Thursday, March 26, 2009
JUNIOR ZIZOOO
ജൂനിയര്‍ സിദാന്‍ സ്‌പെയിനിന് വേണ്ടി
മാഡ്രിഡ്‌്: സൈനുദ്ദീന്‍ സിദാന്‍ എന്ന ലോക ഫുട്‌ബോളിലെ മാന്ത്രികന്റെ മികവുമായി ഇതാ മകന്‍ എന്‍സോ സിദാന്‍... ഇന്നലെ പതിനാല് വയസ്സ് തികഞ്ഞ എന്‍സോയിലെ ഫുട്‌ബോളര്‍ നാളെയുടെ താരമാവുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് തീര്‍ത്ത് പറയുന്നവരുടെ വാക്കുകള്‍ ശരിവെക്കാന്‍ കൊച്ചു സിദാന്‍ രാജ്യാന്തര സോക്കറിന്റെ തിരക്കിലേക്ക് വരുകയാണ്. സ്‌പെയിന്‍ അണ്ടര്‍-15 ടീമില്‍ ഇപ്പോള്‍ തന്നെ അംഗമാണ് എന്‍സോ. കഴിഞ്ഞ എട്ട് വര്‍ഷമായി സ്‌പെയിനില്‍ തുടരുന്ന അദ്ദേഹത്തെ റാഞ്ചാന്‍ വന്‍കിട ക്ലബുകള്‍ ഇപ്പോള്‍ തന്നെ രംഗത്തുണ്ട്.
ഫ്രാന്‍സ് ലോകത്തിന് സമ്മാനിച്ച സോക്കര്‍ വിരുന്നാണ് സിദാനെങ്കില്‍ അദ്ദേഹത്തിന്റെ മകന്‍ സ്‌പെയിനിന് വേണ്ടി ലോകത്തോളം ഉയരുമെന്ന് പറയുന്നവരില്‍ സ്‌പാനിഷ് ദേശീയ ടീമിന്റെ മുന്‍ നായകന്‍ റൗള്‍ ഗോണ്‍സാലസ് ഉള്‍പ്പെടെയുളള കരുത്തരുണ്ട്. അള്‍ജീരിയയില്‍ നിന്നും കുടിയേറ്റ കുടുംബമായി ഫ്രാന്‍സിലെത്തി, കാല്‍പ്പന്തിന്റെ വിസ്‌മയ കരുത്തില്‍ ലോകത്തിന്റെ മനസ്സില്‍ കയറിയ സിദാന്‍ ദീര്‍ഘകാലമായി സ്‌പെയിനിലാണ് താമസിക്കുന്നത്. റയല്‍ മാഡ്രിഡിന് വേണ്ടി കളിക്കുന്ന സമയത്താണ് അദ്ദേഹം ഭാര്യയുടെ നാടായ സ്‌പെയിനിലെ സ്ഥിരക്കാരനായത്. മകന്‍ ലോകത്തോളം ഉയരുമോ എന്ന ചോദ്യത്തിന് സിസുവിന്റെ മറുപടി രസകരമായിരുന്നു. ലോകത്തോളം ഉയരാന്‍ അവന് എല്ലാവരും സമയം കൊടുക്കുക. റയല്‍ മാഡ്രിഡിന്റെ യൂത്ത് ടീമില്‍ അംഗമായ എന്‍സോയില്‍ പിതാവിന്റെ അനന്യമായ ഗുണഗണങ്ങളുണ്ട്-പന്തിനെ അമ്മാനമാടുന്ന കരുത്ത്. സ്വന്തം കാലില്‍ പന്ത് കിട്ടിയാല്‍ അദ്ദേഹം എതിരാളികളെ വട്ടം കറക്കും. തന്റെ മകന് എന്‍സോ എന്ന് പേര് സിദാന്‍ നല്‍കിയത് തന്നെ ഉറുഗ്വേയുടെ ഇതിഹാസ താരമായിരുന്ന എന്‍സോ ഫ്രാന്‍സിസ്‌് കോളിയെ ഓര്‍മ്മിക്കാനാണ്. കുട്ടിക്കാലം മുതല്‍ സിദാന്റെ ആരാധന പാത്രമായിരുന്നു ഫ്രാന്‍സിസ്‌കോളി.
തിരിച്ചടികള്‍
നേപ്പിയര്‍: തിരിച്ചടികളുടെ ദിനമായിരുന്നു ഇന്ത്യക്ക് ഇന്നലെ.... മക്‌ലീന്‍ പാര്‍ക്കില്‍ ടെസ്റ്റ് ക്രിക്കറ്റിലെ നൂറാം വിജയം തേടിയിറങ്ങിയ ടീമിനൊപ്പം കരുത്തനായ നായകന്‍ മഹേന്ദ്രസിംഗ് ധോണി ഉണ്ടായിരുന്നില്ല... കലശലായ പുറം വേദന കാരണം നായകന്‍ അവസാന നിമിഷം പിന്മാറിയപ്പോള്‍ കപ്പിത്താന്റെ കുപ്പായത്തില്‍ ടോസിനിറങ്ങിയത് വീരേന്ദര്‍ സേവാഗ്. ടോസിന്റെ രൂപത്തിലായിരുന്നു രണ്ടാം തിരിച്ചടി-നാണയഭാഗ്യം ഡാനിയല്‍ വെട്ടോരിക്കായിരുന്നു. പ്രവചനാതീതമായ പിച്ചില്‍ മൂന്ന് വിക്കറ്റുകള്‍ ഇന്ത്യക്ക് പെട്ടെന്ന് നേടാനായി. പക്ഷേ മറ്റൊരു തിരിച്ചടിയായി ഫീല്‍ഡര്‍മാര്‍ രണ്ട് ക്യാച്ചുകള്‍ നിലത്തിട്ടു. പിറകെ നാലാം വിക്കറ്റില്‍ 271 റണ്‍സിന്റെ റെക്കോര്‍ഡ് കൂട്ടുകെട്ടുമായി റോസ് ടെയ്‌ലറും ജെസി റൈഡറും അരങ്ങ് വാണു- രണ്ടാം ടെസ്‌റ്റ് ഒന്നാം ദിനം പിന്നിട്ടപ്പോള്‍ ഇന്ത്യ ആഗ്രഹിച്ചത് പോലെയല്ല കാര്യങ്ങള്‍. ഹാമില്‍ട്ടണില്‍ തകര്‍ന്നടിഞ്ഞ കിവീസാണ് ഡ്രൈവിംഗ് സീറ്റില്‍. ഒന്നാം ഇന്നിംഗ്‌സില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 351 റണ്‍സാണ് കിവീസ് വാരിക്കൂട്ടിയിരിക്കുന്നത്. 151 റണ്‍സുമായി റോസ് ടെയ്‌ലര്‍ മനോഹരമായി ബാറ്റ് ചെയ്‌തപ്പോള്‍ പരമ്പരയിലെ തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും സെഞ്ച്വറിയുമായി (137) ജെസി റൈഡര്‍ ക്രീസിലുണ്ട്.
ഒന്നാം ടെസ്റ്റിലെ ഭയാനകമായ തകര്‍ച്ചയില്‍ പരിതപിച്ചു നില്‍ക്കുകയായിരുന്ന ഡാനിയല്‍ വെട്ടോരി ടോസ് നേടിയപ്പോള്‍ എന്ത് ചെയ്യണമെന്ന സംശയത്തിലായിരുന്നു. പേസ് പിച്ചാണ് ഒരുക്കുകയെന്ന് പറഞ്ഞെങ്കിലും ഉപരിതലത്തില്‍ കാണപ്പെട്ട പച്ചപ്പ് വളരെ വേഗം അകന്നപ്പോള്‍ കാര്യങ്ങള്‍ ബാറ്റ്‌സ്‌മാന് അനുകൂലമായി മാറി.
കിവി സ്‌ക്കോര്‍ 21 ലും 22 ലും 23 ലും വിക്കറ്റുകള്‍ സ്വന്തമാക്കി ഇന്ത്യ അതിവേഗം നൂറാം ടെസ്‌റ്റ് വിജയത്തിലേക്ക് കുതിക്കുന്ന ഘട്ടത്തിലാണ് കാര്യങ്ങള്‍ പെട്ടെന്ന് മാറിയത്. ഇഷാന്ത് ശര്‍മ്മയുടെ പന്തില്‍ ദിനേശ് കാര്‍ത്തികിന്റെ ക്യാച്ചില്‍ മകിന്റോഷാണ് ആദ്യം പുറത്തായത്. തട്ടിമുട്ടി നിന്ന ഓപ്പണര്‍ ഒരു ഘട്ടത്തില്‍ പോലും ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നില്ല. നേരിട്ട 27 പന്തുകളില്‍ നിന്നായി രണ്ട് ബൗണ്ടറികള്‍ നേടിയത് മാത്രമായിരുന്നു സമ്പാദ്യം. പുതിയ ബാറ്റ്‌സ്‌മാന്‍ ഹൗ പതിനൊന്ന് പന്തുകള്‍ നേരിട്ടു. സഹീറിന്റെ മഹത്വം അംഗീകരിച്ച് പെട്ടെന്ന് മടങ്ങി. മാര്‍ട്ടിന്‍ ഗുപ്‌ടില്‍ ഹാമില്‍ട്ടണില്‍ ചെയ്‌ത അതേ തെറ്റ് ആവര്‍ത്തിച്ചു-സ്ലിപ്പില്‍ സേവാഗിന് ക്യാച്ച് നല്‍കി സഹീറിന് രണ്ടാം വിക്കറ്റ് നല്‍കി. മൂന്‍നിരക്കാരായ മൂന്ന് പേര്‍ മടങ്ങുമ്പോള്‍ സ്‌ക്കോര്‍ ബോര്‍ഡില്‍ 23 റണ്‍സ് മാത്രം.
മല്‍സരം സ്വന്തം നിയന്ത്രണത്തിലേക്ക് വരുന്ന ഘട്ടത്തിലാണ് റോസ് ടെയ്‌ലര്‍ എത്തിയത്. മൂന്ന് വിക്കറ്റുകള്‍ നഷ്ടമായ സമ്മര്‍ദ്ദത്തില്‍ പ്രതിരോധ ക്രിക്കറ്റിന് ശ്രമിക്കാത ആക്രമണത്തിലുടെ പ്രതികരിക്കാനുളള അദ്ദേഹത്തിന്റെ തീരുമാനമാണ് കിവീസിന് അനുഗ്രഹമായത്. വ്യക്തിഗത സ്‌ക്കോര്‍ നാലില്‍ നില്‍ക്കുമ്പോള്‍ ടെയ്‌ലര്‍ നല്‍കിയ അവസരം വിശ്വസ്‌തനായ യുവരാജ് പാഴാക്കിയപ്പോള്‍ മുനാഫിന്റെ അടുത്ത ഓവറില്‍ മൂന്ന് തവണയാണ് ടെയ്‌ലര്‍ പന്തിനെ അതിര്‍ത്തി കടത്തിയത്. പല ഘട്ടങ്ങളിലും സഹീറും ഇഷാന്തും മുനാഫും നിര്‍ഭാഗ്യവാന്മാരായിരുന്നു. ബാറ്റില്‍ തട്ടി ഉയര്‍ന്ന പന്തുകള്‍ ഫീല്‍ഡര്‍മാരില്ലാത്ത സ്ഥലങ്ങളിലാണ് പതിച്ചത്. 92 ല്‍ നില്‍ക്കുമ്പോള്‍ ടെയ്‌ലര്‍ നല്‍കിയ വിഷമകരമായ ക്യാച്ച് രാഹുല്‍ ദ്രാവിഡിനും കൈപിടിയിലാക്കാനായില്ല. ടെയ്‌ലര്‍ക്ക് ഉറച്ച പിന്തുണയാണ് റൈഡര്‍ നല്‍കിയത്. ഹാമില്‍ട്ടണില്‍ പ്രകടിപ്പിച്ച കരുത്ത് റൈഡര്‍ക്ക് നല്‍കിയ ആത്മവിശ്വാസം ചെറുതായിരുന്നില്ല. നാലാം വിക്കറ്റില്‍ ഇവര്‍ നേടിയ 271 റണ്‍സ് കിവി റെക്കോര്‍ഡാണ്. ഇന്ത്യക്കെതിരെ നാലാം വിക്കറ്റില്‍ ഏതൊരു ടീമിന്റെയും ഏറ്റവും മികച്ച രണ്ടാമത്തെ കൂട്ട്‌്‌കെട്ടും ഇതാണ്. ഇരുപത്തിയാറ് വര്‍ഷം മുമ്പ് പോര്‍ട്ട് ഓഫ് സപെയിനില്‍ വിന്‍ഡീസിനെതിരായ ടെസ്റ്റില്‍ അവരുടെ മൂന്ന് വിക്കറ്റുകള്‍ കേവലം ഒരു റണ്ണിന് നേടിയ ഇന്ത്യ പിന്നീട് ലാറി ഗോംസിനും ക്ലൈവ്‌് ലോയിഡിനും തിരിച്ചുവരവിനുള്ള അവസരം ഒരുക്കിയത് പോലെയായി കാര്യങ്ങള്‍.
സ്‌ക്കോര്‍ബോര്‍ഡ്
ന്യൂസിലാന്‍ഡ് -ഒന്നാം ഇന്നിംഗ്‌സ്: മകിന്റോഷ് -സി-കാര്‍ത്തിക്-ബി-ഇഷാന്ത്-12, ഗുപ്‌ടില്‍-സി-സേവാഗ്-ബി-സഹീര്‍-8, ഹൗ-ബി-സഹീര്‍-1, ടെയ്‌ലര്‍-സി-യുവരാജ്-ബി-ഹര്‍ഭജന്‍-151, റൈഡര്‍-നോട്ടൗട്ട്-137, ഫ്രാങ്ക്‌ളിന്‍-നോട്ടൗട്ട്-26, എക്‌സ്‌ട്രാസ്-16, ആകെ 90 ഓവറില്‍ നാല് വിക്കറ്റിന് 351. വിക്കറ്റ് പതനം: 1-21 (മകിന്റോഷ്), 2-22 (ഹൗ), 3-23 (ഗുപ്‌ടില്‍), 4-294 (ടെയ്‌ലര്‍). ബൗളിംഗ്: സഹീര്‍ 23-4-94-2, ഇഷാന്ത് 17-4-61-1, മുനാഫ് 18-2-78-0, ഹര്‍ഭജന്‍ 26-6-61-1, സേവാഗ് 5-0-34-0, യുവരാജ് 1-0-14-0
തേര്‍ഡ് ഐ
സിംപിള്‍ ഗെയിം
ജെസി ഡാനിയല്‍ റൈഡര്‍ എന്ന കിവി ഓള്‍റൗണ്ടര്‍ക്ക് പ്രായം 24 മാത്രം. നേപ്പിയറില്‍ ഇന്ത്യക്കെതിരെ കളിക്കുന്നത് ഏഴാം ടെസ്റ്റ് മാത്രം. ഹാമില്‍ട്ടണിലായിരുന്നു കന്നി സെഞ്ച്വറി. ഇന്നലെ രണ്ടാം ടെസ്റ്റിലും സെഞ്ച്വറി സ്വന്തമാക്കിയ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിന്റെ താരം ന്യൂസിലാന്‍ഡിന്റെ നാളത്തെ താരമാവുമെന്ന കാര്യത്തില്‍ സംശയമില്ല. ബാറ്റിംഗിലെ അനായാസ സമീപനവും, മൈതാനത്തെ ജാഗ്രതയും റൈഡറെ വിത്യസ്‌തനാക്കുന്നു. ഇന്നലെ എത്രയെളുപ്പമായാണ് അദ്ദേഹം ബാറ്റ് ചെയ്‌തത്. ന്യൂസിലാന്‍ഡിന്റെ മൂന്ന് വിക്കറ്റുകള്‍ കേവലം 23 റണ്‍സിനിടെ വീണ ശേഷം റോസ് ടെയ്‌ലര്‍ക്കൊപ്പം ക്രിസിലെത്തിയ റൈഡര്‍ ഒരു തരത്തിലുളള പരിഭ്രാന്തിയും കാട്ടിയില്ല. സിംപിളായിരുന്നു അദ്ദേഹത്തിന്റെ ശൈലി. വിക്കറ്റിന് നേരെ വരുന്ന പന്തുകള്‍ പ്രതിരോധിക്കുക, കൈകള്‍ സ്വതന്ത്രമാക്കാന്‍ ലഭിക്കുന്ന അവസരം മനോഹരമായി ഉപയോഗപ്പെടുത്തുക. 220 പന്തുകള്‍ അദ്ദേഹം മക്‌ലീന്‍ പാര്‍ക്കില്‍ നേരിട്ടു. 17 ബൗണ്ടറികളും ഒരു സിക്‌സറും. ശരിക്കുമൊരു ബാറ്റിംഗ് കലാകാരനെ പോലെ സമചിത്തതയും അതേ സമയം ആക്രമണവും സമന്വയിപ്പിച്ച ഇന്നിംഗ്‌സ്. പുറത്താവാതെ ക്രീസില്‍ നില്‍ക്കുന്ന റൈഡര്‍ തന്നെയാണ് മല്‍സരത്തിന്റെ രണ്ടാം ദിവസത്തിലും ഇന്ത്യക്ക് തലവേദന. കാരണമുണ്ട്-സാഹസികനാവാന്‍ അദ്ദേഹമില്ല. ഹര്‍ഭജന്‍സിംഗിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ക്കും ഫസ്റ്റ് സ്ലിപ്പിനുമിടയിലുടെ നല്‍കിയ ഒരവസരം മാത്രമാണ് റൈഡറുടെ ബാറ്റിംഗില്‍ കണ്ട പിഴവ്. ഈ പിഴവ് പക്ഷേ ഉപയോഗപ്പെടുത്താന്‍ ഇന്ത്യക്കായില്ല.
നായകന്‍ ധോണിയുടെ അഭാവം പകല്‍പോലെ പ്രകടമായിരുന്നു. ആത്മവിശ്വാസത്തോടെ തന്ത്രങ്ങള്‍ മെനയുന്ന ധോണിയുടെ പരുക്കും സേവാഗിന്റെ നായകത്വവും മൈതാനത്തിലെ പല ചലനങ്ങളിലും പ്രകടമായിരുന്നു. ധോണിയിലെ നായകന് കീഴില്‍ ആക്രമണവീര്യത്തില്‍ പന്തെറിയുന്ന സഹീറിന് ആ കരുത്ത് തുടക്കത്തില്‍ മാത്രമാണ് പ്രകടിപ്പിക്കാന്‍ കഴിഞ്ഞത്. തുടക്കത്തില്‍ തന്നെ മൂന്ന് വിക്കറ്റുകള്‍ നേടാനായിട്ടും പിടിമുറുക്കാന്‍ സേവാഗിനായില്ല. ഹാമില്‍ട്ടണില്‍ ആറ് വിക്കറ്റുകള്‍ നഷ്ടമായിട്ടും ആക്രമണ ബാറ്റിംഗില്‍ തിരിച്ചെത്തിയ കിവീസ് അതേ തന്ത്രമാണ് ഇവിടെയും നടപ്പാക്കിയത്.
റോസ് ടെയ്‌ലര്‍ക്ക് ഏകദിന പരമ്പരയിലും ഹാമില്‍ട്ടണ്‍ ടെസ്റ്റിലും കാര്യമായ സംഭാവനകള്‍ ടീമിന് നല്‍കാന്‍ കഴിഞ്ഞിരുന്നില്ല. ആ സമ്മര്‍ദ്ദത്തില്‍ അദ്ദേഹം പ്രതിരോധ വക്താവായിരുന്നെങ്കില്‍ ഇന്നലെ ഇന്ത്യക്ക്‌് കാര്യങ്ങള്‍ എളുപ്പമാവുമായിരുന്നു. പക്ഷേ അപകടം മനസ്സിലാക്കിയ ടെയ്‌ലര്‍ തുടക്കം മുതല്‍ ആക്രമിച്ചു. തിരിച്ചടിക്ക് നല്ല മരുന്ന് ആക്രമണമാണ് എന്ന സത്യത്തില്‍ ടെയ്‌ലര്‍ വമ്പന്‍ ഷോട്ടുകള്‍ പായിച്ചപ്പോള്‍ സാധാരണ കൂറ്റന്‍ ഷോട്ടുകള്‍ ഇടതടവില്ലാതെ പായിക്കാറുളള റൈഡര്‍ പക്വമതിയായി.
ഇന്ന് ഇന്ത്യക്ക് പലതും ചെയ്യാനുണ്ട്. ഫീല്‍ഡിംഗില്‍ ആലസ്യമകറ്റണം. രാവിലെ ലഭിക്കുന്ന അനുകൂല സാഹചര്യം ഉപയോഗപ്പെടുത്തണം. കാര്യങ്ങള്‍ പിടിവിട്ടാല്‍ എല്ലാം പ്രയാസകരമാവും.
യു.എസ് 20:20
ലാഹോര്‍: 20-20 ക്രിക്കറ്റിന്റെ ആവേശത്തിലേക്ക് അമേരിക്കയും. ക്രിക്കറ്റിനെ അകറ്റിനിര്‍ത്തുന്ന അമേരിക്കയിലേക്ക് അതിവേഗ ക്രിക്കറ്റിന്റെ ആവേശത്തെ അവതരിപ്പിക്കാന്‍ രംഗത്ത് വന്നിരിക്കുന്നത് അമേരിക്കന്‍ സ്‌പോര്‍ട്‌സ് ആന്‍ഡ് എന്റര്‍ടെയിന്‍മെന്റ് ഗ്രൂപ്പാണ്. പാക്കിസ്‌താന്‍ മുന്‍ ക്യാപ്‌റ്റന്‍ ഇന്‍സമാം ഉള്‍ഹഖ് ഉള്‍പ്പെടെയുള്ള പ്രമുഖരെ അമേരിക്കന്‍ കമ്പനി സമീപിച്ചിട്ടുണ്ട്. ന്യൂയോര്‍ക്ക് സിറ്റിയിലെ ബേസ് ബോള്‍ മൈതാനം ക്രിക്കറ്റ് മൈതാനമാക്കി മാറ്റി അവിടെ ചാമ്പ്യന്‍ഷിപ്പ് നടത്താനാണ് പരിപാടി. ഇന്‍സമാമാണ് ഈ കാര്യം സ്ഥീരികരിച്ചത്. എന്നാല്‍ നിലവില്‍ ഐ.സി.എല്ലുമായി കരാറുള്ള ഇന്‍സിക്കും സംഘത്തിനും ഇന്ത്യന്‍ ക്രിക്കറ്റ് ലീഗ് അനുമതി ലഭിച്ചാല്‍ മാത്രമാണ് ഈ ചാമ്പ്യന്‍ഷിപ്പില്‍ കളിക്കാനാവുക.
മടക്കം
ലാഹോര്‍: മുഹമ്മദ് യൂസഫ്, അബ്ദുള്‍ റസാക്ക്, ഇംറാന്‍ ഫര്‍ഹാത്ത്, ഇംറാന്‍ നസീര്‍, മുഹമ്മദ് സമി, റാണ നവീദ് എന്നീ വിമത പാക് താരങ്ങള്‍ ദേശീയ ക്രിക്കറ്റിലേക്ക് തിരിച്ചുവരുന്നു. പാക്കിസ്‌താന്‍ ദേശീയ ടീമിന്റെ നായകനായ യൂനസ്‌ഖാന്റെ താല്‍പ്പര്യ പ്രകാരമാണ് ഇവരുടെ തിരിച്ചുവരവ്. വിമത ഇന്ത്യന്‍ ക്രിക്കറ്റ്‌് ലീഗുമായുളള ബന്ധം അവസാനിപ്പിച്ച് ഇവര്‍ ഉടനടി തിരിച്ചെത്തുമെന്നാണ് പാക് പത്രമായ ദി ന്യൂസ് റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. അടുത്തമാസം പാക്കിസ്‌താന്‍ ദുബായില്‍ വെച്ച് ഓസ്‌ട്രേലിയയുമായി കളിക്കുന്നുണ്ട്. ഈ ഏകദിന പരമ്പരയിലേക്ക് മുഹമ്മദ് യൂസഫിന്റെ സേവനം യൂനസ് തേടിയിട്ടുണ്ട്. ഷുഹൈബ് മാലിക് പാക്കിസ്‌താന്‍ ദേശീയ ടീമിന്റെ നായകനായപ്പോഴാണ് യൂസഫ് തെറ്റിപിരിഞ്ഞതും ഐ.സി.എല്ലുമായി അടുത്തതും. മാലിക്കിനെതിരെ പരസ്യമായി പ്രതികരിക്കാനും യൂസഫ് തയ്യാറായിരുന്നു. എന്നാല്‍ മാലിക്കിന് പകരം യൂനസ് നായകനായതോടെ കാര്യങ്ങള്‍ മാറി. യൂനസും യൂസഫും അടുത്ത മിത്രങ്ങളാണ്. ഇരുവരും ഇതിനകം പലവട്ടം കൂടിക്കാഴ്‌ച്ച നടത്തിക്കഴിഞ്ഞു.
യൂസഫ് ഐ.സി.എല്‍ വിട്ടാല്‍ പക്ഷേ കപില്‍ദേവും സംഘവും കോടതി കയറുമെന്നുറപ്പാണ്.
ഗുരുതരമല്ല
നേപ്പിയര്‍: പുറം വേദന കാരണം നേപ്പിയര്‍ ടെസ്റ്റില്‍ നിന്നും അവസാന നിമിഷം പിന്മാറിയ ക്യാപ്‌റ്റന്‍ എം.എസ് ധോണി വെല്ലിംഗ്‌ടണില്‍ നടക്കുന്ന മൂന്നാം ടെസ്‌റ്റില്‍ കളിക്കും. ഇന്നലെ എം.ആര്‍.ഐ സ്‌കാനിംഗിന് വിധേയനായ ധോണിക്ക് അടുത്ത മല്‍സരത്തില്‍ കളിക്കാനാവുമെന്ന് താല്‍കാലിക നായകന്‍ വിരേന്ദര്‍ സേവാഗാണ് വ്യക്തമാക്കിയത്. ധോണിയുടെ പുറംവേദന സംബന്ധിച്ചച സൂചന കോച്ച് ഗാരി കിര്‍സ്‌റ്റണ്‍ തലേദിവസം രാത്രിയില്‍ സേവാഗിനോട് സൂചിപ്പിച്ചിരുന്നു. ചിലപ്പോള്‍ ടീമിന്റെ നായകനായി ഇറങ്ങേണ്ടി വരുമെന്ന സൂചനയും കോച്ച് നല്‍കിയതായി സേവാഗ് പറഞ്ഞു. 2005-06 സീസണില്‍ ന്യൂസിലാന്‍ഡിനെതിരെ അഹമ്മദാബാദില്‍ നടന്ന ടെസ്റ്റില്‍ അന്നത്തെ നായകന്‍ രാഹുല്‍ ദ്രാവിഡിന് പരുക്കേറ്റതിനെ തുടര്‍ന്ന് സേവാഗ് ടീമിനെ നയിക്കുകയും വിജയിപ്പിക്കുകയും ചെയ്‌തിരുന്നു.
മാപ്പ്
റിയോ: തനിക്കെതിരെ ഉത്തേജകാരോപണം ഉന്നയിച്ച ഫുട്‌ബോള്‍ രാജാവ് പെലെക്ക് മാപ്പ് നല്‍കുന്നതായി ബ്രസീലിയന്‍ താരം റൊണാള്‍ഡിഞ്ഞോ. മരുന്നടിയുടെ വക്താവാണ് റൊണാള്‍ഡിഞ്ഞോയെന്ന് പെലെ പറഞ്ഞത് വന്‍ വിവാദമാവുകയും പെലെക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് റൊണാള്‍ഡിഞ്ഞോ ഭീഷണി മുഴക്കുകയും ചെയ്‌തിരുന്നു. മരുന്നടിയുമായി എനിക്കൊരു ബന്ധവുമില്ല. മരുന്നും ഞാനും തമ്മില്‍ ബന്ധമുണ്ടായിരുന്നെങ്കില്‍ ഞാന്‍ ബ്രസീല്‍ ടീമില്‍ കാണുമായിരുന്നില്ല. അനാവശ്യ പരാമര്‍ശം നടത്തി പെലെ സ്വയം ചെറുതാവുകയാണ് ചെയ്‌തത്-റൊണാള്‍ഡിഞ്ഞോ പറഞ്ഞു.
അറിഞ്ഞില്ല
ന്യൂഡല്‍ഹി: തന്നോട് ആലോചിക്കാതെയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമിന് ഒന്നിലധികം നായകരെ പ്രഖ്യാപിച്ചതെന്ന് സൗരവ് ഗാംഗുലി. പത്രങ്ങളില്‍ നിന്നാണ് ആ കാര്യം ഞാനറിയുന്നത്. ഒരു ഘട്ടത്തിലും തന്നോട് ഇത് ആലോചിച്ചിരുന്നില്ല. ഈ വിഷയത്തില്‍ ടീം ഉടമ ഷാറൂഖ് ഖാന്റേതായിരിക്കും അന്തിമ തീരുമാനം. ക്രിക്കറ്റെന്നാല്‍ താരങ്ങള്‍ക്ക് കരുത്തും സുരക്ഷയും നല്‍കുകയാണ്. അതാണ് പ്രധാനം. മൂന്നോ നാലോ നായകര്‍ക്ക് കീഴില്‍ കളിച്ചുളള പരിചയം തനിക്കില്ലെന്നും ദാദ വ്യക്തമാക്കി.
ഏഷ്യ റെഡി
ദുബായ്: ചെറിയ ഇടവേളക്ക് ശേഷം ലോകകപ്പ് യോഗ്യതാ റൗണ്ടുകളുടെ ആരവം വീണ്ടും. വിവിധ വന്‍കരകളിലായി നാളെ മുതല്‍ ദക്ഷിണാഫ്രിക്കയിലേക്കുളള ടിക്കറ്റുകള്‍ തേടി ടീമുകള്‍ യാത്ര ആരംഭിക്കുകയാണ്. ഏറ്റവും വലിയ വന്‍കരയായ ഏഷ്യയില്‍ നിന്നും ലോക സോക്കറിന്റെ നെറുകയിലേക്കുളള യാത്രക്കായി പത്ത് ടീമുകള്‍ രംഗത്തുണ്ട്. ഇവരില്‍ ഓസ്‌ട്രേലിയ, ദക്ഷിണ കൊറിയ എന്നിവരാണ് മുന്‍പന്തിയില്‍. പക്ഷേ ഇവര്‍ നാളെ കളിക്കുന്നില്ല. ഗ്രൂപ്പ് എ യില്‍ നാളെ ജപ്പാന്‍ ബഹറൈനെയും, ഉസ്‌ബെക്കിസ്ഥാന്‍ ഖത്തറിനെയും ബി ഗ്രൂപ്പില്‍ ഉത്തര കൊറിയ യു.എ.ഇയെയും ഇറാന്‍ സൗദി അറേബ്യയെയും നേരിടുന്നു.
ടെഹ്‌റാനിലെ ആസാദി സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഇറാന്‍-സൗദി പോരാട്ടത്തിനാണ് അറബ് ലോകം കാത്തിരിക്കുന്നത്. ഫൈനല്‍ റൗണ്ട് സാധ്യത നിലനിര്‍ത്താന്‍ രണ്ട് ടീമുകള്‍ക്കും വിജയം നിര്‍ബന്ധമാണ്. സ്വന്തം മൈതാനത്ത് കളിക്കുന്നതിന്റെ നേരിയ മുന്‍ത്തൂക്കം അലി ദായുടെ ടീമിനുണ്ട്. ഗ്രൂപ്പ് ബി യില്‍ ഏറ്റവും പിറകില്‍ നില്‍ക്കുന്ന യു.എ.ഇക്ക് ഉത്തര കൊറിയക്കെതിരെ ജയിച്ചാല്‍ മാത്രമാണ് എന്തെങ്കിലും പ്രതീക്ഷ. താഷ്‌ക്കന്റില്‍ നടക്കുന്ന ഉസ്‌ബെക്-ഖത്തര്‍ പോരാട്ടത്തിലും തീപ്പാറും. രണ്ട് ടീമുകള്‍ക്കും ഇത് വരെ പ്രതീക്ഷക്കൊത്തുയരാന്‍ കഴിഞ്ഞിട്ടില്ല. സെയ്‌താമയിലെ ലോകകപ്പ് സ്‌റ്റേഡിയത്തില്‍ വെച്ചാണ് ജപ്പാന്‍ ബഹറൈനുമായി കളിക്കുന്നത്.
രാജഗോപാല്‍ ലോക സ്‌പോര്‍ട്‌സ് അവാര്‍ഡ് പാനലില്‍
ലണ്ടന്‍: 209 ലെ പത്താമത് ലോറസ് ലോക സ്‌പോര്‍ട്‌സ് അവാര്‍ഡുകള്‍ക്ക് കായികതാരങ്ങളെ നിര്‍ദ്ദേശിക്കാനുളള വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സ്‌പോര്‍ട്‌സ് ലേഖകരുടെ ഇന്റര്‍നാഷണല്‍ മീഡിയ സെലക്ഷന്‍ പാനലിലേക്ക് ഇന്ത്യയില്‍ നിന്നും മാതൃഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ വി.രാജഗോപാലിനെ ലോക സ്‌പോര്‍ട്‌സ് അക്കാദമി ചെയര്‍മാന്‍ എഡ്വിന്‍ മോസസ് വീണ്ടും നോമിനേറ്റ്‌് ചെയ്‌തു. മികച്ച പുരുഷ-വനിതാ താരങ്ങള്‍ ഉള്‍പ്പെടെ ആറ്‌് കാറ്റഗറികളിലേക്കാണ് 130 രാജ്യങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്നവരടങ്ങുന്ന മീഡിയാ പാനല്‍ നാമനിര്‍ദ്ദേശം നടത്തുക. അഞ്ച് ഒളിംപിക്‌സുകളും നാല് ഏഷ്യന്‍ ഗെയിംസുകളും ഉള്‍പ്പെടെ നിരവധി രാജ്യാന്തര കായികമാമാങ്കങ്ങള്‍ മാതൃഭൂമിക്ക് വേണ്ടി റിപ്പോര്‍ട്ട് ചെയ്‌തിട്ടുളള രാജഗോപാല്‍ തുടക്കം മുതല്‍ ലോക സ്‌പോര്‍ട്‌സ് മീഡിയാ പാനലില്‍ അംഗമാണ്. അവാര്‍ഡ് നോമിനികളുടെയും ഓസ്‌ക്കാര്‍ മാതൃകയില്‍ അവാര്‍ഡ് ദാനം നടത്തുന്ന നഗരത്തിന്റെയും വിവരങ്ങള്‍ ഏപ്രില്‍ 16 ന് പ്രഖ്യാപിക്കും.
Subscribe to:
Post Comments (Atom)
No comments:
Post a Comment