ മല്‍സരത്തിലും തോറ്റാല്‍ ചിലപ്പോള്‍ കോച്ചിന്റെ തൊപ്പിയും തെറിക്കും. ബഹറൈന്‍ കോച്ചായ മിലാന്‍ മസാലക്കും പ്രശ്‌നങ്ങളുണ്ട്‌. ടീം തോറ്റാല്‍ അദ്ദേഹത്തിന്റെ കസേരക്കും ഇളക്കം സംഭവിക്കും.
സോളിലാണ്‌ മറ്റൊരു യുദ്ധം. രണ്ട്‌ കൊറിയകളും ബലാബലത്തിനിറങ്ങുമ്പോള്‍ സമനിലയാണ്‌ എല്ലാവരും മുന്നില്‍ കാണുന്നത്‌. ഇത്‌ വരെ നടന്ന കളികളില്ലെല്ലാം രണ്ട്‌ പേരും മാനം കാക്കാന്‍ പ്രതിരോധ തന്ത്രങ്ങളാണ്‌ മെനഞ്ഞിട്ടുള്ളത്‌. അതിനാല്‍ ആക്രമണ സോക്കര്‍ ഇന്നും കാണാന്‍ പ്രയാസമാണ്‌. തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന ഗോള്‍ക്കീപ്പര്‍ റി മിയോംഗ്‌ ഗുക്കിലാണ്‌ ഉത്തര കൊറിയയുടെ പ്രതീക്ഷ.
കഴിഞ്ഞ മല്‍സരത്തില്‍ അലി ദായി പരിശീലിപ്പിച്ച ഇറാനെ തകര്‍ത്ത ആവേശത്തിലാണ്‌ സൗദി ഇന്ന്‌ യു.എ.ഇയെ നേരിടുന്നത്‌. ഇന്നത്തെ മല്‍സരത്തിലും ജയിച്ചാല്‍ ബി ഗ്രൂപ്പിലെ രണ്ടാം സ്ഥാനം സൗദിക്ക്‌ സ്വന്തമാക്കാനാവും. നിലവില്‍ ഗ്രൂപ്പിലെ അവസാന സ്ഥാനക്കാരാണ്‌ യു.എ.ഇ. ഇന്നും തോറ്റാല്‍ അവരുടെ കാര്യങ്ങള്‍ അവസാനിക്കും. ഇത്‌ വരെ യു.എ.ഇക്കെതിരെ നടന്ന 27 മല്‍സരങ്ങളില്‍ 15 വിജയവും 6 സമനിലകളും നേടിയ സൗദി ഇന്ന്‌ സ്വന്തം മൈതാനത്ത്‌ കളിക്കുമ്പോള്‍ ലക്ഷ്യം വന്‍ വിജയമാണ്‌.
ഏഷ്യ പോയന്റ്‌്‌ ടേബിള്‍
ഗ്രൂപ്പ്‌ എ
ജപ്പാന്‍-11
ഓസ്‌ട്രേലിയ-10
ഉസ്‌ബെക്കിസ്ഥാന്‍-4
ബഹറൈന്‍-4
ഖത്തര്‍-4
ഗ്രൂപ്പ്‌ ബി
ഉത്തര കൊറിയ-10
ദക്ഷിണ കൊറിയ-8
സൗദി അറേബ്യ-7
ഇറാന്‍-6
യു.എ.ഇ-1

ഇന്നത്തെ മല്‍സരങ്ങള്‍
ലാറ്റിനമേരിക്ക: ബൊളീവിയ-അര്‍ജന്റീന,ഇക്വഡോര്‍-പരാഗ്വേചിലി-ഉറുഗ്വേബ്രസീല്‍-പെറു
.യൂറോപ്പ്‌: ലാത്‌വിയ-ലക്‌സംബര്‍ഗ്ഗ്‌, ഹംഗറി-മാള്‍ട്ട, ലൈഞ്ചസ്റ്റിന്‍-റഷ്യ, നോര്‍ത്തേണ്‍ അയര്‍ലാന്‍ഡ്‌-സ്ലോവേനിയ, വെയില്‍സ്‌-ജര്‍മനി, ഡെന്മാര്‍ക്ക്‌-അല്‍ബേനിയ, സ്വിറ്റ്‌സര്‍ലാന്‍ഡ്‌-മോള്‍ദോവ, പോളണ്ട്‌-സാന്‍മറീനോ, ചെക്‌ റിപ്പബ്ലിക്‌-സ്ലോവാക്യ, ഗ്രീസ്‌-ഇസ്രാഈല്‍, എസ്‌റ്റോണിയ-അര്‍മീനിയ, ബള്‍ഗേറിയ-സൈപ്രസ്‌, ഇംഗ്ലണ്ട്‌-ഉക്രൈന്‍, സ്‌ക്കോട്ട്‌ലാന്‍ഡ്‌-ഐസ്‌ലാന്‍ഡ്‌, ഡെന്മാര്‍ക്ക്‌-അല്‍ബേനിയ, അന്‍ഡോറ-ക്രൊയേഷ്യ, കസാക്കിസ്ഥാന്‍-ബെലാറൂസ്‌, ഓസ്‌ട്രിയ-റുമേനിയ, ബോസ്‌നിയ-ബെല്‍ജിയം, ഹോളണ്ട്‌-മാസിഡോണിയ, ഇറ്റലി-റിപ്പബ്ലിക്‌ ഓഫ്‌ അയര്‍ലാന്‍ഡ്‌, തുര്‍ക്കി-സ്‌പെയിന്‍, ഫ്രാന്‍സ്‌-ലിത്വാനിയ, ജോര്‍ജ്ജിയ-മോണ്ടിനിഗ്രോ,
ഏഷ്യ: ദക്ഷിണ കൊറിയ-ഉത്തര കൊറിയ, ഓസ്‌ട്രേലിയ-ഉസ്‌ബെക്കിസ്ഥാന്‍, ബഹറൈന്‍-ഖത്തര്‍, സൗദി അറേബ്യ-യു.എ.ഇ
കോണ്‍കാകാഫ്‌: അമേരിക്ക-ട്രിനിഡാഡ്‌, ഹോണ്ടുറാസ്‌-മെക്‌സിക്കോ,കോസ്‌റ്റാറിക്ക-എല്‍സാവഡോര്‍.

രക്ഷകനാവാന്‍ കക്ക
പോര്‍ട്ടോ അള്‍ജിരിയോ: ബ്രസീലിന്‌ ഇന്നത്തെ അങ്കത്തില്‍ ജയിച്ചാല്‍ മാത്രം പോര-വന്‍ജയം തന്നെ വേണം. ലാറ്റിനമേരിക്കയില്‍ ലോകകപ്പ്‌ യോഗത്യാ റൗണ്ടിന്റെ മറ്റൊരു ഘട്ടം ഇന്ന്‌ നടക്കുമ്പോള്‍ സമ്മര്‍ദ്ദത്തിന്റെ മുള്‍മുനയിലാണ്‌ കോച്ച്‌ ഡുംഗെയും സംഘവും. പത്ത്‌ ടീമുകള്‍ മാറ്റുരക്കുന്ന ലാറ്റിനമേരിക്കയില്‍ ഇപ്പോള്‍ നാലാം സ്ഥാനത്താണ്‌ അഞ്ച്‌ തവണ ലോകകപ്പ്‌ സ്വന്തമാക്കിയ ടീം. ഇന്നത്തെ മല്‍സരം ഗ്രൂപ്പിലെ അവസാന സ്ഥാനക്കാരായ പെറുവുമായിട്ടുളളതിനാല്‍ ജയം ഉറപ്പാണ്‌. പക്ഷേ വെറുതെ ജയിച്ചാല്‍ പോര- മാക്‌സിമം ഗോളുകളാണ്‌ ഡുംഗെ സ്വന്തം താരങ്ങളില്‍ നിന്ന്‌ ആവശ്യപ്പെടുന്നത്‌.
സൂപ്പര്‍ താരവും പ്ലേ മേക്കറുമായ കക്ക ഇന്ന്‌ കളിക്കുന്നു എന്നതാണ്‌ പ്രധാന വാര്‍ത്ത. കഴിഞ്ഞയാഴ്‌ച്ച ഇക്വഡോറിനെതിരെ സമനിലയില്‍ കലാശിച്ച അങ്കത്തില്‍ കക്ക കളിച്ചിരുന്നില്ല. ക്വിറ്റോയില്‍ നടന്ന മല്‍സരത്തില്‍ ഭാഗ്യത്തിനാണ്‌ ബ്രസീല്‍ രക്ഷപ്പെട്ടത്‌. പരാഗ്വേ, അര്‍ജന്റീന, ചിലി എന്നിവരാണ്‌ ഗ്രൂപ്പില്‍ ആദ്യ മൂന്ന്‌ സ്ഥാനങ്ങളില്‍. ലാറ്റിനമേരിക്കയിലെ ആദ്യ നാല്‌ സ്ഥാനക്കാര്‍ക്ക്‌ ലോകകപ്പ്‌ ഫൈനല്‍ റൗണ്ട്‌ ടിക്കറ്റ്‌ ഉറപ്പുള്ളതിനാല്‍ നിലവില്‍ ബ്രസീലിന്‌ ഭയപ്പെടാനില്ല. പക്ഷേ ഉറുഗ്വേ, കൊളംബിയ എന്നിവരെല്ലാം തൊട്ട്‌ പിറകിലുണ്ട്‌. ഇന്ന്‌ നടക്കുന്ന മറ്റ്‌ മല്‍സരങ്ങളില്‍ അര്‍ജന്റീന ബൊളീവിയയെയും പരാഗ്വേ ഇക്വഡോറിനെയും ചിലി ഉറുഗ്വയെയും നേരിടുന്നുണ്ട്‌. ഈ മല്‍സരഫലങ്ങള്‍ ബ്രസീലിന്‌ നിര്‍ണ്ണായകമാണ്‌. ഇന്ന്‌ കക്ക കളിക്കുമ്പോള്‍ മറ്റൊരു സൂപ്പര്‍താരമായ റൊണാള്‍ഡിഞ്ഞോയുടെ സ്ഥാനം ബെഞ്ചിലായിരിക്കുമെന്നാണ്‌ സൂചന. ഇന്നത്തെ മല്‍സരത്തില്‍ കളിക്കാന്‍ കഴിയുമെന്നാണ്‌ പ്രതീക്ഷയെന്നും എന്നാല്‍ 90 മിനുട്ടും കളിക്കാനാവുമോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്നും കക്ക പറഞ്ഞു.
ഗ്രൂപ്പില്‍ ഒന്നാമത്‌ നില്‍ക്കുന്ന പരാഗ്വേക്ക്‌ കഴിഞ്ഞ മല്‍സരത്തിലെ പരാജയം ക്ഷീണമാണ്‌. ഡിയാഗോ മറഡോണ പരിശീലിപ്പിക്കുന്ന അര്‍ജന്റീന വിജയതാളം നിലനിര്‍ത്താനുള്ള ശ്രമത്തിലാണ്‌. ലയണല്‍ മെസി തന്നെയാണ്‌ ഇന്നും മറഡോണയുടെ ആയുധം.

ക്രൗച്ച്‌
വെംബ്ലി: ഇന്ന്‌ വെംബ്ലി സ്‌റ്റേഡിയത്തില്‍ ഉക്രൈനെ ലോകകപ്പ്‌ യോഗ്യതാ റൗണ്ടില്‍ നേരിടുന്ന ഇംഗ്ലണ്ടിന്റെ വിജയഭാരം പീറ്റര്‍ ക്രൗച്ച്‌ എന്ന ഉയരക്കാരനിലായിരിക്കും. ഇന്നത്തെ അങ്കത്തില്‍ മുന്‍നിരയില്‍ ക്രൗച്ച്‌ മാത്രമായിരിക്കുമെന്ന്‌ കോച്ച്‌ ഫാബിയാ കാപ്പലോ വ്യക്തമാക്കി. വെയിന്‍ റൂണിയും സ്‌റ്റീവന്‍ ജെറാര്‍ഡും മധ്യനിരയിലായിരിക്കും. ആദ്യ ഇലവനില്‍ മുന്‍നിരയില്‍ കളിക്കാന്‍ സര്‍വതാ യോഗ്യന്‍ ക്രൗച്ചാണെന്ന്‌ കോച്ച്‌ വിശദീകരിക്കുന്നു. കഴിഞ്ഞ ദിവസം നടന്ന സന്നാഹ മല്‍സരത്തില്‍ ഇംഗ്ലണ്ട്‌ നാല്‌ ഗോളിന്‌ സ്ലോവാക്യയെ തകര്‍ത്തിരുന്നു. ആ മല്‍സരത്തിനിടെ ക്രൗച്ചിന്‌ ചെറിയ പരുക്ക്‌ പറ്റിയെങ്കിലും അദ്ദേഹം ആരോഗ്യം വീണ്ടെടുത്തിട്ടുണ്ട്‌. റിയോ ഫെര്‍ഡിനാന്‍ഡും ഇന്ന്‌ കളിക്കുന്നുണ്ട്‌.
റിബറി
പാരീസ്‌: യൂറോപ്പില്‍ ഇന്ന്‌ നടക്കുന്ന ലോകകപ്പ്‌ യോഗ്യതാ മല്‍സരങ്ങളില്‍ ഫുട്‌ബോള്‍ ലോകം ഉറ്റുനോക്കുന്നത്‌ നിലവില്‍ ലോകകപ്പ്‌ രണ്ടാം സ്ഥാനക്കരായ ഫ്രാന്‍സിന്റെ പ്രകടനമാണ്‌. യൂറോപ്യന്‍ ഗ്രൂപ്പ്‌ ഏഴില്‍ മൂന്നാമത്‌ നില്‍ക്കുന്ന ടീമാണ്‌ ഫ്രാന്‍സ്‌. ഇന്നത്തെ എതിരാളികള്‍ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത്‌ നില്‍ക്കുന്ന ലിത്വാനിയയാണ്‌. മല്‍സരം ജയിക്കാനായാല്‍ മാത്രമാണ്‌ ഫ്രാന്‍സിന്‌ മുന്നോട്ടുള്ള പാത എളുപ്പമാവുക. പക്ഷേ കാര്യങ്ങള്‍ ഫ്രാന്‍സിന്‌ എളുപ്പമല്ല. ഇത്‌ വരെ സ്വതസിദ്ധമായ കരുത്തില്‍ കളിക്കാന്‍ ടീമിനായിട്ടില്ല. ജര്‍മന്‍ ലീഗില്‍ ബയേണ്‍ മ്യൂണിച്ചിനായി കളിക്കുന്ന ഫ്രാങ്ക്‌ റിബറിയുടെ കരുത്തിലാണ്‌ കഴിഞ്ഞ മല്‍സരം ജയിച്ചത്‌. ഇന്നും കോച്ച്‌ ഡൊമന്‍ച്ചെയുടെ പ്രതീക്ഷ റിബറി തന്നെയാണ്‌.
തുരുപ്പുചീട്ട്‌
ബ്യൂണസ്‌അയേഴ്‌സ്‌: ഡിയാഗ മറഡോണ ഇപ്പോള്‍ ലയണല്‍ മെസ്സിയുടെ കടുത്ത ആരാധകനാണ്‌. കഴിഞ്ഞയാഴ്‌ച്ച വെനിസ്വേലക്കെതിരായ ലോകകപ്പ്‌ യോഗ്യതാ മല്‍സരം കഴിഞ്ഞതിന്‌ ശേഷം കോച്ചിന്‌ തന്റെ സൂപ്പര്‍ താരത്തെ വലിയ ഇഷ്‌ടമാണ്‌. ഇന്ന്‌ ബൊളിവിയയാണ്‌ ലോകകപ്പ്‌ യോഗ്യതാ പോരാട്ടത്തില്‍ അര്‍ജന്റീനയുടെ എതിരാളികള്‍. ഈ മല്‍സരത്തിലും ജയിക്കണമെങ്കില്‍ മെസിയുടെ മാജിക്കാണ്‌ കോച്ച്‌ പ്രതീക്ഷിക്കുന്നത്‌. ലോകം മുഴുവന്‍ ഇന്ന്‌ ഏക സ്വരത്തില്‍ പറയുന്ന നമ്പര്‍ വണ്‍ താരമാണ്‌ മെസ്സിയെന്ന്‌ മറഡോണ വ്യക്തമാക്കുന്നു. ഫിഫ പ്ലെയര്‍ ഓഫ്‌ ദ ഇയര്‍ പട്ടികയില്‍ രണ്ടാം സ്ഥാനത്തായെങ്കില്‍ പോലും മെസിയോളം ഉയരാന്‍ ഇന്ന്‌ ലോക സോക്കറില്‍ ആരുമില്ലെന്നാണ്‌ കോച്ച്‌ അവകാശപ്പെടുന്നത്‌. ഇന്നത്തെ മല്‍സരം ജയിച്ചാല്‍ മറഡോണക്ക്‌ ഗ്രൂപ്പില്‍ ഉയരത്തിലെത്താം.

No comments: