Saturday, May 16, 2009
AZZA-THE M.P
ഇര്‍ഫാന്‍ ക്ലിക്‌ഡ്
ബ്ലോംഫോണ്‍ടെയിന്‍: ഇര്‍ഫാന്‍ പത്താന്‍ ക്ലിക്‌ഡ്...! ഇന്ത്യന്‍ ക്രിക്കറ്റ് നഭസ്സിലെ പെര്‍ഫെക്ട് ഓള്‍റൗണ്ടറായ ബറോഡക്കാരന്റെ കരുത്തില്‍ ജയിക്കാനായതോടെ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ ആയുസ്സ് നീട്ടികിട്ടിയിരിക്കയാണ്... രണ്ട് വിക്കറ്റിന്റെ വിജയത്തില്‍ പോയന്റ് ടേബിളില്‍ കിംഗ്‌സ് ഇലവന്‍ ആറാം സ്ഥാനത്തേക്ക് കയറി. 12 മല്‍സരങ്ങളില്‍ നിന്നായി അവര്‍ക്കിപ്പോള്‍ 12 പോയന്റായി. ഇനി രണ്ട് മല്‍സരങ്ങള്‍ അവശേഷിക്കുന്നു. രണ്ടിലും വിജയിച്ചാല്‍ സെമി ടിക്കറ്റ് സ്വന്തമാക്കാം.
ഇര്‍ഫാന്റെ ദിനമായിരുന്നു ബ്ലോംഫോണ്‍ടെയിനില്‍. ചാമ്പ്യന്‍ഷിപ്പിലെ ഏറ്റവും മികച്ച ടീമായി വിലയിരുത്തപ്പെട്ട ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ആദ്യം ബാറ്റ് ചെയ്‌തപ്പോള്‍ അവരെ 120 റണ്‍സില്‍ നിയന്ത്രിക്കുന്നതില്‍ കിംഗസ് ഇലവനെ സഹായിച്ചത് ഇര്‍ഫാനും ബ്രെട്ട് ലീയും ശ്രീശാന്തുമായിരുന്നു. വിരേന്ദര്‍ സേവാഗ്, ഗൗതം ഗാംഭീര്‍, എബി ഡി വില്ലിയേഴ്‌സ്, തിലകരത്‌നെ ദില്‍ഷാന്‍, പര്‍വേസ് മഹറൂഫ് തുടങ്ങിയ ലോകോത്തര താരങ്ങള്‍ അണിനിരന്ന ടീമിനെ ചെറിയ സ്‌ക്കോറില്‍ തളക്കാനായത് പക്ഷേ വലിയ നേട്ടമാക്കാന്‍ സ്വന്തം ബാറ്റിംഗിലൂടെ കിംഗ്‌സ് സംഘത്തിന് കഴിഞ്ഞിരുന്നില്ല. ഡല്‍ഹി ബൗളിംഗ് മികവില്‍ നിലയുറപ്പിക്കവെ നിര്‍ണ്ണായകമായ അവസാന ഘട്ടത്തിലെത്തിയ ഇര്‍ഫാന്‍ മൂന്ന് മിന്നല്‍ ബൗണ്ടറികളുമായി വിജയം ഉറപ്പിക്കുകയായിരുന്നു. 22 റണ്‍സ് മാത്രം നല്‍കി ദിനേശ് കാര്‍ത്തിക്കിന്റേതുള്‍പ്പെടെ രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കുകയും 11 പന്തില്‍ പുറത്താവാതെ 21 ണ്‍സ് നേടി ടീമിനെ വിജയിപ്പിക്കുകയും ചെയ്‌തിട്ടും പക്ഷേ കളിയിലെ കേമന്‍പ്പട്ടം ഇര്‍ഫാന് ലഭിച്ചില്ല. 15 റണ്‍സിന് മൂന്ന് വിക്കറ്റ് നേടിയ ബ്രെട്ട് ലീയാണ് മാന്‍ ഓഫ് ദ മാച്ച്.
കിംഗ്‌സ് ഇലവന് വിജയം നിര്‍ബന്ധമായിരുന്ന മല്‍സരത്തില്‍ ടീമെന്ന നിലയില്‍ എല്ലാവരും പ്രകടിപ്പിച്ച കരുത്താണ് പ്രധാനമായതെന്ന് നായകന്‍ യുവരാജ് സിംഗ് പറഞ്ഞു. ഇര്‍ഫാനിലെ ഓള്‍റൗണ്ടര്‍ അപാരമായ കരുത്താണ് പ്രകടിപ്പിച്ചത്. പുതിയ പന്തില്‍ ലീ എത്രത്തോളം അപകടകാരിയാണെന്ന സത്യം വീണ്ടും തെളിഞ്ഞതായും നായകന്‍ പറഞ്ഞു. അതേ സമയം നേരത്തെ തന്നെ സെമി ഉറപ്പാക്കിയതിന്റെ ആലസ്യം ഡല്‍ഹി നിരയിലുണ്ടായിരുന്നു. ഈ സത്യം വിരേന്ദര്‍ സേവാഗ് അംഗീകരിക്കുകയും ചെയ്‌തു. ആദ്യം ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചിട്ടും ബൗളിംഗിന് മേല്‍ കത്തിപ്പടരാന്‍ വീരുവിനും സംഘത്തിനുമായില്ല. ഓപ്പണര്‍മാരായി വന്ന വീരുവും ഗംഭീറും തുടക്കത്തില്‍ നിലയുറപ്പിക്കാനാണ് ശ്രമിച്ചത്. അതിനിടെ പായിച്ച രണ്ട് അതിര്‍ത്തി ഷോട്ടുകളില്‍ സ്‌ക്കോര്‍ബോര്‍ഡ് ഉയര്‍ത്തിയ സേവാഗിന് ആ ശൗര്യം നിലനിര്‍ത്താനായില്ല. ഗാംഭീറാവട്ടെ നിര്‍ഭാഗ്യകരമായി റണ്ണൗട്ടായി.
ഫോമിലുളള താരമായ ഡി വില്ലിയേഴ്‌സും തിലകരത്‌നെ ദില്‍ഷാനും ഒരുമിച്ചപ്പോള്‍ കിംഗ്‌സ് ഭയന്നിരുന്നു. പക്ഷേ ശ്രീശാന്തിന്റെ മികവ് ഈ ഘട്ടത്തില്‍ തുണയായി. രണ്ട് അപകടകാരികളെയും പുറത്താക്കിയത് ശ്രീശാന്തായിരന്നു. ഇവരെല്ലാം പുറത്തായിട്ടും അപകടം വിതറാന്‍ ദിനേശ് കാര്‍ത്തിക്കും പര്‍വേസ് മഹറൂഫുമുണ്ടായിരുന്നു. ഇവര്‍ക്കാവട്ടെ സമ്മര്‍ദ്ദ സാഹചര്യങ്ങളെ അതിജയിക്കാന്‍ കഴിഞ്ഞില്ല. ലങ്കന്‍ താരമായ പര്‍വേസ് തട്ടുതകര്‍പ്പന്‍ ബാറ്റ്‌സ്‌മാനാണ്. പക്ഷേ അദ്ദേഹത്തെ സ്വയം ഇല്ലാതാക്കുന്ന ബൗളിംഗാണ് ബ്രെട്ട് ലീ തന്റെ രണ്ടാം സ്‌പെല്ലില്‍ നടത്തിയത്. ആദ്യ അഞ്ച് പന്തുകളില്‍ റണ്‍ നല്‍കാതിരുന്ന ലീ അവസാന പന്തില്‍ സ്റ്റംമ്പ് തകര്‍ത്തപ്പോള്‍ ഐ.പി.എല്ലില്‍ പിറന്ന അപൂര്‍വ്വമായ വിക്കറ്റ് മെയ്‌ഡന്‍ ഓവറായി അത്. തന്റെ രണ്ടാം വരവിലാണ് ഇര്‍ഫാന്‍ കാര്‍ത്തിക്കിനെ മടക്കിയത്. 29 പന്തില്‍ നിന്ന് 32 റണ്‍സാണ് അദ്ദേഹം നേടിയത്. 25 പന്തില്‍ 26 റണ്‍സ് നേടിയ മിഥുന്‍ മന്‍ഹാസും മോശമാക്കിയില്ല. തന്റെ ആദ്യ ഓവറില്‍ ഏട്ട്‌് റണ്‍സ് നല്‍കിയ ലീ മൂന്ന് ഓവര്‍ ദീര്‍ഘിച്ച അവസാന സ്‌പെല്ലില്‍ എട്ട് റണ്‍സ് മാത്രം നല്‍കി മൂന്ന് വിക്കറ്റാണ് നേടിയത്.
കിംഗ്‌സിന്റെ മറുപടി ദയനയീതയിലാണ് തുടങ്ങിയത്. സൈമണ്‍ കാറ്റിച്ചും (20), സണി സോഹാലും (3), ലുക് പോമര്‍ബാഷും (9) പുറത്താവുമ്പോള്‍ സ്‌ക്കോര്‍ബോര്‍ഡില്‍ 35 റണ്‍സ് മാത്രമായിരുന്നു. ആശിഷ്‌് നെഹ്‌റയുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായാണ് സോഹാല്‍ പുറത്തായത്. പോമര്‍ബാഷാവട്ടെ സ്ലിപ്പില്‍ ഡി വില്ലിയേഴ്‌സിന്റെ തകര്‍പ്പന്‍ ക്യാച്ചില്‍ മടങ്ങി. തുടര്‍ന്ന് ഒരുമിച്ച നായകന്‍ യുവരാജും (31 പന്തില്‍ 18),കുമാര്‍ സങ്കക്കാരയുമാണ് (പുറത്താവാതെ 43) ടീമിനെ മല്‍സരത്തില്‍ നിലനിര്‍ത്തിയത്. യുവരാജ് പുറത്തായപ്പോള്‍ ഡല്‍ഹി തിരിച്ചുവരവിന് ശ്രമിച്ചിരുന്നു. പക്ഷേ ഇര്‍ഫാന്റെ സിക്‌സര്‍ പ്രകടനത്തല്‍ കിംഗ്‌സ് അര്‍ഹിച്ച വിജയം നേടി.
അസ്‌ഹര്‍ഗാഥ
ന്യൂഡല്‍ഹി: ക്രിക്കറ്റിലെ ബാറ്റിംഗ് വിസ്‌മയമായിരുന്നു മുഹമ്മദ് അസിസൂദ്ദീന്‍ അസ്‌ഹറുദ്ദീന്‍. ജനിച്ചത് ഹൈദരാബാദില്‍ 1963 ഫെബ്രുവരി എട്ടിന്. നൈസാം കോളജില്‍ പഠിക്കുമ്പോള്‍ മുതല്‍ ക്രിക്കറ്റിനെ മനസ്സാ വരിച്ച അസ്‌ഹര്‍ എന്ന വലത് കൈയ്യന്‍ ബാറ്റ്‌സ്‌മാന്റെ കൈകുഴയിലെ മികവ് വിസ്‌മയത്തോടെയാണ് എല്ലാവരും കണ്ടത്. ക്രീസിലെ കവിതയായി, എതിരാളികളുടെ നെഞ്ചിലെ ഭയപ്പാടായി വളര്‍ന്ന അസ്‌ഹര്‍ രാഷ്ട്രീയ രംഗത്ത് പുതിയ ഇന്നിംഗ്‌സിന് തുടക്കമിടുകയാണ്. ഹൈദരാബാദിന്റെ രജ്ഞി ട്രോഫി ടീമില്‍ അംഗമായാണ് തന്റെ ബാറ്റിംഗ് കരുത്ത് ലോകത്തിന് മുന്നില്‍ അസ്‌ഹര്‍ തെളിയിച്ചത്. 1984 ല്‍ ഇന്ത്യന്‍ സന്ദര്‍ശനത്തിനെത്തിയ ഇംഗ്ലീഷ് ടീമിനെതിരെ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന ടെസ്റ്റിലുടെയായിരുന്നു ടെസ്റ്റ് അരങ്ങേറ്റം. ആദ്യ മൂന്ന് ടെസ്റ്റുകളിലും സെഞ്ച്വറിയുമായി ലോക റെക്കോര്‍ഡ് കരസ്ഥമാക്കിയ അസ്‌ഹറിന് ആ കാര്യത്തില്‍ പിറകിലാക്കാന്‍ ഇത് വരെ ആര്‍ക്കും കഴിഞ്ഞിട്ടില്ല. ബാംഗ്ലൂരിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ 1985 ജനുവരി 20 ഇംഗ്ലണ്ടിനെതിരായായിരുന്നു ഏകദിന അരങ്ങേറ്റം.
ക്രിക്കറ്റ് ലോകത്ത് സ്വന്തമായ വിക്തിമുദ്ര പതിപ്പിച്ച അപൂര്‍വ്വം ഇന്ത്യന്‍ താരങ്ങളില്‍ ഒരാളാണ് അസ്‌ഹര്‍. ആരിലും അസുയ്യയുളവാക്കുന്ന അല്‍ഭുതകരമായ കരിയറിന് പന്തയവിവാദത്തിന്റെ ക്രീസില്‍ വേദനയോടെയാണ് വിരാമമായതെങ്കിലും അസ്‌ഹറിന്റെ ബാറ്റിംഗ് കരുത്തിന് സാക്ഷ്യമായി എത്രയോ റെക്കോര്‍ഡുകള്‍ ഇന്നും ജീവിക്കുന്നു. ടെസ്‌റ്റ് ക്രിക്കറ്റില്‍ ഹാട്രിക് സെഞ്ച്വറികളോടെ അരങ്ങേറിയ അസ്‌ഹറിന്റെ പേരിലായിരുന്നു ദീര്‍ഘകാലം ഏകദിന ക്രിക്കറ്റിലെ ഏറ്റവും വേഗതയേിയ സെഞ്ച്വറിയുടെ റെക്കോര്‍ഡും. ന്യൂസിലാന്‍ഡിനെതിരെ 62 പന്തില്‍ അസ്‌ഹര്‍ നേടിയ അതിവേഗ സെഞ്ച്വറിയുടെ റെക്കോര്‍ഡ് പിന്നീട് സനത് ജയസൂര്യയും ഷാഹിദ് അഫ്രീദിയും തകര്‍ത്തിരുന്നു.
ഇടക്കിടെ ഓഫ് സ്‌പിന്നുകളുമായി രംഗത്ത് വരാറുളള അസ്സ ലോകം കീഴടക്കിയ ഫീല്‍ഡര്‍ കൂടിയായിരുന്നു. മിന്നുന്ന ക്യാച്ചുകളും, ഞെട്ടിപ്പിക്കുന്ന മെയ് വഴക്കങ്ങളുമായി ഫീല്‍ഡില്‍ അദ്ദേഹം സദാ ജാഗരൂകനായിരുന്നു. ഗള്ളിയില്‍ നിന്നും ബാക്‌വാര്‍ഡ് പോയന്റില്‍ നിന്നുമുള്ള അദ്ദേഹത്തിന്റെ ത്രോകളില്‍ എത്രയോ ബാറ്റ്‌സ്‌മാന്മാര്‍ റണ്ണൗട്ടായിട്ടുണ്ട്.
ദീര്‍ഘകാലം ഇന്ത്യന്‍ നായകനായ അസ്‌ഹറാണ് സൗരവ് ഗാംഗുലിക്ക് മുമ്പ് രാജ്യത്തിന് ഏറ്റവുമധികം വിജയങ്ങള്‍ സമ്മാനിച്ച നായകന്‍. മൂന്ന് ലോകകപ്പുകളില്‍ അദ്ദേഹം ടീമിനെ നയിച്ചിരുന്നു.
പന്തയത്തിന്റെ ക്രീസില്‍ അസ്‌ഹറിനെ ബലിയാടാക്കാന്‍ ശ്രമിച്ചവര്‍ക്ക് മുന്നിലുടെയാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ വക്തവായി അസ്‌ഹര്‍ പാര്‍ലമെന്റില്‍ അംഗമാവുന്നത്. ഏ.സി മുത്തയ്യ പ്രസിഡണ്ടായിരുന്ന ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡാണ് സി.ബി.ഐയെ ഉപയോഗപ്പെടുത്തി അസ്‌ഹറിനെ തേജോവധം ചെയ്‌തത്. തന്റെ നിരപരാധിത്വം ആവര്‍ത്തിച്ചു പറഞ്ഞിട്ടും അംഗീകരിക്കാതെ ആജീവനാന്ത വിലക്കാണ് അദ്ദേഹത്തിന് ക്രിക്കറ്റ് ഭരണാധികാരികള്‍ നല്‍കിയത്.
99 ടെസ്റ്റുകള്‍ കളിച്ച് വേദനയോടെ രംഗം വിട്ട അസ്‌ഹറിന് ഇത് രണ്ടാം വരവാണ്.... ഇന്ത്യന്‍ പാര്‍ലമെന്റില്‍ എത്രയോ മുന്‍ ക്രിക്കറ്റര്‍മാര്‍ അംഗങ്ങളായിട്ടുണ്ട്‌്. കീര്‍ത്തി ആസാദും നവജ്യോത് സിംഗ് സിദ്ദുവുമെല്ലാം ബാറ്റ് ചെയ്‌ത രാഷ്ട്രീയ ക്രീസിലേക്ക് അസ്‌ഹര്‍ വരുമ്പോള്‍ അദ്ദേഹത്തിനൊപ്പം ക്രിക്കറ്റ് ആരാധകര്‍ മാത്രമല്ല രാജ്യത്തെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനവുമുണ്ട്.
ഫ്രെഡ്ഡി നഷ്‌ടം
ലണ്ടന്‍: ജൂണ്‍ അഞ്ചിന് ക്രിക്കറ്റ് മക്കയായ ലോര്‍ഡ്‌സില്‍ ആരംഭിക്കുന്ന രണ്ടാമത് ടൊന്റി-ടൊന്റി ലോകകപ്പിനുള്ള ഇംഗ്ലീഷ്‌് സംഘത്തില്‍ ഓള്‍റൗണ്ടര്‍ ആന്‍ഡ്ര്യൂ ഫ്‌ളിന്റോഫ് കളിക്കുന്ന കാര്യം സംശയത്തില്‍. ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌്(ഐ.പി.എല്‍) ക്രിക്കറ്റില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനായി കളിക്കവെ കാല്‍മുട്ടിലെ വേദനയുമായി മടങ്ങിയ ഫ്രെഡ്ഡി രണ്ടാഴ്‌ച്ച മുമ്പ് ശസ്‌ത്രക്രിയക്ക് വിധേയനായിരുന്നു. ആശുപത്രി വിട്ട ഫ്രെഡി ഇപ്പോഴും ക്രച്ചസ് ഉപയോഗിച്ചാണ് നടക്കുന്നത്. അദ്ദേഹത്തിന് സ്വന്തം കാലില്‍ നില്‍ക്കാന്‍ രണ്ടാഴ്‌്‌ച്ചത്തെ സമയമാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഈ രണ്ടാഴ്‌ച്ച കഴിഞ്ഞാല്‍ മാത്രമാണ് നടക്കാനോ ഓടാനോ കഴിയുക. ഇത്തരമൊരു സാഹചര്യത്തില്‍ ഫ്രെഡ്ഡിയെ പരീക്ഷിക്കുന്നതിനോട് ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡിന് താല്‍പ്പര്യമില്ല. ഇതിനകം പ്രഖ്യാപിച്ച പതിനഞ്ചംഗ ലോകകപ്പ് സംഘത്തില്‍ അദ്ദേഹം അംഗമാണ്. അദ്ദേഹത്തിന് പകരം ഒരാളെ ഉള്‍പ്പെടുത്താന്‍ ഇംഗ്ലീഷ് ബോര്‍ഡ് ഐ.സി.സിയെ സമീപിക്കും. ലോകകപ്പിനേക്കാള്‍ ഇംഗ്ലീഷ് ബോര്‍ഡ് താല്‍പ്പര്യം പ്രകടിപ്പിക്കുന്നത് ആസന്നമായ ആഷസ് പരമ്പരയോടാണ്. രണ്ട് മാസം കഴിഞ്ഞാണ് ആഷസ് ആരംഭിക്കുന്നത്. ഓസ്‌ട്രേലിയക്കാര്‍ക്കെതിരെ ശക്തമായ പ്രകടനം നടത്താന്‍ തീര്‍ച്ചയായും 31 കാരനായ ഓള്‍റൗണ്ടര്‍ നിര്‍ബന്ധമാണ്. നിലവില്‍ ആഷസ് കപ്പ് ഓസീസിന്റെ കൈവശമാണ്. അത് തിരിച്ചുപിടിക്കാന്‍ ആന്‍ഡ്ര്യൂ സ്‌ട്രോസ് നയിക്കുന്ന സംഘത്തിന് കഴിയുമെന്നാണ് പ്രതീക്ഷ.
പിണറായി ബേബീസ് ക്ലീന്‍ ബൗള്‍ഡ്...!
കോഴിക്കോട്: കോളജ് തെരഞ്ഞെടുപ്പിന്റെ ലാഘവത്തില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കുട്ടി നേതാക്കളെ കൂട്ടമായി അവതരിപ്പിച്ച പിണറായി ലൈനിന് കനത്ത തിരിച്ചടി. സി.പി.എം സംസ്ഥാന സെക്രട്ടറി സ്വന്തക്കാരായി അവതരിപ്പിച്ച കുട്ടി നേതാക്കളില്‍ പാലക്കാട്ട് മല്‍സരിച്ച എം.ബി രാജേഷും, ആലത്തൂരില്‍ മല്‍സരിച്ച പി.കെ ബിജുവും മാത്രമാണ് കഷ്ടിച്ച് രക്ഷപ്പെട്ടത്. എറണാകുളത്ത് മല്‍സരിച്ച സിന്ധു ജോയിയും കണ്ണൂരിലെ രാകേഷും കോഴിക്കോട്ടെ മുഹമ്മദ് റിയാസുമെല്ലാം പരാജയത്തിന്റെ കയ്‌പ്പൂനീരറിഞ്ഞു. സീനിയര്‍ നേതാക്കളില്‍ പലരെയും പരിഗണിക്കാതെയാണ് പിണറായി എസ്.എഫ്.ഐ ക്കാരെ രംഗത്തിറക്കിയത്. പാര്‍ട്ടിയുടെ പ്രധാന കോട്ടകളായി വിശേഷിപ്പിക്കപ്പെട്ട മണ്ഡലങ്ങളില്‍ ഇവര്‍ക്കെല്ലാം അവസരവും നല്‍കി. കണ്ണൂരില്‍ അബ്ദുല്ലകുട്ടി ചെങ്കൊടി പാറിപ്പിച്ച വേദികളിലാണ് രാജേഷിന് അവസരം നല്‍കിയത്. യുവനേതാവ് വന്‍ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ച സി.പി.എമ്മുകാര്‍ വാരിക്കോരി കളളവോട്ടും നടത്തിയിട്ടും അര ലക്ഷത്തോളം വോട്ടിന് കെ.സുധാകരനാണ് അവിടെ ജയിച്ചത്. ശക്തമായ മല്‍സരത്തില്‍ അടിപതറാതെ അരയും തലയും മുറുക്കി രംഗത്തിറങ്ങിയ സുധാകരന്‍ വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിലും പിറകിലായിരുന്നില്ല.
എറണാകുളത്ത് മല്‍സരിച്ച സിന്ധു ജോയിക്ക് അനുകൂലമായി തുടക്കത്തില്‍ ചിത്രമുണ്ടായിരുന്നു. ആ സമയത്ത് ചാനലുകളില്‍ പ്രത്യക്ഷപ്പെട്ട് വിജയം അവകാശപ്പെടാനും എസ്.എഫ്.ഐ നേതാവ് മറന്നില്ല. പക്ഷേ അന്തിമഫലം വന്നപ്പോള്‍ പ്രൊഫസര്‍ കെ.വി തോമസ് പതിനായിരത്തിലധികം വോട്ടുകള്‍ക്ക് വിജയിച്ചപ്പോള്‍ സിന്ധുവിനെ തേടി നടന്ന ചാനലുകാര്‍ നിരാശരായി. കോഴിക്കോട്ട് വിവാദ വ്യവസായിയുടെ ബിനാമിയായി വിശേഷിപ്പിക്കപ്പെട്ട മുഹമ്മദ് റിയാസിന് വേണ്ടി പിണറായി ഗ്രൂപ്പ് മാത്രമല്ല വ്യവസായ ലോകവും ശക്തമായി രംഗത്തുണ്ടായിരുന്നു. മന്ത്രിമാര്‍ പരസ്യമായി തന്നെ വ്യവസായി യോഗങ്ങള്‍ വിളിച്ചിട്ടും റിയാസിന് രക്ഷപ്പെടാനായില്ല. വിരേന്ദ്ര കുമാറിനും ചില പത്രങ്ങള്‍ക്കുമെതിരെ കൊടുത്ത മാനനഷ്ട കേസും വെറുതെയായി. പാലക്കാട്ട് സതിഷന്‍ പാച്ചേനിയുമായി മല്‍സരിച്ച രാജേഷ് തുടക്കം മുതല്‍ പിറകിലായിരുന്നു. അവസാനത്തില്‍ നേടിയ ആനുകൂല്യത്തിലാണ് അദ്ദേഹം പിടിച്ചുനിന്നത്.
പിണറായി രംഗത്തിറക്കിയ ബേബിമാര്‍ക്കെതിരെ പാര്‍ട്ടിയിലെ വി.എസ് വിഭാഗം രംഗത്തുണ്ടായിരുന്നു. പല പ്രമുഖര്‍ക്കും അവസരം നിഷേധിച്ചാണ് കുട്ടി നേതാകള്‍ക്ക് പിണറായി അവസരം നല്‍കിയത്. എസ്.എഫ്.ഐയുടെയും ഡി.വൈ.എഫ് ഐയുടെയും പിന്തുണ ഉറപ്പാക്കാനുളള തന്ത്രപരമായ നീക്കമായിരുന്നു ഇത്. കോഴിക്കോട്ട് സീനിയര്‍ നേതാവായ പി.വി ദക്ഷിണാമൂര്‍ത്തിയെ മല്‍സരിപ്പിക്കണമെന്നായിരുന്നു പൊതുവായ ആവശ്യം. അല്ലെങ്കില്‍ ഡി.വൈ.എഫ്.ഐ ദേശീയ നേതാവായ ശ്രീരാമകൃഷ്‌ണന് അവസരം നല്‍കണമെന്നും അഭിപ്രായമുണ്ടായിരുന്നു. പക്ഷേ മുഹമ്മദ് റിയാസിന് വേണ്ടിയാണ് പിണറായി വാദിച്ചത്. ഒരു കാര്യത്തല്‍ പിണറായിക്ക് ആശ്വസിക്കാം-ഇത്തവണ കേരളത്തില്‍ നിന്നും പാര്‍ലമെന്റിലേക്ക് പോവുന്ന നാല് പാര്‍ട്ടി പ്രതിനിധികളില്‍ രണ്ട് പേരും ബേബിമാരാണ്. ഇവരുടെ പിന്തുണ വി.എസ്സിനായിരിക്കില്ല എന്നുറപ്പ് വരുത്താന്‍ പിണറായിക്ക് കഴിയും.
ഇനി അസ പൈജാമയില്‍
മൊറാദാബാദ്: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍ അംഗമായ ശേഷം മുഹമ്മദ് അസ്‌ഹറുദ്ദിന്‍ പ്രയാസം നേരിട്ടത് ഒരു കാര്യത്തില്‍ മാത്രമായിരുന്നു. മൊറാദാബാദ് ലോക്‌സഭാ മണ്ഡലത്തില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചയുടന്‍ അദ്ദേഹത്തോട് പ്രാദേശിക പാര്‍ട്ടി നേതൃത്ത്വം വസ്‌ത്രധാരണയുടെ കാര്യത്തില്‍ ചില ഉപാധികള്‍ വെച്ചിരുന്നു. പൈജാമയും കൂര്‍ത്തയുമാണ് ധരിക്കേണ്ടത്. അതും വെളുത്ത നിറത്തിലുള്ളതായിരിക്കണം. പക്ഷേ ജീന്‍സും ടീ ഷര്‍ട്ടും കൂളിംഗ് ഗ്ലാസും സ്ഥിരമായി അണിയാറുളള അസ്‌ഹര്‍ ഈ കാര്യത്തില്‍ മാത്രം തന്റെ അനുഭാവികളോട് സഹകരിച്ചില്ല. സ്ഥിരമായി കൂര്‍ത്തയും പൈജാമയുമണിയാന്‍ അദ്ദേഹത്തിന് താല്‍പ്പര്യമുണ്ടായിരുന്നില്ല. പക്ഷോ മസ്‌ജിദുകളില്‍ പ്രാര്‍ത്ഥനക്ക് കയറുമ്പോള്‍, പ്രത്യേകിച്ച് വെള്ളിയാഴ്‌ച്ചകളില്‍ ജുമുഅക്ക് പോവുമ്പോള്‍ പൈജാമ ധരിക്കാന്‍ അദ്ദേഹം മറന്നിരുന്നില്ല.
ഒരു മാസത്തിലധികമായി രാവിലെ ഏഴ് മണിക്ക് തുടങ്ങുന്നതായിരുന്നു അസ്‌ഹറിന്റെ ദിവസം. മൊറാദാബാദിലെ ഗ്രാമങ്ങളിലൂടെയുളള സഞ്ചാരത്തില്‍ അദ്ദേഹത്തിന് പലതും നേരില്‍ കാണാന്‍ കഴിഞ്ഞു. ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ തന്റെ പ്രിയപ്പെട്ട ടീമായ ഡക്കാന്‍ ചാര്‍ജേഴ്‌സിന്റെ ഒരു മല്‍സരം പോലും കാണാന്‍ അസ്‌ഹറിന് കഴിഞ്ഞിരുന്നില്ല. മൊറാദാബാദില്‍ മാത്രമായിരുന്നില്ല അസ്‌ഹറിന് പ്രവര്‍ത്തിക്കാനുണ്ടായിരുന്നത്. ഉത്തര്‍ പ്രദേശിലെ വിവിധ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ്സിന് വേണ്ടി സംസാരിക്കാനും വോട്ട് തേടാനും താരമൂല്യമുള്ള ഏക വ്യക്തി മറ്റാരുമായിരുന്നില്ല. 1,200 ഗ്രാമങ്ങളിലൂടെയാണ് അസഹര്‍ വോട്ട് തേടിയത്. 1980 ലായിരുന്നു അവസാനമായി ഈ മണ്ഡലത്തില്‍ ഒരു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വിജയിച്ചത്. നിങ്ങളുടെ സ്‌നേഹം വോട്ടിലൂടെ തെളിയിക്കണം, ഞാന്‍ നിങ്ങളെ നിരാശപ്പെടുത്തില്ല-ഇതായിരുന്നു എല്ലാ തെരഞ്ഞെടുപ്പ് യോഗങ്ങളിലും അസ്‌ഹര്‍ പറഞ്ഞിരുന്നത്.
മൊറാദാബിദിലെ വോട്ടര്‍മാരില്‍ അമ്പത് ശതമാനവും മുസ്ലീം വോട്ടര്‍മാരായിരുന്നു. ഈ വോട്ടുകള്‍ മാത്രമല്ല മറ്റ് സമുദായ വോട്ടുകളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട് എന്നാണ് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്.
രാഷ്ട്രീയത്തിലറങ്ങാന്‍ തുടക്കത്തില്‍ അസ്‌ഹറിന് താല്‍പ്പര്യമുണ്ടായിരുന്നില്ല. എന്നാല്‍ അദ്ദേഹത്തിന്റെ ജീവചരിത്രമെഴുതിയ അനസ് ബാഖി ഉള്‍പ്പെടെയുളളവര്‍ ചെലുത്തിയ സമ്മര്‍ദ്ദത്തിലാണ് പുതിയ ഇന്നിംഗ്‌സിന് തുടക്കമിടാന്‍ അസ്‌ഹര്‍ താല്‍പ്പര്യമെടുത്തത്. ഉത്തര്‍ പ്രദേശ് എന്നും അസ്‌ഹറിന്റെ ഭാഗ്യ സംസ്ഥാനമായിരുന്നു. ക്രിക്കറ്റര്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ ഏറ്റവും ഉയര്‍ന്ന ടെസ്റ്റ് സ്‌ക്കോര്‍ കാണ്‍പ്പൂരില്‍ വെച്ചാണ് നേടിയത്. 1986 ഡിസംബറില്‍ ശ്രീലങ്കക്കെതിരെ 199 റണ്‍സ് അസ്‌ഹര്‍ നേടിയിരുന്നു.
Subscribe to:
Post Comments (Atom)
No comments:
Post a Comment