Tuesday, March 24, 2009

S.A LEAGUE

ദക്ഷിണാഫഅരിക്ക
മുംബൈ: വിജയം ലളിത്‌ മോഡിക്ക്‌ തന്നെ...! ഐ.പി.എല്‍ ഗവേണിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍ ആഗ്രഹിച്ചത്‌ പോലെ തന്നെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ക്രിക്കറ്റിന്റെ രണ്ടാം പതിപ്പ്‌ ദക്ഷിണാഫ്രിക്കയില്‍ നടക്കും. ഏപ്രില്‍ പത്തിന്‌ ആരംഭിക്കുന്ന ചാമ്പ്യന്‍ഷിപ്പ്‌ മെയ്‌ 24 ന്‌ അവസാനിക്കും. ക്രിക്കറ്റ്‌ ദക്ഷിണാഫ്രിക്ക തലവന്‍ ജെറാര്‍ഡ്‌ മജോളയുമായി ഇന്നലെ മോഡി നടത്തിയ ചര്‍ച്ചയിലാണ്‌ അന്തിമ തീരുമാനമുണ്ടായത്‌. കാലാവസ്ഥയും സമയവുമാണ്‌ ദക്ഷിണാഫ്രിക്കയെ വേദിയാക്കാന്‍ കാരണമെന്ന്‌ മോഡി പറഞ്ഞു. ഐ.പി.ല്‍ മല്‍സരങ്ങള്‍ വിദേശത്ത്‌ നടത്താന്‍ ധാരണയായപ്പോള്‍ ഇംഗ്ലണ്ടിനെ ചുറ്റിപ്പറ്റിയായിരുന്നു ചര്‍ച്ചകള്‍. എന്നാല്‍ മോഡിയും സംഘവും ദക്ഷിണാഫ്രിക്കക്കായി നടത്തിയ ചര്‍ച്ചകളാണ്‌ വിജയം വരിച്ചത്‌. ഇന്ത്യന്‍ സമയം നാല്‌ മണിക്ക്‌ തന്നെ മല്‍സരങ്ങള്‍ ആരംഭിക്കും. ഇപ്പോള്‍ ദക്ഷിണാഫ്രിക്കയില്‍ പ്രസന്ന കാലാവസ്ഥയായതിനാല്‍ മല്‍സരങ്ങള്‍ തടസ്സമില്ലാതെ നടത്താന്‍ കഴിയുമെന്നാണ്‌ പ്രതീക്ഷ. ഇംഗ്ലണ്ടിന്റെ കാര്യത്തില്‍ സമയത്തിനൊപ്പം കാലാവസ്ഥയും പ്രതികൂലഘടകമായിരുന്നു. ഇന്ത്യയിലെ നാല്‌ മണിയെന്നാല്‍ ഇംഗ്ലണ്ടിലെ 11-30 മണിയാണ്‌. ഈ സമയത്ത്‌ കളി ആസ്വദിക്കാന്‍ കാണികളെ ലഭിക്കില്ല. ഏപ്രില്‍, മെയ്‌ മാസങ്ങളില്‍ ഇംഗ്ലണ്ടില്‍ നല്ല മഴക്കാലമാണ്‌. ഇംഗ്ലണ്ടില്‍ മല്‍സരങ്ങള്‍ നടത്തിയാല്‍ 90 ശതമാനം മല്‍സരങ്ങളെയും മഴ ബാധിക്കുമെന്ന റിപ്പോര്‍ട്ടുമുണ്ടായിരുന്നു.
ദക്ഷിണാഫ്രിക്കയില്‍ എല്ലാ മല്‍സരങ്ങള്‍ക്കും ഉയര്‍ന്ന സുരക്ഷ സര്‍ക്കാര്‍ വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്‌. കൂടാതെ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ്‌ ടീമിന്‌ ഏപ്രില്‍, മെയ്‌ മാസങ്ങളില്‍ മല്‍സരങ്ങളില്ലാത്തതിനാല്‍ ഗ്രൗണ്ടുകളുടെ കാര്യത്തിലും പ്രയാസമില്ല. ഐ.പി.എല്ലില്‍ കളിക്കുന്ന ടീമുകളില്‍ ദക്ഷിണാഫ്രിക്കന്‍ താരങ്ങളുള്ളതിനാല്‍ കാണികളുടെ കാര്യത്തിലും സംശയം വേണ്ടെന്ന്‌ മോഡി പറയുന്നു.
ഐ.പി.എല്‍ മല്‍സരങ്ങള്‍ വിദേശത്ത്‌ നടത്താന്‍ ഇന്ത്യന്‍ ക്രിക്കറ്റ്‌ കണ്‍്‌ട്രോള്‍ ബോര്‍ഡ്‌ ഉന്നതാധികാര യോഗം തീരുമാനിച്ച സാഹചര്യത്തില്‍ അല്‍പ്പം പിറകോട്ട്‌ നിന്ന ദക്ഷിണാഫ്രിക്ക ഇന്നലെയോടെയാണ്‌ ചാമ്പ്യന്‍ഷിപ്പിനായി രംഗത്ത്‌ വന്നത്‌. ലോക ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങളെല്ലാം അണിനിരക്കുന്ന ചാമ്പ്യന്‍ഷിപ്പിന്‌ വന്‍ ജനസമ്മതി ഉറപ്പാണെന്ന്‌ മനസ്സിലാക്കിയാണ്‌ ജെറാര്‍ഡ്‌ മജോള രംഗത്ത്‌ വന്നത്‌. ദക്ഷിണാഫ്രിക്ക ഔദ്യോഗികമായ താല്‍പ്പര്യമെടുത്തപ്പോള്‍ ഇംഗ്ലണ്ടിന്‌ വിനയായി ധാരാളം കാരണങ്ങളും നിരന്നു. മഴയും കാലാവസ്ഥയും മല്‍സരത്തിരക്കും കൗണ്ടി സിസണിന്റെ തുടക്കവുമെല്ലാം ഇംഗ്ലണ്ടില്‍ മല്‍സരങ്ങള്‍ നടത്തുന്നതിന്‌ വിഘാതമായപ്പോള്‍ ദക്ഷിണാഫ്രിക്കയില്‍ തടസ്സങ്ങളൊന്നുമുണ്ടായിരുന്നില്ല.
ഇംഗ്ലണ്ടില്‍ നിന്നും ദക്ഷിണാഫ്രിക്കയിലേക്ക്‌ മല്‍സരങ്ങളെ മാറ്റാന്‍ ഐ.പി.എല്‍ ഗവേണിംഗ്‌ കമ്മിറ്റിയെ പ്രേരിപ്പിച്ച ഘടകങ്ങള്‍ ഇവയാണ്‌:
1- സാമ്പത്തിക ലാഭം
ഇംഗ്ലണ്ടില്‍ മല്‍സരങ്ങള്‍ നടത്താനുളള സാമ്പത്തിക ചെലവുമായി താരതമ്യം ചെയ്യുമ്പോള്‍ അതിന്റെ പകുതി മാത്രം മതി ദക്ഷിണാഫ്രിക്കയില്‍ ചാമ്പ്യന്‍ഷിപ്പ്‌ നടത്താന്‍. ടീമുകളുടെ താമസം, പരിശീലനം, ഭക്ഷണം തുടങ്ങിയ കാര്യങ്ങള്‍ക്കായി ഭീമമായ തുകയാണ്‌ ഇംഗ്ലണ്ടില്‍ വേണ്ടി വരുക. വിദേശത്താണ്‌ മല്‍സരങ്ങളെങ്കില്‍ ചെലവിന്റെ കാര്യത്തില്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ സഹായിക്കേണ്ടി വരുമെന്ന്‌ ഐ.പി.എല്‍ ടീം ഉടമസ്ഥര്‍ സൂചിപ്പിച്ചിരുന്നു. ഇംഗ്ലണ്ടില്‍ കൗണ്ടി സീസണ്‍ ആരംഭിക്കുന്നതിനാല്‍ ഹോട്ടലുകളില്‍ താമസസൗകര്യം ലഭിക്കാന്‍ പ്രയാസമാണ്‌. മൈതാനങ്ങളോടനുബന്ധിച്ചുളള ഹോട്ടലുകളെല്ലാം നേരത്തെ തന്നെ ബുക്ക്‌ ചെയ്‌തവയാണ്‌. ഭക്ഷണകാര്യത്തിലും ഭാരിച്ച ചെലവ്‌ വരും. മൈതാനങ്ങള്‍ ലഭ്യമാവാനും പ്രയാസമാണ്‌. ദക്ഷിണാഫ്രിക്കയില്‍ ഏപ്രില്‍, മെയ്‌ മാസങ്ങള്‍ പൊതുവേ തിരക്ക്‌ കുറഞ്ഞ സീസണാണ്‌. ഹോട്ടലുകളില്‍ തിരക്ക്‌ കുറവായിരിക്കും. മൈതാനങ്ങളുടെ ലഭ്യതയും ഉറപ്പു വരുത്താം.
സമയം
ടെലിവിഷന്‍ സമയമാണ്‌ ഐ.പി.എല്‍ മല്‍സരങ്ങളുടെ ജനപ്രീതിക്ക്‌ നിദാനം. ഈ കാര്യത്തില്‍ ഒരു വിട്ടുവീഴ്‌ച്ചക്കും സംഘാടകര്‍ തയ്യാറല്ല. മല്‍സരങ്ങള്‍ ദക്ഷിണാഫ്രിക്കയിലാണ്‌ നടക്കുന്നതെങ്കിലും ഇന്ത്യന്‍ സമയത്തിന്‌ മല്‍സരങ്ങള്‍ നടത്തണമെന്നതായിരുന്നു എല്ലാവരുടെയും ആവശ്യം. ഇന്ത്യയില്‍ വൈകീട്ട്‌ നാല്‌ മണിക്കാണ്‌ മല്‍സരങ്ങളെങ്കില്‍ ഇംഗ്ലണ്ടില്‍ അത്‌ രാവിലെ 11-30 ആണ്‌. ഈ ഇംഗ്ലീഷ്‌ സമയത്ത്‌ മൈതാനങ്ങളില്‍ കളിക്കായി ആരാധകര്‍ എത്തുന്ന കാര്യം സംശയത്തിലാണ്‌. പക്ഷേ ഇന്ത്യയിലെ നാല്‌ മണിയെന്നാല്‍ ദക്ഷിണാഫ്രിക്കയില്‍ അത്‌ ഉച്ചക്ക്‌ 12.30 ആണ്‌. ഈ സമയക്രമത്തില്‍ മല്‍സരങ്ങള്‍ ആസ്വദിക്കാന്‍ ആളുകളെ ലഭിക്കുമെന്നാണ്‌ കരുതപ്പെടുന്നത്‌. ഐ.പി.എല്‍ ആദ്യ സീസണ്‍ വന്‍ വിജയമാവാന്‍ കാരണം ടെലിവിഷന്‍ കവറേജായിരുന്നു. എല്ലാ മല്‍സരങ്ങളും അനുകൂല സമയത്തില്‍ തല്‍സമയം സംപ്രേഷണം ചെയ്‌തിരുന്നു. മൂന്ന്‌ മണിക്കൂര്‍ മാത്രമാണ്‌ മല്‍സരങ്ങള്‍ ദീര്‍ഘിച്ചിരുന്നത്‌. ചെറിയ സമയത്തില്‍ വലിയ മല്‍സരങ്ങള്‍ നടക്കുമ്പോള്‍ അത്‌ ആസ്വദിക്കാന്‍ യുവത പ്രത്യേക താല്‍പ്പര്യമെടുത്തു.
ആഭ്യന്തര സീസണ്‍
ഇംഗ്ലണ്ടില്‍ ആഭ്യന്തര സീസണ്‍ ഏപ്രില്‍ ആദ്യത്തിലാണ്‌ ആരംഭിക്കുന്നത്‌. കൗണ്ടി ക്രിക്കറ്റ്‌ എന്നാല്‍ അത്‌ ഇംഗ്ലീഷ്‌ ക്രിക്കറ്റിന്റെ ജീവനാണ്‌. എന്നാല്‍ ഏപ്രില്‍ ആദ്യത്തോടെ ദക്ഷിണാഫ്രിക്കയില്‍ ആഭ്യന്തര സീസണ്‍ അവസാനിക്കുകയാണ്‌. കൗണ്ടി ക്രിക്കറ്റിന്റെ സമയത്ത്‌ ഇംഗ്ലണ്ടില്‍ മൈതാനങ്ങള്‍ ലഭിക്കാന്‍ പ്രയാസമാണ്‌. വിവിധ കൗണ്ടികള്‍ക്ക്‌ സ്വന്തമാണ്‌ ഓരോ മൈതാനവും. ഈ മൈതാനങ്ങളാവട്ടെ പലതും വളരെ ചെറുതാണ്‌. കൂടുതല്‍ കാണികള്‍ക്ക്‌ ഇരിപ്പിട സൗകര്യവുമില്ല. ദക്ഷിണാഫ്രിക്കയിലാവട്ടെ ഈ പ്രശ്‌നങ്ങളില്ല. പ്രഥമ 20-20 ലോകകപ്പ്‌ ദക്ഷിണാഫ്രിക്ക വിജയകരമായാണ്‌ നടത്തിയത്‌. അതിനാല്‍ മൈതാനങ്ങളുടെ കാര്യത്തില്‍ സംശയങ്ങള്‍ക്ക്‌ വകയില്ല. കൗണ്ടി ക്രിക്കറ്റിന്‌ പുറമെ വിന്‍ഡീസ്‌ ക്രിക്കറ്റ്‌ ടീം ഇംഗ്ലീഷ്‌ പര്യടനത്തിനായി അടുത്ത മാസം വരുന്നുണ്ട്‌. ഇപ്പോള്‍ ഇംഗ്ലീഷ്‌ ക്രിക്കറ്റ്‌ ടീം വിന്‍ഡീസ്‌ പര്യടനത്തിലാണ്‌. ഈ പര്യടനം അവസാനിക്കുന്നതും ഇംഗ്ലണ്ടില്‍ പരമ്പര തുടങ്ങുന്നു. ലോര്‍ഡ്‌സ്‌ ഉള്‍പ്പെടെ പ്രധാന വേദികളില്ലെല്ലാം മല്‍സരങ്ങളുണ്ട്‌.
കാലാവസ്ഥ
ലോക ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങളുടെ സാന്നിദ്ധ്യമാണ്‌ ഐ.പി.എല്ലിന്റെ കരുത്ത്‌. ഏപ്രില്‍ പത്തിന്‌ തുടങ്ങി മെയ്‌ 23 ല്‍ അവസാനിക്കുന്ന ചാമ്പ്യന്‍ഷിപ്പ്‌ ദിവസങ്ങളില്‍ എല്ലാ സൂപ്പര്‍ താരങ്ങളുടെയും സാന്നിദ്ധ്യം ഉറപ്പിക്കാന്‍ കഴിയില്ല. എങ്കിലും നിലവിലെ ഷെഡ്യൂളില്‍ കൂടുതല്‍ താരങ്ങളുടെ സാന്നിദ്ധ്യം ഉറപ്പാണ്‌. ഇംഗ്ലീഷ്‌ താരങ്ങളായ ആന്‍ഡ്ര്യൂ ഫ്‌ളിന്റോഫ്‌, കെവിന്‍ പീറ്റേഴ്‌സണ്‍ തുടങ്ങിയവര്‍ എല്ലാ മല്‍സരങ്ങളിലും ഉണ്ടാവില്ലെങ്കിലും വിന്‍ഡീസിനെതിരായ പരമ്പര തുടങ്ങുന്നതിന്‌ മുമ്പ്‌ ഇവര്‍ കളിക്കാനുണ്ടാവും. പല ഓസീസ്‌ താരങ്ങളുടെ കാര്യത്തിലും സംശയമുണ്ട്‌. പാക്കിസ്‌താന്‍ താരങ്ങള്‍ ഇത്തവണ പങ്കെുടുക്കുന്നില്ല. ഈ സാഹചര്യത്തില്‍ നിശ്ചിത തിയ്യതിക്കുളളില്‍ തന്നെ ചാമ്പ്യന്‍ഷിപ്പ്‌ വിജയകരമായി നടത്തണം. അതിന്‌ മല്‍സര ക്രമത്തില്‍ തടസ്സങ്ങള്‍ പാടില്ല. ഇംഗ്ലണ്ടില്‍ ഏപ്രില്‍, മെയ്‌ മാസങ്ങളില്‍ മഴക്ക്‌ സാധ്യതയുണ്ട്‌. പല മല്‍സരങ്ങളെയും മഴ ബാധിക്കുമെന്നാണ്‌ റിപ്പോര്‍ട്ട്‌. എന്നാല്‍ ദക്ഷിണാഫ്രിക്കയില്‍ ഈ പ്രശ്‌നമില്ല. പ്രസന്നമായ കാലാവസ്ഥയാണ്‌ ഏപ്രില്‍, മെയ്‌ മാസങ്ങളില്‍.
വ്യക്തിബന്ധം
ഐ.പി.എല്‍ ഗവേണിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍ ലളിത്‌ മോഡിയും ക്രിക്കറ്റ്‌ ദക്ഷിണാഫ്രിക്ക ചിഫ്‌ എക്‌സിക്യൂട്ടീവ്‌ ജെറാര്‍ഡ്‌ മജോളയും അടുത്ത സുഹൃത്തുക്കളാണ്‌. ഇവരുടെ സൗഹൃദമാണ്‌ ദക്ഷിണാഫ്രിക്കയില്‍ മല്‍സരങ്ങള്‍ തീരുമാനിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക്‌ വഹിച്ചത്‌. ഇന്ത്യയില്‍ പൊതു തെരഞ്ഞെടുപ്പ്‌ നടക്കുന്നതിനാല്‍ നിശ്ചിത ദിവസങ്ങളില്‍ മല്‍സരങ്ങള്‍ നടത്താനാവുമോ എന്ന കാര്യത്തില്‍ നേരത്തെ സംശയം ഉയര്‍ന്നപ്പോള്‍ തന്നെ മോഡി ദക്ഷിണാഫ്രിക്കയുമായി ബന്ധപ്പെട്ടിരുന്നു. ഇന്ത്യയില്‍ തന്നെ മല്‍സരങ്ങള്‍ നടത്തുമെന്ന്‌ തുടക്കത്തില്‍ വ്യക്തമാക്കിയിരുന്ന മോഡി അന്തിമഘട്ടത്തിലാണ്‌ നിലപാട്‌ മാറ്റിയത്‌. ഈ മാറ്റത്തിന്‌ മുമ്പ്‌ അദ്ദേഹം മജോളയുമായി ബന്ധപ്പെട്ട്‌ സംസാരിച്ചിരുന്നു. കൂടാതെ കഴിഞ്ഞ സീസണില്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയും സംയുക്തമായി 20-20 ചാമ്പ്യന്‍സ്‌ ലീഗും ഉദ്ദേശിച്ചിരുന്നു. മജോളയും മോഡിയും തമ്മിലുളള വ്യക്തിബന്ധം കാരണം മല്‍സരങ്ങള്‍ തീരുമാനിക്കുന്നതിലും വേദികള്‍ തീരുമാനിക്കുന്നതിലും തടസ്സങ്ങള്‍ ഉണ്ടായില്ല.
വേദി സംബന്ധിച്ച്‌ അനിശ്ചിതത്വം അവസാനിച്ചതോടെ ഇനി മല്‍സര തയ്യാറെടുപ്പാണ്‌. തയ്യാറെടുപ്പിന്റെ കാര്യത്തില്‍ ആനുകൂല്യം മുംബൈ ഇന്ത്യന്‍സിനാണ്‌. അവരുടെ സഹ പരിശീലകനായ ഷോണ്‍ പൊള്ളോക്കിന്‌ കീഴില്‍ ടീമിലെ ഒരു സംഘം ഇപ്പോള്‍ തന്നെ ദക്ഷിണാഫ്രിക്കയിലുണ്ട്‌.

നേപ്പിയര്‍ ടെസ്റ്റിന്‌ നാളെ തുടക്കം
നേപ്പിയര്‍: നാല്‌ പതിറ്റാണ്ടിന്‌ ശേഷം ന്യൂസിലാന്‍ഡില്‍ വെച്ച്‌ ന്യൂസിലാന്‍ഡിനെതിരെ ഒരു പരമ്പര സ്വന്തമാക്കാന്‍ മഹേന്ദ്രസിംഗ്‌ ധോണിയുടെ ഇന്ത്യന്‍ സംഘം നാളെ മുതല്‍ മക്‌ലീന്‍ പാര്‍ക്കില്‍ ഇറങ്ങുന്നു. ഹാമില്‍ട്ടണില്‍ ഒന്നാം ടെസ്റ്റില്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി പരമ്പരയില്‍ ലീഡ്‌ ചെയ്യുന്ന ഇന്ത്യക്ക്‌ രണ്ടാം ടെസ്റ്റ്‌ സ്വന്തമാക്കിയാല്‍ പരമ്പര നേടാം. ഹാമില്‍ട്ടണിലെ സിദാന്‍ പാര്‍ക്ക്‌ പോലെ മക്‌ലീന്‍ പാര്‍ക്കിനും വലുപ്പം കുറവാണ്‌. ബാറ്റിംഗിനെ അനുകൂലിക്കുന്ന സാഹചര്യമുണ്ട്‌. അതിനാല്‍ കാര്യങ്ങള്‍ ഇന്ത്യക്ക്‌ അനുകൂലമാവുമെന്നാണ്‌ കരുതപ്പെടുന്നത്‌.
നാളെ പുലര്‍ച്ചെ ഇന്ത്യന്‍ സമയം നാലിനാണ്‌ മല്‍സരം ആരംഭിക്കുന്നത്‌. ഹാമില്‍ട്ടണില്‍ കളിച്ച അതേ സംഘത്തെ തന്നെ ഇന്ത്യ നിലനിര്‍ത്തും. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക്‌ കിവി രണ്ടാം ഇന്നിംഗ്‌സ്‌ ഫീല്‍ഡിംഗിനിടെ കൈവിരലിന്‌ ചെറിയ പരുക്കേറ്റിരുന്നു. എന്നാല്‍ പരുക്കില്‍ നിന്ന്‌ പൂര്‍ണ്ണ മുക്തനായ സച്ചിന്‍ ഇന്നലെ പരിശീലനത്തില്‍ സജീവമായിരുന്നു. വിരേന്ദര്‍ സേവാഗ്‌ മാത്രമാണ്‌ ഹാമില്‍ട്ടണില്‍ ബാറ്റിംഗ്‌ വിഷയത്തില്‍ അല്‍പ്പം പിറകോട്ട്‌ പോയത്‌. ഒന്നാം ഇന്നിംഗ്‌സില്‍ തകര്‍പ്പന്‍ തുടക്കമിട്ട അദ്ദേഹം നിര്‍ണ്ണായക ഘട്ടത്തില്‍ ഗൗതം ഗാംഭീറുമായുള്ള ധാരണാപിശകില്‍ റണ്ണൗട്ടാവുകയായിരുന്നു. രണ്ടാം ഇന്നിംഗ്‌സില്‍ വിരു ബാറ്റിംഗിന്‌ വന്നിരുന്നുമില്ല. വീരു മിന്നിയാല്‍ ഇന്ത്യക്ക്‌ നല്ല തുടക്കം ലഭിക്കും. ഇന്നലെ പരിശീലനത്തിനിടെ കൂറ്റന്‍ ഷോട്ടുകള്‍ പായിക്കുന്നതില്‍ മാത്രം ശ്രദ്ധിച്ച ഡല്‍ഹിക്കാരന്‍ വ്യക്തമായ മുന്നറിയിപ്പാണ്‌ പ്രതിയോഗികള്‍ക്ക്‌ നല്‍കുന്നത്‌. രാഹുല്‍ ദ്രാവിഡ്‌ കഷ്ടകാലത്തെ അതിജിവിക്കുകയാണ്‌. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്‌ എന്നിവര്‍ക്കെതിരായ പരമ്പരയില്‍ റണ്‍സിനായി വിഷമിച്ച മുന്‍ നായകന്‍ ഹാമില്‍ട്ടണ്‍ ടെസ്‌റ്റിന്റെ രണ്ട്‌ ഇന്നിംഗ്‌സിലും പ്രതിരോധ മികവ്‌ കാട്ടിയിരുന്നു. ആദ്യ ഇന്നിംഗ്‌സില്‍ അര്‍ദ്ധ സെഞ്ച്വറിയും സ്വന്തമാക്കി. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ നിലവിലുളള ഫോമില്‍ അദ്ദേഹമാണ്‌ കിവി ബൗളര്‍മാരുടെ നോട്ടപ്പുള്ളി. ധോണി, യുവരാജ്‌ എന്നിവരില്‍ നിന്നും വാലറ്റക്കാരില്‍ നിന്നും ചെറിയ സംഭാവനകള്‍ ലഭിക്കുന്ന കാര്യത്തിലും സംശയമില്ല.
ബൗളിംഗ്‌ സംഘത്തില്‍ സഹീര്‍ഖാനും ഇഷാന്ത്‌ ശര്‍മ്മയും മുനാഫ്‌ മൂസ്സ പട്ടേലും ഹര്‍ഭജന്‍ സിംഗും തുടരും. കിവികളുടെ പ്രധാന തലവേദന ബൗളിംഗാണ്‌. ബൗളര്‍മാരില്‍ സമ്മര്‍ദ്ദത്തിന്റെ മുള്‍മുനയില്‍ നില്‍ക്കുന്നതാവട്ടെ ടീമിലെ സീനിയര്‍ സീമറായ കൈല്‍ മില്‍സും. ഇന്ത്യന്‍ ടീം കിവി പര്യടനത്തിനായി എത്തിയപ്പോള്‍ ന്യൂസിലാന്‍ഡ്‌ ക്യാപ്‌റ്റന്‍ ഡാനിയല്‍ വെട്ടോരി ആശങ്കയോടെ സംസാരിച്ചത്‌ മില്‍സിന്റെ പരുക്കിനെ ക്കുറിച്ചായിരുന്നു. പരുക്കില്‍ നിന്ന്‌ മുക്തനായി മില്‍സ്‌ വന്നപ്പോള്‍ ആഹ്ലാദത്തോടെ പ്രതികരിച്ച വെട്ടോരി പക്ഷേ ഇപ്പോള്‍ തീര്‍ത്തും നിരാശനാണ്‌. ഏകദിന പരമ്പരക്ക്‌ പിറകെ ഹാമില്‍ട്ടണ്‍ ടെസ്റ്റിലും മില്‍സിന്‌ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ബ്രെന്‍ഡ്‌ ആര്‍ല്‍ എന്ന യുവസീമര്‍ക്ക്‌ പരുക്കേറ്റതിനാല്‍ മാത്രമാണ്‌ നേപ്പിയര്‍ ടെസ്റ്റിനുളള സംഘത്തില്‍ മില്‍സിന്‌ ഇടം ലഭിച്ചത്‌ തന്നെ. ജേക്കബ്‌ ഓരത്തിന്റെ പരുക്കും മില്‍സിനിപ്പോള്‍ അനുഗ്രഹമായിരിക്കുന്നു. ഹാമില്‍്‌ടണില്‍ 119 റണ്‍സ്‌ വഴങ്ങിയ അദ്ദേഹത്തിന്‌ ഹര്‍ഭജന്റെ വിക്കറ്റ്‌ മാത്രമാണ്‌ ലഭിച്ചത്‌.
കനത്ത സമ്മര്‍ദ്ദം തന്നിലുണ്ടെന്ന്‌ മില്‍സ്‌ സമ്മതിക്കുന്നു. ടീമിന്റെ പ്രതീക്ഷകള്‍ക്കൊപ്പം ഉയരുകയാണ്‌ പ്രധാനം. അതിന്‌ ഇത്‌ വരെ കഴിഞ്ഞിട്ടില്ല. തീര്‍ച്ചയായും രണ്ടാം ടെസ്റ്റില്‍ മെച്ചപ്പെട്ട പ്രകടനമാണ്‌ നായകന്‍ വെട്ടോരിക്ക്‌ മില്‍സ്‌ വാഗ്‌ദാനം ചെയ്യുന്നത്‌.

ഒരവസരം
ലാഹോര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ക്രിക്കറ്റ്‌ മല്‍സരങ്ങള്‍ വിദേശത്ത്‌ നടത്താനുളള തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്‌താന്‍ ക്രിക്കറ്റര്‍മാര്‍ക്ക്‌ ഏര്‍പ്പെടുത്തിയ വിലക്ക്‌ പുന:പരിശോധിക്കണമെന്ന്‌ പാക്കിസ്‌താന്‍ ക്രിക്കറ്റ്‌ ബോര്‍ഡിനോട്‌ ഷുഹൈബ്‌ അക്തര്‍. മുംബൈ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ പാക്കിസ്‌താന്‍ താരങ്ങള്‍ സുരക്ഷിതരല്ല എന്ന കാരണം ചൂണ്ടിക്കാട്ടി പാക്‌ താരങ്ങള്‍ ഐ.പി.എല്ലില്‍ കളിക്കരുതെന്ന്‌ പാക്കിസ്‌താന്‍ വിദേശകാര്യ മന്ത്രാലയമാണ്‌ നിര്‍്‌ദ്ദേശിച്ചിരുന്നത്‌. ഇത്‌ കാരണം വിവിധ ഐ.പി.എല്‍ ടീമുകളില്‍ നിന്നും പാക്‌ താരങ്ങളെ ഒഴിവാക്കിയിരുന്നു. എന്നാല്‍ സാഹചര്യം മാറിയതിനാല്‍ പാക്‌ താരങ്ങളെ ഐ.പി.എല്ലില്‍ കളിക്കാന്‍ അനുവദിക്കണമെന്നാണ്‌ അക്തര്‍ പറയുന്നത്‌. മല്‍സരങ്ങള്‍ ഇന്ത്യയില്ലല്ല നടക്കുന്നത്‌. അതിനാല്‍ സുരക്ഷാ പ്രശ്‌നങ്ങളില്ല. വിദേശത്ത്‌ മല്‍സരങ്ങള്‍ നടക്കുമ്പോള്‍ പാക്‌ താരങ്ങള്‍ക്ക്‌ കളിക്കാം-അക്തര്‍ പറയുന്നു. എന്നാല്‍ ഐ.പി.എല്‍ ഗവേണിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍ ലളിത്‌ മോഡി നല്‍കുന്നത്‌ നല്ല സൂചനയല്ല. എല്ലാ ടീമുകളും താരങ്ങളെ പ്രഖ്യാപിച്ചുകഴിഞ്ഞു. അതിനാല്‍ ഇനി പാക്‌ താരങ്ങളെ ഉള്‍പ്പെടുത്താന്‍ പ്രയാസമാണെന്നാണ്‌ അദ്ദേഹം പറയുന്നത്‌. എങ്കിലും തന്റെ കാര്യത്തില്‍ എല്ലാം അവസാനിച്ചിട്ടില്ലെന്ന്‌ അക്തര്‍ പറയുന്നു. കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സ്‌ ടീം അംഗമായ അക്തര്‍ ഇപ്പോഴും കളിക്കാന്‍ റെഡിയാണ്‌. ഇന്ത്യയില്‍ ഐ.പി.എല്‍ നടക്കുന്നില്ല എന്നത്‌ ഇന്ത്യക്ക്‌ നാണക്കേടാണ്‌. എന്നാല്‍ പുതിയ നീക്കം തന്നെ പോലുള്ളവര്‍ക്ക്‌ ഗുണം ചെയ്യുമെന്ന്‌ റാവല്‍പിണ്ടി എക്‌സ്‌പ്രസ്സ്‌ പറയുന്നു. കഴിഞ്ഞ സീസണില്‍ വിവാദങ്ങളാല്‍ അക്തറിന്‌ തുടക്കത്തില്‍ തന്റെ ടീമിന്‌ വേണ്ടി കളിക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ സിസണിന്റെ പകുതിയിലെത്തിയ അക്തര്‍ ആദ്യ മല്‍സരത്തില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരെ 11 റണ്‍സ്‌ മാത്രം നല്‍കി നാല്‌ വിക്കറ്റ്‌ നേടി. പിന്നെ രണ്ട്‌ മല്‍സരങ്ങള്‍ കൂടി മാത്രമാണ്‌ കളിക്കാനായത്‌.
പിന്മാറ്റം
ലണ്ടന്‍: ശനിയാഴ്‌ച്ച സ്ലോവാക്യക്കെതിരെ നടക്കുന്ന സൗഹൃദ മല്‍സരത്തിനും അടുത്തയാഴ്‌ച്ച നടക്കുന്ന ഉക്രൈനെതിരായ ലോകകപ്പ്‌ യോഗ്യതാ മല്‍സരത്തിനുമുളള ഇംഗ്ലണ്ട്‌ ദേശീയ ടീമില്‍ നിന്ന്‌ ലെഡ്‌ലി കിംഗ്‌ പിന്മാറി. കാല്‍മുട്ടിലെ പരുക്കാണ്‌ പ്രശ്‌നം. ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ഫുട്‌ബോളില്‍ ടോട്ടന്‍ഹാമിനായി കളിക്കുന്ന കിംഗിനെ ദേശീയ ടീമിന്റെ കോച്ച്‌ ഫാബിയാ കാപ്പലോ ടീമില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ പലരും ആശ്ചര്യപ്പെട്ടിരുന്നു. പരുക്ക്‌ കാരണം ക്ലബിനായി പോലും കളിക്കാത്ത കിംഗിനെ ഉള്‍പ്പെടുത്തിയതിനെതിരെ വിമര്‍ശനമുയരുകയും ചെയ്‌തിരുന്നു. മാസങ്ങളോളം അദ്ദേഹത്തിന്‌ വിശ്രമം വേണ്ടി വരുമെന്നാണ്‌ കരുതുന്നത്‌.
നിരാശ
നേപ്പിയര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ മല്‍സരങ്ങള്‍ ദക്ഷിണാഫ്രിക്കയില്‍ നടത്തുന്നതില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക്‌ നിരാശ. ഐ.പി.എല്‍ ടീമായ മുംബൈ ഇന്ത്യന്‍സിന്റെ നായകനാണ്‌ സച്ചിന്‍. ഇന്ത്യയില്‍ കളിക്കുന്നതായിരുന്നു ആവേശകരം. ഹോം ആന്‍ഡ്‌ എവേ അടിസ്ഥാനത്തില്‍ കളിക്കുമ്പോള്‍ നല്ല പിന്തുണയും ഉറപ്പായിരുന്നു. എന്നാല്‍ നാട്ടില്‍ മല്‍സരങ്ങള്‍ നടക്കുമ്പോള്‍ ലഭിക്കുന്ന പിന്തുണ വിദേശത്ത്‌ ലഭിക്കില്ല. 20-20 ക്രിക്കറ്റെന്നാല്‍ അത്‌ ആവേശമാണ്‌. താരങ്ങള്‍ക്ക്‌ മാത്രമല്ല കാണികള്‍ക്കും ആവേശമുണ്ടാവും. വിദേശത്ത്‌ കളിക്കുമ്പോള്‍ കാണികളുടെ നിറഞ്ഞ പിന്തുണ ലഭിക്കുമോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്ന സച്ചിന്റെ അഭിപ്രായ പ്രകടനം തന്നെയാണ്‌ കിംഗ്‌സ്‌ ഇലവന്‍ പഞ്ചാബിന്റെ നായകന്‍ യുവരാജ്‌ സിംഗിനും. ന്യൂസിലാന്‍ഡിനെതിരെ വലിയ പരമ്പരയില്‍ കളിച്ചതിനല്‍ ഐ.പി.എല്‍ മല്‍സരങ്ങളുടെ സമയത്ത്‌ ഇന്ത്യന്‍ ടീമിനൊപ്പം കുടുംബത്തെയും അനുവദിക്കുമെന്നാണ്‌ കരുതുന്നതെന്നും യുവി പറഞ്ഞു.

No comments: