നിയമവഴി
ലാഹോര്‍: ആഗോള ക്രിക്കറ്റിനെ ഭരിക്കുന്ന ഇന്റര്‍ നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിനെതിരെ (ഐ.സി.സി) പാക്കിസ്‌താന്‍ ക്രിക്കറ്റ് ബോര്‍ഡ് (പി.സി.ബി) നിയമയുദ്ധത്തിന്. 2011 ലെ ലോകകപ്പ് മല്‍സരങ്ങള്‍ പാക്കിസ്‌താന് നിഷേധിച്ച ഐ.സി.സി നിലപാടില്‍ പ്രതിഷേധിച്ച് ഐ.സി.സിക്ക് വക്കീല്‍ നോട്ടീസ് അയച്ചിരിക്കയാണ്. പി.സി.ബി. 2009 ഫെബ്രുവരി-മാര്‍ച്ചില്‍ ലാഹോര്‍ നഗരത്തില്‍ വെച്ച് ശ്രീലങ്കന്‍ ക്രിക്കറ്റ് താരങ്ങള്‍ ആക്രമിക്കപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തില്‍, സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് ലോകകപ്പ് വേദി പട്ടികയില്‍ നിന്നും പാക്കിസ്‌താനെ ഐ.സി.സി തഴഞ്ഞത്. ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവര്‍ക്കൊപ്പം ലോകകപ്പിന്റെ സംയുക്ത ആതിഥേയരായിരുന്നു പാക്കിസ്‌താന്‍. എന്നാല്‍ സുരക്ഷ വലിയ പ്രശ്‌നമായതിനാല്‍ പാക്കിസ്‌താനില്‍ കളിക്കാന്‍ ഒരു ടീമും താല്‍പ്പര്യം പ്രകടിപ്പിക്കാത്ത സാഹചര്യത്തിലാണ് ഐ.സി.സി നിര്‍ണ്ണായക തീരുമാനത്തിന് നിര്‍ബന്ധിതരായത്. എന്നാല്‍ തങ്ങളോട് ഒരു തരത്തിലും നീതി കാട്ടാത്ത നടപടിയാണ് ഐ.സി.സി സ്വീകരിച്ചതെന്നാണ് ഇന്നലെ പി.സി.ബി ചെയര്‍മാന്‍ ഇജാസ് ഭട്ട് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയത്. പാക്കിസ്‌താന് ലോകകപ്പ് വേദി അനുവദിക്കുകയും പിന്നീട് അത് നിഷേധിക്കുകയും ചെയ്യുന്നത് നീതികരിക്കാനാവില്ല. ഐ.സി.സി തീരുമാനം പാക്കിസ്‌താന് കനത്ത ആഘാതമേല്‍പ്പിച്ചിരിക്കയാണ്. ഈ സാഹചര്യത്തിലാണ് തങ്ങള്‍ നിയമനടപടിക്ക് പോവുന്നതെന്നാണ് പി.സി.ബി വിശദീകരണം. ലോകകപ്പ് വേദി നിഷേധിച്ചതിന് ശേഷം പി.സി.ബി ഇത് വരെ അഭിപ്രായം പറഞ്ഞിരുന്നില്ല. ഇന്നലെ പി.സി.ബി പ്രവര്‍ത്തക സമിതി യോഗത്തിന് ശേമാണ് ഇജാസ് ഭട്ട് തുറന്നടിച്ചത്. ഇതാദ്യമായാണ് ഒരു അംഗരാജ്യം ഐ.സി.സി ക്കെതിരെ നിയമനടപടിയുമായി രംഗത്ത് വരുന്നത്. പാക്കിസ്‌താനില്‍ ഐ.സി.സി പറയുന്ന തരത്തിലുളള അശാന്തിയില്ലെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. പാക്കിസ്‌താനികള്‍ ഏറ്റവുമിഷ്ടപ്പെടുന്ന ഗെയിമാണ് ക്രിക്കറ്റ്. ലോകകപ്പ് പോലുള്ള വലിയ മല്‍സരങ്ങള്‍ ആസ്വദിക്കാന്‍ എല്ലാവരും കാത്തിരിക്കയാണ്. ഈ ഘട്ടത്തിലാണ് ഐ.സി.സി തിരിച്ചടിച്ചത്. ശ്രീലങ്കന്‍ ക്രിക്കറ്റ് താരങ്ങള്‍ ലാഹോറില്‍ വെച്ച് ആക്രമിക്കപ്പെട്ട സംഭവം നിര്‍ഭാഗ്യകരമാണ്. കുറ്റവാളികള്‍ക്കെതിരെ കര്‍ക്കശ നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഒരു സംഭവത്തിന്റെ പേരില്‍ പാക്കിസ്‌താനെ കുരിശിലേറ്റുന്നത് തെറ്റാണെന്നും ഭട്ട് പറഞ്ഞു. ഐ.സി.സി പ്രസിഡണ്ട് ഡേവിഡ് മോര്‍ഗാന്റെ പേരിലാണ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. വിഷയം ഐ.സി.സി പ്രശ്‌ന പരിഹാര സെല്ലിന് വിടണമെന്നാണ് പാക്കിസ്‌താന്‍ ആവശ്യപ്പെടുന്ന മറ്റൊരു കാര്യം.
മാപ്പില്ല
ലോര്‍ഡ്‌സ്: ക്രിസ് ഗെയിലിന് വിന്‍ഡീസ് മാപ്പ് നല്‍കില്ല. ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ടിനെതിരെ നടന്ന ഒന്നാം ടെസ്‌റ്റില്‍ വിന്‍ഡീസ് പത്ത് വിക്കറ്റിന് നാണംകെട്ടതിന്റെ ഉത്തരവാദിത്ത്വം തീര്‍ച്ചയായും ടീമിനൊപ്പം വൈകി ഒത്തുചേര്‍ന്ന നായകന്റെ പേരിലാണ്. ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ഐ.പി.എല്‍ ക്രിക്കറ്റില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ താരമായിരുന്ന ഗെയില്‍ ഒന്നാം ടെസ്‌റ്റിന് 24 മണിക്കൂര്‍ മുമ്പ് മാത്രമാണ് ടീമിനൊപ്പം ചേര്‍ന്നത്. ക്യാപ്‌റ്റന്‍ വൈകിയതിലുള്ള തന്റെ അമര്‍ഷം പരസ്യമായി തന്നെ ടീം മാനേജ്‌മെന്റിലെ പലരും പ്രകടിപ്പിച്ചിരുന്നു. ഗെയിലിന് രണ്ട് ഇന്നിംഗ്‌സിലും ബാറ്റ് കൊണ്ട് മികവ് പ്രകടിപ്പിക്കാനും കഴിഞ്ഞിരുന്നില്ല. ഒന്നാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട് 377 റണ്‍സ് നേടിയപ്പോള്‍ വിന്‍ഡീസ് 152 റണ്‍സിന് പുറത്തായി ഫോളോ ഓണ്‍ ചെയ്‌തു. 256 റണ്‍സാണ് രണ്ടാം ഇന്നിംഗ്‌സില്‍ അവര്‍ക്ക് നേടാനായത്. ഈ ഘട്ടത്തില്‍ ഇംഗ്ലണ്ടിന് വിജയിക്കാന്‍ ആവശ്യമായത് കേവലം 32 റണ്‍സ്. വിക്കറ്റ് പോവാതെ ഇംഗ്ലണ്ട് ലക്ഷ്യത്തിലെത്തി. രണ്ട് ദിവസത്തിലധികം മല്‍സരം ബാക്കിയിരിക്കെയായിരുന്നു ഇംഗ്ലീഷ് വിജയം. 81 റണ്‍സ് നേടിയ നാഷ് മാത്രമാണ് വിന്‍ഡീസ് ബാറ്റിംഗ് നിരയില്‍ പൊരുതി നിന്നത്. 2005 ന് ശേഷം ലോര്‍ഡ്‌സില്‍ ഒരു പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ ഇംഗ്ലണ്ട് വിജയം വരിക്കുന്നത് ഇതാദ്യമായിട്ടാണ്. കന്നി ടെസ്റ്റില്‍ തന്നെ അപാര പ്രകടനം നടത്തിയ ഗ്രഹാം ഒനിയന്‍, ഗ്രയീം സ്വാന്‍ എന്നിവരാണ് ഇംഗ്ലീഷ് വിജയത്തില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചത്.
മുംബൈക്ക് നിര്‍ണ്ണായകം
പോര്‍ട്ട് എലിസബത്ത്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മല്‍സരങ്ങള്‍ അന്തിമ ഘട്ടത്തിലേക്ക് നീങ്ങവെ ഏറ്റവും അവസാനത്തില്‍ നില്‍ക്കുന്ന മുംബൈ ഇന്ത്യന്‍സിനും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനും ഇനിയുള്ള എല്ലാ മല്‍സരങ്ങളും നിര്‍ണ്ണായകം. എട്ട് ടീമുകള്‍ മല്‍സരിക്കുന്ന ചാമ്പ്യന്‍ഷിപ്പിന്റെ സെമിഫൈനല്‍ ലൈനപ്പില്‍ ആദ്യ നാല് സ്ഥാനക്കാര്‍ക്ക് മാത്രം അവസരമുളളതിനാല്‍ ഇനിയുളള ഓരോ മല്‍സരങ്ങളിലും വിജയിച്ചാല്‍ മാത്രമാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ നയിക്കുന്ന ടീമിനും ബ്രെന്‍ഡന്‍ മക്കലത്തിന്റെ നിറം മങ്ങിയ ടീമിനും എന്തെങ്കിലും സാധ്യത. ഇന്നത്തെ മല്‍സരത്തില്‍ മുംബൈയുടെ പ്രതിയോഗികള്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരാണ്. രണ്ടാമത്തെ മല്‍സരത്തില്‍ കൊല്‍ക്കത്ത നേരിടുന്നത് ശക്തരായ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെയും.
പോയന്റ് ടേബിളില്‍ എട്ട് മല്‍സരങ്ങളില്‍ നിന്നായി 12 പോയന്റ് കരസ്ഥമാക്കിയ വിരേന്ദര്‍ സേവാഗിന്റെ ഡല്‍ഹി ഡെയര്‍ഡെവിള്‍സാണ് ഇപ്പോള്‍ ഒന്നാമത്. ഒമ്പത് മല്‍സരങ്ങള്‍ വീതം കളിച്ച ചെന്നൈ സൂപ്പര്‍ കിംഗ്‌സിനും രാജസ്ഥാന്‍ റോയല്‍സിനും പതിനൊന്ന് പോയന്റ്‌് വീതമുണ്ട്. ഇത്രയും മല്‍സരങ്ങളില്‍ നിന്ന് മുംബൈ ഇന്ത്യന്‍സ് കരസ്ഥമാക്കിയത് ഏഴ് പോയന്റാണ്. കൊല്‍ക്കത്തയാവട്ടെ കളിച്ച ഒമ്പത് മല്‍സരങ്ങളില്‍ ഏഴിലും തോറ്റു. ഒരു മല്‍സരത്തില്‍ ജയിച്ചപ്പോള്‍ മറ്റൊരു മല്‍സരം മഴ കാരണം ഉപേക്ഷിച്ചത് വഴിയാണ് ഒരു പോയന്റ്‌് പങ്കിടാന്‍ കഴിഞ്ഞത്.
നല്ല തുടക്കത്തിന് ശേഷമാണ് മുംബൈ മങ്ങിയത്. സച്ചിന്റെ ടീം അവസാന മല്‍സരത്തില്‍ ഡല്‍ഹിക്ക് മുന്നില്‍ നിസ്സഹയരായ കാഴ്‌ച്ചയില്‍ മുംബൈ ആരാധകര്‍ തീര്‍ത്തും നിരാശരാണ്. ഒരു പോരാട്ടം പോലും കാഴ്‌ച്ചവെക്കാതെയാണ് ടീം കീഴടങ്ങിയത്. ആദ്യം ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചിട്ടും ഒന്നിന് പിറകെ മറ്റൊന്നായി മുന്‍നിരക്കാര്‍ കൂടാരം കയറിയപ്പോള്‍ വിന്‍ഡീസ് ഓള്‍റൗണ്ടര്‍ ഡ്വിന്‍ ബ്രാവോ മാത്രമാണ് പൊരുതിയത്. 116 റണ്‍സാണ് ടീമിന് നേടാന്‍ കഴിഞ്ഞത്. ഇതില്‍ ബ്രാവോ സ്വന്തമാക്കിയ 35 റണ്‍സ് മാറ്റിനിര്‍ത്തിയാല്‍ കാര്യമായ സംഭാവനകള്‍ ഒന്നുമുണ്ടായിരുന്നില്ല. സനത് ജയസൂര്യ പരുക്ക് കാരണം പിന്മാറിയത് തന്നെ ടീമിനെ ബാധിച്ചിരുന്നു. ഇന്നും സനതിന്റെ കാര്യത്തില്‍ ഉറപ്പില്ല. സനതിന് പകരമിറങ്ങിയ റോഞ്ചി രണ്ട് പന്ത് മാത്രം നേരിട്ട് പൂജ്യനായി. ജെ.പി ഡുമിനിയെന്ന ദക്ഷിണാഫ്രിക്കയുടെ മികച്ച വാഗ്‌ദാനത്തെയാവട്ടെ നാലാം പന്തില്‍ നഷ്‌ടമായി. ഇവിടെ നിന്നും ടീമിനെ കരകയറ്റാനെത്തിയ സച്ചിനും (15), പീനല്‍ ഷായും വേഗം പുറത്തായി. അഭിഷേക് നായരും ബ്രാവോയും തമ്മിലുള്ള സഖ്യമാണ് പൊരുതിയത്. ഇവര്‍ പുറത്തായതോടെ വാലറ്റക്കാര്‍ മാളത്തിലൊളിച്ചു. സേവാഗ് കളിക്കാതിരുന്നിട്ടും ഡല്‍ഹിക്കാര്‍ അതിവേഗത്തില്‍, അനായാസതയില്‍ ലക്ഷ്യത്തിലെത്തി. ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലിയേഴ്‌സ് പുറത്താവാതെ നേടിയ 50 റണ്‍സായിരുന്നു ഡെല്‍ഹിയുടെ ആധികാരികത.
ഇന്നത്തെ മല്‍സരത്തില്‍ മികച്ച പ്രകടനമാണ് സച്ചിന്‍ വാഗ്‌ദാനം ചെയ്യുന്നത്. ബാറ്റിംഗ് നിര ക്ലിക് ചെയ്യാത്തപക്ഷം സച്ചിന്റെ വാക്കുകള്‍ പക്ഷേ വെറുതെയാവും. സനത് ജയസൂര്യക്ക് ഇത് വരെ സ്വതസിദ്ധമായ ഫോമില്‍ പന്തിനെ പ്രഹരിക്കാനും വലിയ സ്‌ക്കോര്‍ നേടാനും കഴിഞ്ഞിട്ടില്ല. സച്ചിനാണ് ബാറ്റിംഗ് നട്ടെല്ല്‌്. സച്ചിനൊപ്പം ജെ.പി ഡുമിനിക്ക് പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞാല്‍ ഇന്നിംഗ്‌സിന്റെ അവസാനത്തില്‍ കത്തിപ്പടരാന്‍ ബ്രാവോക്കും നായര്‍ക്കുമാവും. ബൗളര്‍മാരില്‍ സഹീര്‍ഖാന്‍ മാത്രമാണ് വിശ്വസ്‌തന്‍ എന്നതാണ് മറ്റൊരു പ്രശ്‌നം.
കൊല്‍ക്കത്തയുടെ കാര്യമാണ് വലിയ കഷ്‌ടം. ഷാറൂഖ് ഖാന്റെ ടീം ഓരോ മല്‍സരം കഴിയും തോറും ചെറുതാവുകയാണ്.ഡല്‍ഹിക്കെതിരെയായിരുന്നു അവസാന മല്‍സരം. ആദ്യം ബാറ്റ് ചെയ്‌തപ്പോള്‍ കൊല്‍ക്കത്ത നേടിയത് 154 റണ്‍സ്. പക്ഷേ ഒരു ഓവര്‍ ശേഷിക്കെ ഗൗതം ഗാംഭീര്‍ നേടിയ 71 റണ്‍സിന്റെ കരുത്തില്‍ ഡല്‍ഹിക്കാര്‍ അനായാസ വിജയം നേടി. ബാറ്റിംഗില്‍ മാത്രമല്ല ബൗളിംഗിലും കൊല്‍ക്കത്ത ഇരുട്ടില്‍ തപ്പുകയാണ്. ക്രിസ് ഗെയില്‍, ബ്രെന്‍ഡന്‍ മക്കലം, ബ്രാഡ് ഹോഡ്‌ജ്, സൗരവ് ഗാംഗുലി എന്നിവരാണ് ബാറ്റിംഗിലെ പ്രധാനികള്‍. ഇവരില്‍ ഗെയില്‍ മടങ്ങി. മക്കലമാവട്ടെ ബാറ്റിംഗ് തന്നെ മറന്ന മട്ടാണ്. കഴിഞ്ഞ മല്‍സരത്തില്‍ നേടിയ 35 റണ്‍സാണ് അദ്ദേഹത്തിന്റെ ഉയര്‍ന്ന സ്‌ക്കോര്‍. അല്‍പ്പമെങ്കിലും സ്ഥിരത പുലര്‍ത്തുന്നത് ഹോഡ്‌ജാണ്. സൗരവ് ഗാംഗുലി ചില മല്‍സരങ്ങളില്‍ സ്‌ക്കോര്‍ നേടിയെങ്കിലും അവസാന മല്‍സരങ്ങളിലെ അദ്ദേഹത്തിന്റെ സംഭാവനകള്‍ വട്ടപൂജ്യങ്ങളായിരുന്നു. വാന്‍വിക് എന്ന വിക്കറ്റ് കീപ്പറില്‍ നല്ല ബാറ്റ്‌സ്‌മാന്‍ ഉണ്ടെന്ന സത്യം മാത്രമാണ് ഡല്‍ഹിക്കെതിരായ മല്‍സരത്തില്‍ കൊല്‍ക്കത്തക്കാര്‍ക്ക് ആശ്വാസമേകിയ ഏകഘടകം. 74 റണ്‍സാണ് ആ മല്‍സരത്തില്‍ വാന്‍വിക് നേടിയത്. ബൗളര്‍മാരില്‍ അടി അധികം വാങ്ങുന്നത് പ്രധാന ബൗളറായ ഇഷാന്ത് ശര്‍മ്മയാണ്. ഡല്‍ഹിക്കെതിരായ മല്‍സരത്തില്‍ നാല് ഓവറില്‍ 43 റണ്‍സാണ് ഇഷാന്ത് നല്‍കിയത്.
ഇനിയും തോറ്റാല്‍ കൊല്‍ക്കത്തക്കാര്‍ക്ക് തിരിച്ചുവരവിനെക്കുറിച്ച് ചിന്തിക്കാന്‍ പോലുമാവില്ല. ഇന്നതേതുള്‍പ്പെടെ അഞ്ച് മല്‍സരങ്ങളാണ് ടീമിന് ബാക്കി. ഈ അഞ്ചിലും ജയിച്ചാല്‍ മാത്രം പോര, മറ്റുളവര്‍ തോല്‍ക്കുകയും ചെയ്‌താലാണ് രക്ഷ.
കിംഗ്‌സ്
കിംബര്‍ലി: ഓസ്‌ട്രേലിയക്കാരുടെ ദിവസമായിരുന്നു ഇന്നലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍. ഡക്കാന്‍ ചാര്‍ജേഴ്‌സും കിംഗ്‌സ് ഇലവന്‍ പഞ്ചാബും ഏറ്റുമുട്ടിയപ്പോള്‍ ആന്‍ഡ്ര്യൂ സൈമണ്ട്‌സും ബ്രെട്ട് ലീയും തമ്മിലുള്ള അങ്കമാണ് അരങ്ങ് തകര്‍ത്ത.് ആദ്യം ബാറ്റ് ചെയ്‌ത ഡക്കാന്‍, സൈമണ്ട്‌സ് വെടിക്കട്ട് വേഗതയില്‍ പുറത്താവാതെ നേടിയ 60 റണ്‍സിന്റെ കരുത്തില്‍ 168 റണ്‍സാണ് നേടിയത്. മറുപടിയില്‍ കിംഗ്‌സ് മനോവീര്യത്തോടെ കളിച്ചു. നിര്‍ണ്ണായകമായ അവസാന ഓവറില്‍ സമചിത്തതയോടെ ബാറ്റേന്തിയ ബ്രെട്ട്‌് ലിയുടെ മികവില്‍ വിജയം വരിക്കുകയും ചെയ്‌തു. മൂന്ന് വിക്കറ്റിന്റെ വിജയത്തോടെ ടേബിളല്‍ പഞ്ചാബ് അഞ്ചാമത് എത്തി. മഹേല ജയവര്‍ദ്ധനയാണ് കളിയിലെ കേമന്‍.
കിംബര്‍ലിയില്‍ ബാറ്റ്‌സ്‌മാന്മാരാണ് അരങ്ങ് തകര്‍ത്തത്. പാക്കിസ്‌താനെതിരായ പരമ്പരക്ക് ശേഷം ഒരു ദിവസം മുമ്പ് ദക്ഷിണാഫ്രിക്കയിലെത്തിയ ബ്രെട്ട് ലീ, ആന്‍ഡ്ര്യൂ സൈമണ്ട്‌സ് എന്നിവരിലായിരുന്നു എല്ലാവരുടെയും കണ്ണുകള്‍. രണ്ട് പേരും സ്വന്തം ടീമില്‍ ആദ്യ ഇലവനില്‍ വന്നു. മൂന്ന് വിക്കറ്റിന് 70 റണ്‍സ് എന്ന നിലയില്‍ ഡക്കാന്‍ കിതക്കുമ്പോള്‍ രംഗത്ത് വന്ന സൈമണ്ട്‌സ് തന്റെ സാന്നിദ്ധ്യം വ്യക്തമായും തെളിയിച്ചു. 36 പന്തില്‍ നാല് സിക്‌സറുകളുമായി വിലപ്പെട്ട 60 റണ്‍സ്. 25 പന്തില്‍ 32 റണ്‍സ് നേടിയ വേണു ഗോപാല്‍ റാവുവിനൊപ്പം 97 റണ്‍സിന്റെ മിന്നല്‍ പാര്‍ട്ട്‌ണര്‍ഷിപ്പും. സൈമണ്ട്‌സ് ക്രീസില്‍ എത്തിയ ഉടനാണ് ബ്രെട്ട് ലിയുടെ പന്തില്‍ രോഹിത് ശര്‍മ്മ പുറത്തായത്. പക്ഷേ ഈ പരുക്കുകള്‍ സൈമണ്ട്‌സ് കാര്യമാക്കിയില്ല. യുവരാജ്‌സിംഗിന് സ്വന്തം പന്തില്‍ നല്‍കിയ അവസരം മാറ്റിനിര്‍ത്തിയാല്‍ തീര്‍ത്തും സ്‌ഫോടനാത്മകമായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം. യുവരാജും പിയൂഷ് ചാവ്‌ലയും സിക്‌സറുകള്‍ക്ക് പറന്നു. പതിനഞ്ചാം ഓവറില്‍ സ്‌ക്കോര്‍ 100 കടന്നു. ഇര്‍ഫാന്റെ പതിനാറാം ഓവറില്‍ പതിമൂന്നും ശ്രീശാന്തിന്റെ പതിനേഴാം ഓവറില്‍ 20 റണ്‍സും പറന്നു. ശ്രീശാന്തിന്റെ തുടര്‍ച്ചയായ രണ്ട് പന്തുകളാണ് സൈമണ്ട്‌സ് ഗ്യാലറിയില്‍ എത്തിച്ചത്. 29 പന്തില്‍ നിന്നും അര്‍ദ്ധശതകം തികച്ച ഓസ്‌ട്രേലിയക്കാരന്‍ ഒരു ഘട്ടത്തിലും പതറിയില്ല.
പത്താനും ശ്രീശാന്തിനും തുടക്കം മുതല്‍ അടി കിട്ടിയിരുന്നു. ഇര്‍ഫാന്‍ എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ ഗില്‍ക്രൈസ്‌റ്റ് രണ്ട് ബൗണ്ടറികള്‍ പായിച്ചു. ശ്രീശാന്തിനെ ഗില്ലി വരവേറ്റത് സിക്‌സറിലൂടെയായിരുന്നു. സുമനും ബൗളര്‍മാരെ കശക്കി. ഹര്‍ഷല്‍ ഗിബ്‌സ് മാത്രമാണ് പെട്ടെന്ന് പുറത്തായത്.
വലിയ ലക്ഷ്യത്തിലേക്ക് കളിച്ച പഞ്ചാബിനായി സോഹാലും സൈമണ്‍ കാറ്റിച്ചുമാണ് തുടങ്ങിയത്. കഴിഞ്ഞ മല്‍സരത്തില്‍ നിരാശപ്പെടുത്തിയ സോഹാല്‍ മിന്നല്‍ പ്രകടനത്തില്‍ നാല് ബൗണ്ടറികളും ഒരു സിക്‌സറുമായി പഞ്ചാബിന് ആഗ്രഹിച്ച തുടക്കം നല്‍കി. സൈമണ്‍ കാറ്റിച്ച് 9 ല്‍ പുറത്തായെങ്കിലും പകരം വന്ന കുമാര്‍ സങ്കക്കാര പതറിയില്ല.
പത്താം ഓവറില്‍ സങ്കക്കാര പുറത്തായി. പകരമെത്തിയ യുവരാജ് സിംഗിനാവട്ടെ കെട്ടുപൊട്ടിക്കാനായില്ല. മാന്‍ ഓഫ് ദ മാച്ച് മഹേല ജയവര്‍ദ്ധനെയായിരുന്നു പിന്നെ പിടിച്ചുപൊരുതിയത്. 28 പന്തില്‍ നിന്ന് അദ്ദേഹം മൂന്ന് സിക്‌സറുകള്‍ പായിച്ചു. 43 റണ്‍സില്‍ റണ്ണൗട്ടായ മഹേല പഞ്ചാബിനെ വിജയ വഴിയില്‍ എത്തിച്ചിരുന്നു. അവസാനത്തില്‍ ഇര്‍ഫാനും (10), മോട്ടയും (3) പുറത്തായപ്പോള്‍ മല്‍സരം അവസാന ഓവര്‍ ആവേശത്തിലേക്ക് ദീര്‍ഘിച്ചു. ബ്രെട്ട് ലീ പായിച്ച സിക്‌സര്‍ ഇവിടെയാണ് ടീമിന് വിലപ്പെട്ട സമ്പത്തായത്. അവസാന മൂന്ന് പന്തില്‍ കിംഗ്‌സിന് വേണ്ടിയിരുന്നത് മൂന്ന് റണ്‍. നാലാം പന്തില്‍ ബ്രെട്ട് ലീ രണ്ട് റണ്‍ നേടിയപ്പോള്‍ സ്‌ക്കോര്‍ തുല്യതയിലായി. അഞ്ചാം പന്തില്‍ ലീ വിജയം ഉറപ്പിച്ചപ്പോള്‍ ശേഷിച്ചത് ഒരു പന്ത്.
No comments:
Post a Comment