വോ.... ണീ
ഡര്‍ബന്‍: കണ്ട് പഠിക്കണം ജോണ്‍ ബുക്കാനനെ പോലുള്ളവര്‍ ഷെയിന്‍ വോണിനെ....! നായകന്‍ ധീരോദാത്തനും അതിപ്രതാപഗുണവാനുമാവുമ്പോള്‍ ടീം വിജയിക്കുന്നതിന്റെ ഉദാത്ത മാതൃകയാണ് രാജസ്ഥാന്‍ റോയല്‍സിനെ നയിക്കുന്ന വോണീ.... ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ആദ്യ സീസണില്‍ ഒരു പറ്റം അജ്ഞാതരുമായി വന്ന് കപ്പുമായി മടങ്ങിയ വോണ്‍ ആ അല്‍ഭുതം ആവര്‍ത്തിക്കുകയാണ്. ഒന്നുമില്ലായ്‌മയില്‍ നിന്നും വിജയങ്ങള്‍ സ്വന്തമാക്കാനുളള ധൈര്യവും കരുത്തുമാണ് മുംബൈ ഇന്ത്യന്‍സിനെതിരെ കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തിലും അദ്ദേഹം പ്രകടിപ്പിച്ചത്. മുംബൈ വിജയമുറപ്പിച്ച മല്‍സരത്തിലാണ് വോണ്‍ അതി നാടകീയമായി സ്വന്തം ടീമിന്റെ വിജയമുറപ്പിച്ചത്. മുനാഫ് പട്ടേലിന്റെ നിര്‍ണ്ണായകമായ അവസാന ഓവറില്‍ ജയിക്കാന്‍ കേവലം നാല് റണ്‍സായിരുന്നു മുംബൈക്ക് ആവശ്യം. പക്ഷേ സമ്മര്‍ദ്ദത്തില്‍ അടിപതറാതെ, സ്വന്തം താരങ്ങളെ ഓരോ പന്തിലും പ്രചോദിതരാക്കി, അവരിലെ മികവിനെ ചൂഷണം ചെയ്‌തുളള അസാമാന്യ പ്രകടനത്തില്‍ നായകന്‍ ടീമിനെ വിജയത്തേരിലേറ്റി. മുംബൈയുടെ അവസാന ബാറ്റ്‌സ്‌മാനായ ലാസിത് മാലിങ്കയെ റണ്ണൗട്ടാക്കി രാജസ്ഥാന്റെ വിജയമുറപ്പിച്ചത് വോണായിരുന്നു. മല്‍സരത്തില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടേതുള്‍പ്പെടെ നിര്‍ണ്ണായകമായ മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കി മാന്‍ ഓഫ് ദ മാച്ച് പട്ടവും അദ്ദേഹം സ്വന്തമാക്കി.
ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ മാറിമറിഞ്ഞ യഥാര്‍ത്ഥമായ 20:20 അനിശ്ചിതത്വത്തില്‍ കിംഗ്‌സ് മീഡിലെ കാണികളെ ശരിക്കും വിരൂന്നൂട്ടിയ മല്‍സരമായിരുന്നു റോയല്‍സും ഇന്ത്യന്‍സും തമ്മില്‍ നടന്നത്. ആദ്യം ബാറ്റ് ചെയ്‌ത റോയല്‍സ് നല്ല തുടക്കത്തിന് ശേഷം ഏഴ്‌് വിക്കറ്റില്‍ 145 റണ്‍സില്‍ നിയന്ത്രിക്കപ്പെട്ടു. തുടര്‍ന്ന് ബാറ്റേന്തിയ മുംബൈക്ക് പ്രതീക്ഷിച്ച വേഗതയില്‍ സ്‌ക്കോര്‍ബോര്‍ഡില്‍ മാറ്റങ്ങള്‍ വരുത്താനായില്ല. മുംബൈ ഇന്നിംഗ്‌സ് പതിനാല് ഓവര്‍ പിന്നിടൂമ്പോള്‍ വ്യക്തമായ മുന്‍ത്തൂക്കം റോയല്‍സിനായിരുന്നു. ഡ്വിന്‍ ബ്രാവോയും, ജെ.പി ഡുമിനിയും സനത് ജയസൂര്യയും അപ്പോഴേക്കും പുറത്തായിരുന്നു. പക്ഷേ പതിനഞ്ചാം ഓവറില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറും അഭിഷേക് നായരും കെട്ടുപൊട്ടിച്ചു. പക്ഷേ സച്ചിനെ പുറത്താക്കിയ വോണ്‍ സ്വന്തം ടീമിനെ മല്‍സരത്തിലേക്ക് തിരിച്ചു കൊണ്ടുവന്നു. അവസാന ഓവര്‍ എറിയാന്‍ മുനാഫ് പട്ടേലിനെ ചുമതലപ്പെടുത്തിയ വോണിന്റെ നീക്കവും ഗുണം ചെയ്‌തു. നാല് റണ്‍സില്‍ വിജയം ലഭിക്കുമായിരുന്ന മുംബൈ മൂന്ന് വിക്കറ്റുകള്‍ ഈ ഓവറില്‍ നഷ്ടമാക്കി.
പത്തൊമ്പതാം ഓവര്‍ എറിഞ്ഞത് ദക്ഷിണാഫ്രിക്കന്‍ സ്‌പിന്നറായ ജഹാന്‍ ബോത്തയായിരുന്നു. ഈ ഓവറില്‍ അഭിഷേക് നായര്‍ സിക്‌സര്‍ നേടിയതോടെ കാര്യങ്ങള്‍ മുംബൈ നിയന്ത്രണത്തിലായിരുന്നു. പക്ഷേ അടുത്ത പന്തില്‍ നായര്‍ റണ്ണൗട്ടായി. അപ്പോഴും ആറ് പന്തില്‍ നാല് റണ്‍സ് എന്ന ലക്ഷ്യത്തിലേക്ക് ധൈര്യത്തില്‍ മുംബൈക്ക് കളിക്കാമായിരുന്നു. പതിനെട്ടാം ഓവറില്‍ 14 റണ്‍സ് നല്‍കിയ മുനാഫ് പട്ടേലിന് ആത്മവിശ്വാസക്കുറവുണ്ടായിരുന്നു. അവസാന ഓവര്‍ പക്ഷേ അദ്ദേഹത്തിന് നല്‍കാന്‍ വോണി ധൈര്യം കാട്ടിയത് ക്രിസിലുളളത് വാലറ്റക്കാരായത് കൊണ്ടാണ്. ആദ്യ പന്തില്‍ മുനാഫ് റണ്‍ നല്‍കിയില്ല. ക്രീസിലുണ്ടായിരുന്ന ധവാല്‍ കുല്‍ക്കര്‍ണിക്ക് പന്ത് കാണാന്‍ തന്നെ കഴിഞ്ഞില്ല. രണ്ടാം പന്തില്‍ അദ്ദേഹം വിക്കറ്റിന് മുന്നില്‍ കുരുങ്ങി. പുതിയ ബാറ്റ്‌സ്‌മാനായ ചേതന്യ നന്ദ നേരിട്ട ആദ്യ പന്തില്‍ റണ്‍ നേടാന്‍ ശ്രമിച്ച് റണ്ണൗട്ടായി. യൂസഫ് പത്താന്റെ ത്രോ സ്റ്റംമ്പില്‍ പതിക്കുമ്പോള്‍ ബാറ്റ്‌സ്‌മാന്‍ വളരെ അകലെയായിരുന്നു. നാലാം പന്ത് നേരിട്ടത് ഹര്‍ഭജന്‍ സിംഗ്. പക്ഷേ സിംഗിള്‍ മാത്രമാണ് അദ്ദേഹത്തിന് നേടാനായത്. രണ്ട് പന്തില്‍ മൂന്ന് റണ്‍സ് എന്ന ഘട്ടത്തില്‍ പുതിയ ബാറ്റ്‌സ്‌മാന്‍ ലാസിത് മാലിങ്ക ക്രീസില്‍. ആത്മഹത്യാപരമായ മറ്റൊരു സിംഗിളിനുളള ശ്രമത്തില്‍ മാലിങ്കയും പുറത്തായപ്പോള്‍ സ്‌റ്റേഡിയത്തില്‍ റോയല്‍സിന്റെ ഉടമകളിലൊരാളായ ശില്‍പ്പാ ഷെട്ടി സ്വന്തം കാമുകനുമായി നൃത്തം ചവിട്ടുകയായിരുന്നു.
ബൗളിംഗില്‍, പ്രത്യേകിച്ച് റോയല്‍സിന്റെ സ്‌പിന്നര്‍മാര്‍ കാഴ്‌ച്ചവെച്ച പ്രകടനമായിരുന്നു അപാരം. 20 വര്‍ഷത്തിലധികമായി രാജ്യാന്തര ക്രിക്കറ്റ് കളിക്കുന്ന സനത് ജയസൂര്യയെയും സച്ചിന്‍ ടെണ്ടുല്‍ക്കറെയും കെട്ടിയിടുന്നതല്‍ സ്‌പിന്നര്‍മാരാണ് വിജയിച്ചത്. തുടര്‍ച്ചയായി 45 പന്തുകളില്‍ ബൗണ്ടറി പിറന്നില്ല. സഹികെട്ട് പന്തിനെ പ്രഹരിക്കാന്‍ സനത് ശ്രമിച്ചപ്പോള്‍ പന്ത് യൂസഫ് പത്താന്റെ കരങ്ങളിലെത്തി. സിദ്ധാര്‍ത്ഥ് ത്രിവേദിയുടെ പന്ത് തേര്‍ഡ്‌മാനിലേക്ക് കളിക്കാന്‍ ശ്രമിച്ച ഡുമിനി ക്ലീന്‍ ബൗള്‍ഡായി. യൂസഫ് പത്താനെതിരെ സിക്‌സര്‍ നേടിയ സച്ചിന്റെ ഇംഗീതം മനസ്സിലാക്കിയാണ് വോണ്‍ ത്രിവേദിയെ കൊണ്ടുവന്നത്. ഈ മാറ്റമാണ് ഫലം ചെയ്‌തതും. രവിന്ദു ജഡേജക്കെതിരെ സച്ചിന്‍ തുടര്‍ച്ചയായി മൂന്ന് ബൗണ്ടറികള്‍ പായിച്ചതോടെ മുംബൈക്‌് തിരിച്ചുവരാനുളള ആത്മവിശ്വാസമായി. പക്ഷേ അടുത്ത ഓവറില്‍ സച്ചിനെ വോണ്‍ വിക്കറ്റിന് മുന്നില്‍ കുരുക്കി.
നായകന്റെ കരുതതില്‍ ജയം നേടിയ റോയല്‍സ് ഇനി സെമി ഫൈനല്‍ ഉറപ്പാക്കാനുളള ശ്രമത്തിലാണ്. സെമിയില്‍ കളിക്കാന്‍ തന്റെ ടീമിന് കഴിയുമെന്നാണ് ധൈര്യത്തോടെ വോണ്‍ പറയുന്നത്. 12 മല്‍സരങ്ങളില്‍ നിന്നായി 13 പോയന്റാണ് നിലവിലെ ചാമ്പ്യന്മാര്‍ നേടിയിരിക്കുന്നത്. ഇനി രണ്ട് മല്‍സരങ്ങള്‍ കൂടി ബാക്കിനില്‍ക്കുന്നു.
മുംബൈക്ക് ആഘാതം
ഡര്‍ബന്‍: രാജസ്ഥാന്‍ റോയല്‍സില്‍ നിന്നേറ്റ ആഘാതം മുംബൈ ഇന്ത്യന്‍സിന്റെ സെമി ഫൈനല്‍ മോഹങ്ങള്‍ക്ക് കനത്ത ആഘാതമാവുന്നു. ചാമ്പ്യന്‍ഷിപ്പിന്റെ അവസാന നാലില്‍ സ്ഥാനം നേടാന്‍ സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ സംഘത്തിന് ഇനി അവശേഷിക്കുന്ന രണ്ട് മല്‍സരങ്ങളിലും വിജയിക്കണം. ചെന്നൈ സൂപ്പര്‍ കിംഗ്‌സും ഡല്‍ഹി ഡെയര്‍ഡെവിള്‍സുമാണ് അവരുടെ പ്രതിയോഗികള്‍.
ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും ഫോമില്‍ നില്‍ക്കുന്നവരാണ് ഡല്‍ഹിക്കാര്‍. പത്ത് മല്‍സരങ്ങളില്‍ നിന്ന് മാത്രമായി 16 പോയന്റുമായി വിരേന്ദര്‍ സേവാഗും ടീമും സെമി ഉറപ്പിച്ചിട്ടുണ്ട്. ഇവരെ തോല്‍പ്പിക്കാന്‍ സച്ചിന്റെ ടീം ഏറ്റവും മികച്ച പ്രകടനം തന്നെ നടത്തേണ്ടി വരും. ഇന്നത്തെ പ്രതിയോഗികള്‍ മഹേന്ദ്രസിംഗ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സാണ്. ഈ മല്‍സരത്തില്‍ ജയിക്കാനായാല്‍ മാത്രമാണ് ഡല്‍ഹിയെ പ്രതീക്ഷയോടെ നേരിടാനാവുക.
ബാറ്റിംഗില്‍ ഇത്രമാത്രം ആഴമുണ്ടായിട്ടും വലിയ സക്കോര്‍ നേടാന്‍ കഴിയുന്നതിലെ വീഴ്‌ച്ചയാണ് സച്ചിനെ നിരാശപ്പെടുത്തുന്നത്. റോയല്‍സിനെതിരായ മല്‍സരത്തല്‍ സച്ചിനും അഭിഷേക് നായരും ടീമിന്റെ വിജയം ഉറപ്പിച്ചതാണ്. പക്ഷേ അവസാന ഘട്ടത്തില്‍ ടീം പതറി. കനത്ത സമ്മര്‍ദ്ദത്തില്‍ അവസാന ഓവറില്‍ മൂന്ന് വിക്കറ്റുകളാണ് ടീം ബലി കഴിച്ചത്. ജയസൂര്യക്ക് ഇത് വരെ പ്രതീക്ഷിക്കപ്പെട്ട രീതിയില്‍ വലിയ സ്‌ക്കോര്‍ നേടാന്‍ കഴിഞ്ഞിട്ടില്ല. റോയല്‍സിനെതിരെ നാലാം നമ്പറിലാണ് ലങ്കന്‍ താരം കളിച്ചത്. ഈ പൊസിഷനിലും പന്തിനെ പ്രഹരിക്കുന്നതില്‍ സനത് പരാജയമായിരുന്നു. ഓപ്പണറുടെ റോളിലെത്തിയ ബ്രാവോക്കും പിഴച്ചു. ഡുമിനി മാത്രമാണ് ബാറ്റിംഗിലെ വിശ്വസ്‌തന്‍. അദ്ദേഹത്തിനും പിഴച്ചതാണ് റോയല്‍സിനെതിരായ മല്‍സരത്തില്‍ തോല്‍വിക്ക് കാരണമായത്.
നിലവിലുളള പോയന്റ്‌് ടേബിളില്‍ ഡല്‍ഹി, ചെന്നൈ, രാജസ്ഥാന്‍, ഡക്കാന്‍ എന്നിവര്‍ക്കാണ് സെമി സാധ്യതകള്‍. ഡല്‍ഹിക്ക് അടുത്ത മല്‍സരങ്ങള്‍ പ്രശ്‌നമല്ല. ചെന്നൈ ഇന്ന് മുംബൈയുമായി കളിക്കുന്നു. ഈ മല്‍സരത്തില്‍ ജയിക്കാനായാല്‍ അവര്‍ക്കും ധൈര്യത്തോടെ നീങ്ങാം. ഡക്കാന്‍ ഇന്ന് കൊല്‍ക്കത്തക്കാരുമായി കളിക്കുന്നുണ്ട്. ഈ മല്‍സരത്തില്‍ ജയിച്ചാല്‍ ഡക്കാനും മുന്നോട്ട് വരാനാവും.
ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ്, കിംഗ്‌സ് ഇലവന്‍ പഞ്ചാബ് എന്നിവര്‍ക്കും ഇനിയുളള എല്ലാ കളികളും ജീവന്മരണ പോരാട്ടങ്ങളായിരിക്കും.
പോന്‍ര് നില
1-ഡല്‍ഹി ഡെയര്‍ ഡെവിള്‍സ്-16
2- ചെന്നൈ സൂപ്പര്‍ കിംഗ്‌സ്-13
3-രാജസ്ഥാന്‍ റോയല്‍സ്-13
4-ഡക്കാന്‍ ചാര്‍ജേഴ്‌സ്-12
5-ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ്-12
6-മുംബൈ ഇന്ത്യന്‍സ്-11
7-കിംഗ്‌സ് ഇലവന്‍ പഞ്ചാബ്-10
8-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്-3
കപ്പില്‍ വിധി
ലണ്ടന്‍: ഇന്ത്യയില്‍ ഇന്ന് വിധി നിര്‍ണ്ണയ ദിനമാണ്. രാജ്യം ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്ന വിധിയെഴുത്തിന്റെ ദിനം. ഈ ദിനത്തിന് യൂറോപ്പിലും പ്രാധാന്യമുണ്ട്. വിവിധ യൂറോപ്യന്‍ ഫുട്‌ബോള്‍ ലീഗുകളിലെ അധിപന്മാര്‍ ആരാണെന്ന് ഇന്ന് അറിയാനാവും. ഇംഗ്ലണ്ടിലും ഇറ്റലിയിലും സ്‌പെയിനിലും ഇന്നും നാളെയുമായി നടക്കുന്ന മല്‍സരങ്ങളിലൂടെ ചാമ്പ്യന്മാരെ ഏറെക്കുറെ നിശ്ചയിക്കപ്പെടും. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന മല്‍സരത്തില്‍ ആഴ്‌സനലിനെതിരെ തോല്‍വി ഒഴിവാക്കിയാല്‍ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കപ്പ് നിലനിര്‍ത്താം. തട്ടുതകര്‍പ്പന്‍ പ്രകടനങ്ങളുമായി മുന്നേുന്ന റെഡ്‌സിന് ഇന്നത്തെ ഫോമില്‍ കപ്പ് നിലനിര്‍ത്തുക പ്രയാസമുളള ജോലിയല്ല. കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തില്‍ വിഗാനെ പരാജയപ്പെടുത്തിയ അലക്‌സ് ഫെര്‍ഗൂസന്റെ ടീമിന് പ്രശ്‌നം മല്‍സരം നടക്കുന്നത് ആഴ്‌സനലിന്റെ മൈതാനമായ എമിറേറ്റ്‌സ് സ്‌റ്റേഡിയത്തില്‍ എന്നത് മാത്രമാണ്. രണ്ടാം സ്ഥാനക്കാരായ ലിവര്‍പൂള്‍ ദുര്‍ബലരായ വെസ്റ്റ് ബ്രോവിച്ചുമായാണ് കളിക്കുന്നത്. ചെല്‍സിയുടെ പ്രതിയോഗികള്‍ ബ്ലാക്‌ബര്‍ണ്‍ റേവേഴ്‌സാണ്. ഇന്ന് കപ്പ് സ്വന്തമാക്കാനായാല്‍ മാഞ്ചസ്റ്ററിനെ മറ്റൊരു റെക്കോര്‍ഡ് കാത്തിരിക്കുന്നുണ്ട്. ഏറ്റവുമധികം തവണ പ്രീമിയര്‍ ലീഗ് കിരീടം നേടിയവരെന്ന ഖ്യാതി ഇപ്പോള്‍ ലിവര്‍പൂളിനാണ്. 18 തവണയാണ് അവര്‍ കപ്പില്‍ മുത്തമിട്ടത്. മാഞ്ചസ്റ്റര്‍ ഇതിനകം 17 തവണ കപ്പ് നേടിയിട്ടുണ്ട്.
സ്‌പാനിഷ് ലീഗില്‍ ബാര്‍സിലോണയുടെ മല്‍സരം നാളെയാണ്. എതിരാളികള്‍ മയോര്‍ക്ക. പക്ഷേ ആ മല്‍രത്തില്‍ പന്ത് തട്ടുന്നതിന് മുമ്പ് ചിലപ്പോള്‍ ബാര്‍സ ചാമ്പ്യന്മാരാവും. ഇന്ന് നടക്കുന്ന മല്‍സരത്തില്‍ വില്ലാ റയലിനെ തോല്‍പ്പിക്കുന്നതില്‍ റയല്‍ മാഡ്രിഡ് പരാജയപ്പെട്ടാല്‍ ബാര്‍സക്ക് കിരീടം ഉറപ്പിക്കാം. ഇറ്റലിയില്‍ ഇന്ന് ഇന്റര്‍ മിലാന് കളിയില്ല. പക്ഷേ ഇന്നത്തെ അങ്കത്തില്‍ ഉദിനസ് ഏ.സി മിലാനെ തോല്‍പ്പിച്ചാല്‍ നാളെ കളിക്കുന്ന ഇന്ററിന് കപ്പില്‍ മുത്തമിടാം.
ഓവന്‍ വിടുന്നല്ല
ലണ്ടന്‍: ഈ സീസണിന് ശേഷം ന്യൂകാസില്‍ യുനൈറ്റഡ് താരമായ മൈക്കല്‍ ഓവന്‍ കളി മതിയാക്കുമെന്ന വാര്‍ത്തകളില്‍ കഴമ്പില്ലെന്ന് ടീം കോച്ച് അലന്‍ ഷിയറര്‍ വ്യക്തമാക്കി. 29 കാരനായ ഇംഗ്ലീഷ് സ്‌ട്രൈക്കര്‍ പരുക്കിന്റെ പിടിയില്‍ കളി മറക്കുന്ന കാഴ്‌ച്ചയാണ് 2009 ന്റെ തുടക്കം മുതല്‍ ഫുട്‌ബോള്‍ ലോകം കണ്ടത്. ദേശീയ ടീമില്‍ നിന്ന് പുറത്തായ ഓവന് ന്യൂകാസിലിനായും മിന്നാന്‍ കഴിയുന്നില്ല. പ്രീമിയര്‍ ലീഗില്‍ ഇത്തവണ തരം താഴ്‌ത്തലിന്റെ വക്കിലാണ് ന്യൂകാസില്‍. കഴിഞ്ഞ ജനുവരി പത്തിന് ശേഷം പ്രീമിയര്‍ ലീഗില്‍ ഒരു ഗോള്‍ സ്വന്തമാക്കാന്‍ ഓവന് കഴിഞ്ഞിട്ടില്ല. നിര്‍ണ്ണായക മല്‍സരങ്ങളില്‍ പ്ലെയിംഗ് ഇലവനിലെ സ്ഥാനം പോലും അദ്ദേഹത്തിന് നഷ്ടമാവുന്നു. ലിവര്‍പൂളിനെതിരായ മല്‍സരത്തില്‍ ആദ്യ ഇലവനില്‍ ഓവനുണ്ടായിരുന്നില്ല. മിഡില്‍സ്‌ബോറോക്കെതിരായ മല്‍സരത്തില്‍ അദ്ദേഹം പകരക്കാരനായിരുന്നു. എന്നാല്‍ ഓവന്‍ കളി മതിയാക്കുന്നു എന്ന തരത്തിലുള്ള വാര്‍ത്തകളില്‍ അടിസ്ഥാനമില്ലെന്ന് അദ്ദേഹത്തിന്റെ ഏജന്റും വ്യക്തമാക്കിയിരിക്കുന്നത്. ന്യൂകാസില്‍ ഓവനുമായുള്ള കരാര്‍ പുതുക്കുമോ എന്ന കാര്യത്തിലും അനിശ്ചിതത്വമുണ്ട്.
കൂടുതല്‍ റിലീസ്
മുംബൈ: ദിപ്‌ദാസ് ഗുപ്‌ത, അഭിഷേക് ജുന്‍ജൂണ്‍ വാല, അമ്പാട്ട് റായിഡു, ഹേമാംഗ് ബദാനി, രോഹന്‍ ഗവാസ്‌ക്കര്‍, ഇബ്രാഹീം ഖലീല്‍ തുടങ്ങി അമ്പതോളം താരങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ലീഗ് (ഐ.സി.എല്‍) വിടാന്‍ തീരുമാനിച്ച് അധികൃതര്‍ക്ക് കത്ത് നല്‍കി. വിമത ലീഗില്‍ കളിക്കുന്ന താരങ്ങള്‍ക്ക് മുഖ്യധാരയിലേക്ക് തിരിച്ചുവരാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് നല്‍കിയ അവസരം ഉപയോഗപ്പെടുത്താനായി നൂറോളം താരങ്ങളാണ് രംഗത്ത് വന്നിരിക്കുന്നത്. ഐ.സി.എല്ലുമായുളള കരാര്‍ പുതുക്കാന്‍ താല്‍പ്പര്യമില്ലാത്തവര്‍ സ്വന്തം അപേക്ഷകള്‍ മെയ് 15നകം നല്‍കണമെന്നാണ് ഐ.സി.എല്‍ ഭാരവാഹികള്‍ പറഞ്ഞത്. ആ സമയം ഇന്നലെ കഴിഞ്ഞിരിക്കുന്നു. 85 ദേശീയ താരങ്ങളും 70 വിദേശ താരങ്ങളുമാണ് ഐ.സി.എല്‍ കരാറിലുളളവര്‍. ഐ.സി.എല്ലുമായുളള ബന്ധം വിഛേദിക്കാന്‍ ക്രിക്കറ്റ് ബോര്‍ഡ് നല്‍കിയിരിക്കുന്ന സമയം മെയ് 31 വരെയാണ്.
മഴ തടസ്സം
ഡര്‍ഹം: ഇംഗ്ലണ്ടും വിന്‍ഡീസം തമ്മിലുളള രണ്ടാം ടെസ്‌റ്റിന്റെ രണ്ടാം ദിനത്തില്‍ മഴയുടെ ഇടപെടല്‍. കനത്ത മഴയില്‍ രണ്ടാം ദിവസം ആദ്യ രണ്ട് സെഷനുകള്‍ മഴ മൂലം തടസ്സപ്പെട്ടു. ആദ്യദിനം രണ്ട് വിക്കറ്റിന് 302 റണ്‍സ് എന്ന തകര്‍പ്പന്‍ സ്‌ക്കോറാണ് ഇംഗ്ലണ്ട് നേടിയത്. പുറത്താവാതെ 126 റണ്‍സുമായി അലിസ്റ്റര്‍ കുക്ക് ക്രീസിലുണ്ട്. 108 റണ്‍സ് നേടിയ രവി ബോപ്പാരയാണ് പുറത്തായത്. ആദ്യ ടെസ്റ്റില്‍ പത്ത് വിക്കറ്റിന്റെ വിജയം നേടിയ ഇംഗ്ലണ്ട് പരമ്പരയില്‍ മുന്നിട്ട് നില്‍ക്കുകയാണ്.
No comments:
Post a Comment