Wednesday, March 11, 2009
VEERU THE MAN
കിംഗ് വീരു
ഹാമില്‍ട്ടണില്‍ ഇന്നലെ പ്രകടമായ വീരുകരുത്തില്‍ പിറന്ന റെക്കോര്‍ഡുകള്‍
1-ന്യൂസിലാന്‍ഡില്‍ ഒന്നിലധികം ഏകദിന സെഞ്ച്വറി സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ താരം. ഇത് വരെ കളിച്ചത് 11 മല്‍സരങ്ങള്‍. ഇതില്‍ മൂന്ന് സെഞ്ച്വറികള്‍. ഇന്നലെ പുറത്താവാതെ നേടിയ 125 റണ്‍സാണ് അദ്ദേഹത്തിന്റെ ന്യൂസിലാന്‍ഡിലെ ഉയര്‍ന്ന സ്‌ക്കോര്‍. ന്യൂസിലാന്‍ഡില്‍ വീരുവിന്റെ ബാറ്റിംഗ് ശരാശരി 55.80 ആണ്. സ്‌ട്രൈക്ക് റേറ്റ് 100.90.
2-കഴിഞ്ഞ 21 ഏകദിനങ്ങളില്‍ നിന്നായി വീരു സ്വന്തമാക്കിയത് 1240 റണ്‍സാണ്. ബാറ്റിംഗ് ശരാശരി 62. സ്‌ട്രൈക്ക് റേറ്റ് 131.49
3- കഴിഞ്ഞ 24 ഇന്നിംഗ്‌സുകളില്‍ നിന്നായി വീരു-ഗൗതം ഗാംഭീര്‍ ഓപ്പണിംഗ് സഖ്യം നേടിയത് 1380 റണ്‍സാണ്. ബാറ്റിംഗ് ശരാശരി 60. ഓവറിലെ റണ്‍ റേറ്റ് 6.61. ഓപ്പണിംഗ് വിക്കറ്റില്‍ 750 റണ്‍സിലധികം നേടിയ സഖ്യങ്ങളില്‍ ഏറ്റവും മികച്ച ബാറ്റിംഗ് ശരാശരി ഈ സഖ്യത്തിന്റേതാണ്.
4-ഹാമില്‍ട്ടണില്‍ വീരു-ഗാംഭീര്‍ സഖ്യം 201 റണ്‍സ് ഒന്നാം വിക്കറ്റില്‍ നേടിയത് ഓവറില്‍ 8.55 റണ്‍സ് സ്വന്തമാക്കിയാണ്. ഏകദിന ക്രിക്കറ്റിലെ രണ്ടാമത് ഡബിള്‍ സെഞ്ച്വറി സഖ്യമാണിത്. 2006 ല്‍ ഇംഗ്ലണ്ടിനെതിരെ സനത് ജയസൂര്യ-ഉപുല്‍ തരംഗ സഖ്യം 286 റണ്‍സ് ഒന്നാം വിക്കറ്റില്‍ നേടിയിരുന്നു. ഈ സഖ്യം ഓവറില്‍ 8.98 റണ്‍സാണ് നേടിയിരുന്നത്.
5-ഏകദിന ക്രിക്കറ്റിലെ ഏറ്റവും വേഗതയേറിയ ആറാമത്തെ സെഞ്ച്വറിക്കുടമ.
ഹോളീ വീരു...
ഹാമില്‍ട്ടണ്‍: ഏകദിന ക്രിക്കറ്റില്‍ ഒരു ഇന്ത്യക്കാരന്റെ ഏറ്റവും വേഗതയേറിയ സെഞ്ച്വറി സ്വന്തമാക്കി വീരേന്ദര്‍ സേവാഗ് ഹോളി ആഘോഷിച്ച നാലാം ഏകദിനത്തില്‍ 84 റണ്‍സിന്റെ വിജയവുമായി മഹേന്ദ്രസിംഗ് ധോണിയും സംഘവും ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കി. നേരിട്ട അറുപതാമത് പന്ത് സിക്‌സറിന് പറത്തി സെഞ്ച്വറി തികച്ച വീരുവിന്റെ വെടിക്കെട്ടില്‍ ന്യൂസിലാന്‍ഡ് നിരയിലെ എല്ലാവരും പീഡിപ്പിക്കപ്പെട്ടപ്പോള്‍ 84 റണ്‍സിനായിരുന്നു ഇന്ത്യന്‍ വിജയം. ഇതാദ്യമായാണ് ന്യൂസിലാന്‍ഡില്‍ ഇന്ത്യന്‍ ടീം പരമ്പര സ്വന്തമാക്കുന്നത്. അഞ്ച് തവണ മഴ തടസ്സപ്പെടുത്തിയ മല്‍സരത്തില്‍ ഇന്ത്യ അനായാസ വിജയം ഉറപ്പാക്കിയ ഘട്ടത്തിലാണ് ഡെക്‌വര്‍ത്ത്-ലൂയിസ് നിയമം പ്രാബല്യത്തിലാക്കിയത്. ആദ്യം ബാറ്റ് ചെയ്‌ത ആതിഥേയര്‍ 47 ഓവറില്‍ അഞ്ച് വിക്കറ്റിന് 270 റണ്‍സാണ് സ്വന്തമാക്കിയത്.
ഇന്ത്യന്‍ ബാറ്റിംഗിനിടെ മൂന്ന് തവണയാണ് മഴയെത്തിയത്. ആദ്യത്തേ മഴയെത്തുടര്‍ന്ന് ഇന്ത്യന്‍ വിജയലക്ഷ്യം 43 ഓവറില്‍ 263 റണ്‍സാക്കിയിരുന്നു. വീണ്ടും മഴ പെയ്‌തപ്പോള്‍ ലക്ഷ്യം 36 ഓവില്‍ 220 റണ്‍സാക്കി. മല്‍സരം 23.3 ഓവര്‍ പിന്നിട്ടപ്പോള്‍ മൂന്നാമതും മഴ പെയ്‌തു. തുടര്‍ന്നാണ് ഡെക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം ഇന്ത്യയെ വിജയികളായി പ്രഖ്യാപിച്ചത്. ആ സമയത്ത് ഇന്ത്യന്‍ സ്‌ക്കോര്‍ വിക്കറ്റ് പോവാതെ 201 റണ്‍സായിരുന്നു.
ഏകദിന ക്രിക്കറ്റ്‌് ദര്‍ശിച്ച ഏറ്റവും മാരകമായ ഇന്നിംഗ്‌സിനാണ് ഇന്നലെ സിഡാന്‍പാര്‍ക്ക് സാക്ഷ്യം വഹിച്ചത്. പരുക്ക് കാരണം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മാറി നിന്നതിനെ തുടര്‍ന്ന് തന്റെ നാട്ടുകാരനായ ഗൗതം ഗാംഭീറിനെ സാക്ഷിയാക്കി സേവാഗ് നടത്തിയ തേര്‍വാഴ്‌ച്ചയില്‍ എല്ലാ കിവി ബൗളര്‍മാരും പ്രഹരിക്കപ്പെട്ടു. കന്നി ഏകദിനം മല്‍സരം കളിച്ച ഇവാന്‍ തോംസണ്‍ എന്ന സീമറോട് പോലും വീരു ദയ കാട്ടിയില്ല. 14 ബൗണ്ടറികളും ആറ് സിക്‌സറുകളുമാണ് ആ ബാറ്റില്‍ നിന്നും മിന്നല്‍ വേഗതയില്‍ പിറന്നത്. പ്രതികൂല കാലാവസ്ഥയൊന്നും കാര്യമാക്കാതെ പന്തിനെ പ്രഹരിക്കുന്നതില്‍ മാത്രം മിടുക്ക് കാട്ടിയ വീരു മൂന്നക്കത്തിലെത്തിയത്‌് കിവി ക്യാപ്‌റ്റന്‍ ഡാനിയല്‍ വെട്ടോരിയുടെ പന്ത് ഗ്യാലറിയിലെത്തിച്ചാണ്. 62 പന്തില്‍ ഇതേ പ്രതിയോഗികള്‍ക്കെതിരെ സെഞ്ച്വറി സ്വന്തമാക്കിയ മുഹമ്മദ് അസ്‌ഹറുദ്ദിന്റെ പേരിലായിരുന്നു ഇത് വരെ ഒരു ഇന്ത്യക്കാരന്റെ ഏറ്റവും വേഗതയേറിയ ഏകദിന സെഞ്ച്വറി. അസഹറിന്റെ റെക്കോര്‍ഡ് സ്വന്തം പേരിലാക്കിയതിന് ശേഷവും വീരു അടങ്ങിയില്ല. പതിനെട്ടാം ഓവറില്‍ തന്നെ സെഞ്ച്വറിയിലെത്തിയ അദ്ദേഹം മല്‍സരവിജയത്തില്‍ റണ്‍റേറ്റ് നിര്‍ണ്ണായകമാവുമെന്ന് മനസ്സിലാക്കിയാണ് ബാറ്റ് വീശിയത്.
വീരുവിന്റെ ഏറ്റവും പ്രിയപ്പെട്ട ആക്രമണഭാഗം ഓഫ് സൈഡാണ്. പക്ഷേ ഇന്നലെ അദ്ദേഹം ഈ ഭാഗത്തേക്ക് കൂടുതല്‍ ഷോട്ടുകള്‍ പായിച്ചില്ല. ലെയിന്‍ ഒബ്രിയാന്‍ എന്ന കിവി സീമറുടെ ഒരോവറില്‍ അഞ്ച് ബൗണ്ടറികള്‍ പായിച്ചതായിരുന്നു വീരു സ്‌പെഷ്യലിലെ അവിസ്‌മരണീയ മുഹൂര്‍ത്തം. എങ്ങനെ പന്തെറിയണമെന്നറിയാതെ പാവം ബൗളര്‍ പകച്ചുനിന്നപ്പോള്‍ ഒന്നിന് പിറകെ ഒന്നായി പന്ത് അതിര്‍ത്തി കടന്നു. ന്യൂസിലാന്‍ഡുകാരായ ആരാധകര്‍ പോലും വീരു മികവിനെ കയ്യടിച്ച് പ്രോല്‍സാഹിപ്പിച്ചു.
ഇന്ത്യന്‍ ഇന്നിംഗ്‌സ് പത്ത് ഓവര്‍ പിന്നിട്ടപ്പോഴാണ് ആദ്യം മഴ വന്നത്. മഴ വില്ലനാവുമെന്ന് മനസ്സിലാക്കിയാണ് കളി പുനരാരംഭിച്ചയുടന്‍ വീരു ബാറ്റ് വീശിയത്. പന്ത്രണ്ടാം ഓവറില്‍ അദ്ദേഹത്തിന്റെ വ്യക്തിഗത സ്‌ക്കോര്‍ 52 ആയിരുന്നു. കളി പതിനേഴാം ഓവറിലെത്തിയപ്പോള്‍ ഇത് 92 ആയി. ഒബ്രിയാന്‍ മാത്രമല്ല ഇവാന്‍
തോംസണും ജേക്കബ് ഓരവുമെല്ലാം അടിവാങ്ങി. തൊണ്ണൂറുകളില്‍ ന്യൂസിലാന്‍ഡ് ക്രിക്കറ്റിന്റെ കരുത്തായിരുന്ന ജെന്റില്‍ മീഡിയം പേസായിരുന്നു കന്നിക്കാരനായ തോംസന്റെ ആയുധം. പക്ഷേ വീരു ഇതൊന്നും കാര്യമാക്കിയില്ല. എട്ട് വര്‍ഷത്തോളം ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ചതിന് ശേഷമാണ് തോംസണ് ദേശീയ ടീമില്‍ ഇടം ലഭിച്ചത്. പക്ഷേ ആദ്യ മല്‍സരം തന്നെ ഇത്ര കടുത്തതായി മാറുമെന്ന് അദ്ദേഹം പോലും കരുതിയിരിക്കില്ല. നാല് ഓവറില്‍ 42 റണ്‍സ് വഴങ്ങിയ തോംസണ് ക്യാപ്‌റ്റന്‍ വെട്ടോരി കൂടുതല്‍ അവസരം നല്‍കിയില്ല.
ഗാംഭീറിന് നേരെ പന്തെറിഞ്ഞപ്പോള്‍ മാത്രമാണ് ബൗളര്‍മാര്‍ അല്‍പ്പമെങ്കിലും രക്ഷപ്പെട്ടത്. സിംഗിളുകള്‍ നേടി സ്‌ട്രൈക്ക് വീരുവിന് കൈമാറുക എന്നത് മാത്രമായിരുന്നു ഗാംഭീറിന്റെ ജോലി. ഏകദിന ക്രിക്കറ്റില്‍ ഓപ്പണിംഗ് വിക്കറ്റില്‍ പിറക്കുന്ന രണ്ടാമത് ഡബിള്‍ സെഞ്ച്വറി സഖ്യമാണ് വീരുവും ഗാംഭീറും സ്വന്തം പേരിലാക്കിയത്. 2006 ല്‍ ഇംഗ്ലണ്ടിനെതിരെ ശ്രീലങ്കയുടെ സനത് ജയസൂര്യയും ഉപുല്‍ തരങ്കയും നേടിയതായിരുന്നു ഏകദിന ക്രിക്കറ്റില്‍ ഓപ്പണിംഗ് വിക്കറ്റിലെ ആദ്യ ഡബിള്‍ സെഞ്ച്വറി സഖ്യം.
നേരത്തെ ആദ്യം ബാറ്റ് ചെയ്‌ത ന്യൂസിലാന്‍ഡിന് നല്ല തുടക്കം ലഭിച്ചിരുന്നു. ബ്രെന്‍ഡന്‍ മക്കുലവും ജെസി റെയ്‌ഡറും ചേര്‍ന്ന് ക്രൈസ്‌റ്റ് ചര്‍ച്ചിലെ പ്രകടനമാണ് ആവര്‍ത്തിച്ചത്. അതിവേഗത പ്രകടിപ്പിച്ചില്ലെങ്കിലും ഈ സഖ്യം ഇന്ത്യന്‍ ഓപ്പണിംഗ് ബൗളര്‍മാരെ പ്രതിരോധിക്കുന്നതിലും റണ്‍ ശരാശരി നിലനിര്‍ത്തുന്നതിലും വിജയിച്ചു. പക്ഷേ ഓപ്പണിംഗ് സഖ്യം നല്‍കിയ തുടക്കം ഉപയോഗപ്പെടുത്താന്‍ ജേക്കബ് ഓരം, റോസ് ടെയ്‌ലര്‍ എന്നിവര്‍ക്കൊന്നുമായില്ല. അവസാന പത്ത് ഓവറില്‍ നിന്നായി വിക്കറ്റ് കീപ്പര്‍ പീറ്റര്‍ മക്‌ലാഷിന്‍-ഗ്രാന്‍ഡ് എലിയട്ട് സഖ്യം നേടിയ 95 റണ്‍സാണ് ടീമിന് മികച്ച സ്‌ക്കോര്‍ സമ്മാനിച്ചത്.
പ്രവീണ്‍ കുമാറും സഹീര്‍ഖാനും പുതിയ പന്തില്‍ നടത്തിയ ആക്രമണത്തില്‍ പിറകോട്ട് പോയ റൈഡര്‍ സ്‌പിന്നര്‍മാര്‍ വന്നപ്പോള്‍ മാത്രമാണ് ഉണര്‍ന്നത്. പക്ഷേ യുവരാജ്‌സിംഗും യൂസഫ് പത്താനും കൂറ്റനടിക്കാരന്റെ ഇംഗീതം പെട്ടെന്ന് തിരിച്ചറിഞ്ഞ് കെണിയൊരുക്കി. യുവരാജിന്റെ പന്തില്‍ അനായാസ സ്റ്റംമ്പിംഗ് അവസരം ധോണി പാഴാക്കിയെങ്കിലും സഹീറിന്റെ രണ്ടാം വരവില്‍ മക്കുലം വീണു. 38 ഓവര്‍ പിന്നിടുമ്പോള്‍ അഞ്ച് വിക്കറ്റിന് 185 റണ്‍സായിരുന്നു കിവി സ്‌ക്കോര്‍. ഇവിടെ നിന്നുമാണ് മക്‌ലാഷും എലിയട്ടും ഒരുമിച്ചത്.
മൂടികെട്ടിയ സാഹചര്യത്തില്‍ തങ്ങള്‍ നേടിയ 270 റണ്‍സ് ഭദ്രമായ സ്‌ക്കോറാണെന്നാണ് ന്യൂസിലാന്‍ഡ് കരുതിയത്. പക്ഷേ വീരു മറിച്ചാണ് ചിന്തിച്ചത്. മഴയെയും ന്യൂസിലാന്‍ഡിനെയും അദ്ദേഹത്തിന് തോല്‍പ്പിക്കണമായിരുന്നു. രണ്ടും അദ്ദേഹം ഭംഗിയായി നിര്‍വഹിച്ചു. 74 പന്തില്‍ നിന്നും സേവാഗ് നേടി.യ 125 റണ്‍സില്‍ ന്യൂസിലാന്‍ഡിന്റെ കഥ കഴിഞ്ഞിരുന്നു. പരമ്പരയിലെ അവസാന മല്‍സരം ശനിയാഴ്‌ച്ച നടക്കും.
സ്‌കോര്‍ക്കാര്‍ഡ്
ന്യൂസിലാന്‍ഡ്: റൈഡര്‍-സി-റൈന-ബി-യുവരാജ്-46, മക്കുലം-എല്‍.ബി.ഡബ്ല്യൂ-ബി-സഹീര്‍-77, ടെയ്‌ലര്‍-സി-രോഹിത്-ബി-യൂസഫ്-5, ഗുപ്‌ടില്‍-സി-സബ്-ബി-ഇഷാന്ത്-25, ഓരം-സി-ധോണി-ബി-ഇഷാന്ത്-1, മക്‌ലാഷിന്‍-നോട്ടൗട്ട്-56, എലിയട്ട്-നോട്ടൗട്ട്-35, എക്‌സ്‌ട്രാസ്-25, ആകെ 47 ഓവറില്‍ അഞ്ച് വിക്കറ്റിന് 270. വിക്കറ്റ് പതനം: 1-102 (റൈഡര്‍),2-114 (ടെയ്‌ലര്‍), 3-155 (മക്കുലം), 4-156 (ഓരം), 5-175 (ഗുപ്‌ടില്‍). ബൗളിംഗ്: സഹീര്‍ 10-0-49-1, പ്രവീണ്‍ 7-0-51-0, ഇഷാന്ത് 8-0-57-2, യുവരാജ് 9-0-40-1, യൂസഫ് 5-0-14-1, ഹര്‍ഭജന്‍ 8-0-50-0.
ഇന്ത്യ: ഗാംഭീര്‍ -നോട്ടൗട്ട്-63, സേവാഗ്-നോട്ടൗട്ട്-125. എക്‌സ്‌ട്രാസ് 13, ആകെ 23.3 ഓവറില്‍ വിക്കറ്റ് പോവാതെ 201 റണ്‍സ്. ബൗളിംഗ്: മില്‍സ് 5-0-29-0, തോംസണ്‍ 4-0-42-0, ഒബ്രിയാന്‍ 3-0-37-0, വെട്ടോരി 5-0-32-0, ഓരം 4.3-0-43-0, എലിയട്ട് 2-0-9-0.
അതവേഗ സെഞ്ച്വറിക്കാര്‍
1-ഷാഹിദ് അഫ്രീദി. 96 ല്‍ നെയ്‌റോബിയില്‍ ലങ്കക്കെതിരെ 37 പന്തില്‍ 102.
2-മാര്‍ക് ബൗച്ചര്‍. 2006 ല്‍ പോച്ച്‌സ്‌റ്റൂമില്‍ സിംബാബ്‌വെക്കെതിരെ 44 പന്തില്‍.
3-ബ്രയന്‍ ലാറ. 99 ല്‍ ധാക്കയില്‍ ബംഗ്ലാദേശിനെതിരെ 45 പന്തില്‍ .
4-അഫ്രീദി. 2005 ല്‍ കാണ്‍പ്പൂരില്‍ ഇന്ത്യക്കെതിരെ 45 പന്തില്‍
5-ജയസൂര്യ. 96 ല്‍ സിംഗപ്പൂരില്‍ പാക്കിസ്‌താനെതിരെ 48 പന്തില്‍
6-സേവാഗ്. 2009 ല്‍ ഹാമില്‍ട്ടണില്‍ ന്യൂസിലാന്‍ഡിനെതിരെ 60 പന്തില്‍.
7-അസ്‌ഹറുദ്ദീന്‍. 88 ല്‍ ബറോഡയില്‍ ന്യൂസിലാന്‍ഡിനെതിരെ 62 പന്തില്‍.
യുവേഫ ചാമ്പ്യന്‍സ് ലീഗ്
റയല്‍ ദുരന്തം
ലണ്ടന്‍: യൂറോപ്പിലെ ചാമ്പ്യന്‍ ക്ലബിനെ നിശ്ചയിക്കുന്ന യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ പ്രി ക്വാര്‍ട്ടര്‍ ഘട്ടത്തില്‍ തന്നെ മുന്‍ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിനും യുവന്തസിനും മടക്കം. തകര്‍പ്പന്‍ വിജയങ്ങളുമായി ലിവര്‍പൂളും ബയേണ്‍ മ്യൂണിച്ചും ചെല്‍സിയും വില്ലാറയലും ക്വാര്‍ട്ടര്‍ ഫൈനല്‍ ബെര്‍ത്ത് സ്വന്തമാക്കി.
സ്വന്തം മൈതാനമായ മാഡ്രിഡിലെ സാന്റിയാഗോ ബെര്‍ണബുവില്‍ നടന്ന ആദ്യപാദ മല്‍സരത്തില്‍ ലിവര്‍പൂളിനോട് ഒരു ഗോളിന് പരാജയപ്പെട്ട റയല്‍ ഇന്നലെ ആന്‍ഫീല്‍ഡില്‍ നടന്ന രണ്ടാം പാദത്തില്‍ നാല് ഗോളുകള്‍ കൂടിവാങ്ങി വലിയ നാണക്കേടുമായാണ് പടിയിറങ്ങിയത്. റാഫേല്‍ ബെനിറ്റസിന്റെ ലിവര്‍പൂള്‍ സംഘത്തെ ഒരു തരത്തിലും പിറകിലാക്കാന്‍ കഴിയാതെ റയല്‍ മടങ്ങിയപ്പോള്‍ സ്‌പെയിനിന് വില്ലാ റയലിന്റെ വിജയം ആശ്വാസമായി. ഗ്രീസില്‍ നിന്നുളള പനാത്തിനായിക്കോസിനെ രണ്ടാം പാദത്തില്‍ 2-1ന് തോല്‍പ്പിച്ചാണ് വില്ലാ റയല്‍ ക്വാര്‍ട്ടറിലെത്തിയത്. ആദ്യ പാദ മല്‍സരം 1-1 ലായിരുന്നു. പോര്‍ച്ചുഗലില്‍ നിന്നുളള സ്‌പോര്‍ട്ടിംഗ് ലിസ്‌ബണെ 7-1 ന് രണ്ടാം പാദത്തില്‍ തരിപ്പണമാക്കിയാണ് ജര്‍മന്‍ കരുത്തരായ ബയേണ്‍ മ്യൂണിച്ച് കരുത്ത് കാട്ടിയത്. ആദ്യ പാദത്തില്‍ അഞ്ച് ഗോളിന് വിജയിച്ച ബയേണ്‍ മൊത്തം 12-1 ന്റെ മഹത്തായ വിജയമാണ് സ്വായത്തമാക്കിയത്. ചെല്‍സിയും യുവന്തസും തമ്മിലുളള മല്‍സരം 2-2 ലാണ് കലാശിച്ചത്. പക്ഷേ ആദ്യപാദത്തിലെ ഏക ഗോള്‍ ജയം ചെല്‍സിക്ക് അനുഗ്രഹമായി. മൊത്തം നാല് മല്‍സരങ്ങളില്‍ നിന്നായി 19 ഗോളുകളാണ് ഇന്നലെ പിറന്നത്.
പ്രി ക്വാര്‍ട്ടര്‍ രണ്ടാം പാദത്തിലെ ആവേശപ്പോരാട്ടം ടൂറിനില്‍ നടന്ന യുവന്തസ്-ചെല്‍സി അങ്കമായിരുന്നു. ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിന്ന അങ്കത്തില്‍ നാല് ഗോളുകളാണ് പിറന്നത്. ആദ്യപാദത്തിലെ പരാജയത്തിന് മറുപടി നല്‍കാനിറങ്ങിയ യുവന്തസിനായി പത്തൊമ്പതാം മിനുട്ടില്‍ തന്നെ വിന്‍സെന്‍സോ ലാക്വിറ്റ ലക്ഷ്യം കണ്ടു. ഡേവിഡ് ട്രസിഗെയുടെ മിന്നല്‍ പാസില്‍ നിന്നായിരുന്നു ഗോള്‍. ഈ ഗോളിന്റെ മികവില്‍ പക്ഷേ ആദ്യപകുതിക്ക് പിരിയാന്‍ ആതിഥേയര്‍ക്കായില്ല. അദ്ധ്വാനിച്ച്‌് കളിച്ച ഫ്രാങ്ക് ലംപാര്‍ഡ് പായിച്ച ക്രോസില്‍ നിന്നും വിസിലിന് തൊട്ട് മുമ്പ് മൈക്കല്‍ എസ്സീന്‍ ചെല്‍സിയെ ഒപ്പമെത്തിച്ചു.
രണ്ടാം പകുതിയില്‍ യുവന്തസിന് തിരിച്ചടിയേറ്റു. തുടര്‍ച്ചയായ രണ്ടാം മഞ്ഞ കാര്‍ഡുമായി ജിയോര്‍ജിയോ ചെലീനി പുറത്തായി. പക്ഷേ പരിഭ്രാന്തി പ്രകടിപ്പിക്കാതെ കളിച്ച ഇറ്റലിക്കാര്‍ക്കായി നായകന്‍ അലക്‌സാണ്ടറോ ദെല്‍പിയാറോ രക്ഷകനായി. ചെല്‍സിയുടെ സബ്‌സ്‌റ്റിറ്റിയൂട്ട് താരം ജൂലിയാന ബലേറ്റി പെനാല്‍ട്ടി ബോക്‌സില്‍ വെച്ച് പന്ത് കൈ കൊണ്ട് തൊട്ടതിന് അനുവദിക്കപ്പെട്ട സ്‌പോട്ട് കിക്ക് ദെല്‍പിയാറോ ലക്ഷ്യത്തിലെത്തിച്ചു. പക്ഷേ തന്റെ പിഴവിന് ബ്രസീലുകാരന്‍ തന്നെ പരിഹാരം കണ്ടെത്തി. ബലേറ്റി നല്‍കിയ ക്രോസില്‍ നിന്നും ദീദിയര്‍ ദ്രോഗ്‌ബെ ചെല്‍സിക്കായി സമനില നേടുമ്പോള്‍ ലോംഗ് വിസിലിന് ഏഴ് മിനുട്ട് മാത്രമായിരുന്നു അവശേഷിച്ചിരുന്നത്.
ആന്‍ഫീല്‍ഡില്‍ ലിവര്‍പൂള്‍ ഏകപക്ഷീയമായാണ് മല്‍സരം സ്വന്തമാക്കിയത്. ആദ്യപാദത്തിലെ ലീഡിന്റെ ആത്മവിശ്വാസത്തില്‍ തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച ലിവര്‍പൂളിനായി സ്‌പാനിഷ് താരം ഫെര്‍ണാണ്ടോ ടോറസാണ് ആദ്യ ഗോള്‍ നേടിയത്. പിറകെ ക്യാപ്‌റ്റന്‍ സ്റ്റീവന്‍ ജെറാര്‍ഡിന്റെ ഇരട്ട ഗോളെത്തി. അതോടെ റയലിന്റെ ആപ്പീസ് പൂട്ടിയിരുന്നു.
ബയേണ്‍ വന്‍ വിജയം നേടിയത് ലുകാസ് പോദോസ്‌ക്കി, മിറോസ്ലാവ് ക്ലോസ് എന്നിവരുടെ മികവിലായിരുന്നു. വില്ലാ റയിലനെതിരെ ഗ്രീക് ചാമ്പ്യന്മാരായ പനാത്തിനായിക്കോസിന് സ്വന്തം മൈതാനത്ത് കാര്യമായി ഒന്നും ചെയ്യാനായില്ല,. സമനിലയില്‍ കലാശിച്ച ആദ്യപാദത്തിന് ശേഷം രണ്ടാം പാദം സ്വന്തം മൈതാനത്ത് നടക്കുന്നതിന്റെ ആനുകൂല്യം ഉപയോഗപ്പെടുത്താന്‍ അവര്‍ക്കായില്ല.
വിന്‍ഡീസ് പൊരുതിനിന്നു
ട്രിനിഡാഡ്: ഭാഗ്യം ഇംഗ്ലണ്ടുകാരനല്ല. വിന്‍ഡീസിനെതിരായ അവസാന ടെസ്റ്റില്‍ വിജയത്തിനരികില്‍ ഇംഗ്ലണ്ടിന് മല്‍സരം കൈവിട്ടു. സമനിലയില്‍ രക്ഷപ്പെട്ട വിന്‍ഡീസാവട്ടെ പരമ്പര നേടിയതിനൊപ്പം വിസ്‌ഡണ്‍ ട്രോഫി നിലനിര്‍ത്തുകയും ചെയ്‌തു. മല്‍സരത്തിന്റെ അവസാനദിവസം എല്ലാം നാടകീയമായിരുന്നു. ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്‌സ് 6 ന് 237 റണ്‍സ് എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്‌്‌തപ്പോള്‍ 66 ഓവര്‍ പിടിച്ചുനില്‍ക്കുകയായിരുന്നു വിന്‍ഡീസ് ജോലി. എന്നാല്‍ വിക്കറ്റുകള്‍ മുറക്ക് നഷ്ടമായ അവര്‍ അവസാന ഘട്ടത്തില്‍ പരാജയമുഖത്തായി. പക്ഷേ 87 പന്തില്‍ 17 റണ്‍സുമായി ധനേഷ് രാംദിനും എട്ടാം നമ്പറില്‍ കളിച്ച ഫിഡല്‍ എഡ് വേര്‍ഡ്‌സും ക്ഷമയോടെ കളിച്ച് ടീമിനെ തുണച്ചു.
Subscribe to:
Post Comments (Atom)
No comments:
Post a Comment