ഓ ഓസീസ്
ദുബായ്: പാക്കിസ്‌താന്റെയും ഓസ്‌ട്രേലിയയുടെയും ക്രിക്കറ്റര്‍മാരും സ്‌റ്റേഡിയം നിറഞ്ഞ കാണികളും ഒന്നര മണിക്കൂര്‍ കാത്തുനിന്നു-ദുബായ് ഷെയ്‌ക്കിന്റെ ആഗമനവും കാത്ത്. മല്‍സരത്തിലെ വിശിഷ്ടാതിഥിയായ ദുബായ് ഭരണാധികാരി വന്നപ്പോഴാവട്ടെ , അദ്ദേഹത്തെ സാക്ഷിയാക്കി മിസ്‌ബാഹുല്‍ ഹഖ് നയിച്ച പാക്കിസ്‌താന്‍ കസറിയ കാഴ്‌ച്ചയില്‍ ഓസ്‌ട്രേലിയക്ക് 20:20 ക്രിക്കറ്റിന്റെ വേഗത ഇനിയും മനസ്സിലായിട്ടില്ലെന്ന സത്യം ഒരിക്കല്‍കൂടി വ്യക്തമായി. ഏഴ് വിക്കറ്റിന് ബ്രാഡ് ഹാദ്ദീന്‍ നയിച്ച ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തി പാക്കിസ്‌താന്‍ 20-20 പോരാട്ടത്തില്‍ തകര്‍പ്പന്‍ വിജയം നേടി. ഏകദിന പരമ്പരയില്‍ പരാജിതരായ പാക്കിസ്‌താന്റെ മിന്നലാക്രമണത്തില്‍ ഓസ്‌ട്രേലിയ ഇല്ലാതാവുന്ന കാഴ്‌ച്ചയാണ് മല്‍സരത്തില്‍ കണ്ടത്. 108 റണ്‍സാണ് ആദ്യം ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചിട്ടും ഓസ്‌ട്രേലിയക്ക് സമ്പാദിക്കാന്‍ കഴിഞ്ഞത്. പാക്കിസ്‌താന്റെ മറുപടിക്ക് പുറത്താവാതെ 59 റണ്‍സുമായി കമറാന്‍ അക്‌മല്‍ നേതൃത്ത്വം നല്‍കിയപ്പോള്‍ എല്ലാം പെട്ടെന്ന് അവസാനിച്ചു.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ആദ്യപതിപ്പില്‍ രാജസ്ഥാന്‍ റോയല്‍സിന് കിരീടം സമ്മാനിക്കുന്നതില്‍
നിര്‍ണ്ണായക പങ്ക് വഹിച്ച ഷെയിന്‍ വാട്ട്‌സന്റെ വെടിക്കെട്ടില്‍ ഗംഭീര തുടക്കമായിരുന്നു ഓസ്‌ട്രേലിയക്ക് ലഭിച്ചത്. വിക്കറ്റ് നഷ്ടമാവാതെ 42 റണ്‍സ് എന്ന നിലയില്‍ നിന്നുമാണ് ഞൊടിയിടയില്‍ ഓസ്‌ട്രേലിയ തകര്‍ന്നത്. ഉമര്‍ ഗുല്‍ തന്റെ 20-20 കരിയറിലെ ഏറ്റവും മികച്ച പ്രകടനവുമായി എട്ട് റണ്‍സ് മാത്രം വഴങ്ങി നാല് പേരെ പുറത്താക്കിയപ്പോള്‍ തന്റെ ആദ്യ ഓവറിലെ ആദ്യ രണ്ട് പന്തിലും വിക്കറ്റ് നേടിയ ഷാഹിദ് അഫ്രീദിയും അവസരങ്ങള്‍ ഉപയോഗപ്പെടുത്തി. ഈ സീം-സ്‌പിന്‍ ആക്രമണത്തില്‍ വാട്ട്‌സണ്‍ ഒഴികെ ആര്‍ക്കും പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല. കേവലം 13 പന്തില്‍ നിന്നും 33 റണ്‍സാണ് വാട്ട്‌സണ്‍ വാരിക്കൂട്ടിയത്. പാക്കിസ്‌താന്റെ ഓപ്പണിംഗ് ബൗളര്‍മാരായ ഷുഹൈബ് അക്തറിനെയും സുഹൈല്‍ തന്‍വീറിനെയും തെരഞ്ഞെടുത്ത് കശക്കിയ വാട്ട്‌സണ്‍ പുറത്തായ ശേഷമാണ് ചീട്ടുകൊട്ടാരം പോല ഇന്നിംഗ്‌സ് തകര്‍ന്നുവീണത്. ഏകദിന പരമ്പരയിലെ അവസാന മല്‍സരത്തില്‍ തകര്‍പ്പന്‍ സെഞ്ച്വറി സ്വന്തമാക്കിയിരുന്ന വാട്ടസണ്‍ അതേ ഫോമാണ് ആവര്‍ത്തിച്ചു തെളിയിച്ചത്.
ഉമര്‍ ഗുല്‍ വന്നപ്പോഴാണ് വാട്ട്‌സണ്‍ പുറത്തായത്. കളി നിയന്ത്രിച്ച അലീം ദറിന്റെ പിശകിലാണ് വാട്ട്‌സണ്‍ പുറത്തായതെങ്കിലും ആ വിക്കറ്റ് ഓസ്‌ട്രേലിയക്ക് കനത്ത ആഘാതമായി. ഗുലിന്റെ പന്ത് വാട്ട്‌സന്റെ പാഡില്‍ പതിക്കും മുമ്പ് ബാറ്റിലുരസിയിരുന്നു. ഇത് പക്ഷേ ദര്‍ ശ്രദ്ധിച്ചിരുന്നില്ല. ബൗളറുടെ ശക്തമായ അപ്പീലില്‍ അദ്ദേഹം വിരലുയര്‍ത്തി. ആദ്യ വിക്കറ്റ് നിലംപതിച്ച ശേഷം ഗുലിനെ മാറ്റി മിസ്‌ബാഹ് തന്റെ സ്‌പിന്നര്‍മാര്‍ക്ക് പന്ത് നല്‍കി. ഏകദിന പരമ്പരയില്‍ ഓസീസ് ബാറ്റ്‌സ്‌മാന്മാരെ നിയന്ത്രിക്കുന്നതില്‍ സ്‌പിന്നര്‍മാര്‍ വിജയിച്ചിരുന്നതിനാല്‍ മിസ്‌ബാഹിന് സ്ലോ ബൗളര്‍മാരെ ക്ഷണിക്കാന്‍ പ്രയാസമുണ്ടായില്ല. ജെയിംസ് ഹോപ്‌സ്, ആദ്യ പന്തിനും ആന്‍ഡ്ര്യൂ സൈമണ്ട്‌സ് അടുത്ത പന്തിലും പവിലിയന്‍ കണ്ടു. അഫ്രീദിയുടെ അടുത്ത ഓവറില്‍ ഇല്ലാത്ത ഷോട്ടിന് പോയി മൈക് ഹസി പുറത്തായപ്പോള്‍ താല്‍കാലിക നായകന്‍ ബ്രാഡ് ബഹാദ്ദിനും പിഴച്ചു.
രണ്ടാം സ്‌പെല്ലില്‍ ഓസീസ് വാലറ്റക്കാരെ തുരുത്തുന്നതില്‍ വിജയിച്ച ഗുല്‍ ഒരു വീട്ടുവീഴ്‌ച്ചക്കും തയ്യാറായിരുന്നില്ല. മറുപടി ബാറ്റിംഗില്‍ പാക്കിസ്‌താന്റെ തുടക്കം പാളി. സ്‌ക്കോര്‍ബോര്‍ഡില്‍ 23 റണ്‍സ് പിറക്കുമ്പോള്‍ രണ്ട് ബാറ്റ്‌സ്‌മാന്മാര്‍ പവിലിയനില്‍ തിരിച്ചെത്തിയിരുന്നു. അവസാന ഏകദിനത്തില്‍ സെഞ്ച്വറിയിലൂടെ ടീമിനെ വിജയത്തിലേക്ക് നയിച്ച കമറാന്‍ അക്‌മല്‍ പക്ഷേ എന്തിനും തയ്യാറായാണ് കളിച്ചത്. ബ്രെട്ട് ലീയുടെ വേഗതയെ പറത്തിയ അക്‌മല്‍ ജെയിംഗ് ഹോപ്‌സിന്റെ മീഡിയം പേസ് പന്തുകളെയും ബൗണ്ടറികളിലേക്ക് പായിച്ചു. 20-20 ലോകകപ്പ് സമാഗതമായിരിക്കെ ഈ തോല്‍വി ഓസ്‌ട്രേലിയക്ക്‌് കനത്ത ക്ഷീണമാണ്.
അവരില്ല
മെല്‍ബണ്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിന്റെ അവസാനഘട്ടത്തിന് ആവേശം പകരാന്‍ ഓസ്‌ട്രേലിയന്‍ താരങ്ങളില്ല. ഇംഗ്ലണ്ടില്‍ അടുത്ത മാസം നടക്കുന്ന 20-20 ലോകകപ്പിന് മുന്നോടിയായി സ്വന്തം താരങ്ങള്‍ക്കെല്ലാം വിശ്രമം നല്‍കാനുളള ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ തീരുമാനമാണ് താരങ്ങള്‍ക്കും ആരാധകര്‍ക്കും ആഘാതമായിരിക്കുന്നത്. ഐ.പി.എല്‍ ആദ്യ സീസണിലെ ഹീറോ ഷെയിന്‍ വാട്ട്‌സണ്‍, നതാന്‍ ബ്രാക്കന്‍, ജെയിംസ് ഹോപ്‌സ് എന്നിവര്‍ക്കൊന്നും ഐ.പി.എല്ലില്‍ കളിക്കാന്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ അനുമതി നല്‍കിയിട്ടില്ല. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിലെ അന്തിമവാക്ക് ക്രിക്കറ്റ് ഓസ്‌ട്രേലിയ ആയതിനാല്‍ അവരെ തള്ളിപ്പറയാന്‍ താരങ്ങള്‍ ഒരുക്കമല്ല. ഐ.പി.എല്‍ രണ്ടാം പതിപ്പ് ദക്ഷിണാഫ്രിക്കയില്‍ ആരംഭിച്ചപ്പോള്‍ പല പ്രമുഖ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റര്‍മാര്‍ക്കും ദേശീയ ടീമിന്റെ മല്‍സരങ്ങളുള്ളതിനാല്‍ കളിക്കാന്‍ കഴിഞ്ഞിരുന്നില്ല. മൈക്കല്‍ ക്ലാര്‍ക്ക് നയിച്ച ഓസീസ് സംഘം ദുബായിലും അബുദാബിയിലുമായി പാക്കിസ്‌താനെ അഞ്ച് മല്‍സര ഏകദിന പരമ്പരയിലും ഒരു 20-20 മല്‍സരത്തിലും നേരിടുകയായിരുന്നു. വാട്ട്‌സണ്‍, ബ്രാക്കന്‍, ഹോപ്‌സ് എന്നിവര്‍ക്ക് പുറമെ ആന്‍ഡ്ര്യൂ സൈമണ്ട്‌സ്, ബ്രെട്ട് ലീ തുടങ്ങിയവരെല്ലാം ദേശീയ സംഘത്തില്‍ അംഗങ്ങളായിരുന്നു. പാക്കിസ്‌താനെതിരായ പരമ്പരക്ക് ശേഷം ഐ.പി.എല്ലിന്റെ അവസാന ഘട്ടത്തില്‍ ഇവര്‍ക്കെല്ലാം പങ്കെടുക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയന്‍ തീരുമാനം എല്ലാവര്‍ക്കും തിരിച്ചടിയായി.
അടുത്ത മാസമാണ് ലോകകപ്പ്. ഓസീസ് സംഘത്തിലെ പ്രമുഖര്‍ക്കെല്ലാം ആരോഗ്യപ്രശ്‌നങ്ങളുള്ളതിനാല്‍ ടീമിന്റെ മെഡിക്കല്‍ വിദഗ്‌ദ്ധന്റെ നിര്‍ദ്ദേശം ഉയര്‍ത്തിക്കാട്ടിയാണ് സൂപ്പര്‍താരങ്ങളുടെ ഐ.പി.എല്‍ ആവേശത്തിന് ക്രിക്കറ്റ് ഓസ്‌ട്രേലിയ തടയിട്ടിരിക്കുന്നത്.
ലോക ക്രിക്കറ്റിലെ തട്ടുപൊളിപ്പന്‍ ബാറ്റ്‌സ്‌മാന്മാരില്‍ ഒരാളായ വാട്ട്‌സണാണ് പോയ വര്‍ഷത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് കിരീടം സമ്മാനിച്ചത്. ബാറ്റിലും ബോളിലും അന്തകനായി മാറാറുളള വാട്ട്‌്‌സണ്‍ പാക്കിസ്‌താനെതിരായ പരമ്പരക്ക് ശേഷം ഷെയിന്‍ വോണ്‍ നയിക്കുന്ന രാജസ്ഥാന്‍ സംഘത്തില്‍ ചേരാനിരിക്കയായിരുന്നു. ദുബായില്‍ നിന്നും നാട്ടിലേക്ക് മടങ്ങാതെ ദക്ഷിണാഫ്രിക്കയിലേക്കാണ് അദ്ദേഹം ടിക്കറ്റ് ബുക്ക് ചെയ്‌തിരുന്നത്. ഇന്നലെ പാക്കിസ്‌താനെതിരെ ദുബായില്‍ നടന്ന 20-20 മല്‍സരത്തില്‍ മിന്നുന്ന പ്രകടനമാണ് വാട്ട്‌സണ്‍ നടത്തിയത്. 13 പന്തില്‍ നിന്നും 33 റണ്‍സ് നേടിയ താരത്തിന്റെ ആഗമനവും കാത്തിരിക്കുകയായിരുന്ന റോയല്‍സ് ക്യാമ്പ് പുതിയ തീരുമാനത്തില്‍ നിരാശരാണ്. തുടക്കത്തിലെ പാളിച്ചകള്‍ക്ക് ശേഷം റോയല്‍സ് ഇപ്പോള്‍ കരുത്തോടെ തിരിച്ചുവന്നിട്ടുണ്ട്. സെമി ബെര്‍ത്ത് ഉറപ്പിക്കാന്‍ വാട്ട്‌സന്റെ സാന്നിദ്ധ്യം സഹായിക്കുമെന്നാണ് അവര്‍ കരുതിയിരുന്നത്. റോയല്‍സിന് വേണ്ടി കളിക്കാനൊരുങ്ങിയ തനിക്ക്‌് ക്രിക്കറ്റ് ഓസ്‌ട്രേലിയക്കെതിരെ സംസാരിക്കാന്‍ കഴിയില്ലെന്നാണ് വാട്ട്‌സണ്‍ പറയുന്നത്. കാല്‍മുട്ടിലെ പരുക്കുമായി അല്‍പ്പകാലം ടീമിന് പുറത്തായിരുന്നു വാട്ട്‌സണ്‍. അതിനാല്‍ ആരോഗ്യ കാര്യത്തില്‍ ഓസീസ് ടീം മാനേജ്‌മെന്റ്‌് പുലര്‍ത്തുന്ന ജാഗ്രതക്കെതിരെ സംസാരിക്കാന്‍ അദ്ദേഹം ധൈര്യപെടില്ല.
ജെയിംസ് ഹോപ്‌സിന്റെ വരവും കാത്തിരിക്കുകയായിരുന്നു ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ്. ബൗളറായും ബാറ്റ്‌സ്‌മാനായും ഉപയോഗപ്രദമാവുന്ന രീതിയില്‍ കളിക്കാറുളള ഹോപ്‌സ് ഇപ്പോള്‍ ഓസീസ് ദേശീയ ടീമിലെ സ്ഥിരാംഗമാണ്. പാക്കിസ്‌താനെതിരെ പരമ്പരക്ക് ശേഷം ഐ.പി.എല്ലിലേക്ക് തിരിച്ചുവരാനിരിക്കയായിരുന്നു അദ്ദേഹവും. ലോകകപ്പ്‌് മല്‍സരങ്ങളില്‍ പങ്കെടുക്കാനുളള മുന്നൊരുക്കമായാണ് ഹോപ്‌സിനെ മാറ്റിനിര്‍ത്തിയിരിക്കുന്നത്. ഡക്കാന്‍ ചാര്‍ജേഴ്‌സിന്റെ താരമായിരുന്നു ആന്‍ഡ്ര്യൂ സൈമണ്ട്‌സ്. ബ്രെട്ട് ലീ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്റെയും. ഇവര്‍ക്കൊന്നും ഇത്തവണ കളിക്കാന്‍ കഴിയാത്ത സാഹചര്യം സംജാതമായിരിക്കെ അവസാന ഘട്ട ഐ.പി.എല്‍ ആവേശത്തിന് നിറം മങ്ങുമെന്നുറപ്പ്.
ഓസ്‌ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിംഗ്, മൈക് ഹസി എന്നിവര്‍ നേരത്തെ തന്നെ ഐ.പി.എല്ലിന് ഇല്ലെന്ന് വ്യക്തമാക്കിയിരുന്നു. വെറ്ററന്‍ ഓസീസ് താരങ്ങളായ ഷെയിന്‍ വോണ്‍, ഗ്ലെന്‍ മക്ര്‌ഗാത്ത്, മാത്യൂ ഹെയ്‌ഡന്‍, ആദം ഗില്‍ക്രൈസ്‌റ്റ് എന്നിവരെല്ലാം ഇപ്പോള്‍ ഐ.പി.എല്ലിന്റെ ആവേശത്തിന് തിരികൊളുത്തുന്നുണ്ട്.
കാത്തിരിപ്പ്
ലണ്ടന്‍:യുവേഫ ചാമ്പ്യന്‍സ് ലീഗ് സെമിഫൈനല്‍ രണ്ടാം പാദത്തിന്റെ അവസാനത്തില്‍ റഫറിക്കെതിരെ തട്ടിക്കയറിയ കുറ്റത്തിന് ശിക്ഷ കാക്കുന്ന ചെല്‍സി ഫുട്‌ബോളര്‍ ദിദീയര്‍ ദ്രോഗ്‌ബെ അടുത്തയാഴ്‌ച്ച വരെ കാത്തിരിക്കണം. താരത്തിനെതിരെ തീരുമാനമെടുക്കാന്‍ റഫറിയുടെയും മല്‍സര പ്രതിനിധിയുടെയും റിപ്പോര്‍ട്ട് തേടിയിരിക്കയാണ് യൂറോപ്യന്‍ ഫുട്‌ബോളിനെ ഭരിക്കുന്നവരായ യുവേഫ. സ്റ്റാഫോര്‍ഡ് ബ്രിഡ്‌്‌ജില്‍ ചെല്‍സി-ബാര്‍സിലോണ മല്‍സരം 1-1 ല്‍ കലാശിക്കുകയും എവേ ഗോള്‍ ആനുകൂല്യത്തില്‍ ബാര്‍സ ഫൈനല്‍ ബെര്‍ത്ത് സ്വന്തമാക്കുകയും ചെയ്‌തിരുന്നു. ഈ മല്‍സരത്തിന്റെ അവസാനത്തിലാണ് ദ്രോഗ്‌ബെ ഉള്‍പ്പെടെ ചെല്‍സി താരങ്ങളെല്ലാം നോര്‍വെകാരനായ റഫറി ടോം ഹെന്നിംഗിനെതിരെ തിരിഞ്ഞത്.ലോംഗ് വിസില്‍ മുഴങ്ങിയതും റഫറിക്കെതിരെ ഓടിയടുത്ത ദ്രോഗ്‌ബയെ മല്‍സര ഒഫീഷ്യല്‍സ് ചേര്‍ന്ന് തടയുകയായിരുന്നു. ചെല്‍സിക്ക് അര്‍ഹമായ പല പെനാല്‍ട്ടി അവസരങ്ങളും റഫറി വിളിച്ചില്ലെന്നാണ് താരങ്ങളുടെ പരാതി. ബാര്‍സിലോണയല്ല റഫറിയാണ് തങ്ങളെ തോല്‍പ്പിച്ചതെന്ന് ചെല്‍സി നായകന്‍ ജോണ്‍ ടെറി കുറ്റപ്പെടുത്തിയിരുന്നു. തന്റെ താരങ്ങളുടെ രോഷത്തില്‍ കാര്യമുണ്ടെന്നാണ് കോച്ച് ഗസ് ഹിഡിങ്കും പറഞ്ഞത്. റഫറിക്കെതിരെ ബോധപൂര്‍വമല്ല സംസാരിച്ചതെന്നും ആ സമയത്തെ രോഷമാണ് പ്രശ്‌നമായതെന്നും ദ്രോഗ്‌ബെ പറഞ്ഞു. സംഭവത്തില്‍ അദ്ദേഹം ഖേദം പ്രകടിപ്പിക്കുകയും ചെയ്‌തിരുന്നു.
വീണ്ടും കേമം
ലണ്ടന്‍: പോയ വാരത്തില്‍ യുവേഫ ചാമ്പ്യന്‍സ് ലീഗ് സെമി ആരവങ്ങളായിരുന്നു. യൂറോപ്പിലെ ചാമ്പ്യന്‍ ക്ലബിനെ കണ്ടെത്താനുളള കലാശപ്പോരാട്ടത്തിന് ചിത്രം തെളിഞ്ഞിരിക്കെ ഈയാഴ്‌ച്ച യൂറോപ്യന്‍ ലീഗുകളിലാണ് കടുത്ത പോരാട്ടങ്ങള്‍. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് ഏഴ് മല്‍സരങ്ങളുണ്ട്. ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡും മൂന്നാം സ്ഥാനക്കാരായ ചെല്‍സിയും ഇന്ന് കളിക്കുന്നില്ല. ഇന്നത്തെ മല്‍സരങ്ങള്‍ ഇപ്രകാരം: ബ്ലാക്‌ബര്‍ണ്‍-പോര്‍ട്‌സ്‌മൗത്ത്, ബോള്‍ട്ടണ്‍-സുതര്‍ലാന്‍ഡ്, എവര്‍ട്ടണ്‍-ടോട്ടന്‍ ഹാം, ഫുള്‍ഹാം-ആസ്റ്റണ്‍വില്ല, ഹള്‍ സിറ്റി-സ്റ്റോക്ക് സിറ്റി, വെസ്‌റ്റ് ബ്രോം-വിഗാന്‍, വെസ്‌റ്റ് ഹാം-ലിവര്‍പൂള്‍.
ബാര്‍സിലോണ മുന്നേറുന്ന സ്‌പാനിഷ് ലീഗില്‍ നാളെ ധാരാളം മല്‍സരങ്ങളാണുളളത്. അവ ഇപ്രകാരം: അല്‍മേരിയ-സ്‌പോര്‍ട്ടിംഗ് ഗിജോണ്‍, അത്‌ലറ്റികോ ബില്‍ബാവോ-റയല്‍ ബെറ്റിസ്, അത്‌ലറ്റികോ മാഡ്രിഡ്-എസ്‌പാനിയോള്‍, ബാര്‍സിലോണ-വില്ലാ റയല്‍, ഗറ്റാഫെ-ഒസാസുന, മലാഗ-റേസിംഗ് സാന്‍ഡര്‍, റിക്രിയേറ്റീവോ ഹെലൂവ-ഡിപ്പോര്‍ട്ടീവോ, സെവിയെ-മയോര്‍ക്ക,വല്ലഡോളിഡ്-നുമാന്‍സിയ. ഇന്ന് റയല്‍ മാഡ്രിഡും വലന്‍സിയയും തമ്മിലുളള അങ്കമുണ്ട്.
ഇറ്റാലിയന്‍ ലീഗില്‍ ഇന്ന് നടക്കുന്ന മല്‍സരങ്ങളില്‍ ലാസിയോ ഉദിനസിനെയും സാംപദോറിയോ റെജീനയെയും നേരിടും. നാളെ പത്ത് മല്‍സരങ്ങളുണ്ട്.
ഗംഭീരം
ലോര്‍ഡ്‌സ്: കന്നിക്കാരന്‍ ഗ്രഹാം ഒനിയന്റെ ബൗളിംഗ് മികവില്‍ വിന്‍ഡീസിനെതിരായ ഒന്നാം ടെസ്‌റ്റില്‍ ഇംഗ്ലണ്ട് തകര്‍പ്പന്‍ വിജയം ഉറപ്പാക്കി. ഫോളോ ഓണ്‍ ചെയ്യുന്ന വിന്‍ഡീസിന്റെ മുന്‍നിരയെ തകര്‍ത്തിട്ട ഒനിയനും ഗ്രഹാം സ്വാനും വിസ്‌മയ വിജയമാണ് ടീമിന് സമ്മാനിക്കുന്നത്. രണ്ടാം ഇന്നിംഗ്‌സില്‍ അഞ്ച് വിക്കറ്റിന് 80 റണ്‍സ് എന്ന നിലയില്‍ തളര്‍ന്ന വിന്‍ഡീസിനായി അല്‍പ്പം പൊരുതിയത് വിലറ്റക്കാരായ നാഷും വിക്കറ്റ് കീപ്പര്‍ രാംദിനുമാണ്. ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്‌സില്‍ 377 റണ്‍സാണ് നേടിയത്. മറുപടിയില്‍ ഒന്നാം ഇന്നിംഗ്‌സില്‍ 150 റണ്‍സാണ് വിന്‍ഡീസ് നേടിയത്. തുടര്‍ന്നായിരുന്നു ഫോളോ ഓണ്‍.
1 comment:
കമാല്‍ക്കാ...
വായിച്ചു...
എല്ലാ മത്സരത്തിലും എക്കാലവും ഒരാള്‍ക്ക്
തന്നെ വിജയിക്കാനാവില്ല
എന്നൊരു പാഠമുണ്ടെന്ന് തോന്നി
അടുത്തിടെയുള്ള
ഓസിസിന്റെ കളി കാണുമ്പോള്‍....
Post a Comment