Wednesday, March 18, 2009
INDIAN MORNING, KIWI LUNCH, VEERU EVENING
ബൗളിംഗ് ഡേ
ഹാമില്‍ട്ടണ്‍: ഏഴാം വിക്കറ്റില്‍ ക്യാപ്‌റ്റന്‍ ഡാനിയല്‍ വെട്ടോരിയും, ജെസി റൈഡറും ചേര്‍ന്ന് സ്വന്തമാക്കിയ 186 റണ്‍സിന്റെ മികവില്‍ ഇന്ത്യക്കെതിരായ ഒന്നാം ടെസ്‌റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ ന്യൂസിലാന്‍ഡ് 279 റണ്‍സ് സ്വന്തമാക്കി. മറുപടി ബാറ്റിംഗില്‍ ഇന്ത്യ വിക്കറ്റ് നഷ്ടമാവാതെ 29 റണ്‍സ് നേടിയിട്ടുണ്ട്. തട്ടുതകര്‍പ്പന്‍ ബാറ്റിംഗിന്റെ വക്താവായ വിരേന്ദര്‍ സേവാഗ് 22 റണ്‍സുമായും ഗൗതം ഗാംഭീര്‍ ആറ് റണ്‍സുമായും കളിക്കുന്നു.
ആറ് വിക്കറ്റിന് 60 റണ്‍സ് എന്ന നിലയില്‍ തകര്‍ന്നുപോയ ആതിഥേയര്‍ അതിനാടകീയമായാണ് രക്ഷപ്പെട്ടത്. ടെസ്റ്റ് ക്രിക്കറ്റിലെ തന്റെ മൂന്നാം സെഞ്ച്വറിയുമായി വെട്ടോരി 118 റണ്‍സ് സ്വന്തമാക്കിയപ്പോള്‍ ഏകദിന പരമ്പരയിലെ ഹീറോ ജെസി റൈഡര്‍ കന്നി ടെസ്‌റ്റ് സെഞ്ച്വറിയുമായി 102 റണ്‍സ് വാരിക്കൂട്ടി. ഈ രണ്ട്‌് പേരുടെ വ്യക്തിഗത സംഭാവനകള്‍ മാറ്റിനിര്‍ത്തിയാല്‍ കിവി ബാറ്റിംഗ് നിരയുടെ പ്രകടനം ദയനീയമായിരുന്നു. ഇന്ത്യക്കായി ഇഷാന്ത് ശര്‍മ്മ 73 റണ്‍സിന് നാല് വിക്കറ്റ് നേടിയപ്പോള്‍ മുനാഫ് മൂസ്സ പട്ടേല്‍ 60 റണ്‍സിന് മൂന്നും സഹീര്‍ഖാന്‍ രണ്ടും വിക്കറ്റ് നേടി.
മൂടികെട്ടിയ അന്തരീക്ഷത്തില്‍ ആരംഭിച്ച മല്‍സരത്തിന്റെ ആദ്യ സെഷന്‍ ഇന്ത്യക്ക് സ്വന്തമായിരുന്നു. പക്ഷേ രണ്ടാം സെഷന്‍ വെട്ടോരിയും റൈഡറും സ്വന്തമാക്കി. രണ്ട്‌് പേരും തകര്‍പ്പന്‍ പ്രകടനം നടത്തിയപ്പോള്‍ ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ മൂന്ന് ക്യാച്ചുകളും രണ്ട് റണ്ണൗട്ട് അവസരങ്ങളും പാഴാക്കി. അവസാന സെഷനില്‍ മുനാഫ് പട്ടേലിലൂടെ ഇന്ത്യ തിരിച്ചെത്തി.
ആദ്യം ബാറ്റ് ചെയ്യാനുളള ധോണിയുടെ തീരുമാനത്തില്‍ അല്‍ഭുതമുണ്ടായിരുന്നില്ല. പുതിയ പന്തിനെ സഹീറും ഇഷാന്തും വായുവിലൂടെ മോഹിപ്പിച്ച് നല്‍കിയപ്പോള്‍ കിവി മുന്‍നിര തകര്‍ന്നു. നാല് പന്തിനിടെ സഹീര്‍ രണ്ട് വിക്കറ്റ്‌് നേടിയപ്പോള്‍ രണ്ടാം വരവിലെ മാരക സ്‌പെല്ലില്‍ ഇഷാന്ത് മൂന്ന് പേരെ തിരിച്ചയച്ചു. കന്നി ടെസ്റ്റ് കളിക്കുന്ന മാര്‍ട്ടിന്‍ ഗുപ്‌ടിലാണ് ആദ്യം മടങ്ങിയത്. 14 റണ്‍സ് നേടിയ അദ്ദേഹത്തെ സഹീറിന്റെ പന്തില്‍ സ്ലിപ്പില്‍ രാഹുല്‍ ദ്രാവിഡ് പിടിച്ചു. ദ്രാവിഡിന്റെ 181 -ാമത് ക്യാച്ച്. ഡാനിയല്‍ ഫ്‌ളൈന്‍ പൂജ്യത്തിന് പുറത്തായപ്പോള്‍ 18 റണ്‍സ് മാത്രം നേടിയ റോസ് ടെയ്‌ലറെ ഇഷാന്ത് ബൗള്‍ഡാക്കി. നാല് വിക്കറ്റിന് 51 റണ്‍സ് എന്ന നിലയില്‍ ന്യൂസിലാന്‍ഡ് വന്‍ തകര്‍ച്ചയെ നേരിടുന്ന ആ ഘട്ടത്തില്‍ ജെയിംസ് ഫ്രാങ്ക്‌ളിനെയും ബ്രെന്‍ഡന്‍ മക്കുലത്തെയും നഷ്‌ടമായതോടെ ഇന്ത്യ ടോപ് ഗിയറിലായി. ആദ്യ സെഷനില്‍ തന്നെ ആറ്‌് വിക്കറ്റ് നഷ്‌മായ ടീമിനെ രക്ഷിക്കാന്‍ പിന്നെ അവശേഷിച്ചിരുന്ന അംഗീകൃത ബാറ്റിംഗ് ജോഡികള്‍ വെട്ടോരിയും റൈഡറുമായിരുന്നു.
രണ്ടാം സെഷനില്‍ കനത്ത വെയിലില്‍ പിച് നല്ല വണ്ണം ഉറച്ചിരുന്നു. ഈ ആനുകൂല്യം ഉപയോഗപ്പെടുത്തിയാണ് രണ്ട് പേരും കളിച്ചത്. ചെറിയ മൈതാനത്ത് യഥേഷ്ടം റണ്‍സും പിറന്നപ്പോള്‍ കിവി സ്‌ക്കോറിന് ജീവന്‍ വെച്ചു. സഹീറിനെ സിക്‌സറിന് പറത്തിയാണ് വെട്ടോരി സ്‌ക്കോര്‍ 100 കടത്തിയത്. 77 ല്‍ നില്‍ക്കുമ്പോള്‍ ഹര്‍ഭജന്റെ പന്തില്‍ വെട്ടോരി നല്‍കിയ അവസരം ദ്രാവിഡ് പാഴാക്കിയിരുന്നു. പേസര്‍മാരെ കാര്യമാക്കാതെ ആക്രമിച്ച വെട്ടോരി 164 പന്തില്‍ നിന്ന് 118 റണ്‍സ് നേടാന്‍ 14 ബൗണ്ടറിയും രണ്ട് സിക്‌സറും നേടി. മുനാഫ് പട്ടേലിന്റെ രണ്ടാം സ്‌പെല്ലാണ് നായകന് വിനയാത.് ബാറ്റില്‍ തട്ടി ഉയര്‍ന്ന പന്ത് ധോണി പിടിയിലാക്കിയപ്പോള്‍ അടുത്ത പന്തില്‍ കൈല്‍ മില്‍സിനെ തിരിച്ചയച്ച് മുനാഫ് ഹാട്രിക്കിനരികിലെത്തി. എന്നാല്‍ ഒബ്രിയാന്‍ പിടിച്ചുനിന്നു.
അവസാന ബാറ്റ്‌സ്‌മാനെ സാക്ഷിയാക്കിയാണ് റൈഡര്‍ സെഞ്ച്വറിയിലെത്തിയത്. 162 പന്തില്‍ 102 റണ്‍സ് നേടിയ റൈഡറെ ഇഷാന്താണ് തിരിച്ചയച്ചത്. ഇന്ത്യ ബാറ്റിംഗിന് ഇറങ്ങിയപ്പോള്‍ സേവാഗിന്റെ ഊഴമായിരുന്നു. 18 പന്തുകള്‍ നേരിട്ട ഓപ്പണര്‍ അഞ്ച് ബൗണ്ടറികള്‍ പായിച്ചപ്പോള്‍ 24 പന്തില്‍ നിന്നായിരുന്നു ഗാംഭീറിന്റെ ആറ് റണ്‍സ്.
സ്‌ക്കോര്‍ബോര്‍ഡ്
ന്യൂസിലാന്‍ഡ്-ഒന്നാം ഇന്നിംഗ്‌സ്: മകിന്റോഷ്-സി-സേവാഗ്-ബി-ഇഷാന്ത്-12, ഗുപ്‌ടില്‍-സി-ദ്രാവിഡ്-ബി-സഹീര്‍-14, ഫ്‌ളൈന്‍-സി-ധോണി-ബി-സഹീര്‍-0, ടെയ്‌ലര്‍-ബി-ഇഷാന്ത്-18, റൈഡര്‍-സി-ലക്ഷ്‌മണ്‍-ബി-ഇഷാന്ത്-102, ഫ്രാങ്ക്‌ളിന്‍-സി-ധോണി-ബി-ഇഷാന്ത്-0, മക്കുലം-സി-ലക്ഷ്‌മണ്‍-ബി-മുനാഫ്-3, വെട്ടോരി-സി-ധോണി-ബി-മുനാഫ്-118, മില്‍സ്-ബി-മുനാഫ്-0, ഒബ്രിയാന്‍ -സ്റ്റംമ്പ്‌ഡ് ധോണി-ബി-ഹര്‍ഭജന്‍-8, മാര്‍ട്ടിന്‍-നോട്ടൗട്ട്-0, എക്‌സ്‌ട്രാസ്-4, ആകെ 78. 2 ഓവറില്‍ 279. വിക്കറ്റ് പതനം: 1-17 (ഗുപ്‌ടില്‍), 2-17 (ഫ്‌ളൈന്‍), 3-40 (മകിന്റോഷ്), 4-51 (ടെയ്‌ലര്‍), 5-51 (ഫ്രാങ്ക്‌ളിന്‍), 6-60 (മക്കുലം), 7-246 (വെട്ടോരി), 8-246 (മില്‍സ്), 9-275 (ഒബ്രിയാന്‍) 10-279 (റൈഡര്‍). ബൗളിംഗ്: സഹീര്‍ 16-3-70-2, ഇഷാന്ത് 19.2-4-73-4, മുനാഫ് 18-4-60-3, ഹര്‍ഭജന്‍ 22-7-57-1, സേവാഗ് 3-0-18-0.
ഇന്ത്യ. ഒന്നാം ഇന്നിംഗ്‌സ്- ഗാംഭീര്‍-നോട്ടൗട്ട്-6, സേവാഗ്-നോട്ടൗട്ട്-22, എക്‌സ്‌ട്രാസ്-1, ആകെ ഏഴ് ഓവറില്‍ വിക്കറ്റ് പോവാതെ 29. ബൗളിംഗ്: മാര്‍ട്ടിന്‍ 4-1-9-0, മില്‍സ് 2-0-18-0, ഒബ്രിയാന്‍ 1-0-1-0
തേര്‍ഡ് ഐ
ടെസ്റ്റ് ക്രിക്കറ്റ് അതിന്റെ സുഭഗസൗന്ദര്യത്തില്‍ സിദാന്‍ പാര്‍ക്കില്‍ ദര്‍ശിക്കാന്‍ കഴിഞ്ഞ ദിവസമായിരുന്നു ഇന്നലെ... രാവിലെ പിച്ചിലെ ഈര്‍പ്പം മുതലാക്കിയുളള മനോഹരമായ ബൗളിംഗ്. ഉച്ചക്ക് വെയിലിന്റെ കാഠിന്യത്തില്‍ ബാറ്റിംഗ് മാസ്‌മരികത. അവസാനത്തില്‍ ബൗളിംഗ് ടീമിന്റെ ശക്തമായ തിരിച്ചുവരവ്. സായന്തനത്തില്‍ സേവാഗിലൂടെ അനായാസ ബാറ്റിംഗും....
ടോസ് നേടിയിട്ടും മഹേന്ദ്രസിംഗ് ധോണിയെന്താണ് ന്യൂസിലാന്‍ഡിനെ ബാറ്റിംഗിന് വിട്ടത് എന്ന സംശയം രാവിലെയുണ്ടായിരുന്നു. ടോസ് നേടുക, ആരംഭ മണിക്കൂറിലെ അപകടത്തെ തരണം ചെയ്‌ത് ആദ്യം ബാറ്റ് ചെയ്‌ത് വലിയ സ്‌ക്കോര്‍ നേടുക, എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കുക-ഈ ഇന്ത്യന്‍ മുദ്രാവാക്യത്തിന് വിപരീതമായിട്ടായിരുന്നു ധോണിയുടെ തീരുമാനം. പക്ഷേ നായകന്റെ തീരുമാനത്തില്‍ കാര്യമുണ്ടെന്ന സത്യമാണ് സഹീറും ഇഷാന്തും പിന്നെ മുനാഫും തെളിയിച്ചത്. ലോകത്തിലെ ഏറ്റവും മികച്ച ഓപ്പണിംഗ് ബൗളിഗ് ജോഡി സഹീറും ഇഷാന്തുമാണെന്ന സത്യമാണ് ഒരിക്കല്‍ കൂടി വ്യക്തമായത്. ഓഫ് സ്റ്റംമ്പിന് പുറത്ത് പോവുന്ന പന്തുകളിലാണ് സഹീര്‍ അപകടകാരിയെങ്കില്‍ കാറ്റിന്റെ ആനുകൂല്യത്തിലാണ് ഇഷാന്ത് വെല്ലുവിളിയായത്. ടീമിലെ മൂന്നാം സീമറുടെ കാര്യത്തില്‍ ബാലാജി വേണോ അതോ മുനാഫ് വേണോ എന്ന സംശയത്തിലായിരുന്ന ടീം മാനേജ്‌മെന്റിന് പക്ഷേ സങ്കടപ്പെടേണ്ടതില്ല. കാറ്റിന്റെ പിന്‍ബലത്തിലായിരുന്നു മുനാഫിന്റെ മികവ്. പക്ഷേ യഥാര്‍ത്ഥ ഹീറോ ഡാനിയല്‍ വെട്ടോരിയാണ്. ബാറ്റിംഗില്‍ അദ്ദേഹത്തിന് വലിയ വിലാസമില്ല. പക്ഷേ സാഹചര്യത്തെ പഠിക്കുന്നതിലും സമര്‍ത്ഥമായി കളിക്കുന്നതിലും നായകന്‍ കരുത്ത് കാട്ടി. ഒന്നോ,രണ്ടോ അവസരങ്ങളില്‍ അദ്ദേഹം പതറിയിരുന്നു. എങ്കിലും ഷോട്ടുകള്‍ക്ക് ആധികാരികതയുണ്ടായിരുന്നു. റൈഡര്‍ക്കൊപ്പം ഏഴാം വിക്കറ്റില്‍ റെക്കോര്‍ഡ് സഖ്യമാണ് അദ്ദേഹം പടുത്തുയര്‍ത്തിയത്. റൈഡറെയും അംഗീകരിക്കണം. തട്ടുതകര്‍പ്പന്‍ ബാറ്റ്‌സ്‌മാന്‍ എന്നാണ് അദ്ദേഹത്തിന്റെ വിശേഷണം. പക്ഷേ ടെസ്റ്റിന്റെ ശൈലിക്കൊപ്പം അദ്ദേഹം സമചിത്തത കാട്ടി. നമ്മുടെ സേവാഗിയന്‍ ശൈലിയില്‍ കടന്നാക്രമണം നടത്തിയില്ല. വെട്ടോരിയും റൈഡറും നേടിയ 186 റണ്‍സായിരിക്കും ഈ ടെസ്‌റ്റിലെ നിര്‍ണ്ണായക ഘടകം.
ഇന്ന് അപകടമുണ്ട്. സേവാഗ് 22 റണ്‍സ് നേടിയത് ഇന്നലെ വൈകുന്നേരമായിരുന്നു. രാവിലെ മുടികെട്ടിയ സാഹചര്യമാണ്. പന്തിനെ എളുപ്പം മനസ്സിലാക്കാനും പ്രഹരിക്കാനും കഴിയില്ല. സേവാഗ് പെട്ടെന്ന് മടങ്ങിയാല്‍ ഇന്ത്യ പതറും. ദ്രാവിഡ്, സച്ചിന്‍, ലക്ഷ്‌മണ്‍, യുവരാജ് എന്നിവരെല്ലാമുണ്ടെങ്കിലും സേവാഗിന്റെ സാന്നിദ്ധ്യം ഒരു സെഷനില്‍ ലഭിച്ചാല്‍ അതായിരിക്കും കരുത്ത്.
ഷോക്ക്‌്
കറാച്ചി: ക്രിക്കറ്റില്‍ വര്‍ദ്ധിച്ചുവരുന്ന സുരക്ഷാ പ്രശ്‌നങ്ങള്‍ പാക്കിസ്‌താന്‍ ക്രിക്കറ്റിനെയും യുവതാരങ്ങളെയും ദോഷകരമായി ബാധിക്കുമെന്ന് നായകന്‍ യൂനസ്‌ഖാന്‍. ലാഹോര്‍ സംഭവങ്ങളും ബംഗ്ലാദേശ് പരമ്പര നീട്ടവെച്ചതുമെല്ലാം പാക് ക്രിക്കറ്റിന് കനത്ത ആഘാതമാണ്. പാക്കിസ്‌താനില്‍ ക്രിക്കറ്റ് കളിക്കാന്‍ ഇപ്പോള്‍ ആര്‍ക്കും താല്‍പ്പര്യമില്ല. പാക്കിസ്‌താനെ ക്ഷണിക്കാനും ആളുകള്‍ക്ക് താല്‍പ്പര്യക്കുറവുണ്ട്. ഈ പ്രശ്‌നം തീര്‍ച്ചയായും യുവതാരങ്ങളെ ബാധിക്കും. ഓസ്‌ട്രേലിയക്കെതിരായ പരമ്പരക്കുളള മുന്നൊരുക്കമായാണ് ബംഗ്ലാദേശ് പരമ്പരയെ കണ്ടിരുന്നത്. അത് നഷ്ടമായി. ബംഗ്ലാദേശിനെതിരായ പരമ്പരയില്‍ ചില യുവതാരങ്ങള്‍ക്ക് അവസരം നല്‍കാന്‍ ആലോചിച്ചിരുന്നു. അതും വെറുതെയായി. എന്തായാലും ഈ സീസണിന്റെ അവസാനത്തില്‍ ലഭിക്കുന്ന അവസരങ്ങള്‍ ഉപയോഗപ്പെടുത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് നായകന്‍.
ഗണ്ണേഴ്‌സ്
ലണ്ടന്‍: മാഞ്ചസ്‌റ്റര്‍ യുനൈറ്റഡും ലിവര്‍പൂളും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളിന് ആവേശം സമ്മാനിച്ചിട്ട് അധികനാളുകളായിട്ടില്ല. പ്രീമിയര്‍ ലീഗിലെ മറ്റ് രണ്ട് കരുത്തരായ ആഴ്‌സനലും ചെല്‍സിയുമാണ് ഇനി നേര്‍ക്കുനേര്‍. പ്രീമിയര്‍ ലീഗില്ലല്ല പോരാട്ടം. എഫ്.എ കപ്പ് സെമിയിലാണ്. ഇന്നലെ നടന്ന മല്‍സരത്തില്‍ ഹള്‍ സിറ്റിയെ ഒന്നിനെതിരെ രണ്ട് ഗോളിന് പരാജയപ്പെടുത്തിയാണ് ഗണ്ണേഴ്‌സ് സെമിയിലെത്തിയത്. മല്‍സരത്തിന്റെ അവസാനം വരെ പിടിച്ചുപൊരുതിയ ഹള്‍ സിറ്റി അവസാനത്തിലാണ് രണ്ട്‌് ഗോളുകള്‍ വഴങ്ങിയത്. മല്‍സരത്തിന് പതിമൂന്ന് മിനുട്ട് പ്രായമായപ്പോള്‍ നിരക് ബാര്‍ബിയുടെ ഗോള്‍ ഹള്‍ സിറ്റിക്ക് ലീഡ് നല്‍കി. എന്നാല്‍ ആന്ദ്രെ അര്‍ഷവിന്റെ ക്രോസില്‍ നിന്ന് റോബിന്‍ വാന്‍ പര്‍സി ഗോള്‍ മടക്കി. ലോംഗ് വിസിലിന് ആറ് മിനുട്ട് ശേഷിക്കെ വില്ല്യം ഗല്ലാസ് ചെല്‍സിയുടെ വിജയഗോള്‍ നടി.
ത്രിശങ്കുവില്‍
ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ചെയര്‍മാന്‍ ലളിത് മോഡി ത്രിശങ്കുവിലാണിപ്പോള്‍... ഏപ്രില്‍ പത്തിന് ഐ.പി.എല്‍ രണ്ടാം സീസണ്‍ ആരംഭിക്കുമെന്ന് വ്യക്തമാക്കിയ മോഡിക്ക് മുന്നില്‍ പൊതുതെരഞ്ഞെടുപ്പാണ് വില്ലനായി നില്‍ക്കുന്നത്. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ചാമ്പ്യന്‍ഷിപ്പിന് വേണ്ടത്ര സുരക്ഷ നല്‍കാന്‍ കഴിയില്ലെന്ന് കേന്ദ്ര സര്‍ക്കാരും വിവിധ സംസ്ഥാന സര്‍ക്കാരുകളും വ്യക്തമാക്കിയ സാഹചര്യത്തില്‍ കളി എന്ന് തുടങ്ങാന്‍ കഴിയുമെന്ന കാര്യത്തില്‍ ഇപ്പോള്‍ ഒരു രൂപവുമില്ല. മൂന്ന് തവണ ഫിക്‌സ്‌ച്ചര്‍ കേന്ദ്ര സര്‍ക്കാരിന് നല്‍കി. മൂന്നും തള്ളപ്പെട്ടു. ഇന്നലെ വീണ്ടും ഫിക്‌സ്‌ച്ചര്‍ നല്‍കി. അതും പക്ഷേ അംഗീകരിക്കപ്പെട്ടിട്ടില്ല. പുതിയ ഷെഡ്യൂള്‍ പ്രകാരം ഡല്‍ഹി, വിശാഖപ്പട്ടണം, ജയ്‌പ്പൂര്‍ എന്നിവിടങ്ങളില്‍ മല്‍സരങ്ങളില്ല. ഹിമാചല്‍ പ്രദേശിലെ ധര്‍മ്മശാല, ഗുജറാത്തിലെ അഹമ്മദാബാദ് എന്നിവിടങ്ങളില്‍ മല്‍സരങ്ങളുണ്ട്.
Subscribe to:
Post Comments (Atom)
No comments:
Post a Comment