വീണ്ടും റോയല്‍സ്
ജോഹന്നാസ്‌ബര്‍ഗ്ഗ്: രാജസ്ഥാന്‍ റോയല്‍സ് വീണ്ടും രാജാക്കന്മാരായി. ഏഴ് വിക്കറ്റിന് ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിന് നിഷ്‌പ്രയാസം കീഴടക്കിയ രാജസ്ഥാന്‍ റോയല്‍സ് പോയന്റ്‌് ടേബിളില്‍ ഒന്നാം സ്ഥാനവും സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്‌ത ബാംഗ്ലൂരിനെ 106 ല്‍ നിയന്ത്രിച്ച ചാമ്പ്യന്മാര്‍ അഞ്ച് ഓവറുകള്‍ ബാക്കിനില്‍ക്കയാണ് ലക്ഷ്യം നേടിയത്. പുറത്താവാതെ 52 റണ്‍സുമായി ഓപ്പണര്‍ നമാന്‍ ഒജ കരുത്തുകാട്ടി.
സെഞ്ചൂറിയന്‍ പാര്‍ക്കിലെ പുതിയ പിച്ചിനെ ഉപയോഗപ്പെടുത്തിയാണ് ടോസ് നേടിയ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ ഷെയിന്‍ വോണ്‍ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിനെ വരിഞ്ഞുകെട്ടിയത്. 105 റണ്‍സില്‍ ബാംഗ്ലൂരിനെ നിയന്ത്രിച്ചത് വോണ്‍ എന്ന നായകന്റെ തന്ത്രങ്ങളായിരുന്നു. ടോസ് നേടിയപ്പോള്‍ ഫീല്‍ഡിംഗ് തെരഞ്ഞെടുത്തായിരുന്നു വോണ്‍ തന്ത്രപരമായി നീങ്ങിയത്. പുതിയ പന്തില്‍ പലവട്ടം സ്‌പിന്നര്‍മാരെ പരീക്ഷിച്ച വോണ്‍ ഇത്തവണ തന്റെ സീമര്‍മാരില്‍ വിശ്വാസമര്‍പ്പിച്ചതും ഗുണം ചെയ്‌തു. ഫീല്‍ഡ് പ്ലേസ്‌മെന്റിലും ബാറ്റ്‌സ്‌മാന്മാരില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിലുമെല്ലാം നായകന്‍ വിജയിച്ചപ്പോള്‍ ചാമ്പ്യന്‍ഷിപ്പിലെ ഏറ്റവും ചെറിയ രണ്ടാമത് സ്‌ക്കോറിന് ബാംഗ്ലൂര്‍ പുറത്തായി. വിരോധാഭാസമെന്നോണം ബാംഗ്ലൂര്‍-രാജസ്ഥാന്‍ ആദ്യ മല്‍സരം നടന്നപ്പോഴും ചെറിയ സ്‌ക്കോറാണ് പിറന്നിരുന്നത്. ഐ.പി.എല്‍ രണ്ടാം പതിപ്പിന്റെ ആദ്യദിവസം നടന്ന രണ്ടാം മല്‍സരത്തില്‍ ചാമ്പ്യന്മാരായിരുന്ന റോയല്‍സിനെ 54 ല്‍ പുത്താക്കുന്നതില്‍ വിജയിച്ച ബാംഗ്ലൂരിന് ആ പ്രകടനത്തിന്റെ നാലയലത്ത് ഇന്നലെ എത്താനായില്ല.
നാല് വിക്കറ്റ് സ്വന്തമാക്കിയ സീമര്‍ അമിത് സിംഗും മൂന്ന് വിക്കറ്റ് നേടിയ ഓഫ് സ്‌പിന്നര്‍ രവിന്ദു ജഡേജയുമാണ് റോയല്‍സ് ബൗളര്‍മാരില്‍ കരുത്ത് പ്രകടിപ്പിച്ചത്. ബാംഗ്ലൂര്‍ ബാറ്റിംഗ് നിരയിലെ ടോപ് സ്‌ക്കോറര്‍ രണ്ട് ബൗണ്ടറികളുമായി 17 റണ്‍സ് നേടിയ റോബിന്‍ ഉത്തപ്പയായിരുന്നു.
മൂന്നാം ഓവര്‍ മുതല്‍ ബാംഗ്ലൂര്‍ ബാറ്റ്‌സ്‌മാന്മാര്‍ പവിലിയന്‍ യാത്ര ആരംഭിച്ചിരുന്നു. ഓപ്പണര്‍ വസീം ജാഫറാണ് യാത്രക്ക് തുടക്കമിട്ടത്. രണ്ടം ഓവറില്‍ ക്യാച്ചില്‍ നിന്നും രക്ഷപ്പെട്ട ജാഫര്‍ അമിതിന്റെ പന്തില്‍ പായിച്ച ഷോട്ട് കവറില്‍ കാര്‍സ്‌ഡ്‌ലൈന്‍ മനോഹരമായി കൈപ്പിടിയിലൊതുക്കി. തൊട്ട് പിറകെ വിശ്വസത്‌നായ ജാക് കാലിസും മടങ്ങി. മുനാഫ് പട്ടേലിന്റെ പന്തില്‍ സിക്‌സര്‍ പറത്തിയ കാലിസ് അടുത്ത പന്തിലും ആക്രമണത്തിന് തുനിഞ്ഞപ്പോള്‍ പന്ത് നീരജ് പട്ടേലിന്റെ കരങ്ങളിലായി. ഡീപ് ബാക് വാര്‍ഡ് സ്‌ക്വയര്‍ ലെഗ്ഗില്‍ നിന്നും ഒറ്റയോട്ടത്തില്‍ ഡീപ് മിഡ് വിക്കറ്റിലെത്തിയാണ് നീരജ് തകര്‍പ്പന്‍ ക്യാച്ച് നേടിയത്. രാഹുല്‍ ദ്രാവിഡ് വന്നത് പോലെ തന്നെ തിരിഞ്ഞു നടന്നു. കാര്‍സ്‌ഡ്‌ലൈനിന്റെ ലെഗ് സൈഡ് ഡെലിവറിക്ക് ബാറ്റ് വെച്ചായിരുന്നു മുന്‍ ഇന്ത്യന്‍ നായകന്‍ ഘോഷയാത്രയില്‍ പങ്കാളിയായത്.
ഇടക്കിടെ അതിര്‍ത്തിയിലേക്ക് പന്ത് പായിച്ച ഉത്തപ്പയിലായിരുന്നു ബാംഗ്ലൂരുകാരും സ്റ്റേഡിയത്തിലിരുന്ന് കളി കാണുകയായിരുന്ന ടീമിന്റെ ഉടമ വിജയ് മല്ലിയയും പ്രതീക്ഷയര്‍പ്പിച്ചത്. ഷെയിന്‍ വോണിന്റെ ഉറച്ച എല്‍.ബി അപ്പീലില്‍ നിന്നും രക്ഷപ്പെട്ട ഉത്തപ്പ പാര്‍ട്ട് ടൈമറായ രവീന്ദു ജഡേജയെ കണ്ടപ്പോള്‍ കൈകള്‍ സ്വതന്ത്രമാക്കാനാണ് ശ്രമിച്ചത്. തന്റെ ആദ്യ പന്തില്‍ തന്നെ ജഡേജ ഉത്തപ്പയെ വിക്കറ്റിന് മുന്നില്‍ കുരുക്കിയ കാഴ്‌ച്ചയില്‍ ബാംഗ്ലൂരിന്റെ സര്‍വ്വ പ്രതീക്ഷകളും അലിഞ്ഞില്ലാതായി. നാല് വിക്കറ്റ് നഷ്‌ടത്തില്‍ 40 റണ്‍സായിരുന്നു അപ്പോള്‍ സ്‌ക്കോര്‍.
പത്ത് ഓവര്‍ ബ്രേക്കിനിടെ ബാംഗ്ലൂര്‍ ഊര്‍ജ്ജം സംഭരിക്കുമെന്ന് കരുതിയവര്‍ക്കും തെറ്റി.വിക്കറ്റ് കീപ്പര്‍ മാര്‍ക് ബൗച്ചറെ വീഴ്‌ത്തി ജഡേജ തന്റെ രണ്ടാം വിക്കറ്റുമായി കളം വാണു. യുവതാരം വീരാത് കോഹ്‌ലിയുടെ വിക്കറ്റും ജഡേജക്കായിരുന്നു. ചാമ്പ്യന്‍ഷിപ്പില്‍ ടീമിനായി ആദ്യ മല്‍സരം കളിക്കുന്ന മോര്‍ണി മോര്‍ക്കലിന്റെ മിന്നുന്ന ക്യാച്ച്. അവസാന നാല് വിക്കറ്റുകള്‍ 20 റണ്‍സിനിടെയാണ് ബാംഗ്ലൂരിന് നഷ്ടമായത്. 13 പന്തില്‍ നിന്ന് 12 റണ്‍സ് നേടിയ ബൗളര്‍ വിനയ് കുമാറാണ് സ്‌ക്കോര്‍ 100 കടത്തിയത്.
വളരെ പതുക്കെയാണ് റോയല്‍സ് മറുപടി ആരംഭിച്ചത്. ഓവറില്‍ അഞ്ചോളം റണ്‍സ് എന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ ബാറ്റിംഗ് പ്രാക്ടീസായിരുന്നു എല്ലാവര്‍ക്കും. കഴിഞ്ഞ മല്‍സരത്തില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ വെടിക്കെട്ട് ഓപ്പണിംഗ് നടത്തിയ ഗ്രയീം സ്‌മിത്തും നമാന്‍ ഒജയും ചേര്‍ന്ന് 27 വരെ സ്‌ക്കോര്‍ എത്തിച്ചു. നാല് ബൗണ്ടറികളുമായി മിന്നിയ സ്‌മിത്തിനെ ദേശീയ ടീമിലെ സഹതാരമായ ജാക് കാലിസ് ക്ലീന്‍ ബൗള്‍ഡാക്കി. കാര്‍സ്‌ഡ്‌ലൈനിന്റെ നിര്‍ഭാഗ്യകരമായ റണ്ണൗട്ടാണ് റോയല്‍സിന് ക്ഷീണമായ ഏക കാര്യം. പന്ത് തട്ടിയിട്ട് സിംഗിളിനായി ഏകപക്ഷീയമായി കാര്‍സ്‌ഡ്‌ലൈന്‍ ഓടിയപ്പോള്‍ ബാംഗ്ലൂര്‍ ഫീല്‍ഡര്‍മാര്‍ക്ക് കാര്യങ്ങള്‍ എളുപ്പമായി. തകര്‍പ്പന്‍ ഫോമിലായിരുന്ന ഒജയും യൂസഫ് പത്താനും പിന്നെ അമാന്തിച്ചുനിന്നില്ല.
ചെല്‍സി റഫറിക്കെതിരെ
ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ സെമിഫൈനലില്‍ നിന്നും തോല്‍വിയേല്‍ക്കാതെ തങ്ങള്‍ പുറത്തായതിന് കാരണക്കാരന്‍ സെമി രണ്ടാം പാദം നിയന്ത്രിച്ച റഫറി ടോം ഹെന്നിംഗ് ഓവര്‍ബോയാണെന്ന് ചെല്‍സി മാനേജ്‌മെന്റും താരങ്ങളും. കുറഞ്ഞത് ആറ് പെനാല്‍ട്ടി അവസരങ്ങള്‍ ടീമിന് ലഭിച്ചിട്ടും റഫറി ഒന്ന് പോലും അനുവദിച്ചില്ലെന്നാണ് താരങ്ങളുടെ പരാതി. മല്‍സരത്തിന് ശേഷം തന്റെ അമര്‍ഷം പരസ്യമായി പ്രകടിപ്പച്ച മുന്‍നിരക്കാരന്‍ ദീദിയര്‍ ദ്രോഗ്‌ബെ സസ്‌പെന്‍ഷന്‍ ഭീഷണിയിലാണ്. റഫറി ലോംഗ് വിസില്‍ മുഴക്കിയതും ഹെന്നിംഗിനെതിരെ ഓടിയടുത്ത ദ്രോഗ്‌ബെയെ ബുക്ക് ചെയ്‌തിട്ടുണ്ട്. അദ്ദേഹം നടത്തിയ അസഭ്യവര്‍ഷത്തില്‍ എന്ത് നടപടി വേണമെന്ന് യുവേഫ തീരുമാനിക്കും. മല്‍സരത്തിലുടനീളം ആധിപത്യം പുലര്‍ത്തിയ ചെല്‍സി ലോംഗ് വിസിലിന്റെ സമയം വരെ ഒരു ഗോളിന് മുന്നിലായിരുന്നു. 93-ാം മിനുട്ടില്‍
ആന്ദ്രെ ഇനിയസ്റ്റ നേടിയ ഗോളാണ് ബാര്‍സക്ക് സമനില സമ്മാനിച്ചതും അത് വഴി എവേ ഗോള്‍ മികവില്‍ ഫൈനല്‍ ബെര്‍ത്ത് സമ്മാനിച്ചതും. എന്നാല്‍ ഏറ്റവും വലിയ മാര്‍ജിനില്‍ തങ്ങള്‍ ജയിക്കേണ്ട മല്‍സരമാണ് റഫറി കുളമാക്കിയതെന്നാണ് ചെല്‍സി നായകന്‍ ജോണ്‍ ടെറി പറയുന്നത്. ദ്രോഗ്‌ബെ റഫറിക്ക് അരികിലേക്ക് പാഞ്ഞടുത്തതും രോഷം പ്രകടിപ്പിച്ചതും തെറ്റായ കാര്യമല്ലെന്നാണ് ടെറി പറുന്നത്. അത്രമാത്രം കളിയെ സ്‌നേഹിക്കുന്നവരാണ് ദ്രോഗ്‌ബെയും മറ്റുളവരും. സ്വന്തം ടീമിന് അര്‍ഹമായ പല ആനുകൂല്യങ്ങളും റഫറി നിഷേധിക്കുകയായിരുന്നു. ഉറച്ച അവസരങ്ങളാണ് റഫറി നഷ്‌ടമാക്കിയത് ചാമ്പ്യന്‍സ് ലീഗ് സെമി പോലുളള വലിയ മല്‍സരങ്ങളില്‍ ഇത്തരക്കാരെ കളി നിയന്ത്രിക്കാന്‍ അനുവദിച്ചത് തന്നെ വിഡ്ഡിത്തമാണ്. 40,000 ത്തിലധികം പേരാണ് കളി കാണുന്നത്. അവരോട് ചോദിച്ചാലറിയാം റഫറിയുടെ വിഡ്ഡിത്തങ്ങളെന്നും ടെറി പറഞ്ഞു. പകല്‍ പോലെ വ്യക്തമായിരുന്നു പെനാല്‍ട്ടി അവസരങ്ങളെന്ന് മധ്യനിരക്കാരന്‍ ഫ്രാങ്ക് ലംപാര്‍ഡും പറഞ്ഞു. ഏറ്റവും കുറഞ്ഞത് മൂന്ന് തവണയെങ്കിലും ടീം പെനാല്‍ട്ടി കിക്ക് അര്‍ഹിച്ചിരുന്നു. പക്ഷേ ഒന്ന് പോലും റഫറി നല്‍കിയില്ലെന്ന് പറഞ്ഞ ലംപാര്‍ഡിനെ കോച്ച് ഗസ് ഹിഡിങ്കും പിന്തുണച്ചു. കളിക്കാരുടെ വേദന മനസ്സിലാവുന്നുണ്ടെന്നും റഫറിയുടെ പല തീരുമാനങളും സംശയകരമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഡ്രീം ഫൈനല്‍
ലണ്ടന്‍: കാത്തിരിക്കുക- മെയ് 27 ലെ റോമന്‍ രാത്രിക്കായി.... ഫുട്‌ബോള്‍ ലോകത്തിന്റെ സ്വപ്‌ന മല്‍സരമാണന്ന്.... യുറോപ്പിലെ ചാമ്പ്യന്‍ ക്ലബിനെ നിശ്ചയിക്കുന്ന യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡും ബാര്‍സിലോണയും ഏറ്റുമുട്ടുമ്പോള്‍ ഫുട്‌ബോള്‍ മനസ്സുകള്‍ക്ക് ആ റോമന്‍ രാത്രി സമ്മാനിക്കുക മഹത്തായ അനുഭവമായിരിക്കും. സ്‌റ്റാഫോര്‍ഡ് ബ്രിഡ്‌ജിലെ സ്വന്തം മൈതാനിയില്‍ തോല്‍ക്കാതിരുന്നിട്ടും പുറത്താവാന്‍ വിധിക്കപ്പെട്ട ചെല്‍സിയുടെ ദു:ഖത്തിനൊപ്പം നില്‍ക്കുമ്പോഴും സോക്കര്‍ മനസ്സുകള്‍ മനസ്സാ ആഗ്രഹിച്ച കലാശപ്പോരാട്ടത്തിനാണ് അവസരമുയര്‍ന്നിരിക്കുന്നത്.
ആഴ്‌സനലിനെതിരെ ഇരുപാദങ്ങളിലായി 1-4 ന്റെ വ്യക്തമായ മാര്‍ജിനില്‍ ജയിച്ചെത്തിയവരാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡെങ്കില്‍ ഭാഗ്യത്തിന്റെ മഹാ അകമ്പടിയിലാണ് ബാര്‍സ കലാശക്കളിക്ക് ടിക്കറ്റ് സ്വന്തമാക്കിയിരിക്കുന്നത്. ഒരാഴ്‌ച്ച മുമ്പ് നുവോ കാംമ്പില്‍ നടന്ന ആദ്യ പാദ സെമി ഗോള്‍രഹിത സമനിലയിലാണ് കലാശിച്ചതെങ്കില്‍ ഇന്നലെ സ്‌റ്റാഫോര്‍ഡ് ബ്രിഡ്‌ജ് പോരാട്ടം 1-1 ല്‍ അവസാനിച്ചു. പക്ഷേ എതിരാളികളുടെ മൈതാനത്ത് മല്‍സരത്തിന്റെ അന്തിമ നിമിഷത്തില്‍ നേടാനായ ഗോള്‍ ബാര്‍സയെ തുണച്ചു. എവേ ഗോള്‍ നിയമത്തിന്റെ പിന്‍ബലത്തിലാണ് സ്‌പെയിനില്‍ നിന്നുളള ചാമ്പ്യന്‍സംഘം വന്‍കരാ കലാശ പോരാട്ടത്തിന് ടിക്കറ്റ് നേടിയത്. ആരായിരിക്കും യൂറോപ്പിലെ ചാമ്പ്യന്മാര്‍-ഇംഗ്ലണ്ടോ, അതോ സ്‌്‌പെയിനോ. അതിന് 27 വരെ കാത്തിരിക്കണം. അന്നാണ് ഇറ്റാലിയന്‍ ആസ്ഥാന നഗരിയിലെ വര്‍ണ്ണ മനോഹരമായ സ്‌റ്റേഡിയത്തില്‍ ഡ്രീം ഫൈനല്‍.
ചെല്‍സി തുടര്‍ച്ചയായ രണ്ടാം വര്‍ഷത്തിലും നിര്‍ഭാഗ്യവാന്മാരായി. കഴിഞ്ഞ വര്‍ഷം പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ ഫൈനലില്‍ തോറ്റ നീലപ്പട ഇന്നലെ വിജയം അര്‍ഹിച്ചിരുന്നു. ഉറച്ച പെനാല്‍ട്ടി അവസരങ്ങള്‍ നിഷേധിക്കപ്പെട്ട ടീം മൈക്കല്‍ എസീന്റെ തട്ടുതകര്‍പ്പന്‍ ലോംഗ് റേഞ്ചര്‍ ഗോളില്‍ മല്‍സരത്തില്‍ പിടിമുറുക്കിയിരുന്നു. സ്വന്തം മൈതാനത്ത് അരലക്ഷത്തോളം കാണികള്‍ക്ക് മുന്നില്‍ വീരോചിത പോരാട്ടം നടത്തിയ ടീമിന് പക്ഷേ അവസാന നിമിഷങ്ങള്‍ വേദനയുടേതായി.
ഇഞ്ച്വറി ടൈമിലാണ് ആന്ദ്രെ ഇനിയസ്റ്റയിലൂടെ ബാര്‍സ ഒപ്പമെത്തിയത്. പെനാല്‍ട്ടി ബോക്‌സിന് അരികില്‍ വെച്ച് ചെല്‍സി പ്രതിരോധത്തെ പിറകിലാക്കി ഇനിയസ്റ്റ പായിച്ച ഷോട്ട്‌് ഗോള്‍കീപ്പര്‍ പീറ്റര്‍ ചെക്കിനെ കീഴടക്കുകയായിരുന്നു. മല്‍സരം അവസാനിച്ചതും മൈതാനം വേദിയായത് രോഷാകുലമായ രംഗങ്ങള്‍ക്കാണ്. പലവട്ടം മല്‍സരത്തിനിടെ പെനാല്‍ട്ടി അവകാശ വാദങ്ങള്‍ നടത്തിയ ബാര്‍സയുടെ താരങ്ങളും കോച്ച് ഗസ് ഹിഡിങ്കും ലോംഗ് വിസിലിന് ശേഷം പൊട്ടിത്തെറിക്കുകയായിരുന്നു.
മല്‍സരത്തില്‍ വ്യക്തമായ ആധിപത്യം ചെല്‍സിക്കായിരുന്നു. ബാര്‍സ മുന്‍നിരക്കാര്‍ അപകടകാരികളായിട്ടും സ്വന്തം ഭാഗം സംരക്ഷിച്ചുള്ള അതിവിദഗ്‌ദ്ധമായ സോക്കറാണ് ഹിഡിങ്കും കൂട്ടരും കാഴ്‌ച്ചവെച്ചത്. മല്‍സരത്തിന്റെ ഒമ്പതാം മിനുട്ടില്‍ എസ്സീന്‍ 20 വാര അകലെ നിന്നും തൊടുത്ത മിന്നല്‍ ഷോട്ടില്‍ പിറന്ന ഗോളില്‍ മുന്നിലെത്തിയ ചെല്‍സി ശേഷിക്കുന്ന സമയത്ത് പൊരുതി നില്‍ക്കുകയായിരുന്നു. ചുവപ്പ് കാര്‍ഡുമായി ബാര്‍സയുടെ എറിക് അബിദാല്‍ പുറത്തായിട്ടും മല്‍സരത്തിന്റെ ആവേശം ചോര്‍ന്നിരുന്നില്ല.
ബാര്‍സ വലയം കാത്ത വാല്‍ഡസ് പലപ്പോഴും പരീക്ഷിക്കപ്പെട്ടു. സൂപ്പര്‍ നിരയാണ് ചെല്‍സിക്കായി കളിച്ചത.് പീറ്റര്‍ ചെക് കാത്ത വലയത്തിന് മുന്നില്‍ പ്രതിരോധ കോട്ട കാത്ത് ബോസിംഗ്‌വ, അലക്‌സ്, ടെറി, ആഷ്‌ലി കോള്‍ എന്നിവര്‍. മധ്യനിരയില്‍ ലംപാര്‍ഡും എസ്സീനും ബലാക്കും. മുന്‍നിരയില്‍ നിക്കോളാസ് അനേല്‍ക്കയും ദ്രോഗ്‌ബയും മലൂദയും. എഴുപത്തിരണ്ടാം മിനുട്ടില്‍ പരുക്കുമായി ദ്രോഗ്‌ബെ പുറത്തായപ്പോള്‍ കളിച്ച ബലേറ്റിയും മിന്നുന്ന ഫോമിലായിരുന്നു. പക്ഷേ അവസരങ്ങള്‍ മുതലാക്കാന്‍ ആര്‍ക്കുമായില്ല. ഒന്നാം പകുതിയില്‍ മാത്രം തുറന്ന മൂന്ന് അവസരങ്ങള്‍ ടീമിന് ലഭിച്ചു. ഇതില്‍ ഒരു ഗോളാണ് പിറന്നത്. രണ്ടാം പകുതിയില്‍ നാലോളം ഗോളവസരങ്ങള്‍. ഒന്നും ലക്ഷ്യത്തിലെത്തിയില്ല. ഉറച്ച മൂന്ന് പെനാല്‍ട്ടി അവസരങ്ങളാവട്ടെ നിഷേധിക്കപ്പെടുകയും ചെയ്‌തു.
കാര്‍ലോസ് പുയോളിന്റെയും റാഫേല്‍ മാര്‍ക്കസിന്റെയും അഭാവം ബാര്‍സ പ്രതിരോധത്തില്‍ പ്രകടമായിരുന്നു. സസ്‌പെന്‍ഡ് ചെയ്യപ്പെട്ട പ്രതിരോധകാര്‍ക്ക് പകരം വന്നത് ടൂറെ യാജയും ബുസ്‌കറ്റസുമായിരുന്നു. മധ്യനിരയില്‍ കളിച്ച സാവിക്കും കൈറ്റക്കും ചെല്‍സി പ്രതിരോധം തടയിട്ടു. മെസി, ഇറ്റോ എന്നിവര്‍ക്കാവട്ടെ പൂര്‍ണ്ണ സ്വതന്ത്ര്യം അനുവദിക്കപ്പെട്ടതുമില്ല.
ഡയരക്ട് ഡ്രൈവ്
കളിയെഴുത്തിന്റെ കുലപതിയായ മുഷ്‌ത്താഖ് എന്ന പി.എ മുഹമ്മദ് കോയയുടെ തട്ടകത്ത് കളിയെഴുത്തുകാരുടെ സംഗമം. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലും കാലിക്കറ്റ് പ്രസ്സ് ക്ലബും ചേര്‍ന്ന് മെയ് 30,31 തിയ്യതികളില്‍ കാപ്പാട് ബീച്ച് റിസോര്‍ട്ടില്‍ നടത്തുന്ന ദിദ്വിന സ്‌പോര്‍ട്‌സ് ശില്‍പ്പശാല കളിയെഴുത്തിന്റെ ലോകത്ത് പുതിയ ചക്രവാളം തീര്‍ക്കുമെന്ന കാര്യത്തില്‍ സംശയമില്ല. കളിയെഴുത്തിന്റെ കലാശാലയില്‍ മുഷ്‌ത്താഖും വിംസിയും, കെ.കോയയും, കെ.പി.ആര്‍ കൃഷ്‌ണനും, കെ. അബൂബക്കറും, ഒ.ഉസ്‌മാനുമെല്ലാം നിറഞ്ഞുനിന്ന കാലത്തിന്റെ ഉള്‍തുടിപ്പുകളിലേക്ക് പുതിയ തലമുറയിലെ കായിക പത്രപ്രവര്‍ത്തകരെ ആനയിക്കാനുളള പ്രയത്‌നത്തിന്റെ ഭാഗമായി നടക്കുന്ന ശില്‍പ്പശാലയില്‍ ആധുനിക കായിക പ്രതപ്രവര്‍ത്തനത്തിന്റെ കുറ്റങ്ങളും കുറവുകളും ചര്‍ച്ച ചെയ്യപ്പെടുന്നതിനൊപ്പം ദൃശ്യ മാധ്യമ സംസ്‌ക്കാരത്തിന്റെ തല്‍സമയലോകം നല്‍കുന്ന വ്യവഹാരങ്ങളിലും സൂക്ഷ്‌മ വിചാരം നടത്തണം. കളിയെഴുത്ത് ഇന്ന് സ്‌പോണ്‍സേര്‍ഡ് പ്രോഗ്രാം പോലെയാണ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പോലുളള പുതിയ കായിക വാണിജ്യവല്‍ക്കരണ പ്രതിനിധികളുടെ നിയന്ത്രണങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും വിധേയരായി ടീമുകളുടെയും താരങ്ങളുടെയും വിപണിയിലേക്കുള്ള രചനകളായിരിക്കുന്നു കായിക പത്രപ്രവര്‍ത്തനം. വാര്‍ത്തകളെക്കാള്‍ കോളമിസ്‌റ്റുകളാണ് ഇന്ന് സ്‌പോര്‍ട്‌സ് പേജുകള്‍ നിറക്കുന്നത്. കോര്‍പ്പറേറ്റ് പ്രസ്ഥാനങ്ങളുടെ വക്താക്കളായി കോളമിസ്‌റ്റുകള്‍ നിറയുമ്പോള്‍ നിരൂപണങ്ങളിലൂടെ വായനക്കാരന്‍ വാര്‍ത്തയെ അറിയണം. കളികളെല്ലാം ടെലിവിഷനില്‍ തല്‍സമയമുളളതിനാല്‍ എന്തിനാണ് കളിവാര്‍ത്തയെന്നതാണ് കോര്‍പ്പറേറ്റ് ചോദ്യം. അതിനൊപ്പമാണ് മാധ്യമ വ്യവസായത്തെ നിയന്ത്രി്‌ക്കുന്നവരുടെ ഗമനവും.
സുനില്‍ ഗവാസ്‌ക്കറും രവിശാസ്‌ത്രിയും ഇന്ത്യന്‍ ക്രിക്കറ്റിലെ പ്രധാനികളായിരുന്നു. ഇന്നവര്‍ കളിയെഴുത്തിന്റെയും കലിപറയലിന്റേയും ലോകത്ത് വ്യക്തിമുദ്ര പതിപ്പിക്കുമ്പോള്‍ കായികപത്രപ്രവര്‍ത്തനത്തെ ഗൗരവതരമായി കാണുന്നവര്‍ക്ക് മുന്നില്‍ ഇരുട്ടിന്റെ വാതിലുകളാണ്. കായിക പേജുകില്‍ കോളമിസ്‌റ്റുകള്‍ നിറയുമ്പോള്‍ കളിയെഴുതുന്നവര്‍ക്ക് സ്ഥാനമില്ലാത്ത അവസ്ഥയാണ്. വളരെ ഗൗരവതമായി കാണേണ്ട ഈ വിഷയത്തില്‍ പക്ഷേ ഇത് വരെ സജീവ ചര്‍ച്ചകള്‍ നടന്നിട്ടില്ല.
വാര്‍ത്തകള്‍-കായികമായാലും അല്ലെങ്കിലും ഇന്ന് ആഘോഷമാണ്. ഐ.പി.എല്‍ മല്‍സരങ്ങളുടെ ആദ്യദിവസം പ്രമുഖ പത്രങ്ങളില്ലെല്ലാം കുഞ്ഞന്‍ ക്രിക്കറ്റിന്റെ കാര്‍ണിവലിസം ഒന്നാം പേജില്‍ തന്നെ നിരന്നു. പ്രവചന മല്‍സരങ്ങളുടെ മാലപ്പടക്കവുമായി വായനക്കാരന്റെ മോഹിപ്പിക്കുന്ന മനസ്സിലേക്കാണ് പത്രങ്ങള്‍ പന്തെറിഞ്ഞത്. സ്‌പോര്‍ട്‌സ് പേജിലെ ചിത്രങ്ങളില്‍ കുഞ്ഞുടുപ്പിട്ട ചിയര്‍ ഗേള്‍സും നിറയുന്നു. ലോകം നെഞ്ചിലേറ്റുന്ന ഗെയിമാണ ഫുട്‌ബോള്‍്. പക്ഷേ കായികതാളുകളില്‍ ഫുട്‌ബോളിന് പ്രാധാന്യമില്ല. മറ്റ് ഗെയിമുകളെല്ലാം മറക്കാന്‍ വാണിജ്യതാല്‍പ്പര്യത്തിന്റെ തിരക്കില്‍ എല്ലാവരും മറക്കുന്നു. ഇവിടെയാണ് കായിക ശില്‍പ്പശാലയുടെ പ്രസക്തി. കേരളം ദേശീയ ഗെയിംസിന് ആതിഥേയത്വം വഹിക്കുന്ന ഒരുക്കത്തില്‍, രാജ്യം കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ബഹളത്തിലേക്ക് വരുന്ന വേളയില്‍ കളിയെഴുത്തിന്റെ നിലവാരത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ മാത്രമല്ല, പ്രാവര്‍ത്തികതയുടെ സത്യമാനവും നിര്‍ബന്ധമാണ്.
സത്യം തുറന്നെഴുതാറുള്ള മുഷ്‌ത്താഖും വിംസിയുമെല്ലാം കാട്ടിയ പാതയില്‍, വാണിജ്യ വല്‍ക്കരണത്തിന് ഇരയാവാതെ കളിയെഴുത്തിന്റെ മനോഹാരിത നിലനിര്‍ത്താനുള്ള ഈ യജ്ഞത്തിന് അവസരമൊരുക്കിയവര്‍ക്ക് നന്ദി.
ഇെംഗ്ലീഷ് കരുതത്
ലോര്‍ഡ്‌സ്: വിന്‍ഡീസിനെതിരായ ഒന്നാം ടെസ്‌റ്റില്‍ ഇംഗ്ലണ്ട് പിടിമുറുക്കി. 143 റണ്‍സ് സ്വന്തമാക്കിയ രവി ബോപ്പാരയുടെ കരുത്തില്‍ ഒന്നാം ഇന്നിംഗ്‌സില്‍ 377 റണ്‍സ് നേടിയ ആതിഥേയര്‍ക്കെതിരെ വിന്‍ഡീസ് 152 റണ്‍സിന് പുറത്തായി ഫോളോ ഓണ്‍ ചെയ്യുന്നു. ക്യാപ്‌റ്റന്‍ ക്രിസ് ഗെയിലിനെ പൂജ്യത്തില്‍ രണ്ടാം ഇന്നിംഗ്‌സില്‍ നഷ്ടമായ വിന്‍ഡീസ് പരാജയമുഖത്താണ്. ഒന്നാം ഇന്നിംഗ്‌സില്‍ 28 റണ്‍സിനാണ് ഗെയില്‍ പുറത്തായത്. 46 റണ്‍സ് സ്വന്തമാക്കിയ ഡ്വിന്‍ സ്‌മിത്ത് മാത്രമാണ് പടിച്ചുനിന്നത്. ഇംഗ്ലണ്ടിന് വേണ്ടി ജി. ഒനിയന്‍സ് അഞ്ച് വിക്കറ്റ് നേടി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ കൂടുതല്‍ ദിവസം കളിച്ച ക്രിസ് ഗെയില്‍ ടെസ്റ്റിന് തലേനാള്‍ മാത്രമാണ് ലോര്‍ഡ്‌സില്‍ എത്തിയിരുന്നത്.
No comments:
Post a Comment