Thursday, March 19, 2009

SLOW , VERY SLOW.........

മെല്ലെ പോക്ക്‌
ഹാമില്‍ട്ടണ്‍: പ്രതീക്ഷിച്ചത്‌ റണ്‍ വേട്ടയായിരുന്നു. പക്ഷേ വീരേന്ദര്‍ സേവാഗ്‌ രാവിലെ തന്നെ റണ്ണൗട്ടായതോടെ ചിത്രം മാറി. തട്ടിമുട്ടി കളിച്ച ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്മാര്‍ക്ക്‌ കാണികളെ സന്തോഷിപ്പിക്കാനായില്ല. ന്യൂസിലാന്‍ഡിനെതിരായ ഒന്നാം ടെസ്റ്റിന്റെ രണ്ടാം ദിവസം സന്ദര്‍ശകര്‍ നാല്‌ വിക്കറ്റിന്‌ 278 റണ്‍സ്‌ നേടിയിട്ടുണ്ട്‌. ഇപ്പോഴും ആതിഥേയരുടെ സ്‌ക്കോറിന്‌ ഒരു റണ്‍ പിറകില്‍ നില്‍ക്കുന്ന ടീമിന്റെ പ്രതീക്ഷ 70- റണ്‍സുമായി ക്രീസില്‍ നില്‍ക്കുന്ന സച്ചിന്‍ ടെണ്ടുല്‍ക്കറിലാണ്‌. ഓപ്പണര്‍ ഗൗതം ഗാംഭീര്‍ (72), രാഹുല്‍ ദ്രാവിഡ്‌ (66) എന്നിവര്‍ നല്‍കിയ അടിത്തറയിലാണ്‌ സച്ചിന്‍ പൊരുതി നിന്നത്‌. സിദാന്‍ പാര്‍ക്കില്‍ കിവി ബൗളര്‍മാര്‍ അച്ചടക്കം പാലിടച്ചപ്പോള്‍ ഫീല്‍ഡര്‍മാര്‍ ഉറച്ച പിന്തുണ നല്‍കി. തലേ ദിവസം രാത്രി പെയ്‌ത മഴയും, മൂടി കെട്ടി നിന്ന സാഹചര്യങ്ങളും ബൗളര്‍മാര്‍ക്ക്‌ തുണയായപ്പോള്‍ സേവാഗിന്റെ വീഴ്‌ച്ചയില്‍ സാഹസത്തിനൊന്നും ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്മാര്‍ മുതിര്‍ന്നില്ല.
ആദ്യ റണ്‍ നേടാന്‍ പതിനൊന്ന്‌്‌ പന്തുകള്‍ നേരിടേണ്ടി വന്ന സച്ചിന്‍ പന്തുകളെ സസൂക്ഷ്‌മം നിരീക്ഷിച്ചപ്പോള്‍ അതിലും ശ്രദ്ധാലുവായിരുന്നു വി.വി.എസ്‌ ലക്ഷ്‌മണ്‍. ഈ സഖ്യം ബാറ്റ്‌ ചെയ്‌ത വേളയില്‍ വിരസമായിരുന്നു പോരാട്ടം. ക്രിസ്‌ മാര്‍ട്ടിനെതിരെ സ്വന്തമാക്കിയ ഓണ്‍ ഡ്രൈവായിരുന്നു സച്ചിന്റെ ഇന്നിംഗ്‌സിലെ മികച്ച ഷോട്ട്‌. 13 ല്‍ നില്‍ക്കുമ്പോള്‍ ഡാനിയല്‍ വെട്ടോരിയുടെ പന്തില്‍ പുള്‍ ഷോട്ടിന്‌ ശ്രമിച്ച സച്ചിന്‌ പിഴച്ചിരുന്നു. പക്ഷേ മിഡ്‌വിക്കറ്റില്‍ പന്തിനെ കൈപിടിയിലൊതുക്കാന്‍ ഡാനിയല്‍ ഫ്‌ളൈന്‌ കഴിഞ്ഞില്ല.
ഏകദിന പരമ്പരയില്‍ ബാറ്റിലും പന്തിലും മിന്നിയ ജെസി റൈഡര്‍ എന്ന മീഡിയം പേസറെ പോലും അതിയായി ബഹുമാനിച്ച ലക്ഷ്‌മണാണ്‌ വിരസതയുടെ പര്യായമായത്‌. അഞ്ച്‌ മെയ്‌ഡന്‍ ഓവറുകളാണ്‌ ഒരു ഘട്ടത്തില്‍ റൈഡര്‍ പായിച്ചത്‌. മറുഭാഗത്ത്‌ ഡാനിയല്‍ വെട്ടോരിയും റണ്‍സ്‌ നല്‍കിയില്ല. ഓവറില്‍ ശരാശരി രണ്ട്‌ റണ്ണായിരുന്നു ഈ ഘട്ടത്തിലെ ഇന്ത്യന്‍ സമ്പാദ്യം. ന്യൂസിലാന്‍ഡ്‌ പുതിയ പന്തെടുത്തപ്പോള്‍ ലക്ഷ്‌മണ്‍ പുറത്തായി. ഒന്നാം സ്ലിപ്പില്‍ പിടി നല്‍കിയ ലക്ഷ്‌മണിന്‌ പിറകെ യുവരാജ്‌ വന്നപ്പോള്‍ കൈല്‍ മില്‍സിന്റെ പന്തില്‍ മനോഹരമായ കവര്‍ ഡ്രൈവ്‌ കണ്ടു-ബാറ്റിംഗിനെ സ്‌നേഹിക്കുന്നവര്‍ക്ക്‌ കൈയ്യടിക്കാന്‍ ധാരാളമായിരുന്നു ഈ ഷോട്ട്‌. യുവരാജ്‌ പിടിച്ചുനിന്നപ്പോള്‍ പുതിയ പന്തില്‍ ഭീകരത സൃഷ്ടിക്കാമെന്ന കിവി ബൗളര്‍മാരുടെ മോഹം സഫലമായില്ല.
രാവിലെ സേവാഗ്‌ പെട്ടെന്ന്‌ പുറത്തായത്‌ ടീമിനെ സാരമായി തന്നെ ബാധിച്ചിരുന്നു. തലേ രാത്രി പെയ്‌ത മഴയില്‍ 15 മിനുട്ട്‌ വൈകിയാണ്‌ രണ്ടാം ദിവസത്തെ കളിയാരംഭിച്ചത്‌. ബൗളര്‍മാര്‍ക്ക്‌ അനുകൂലമായ സാഹചര്യമായിട്ടും സേവാഗ്‌ മടങ്ങിയത്‌ ഇന്ത്യന്‍ അനാസ്ഥയിലായിരുന്നു. കൈല്‍ മില്‍സിന്റെ പന്തില്‍ രണ്ട്‌ റണ്‍ നേടാനുളള ഗാംഭീറിന്റെ സാഹസികതയാണ്‌ പ്രശ്‌നമായത്‌. പന്തിനെ അതിവേഗം കരങ്ങളിലെടുത്ത ജെയിംസ്‌ ഫ്രാങ്ക്‌ളിന്‍ അകലത്തില്‍ നിന്നും പായിച്ച ത്രോ സ്‌റ്റംമ്പ്‌ തകര്‍ക്കുമ്പോള്‍ സേവാഗ്‌ ക്രീസില്‍ നിന്നും അകലെയായിരുന്നു. 21 പന്തില്‍ 24 റണ്‍ നേടിയ വീരു നിരാശനായി മടങ്ങിയ ശേഷമെത്തിയ ദ്രാവിഡിന്‌ പതിവ്‌ ജോലിയായിരുന്നു. ദീര്‍ഘകാലമായി റണ്‍സിനായി വിഷമിക്കുന്ന മുന്‍ നായകന്റെ തുടക്കം എളുപ്പത്തിലായിരുന്നില്ല. മാക്‌സിമം സമ്മര്‍ദ്ദം അദ്ദേഹത്തില്‍ അടിച്ചേല്‍പ്പിക്കുന്നതില്‍ ബൗളര്‍മാര്‍ വിജയിച്ചു. മാര്‍ട്ടിന്റെ പന്തില്‍ പായിക്കാനായ ബൗണ്ടറി ദ്രാവിഡിന്‌ കരുത്തായി.
ലഞ്ചിന്‌ ശേഷം ക്രിസ്‌ മാര്‍ട്ടിന്‍ കൂട്ടുകെട്ട്‌ തകര്‍ത്തു. മോഹിപ്പിക്കുന്ന പന്തില്‍ ഗാംഭീര്‍ വിക്കറ്റ്‌ കീപ്പര്‍ക്ക്‌്‌ ക്യാച്ച്‌ നല്‍കി. സമ്പാദ്യം 135 പന്തില്‍ 72 റണ്‍സ്‌. ഗാംഭീര്‍ പുറത്തായതിന്‌ ശേഷമായിരുന്നു ദ്രാവിഡിന്റെ അര്‍ദ്ധ സെഞ്ച്വറി. ഒബ്രിയാന്റെ പന്തില്‍ തകര്‍പ്പന്‍ ബൗണ്ടറി പായിച്ച ദ്രാവിഡിനെ പക്ഷേ അതേ ബൗളര്‍ അടുത്ത പന്തില്‍ പുറത്താക്കി. പിന്നെയായിരുന്നു സച്ചിനും ലക്ഷ്‌മണും തട്ടിമുട്ടിയത്‌.
സ്‌ക്കോര്‍ബോര്‍ഡ്‌
ന്യൂസിലാന്‍ഡ്‌-ഒന്നാം ഇന്നിംഗ്‌സ്‌-279. ഇന്ത്യ-ഒന്നാം ഇന്നിംഗ്‌സ്‌: ഗാംഭീര്‍-സി-മക്കുലം-ബി-മാര്‍ട്ടിന്‍-72, സേവാഗ്‌-റണ്ണൗട്ട്‌-24, ദ്രാവിഡ്‌-ബി-ഒബ്രിയാന്‍-66, സച്ചിന്‍-നോട്ടൗട്ട്‌-70, ലക്ഷ്‌മണ്‍-സി-ടെയ്‌ലര്‍-ബി-മാര്‍ട്ടിന്‍-30,യുവരാജ്‌-നോട്ടൗട്ട്‌-8, എക്‌സ്‌ട്രാസ്‌-8, ആകെ 90.5 ഓവറില്‍ നാല്‌ വിക്കറ്റിന്‌ 278. വിക്കറ്റ്‌ പതനം: 1-37 (സേവാഗ്‌), 2-142 (ഗാംഭീര്‍), 3-177 (ദ്രാവിഡ്‌), 4-238 (ലക്ഷ്‌മണ്‍). ബൗളിംഗ്‌: മാര്‍ട്ടിന്‍ 20-7-53-2, മില്‍സ്‌ 15-2-70-0, ഒബ്രിയാന്‍ 19.5-4-56-1, ഫ്രാങ്ക്‌ളിന്‍ 13-1-46-0,വെട്ടോരി 16-2-40-0, റൈഡര്‍ 7-5-10-0
തേര്‍ഡ്‌ ഐ
സേവാഗ്‌ വേണമായിരുന്നു
വീരേന്ദര്‍ സേവാഗ്‌ ഇന്നലെ തുടക്കത്തില്‍ തന്നെ പുറത്തായതോടെ ഒരു കാര്യം ഉറപ്പായിരുന്നു-റണ്‍ മഴയുണ്ടാവില്ല. അത്‌ തന്നെയാണ്‌ സംഭവിച്ചതും. വിരസമായ ബാറ്റിംഗില്‍ നിരാശാജനകമായ ദിനം. ഒരു ദിവസം കിട്ടിയിട്ടും കിവി ഒന്നാം ഇന്നിംഗ്‌സ്‌ സ്‌ക്കോര്‍ മറികടക്കാന്‍ പോലും ഇന്ത്യക്കായില്ല. വേഗതയില്‍ റണ്‍ പിറന്നില്ലെന്ന്‌ മാത്രമല്ല സുന്ദരമായ ഷോട്ടുകളും ആവേശകരമായ നിമിഷങ്ങളുമൊന്നും സിദാന്‍ പാര്‍ക്കില്‍ കണ്ടില്ല. മല്‍സരത്തിന്റെ ആദ്യദിവസം പത്ത്‌ വിക്കറ്റും രണ്ട്‌ സെഞ്ച്വറികളും ആവേശം പ്രദാനം ചെയ്‌തിരുന്നു. വെട്ടോരിയുടെ ആക്രമണവും ജെസി റൈഡറുടെ ഷോട്ടുകളുമെല്ലാം ഒന്നാം ദിവസത്തിന്റെ മനോഹാരിതക്ക്‌ മികവേകിയപ്പോള്‍ രണ്ടാം ദിവസത്തെ ബോറടിപ്പിച്ചത്‌ ഇന്ത്യന്‍ അനുഭവസമ്പന്നരുടെ പ്രതിരോധാത്മക ഗെയിമായിരുന്നു. അര്‍ദ്ധ സെഞ്ച്വറികള്‍ സ്വന്തമാക്കിയ ഗാംഭീര്‍, ദ്രാവിഡ്‌, സച്ചിന്‍ എന്നിവരെല്ലാം തപ്പിതടയുന്ന ബാറ്റിംഗിന്റെ വക്താക്കളായിരുന്നു. രാവിലെ തന്നെ ഗാംഭീറിന്റെ ആലസ്യമാണ്‌ കണ്ടത്‌. ഇല്ലാത്ത രണ്ടാം റണ്ണിന്‌ സേവാഗിനെ വിളിച്ച ഗാംഭീര്‍ വിലപ്പെട്ട വിക്കറ്റാണ്‌ ബലി നല്‍കിയത്‌. കവറിലേക്ക്‌ പന്ത്‌ പായിച്ച്‌, ഫീല്‍ഡിംഗ്‌ പാടവമുളള കിവികളെ വെല്ലുവിളിക്കുകയെന്ന സാഹസിക ദൗത്യം ഗാംഭീര്‍ എന്തിന്‌ ഏറ്റെടുത്തു എന്നതാണ്‌ മനസ്സിലാവാത്ത കാര്യം. തലേദിവസം പെയ്‌ത മഴയില്‍ സാഹചര്യങ്ങള്‍ ബാറ്റ്‌സ്‌മാന്മാര്‍ക്ക്‌്‌ അനുകൂലമായിരുന്നില്ല എന്നത്‌ സത്യം. പക്ഷേ സേവാഗ്‌ ക്രീസിലുണ്ടായിരുന്നെങ്കില്‍, അദ്ദേഹത്തിന്റെ ബ്ലേഡില്‍ നിന്ന്‌ രണ്ടോ മുന്നോ ഷോട്ടുകള്‍ പാഞ്ഞിരുന്നെങ്കില്‍ ആത്മവിശ്വാസത്തോടെ പന്തെറിയാന്‍ കിവികള്‍ക്ക്‌ കഴിയുമായിരുന്നില്ല. സേവാഗ്‌ പെട്ടെന്ന്‌ മടങ്ങിയതോടെ മല്‍സര നിയന്ത്രണം പൂര്‍ണ്ണമായും കിവികള്‍ക്കായി. വെട്ടോരി ശരിക്കും ഇന്ത്യന്‍ സമ്മര്‍ദ്ദത്തെ ഉപയോഗപ്പെടുത്തി. തന്റെ ബൗളിംഗ്‌ നിരയില്‍ അനുഭവസമ്പന്നര്‍ കുറവാണെന്ന സത്യത്തില്‍ നിന്നും അദ്ദേഹം അച്ചടക്കത്തെയാണ്‌ ക്ഷണിച്ചത്‌. പന്തുകള്‍ സ്റ്റംമ്പ്‌ ടു സ്റ്റംമ്പായപ്പോള്‍ ദ്രാവിഡിനെ പോലുളളവര്‍ക്ക്‌ പരമ്പരാഗത ടെസ്റ്റ്‌ ബാറ്റിംഗിന്റെ വക്താക്കളാവാന്‍ മാത്രമാണ്‌ കഴിഞ്ഞത്‌. ദ്രാവിഡിന്റെ ബാറ്റിംഗ്‌ ശൈലി ഇന്ന്‌ അപൂര്‍വമായ കാഴ്‌ച്ചയാണ്‌. ചെറിയ മൈതാനമായിട്ട്‌ പോലും പന്തിനെ ബഹുമാനിക്കുന്നതിലായിരുന്നു ബാംഗ്ലൂര്‍കാരന്റെ താല്‍പ്പര്യം. ഗാംഭീര്‍ പലപ്പോഴും മുന്നോട്ട്‌ കയറി പന്തിനെ പാഡില്‍ പ്രതിരോധിക്കുന്നതിലാണ്‌ മികവ്‌ കാട്ടിയത്‌. ആദ്യ 11 റണ്‍സ്‌ സ്വന്തമാക്കാന്‍ 40 പന്തുകളാണ്‌ ഗാംഭീര്‍ എടുത്തത്‌.
ജെസി റൈഡര്‍ അഞ്ച്‌ മെയ്‌ഡന്‍ ഓവറുകള്‍ പായിച്ചു എന്ന സത്യത്തില്‍ നിന്ന്‌ ലക്ഷ്‌മണ്‍-സച്ചിന്‍ കൂട്ടുകെട്ടിന്റെ അധൈര്യം പ്രകടമായി. റൈഡര്‍ ഒരു ഭാഗത്തും വെട്ടോരി മറുഭാഗത്തും വന്നപ്പോള്‍ സച്ചിനും ലക്ഷ്‌മണും പ്രകടിപ്പിച്ച ബഹുമാനത്തെ സമ്മതിക്കേണ്ടിയിരിക്കുന്നു. ഇന്ന്‌ മൂന്നാം ദിവസത്തിലും കാര്യങ്ങള്‍ എളുപ്പമാവില്ല. രാവിലെ തന്നെ വിക്കറ്റ്‌ വീണാല്‍ വീണ്ടും വിരസത ഉറപ്പാണ്‌..

ദുരന്തം
സിഡ്‌നി: പ്രഥമ 20-20 ലോകകപ്പ്‌ ഇന്ത്യക്ക്‌ സമ്മാനിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക്‌ വഹിച്ച ശ്രീകുമാരന്‍ ശ്രീശാന്ത്‌ എന്ന സീമര്‍ക്ക്‌ ജൂണില്‍ ഇംഗ്ലണ്ടില്‍ നടക്കുന്ന 20-20 ലോകകപ്പ്‌ നഷ്ടമാവും. അടുത്ത മാസം ആരംഭിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ മല്‍സരങ്ങളും ശ്രീശാന്തിന്‌ നഷ്ടമാവുമെന്ന്‌ ഉറപ്പായി. പുറംവേദന കാരണം കഴിഞ്ഞ കൂറെ മാസങ്ങളായി മല്‍സരരംഗത്തില്ലാത്ത ശ്രീശാന്ത്‌ കഴിഞ്ഞ ദിസം സിഡ്‌നിയില്‍ വിദഗ്‌ദ്ധ പരിശോധനക്ക്‌ വിധേയനായിരുന്നു. അടുത്ത മൂന്ന്‌ മാസത്തേക്ക്‌ പൂര്‍ണ്ണ വിശ്രമമാണ്‌ അദ്ദേഹത്തിന്‌ നിര്‍ദ്ദേശിച്ചിരിക്കുന്നത്‌.
കഴിഞ്ഞ പതിനൊന്ന്‌ മാസമായി പരുക്കുകള്‍ കാരണം ശ്രീശാന്തിന്‌ മല്‍സര രംഗത്ത്‌ സജീവമാവാന്‍ കഴിഞ്ഞിട്ടില്ല. കേരളത്തിനായി ആഭ്യന്തര ക്രിക്കറ്റിലെ ചില മല്‍സരങ്ങള്‍ കളിച്ചെങ്കിലും അദ്ദേഹത്തെ ദേശീയ സെലക്ടര്‍മാര്‍ പരിഗണിച്ചിരുന്നില്ല. സിഡ്‌നിയില്‍ നടത്തിയ പരിശോധനയോടെ രാജ്യാന്തര രംഗത്തേക്ക്‌ തിരിച്ചുവരാനുളള കേരളാ സീമറുടെ മോഹത്തിന്‌ കനത്ത ആഘാതമേറ്റിരിക്കയാണ്‌.
ഏറ്റവും നിരാശാജനകമായ വിവരമാണ്‌ ഡോക്ടര്‍മാര്‍ നല്‍കിയതെന്ന്‌ ശ്രീശാന്ത്‌ പറഞ്ഞു. എന്റെ ജീവിതത്തില്‍ ഇത്രയും നിരാശ ഇതിന്‌ മുമ്പ്‌ ഉണ്ടായിട്ടില്ല. കഴിഞ്ഞ ഒരു വര്‍ഷമായി പലവിധ പരുക്കുകള്‍ അലട്ടുന്നു. തിരിച്ചുവരാമെന്ന പ്രതീക്ഷയില്‍ നില്‍ക്കുമ്പോഴാണ്‌ വീണ്ടും ആഘാതം. എങ്കിലും പരുക്കിനെക്കുറിച്ചോര്‍ത്ത്‌ വേവലാതിപ്പെടുന്നില്ല. എത്രയും വേഗം ആരോഗ്യം വീണ്ടെടുത്ത്‌്‌ മല്‍സരരംഗത്ത്‌ സജീവമാവുമെന്ന്‌ അദ്ദേഹം പറഞ്ഞു.
2006 ല്‍ ടെസ്റ്റ്‌ അരങ്ങേറ്റം നടത്തിയ ശ്രീശാന്തിന്‌ കഴിഞ്ഞ മെയില്‍ ഐ.പി.എല്‍ മല്‍സരത്തിനിടെയാണ്‌ ആദ്യമായി പുറംവേദന അനുഭവപ്പെട്ടത്‌. ഇത്‌ കാര്യമാക്കാതെ കളിച്ചപ്പോള്‍ വേദന വര്‍ദ്ധിച്ചു. തുടര്‍ന്ന്‌ ദേശീയ ടീമില്‍ നിന്നും തഴയപ്പെട്ട അദ്ദേഹം ബാംഗ്ലൂര്‍ ക്രിക്കറ്റ്‌ അക്കാദമിയിലായിരുന്നു. പരുക്കില്‍ നിന്നും മുക്തനായി ദുലിപ്‌ ട്രോഫിയില്‍ കളിച്ചെങ്കിലും പഴയ ഫോമിന്റെ നിഴല്‍ മാത്രമായിരുന്നു ശ്രീശാന്ത്‌. വീണ്ടും പരിശോധന നടത്തിയപ്പോഴാണ്‌ കഴിഞ്ഞ അഞ്ച്‌ മാസമായി ചികില്‍സയില്‍ പുരോഗതി ഇല്ലെന്ന കാര്യം വ്യക്തമായത്‌.
ഇന്ത്യയില്‍ നടത്തിയ ചികില്‍സയില്‍ ഡോക്ടര്‍മാര്‍ തനിക്ക്‌ ആത്മവിശ്വാസമാണ്‌ നല്‍കിയതെന്ന്‌ ശ്രീശാന്ത്‌ പറഞ്ഞു. പരുക്കില്‍ നിന്ന്‌ മുക്തനായിട്ടും പുറം വേദനയുണ്ടായിരുന്നു. ഈ കാര്യം ഡോക്ടര്‍മാരോട്‌ പറഞ്ഞപ്പോള്‍ അത്‌ കാര്യമാക്കാനില്ലെന്നും വീണ്ടും കളിക്കാന്‍ തുടങ്ങിയാല്‍ എല്ലാം മാറുമെന്നുമാണ്‌ പറഞ്ഞത്‌. ചിലര്‍ എന്റെ മാനസികനിലയാണ്‌ പ്രശ്‌നമെന്ന്‌ പറഞ്ഞിരുന്നു. ഇത്‌ കാരണമാണ്‌ വീണ്ടും കളിച്ചത്‌. പക്ഷേഇപ്പോഴാണ്‌ സത്യം വ്യക്തമായത്‌. ഇപ്പോഴെങ്കിലും രോഗം തിരിച്ചറിയാന്‍ കഴിഞ്ഞത്‌ ഭാഗ്യമാണ്‌. തന്റെ ഐ.പി. എല്‍ ടീമായ കിംഗ്‌സ്‌ ഇലവന്‍ പഞ്ചാബിന്റെ ഫിസിയോ പാട്രിക്‌ ഫര്‍ഹാര്‍ട്ടാണ്‌ രോഗം ആദ്യമായി തിരിച്ചറിഞ്ഞത്‌. അദ്ദേഹമാണ്‌ സിഡ്‌നിയിലെത്തി പരിശോധനകള്‍ക്ക്‌ വിധേയനാവാന്‍ നിര്‍ദ്ദേശിച്ചത്‌. ബോണ്‍ സ്‌കാനും എം.ആര്‍.ഐയും നടത്തിയപ്പോഴാണ്‌ പ്രശ്‌നങ്ങള്‍ മനസ്സിലായത്‌. ഓസ്‌ട്രേലിയന്‍ സീമര്‍മാരായ ബ്രെട്ട്‌ ലീ, മിച്ചല്‍ ജോണ്‍സണ്‍ എന്നിവര്‍ ഇതേ പരുക്കില്‍ ചികില്‍സ നേടിയവരാണെന്നും അവര്‍ ആരോഗ്യവാന്മാരായി തിരിച്ചെത്തിയതാണ്‌ പ്രതീക്ഷ നല്‍കുന്നതെന്നും ശ്രീശാന്ത്‌ വ്യക്തമാക്കി. ഇവിടെ വെച്ച്‌ ബ്രെട്ട്‌്‌ ലീയെ കണ്ടെന്നും അദ്ദേഹം നല്‍കിയ പിന്തുണ വളരെ വലുതാണെന്നും ശ്രീശാന്ത്‌ പറഞ്ഞു.

2014 വരെ
ആന്‍ഫീല്‍ഡ്‌: ലിവര്‍പൂളിന്റെ അമരക്കാരനായി റാഫേല്‍ ബെനിറ്റസ്‌ 2014 വരെയുണ്ടാവും. ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ക്ലബിന്റെ അധികാരികള്‍ക്ക്‌്‌ അല്‍പ്പദിവസങ്ങളായി ആശങ്ക സമ്മാനിച്ച ബെനിറ്റസ്‌ ഇന്നലെയാണ്‌ പുതിയ കരാറില്‍ ഒപ്പിട്ടത്‌. കരാര്‍ പ്രകാരം 2014 വരെ അദ്ദേഹം ലിവര്‍പൂളിന്റെ മുഖ്യ പരിശീലക സ്ഥാനത്തുണ്ടാവും. എന്റെ ഹൃദയത്തില്‍ നിറയെ ലിവര്‍പൂളാണ്‌. അതിനാല്‍ കരാര്‍ പുതുക്കുന്നതില്‍ സംശയമുണ്ടായിരുന്നില്ല. ഈ ക്ലബിനെയും ആരാധകരെയും നഗരത്തെയും ഞാന്‍ അതിയായി സ്‌നേഹിക്കുന്നു-കരാര്‍ ഒപ്പിട്ടതിന്‌ ശേഷം അദ്ദേഹം പറഞ്ഞു. 2004 ലാണ്‌ ബെനിറ്റസ്‌ ലിവര്‍പൂളിന്റെ പരിശീലകനായി സ്ഥാനമേറ്റത്‌. യൂറോപ്പിലെ ചാമ്പ്യന്‍ ക്ലബായി ലിവറിനെ മാറ്റിയ ബെനിറ്റസ്‌ ഈയിടെ പ്രീമിയര്‍ ലീഗിലും ചാമ്പ്യന്‍സ്‌ ലീഗിലും രണ്ട്‌ തകര്‍പ്പന്‍ വിജയങ്ങള്‍ ടീമിന്‌ സമ്മാനിച്ചിരുന്നു. ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ നാല്‌ ഗോളിനും ചാമ്പ്യന്‍സ്‌ ലീഗ്‌ പ്രീ ക്വാര്‍ട്ടറില്‍ റയല്‍ മാഡ്രിഡിനെ അഞ്ച്‌ ഗോളിനും ലിവര്‍ തകര്‍ത്തിരുന്നു.
വിറച്ചു
ഇന്ത്യാനവെല്‍സ്‌: ലോക ഒന്നാം നമ്പര്‍ താരം റാഫേല്‍ നദാലിനെ പരാജയപ്പെടുത്താന്‍ അര്‍ജന്റീനക്കാരനായ ഡേവിഡ്‌ നാല്‍ബാണ്ടിയാന്‌ അഞ്ച്‌ അവസരങ്ങള്‍ കിട്ടി. പക്ഷേ ഒന്നും അദ്ദേഹം പ്രയോജനപ്പെടുത്തിയില്ല. അഞ്ച്‌ മാച്ച്‌ പോയന്റുകള്‍ അതിജയിച്ച സ്‌പാനിഷ്‌ താരം 3-6, 7-6, 6-0 എന്ന സ്‌ക്കോറിന്‌ വിജയിച്ച്‌്‌ ഇന്ത്യാനവെല്‍സ്‌ ഓപ്പണിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. ലോക രണ്ടാം നമ്പര്‍ താരം റോജര്‍ ഫെഡ്‌റര്‍ ചിലിയില്‍ നിന്നുള്ള ഫെര്‍ണാണ്ടോ ഗോണ്‍സാലസിനെ തോല്‍പ്പിച്ച്‌ ക്വാര്‍ട്ടര്‍ ടിക്കറ്റ്‌ നേടിയിട്ടുണ്ട്‌. സ്‌ക്കോര്‍ 6-3, 5-7, 6-2.
ഓസീ തകര്‍ച്ച
കേപ്‌ടൗണ്‍: ദക്ഷിണാഫ്രിക്കക്കെതിരായ അവസാന ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക്‌ ബാറ്റിംഗ്‌ തകര്‍ച്ച. ഡെയില്‍ സ്‌റ്റെന്‍-മക്കായ എന്‍ടിനി, പോള്‍ ഹാരിസ്‌ എന്നിവരുടെ ബൗളിംഗിന്‌ മുന്നില്‍ തകര്‍ന്ന ഓസീസ്‌ 209 റണ്‍സാണ്‌ ഒന്നാം ഇന്നിംഗ്‌സില്‍ നേടിയത്‌. 55 റണ്‍സ്‌ നേടിയ ഓപ്പണര്‍ സൈമണ്‍ കാറ്റിച്ച്‌, 42 റണ്‍സ്‌ നേടിയ വിക്കറ്റ്‌ കീപ്പര്‍ ബ്രാഡ്‌ ഹാദ്ദീന്‍ എന്നിവര്‍ മാത്രമാണ്‌ പിടിച്ചുനിന്നത്‌. രണ്ടാം ടെസ്റ്റിലെ ബാറ്റിംഗ്‌ ഹീറോ ഫിലിപ്പ്‌ ഹ്യൂഗ്‌സ്‌ 33 റണ്‍സ്‌ നേടി. സ്റ്റെന്‍ 56 റണ്‍സിന്‌ നാല്‌ വിക്കറ്റ്‌്‌ നേടിയപ്പോള്‍ സ്‌പിന്നര്‍ പോള്‍ ഹാരീസ്‌ മൂന്നും എന്‍ടിനി രണ്ടും വിക്കറ്റ്‌ നേടി. പരമ്പരയിലെ ആദ്യ രണ്ട്‌ മല്‍സരങ്ങളിലും വിജയം കരസ്‌ഥമാക്കി റബര്‍ നേടിയ ഓസ്‌ട്രേലിയക്ക്‌ കനത്ത ആഘാതമായത്‌ നായകന്‍ റിക്കി പോണ്ടിംഗിന്റെ മടക്കമായിരുന്നു. ആറ്‌ പന്തുകള്‍ മാത്രം നേരിട്ട പോണ്ടിംഗ്‌ മോര്‍ക്കലിന്റെ പന്തില്‍ വിക്കറ്റ്‌ കീപ്പര്‍ മാര്‍ക്‌ ബൗച്ചര്‍ പിടിച്ചുപുറത്താവുകയായിരുന്നു. മൈക്കല്‍ ക്ലാര്‍ക്കിനും അക്കൗണ്ട്‌ തുറക്കാനായില്ല.

No comments: