ഇന്ത്യ നേതാവാകണം
ലാഹോര്‍: ഏഷ്യന്‍ ക്രിക്കറ്റിനെ നയിക്കുന്ന രാജ്യമെന്ന നിലയില്‍ ഇന്ത്യ നേതൃഗുണം കാണിക്കേണ്ട സമയമാണിതെന്ന് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐ.സി.സി) പാക്കിസ്‌താന്‍കാരനായ മുന്‍ അദ്ധ്യക്ഷന്‍ ഇഹ്‌സാന്‍ മാനി. 2011 ലെ ലോകകപ്പ് ക്രിക്കറ്റിന് ആതിഥേയത്വം വഹിക്കാനുളള പാക്കിസ്‌താന്റെ താല്‍പ്പര്യം ഇന്ത്യന്‍ സമ്മര്‍ദ്ദത്തിലാണ് അട്ടിമറിക്കപ്പെട്ടതെന്ന വാദത്തോട് പ്രതികരിക്കവെ ഏഷ്യയിലെ ക്രിക്കറ്റിനെ നയിക്കുന്ന ഇന്ത്യ നേതൃപരമായ ഗുണം കാണിക്കണമെന്ന് അദ്ദേഹം പറഞ്ഞു. പാക്കിസ്‌താന് ലോകകപ്പ് വേദി അനുവദിക്കാത്തതില്‍ ഏകപക്ഷീയ തീരുമാനമാണ് വന്നിരിക്കുന്നത്. ഈ കാര്യത്തില്‍ പാക്കിസ്‌താന്‍ ക്രിക്കറ്റ് ബോര്‍ഡുമായി ഒരു തരത്തിലുമുള്ള ചര്‍ച്ചകള്‍ നടന്നിരുന്നില്ല. ഐ.സി.സി തീരുമാനം ഏകപക്ഷീയമായത് കൊണ്ടാണ് പി.സി.ബി നിയമ നടപടിക്ക് മുതിര്‍ന്നതെന്നും പി.സി.ബി ഉപദേഷ്ടാവായ മാനി പറഞ്ഞു. ഈ പ്രശ്‌നത്തില്‍ പി.സി.ബിയുടെ ഭാഗത്തും തെറ്റുണ്ടാവാം. ഇന്ത്യയുടെ പിന്തുണയില്‍ ഒരുമിച്ച് നില്‍ക്കാന്‍ അവര്‍ ശ്രമിച്ചില്ല. ഐ.സി.സിയില്‍ അംഗമായ ഒരു രാജ്യത്തിനെതിരെ ഇത്തരത്തില്‍ പെട്ടെന്ന് തീരുമാനമെടുക്കുന്നത് ഇതാദ്യമാണെന്നും അദ്ദേഹം പറഞ്ഞു. താന്‍ പ്രസിഡണ്ടായിരുന്ന കാലത്ത് (2003-06) സിംബാബ്‌വെയെ ഐ.സി.സിയില്‍ നിന്ന് പുറത്താക്കാന്‍ കനത്ത സമ്മര്‍ദ്ദമുണ്ടായിരുന്നു. എന്നാല്‍ സിംബാബ്‌വെയുടെ വാദം കേള്‍ക്കാതെ പുറത്താക്കല്‍ നീക്കം നടക്കില്ലെന്നാണ് പ്രസിഡണ്ട് എന്ന നിലയില്‍ താന്‍ വ്യക്തമാക്കിയത്. ഏഷ്യന്‍ ക്രിക്കറ്റ് എപ്പോഴും ഐക്യത്തില്‍ നിലകൊണ്ടിരുന്നവരാണ്. ഇതാദ്യമായാണ് പരസ്യമായ അനൈക്യം ദൃശ്യമായിരിക്കുന്നത്. ഈ കാര്യത്തില്‍ ഇന്ത്യ തന്നെയാണ് പരിഹാരവിധിക്ക് മുന്‍കൈ എടുക്കേണ്ടതെന്നും മാനി പറഞ്ഞു.
കപ്പിലേക്ക്
ഓള്‍ഡ് ട്രാഫോഡ്: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടവും മാഞ്ചസ്റ്റര്‍ യുനൈറ്റഡും തമ്മില്‍ ഇനി ഒരു പോയന്റിന്റെ അകലം മാത്രം. നാളെ എമിറേറ്റ്‌സ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന മല്‍സരത്തില്‍ ആഴ്‌സനലുമായി സമനിലയില്‍ പിരിഞ്ഞാല്‍ നിലവിലുള്ള ചാമ്പ്യന്മാര്‍ക്ക് കപ്പില്‍ മുത്തമിടാം. ഇന്നലെ നടന്ന മല്‍സരത്തില്‍ വിഗാന്‍ യുനൈറ്റഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയതോടെയാണ് മാഞ്ചസ്‌റ്റര്‍ കപ്പിന് അരികിലെത്തിയത്. ഒരു ഗോളിന് പിറകില്‍ നിന്ന ശേഷമാണ് കാര്‍ലോസ് ടെവസ്, മൈകല്‍ കാരിക് എന്നിവരുടെ ഗോളുകളില്‍ ഫെര്‍ഗ്ഗിയുടെ ടീം കരുത്ത് പ്രകടിപ്പിച്ചത്. ആഴ്‌സനലിനെതിരായ മല്‍സരത്തില്‍ ആലസ്യം പ്രകടിപ്പിക്കില്ലെന്നും ലീഗില്‍ ഇത്തവണ തുടക്കം മുതല്‍ പ്രകടിപ്പിച്ച ധൈര്യത്തില്‍ ടീം കളിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ലീഗില്‍ 36 മല്‍സരങ്ങള്‍ വീതം എല്ലാ ടീമുകളും പൂര്‍ത്തിയാക്കിയപ്പോള്‍ മാഞ്ചസ്‌റ്ററിന് 86 പോയന്റുണ്ട്. ലിവര്‍പൂള്‍ 80 പോയന്റുമായി രണ്ടാമതും 77 പോയന്റുമായി ചെല്‍സി മൂന്നാമതും 68 പോയന്റുമായി ആഴ്‌സനല്‍ നാലാമതും നില്‍ക്കുന്നു.
ഇവിടെയുണ്ട്
മാഡ്രിഡ്:ഇന്ത്യന്‍ ടെന്നിസ് താരം സാനിയ മിര്‍സ മാഡ്രിഡ് ഓപ്പണ്‍ ടെന്നിസില്‍ കരുത്ത് പ്രകടിപ്പിക്കുന്നു. വനിതാ വിഭാഗം ഡബിള്‍സില്‍ ചൈനീസ് തായ്‌പെയില്‍ നിന്നുള്ള ചിയാ ചോംഗിനൊപ്പം കളിക്കുന്ന സാനിയ ആദ്യ റൗണ്ട് പോരാട്ടത്തില്‍ തന്നെ രണ്ടാം സീഡായ സ്‌പാനിഷ് ജോഡികള്‍-ആനബെല മെദീന ഗാരിഗസ്-വിര്‍ജീനിയ റുവാനോ പാസ്‌കല്‍ സഖ്യത്തെ പരാജയപ്പെടുത്തി. സ്‌ക്കോര്‍ 7-6 (4), 4-6, 10-7. 4,500,000 ഡോളര്‍ സമ്മാനത്തുകയുളള ചാമ്പ്യന്‍ഷിപ്പില്‍ സാനിയയുടെ അടുത്ത പ്രതിയോഗി ബെലാറൂസിന്റെ വിക്ടോറിയ അസറെങ്ക, റഷ്യയുടെ എലീന വാസനിന സഖ്യമാണ്. മാഡ്രിഡ് ഓപ്പണിന്റെ സിംഗിള്‍സ് റൗണ്ടിലേക്ക് യോഗ്യത നേടുന്നതില്‍ പരാജയപ്പെട്ടതിന് ശേഷമാണ് ഡബിള്‍സില്‍ ഹൈദരാബാദുകാരി കരുത്ത് കാട്ടിയത്.
ഗെയിലിനെതിരെ വിവിയന്‍
ഡര്‍ഹം: 20:20 ക്രിക്കറ്റിന്റെ ആഗോള വിപണനത്തോടെ ടെസ്‌റ്റ് ക്രിക്കറ്റിന്റെ മരണമണി മുഴങ്ങുമെന്ന വിന്‍ഡീസ് നായകന്‍ ക്രിസ് ഗെയിലിന്റെ അഭിപ്രായ പ്രകടനത്തിനെതിരെ ശക്തമായ പ്രതികരണങ്ങളുമായി വിന്‍ഡീസിന്റെ മുന്‍ നായകരായ വിവിയന്‍ റിച്ചാര്‍ഡ്‌സും ഗാരി സോബേഴ്‌സും. കഴിഞ്ഞ ദിവസം ഗാര്‍ഡിയന്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ടെസ്റ്റ് ക്രിക്കറ്റിന്റെ അന്ത്യം ആസന്നമാണെന്നും 20-20 ക്രിക്കറ്റാണ് പുതിയ ലോകത്തിന്റെ ഗെയിമെന്നും ഗെയില്‍ പറഞ്ഞിരുന്നു. ക്രിക്കറ്റിലൂടെ വളര്‍ന്നുവലുതായ ഗെയില്‍ ഇപ്പോള്‍ ആ ഗെയിമിനെ തന്നെ ഒറ്റുകൊടുക്കുന്ന രീതിയിലാണ് സംസാരിക്കുന്നതെന്നാണ് വിന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസമായ വിവിയന്‍ അഭിപ്രായപ്പെട്ടത്. ടെസ്റ്റ് ക്രിക്കറ്റാണ് ക്രിക്കറ്റിന്റെ യഥാര്‍ത്ഥ മുഖം. ഓരോ ക്രിക്കറ്ററും ഇപ്പോഴും ആഗ്രഹിക്കുക ടെസ്‌റ്റ് മല്‍സരങ്ങള്‍ കളിക്കാനാണ്. ഗെയില്‍ പറഞ്ഞത് സ്വന്തം അഭിപ്രായമായിരിക്കാം. പക്ഷേ ഒരു ടീമിന്റെ നായകന്‍ കാര്യങ്ങള്‍ പറയുമ്പോള്‍ അല്‍പ്പം ജാഗ്രത പാലിക്കുന്നത് നന്നായിരിക്കും. എല്ലാവര്‍ക്കും സ്വന്തമായ അഭിപ്രായങ്ങളുണ്ടാവാം. അത് വലുതുമാണ്. പക്ഷേ ടെസ്റ്റ് ക്രിക്കറ്റിനെ അങ്ങനെയങ്ങ് വെറുക്കാന്‍ ഗെയിലിന് കഴിയില്ല. അദ്ദേഹം വ്യക്തമായ നിലപാടിലാണ് ടെസ്റ്റ് ക്രിക്കറ്റിനെതിരെ സംസാരിച്ചതെങ്കില്‍ ഗെയിലിനോട് എനിക്ക് വെറുപ്പാണ്. കാരണം ക്രിക്കറ്റ് എന്ന ഗെയിമിനെയാണ് അദ്ദേഹം വഞ്ചിച്ചിരിക്കുന്നത്-റിച്ചാര്‍ഡ്‌സ് പറഞ്ഞു. മികച്ച ഒരു ടെസ്റ്റ് ക്രിക്കറ്റര്‍ എന്ന നിലയിലാണ് ഗെയിലിനെ വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡും സെലക്ടര്‍മാരും അംഗീകരിച്ചത്. അല്ലാതെ മികച്ച 20:20 ക്രിക്കറ്റര്‍ എന്ന നിലക്കല്ല. ടെസ്‌റ്റ് ക്രിക്കറ്റില്‍ നിന്നാണ് ഏകദിന ക്രിക്കറ്റ് വന്നത്. ഏകദിനങ്ങളില്‍ നിന്നാണ് 20:20 ക്രിക്കറ്റ് വന്നത്. ഈ സത്യങ്ങളൊന്നും ഗെയില്‍ മറക്കരുതെന്നും റിച്ചാര്‍ഡ്‌സ് പറഞ്ഞു. ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്‌റ്റ് ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ ടീമിനൊപ്പം ചേര്‍ന്ന ഗെയിലിന്റെ നടപടിയോട് തനിക്ക് യോജിപ്പില്ലെന്നും റിച്ചാര്‍ഡ്‌സ് പറഞ്ഞു. ടെസ്റ്റ് ടീമിന്റെ നായകന്‍ സ്വന്തം ടീമിനൊപ്പം നേരത്തെ ചേരണം. മല്‍സര പ്രാക്ടീസും സഹതാരങ്ങളുടെ പിന്തുണയും നേടണം. ഈ കാര്യത്തില്‍ ക്ലൈവ്‌് ലോയിഡ്‌് പ്രകടിപ്പിച്ച ആശങ്കയാണ് തനിക്കുള്ളതെന്നും മുന്‍ നായകന്‍ പറഞ്ഞു.
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ടെസ്റ്റ് ക്രിക്കറ്റിന്റെ മഹത്വം ഒരിക്കലും നഷ്ടപ്പെടില്ലെന്നാണ് ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായ സേബേഴ്‌സ് പറഞ്ഞത്. ടെസ്റ്റ് ക്രിക്കറ്റിനെ പിറകിലാക്കാന്‍ ക്രിക്കറ്റിന്റെ മറ്റൊരു പതിപ്പിനും കഴിയില്ല. ക്രിസ് ഗെയില്‍ ക്രിക്കറ്റിലെ എല്ലാ പതിപ്പുകളിലും കളിക്കുന്നുണ്ട്. അദ്ദേഹത്തിന് ഇഷ്ടം തോന്നിയത് 20-20 ക്രിക്കറ്റിനോടാണെങ്കില്‍ അതില്‍ കുറ്റം കാണാനാവില്ല. ഞങ്ങളുടെ കാലത്ത് ടെസ്‌റ്റ് ക്രിക്കറ്റായിരുന്നു മുഖ്യം. ഏകദിന ക്രിക്കറ്റ് പോലും അന്ന് പ്രചാരം നേടിയിരുന്നില്ല. ഇന്ന് എല്ലാമുണ്ട്. ഇന്നത്തെ താരങ്ങള്‍ അവരുടെ ചോയിസ് തെരഞ്ഞെടുക്കുന്നതില്‍ തെറ്റില്ല-സോബേഴ്‌സ് പറഞ്ഞു.
അങ്ങനെ പറഞ്ഞിട്ടില്ല
ഡര്‍ഹി: 20:20 ക്രിക്കറ്റിന്റെ ആഗമനത്തോടെ ടെസ്‌റ്റ് ക്രിക്കറ്റിന് മരണമണി മുഴങ്ങുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് വിന്‍ഡീസ് നായകന്‍ ക്രിസ് ഗെയില്‍. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന് മുമ്പായി വാര്‍ത്താ ലേഖകരുമായി സംസാരിക്കവെ ടെസ്റ്റ് മല്‍സരങ്ങളേക്കാള്‍ തനിക്ക് താല്‍പ്പര്യം 20-20 യോടാണെന്നാണ് പറഞ്ഞതെന്ന് നായകന്‍ വിശദീകരിച്ചു. ഞാന്‍ അധികകാലം ടെസ്റ്റ് ക്രിക്കറ്റില്‍ തുടരില്ല. 20-20 യോടാണ് എനിക്ക് അനുഭാവം. ഈ കാര്യമാണ് പറഞ്ഞത്. അല്ലാതെ ടെസ്റ്റ് ക്രിക്കറ്റിനെ നിന്ദിച്ച് സംസാരിച്ചിട്ടില്ലെന്നും ഗെയില്‍ പറഞ്ഞു.
മരണമുഖം
ജോഹന്നാസ്‌ബര്‍ഗ്ഗ്: വിരേന്ദര്‍ സേവാഗിന്റെ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന് ശ്വാസം നേരെ വിടാം.... ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പത്ത് മല്‍സരങ്ങളില്‍ നിന്നായി 16 പോയന്റുമായി അവര്‍ സെമി ഫൈനല്‍ ഉറപ്പിച്ചിരിക്കുന്നു. സെമി ഫൈനല്‍ പട്ടികയിലെ അടുത്ത മൂന്ന് ടീമുകളുടെ കാര്യത്തില്‍ തികഞ്ഞ അനിശ്ചിതത്വമാണ്. ഇനിയുള്ള മല്‍സരങ്ങളെല്ലാം എല്ലാ ടീമുകള്‍ക്കും നിര്‍ണ്ണായകം. കൊല്‍ക്കത്ത മാത്രമാണിപ്പോള്‍ പുറത്തായിരിക്കുന്നവര്‍. പതിനൊന്ന് മല്‍സരങ്ങളില്‍ നിന്ന് കേവലം മൂന്ന് പോയന്റ്‌് സമ്പാദിച്ച ബ്രെന്‍ഡന്‍ മക്കലത്തിന്റെ ടീമിന് ഇനി ടെന്‍ഷനില്ലാതെ കളിക്കാം. അവസാന മൂന്ന്‌് കളികളില്‍ ജയിച്ചാലും അവര്‍ക്ക് ഒമ്പത് പോയന്റ് മാത്രമാണുണ്ടാവുക.
പതിനാല് മല്‍സരങ്ങളാണ് എല്ലാവരും കളിക്കേണ്ടത്. ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ഒഴികെ എല്ലാവരും പതിനൊന്ന് മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നു. നിലവിലെ ചാമ്പ്യന്മാരായ രാജസ്ഥാന്‍ റോയല്‍സും മുംബൈ ഇന്ത്യന്‍സും പന്ത്രണ്ട് മല്‍സരങ്ങള്‍ കളിച്ചു കഴിഞ്ഞു.
ഡല്‍ഹി ഒഴികെ ഒരു ടീമിനും ഇത് വരെ സ്ഥിരത പ്രകടിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. വിരേന്ദര്‍ സേവാഗ് എന്ന നായകന്‍ മൂന്ന് മല്‍സരങ്ങള്‍ പുറത്തിരുന്നിട്ടും കളിച്ച പത്ത് മല്‍സരങ്ങളില്‍ എട്ടിലും ഡല്‍ഹിക്കാര്‍ ജയിച്ചു. ഗൗതം ഗാംഭീറും എബി ഡി വില്ലിയേഴ്‌സും ദിനേശ് കാര്‍ത്തികും സേവാഗും തിലകരത്‌നെ ദില്‍ഷാനുമെല്ലാം ചേര്‍ന്നുള്ള ബാറ്റിംഗും ആശിഷ് നെഹ്‌റയും ഡിര്‍ക് നാനസും പ്രദീപ് സാംഗ്‌വാനും ഡാനിയല്‍ വെട്ടോരിയുമെല്ലാം ചേര്‍ന്നുള്ള ബൗളിംഗുമാവുമ്പോള്‍ ചാമ്പ്യന്‍ഷിപ്പിലെ സന്തുലിത സംഘമെന്ന ഖ്യാതിയാണ് ഡല്‍ഹി സ്വന്തമാക്കുന്നത്. കഴിഞ്ഞ ദിവസം ഡക്കാന്‍ ചാര്‍ജേഴ്‌സിനെതിരെ നടന്ന മല്‍സരത്തിലെ വിസ്‌മയ വിജയം തന്നെ ഡല്‍ഹിയുടെ കരുത്തിനുള്ള തെളിവാണ്. ആദ്യം ബാറ്റ് ചെയ്‌ത് ഡല്‍ഹി 173 റണ്‍സ് നേടിയപ്പോള്‍ അവര്‍ വിജയിക്കുമെന്നാണ് കരുതപ്പെട്ടത്. പക്ഷേ ആദം ഗില്‍ക്രൈസ്റ്റിന്റെ വെടിക്കെട്ടില്‍, ആന്‍ഡ്ര്യൂ സൈമണ്ട്‌സിന്റെ തകര്‍പ്പനടികളില്‍ ഡക്കാന്‍ വിജയം മണത്തു. മൂന്ന് വിക്കറ്റിന് 150 റണ്‍സെന്ന ശക്തമായ നിലയില്‍ നിന്നും ഡക്കാന്‍ തളരുന്ന കാഴ്‌ച്ച അല്‍ഭുതത്തോടെയാണ് ആരാധകര്‍ കണ്ടിരുന്നത്. അവസാന ഏഴ് വിക്കറ്റുകള്‍ കേവലം 17 റണ്‍സിനാണ് ഡല്‍ഹി കരസ്ഥമാക്കിയത്. ഭാട്ടിയ എന്ന മീഡിയം പേസര്‍ നാല് വിക്കറ്റ് നേടി. നെഹ്‌റ തന്റെ അവസാന ഓവറില്‍ രണ്ട് പേരെ പുറത്താക്കി. കുറ്റനടിക്കാരായ സൈമണ്ട്‌സും ഡ്വിന്‍ സ്‌മിത്തും വേണുഗോപാല റാവുവുമെല്ലാം എളുപ്പം പുറത്തായി. ഈ വിജയത്തിലാണ് ഡല്‍ഹി സെമി ഉറപ്പാക്കിയത്.
ചാമ്പ്യന്‍ഷിപ്പിന്റെ തുടക്കത്തില്‍ മിന്നല്‍ വിജയങ്ങളുമായി കളം വാണ ഡക്കാന്‍ ഇപ്പോള്‍ പതിനൊന്ന് മല്‍സരങ്ങളില്‍ നിന്നായി 12 പോയന്റുമായി മൂന്നാമതാണ്. ഗില്‍ക്രൈസ്‌റ്റും സൈമണ്ട്‌സും ഹര്‍ഷല്‍ ഗിബ്‌സും രോഹിത് ശര്‍മ്മയും ഡ്വിന്‍ സ്‌മിത്തുമെല്ലാമുണ്ടായിട്ടും ഡക്കാന്‍കാര്‍ക്ക് ഇനിയും സെമി ഉറപ്പായിട്ടില്ല.
ഇന്നലെ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിനോട് തോറ്റതോടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പിറകോട്ട് പോയി. അവസാന ഓവര്‍ വരെ ആവേശം വിതറിയ മല്‍സരത്തിലാണ് ധോണിയും സംഘവും തോല്‍വിയടഞ്ഞത്. വലിയ വിജയമാവട്ടെ ബാംഗ്ലൂരിന് കരുത്താവുകയും ചെയ്‌തു. ടേബിളില്‍ നാലാം സ്ഥാനത്താണിപ്പോള്‍ ബാംഗ്ലൂര്‍.
നിലവിലെ ചാമ്പ്യന്മാരായ രാജസ്ഥാന്‍ റോയല്‍സ് തപ്പിതടയുകയാണ്. കളിച്ച പതിനൊന്ന്‌് മല്‍സരങ്ങളില്‍ നിന്നായി അഞ്ച് വിജയങ്ങള്‍ മാത്രമാണ് അവര്‍ക്ക് സ്വന്തമാക്കാന്‍ കഴിഞ്ഞത്. അഞ്ചില്‍ തോറ്റു. റണ്‍ ശരാശരിയിലും അവരാണ് പിറകില്‍. ചാമ്പ്യന്‍ഷിപ്പിലെ ഏറ്റവും ഉയര്‍ന്ന സ്‌ക്കോറും ഏറ്റവും ചെറിയ സ്‌്‌ക്കോറും റോയല്‍സിന്റെ പേരിലാണ്. ബാറ്റിംഗില്‍ വിശ്വസ്‌തരാവാന്‍ ഗ്രയീം സ്‌മിത്തിനും യൂസഫ് പത്താനുമൊന്നും കഴിയുന്നില്ല. ബൗളിംഗില്‍ വോണ്‍ ഉള്‍പ്പെടെയുള്ളവര്‍ ശിക്ഷിക്കപ്പെടുന്നു. അടുത്ത കളികളില്ലെല്ലാം ജയിക്കാനാവാത്തപക്ഷം ചാമ്പ്യന്മാരുടെ കാര്യം കഷ്ടത്തിലാവും.
മുംബൈ ഇന്ത്‌്യന്‍സ് അവസാന മല്‍സരങ്ങളില്‍ കരുത്ത് പ്രകടിപ്പിക്കുന്നുണ്ട്. പതിനൊന്ന് മല്‍സരങ്ങളില്‍ നിന്നായി പതിനൊന്ന്‌് പോയന്റാണ് അവരുടെ സമ്പാദ്യം. ഇനിയുളള മല്‍സരങ്ങള്‍ അവര്‍ക്കും നിര്‍ണ്ണായകം. കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് പതിനൊന്ന് കളികളില്‍ നിന്ന് 10 പോയന്റാണ് ലഭിച്ചിരിക്കുന്നത്. അഞ്ച് വിജയങ്ങളും ആറ് തോല്‍വികളും. ഇനിയുള്ള എല്ലാ മല്‍സരങ്ങളിലും ജയിച്ചാല്‍ മാത്രമാണ് അവര്‍ക്കും രക്ഷ.
ഐ.പി.എല്ലിലെ ഏറ്റവും നിര്‍ണ്ണായകമായ ദിവസങ്ങളാണ് സമാഗതമായിരിക്കുന്നത്. ഡല്‍ഹിക്ക് മാത്രം ടെന്‍ഷനില്ല. ബാക്കിയെല്ലാവര്‍ക്കും നെഞ്ചിടിപ്പിന്റെ രാത്രികള്‍...
ബലേ ബാംഗ്ലൂര്‍
ഡര്‍ബന്‍: ബലേ ബാംഗ്ലൂര്‍.....! രണ്ട് വിക്കറ്റിന്റെ വിസ്‌മയ വിജയത്തില്‍ കരുത്തരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ പിറകിലാക്കി അനില്‍ കുംബ്ലെയും സംഘവും ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ നിര്‍ണ്ണായക വിജയം സ്വന്തമാക്കിയതിനൊപ്പം സെമി ഫൈനല്‍ സാധ്യത സജീവമാക്കുകയും ചെയ്‌തു. അവസാന ഓവറിലെ നാലാം പന്ത് വരെ ആവേശം കത്തിയ പോരാട്ടത്തില്‍ ഭാഗ്യത്തിന്റെ അകമ്പടിയിലാണ് ബാംഗ്ലൂര്‍ ജയിച്ചു കയറിയത്. ആദ്യം ബാറ്റ് ചെയ്‌ത ചെന്നൈ മാത്യൂ ഹെയ്‌ഡന്‍ നല്‍കിയ സ്‌ഫോടന തുടക്കം പ്രയോജനപ്പെടുത്താതെ 129 റണ്‍സിന് പുറത്തായപ്പോള്‍ ബാംഗ്ലൂര്‍ വിജയം മണത്തിരുന്നു. പക്ഷേ ജാക് കാലിസും രാഹുല്‍ ദ്രാവിഡുമെല്ലാം പവിലിയനിലേക്ക് പെട്ടെന്ന് തിരിച്ചെത്തിയപ്പോള്‍ കാര്യങ്ങള്‍ ദുര്‍ഘടമായി. ഇവിടെ നിന്നാണ് ന്യൂസിലാന്‍ഡുകാരനായ റോസ് ടെയ്‌ലര്‍ തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും കത്തിക്കയറിയത്. ടെയ്‌ലറുടെ തട്ടുതകര്‍പ്പന്‍ പ്രകടനത്തിലും അവസാനത്തില്‍ വിക്കറ്റുകള്‍ നിരന്തരം വീണതില്‍ ബാംഗ്ലൂരും ടെന്‍ഷനടിച്ചു. ജേക്കബ് ഓരമെറിഞ്ഞ അവസാന ഓവറില്‍ ജയിക്കാന്‍ അഞ്ച് റണ്‍സായിരുന്നു ബാംഗ്ലൂരിന് വേണ്ടിയിരുന്നത്. പ്രവീണ്‍ കുമാര്‍ അവസരത്തിനൊത്തുയര്‍ന്നപ്പോള്‍ ധോണിയുടെ സംഘത്തിന് വിലപ്പെട്ട രണ്ട് പോയന്റ് നഷ്ടമായി. പന്ത്രണ്ട് മല്‍സരങ്ങളില്‍ നിന്ന് 12 പോയന്റുമായി ബാംഗ്ലുരിപ്പോള്‍ നാലാമതാണ്. ഡല്‍ഹി ഒന്നാമതുള്ള പട്ടികയില്‍ ചെന്നൈ രണ്ടാം സ്ഥാനം നിലനിര്‍ത്തുന്നു.
38 പന്തില്‍ നിന്നും 60 റണ്‍സ് സ്വന്തമാക്കിയ ഹെയ്‌ഡന്‍ ചെന്നൈക്ക് നല്ല തുടക്കമാണ് നല്‍കിയത്. പക്ഷേ അവസാന ആറ് വിക്കറ്റുകള്‍ കേവലം 28 റണ്‍സിന് നഷ്ടമാക്കി ചെന്നൈ നിരാശപ്പെടുത്തി. അനില്‍ കുംബ്ലെയാണ് പുതിയ പന്തെടുത്തത്. നാല് റണ്‍സ് മാത്രമാണ് അദ്ദേഹം നല്‍കിയത്. പക്ഷേ പ്രവീണ്‍ കുമാറിനെയും വിനയ് കുമാറിനെയും കശക്കി ഹെയ്‌ഡന്‍ അടുത്ത ഓവറുകളില്‍ 28 റണ്‍സടിച്ചു. പതിമൂന്നം ഓവറില്‍ ചെന്നൈ സ്‌ക്കോര്‍ 100 കടന്നു. കുംബ്ലെയും കാലിസും റണ്‍സ് വാതിലടച്ചുള്ള പ്രകടനമാണ് നടത്തിയത്. ബാംഗ്ലൂര്‍ ഫീല്‍ഡിംഗും ഉന്നത് നിലവാരത്തിലായിരുന്നു. സുരേഷ് റൈനയും ധോണിയുമെല്ലാം പുറത്തായത് കണ്ണഞ്ചിപ്പിക്കുന്ന ക്യാച്ചുകളിലായിരുന്നു. നാല് ഓവറില്‍ 18 റണ്‍സ് മാത്രം നല്‍കി കാലിസ് രണ്ട് വിക്കറ്റ് നേടി. ഷോട്ട് ബോളുകളായിരുന്നു അദ്ദേഹത്തിന്റെ ആയുധം. ധോണിയെ സ്വന്തം ബൗളിംഗില്‍ മനോഹരമായ ഡൈവിംഗ് ക്യാച്ചിലുടെ പുറത്താക്കിയതോടെയാണ് ചെന്നൈയുടെ തകര്‍ച്ചയാരംഭിച്ചത്. ജേക്കബ് ഓരം (7), ബദരീനാഥ് (2), മോര്‍ക്കല്‍ (9) എന്നിവരെല്ലാം നിരാശപ്പെടുത്തി.
മറുപടി ബാറ്റിംഗില്‍ ബാംഗ്ലൂരിനും തുടക്കം പിഴച്ചു. ആദ്യ പന്തില്‍ തന്നെ കാലിസ് മോര്‍ക്കലിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങി. റോബിന്‍ ഉത്തപ്പക്കും (6) പിഴച്ചു. നല്ല അവസരം ലഭിച്ച ദ്രാവിഡാവട്ടെ വന്‍ നിരാശയുമായി മടങ്ങി. ഇവിടെ നിന്നുമാണ് റോസ് ടെയ്‌ലറും (46), വിരാത് കോഹ്‌ലിയും (38) ഒരുമിച്ചത്. ഈ സഖ്യത്തിന്റെ കരുത്താണ് മല്‍സരം ആവേശകരമാക്കിയതും. 35 പന്തില്‍ നിന്നും 38 റണ്‍സുമായി കോഹ്‌ലി പുറത്തായതാണ് ചെന്നൈക്ക് പ്രതീക്ഷ നല്‍കിയത്. കോഹ്‌ലിക്ക് പിറകെ മാര്‍ക് ബൗച്ചറും (5), വാന്‍ഡര്‍ മെര്‍വും (3), അഖിലും (0)പുറത്തായിട്ടും ടെയ്‌ലര്‍ നിരാശാനാവാതെ കളിച്ചു. 46 റണ്‍സില്‍ ടെയ്‌ലര്‍ പുറത്തായപ്പോള്‍ ചെന്നൈക്ക് വീണ്ടും പ്രതീക്ഷയായി. പക്ഷേ ബാലാജിയെ സിക്‌സറടിച്ച പ്രവീണ്‍ കുമാര്‍ ആറ് പന്തില്‍ നിന്നും നേടിയ 12 റണ്‍സ് നിര്‍ണ്ണായകമായി. ടെയ്‌ലറാണ് കളിയിലെ കേമന്‍.
No comments:
Post a Comment