Tuesday, March 17, 2009
INDIAN LADIES BOILED
ഇന്ത്യക്ക് ആഘാതം
സിഡ്‌നി: ഐ.സി.സി വനിതാ ലോകകപ്പില്‍ ഇന്ത്യയുടെ ഫൈനല്‍ സാധ്യതകള്‍ മങ്ങി. ഇന്നലെ നടന്ന നിര്‍ണ്ണായക സൂപ്പര്‍ സിക്‌സ് മല്‍സരത്തില്‍ ന്യൂസിലാന്‍ഡിനോട് പരാജയപ്പെട്ടതാണ് ഇന്ത്യക്ക് ആഘാതമായത്. അതേസമയം വിന്‍സീഡിനെ തകര്‍ത്ത് ഇംഗ്ലണ്ട് ഫൈനല്‍ ടിക്കറ്റ് നേടി. ഞായറാഴ്‌്‌ച്ച നടക്കുന്ന ഫൈനലില്‍ ഇംഗ്ലണ്ടിന്റെ എതിരാളികള്‍ ആരാണെന്ന് നാളെയറിയാം. ന്യൂസിലാന്‍ഡിനാണ്‌് വ്യക്തമായ സാധ്യതകള്‍. അവസാന സൂപ്പര്‍ സിക്‌സ് മല്‍സരത്തില്‍ പാക്കിസ്‌താനെ തോല്‍പ്പിച്ചാല്‍ കിവീസിന് കാര്യങ്ങള്‍ എളുപ്പമായി. എന്നാല്‍ പാക്കിസ്‌താനോട് ന്യൂസിലാന്‍ഡ് പരാജയപ്പെടുന്നപക്ഷം ഇന്ത്യക്ക് നേരിയ സാധ്യതയുണ്ട്. അവസാന മല്‍സരത്തില്‍ വിന്‍ഡീസിനെ പരാജയപ്പെടുത്തിയാല്‍ മതി. ഇതേ സാധ്യത ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചാല്‍ നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയക്കുമുള്ളതിനാല്‍ എല്ലാം അടുത്ത മല്‍സരങ്ങളെ ആശ്രയിച്ചിരിക്കും.
2000 ത്തിലെ ചാമ്പ്യന്‍ഷിപ്പില്‍ കിരീടം സ്വന്തമാക്കിയ ന്യൂസിലാന്‍ഡ് ഇന്ത്യയെ നിഷ്‌പ്രഭമാക്കുന്ന പ്രകടനമാണ് നടത്തിയത്. ആദ്യം ബാറ്റ് ചെയ്‌ത അഞ്‌ജും ചോപ്രക്കും സംഘത്തിനും 207 റണ്‍സ് മാത്രമാണ് നേടാനായത്. മറുപടിയില്‍ 14 പന്തുകള്‍ ബാക്കിനില്‍ക്കെ ന്യൂസിലാന്‍ഡ് ലക്ഷ്യത്തിലെത്തി. 71 റണ്‍സ് സ്വന്തമാക്കിയ കാതെ പുള്‍ഫോര്‍ഡാണ് ഇന്ത്യയുടെ പ്രതീക്ഷകളെ തകിടം മറിച്ചത്. സൂസി ബാറ്റ്‌സ് പുറത്താവാതെ 47 റണ്‍സുമായി പുള്‍ഫോര്‍ഡിന് പിന്തുണ നല്‍കി.
ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ പിഴച്ചിരുന്നു. സ്‌ക്കോര്‍ബോര്‍ഡില്‍ 14 റണ്‍സ് മാത്രുള്ളപ്പോള്‍ ഓപ്പണര്‍ ദേശ് പാണ്ഡെയെ ഇന്ത്യക്ക് നഷ്ടമായി. പി.റോയ് അധികസമയം പിടിച്ചുനിന്നില്ല. അതിന് ശേഷം ടീമിലെ പരിചയസമ്പന്നരായ അഞ്‌ജും ചോപ്രയും മിഥലി രാജുമാണ് പിടിച്ചുപൊരുതിയത്. 106 പന്തില്‍ നിന്ന് 52 റണ്‍സുമായി ചോപ്ര പൊരുതി നിന്നപ്പോള്‍ മിഥലി 21 റണ്‍സ് നേടി. ഈ സഖ്യം പിരിഞ്ഞതിന് ശേഷം വീണ്ടും തകര്‍ച്ച നേരിട്ട ടീമിനെ അവസാനത്തില്‍ തുണച്ചത് പുറത്താവാതെ 59 റണ്‍സ് നേടിയ ആര്‍. മല്‍ഹോത്രയാണ്. ഇന്ത്യന്‍ ബൗളിംഗിനെ അനായാസം നേരിട്ടാണ് കിവീസ് തുടങ്ങിയത്. പുള്‍ഫോര്‍ഡും ടിഫനും തമ്മിലുളള ഓപ്പണിംഗ് സഖ്യം 78 റണ്‍സാണ് നേടിയത്. രണ്ട് തവണ പുള്‍ഫോര്‍ഡിനെ പുറത്താക്കാന്‍ ലഭിച്ച അവസരം ഇന്ത്യ ഉപയോഗപ്പെടുത്തിയില്ല.
വിന്‍ഡീസിനെ 146 റണ്‍സിന് ആധികാരികമായി പരാജയപ്പെടുത്തിയാണ് ഇംഗ്ലണ്ട് ഫൈനല്‍ ടിക്കറ്റ് സ്വന്തമാക്കിയത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത ഇംഗ്ലണ്ട് സാറാ ടെയ്‌ലര്‍ (78), കരോലിന്‍ അറ്റ്‌കിന്‍സ് 50), ക്ലെയര്‍ ടെയ്‌ലര്‍ (65) എന്നിവരുടെ മികവില്‍ എട്ട് വിക്കറ്റിന് 236 റണ്‍സ് നേടിയപ്പോള്‍ വിന്‍ഡീസ് 90 റണ്‍സാണ് സ്വന്തമാക്കിയത്. 17 റണ്‍സ് മാത്രം നല്‍കി മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കിയ ലൗറ മാര്‍ഷാണ് വിന്‍ഡീസ് ബാറ്റിംഗ് നിരയുടെ നട്ടെല്ല് ഒടിച്ചത്. കഴിഞ്ഞ 17 മല്‍സരങ്ങളില്‍ പരാജയമറിയാതെ കുതിക്കുന്ന ഇംഗ്ലണ്ട് 1993 ല്‍ ലോകകപ്പ് സ്വന്തമാക്കിയിരുന്നു. എന്നാല്‍ അതിന് ശേഷം സ്ഥിരത നിലനിര്‍ത്താന്‍ പ്രയാസപ്പെട്ട ടീമാണ് ഇത്തവണ പ്രതിയോഗികളെയെല്ലാം നിഷ്‌പ്രഭമാക്കി മുന്നേറുന്നത്. പതിനൊന്ന് റണ്‍സിനിടെ നാല് വിക്കറ്റ് നഷ്‌ടമായ ശേഷമാണ് ഇംഗ്ലണ്ട് തിരിച്ചടിച്ചത്.
ധോണി റെക്കോര്‍ഡിന്
ഹാമില്‍ട്ടണ്‍: ഗാലി, പെര്‍ത്ത്, ട്രെന്‍ഡ് ബ്രിഡ്‌ജ്, ജോഹന്നാസ്‌ബര്‍ഗ്ഗ്, കിംഗ്‌സ്‌റ്റണ്‍, റാവല്‍പിണ്ടി , മുള്‍ത്താന്‍, അഡലെയ്‌ഡ്, ഹെഡിംഗ്‌ലി, പോര്‍ട്ട് ഓഫ് സ്‌പെയിന്‍, കാന്‍ഡി-ഈ വിദേശ വേദികളില്ലെല്ലാം ഇന്ത്യ സ്വപ്‌നതുല്യമായ വിജയങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. ശ്രീലങ്കയിലും ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലും ദക്ഷിണാഫ്രിക്കയിലും വിന്‍ഡീസിലും പാക്കിസ്‌താനിലുമായി കിടക്കുന്ന ഈ വേദികളില്ലെല്ലാം ഇന്ത്യന്‍ സംഘം കരുത്ത് പ്രകടിപ്പിച്ചിട്ടുണ്ടെങ്കില്‍ ന്യൂസിലാന്‍ഡിലെ ഒരു വേദിയിലും ഇന്ത്യക്ക് മികച്ച ടെസ്റ്റ് വിജയം സ്വന്തമാക്കാന്‍ കഴിഞ്ഞിട്ടില്ല. ഇന്ന് ഹാമില്‍ട്ടണില്‍ ഇന്ത്യ-ന്യൂസിലാന്‍ഡ് മൂന്ന് മല്‍സര ടെസ്റ്റ് ആരംഭിക്കുമ്പോള്‍ മഹേന്ദ്രസിംഗ് ധോണിക്കും സംഘത്തിനും പുതിയ ചരിതം രചിക്കാനാവുമോ എന്നാണ് ക്രിക്കറ്റ് പ്രേമികളുടെ നോട്ടം.
നാല് ദശകം മുമ്പാണ് ഇന്ത്യ കിവി മണ്ണിലെ ഏക ടെസ്റ്റ് പരമ്പരനേട്ടം ആഘോഷിച്ചത്. 1976 ലായിരുന്നു അവസാന ടെസ്‌റ്റ് വിജയം. കിവി മണ്ണിലെ ചെറിയ മൈതാനങ്ങളിലും പ്രതികൂലമായ കാലാവസ്ഥയിലും പിടിച്ചുനില്‍ക്കാന്‍ പ്രയാസപ്പെട്ട ഇന്ത്യന്‍ സംഘത്തിന്റെ അവസാന ടെസ്‌റ്റ് പര്യടനം 2002-03 ലായിരുന്നു. ലോകകപ്പിന് തൊട്ട് മുമ്പായി അവിടെയെത്തിയ സൗരവ് ഗാംഗുലിയുടെ സംഘം രണ്ട് മല്‍സരങ്ങളില്‍ പരാജയപ്പെട്ടിരുന്നു.
ഏകദിനങ്ങളില്‍ ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്മാര്‍ക്ക് പ്രഹരശേഷി പ്രകടിപ്പിക്കാന്‍ കഴിഞ്ഞതിന് പിറകിലെ പ്രധാന ഘടകം കാലാവസ്ഥയായിരുന്നു. അഞ്ച് ഏകദിനങ്ങളും പകല്‍ രാത്രി മല്‍സരമായതിനാല്‍ ന്യൂസിലാന്‍ഡിലെ തണ്ണുപ്പേറിയ കാലാവസ്ഥ ടീമിനെ ബാധിച്ചിരുന്നില്ല. ടെസ്റ്റ് മല്‍സരങ്ങളെല്ലാം രാവിലെയാണ് നടക്കുന്നത്. രാവിലെ നല്ല തണ്ണുപ്പാണ് ഇവിടെ. ബൗളര്‍മാര്‍ക്ക് കാര്യങ്ങള്‍ അനുകൂലമാക്കുന്ന ഘടകമാണ് ഇത്.
ടെസ്റ്റ് സംഘത്തിലേക്ക് തിരിച്ചെത്തിയ രാഹുല്‍ ദ്രാവിഡും വി.വി.എസ് ലക്ഷ്‌മണുമെല്ലാം കുറച്ച് ദിവസങ്ങളായി ഇവിടെയുണ്ട്. കിവി ആഭ്യന്തര ലീഗില്‍ കളിക്കാനും കരുത്ത് പ്രകടിപ്പിക്കാനും ഇവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. കാന്റര്‍ബറിക്കായി കളിച്ച ദ്രാവിഡ് ഒരു മല്‍സരത്തില്‍ സെഞ്ച്വറിയും നേടിയിരുന്നു. സച്ചിന്‍ ,സേവാഗ്, ഗാംഭീര്‍ തുടങ്ങിയവര്‍ക്ക് ഏകദിനങ്ങളിലൂടെ ബാറ്റിംഗ് പരിശീലനം ലഭിച്ചിട്ടുമുണ്ട്.
ജെയിംസ് ഫ്രാങ്ക്‌ളിന്‍, ക്രിസ് മാര്‍ട്ടിന്‍, ബ്രെന്‍ഡ് ആര്‍നല്‍, ടിം മക്‌ന്റോഷ് എന്നിവര്‍ കിവി ടെസ്‌റ്റ് സംഘത്തിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. ഏകദിന പരമ്പരയില്‍ ബാറ്റിംഗ് വെടിക്കെട്ട് നടത്തിയ ഇന്ത്യക്കാരെ പിടിച്ചുകെട്ടേണ്ട ചുമതല മാര്‍ട്ടിനും ഒബ്രിയാനും ഫ്രാങ്ക്‌്‌ളിനുമാണ്. ഓപ്പണറുടെ കുപ്പായത്തില്‍ മക്‌ന്റോഷിനൊപ്പം മാര്‍ട്ടിന്‍ ഗുപ്‌ടിലിന് അവസരം നല്‍കും.
ഡാനിയല്‍ വെട്ടോരിയുടെ സംഘത്തിന് സമീപകാല ടെസ്റ്റ് ചരിത്രത്തില്‍ വലിയ ടീമുകളെ പരജയപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. സിംബാബ്‌വെ, ബംഗ്ലാദേശ് തുടങ്ങിയവര്‍ക്കെതിരെ മാത്രമാണ് വിജയം വരിക്കാനായത്. 2008 ഒക്ടോബറില്‍ ചിറ്റഗോംഗില്‍ വെച്ച് ബംഗ്ലാദേശിനെതിരെയാണ് അവസാനമായി ന്യൂസിലാന്‍ഡ് വിജയിച്ചത്. അതേ സമയം ഇന്ത്യയാവട്ടെ ഓസ്‌ട്രേലിയയെയും ഇംഗ്ലണ്ടിനെയും ടെസ്‌റ്റ് പരമ്പരയില്‍ തോല്‍പ്പിച്ചവരാണ്.
സേവാഗില്‍ നിന്ന് പ്രതീക്ഷിക്കപ്പെടുന്ന നല്ല തുടക്കം ലഭിച്ചാല്‍ കാര്യങ്ങള്‍ എളുപ്പമാവുമെന്നാണ് ധോണി കരുതുന്നത്. ഇവിടെ നടന്ന നാലാം ഏകദിനത്തില്‍ 74 പന്തില്‍ നിന്ന് സേവാഗ് 125 റണ്‍സ് സ്വന്തമാക്കിയിരുന്നു. അതേ പ്രകടനം ആവര്‍ത്തിക്കാനാണ് ഡല്‍ഹിക്കാരന്‍ ഒരുങ്ങുന്നത്. സേവാഗിന് എല്ലാ സ്വാതന്ത്ര്യവും നായകന്‍ നല്‍കിയിട്ടുണ്ട്. സേവാഗിനോട് പ്രതിരോധ ബാറ്റിംഗ് നിര്‍ദ്ദേശിക്കുന്നില്ല. അദ്ദേഹത്തിന്റെ ശൈലി ആക്രമണമാണ്. അതാണ് കരുത്തും. അല്‍പ്പസമയം സേവാഗ് ക്രിസില്‍ നിന്നാല്‍ അദ്ദേഹത്തിനും ടീമനും വലിയ സ്‌ക്കോര്‍ നേടാനാവും. ആദ്യ ദിവസം തന്നെ മികവ് പ്രകടിപ്പിച്ചാല്‍ ന്യൂസിലാന്‍ഡിനെ സമ്മര്‍ദ്ദത്തിലാക്കാനാവുമെന്നും ധോണി കരുതുന്നു.
ടീം ഇതാണ്: ഇന്ത്യ-ഗൗതം ഗാംഭീര്‍, വിരേന്ദര്‍ സേവാഗ്, രാഹുല്‍ ദ്രാവിഡ്, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വി.വി.എസ് ലക്ഷ്‌മണ്‍, യുവരാജ് സിംഗ്, മഹേന്ദ്രസിംഗ് ധോണി, ഹര്‍ഭജന്‍സിംഗ്, സഹീര്‍ഖാന്‍, ഇഷാന്ത് ശര്‍മ്മ, എല്‍. ബാലാജി, അല്ലെങ്കില്‍ മുനാഫ് പട്ടേല്‍.
ന്യൂസിലാന്‍ഡ്: ടീം മകിന്റോഷ്, മാര്‍ട്ടിന്‍ ഗുപ്‌ടില്‍, ഡാനിയല്‍ ഫ്‌ലൈന്‍, റോസ് ടെയ്‌ലര്‍, ജെസി റെയ്‌ഡര്‍, ജെയിംസ് ഫ്രാങ്ക്‌ളിന്‍, ബ്രെന്‍ഡന്‍ മക്കുലം, ഡാനിയല്‍ വെട്ടോരി, കൈല്‍ മില്‍സ്, ലയന്‍ ഒബ്രിയാന്‍, ക്രിസ് മാര്‍ട്ടിന്‍.
പുതിയ റോള്‍
ജോഹന്നാസ്‌ബര്‍ഗ്ഗ്: ദക്ഷിണാഫ്രിക്കയുടെ മുന്‍ ഓള്‍ റൗണ്ടര്‍ ഷോണ്‍ പൊള്ളോക്ക് ഇനി പരിശീലകന്റെ റോളില്‍. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ കളിക്കുന്ന മുംബൈ ഇന്ത്യന്‍സിന്റെ സഹ പരിശീലകന്റെ കുപ്പായത്തില്‍ പോളിയുണ്ടാവും. കഴിഞ്ഞ സീസണില്‍ ടീമിന്റെ നായകനായിരുന്ന പോളി ഇത്തവണ ടീമിലുണ്ടാവുമെന്ന് നേരത്തെ വ്യക്തമായിരുന്നു. മുന്‍ ഇന്ത്യന്‍ പരിശീലകനായ ലാല്‍ചന്ദ് രജ്‌പുത്താണ് മുംബൈ ഇന്ത്യന്‍സിന്റെ പ്രധാന പരിശീലകന്‍. അദ്ദേഹത്തെ സഹായിക്കുന്നതിനൊപ്പം ടീമിന്റെ ഉപദേഷ്ടാവിന്റെ റോളും പോളിക്കുണ്ടാവും.
വെല്ലുവിളി
ഗുയാന:വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ ഇംഗ്ലണ്ടിന്റെ വിജയം അതിനിര്‍ണ്ണായകമാവുക കോച്ച്‌് ആന്‍ഡി ഫ്‌ളവറിന്. ടെസ്റ്റ് പരമ്പരയിലും 20-20 മല്‍സരത്തിലും വിന്‍ഡീസിനെതിരെ പരാജയമായ ഇംഗ്ലീഷ് സംഘത്തിന്റെ താല്‍കാലിക കോച്ചായ ഫ്‌ളവറിനെതിരെ നാട്ടില്‍ വിമര്‍ശനമുയരുന്ന സാഹചര്യത്തില്‍ ആകെയുള്ള പിടിവള്ളി വെള്ളിയാഴ്‌ച്ച ഇവിടെ ആരംഭിക്കുന്ന ഏകദിന പരമ്പരയാണ്. കഴിഞ്ഞ വര്‍ഷം സെപ്‌തംബറില്‍ ലോര്‍ഡ്‌സില്‍ ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന ഏകദിനത്തിലെ വിജയത്തിന് ശേഷം 50 ഓവര്‍ മല്‍സരത്തില്‍ ഇംഗ്ലീഷ് സംഘം ജയമറിഞ്ഞിട്ടില്ല. കഴിഞ്ഞ 14 മല്‍സരങ്ങളിലും തോല്‍വിയായിരുന്നു.
നമ്പര്‍ വണ്‍
ദുബായ്: ഐ.സി.സി ഏകദിന ബൗളിംഗ് റാങ്കിംഗില്‍ ലങ്കയില്‍ നിന്നുളള മീഡിയം പേസര്‍ നുവാന്‍ കുലേശഖര ഒന്നാമന്‍. ഓസ്‌ട്രേലിയയുടെ നതാന്‍ ബ്രാക്കന്‍, ന്യൂസിലാന്‍ഡിന്റെ കൈല്‍ മില്‍സ് എന്നിവരെയാണ് 26 കാരനായ കുലശേഖര പിറകിലാക്കിയത്. കഴിഞ്ഞ ഏപ്രിലില്‍ ടീമില്‍ തിരിച്ചെത്തിയ കുലശേഖര അതിന് ശേഷം നടന്ന മല്‍സരങ്ങളില്‍ നിന്നായി 47 വിക്കറ്റുകളാണ് കരസ്ഥമാക്കിയത്. നതാന്‍ ബ്രാക്കന്‍ രണ്ടാമതും മില്‍സ് മൂന്നാമതുമാണ്. കൂറെ കാലമായി ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളറായി നിലനിന്ന ഡാനിയല്‍ വെട്ടോരിക്ക് പുതിയ റാങ്കിംഗില്‍ അഞ്ചാമതാണ് സ്ഥാനം.
പ്രഷര്‍
കേപ്‌ടൗണ്‍: ദക്ഷിണാഫ്രിക്ക-ഓസ്‌ട്രേലിയ അവസാന ടെസ്‌റ്റിന് ഇന്നിവിടെ കൊടി ഉയരുമ്പോള്‍ സമ്മര്‍ദ്ദത്തിന്റെ മുള്‍മുനയിലാണ് ആഷ്‌വെല്‍ പ്രിന്‍സ്. ആഫ്രിക്കന്‍ ടെസ്റ്റ് സംഘത്തിലെ സ്ഥിരം മധ്യനിരക്കാരനായ പ്രിന്‍സിന് സെലക്ടര്‍മാര്‍ ഓപ്പണറുടെ പുതിയ കുപ്പായമാണ് നല്‍കിയിരിക്കുന്നത്. ജെ.പി ഡുമിനി മധ്യനിരയില്‍ എത്തിയതോടെ അവിടെയുളള തന്റെ സ്ഥാനം നഷ്ടമായ പ്രിന്‍സിന് പുതിയ ജോലിയില്‍ മികവ് പ്രകടിപ്പിക്കാനായാല്‍ ടീമിലെ സ്ഥിരക്കാരനാവാം. പരമ്പരയിലെ ആദ്യ രണ്ട് മല്‍സരങ്ങളും സ്വന്തമാക്കിയ ഓസ്‌ട്രേലിയ പരമ്പരയും ലോക ഒന്നാം നമ്പര്‍ പട്ടവും ഇതിനകം നേടിയിട്ടുണ്ട്.
Subscribe to:
Post Comments (Atom)
No comments:
Post a Comment