Wednesday, May 13, 2009

SHAROOK-THE GUILTY MAN

അന്ത്യശാസനം
ലണ്ടന്‍: 2012 ലെ യൂറോ കപ്പ്‌ ഫുട്‌ബോളിന്‌ പോളണ്ടിനൊപ്പം സംയുക്താതിഥേയത്വം വഹിക്കുന്ന പോളണ്ടിന്‌ യുവേഫയുടെ അന്ത്യശാസനം. ഉക്രൈനിലെ മല്‍സരവേദികള്‍ സംബന്ധിച്ച്‌ അന്തിമ തീരുമാനം ഉടനറിയിക്കണമെന്ന ശക്തമായ താക്കീത്‌ യുവേഫ തലവന്‍ മിഷല്‍ പ്ലാറ്റിനി നല്‍കിക്കഴിഞ്ഞു. ഉക്രൈന്റെ ആസ്ഥാനമായ കീവ്‌ നഗരത്തിലാണ്‌ ഫൈനല്‍ ഉള്‍പ്പെടെയുളള പ്രധാന മല്‍സരങ്ങള്‍. മറ്റ്‌ മല്‍സരവേദികളായ ലിവിവ്‌, ഡോണ്‍സ്‌റ്റക്‌, കാര്‍കതിവ്‌ എന്നിവിടങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ പ്ലാറ്റിനി ഉള്‍പ്പെടെയുളള യുവേഫയുടെ വിദഗ്‌ദ്ധ സംഘം അസംതൃപ്‌തി പ്രകടിപ്പിച്ചിരിക്കയാണ്‌. യൂറോ പോലുളള വലിയ മല്‍സരങ്ങള്‍ നടത്താനുളള സ്‌റ്റേഡിയങ്ങള്‍ ഇവിടെയില്ലെന്നാണ്‌ അദ്ദേഹത്തിന്റെ പക്ഷം. നിശ്ചിത കാലാവധിക്കുള്ളില്‍ സ്റ്റേഡിയത്തിലെ സൗകര്യങ്ങള്‍ ലോക നിലവാരത്തിലുയര്‍ത്താന്‍ കഴിയുമോ എന്നതാണ്‌ പ്ലാറ്റിനിയുടെ ചോദ്യം. പോളണ്ടിന്റെ ആസ്ഥാനമായ വാര്‍സോയും പോസ്‌നന്‍, വാര്‍ക്ലോ, ജാന്‍സക്‌ എന്നീ വേദികള്‍ക്കും യുവേഫ അംഗീകാരം നല്‍കിയിട്ടുണ്ട്‌. ഉക്രൈനിലെ ഏക രാജ്യാന്തര നിലവാരമുളള വേദി കീവിലെ ഒളിംപിക്‌ സ്റ്റേഡിയമാണ്‌. എന്നാല്‍ ഈ വേദിയുടെ കാര്യത്തില്‍ പോലും നൂറ്‌ മാര്‍ക്ക്‌ നല്‍കാന്‍ പ്ലാറ്റിനി ഒരുക്കമല്ല. 2007 ഏപ്രിലിലാണ്‌ പോളണ്ടിനും ഉക്രൈനും യൂറോ വേദി നല്‍കിയത്‌. യൂറോപ്പിലെ 16 പ്രമുഖ ടീമുകളാണ്‌ വന്‍കരയിലെ ചാമ്പ്യന്‍ സോക്കര്‍ രാജ്യത്തെ കണ്ടെത്തുന്ന യൂറോയില്‍ പങ്കെടുക്കുന്നത്‌. നിലവിലെ ചാമ്പ്യന്മാര്‍ സ്‌പെയിനാണ്‌. 16 ടീമുകള്‍ മല്‍സരിക്കുന്ന അവസാന യൂറോയായിരിക്കും പോളണ്ടിലും ഉക്രൈനിലും നടക്കുന്നത്‌. 2016 മുതല്‍ 24 ടീമുകളായിരിക്കും യൂറോ ഫൈനല്‍ റൗണ്ടില്‍ കളിക്കുക.
ബെസ്റ്റ്‌
ലണ്ടന്‍: ലിവര്‍പൂള്‍ നായകന്‍ സ്റ്റീവന്‍ ജെറാര്‍ഡിന്‌ ഫുട്‌ബോള്‍ റൈറ്റേഴ്‌സ്‌ അസോസിയേഷന്റെ ഫുട്‌ബോളര്‍ ഓഫ്‌ ദ ഇയര്‍ പുരസ്‌ക്കാരം. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ സൂപ്പര്‍ താരങ്ങളായ വെയിന്‍ റൂണി, റ്യാന്‍ ഗിഗ്‌സ്‌ എന്നിവരെ പിന്തള്ളിയാണ്‌ ലിവര്‍പൂളിന്റെ മധ്യനിരക്കാരന്‍ 2009 ലെ അവാര്‍ഡ്‌ സ്വന്തമാക്കിയത്‌. ഫുട്‌ബോള്‍ ജര്‍ണലിസ്‌റ്റുകള്‍ മാത്രം പങ്കെടുക്കുന്ന വോട്ടിംഗില്‍ ലഭിച്ച അവാര്‍ഡ്‌ വലിയ അംഗീകാരമാണെന്ന്‌ 28-കാരന്‍ പറഞ്ഞു. ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗില്‍ കളക്കുന്ന താരങ്ങുടെ കരുത്തും വിലയും മനസ്സിലാക്കുമ്പോള്‍ തനിക്ക്‌ ഈ അവാര്‍ഡ്‌ ലഭിച്ചതില്‍ അതിശയമുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
മനംമാറ്റം
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ്‌ കണ്‍ട്രോള്‍ ബോര്‍ഡ്‌ നല്‍കിയിരിക്കുന്ന ഔദാര്യ ഓഫര്‍ മദന്‍ലാല്‍ അംഗീകരിക്കുന്നു. വിമത ഇന്ത്യന്‍ ക്രിക്കറ്റ്‌ ലീഗുമായി (ഐ.സി.എല്‍) ബന്ധപ്പെട്ടവര്‍ക്ക്‌ തെറ്റ്‌ തിരുത്തി തിരിച്ചുവരാനുള്ള അവസരമൊരുക്കിയ ബി.സി.സി.ഐ യുടെ നീക്കത്തില്‍ വിശ്വാസമര്‍പ്പിച്ച്‌ മുന്‍ ഇന്ത്യന്‍ താരവും കോച്ചുമായ മദന്‍ലാല്‍ മുഖ്യധാരയിലേക്ക്‌ വരുന്നു. 1983 ല്‍ ലോകകപ്പ്‌ സ്വന്തമാക്കിയ കപിലിന്റെ ചെകുത്താന്‍ സംഘത്തില്‍ അംഗമായ മദന്‍ലാല്‍ ഐ.സി.എല്‍ ടീമായ ഡല്‍ഹി ജയന്റ്‌സിന്റെ കോച്ചായിരുന്നു. ഈ സ്ഥാനം ത്യജിച്ചാണ്‌ അദ്ദേഹം ബി.സി.സി.ഐ ലോകത്തേക്ക്‌ വരുന്നത്‌. ഐ.സി.എല്‍ കരാറില്‍ നിന്നും തന്നെ ഒഴിവാക്കാന്‍ കത്ത്‌ നല്‍കിയതായി മദന്‍ പറഞ്ഞു. ക്രിക്കറ്റ്‌ ബോര്‍ഡിനോട്‌ നന്ദിയുണ്ട്‌. നിരവധി തവണ ദേശീയ ടീമിനെ പരിശീലിപ്പിച്ച തന്റെ സേവനം തുടര്‍ന്നും ക്രിക്കറ്റ്‌ ബോര്‍ഡ്‌ ഉപയോഗപ്പെടുത്തുമെന്ന വിശ്വാസമാണ്‌ അദ്ദേഹം പ്രകടിപ്പിച്ചത്‌. മദന്‍ലാലിനെ കൂടാതെ സന്ദീപ്‌ പാട്ടില്‍, ബല്‍വീന്ദര്‍ സന്ധു, കഴ്‌സന്‍ ഗാവ്‌റി, അജിത്‌ വഡേക്കര്‍ എന്നിവരെല്ലാം ഐ.സി.എല്‍ വിടാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്‌.

ക്രിസ്‌ ഗെയില്‍ ക്യാപ്‌റ്റന്‍സി വിടുന്നു
ലണ്ടന്‍: ഇത്‌ എനിക്ക്‌ പറ്റി ജോലിയല്ല, ഈ സമ്മര്‍ദ്ദവുമായി ദീര്‍ഘകാലം കളിക്കളത്തില്‍ തുടരാന്‍ എനിക്ക്‌ താല്‍പ്പര്യവുമില്ല-പറയുന്നത്‌ വിന്‍ഡീസ്‌ ക്രിക്കറ്റ്‌ ടീമിന്റെ നായകന്‍ ക്രിസ്‌ ഗെയില്‍. ലോര്‍ഡ്‌സല്‍ ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്‌റ്റില്‍ മൂന്ന്‌ ദിവസത്തിനകം തോറ്റത്‌ കൊണ്ടല്ല ഗെയിലിന്റെ മുന്നറിയിപ്പ്‌. ക്യാപ്‌റ്റന്‍സി ആസ്വദിക്കാനും അതിന്റെ വേഗതക്കൊപ്പം സഞ്ചരിക്കാനും കഴിയുന്നയാളല്ല താനെന്നാണ്‌ അദ്ദേഹം ആധികാരികമായി പറയുന്നത്‌. ഗാര്‍ഡിയന്‍ പത്രത്തിന്‌ നല്‍കിയ അഭിമുഖത്തില്‍ പുതിയ നായകനെ കണ്ടെത്താനുളള നീക്കം ആരംഭിക്കാന്‍ സെലക്ടര്‍മാരോട്‌ അഭ്യര്‍ത്ഥിച്ചതായും ഗെയില്‍ വെളിപ്പെടുത്തിയിട്ടുണ്ട്‌. ലോര്‍ഡ്‌സ്‌ ടെസ്‌റ്റില്‍ ഇംഗ്ലണ്ട്‌ മൂന്ന്‌ ദിവസത്തിനകം പത്ത്‌ വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം വിന്‍ഡീസിനുമേല്‍ നേടിയിരുന്നു. ടീമിന്റെ പരാജയത്തില്‍ ഒന്നാം പ്രതിയായി ചിത്രീകരിക്കപ്പെട്ടത്‌ ഗെയിലായിരുന്നു. ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ഇന്ത്യന്‍ പ്രിമീയര്‍ ലീഗ്‌ ക്രിക്കറ്റില്‍ കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സിനായി കളിക്കുകയായിരുന്ന ഗെയില്‍ ലോര്‍ഡ്‌സ്‌ ടെസ്‌റ്റിന്റെ ഒരു ദിവസം മുമ്പ്‌ മാത്രമാണ്‌ ടീമിനൊപ്പം ചേര്‍ന്നത്‌. ക്യാപ്‌റ്റനെ പോലെ ഒരാള്‍ ഇത്രയും വൈകി ടീമിനൊപ്പം ചേരുന്നത്‌ ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്ന്‌ ഇംഗ്ലീഷ്‌ നായകന്‍ ആന്‍ഡ്ര്യൂ സ്‌ട്രോസ്‌ ലോര്‍ഡ്‌സ്‌ വിജയത്തിന്‌ ശേഷം പറയുകയും ചെയ്‌തിരുന്നു.
സ്‌ട്രോസിനുളള മറുപടിയില്‍ ഇംഗ്ലീഷ്‌ ക്യാപ്‌റ്റന്‍ സ്വന്തം ടീമിന്റെ കാര്യം നോക്കിയാല്‍ മതിയെന്നും വിന്‍ഡീസ്‌ ടീമിനെയോര്‍ത്ത്‌ ഉറക്കം വെടിയേണ്ടതില്ലെന്നും വ്യക്തമാക്കിയ ഗെയില്‍ ലോര്‍ഡ്‌സ്‌ പരാജയത്തില്‍ വ്യക്തമായ പരാമര്‍ശം നടത്തിയില്ല. ഒരു ക്യാപ്‌റ്റനാവുമ്പോള്‍ എല്ലാ സമയവും സമ്മര്‍ദ്ദമാണ്‌. ടീമിനെ ശ്രദ്ധിക്കണം, യാത്രകള്‍ ചെയ്യണം, സംസാരത്തില്‍ പോലും ജാഗ്രത പാലിക്കണം. ചിലപ്പോള്‍ ചാരിറ്റി കാര്യങ്ങള്‍ക്കായി ലഞ്ചിനും ഡിന്നറിനുമെല്ലാം പോവേണ്ടി വരും. എനിക്ക്‌ അത്ര ഇഷ്ടമുളള കാര്യങ്ങളല്ല ഇതൊന്നും. മൈതാനത്ത്‌ കളിക്കാന്‍ സ്വാതന്ത്ര്യം വേണം. അതാണ്‌ പ്രധാനം-അദ്ദേഹം പറഞ്ഞു.
2007 ലാണ്‌ വിന്‍ഡീസ്‌ ദേശീയ ടീമിന്റെ നായകനായി രാം നരേഷ്‌ സര്‍വന്‌ പകരം ക്രിസ്‌ ഗെയില്‍ സ്ഥാനമേറ്റത്‌. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരക്ക്‌ തൊട്ട്‌ മുമ്പ്‌ സര്‍വന്‌ പരുക്കേറ്റതിനാലാണ്‌ പകരം നായകനായി ഗെയില്‍ തെരഞ്ഞെടുക്കപ്പെട്ടത്‌. സര്‍വന്‌ പകരം ഗെയില്‍ എന്ന സെലക്ടര്‍മാരുടെ തീരുമാനത്തില്‍ തുടക്കത്തില്‍ വിന്‍ഡീസ്‌ ക്രിക്കറ്റ്‌ ബോര്‍ഡിന്‌ താല്‍പ്പര്യമുണ്ടായിരുന്നില്ല. എന്നാല്‍ പിന്നീട്‌ സെലക്ടര്‍മാരുടെ തീരുമാനം ബോര്‍ഡ്‌ ഡയരക്ടര്‍മാര്‍ അംഗീകരിക്കുകയായിരുന്നു. ചുമതലയേല്‍ക്കുമ്പോള്‍ തന്റെ നിലപാട്‌ ഗെയില്‍ വ്യക്തമാക്കിയിരുന്നു. സര്‍വന്‍ ആരോഗ്യം പ്രാപിക്കുന്ന ഘട്ടത്തില്‍ ക്യാപ്‌റ്റന്‍ സ്ഥാനം അദ്ദേഹത്തെ തന്നെ ഏല്‍പ്പിക്കുമെന്നായിരുന്നു ഗെയില്‍ വ്യക്തമാക്കിയത്‌. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര വിന്‍ഡീസ്‌ സ്വന്തമാക്കിയപ്പോള്‍ സെലക്ടര്‍മാര്‍ ഗെയിലിന്‌ കപ്പിത്താന്‍ സ്ഥാനത്ത്‌ നിലനിര്‍ത്തി. സര്‍വന്‍ ആരോഗ്യത്തോടെ തിരിച്ചുവന്നിട്ടും അദ്ദേഹത്തെ ബാറ്റ്‌സ്‌മാന്‍ എന്ന നിലയില്‍ മാത്രമാണ്‌ ടീമിലെടുത്തത്‌. സെലക്ടര്‍മാരോട്‌ പലവട്ടം തനിക്ക്‌ ഈ സ്ഥാനത്ത്‌ തുടരാന്‍ താല്‍പ്പര്യമില്ലെന്ന്‌ അറിയിച്ചതായി ഗെയില്‍ പറഞ്ഞു. അവര്‍ നിരന്തരം എന്നെ നിര്‍ബന്ധിച്ചു. അതാണ്‌ തുടര്‍ന്നത്‌. ഇനി അതിന്‌ കഴിയില്ല. നല്ല ഒരാള്‍ക്ക്‌ വേണ്ടി തെരച്ചില്‍ നടത്താന്‍ സെലക്ടര്‍മാര്‍ തയ്യാറാവുമെന്നാണ്‌ കരുതുന്നത്‌. എനിക്ക്‌ വേണ്ടത്‌ കൂടുതല്‍ സമയമാണ്‌. സമ്മര്‍ദ്ദത്തില്‍ തുടരാന്‍ കഴിയില്ല- ഇടം കൈയ്യന്‍ ബാറ്റ്‌സ്‌മാന്‍ പറയുന്നു. 2008 ല്‍ ക്രിസ്‌്‌ ഗെയില്‍ നായകസ്ഥാനം രാജി വെച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഓസ്‌ട്രേലിയക്കെതിരായ പരമ്പരക്ക്‌ തൊട്ട്‌ മുമ്പ്‌ വിന്‍ഡീസ്‌ ക്രിക്കറ്റ്‌ ബോര്‍ഡ്‌ ഡയരക്ടര്‍മാരുടെ യോഗത്തില്‍ വെച്ച്‌ ടീം സെലക്ഷന്റെ കാര്യത്തില്‍ രോഷം പ്രകടിപ്പിച്ചായിരുന്നു ആ രാജി. എന്നാല്‍ പിന്നീട്‌ സമ്മര്‍ദ്ദത്തിന്‌ വഴങ്ങി തുടര്‍ന്നു.
ഐ.പി.എല്ലില്‍ ഗെയില്‍ തുടര്‍ന്നത്‌ വന്‍ വിവാദത്തിന്‌ കാരണമായിരുന്നു. കൊല്‍ക്കത്തക്കായി കഴിക്കാനെത്തിയ ഗെയിലിന്‌ തന്റെ പതിവ്‌ കരുത്തില്‍ കളക്കാന്‍ കഴിഞ്ഞിരുന്നില്ല. ടീമാവട്ടെ തോറ്റ്‌ തൊപ്പിയിടുകയും ചെയ്‌തു. ലോര്‍ഡ്‌സ്‌ ടെസ്‌റ്റിന്റെ നാല്‌ ദിവസം മുമ്പ്‌ ടീമിനൊപ്പം ചേരാമെന്ന വാഗ്‌ദാനത്തിലാണ്‌ ഗെയില്‍ ദക്ഷിണാഫ്രിക്കയില്‍ ഷാറുഖ്‌ ഖാന്റെ ടീമിനൊപ്പം ചേര്‍ന്നത്‌. എന്നാല്‍ പിന്നീട്‌ വ്യക്തിപരമായി അദ്ദേഹം ക്രിക്കറ്റ്‌ ബോര്‍ഡിന്‌ പ്രത്യേക അവധി ഹര്‍ജി നല്‍കി ഒരു മല്‍സരം കൂടി കളിച്ചാണ്‌ ലോര്‍ഡ്‌സില്‍ എത്തിയത്‌. ലോര്‍ഡ്‌സ്‌ ടെസ്‌റ്റിലാവട്ടെ അദ്ദേഹത്തിന്റെ പ്രകടനം നിരാശാജനകമായിരുന്നു.

ഡയരക്ട്‌ ഡ്രൈവ്‌
ഒന്നാം പ്രതിയെ തെരയുമ്പോള്‍
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ക്രിക്കറ്റില്‍ കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സ്‌ പുറത്തായതിന്‌ കാര്യ കാരണങ്ങള്‍ തെരയുന്ന തിരക്കിലാണിപ്പോള്‍ ക്രിക്കറ്റ്‌ ലോകം. ആരാണ്‌ ഒന്നാം പ്രതി...? ടീമിന്റെ ഉടമയായ ഷാറുഖ്‌ ഖാനാണോ, കോച്ചായ ജോണ്‍ ബുക്കാനനാണോ, നായകനായ ബ്രെന്‍ഡന്‍ മക്കലമാണോ...?
പ്രതി ആരായിരുന്നിട്ടും കാര്യമില്ല-ടീം തോറ്റമ്പിയിരിക്കുന്നു. സെമിഫൈനല്‍ മോഹം അസ്‌തമിച്ചു. പലവിധ പ്രശ്‌നങ്ങളുമായി തമ്മിലടിയുടെ ദിനങ്ങളാണിനി. ടീമിന്‌ ദക്ഷിണാഫ്രിക്കയില്‍ ക്ലച്ച്‌ പിടിക്കാതെ വന്നപ്പോള്‍ തന്നെ കൊച്ചു കുട്ടികള്‍ പിണങ്ങി പോവും പോലെ ഷാറുഖ്‌ രാജ്യം വിട്ടിരുന്നു. ഉടമസ്ഥന്‍ പോയപ്പോള്‍ പ്രൊഫഷണലിസത്തിന്റെ തലത്തൊട്ടപ്പനായ ബുക്കാനന്‍ യഥാര്‍ത്ഥ ഓസ്‌ട്രേലിയക്കാരനായി. അഹങ്കാരവും ധാര്‍ഷ്ട്യവും മാത്രമല്ല ഓസ്‌ട്രേലിയക്കാരന്റെ പതിവ്‌ സ്വഭാവമായ താന്‍പ്പോരിനും ബുക്കാനന്‍്‌ തയ്യാറായി. ചക്‌ദേ എന്ന ഹിന്ദി സിനിമയില്‍ നായകനായ ഷാറൂഖ്‌ ഇന്ത്യന്‍ വനിതാ ഹോക്കിയെ രക്ഷിക്കാന്‍ പരിശീലകന്‍ എന്ന നിലയില്‍ നടത്തുന്ന സേവനങ്ങള്‍ മനോഹരമായി ചിത്രീകരിക്കുന്നുണ്ട്‌. അര്‍പ്പണവും ആത്മവിശ്വാസവുമാണ്‌ താരങ്ങള്‍ക്ക്‌ വേണ്ടെതെന്ന്‌ സിനിമയിലെ നായകനായ കോച്ച്‌ വനിതാ ഹോക്കി താരങ്ങളോട്‌ പറയുന്നുണ്ട്‌. പ്രാദേശിക വാദം പാടില്ല. ബീഹാറിയാണോ, ഹിമാചലുകാരനാണോ എന്നതല്ല വിഷയം. കളിക്കുന്നത്‌ രാജ്യത്തിന്‌ വേണ്ടിയാണ്‌. ആ ലക്ഷ്യത്തില്‍ കളിക്കണമെന്ന ഉപദേശം താരങ്ങള്‍ക്ക്‌ നല്‍കിയ ഷാറുഖിലെ കോച്ചാണ്‌ ടീമിന്റെ ഉടമയായപ്പോള്‍ പ്രൊഫഷണലിസമെന്ന ഗുളികയും വാങ്ങി ബുക്കാനെ ജോലിയേല്‍പ്പിച്ചത്‌. കോച്ച്‌ പ്രോല്‍സാഹിപ്പിച്ചതാവട്ടെ വംശീയതയും അനൈക്യവും. ഓസ്‌ട്രേലിയന്‍ ടീമിന്‌ രണ്ട്‌ വട്ടം ലോകകപ്പ്‌്‌ സമ്മാനിച്ച കോച്ചാണ്‌ ബുക്കാനന്‍ എന്നത്‌ സത്യം. ബുക്കാനന്റെ ആ വീര സംഘത്തില്‍ സ്റ്റീവ്‌ വോയും ഗ്ലെന്‍ മക്‌ഗ്രാത്തും ഷെയിന്‍ വോണും റിക്കി പോണ്ടിംഗുമെല്ലാമുണ്ടായിരുന്നു. നല്ല താരങ്ങള്‍ ടീമിലുണ്ടെങ്കില്‍ കോച്ചിന്‌ കാര്യങ്ങള്‍ എളുപ്പമാണ്‌. ഓസ്‌ട്രേലിയന്‍ ടീം ലോകകപ്പ്‌ സ്വന്തമാക്കിയത്‌ സംഘ ബലത്തിന്റെ കരുത്തിലായിരുന്നു. അല്ലാതെ ബുക്കാനന്‍ സ്വന്തം ലാപ്പ്‌ ടോപ്പില്‍ വരച്ച ചിത്രങ്ങളിലായിരുന്നില്ല. ഈ സത്യം പക്ഷേ ഷാറുഖ്‌ മറന്നു. തന്റെ ടീമിനെ പരിശീലിപ്പിക്കാനും മുന്നോട്ട്‌ നയിക്കാനും തനി പ്രൊഫഷണലുകള്‍ തന്നെ വേണമെന്ന നിര്‍ബന്ധ ബുദ്ധിയില്‍ ഷാറുഖ്‌ ബുക്കാനന്‌ സര്‍വ സ്വാതന്ത്ര്യവും നല്‍കി. ബുക്കാനനാവട്ടെ അത്‌ നന്നായി പ്രയോജനപ്പെടുത്തുകയും ചെയ്‌തു. സപ്പോര്‍ട്ടിംഗ്‌ സ്‌റ്റാഫില്‍ നിറയെ പ്രൊഫഷണലിസത്തിന്റെ പേരില്‍ ഓസ്‌ട്രേലിയക്കാര്‍. അതില്‍ ബുക്കാനന്റെ മകന്‍ പോലുമുണ്ട്‌. ബ്രെന്‍ഡന്‍ മക്കലത്തെ നായകനാക്കിയത്‌ തന്നെ തന്ത്രമായിരുന്നു. സൗരവ്‌ ഗാംഗുലിയെ നായകനാക്കിയാല്‍ ടീമിന്റെ നിയന്ത്രണം കോച്ചിന്‌ ലഭിക്കില്ല. സ്വന്തമായ ശബ്ദവും അഭിപ്രായങ്ങളുമുണ്ട്‌്‌ സൗരവിന്‌. പക്ഷേ മക്കലത്തിന്‌ ഇത്‌ രണ്ടുമില്ല. അപ്പോള്‍ കോച്ച്‌ തന്നെ സൂപ്പര്‍. അന്തിമ ഇലവനെ നിശ്ചയിക്കുന്ന കാര്യത്തില്‍ ക്യാപ്‌റ്റന്‌ ഒരു സ്വാതന്ത്ര്യവുമില്ല. നാല്‌ വിദേശികള്‍ക്കാണ്‌ ടീമില്‍ സ്ഥാനം. ഈ നാല്‌ പേരും ഓസ്‌ട്രേലിയക്കാരായാല്‍ ബുക്കാനന്‌ പരമ സന്തോഷമാണ്‌. മക്കലം നായകനായതിനാല്‍ അദ്ദേഹത്തെ മാറ്റാനാവില്ല. ക്രിസ്‌ ഗെയില്‍ ഉള്ള സമയത്ത്‌്‌ അദ്ദേഹവും നിര്‍ബന്ധം. പിന്നെ രണ്ട്‌ പേരാണ്‌. അത്‌ രണ്ടും ഓസ്‌ട്രേലിയക്കാരാവട്ടെ. അജാന്ത മെന്‍ഡിസിനെ പോലുളളവര്‍ ബുക്കാനന്‌ ബ്ലഡി ഏഷ്യക്കാര്‍.... അജിത്‌ അഗര്‍ക്കറും ആകാശ്‌ ചോപ്രയുമെല്ലാം പലതും സഹിച്ചു. അവര്‍ക്ക്‌ വേണ്ടി ശബ്ദിക്കാന്‍ ആരുമുണ്ടായിരുന്നില്ല. സൗരവും കാഴ്‌ച്ചക്കാരനായിരുന്നു. ജയിക്കാവുന്ന മല്‍സരങ്ങളില്‍ പോലും കൊല്‍ക്കത്ത തോറ്റമ്പി. അവസാന മല്‍സരത്തില്‍ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിനെതിരെ വ്യക്തമായ സാധ്യത ടീമിനുണ്ടായിരുന്നു. മക്കലം ആദ്യമായി റണ്‍സ്‌ നേടിയ മല്‍സരത്തിലാവട്ടെ ദയനീയമായ തീരുമാനങ്ങളില്‍ അദ്ദേഹം ടീമിനെ തോല്‍പ്പിച്ചു. ഇത്‌ വരെ കൊല്‍ക്കത്തക്ക്‌ ലഭിച്ചത്‌ ഒരു ജയം. അത്‌ തന്നെ മഴ നിയമത്തിന്റെ പിന്‍ബലത്തില്‍. ഒരു സമനില ലഭിച്ചതും മഴയുടെ പിന്‍ബലത്തില്‍. ക്രിസ്‌ ഗെയിലും മക്കലവും സൗരവും ബ്രാഡ്‌ ഹോഡ്‌ജുമെല്ലാം കളിക്കുന്ന ഒരു ടീം എല്ലാ കളികളും തോല്‍ക്കുകയെന്നത്‌ അല്‍ഭുതമാണ്‌. ഷാറുഖ്‌ കണ്ട്‌ പഠിക്കേണ്ടത്‌ ഷെയിന്‍ വോണിനെയും രാജസ്ഥാന്‍ റോയല്‍സിനെയുമാണ്‌. ഒന്നുമല്ലാത്ത ബ്ലഡി ഇന്ത്യക്കാരില്‍ നിന്നുമാണ്‌ വോണ്‍ രാജസ്ഥാനെ ചാമ്പ്യന്മാരാക്കിയത്‌. യൂസഫ്‌ പത്താനെ പോലുളളവരെയും അസനോദ്‌കര്‍മാരെയും ക്രിക്കറ്റില്‍ വിലാസക്കാരാക്കിയത്‌ വോണായിരുന്നു. പ്രൊഫഷണലിസത്തെക്കുറിച്ച്‌ പറയാതെ കോച്ചായും നായകനായും വോണ്‍ നടത്തിയ തന്ത്രങ്ങളുടെ നാലയലത്ത്‌ വരില്ല ബുക്കാനന്റെ പ്രൊഫഷണലിസം. ബോളിവുഡിന്റെ ഹൈടെക്‌ പ്രതീകമായ ഷാറുഖിന്റെ മാനേജിംഗ്‌ പിഴലവിലാണ്‌ കൊല്‍ക്കത്ത തോറ്റത്‌ എന്ന്‌ നിസ്സംശയം പറയാം.
അദ്ദേഹം ഉത്തരം നല്‍കേണ്ട ചില ചോദ്യങ്ങളുണ്ട്‌. 1- പ്രൊഫഷണലിസത്തിന്റെ പേരില്‍ എന്തിന്‌ സ്വന്തം നാട്ടുകാരെ അവിശ്വസിച്ചു. 2- ടീമിന്‌ ബഹുനായകര്‍ എന്ന ബുക്കാനന്റെ വാദത്തെ അംഗീകരിക്കാനുളള അടിസ്ഥാനമെന്ത്‌..? തുടക്കത്തില്‍ സൗരവിനെ പിന്തുണച്ചും പിന്നെ എതിര്‍ത്തും സംസാരിച്ചതിലെ അടിസ്ഥാനമെന്തായിരുന്നു... 3- ബുക്കാനന്‍ ഏകാധിപതിയായപ്പോള്‍ എന്ത്‌ കൊണ്ട്‌ ഒന്നും മിണ്ടിയില്ല... 4-ഇന്ത്യയുടെ ഏറ്റവും മികച്ച നായകനായ സൗരവ്‌ ഗാംഗുലിയെ അവിശ്വസിക്കാന്‍ കാരണമെന്ത്‌....
5-ചക്‌ദേയിലെ സൂപ്പര്‍ കോച്ച്‌ ടീമിന്റെ ഉടമയായപ്പോള്‍ എല്ലാം മറന്ന്‌ കച്ചവടക്കാരനായതിലെ സാംഗത്യമെന്ത്‌...
ഈ ചോദ്യങ്ങള്‍ക്ക്‌്‌ ഉത്തരം നല്‍കാന്‍ ഷാറൂഖിന്‌ കഴിയാത്തപക്ഷം ഒന്നാം പ്രതി മറ്റാരുമായിരിക്കില്ല.....

ഡല്‍ഹി മിന്നി
ഡര്‍ബന്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ക്രിക്കറ്റില്‍ ഡക്കാന്‍ ചാര്‍ജേഴ്‌സിനെതിരെ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്‌ തകര്‍പ്പന്‍ സ്‌ക്കോര്‍. 44 റണ്‍സ്‌ വീതം നേടിയ എബി ഡി വില്ലിയേഴ്‌സ്‌, ദിനേശ്‌ കാര്‍ത്തിക്‌ എന്നിവരുടെ മികവില്‍ 173 റണ്‍സാണ്‌ ഡല്‍ഹി സ്വന്തമാക്കിയത്‌. വിരേന്ദര്‍ സേവാഗ്‌ നായകസ്ഥാനത്ത്‌ തിരിച്ചെത്തിയ മല്‍സരത്തില്‍ ആഗ്രഹിച്ച തുടക്കം ഡല്‍ഹിക്ക്‌ ലഭിച്ചിരുന്നില്ല. സ്‌ക്കോര്‍ബോര്‍ഡില്‍ ഏഴ്‌ റണ്‍സ്‌ മാത്രമുളളപ്പോള്‍ ഓസ്‌ട്രേലിയക്കാരനായ തട്ടുതകര്‍പ്പന്‍ ബാറ്റ്‌സ്‌മാന്‍ ഡേവിഡ്‌ വാര്‍ണര്‍ പവിലിയനില്‍ തിരിച്ചെത്തിയിരുന്നു. ഓസീസ്‌ കണ്ടുപിടുത്തമായി വിശേഷിപ്പിക്കപ്പെട്ട വാര്‍ണര്‍ക്ക്‌ ഇത്‌ വരെ മിന്നല്‍ ഷോട്ടുകള്‍ പായിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇന്നലെ ഓപ്പണറുടെ റോള്‍ കിട്ടിയിട്ടും ആറ്‌ പന്തുകള്‍ മാത്രമാണ്‌ വാര്‍ണര്‍ക്ക്‌ പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞത്‌. വാസിന്റെ പന്തില്‍ വേണുഗോപാല്‍ റാവു പിടിച്ച്‌ തുടക്കത്തില്‍ തന്നെ ഓപ്പണര്‍ പുറത്തായി. ഗാംഭീറിനും വലിയ സ്‌ക്കോര്‍ കണ്ടെത്താനായില്ല. 25 പന്തില്‍ 19 റണ്‍സാണ്‌ ഗാംഭീര്‍ നേടിയത്‌. പിന്നീട്‌ ഒരുമിച്ച തിലകരത്‌നെ ദില്‍ഷാനും ഡി വില്ലിയേഴ്‌സും ചേര്‍ന്നാണ്‌ സ്‌ക്കോര്‍നിരക്ക്‌ ഉയര്‍ത്തിയത്‌. മികച്ച ഫോമില്‍ കളിക്കുന്ന ദില്‍ഷാന്‍ 18 പന്ത്‌ മാത്രം നേരിട്ട്‌ ഏഴ്‌ ബൗണ്ടറികളും ഒരു വലിയ സിക്‌സറും സ്വന്തമാക്കി 37 റണ്‍സ്‌ നേടിയാണ്‌ പുറത്തായത്‌. സ്വന്തം കാണികള്‍ക്ക്‌്‌ മുന്നില്‍ ഡി വില്ലിയേഴ്‌സ്‌ നാല്‌ ബൗണ്ടറികള്‍ നേടി. അഞ്ചാമനായാണ്‌ സേവാഗ്‌ വന്നത്‌. പക്ഷേ പതിവ്‌ ഫോമിലേക്ക്‌ ഉയരാന്‍ നായകനായില്ല. 11 റണ്‍സാണ്‌ അദ്ദേഹം നേടിയത്‌. സേവാഗ്‌ പുറത്തായ ശേഷമെത്തിയ വിക്കറ്റ്‌ കീപ്പര്‍ ദിനേശ്‌ കാര്‍ത്തിക്‌ അവസരം ഉപയോഗപ്പെടുത്തി. 23 പന്തില്‍ പുറത്താവാതെ 44 റണ്‍സ്‌. ഡക്കാന്‍ ബൗളര്‍മാരില്‍ രണ്ട്‌്‌ വീതം വിക്കറ്റ്‌ നേടിയ വാസും പ്രഗ്യാന്‍ ഒജയും മാത്രമാണ്‌ മികവ്‌ പ്രകടിപ്പിച്ചത്‌.

No comments: