Wednesday, May 6, 2009

DELHI STRIKES

ടൈം ഔട്ട്‌ ഇനി രണ്ടര മിനുട്ട്‌ വീതം
കേപ്‌ടൗണ്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ക്രിക്കറ്റ്‌ സെമിഫൈനലുകളിലും ഫൈനലിലും ടൈം ഔട്ട്‌ സമ്പ്രദായം രണ്ടര മിനുട്ട്‌ വീതമുള്ള രണ്ട്‌ ഇടവേളകളിലായിരിക്കും. നിലവില്‍ ഓരോ ഇന്നിംഗ്‌സിനുമിടയില്‍ ഏഴര മിനുട്ട്‌്‌
്‌വീതമുള്ള ടൈം ഔട്ടാണ്‌ നല്‍കി വരുന്നത്‌. ഒരു ഇന്നിംഗ്‌സ്‌ പത്ത്‌ ഓവര്‍ പിന്നിടുമ്പോഴാണ്‌ ഏഴര മിനുട്ട്‌ അനുവദിക്കുന്നത്‌. ഇങ്ങനെ മൊത്തം 15 മിനുട്ടാണ്‌ ഒരു മല്‍സരത്തിനിടെ ടൈം ഔട്ടായി നല്‍കി വന്നിരുന്നത്‌.
ഇന്നലെ എന്‍.ഡി.ടി.വിയുമായി സംസാരിക്കവെ ഐ.പി.എല്‍ കമ്മീഷണര്‍ ലളിത്‌ മോഡിയാണ്‌ ഈ കാര്യം വ്യക്തമാക്കിയത്‌. പുതിയ തീരുമാനം ഔദ്യോഗികമായിട്ടില്ല. ഇത്തരത്തില്‍ ഒരു ധാരണ കൈവന്നിട്ടുണ്ട്‌. ഇത്‌ ടെക്‌നിക്കല്‍ കമ്മിറ്റി അംഗീകരിക്കണം.
സെമിഫൈനലുകളിലു ഫൈനലിലും നടപ്പിലാക്കാനുദ്ദേശിക്കുന്ന രണ്ട്‌ ഘട്ടങ്ങളിലായുളള ടൈം ഔട്ടിലെ ആദ്യ ബ്രേക്ക്‌ പവര്‍ പ്ലേ ഓവറുകള്‍ക്ക്‌ ശേഷമായിരിക്കും. ആദ്യ ആറ്‌ ഓവറുകളാണ്‌ പവര്‍ പ്ലേ ഓവറുകള്‍. ഇതിന്‌ പിറകെ രണ്ടര മിനുട്ട്‌ ബ്രേക്ക്‌. രണ്ടാമത്തെ ടൈം ഔട്ട്‌ ഫീല്‍ഡിംഗ്‌ ടീമിന്‌ ഇഷ്ടമുളള സമയത്താവാം.
ഇപ്പോള്‍ നല്‍കിവരുന്ന ഏഴര മിനുട്ട്‌ ബ്രേക്ക്‌ അല്‍പ്പമധികമായി പോയെന്ന അഭിപ്രായക്കാരനാണ്‌ മോഡിയും. മല്‍സരം അതിന്റെ ആവേശത്തില്‍ നില്‍ക്കുന്ന ഘട്ടത്തിലാണ്‌ ബ്രേക്ക്‌ വരുന്നത്‌. ഇത്‌ ബാറ്റിംഗ്‌ ടീമിനെ മാത്രമല്ല ഫീല്‍ഡിംഗ്‌ ടീമിനെയും ബാധിക്കും. മുംബൈ ഇന്ത്യന്‍സ്‌ നായകനായ സച്ചിന്‍ ടെണ്ടുല്‍ക്കറാണ്‌ ആദ്യമായി ടൈം ഔട്ട്‌്‌ തീരുമാനത്തിനെതിരെ രംഗത്ത്‌ വന്നത്‌. മല്‍സരഗതിയെ ബാധിക്കുന്ന തരത്തിലേക്ക്‌ ടൈം ഔട്ട്‌ മാറാറുണ്ടെന്നാണ്‌ സച്ചിന്‍ പറഞ്ഞത്‌. ഇതേ അഭിപ്രായം തന്നെയായിരുന്നു പഞ്ചാബ്‌ കിംഗ്‌സിന്റെ കോച്ച്‌ ടോം മൂഡിക്കും ചെന്നൈ സൂപ്പര്‍ കിംഗ്‌സ്‌ തലവന്‍ വി.ബി ചന്ദ്രശേഖറിനുമെല്ലാം.
ഐ.പി.എല്‍ മല്‍സരങ്ങളില്‍ കളിക്കാന്‍ കൂടുതല്‍ വിദേശ താരങ്ങള്‍ക്ക്‌ അവസരം നല്‍കണമെന്ന കൊല്‍ക്കത്ത നൈറ്റ്‌്‌ റൈഡേഴ്‌സ്‌ കോച്ച്‌ ജോണ്‍ ബുക്കാനന്റെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന്‌ മോഡി വ്യക്തമാക്കി. നിലവില്‍ മൂന്ന്‌ വിദേശ താരങ്ങള്‍ക്കാണ്‌ ആദ്യ ഇലവനില്‍ അവസരം. ഈ സ്ഥിതി തുടരും. ഇത്‌ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ക്രിക്കറ്റാണെന്നും ഇന്ത്യന്‍ താരങ്ങള്‍ക്കായിരിക്കും ചാമ്പ്യന്‍ഷിപ്പില്‍ കൂടുതല്‍ പ്രാതിനിധ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

ഡല്‍ഹി ടോപ്‌ ഗിയറില്‍
ജോഹന്നാസ്‌ബര്‍ഗ്ഗ്‌: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ക്രിക്കറ്റ്‌ 32 മല്‍സരങ്ങള്‍ പിന്നിട്ടപ്പോള്‍ ടോപ്‌ ഗിയറില്‍ കുതിക്കുന്നത്‌ വിരേന്ദര്‍ സേവാഗ്‌ നയിക്കുന്ന ഡല്‍ഹി ഡെയര്‍ഡെവിള്‍സ്‌. ആദ്യഘട്ട മല്‍സരങ്ങള്‍ സമാപിക്കുമ്പോള്‍ ഏഴ്‌ മല്‍സരങ്ങളില്‍ നിന്നായി പത്ത്‌ പോയന്റുമായി ഒന്നാം സ്ഥാനത്ത്‌ നില്‍ക്കുന്ന ഡല്‍ഹി അഞ്ച്‌ മല്‍സരങ്ങളിലാണ്‌ വിജയം വരിച്ചത്‌. ഒമ്പത്‌ പോയന്റ്‌ വീതം സ്വന്തമാക്കി ചെന്നൈ സൂപ്പര്‍ കിംഗ്‌സ്‌, രാജസ്ഥാന്‍ റോയല്‍സ്‌ എന്നിവരാണ്‌ രണ്ടും മൂന്നും സ്ഥാനങ്ങളില്‍. നല്ല തുടക്കത്തിന്‌ ശേഷം അവസാന മൂന്ന്‌ മല്‍സരങ്ങളില്‍ പരാജിതരായ ഡക്കാന്‍ ചാര്‍ജേഴ്‌സ്‌, ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ്‌ , കിംഗ്‌സ്‌ ഇലവന്‍ പഞ്ചാബ്‌ എന്നിവര്‍ എട്ട്‌ പോയന്റ്‌ വീതം നേടിയിട്ടുണ്ട്‌.
ചാമ്പ്യന്‍ഷിപ്പില്‍ ആദ്യ നാല്‌ സ്ഥാനങ്ങള്‍ നേടുന്നവര്‍ക്കാണ്‌ സെമി ബെര്‍ത്ത്‌. നിലവിലുളള അവസ്ഥയില്‍ മെയ്‌ 22ന്‌ സെഞ്ചൂറിയനിലെ സൂപ്പര്‍ സ്‌പോര്‍ട്ട്‌ പാര്‍ക്കിലും 23ന്‌ വാണ്ടറേഴ്‌്‌സിലും നടക്കുന്ന സെമി ഫൈനലുകളില്‍ ആരായിരിക്കും കളിക്കുകയെന്ന്‌ നിശ്ചയിക്കുക പ്രയാസമാണ്‌. പക്ഷേ ആധികാരികത പ്രകടിപ്പിക്കുന്നവരില്‍ ഒന്നാമന്മാരായ ഡല്‍ഹി സെമിയില്‍ കളിക്കുമെന്ന കാര്യത്തില്‍ നായകന്‍ സേവാഗിന്‌ സംശയമില്ല. കഴിഞ്ഞ രണ്ട്‌ മല്‍സരങ്ങളില്‍ പരുക്ക്‌ കാരണം സേവാഗിന്‌ കളിക്കാന്‍ കഴിഞ്ഞിരുന്നില്ല. തന്റെ അസാന്നിദ്ധ്യത്തിലും ഗൗതം ഗാംഭീര്‍ നയിക്കുന്ന ടീം വിജയങ്ങള്‍ തുടരുന്നതാണ്‌ ടീമിന്റെ കരുത്തായി സേവാഗ്‌ വിശേഷിപ്പിക്കുന്നത്‌. കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തില്‍ കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സിനെ അനായാസമായാണ്‌ ഡല്‍ഹി തോല്‍പ്പിച്ചത്‌. വിക്കറ്റ്‌ കീപ്പര്‍ വാന്‍വിക്കിന്റെ വെടിക്കെട്ടില്‍ കൊല്‍ക്കത്തക്കാര്‍ സ്വന്തമാക്കിയ സ്‌ക്കോര്‍ മറികടക്കാന്‍ ഒരു വിക്കറ്റ്‌്‌ മാത്രമാണ്‌ ഡല്‍ഹി നഷ്ടപ്പെടുത്തിയത്‌. ഗൗതം ഗാംഭീറും തിലകരത്‌നെ ദില്‍ഷാനും ചേര്‍ന്ന്‌ ഒരു ഓവര്‍ ബാക്കി നില്‍ക്കെ അനായാസം വിജയം സ്വന്തമാക്കിയ കാഴ്‌ച്ചയില്‍ ഡെയര്‍ഡെവിള്‍സിനെ പിടിച്ചുനിര്‍ത്താന്‍ തല്‍ക്കാലം ആരുമില്ലെന്നാണ്‌ അവരുടെ നിരയിലെ സൂപ്പര്‍ താരങ്ങളില്‍ ഒരാളായ ഗ്ലെന്‍ മക്‌ഗ്രാത്ത്‌ പറയുന്നത്‌.
ബാറ്റിംഗാണ്‌ ടീമിന്റെ കരുത്ത്‌. സേവാഗും ഗാംഭീറും നല്‍കുന്ന തുടക്കത്തിന്‌ ശേഷം എബി ഡി വില്ലിയേഴ്‌്‌സ്‌, തിലകരത്‌നെ ദില്‍ഷാന്‍ എന്നീ വിശ്വസ്‌തര്‍. വിക്കറ്റ്‌ കീപ്പറായ ദിനേശ്‌ കാര്‍ത്തിക്കും മിഥുന്‍ മന്‍ഹാസുമെല്ലാം ബാറ്റിംഗ്‌ വിലാസക്കാരാണ്‌. ഐ.പി.എല്ലിലെ ഏക സെഞ്ച്വറിക്കാരനാണ്‌ ഡി വില്ലിയേഴ്‌സ്‌. തട്ടുതകര്‍പ്പന്‍ ബാറ്റിംഗ്‌ നടത്തുന്ന ഡി വില്ലിയേഴ്‌സിനൊപ്പം തന്നെയാണ്‌ ദില്‍ഷാന്‍. ബൗളിംഗില്‍ പ്രദീപ്‌ സാംഗ്‌വാനാണ്‌ വിശ്വസ്‌തന്‍. ഡിര്‍ക്‌ നാനസും ആശിഷ്‌ നെഹ്‌റയും അമിത്‌ മിശ്രയുമെല്ലാം അവസരത്തിനൊത്തുയരുന്നവരാണ്‌.
ചെന്നൈ സൂപ്പര്‍ കിംഗ്‌സ്‌ വിജയപാതയിലേക്ക്‌ തിരിച്ചുവന്നിട്ടുണ്ട്‌. മഹേന്ദ്രസിംഗ്‌ ധോണി നയിക്കുന്ന സംഘം മൂന്ന്‌ മല്‍സരങ്ങളിലാണ്‌ തോറ്റത്‌.പക്ഷേ അവസാന രണ്ട്‌ മല്‍സരങ്ങളില്‍ ആധികാരിക വിജയവുമായി ടേബിളില്‍ രണ്ടാമത്‌ എത്തിനില്‍ക്കുന്നു. ധോണി ഫോമിലേക്ക്‌ വന്നതാണ്‌ ചെന്നൈക്ക്‌ കരുത്തായിരിക്കുന്നത്‌. മാത്യൂ ഹെയ്‌ഡന്‍, എസ്‌.ബദരീനാഥ്‌, സുരേഷ്‌ റൈന, ആബി മോര്‍ക്കല്‍ തുടങ്ങിയവരുടെ ബാറ്റിംഗും മുത്തയ്യ മുരളിധരനും ലക്ഷ്‌മിപതി ബാലാജിയുമെല്ലാം നയിക്കുന്ന ബൗളിംഗും നിലവാരം കാക്കുന്നുണ്ട്‌.
ഷെയിന്‍ വോണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ്‌ ചാമ്പ്യന്‍ഷിപ്പിലെ ഏറ്റവും വലിയ സ്‌ക്കോര്‍ സ്വന്തമാക്കിയാണ്‌ കിംഗ്‌സ്‌ ഇലവന്‍ പഞ്ചാബിനെ പരാജയപ്പെടുത്തിയത്‌. മോശമായ തുടക്കത്തിന്‌ ശേഷം യൂസഫ്‌ പത്താന്റെയും ഗ്രയീം സ്‌മിത്തിന്റെയും കരുത്തില്‍ റോയല്‍സ്‌ വരുമ്പോള്‍ വന്‍ നിരാശ സമ്മാനിക്കുന്നത്‌ ഷാറൂഖ്‌ ഖാന്റെ കൊല്‍ക്കത്തക്കാര്‍ മാത്രമാണ്‌. കൊല്‍ക്കത്തക്കാര്‍ മാത്രമാണ്‌ സെമി സാധ്യത ഇല്ലാതെ പുറത്താവുന്നത്‌. എട്ടില്‍ ഏഴ്‌ കളികളിലും അവര്‍ തോറ്റിരിക്കുന്നു. ആകെ സമ്പാദിച്ചിരിക്കുന്നത്‌ മൂന്ന്‌ പോയന്റ്‌്‌. അവസാന മല്‍സരത്തില്‍ ഡല്‍ഹിക്ക്‌ മുന്നില്‍ ടീം തോറ്റത്‌്‌ ക്യാച്ചുകളെല്ലാം നിലത്തിട്ടാണ്‌. ഏറ്റവും എളുപ്പമെന്ന്‌ തോന്നിയ ക്യാച്ച്‌ നിലത്തിട്ട്‌ നായകന്‍ ബ്രെന്‍ഡന്‍ മക്കലം മാതൃകയായി. നായകന്‌ പിറകെ മറ്റെല്ലാവരും പന്ത്‌ നിലത്തിടാന്‍ മല്‍സരിച്ചപ്പോള്‍ ഡല്‍ഹിക്കാര്‍ക്ക്‌ കാര്യങ്ങള്‍ എളുപ്പമായി
ഇന്ന്‌ രണ്ട്‌ മല്‍സരങ്ങള്‍ നടക്കുന്നുണ്ട്‌. ആദ്യ മല്‍സരത്തില്‍ സെഞ്ചൂറിയനില്‍ രാജസ്ഥാന്‍ റോയല്‍സ്‌ റോയല്‍ ചാലഞ്ചേഴ്‌്‌സ്‌ ബാംഗ്ലൂരിനെ എതിരിടുമ്പോള്‍ രാത്രി മല്‍സരത്തിലെ പ്രതിയോഗികള്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സും കിംഗ്‌സ്‌ ഇലവന്‍ പഞ്ചാബുമാണ്‌.

റെഡ്‌സ്‌
ലണ്ടന്‍: ആഴ്‌സന്‍ വെംഗറുടെ വാക്കുകള്‍ വെറുതെയായി....! തന്റെ ടീം സ്വപ്‌നതുല്യമായ വിജയം കരസ്ഥമാക്കി യുവേഫ ചാമ്പ്യന്‍സ്‌ ലീഗിന്റെ ഫൈനലില്‍ കളിക്കുമെന്ന്‌ പറഞ്ഞ ആഴ്‌സനല്‍ കോച്ചിന്‌ സ്വന്തം മൈതാനത്ത്‌, സ്വന്തം കാണികള്‍ക്ക്‌ മുന്നില്‍ തലകുനിക്കേണ്ടി വന്നു. ചാമ്പ്യന്‍സ്‌ ലീഗ്‌ സെമിയുടെ രണ്ടാം പാദത്തില്‍ 3-1 ന്റെ വിജയം കരസ്ഥമാക്കി ഇരുപാദങ്ങളിലായി 4-1 ന്റെ ജയവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്‌്‌ രാജകീയമായി തന്നെ ഫൈനല്‍ ബെര്‍ത്ത്‌ സ്വന്തമാക്കി. നിലവില്‍ യൂറോപ്പിലെ ചാമ്പ്യന്‍ ക്ലബായ മാഞ്ചസ്റ്ററിന്‌ ഫൈനലിലും വിജയം ആവര്‍ത്തിക്കാന്‍ കഴിഞ്ഞാല്‍ ചാമ്പ്യന്‍സ്‌ ലീഗ്‌ കിരീടം നിലനിര്‍ത്തുന്ന ആദ്യ ടീമായി മാറാം.
എമിറേറ്റ്‌സ്‌ സ്‌റ്റേഡിയത്തില്‍ തിങ്ങി നിറഞ്ഞ അരലക്ഷത്തിലധികം കാണികളുടെ പ്രതീക്ഷയത്രയും കോച്ച്‌്‌ വെംഗറുടെ വാക്കുകളിലായിരുന്നു. ആദ്യപാദ മല്‍സരത്തില്‍ ഒരു ഗോളിന്‌ പരാജയപ്പെട്ടെങ്കിലും രണ്ടാം പാദത്തില്‍ തന്റെ ടീം സ്വപ്‌നതുല്യമായി കളിക്കുമെന്നാണ്‌്‌ വെംഗര്‍ പറഞ്ഞിരുന്നത്‌. മാഞ്ചസ്റ്ററിനെ പോലെ സൂപ്പര്‍ താരങ്ങള്‍ മാത്രമടങ്ങിയ ഒരു ടീമിനെതിരെ എങ്ങനെ വിജയം സാധ്യമാവുമെന്ന ചോദ്യത്തിന്‌ കാത്തിരുന്ന്‌ കാണാന്‍ പറഞ്ഞ വെംഗര്‍ക്ക്‌ രണ്ടാം പാദത്തിലെ ആദ്യ പതിനൊന്‌്‌ മിനുട്ടനിടെ തന്നെ തന്റെ വാക്കുകള്‍ വിഴുങ്ങേണ്ടി വന്നു. മല്‍സരം എട്ട്‌ മിനുട്ട്‌്‌ മാത്രം പിന്നിട്ടപ്പോള്‍ കൊറിയക്കാരന്‍ പാര്‍ക്‌ സംഗിന്റെ ഗോള്‍ ആഴ്‌സനലിന്‌ കനത്ത ആഘാതമായി. പ്രതിരോധനിരക്കാരന്‍ ഗിബ്‌സിന്റെ പിഴവിലാണ്‌ ഗോള്‍ പിറന്നത്‌. വലത്‌ ഭാഗത്ത്‌ നിന്ന്‌ കൃസ്റ്റിയാനോ റൊണാള്‍ഡോ നല്‍കിയ ക്രോസ്‌ സ്വീകരിക്കുന്നതില്‍ നിന്ന്‌്‌്‌ പാര്‍ക്കിനെ തടയാന്‍ ഗിബ്‌സിന്‌ കഴിയുമായിരുന്നു. പക്ഷേ അദ്ദേഹം വഴുതി വീണപ്പോള്‍ കൊറിയക്കാരന്‌ കാര്യം എളുപ്പമായി. മൂന്ന്‌ മിനുട്ടിനകം സൂപ്പര്‍ സ്‌ട്രൈക്കര്‍ കൃസ്റ്റിയാനോ റൊണാള്‍ഡോ നാല്‍പ്പത്‌ വാര അകലെ നിന്നും പായിച്ച ഫ്രീകിക്ക്‌ മാഞ്ചസ്റ്ററിന്റെ ലീഡ്‌ വര്‍ദ്ധിപ്പിച്ചു. ഗോള്‍ക്കീപ്പര്‍ അലുമിനിയുടെ പിഴവായിരുന്നു ഈ ഗോള്‍. അറുപത്തിയൊന്നാം മിനുട്ടില്‍ റൊണാള്‍ഡോ മൂന്നാം ഗോളും നേടിയപ്പോള്‍ എല്ലാം പിന്നെ ചടങ്ങായി.
മെയ്‌ 27ന്‌ റോമില്‍ വെച്ചാണ്‌ ചാമ്പ്യന്മാരെ നിശ്ചയിക്കുന്ന കലാശപ്പോരാട്ടം. ഈ മല്‍സരത്തിന്‌ മുമ്പായി പ്രീമിയര്‍ ലീഗ്‌ കിരീടം മാഞ്ചസ്റ്ററിന്‌ നേടേണ്ടതുണ്ട്‌. പോയ സീസണില്‍ ചാമ്പ്യന്‍സ്‌ ലീഗും പ്രീമിയര്‍ ലീഗും മാഞ്ചസ്റ്ററിനായിരുന്നു.
ആഴ്‌സനലിനെതിരായ രണ്ടാം പാദ സെമിയില്‍ സൂക്ഷിച്ചായിരുന്നില്ല മാഞ്ചസ്റ്റര്‍ കളിച്ചത്‌. ഒരു ഗോളിന്റെ ലീഡ്‌ കൈവശമുണ്ടായിട്ടും മുന്‍നിരയില്‍ വിശ്വാസമര്‍പ്പിച്ച്‌ മനോഹരമായി അവര്‍ കളിച്ചു. ആഴ്‌സനല്‍ മുന്‍നിരക്കാരന്‍ സെസ്‌ക്‌ ഫാബ്രിഗസിനെതിരെ മാരക ടാക്‌്‌ളിംഗ്‌ നടത്തിയ കുറ്റത്തിന്‌ മധ്യനിരക്കാരന്‍ ഡാരന്‍ ഫ്‌ളെച്ചര്‍ ചുവപ്പ്‌ കാര്‍ഡ്‌ കണ്ടത്‌ മാത്രമാണ്‌ മല്‍സരത്തില്‍ റെഡ്‌സിന്‌ നഷ്ടമായത്‌. ഈ പുറത്താക്കലിന്‌ ശേഷമായിരുന്നു വാന്‍ പര്‍സി പെനാല്‍ട്ടി കിക്കിലുടെ ആഴ്‌സനലിന്റെ മടക്ക ഗോള്‍ നേടിയത്‌.
2005 ലെ എഫ്‌. എ കപ്പ്‌ ഫൈനലിന്‌ ശേഷം ഒരു കപ്പും സ്വന്തമാക്കാന്‍ കഴിയാത്ത നിരാശയില്‍ വെംഗര്‍ തലതാഴ്‌ത്തിയപ്പോള്‍ അലക്‌സ്‌ ഫെര്‍ഗൂസണ്‍ മറ്റൊരു റെക്കോര്‍ഡിനുളള ശ്രമത്തിലാണ്‌. ഇത്തവണയും പ്രിമിയര്‍ ലീഗ്‌ കിരീടവും ചാമ്പ്യന്‍സ്‌ ലീഗ്‌ കിരീടവും സ്വന്തമാക്കിയാല്‍ ലോക സോക്കറില്‍ രണ്ട്‌ സുപ്രധാന കിരീടങ്ങള്‍ നിലനിര്‍ത്തുന്ന അമൂല്യ പരിശീലകന്‍ എന്ന സ്ഥാനം ഫെര്‍ഗ്ഗിക്ക്‌ സ്വന്തമാവും.

പോയന്റ്‌ നില
1- ഡല്‍ഹി ഡെയര്‍ഡെവിള്‍സ്‌-10
2-ചെന്നൈ സൂപ്പര്‍ കിംഗ്‌സ്‌-9
3-രാജസ്ഥാന്‍ റോയല്‍സ്‌-9
4-ഡക്കാന്‍ ചാര്‍ജേഴ്‌സ്‌-8
5-ബാംഗ്ലൂര്‍ റോയല്‍സ്‌-8
6-കിംഗ്‌സ്‌ ഇലവന്‍ പഞ്ചാബ്‌-8
7-മുംബൈ ഇന്ത്യന്‍സ്‌-7
8-കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സ്‌-3

മുന്നോട്ട്‌
ലോര്‍ഡ്‌സ്‌: വിന്‍ഡീസിനെതിരായ ഒന്നാം ടെസ്‌റ്റിന്റെ ഒന്നാം ദിവസം ആദ്യ സെഷനില്‍ ഇംഗ്ലീഷ്‌്‌ ബാറ്റ്‌സ്‌മാന്മാരുടെ മേധാവിത്വം. രണ്ടാം സെഷനില്‍ കരിബീയന്‍ ബൗളര്‍മാരുടേയും. ടോസ്‌ നേടിയ വിന്‍ഡീസ്‌ നായകന്‍ ക്രിസ്‌ ഗെയില്‍ ബാറ്റിംഗിന്‌ ക്ഷണിച്ച സന്തോഷം റണ്‍സിനാല്‍ രേഖപ്പെടുത്തിയ ആതിഥേയര്‍ ലഞ്ചിന്‌ പിരിയുമ്പോള്‍ ഒരു വിക്കറ്റ്‌ നഷ്ടത്തില്‍ 88 റണ്‍സ്‌ സ്വന്തമാക്കിയിരുന്നു. 19 റണ്‍സ്‌ നേടിയ നായകന്‍ ആന്‍ഡ്ര്യൂ സ്‌ട്രോസിന്റെ വിക്കറ്റാണ്‌ ഇംഗ്ലണ്ടിന്‌ നഷ്ടമായത്‌. ജെറോം ടെയ്‌ലറുടെ വേഗതക്ക്‌ മുന്നില്‍ സ്‌ട്രോസ്‌ കീഴടങ്ങിയപ്പോള്‍ അലിസ്‌റ്റര്‍ കുക്കും രവി ബോപ്പാരയുമായിരുന്നു ക്രീസില്‍. എന്നാല്‍ ലഞ്ചിന്‌ ശേഷം ഫിഡല്‍ എഡ്വാര്‍ഡ്‌സിന്റെ ഊഴമായിരുന്നു. 35 റണ്‍സ്‌ നേടിയ അലിസ്റ്റര്‍ കുക്കിനെയും അക്കൗണ്ട്‌്‌്‌ തുറക്കുന്നതിന്‌ മുമ്പ്‌ കെവിന്‍ പീറ്റേഴ്‌സണെയും എഡ്വാര്‍ഡ്‌സ്‌ പുറത്താക്കി.

തിരിച്ചടി
റോം: തിങ്കളാഴ്‌ച്ച ഇവിടെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സറീനാ വില്ല്യംസ്‌്‌ സ്വയം വിശേഷിപ്പിച്ചത്‌ ലോക ടെന്നിസില്‍ തന്നെ തോല്‍പ്പിക്കാന്‍ തല്‍ക്കാലം ആരുമില്ലെന്നായിരുന്നു. ലോക ഒന്നാം നമ്പര്‍ താരം താനാണെന്നും കിരീടങ്ങള്‍ തന്റെ ബലഹീനതയാണെന്നുമെല്ലാം അഹങ്കാരത്തോടെ പറഞ്ഞ സറീനക്ക്‌ പക്ഷേ മൈതാനത്ത്‌ വാക്കുകളെ പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞില്ല. ഇറ്റാലിയന്‍ ഓപ്പണ്‍ ടെന്നിസിന്റെ ആദ്യ റൗണ്ടില്‍ തന്നെ സറീന തോറ്റ്‌ പുറത്തായി. പാറ്റ്‌ ഷിന്‍ഡറാണ്‌ അമേരിക്കന്‍ താരത്തിന്റെ അഹങ്കാരത്തിനു നേരെ റാക്കറ്റ്‌ പായിച്ചത്‌. സ്‌ക്കോര്‍ 6-2, 2-6, 6-1. പരുക്ക്‌ കാരണം ഒരു മാസത്തോളമായി പുറത്തിരിക്കുന്ന സറീനക്ക്‌ പതിവ്‌ ചടുലതയില്‍ കളിക്കാന്‍ കഴിഞ്ഞിരുന്നില്ല. ലോക റാങ്കിംഗിലെ ഒന്നാം സ്ഥാനക്കാരി റഷ്യയുടെ ദിനാര സാഫിന 7-6, (7-1),6-1 എന്ന സ്‌ക്കോറിന്‌ വിര്‍ജീനിയ റൊസാനോയെ പരാജയപ്പെടുത്തി രണ്ടാം റൗണ്ടിലെത്തി.

ഇംഗ്ലണ്ടില്‍
ലാഹോര്‍: പാക്കിസ്‌താന്‍-ഓസ്‌ട്രേലിയ ടെസ്‌റ്റ്‌ പരമ്പര ഇംഗ്ലണ്ടില്‍ നടക്കാന്‍ സാധ്യത. ഇത്‌ സംബന്ധിച്ച്‌ പാക്കിസ്‌താന്‍ ക്രിക്കറ്റ്‌ ബോര്‍ഡും ക്രിക്കറ്റ്‌ ഓസ്‌ട്രേലിയയും ഇംഗ്ലണ്ട്‌ ആന്‍ഡ്‌ വെയില്‍സ്‌ ക്രിക്കറ്റ്‌ ബോര്‍ഡും തമ്മില്‍ നടത്തുന്ന ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണ്‌. 2008 ല്‍ പാക്കിസ്‌താനില്‍ പര്യടനം നടത്താന്‍ ഓസ്‌ട്രേലിയന്‍ ടീം തീരുമാനിച്ചിരുന്നു. എന്നാല്‍ സുരക്ഷാ കാരണങ്ങളാല്‍ പര്യടനം റദ്ദാക്കപ്പെട്ടു. 2011 ല്‍ ഏഷ്യയില്‍ നടക്കുന്ന ലോകകപ്പില്‍ പാക്കിസ്‌താന്‌ വേദി നിഷേധിക്കപ്പെട്ട സാഹചര്യത്തില്‍ പാക്കിസതാനില്‍ സമീപകാലത്തൊന്നും ക്രിക്കറ്റ്‌ നടക്കില്ലെന്ന്‌ വ്യക്തമായതോടെയാണ്‌ പുതിയ നിഷ്‌പക്ഷ വേദിക്കായി ശ്രമങ്ങള്‍ ആരംഭിച്ചത്‌. പാക്കിസ്‌താന്‍-ഓസ്‌ട്രേലിയ ഏകദിന പരമ്പര ദുബായിലും അബുദാബിയിലുമായാണ്‌ നടന്നത്‌. പരമ്പരയില്‍ രണ്ട്‌ ടെസ്‌റ്റുകളും രണ്ട്‌ 20-20 മല്‍സരങ്ങളും കളിക്കാനാണ്‌ ക്രിക്കറ്റ്‌ ഓസ്‌ട്രേലിയക്ക്‌ താല്‍പ്പര്യം. എന്നാല്‍ മൂന്ന്‌ ടെസ്റ്റുകള്‍ വേണമെന്നാണ്‌ പാക്കിസ്‌താന്‍ ആവശ്യപ്പെടുന്നത്‌.

No comments: