റെഡി
മെല്‍ബണ്‍: 20:20 ലോകകപ്പിനുള്ള ഓസ്‌ട്രേലിയന്‍ സംഘത്തില്‍ ആന്‍ഡ്ര്യൂ സൈമണ്ട്‌സും ബ്രെട്ട് ലീയും. ഇന്നലെ പ്രഖ്യാപിക്കപ്പെട്ട പതിനഞ്ചംഗ സംഘത്തില്‍ ഇവരെ കൂടാതെ പുതിയ തട്ടുപൊളിപ്പന്‍ ബാറ്റ്‌സ്‌മാന്‍ ഡേവിഡ് വാര്‍ണറും ഷെയിന്‍ വാട്ട്‌സണുമെല്ലാമുണ്ട്. റിക്കി പോണ്ടിംഗ് നയിക്കുന്ന സംഘത്തിലെ അംഗങ്ങള്‍ ഇവരാണ്: മൈക്കല്‍ ക്ലാര്‍ക്ക് (വൈസ് ക്യാപ്‌റ്റന്‍), നതാന്‍ ബ്രാക്കന്‍, ബ്രാഡ് ഹാദ്ദീന്‍, നതാന്‍ ഹൗറിറ്റ്‌്‌സ്, ബെന്‍ ഹില്‍ഫാന്‍ഹസ്, ജെയിംസ് ഹോപ്‌സ്, ഡേവിഡ് ഹസി, മൈക് ഹസി, മിച്ചല്‍ ജോണ്‍സണ്‍, ബ്രെട്ട് ലീ, പീറ്റര്‍ സിഡില്‍, ആന്‍ഡ്ര്യൂ സൈമണ്ട്‌സ്, ഡേവിഡ് വാര്‍ണര്‍, ഷെയിന്‍ വാട്ട്‌സണ്‍. അച്ചടക്ക നടപടികളെ തുടര്‍ന്ന് പലവട്ടം ടീമില്‍ നിന്ന് പുറത്തായ സൈമണ്ട്‌സിന് ഈയിടെ പാക്കിസ്‌താനെതിരെ ദുബായില്‍ നടന്ന പരമ്പരയിലെ പ്രകടനമാണ് തുണയായത്. തന്റേതായ ദിവസങ്ങളില്‍ ടീമിനെ സ്വന്തം നിലയില്‍ വിജയിപ്പിക്കാന്‍ കഴിയുന്ന താരമാണ് സൈമണ്ട്‌സെന്ന് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ആന്‍ഡ്ര്യൂ ഹിഡിച്ച് വ്യക്തമാക്കി. ബ്രെട്ട് ലീ പരുക്കില്‍ നിന്നും പൂര്‍ണ്ണനായും മോചനം നേടിയിട്ടുണ്ട്. വാട്ട്‌സന്റെ പരുക്ക് ഗുരുതരമല്ലെന്നും ചെയര്‍മാന്‍ അറിയിച്ചു. സ്‌പിന്നര്‍മാര്‍ക്ക് ഇംഗ്ലണ്ടില്‍ ലഭിക്കുന്ന ആനുകൂല്യം ഉപയോഗപ്പെടുത്താനാണ് നതാന്‍ ഹൗറിറ്റ്‌സിനെ ഉള്‍പ്പെടുത്തിയത്. പേസ് നിരക്ക് മിച്ചല്‍ ജോണ്‍
സണും പീറ്റര്‍ സിഡിലും നേതൃത്ത്വം നല്‍കും. ഡേവിഡ് വാര്‍ണര്‍, ഡേവിഡ് ഹസി എന്നിവര്‍ നാളെയുടെ താരങ്ങളാണെന്നും ചെയര്‍മാന്‍ അവകാശപ്പെട്ടു.
പ്രഷര്‍
ലോര്‍ഡ്‌സ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി മിന്നാന്‍ കഴിയാത്ത സമ്മര്‍ദ്ദത്തില്‍ ഇംഗ്ലണ്ടിലേക്ക് മടങ്ങിയ വിന്‍ഡീസ് നായകന്‍ ക്രിസ് ഗെയിലിനെ ക്രിക്കറ്റിന്റെ മക്കയില്‍ കാത്തിരിക്കുന്നത് അതിലും വലിയ സമ്മര്‍ദ്ദം. ഇന്ന് ഇംഗ്ലണ്ടിനെതിരെ ആരംഭിക്കുന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ടീമിനെ നയിച്ചിറങ്ങുന്ന ഗെയിലിന് പെര്‍ഫോം ചെയ്യാന്‍ കഴിയാത്തപക്ഷം വിമര്‍ശക കൂരമ്പുകളെ നേരിടേണ്ടി വരും. ഒരു ടെസ്റ്റ് മല്‍സരത്തിന്റെ ഇരുപത്തിനാലാം മണിക്കൂറിലാണ് ക്യാപ്‌റ്റന്‍ ടീമിനൊപ്പം ചേര്‍ന്നിരിക്കുന്നത്. ഗെയില്‍ വൈകിയതിലുളള തന്റെ അസംതൃപ്‌തി കോച്ച് ജോണ്‍ ഡൈസണ്‍ പരസ്യമായി പ്രകടിപ്പിച്ചിട്ടുണ്ട്. ഇന്ന് തിളങ്ങാന്‍ കഴിയാത്തപക്ഷം ഗെയിലിലും സമ്മര്‍ദ്ദം ഇരട്ടിക്കും. ഐ.പി.എല്ലില്‍ കൊല്‍ക്കത്തക്കായി കളിച്ച ഗെയില്‍ മൂന്ന് ദിവസം മുമ്പ് ടീമിനൊപ്പം ചേരേണ്ടതായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് രണ്ട് നാള്‍ കൂടി ദക്ഷിണാഫ്രിക്കയില്‍ തങ്ങാന്‍ വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് അനുമതി നല്‍കുകയായിരുന്നു.
സ്‌പോര്‍ട്‌സ് ശില്‍പ്പശാല
കോഴിക്കോട്: സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലും കാലിക്കറ്റ് പ്രസ്സ് ക്ലബും സംഘടിപ്പിക്കുന്ന ദ്വിദിന സ്‌പോര്‍ട്‌സ് വര്‍ക്ക്‌ഷോപ്പ് 30,31 തിയ്യതികളല്‍ കാപ്പാടെ ബീച്ച് റിസോര്‍ട്ടില്‍ നടക്കും. കായിക പത്രപ്രവര്‍ത്തന രംഗത്തെ കുലപതിമാരായിരുന്ന വിംസി, കെ.കോയ, കെ.പി.ആര്‍ കൃഷ്‌ണന്‍ എന്നിവരെ ആദരിക്കും. സ്‌പോര്‍ട്‌സ് മന്ത്രി എം. വിജയുമാര്‍ ഉദ്‌ഘാടനം ചെയ്യുന്ന വര്‍ക്ക്‌ഷോപ്പില്‍ കെ.എന്‍ ആര്‍ നമ്പൂതിരി, വി.രാജഗോപാല്‍, ഏ.എന്‍ രവീന്ദ്രദാസ്, എ. വിനോദ്, കമാല്‍ വരദൂര്‍ തുടങ്ങിയവര്‍ ക്ലാസുകളെടുക്കും. സംഘാടക സമിതി യോഗത്തില്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് ടി.പി ദാസന്‍ അദ്ധ്യക്ഷനായിരുന്നു.
റോയല്‍ റോയല്‍സ്
ഡര്‍ബന്‍: ടോസ് നേടിയിട്ടും ബൗളിംഗ് തെരഞ്ഞെടുക്കാനുള്ള യുവരാജ് സിംഗിന്റെ തീരുമാനമാണ് കിംഗ്‌സ് ഇലവന് തിരിച്ചടിയായത്. ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് അനുകൂലമാണ് കാര്യങ്ങള്‍ എന്ന് മനസ്സിലാക്കി യുവി നടത്തിയ ചൂതാട്ടത്തില്‍ പക്ഷേ ഗ്രയീം സ്‌മിത്തും നമാന്‍ ഒജയും അരങ്ങ് തകര്‍ക്കുകയായിരുന്നു. സ്‌പിന്നര്‍ രമേഷ് പവാറിനായിരുന്നു ക്യാപ്‌റ്റന്‍ പുതിയ പന്ത് നല്‍കിയത്. ആദ്യ ഓവറില്‍ പിറന്നത് 20 റണ്‍സ്. ഈ തുട
ക്കമാണ് റോയല്‍സ് രാജകീയമായി പ്രയോജനപ്പെടുത്തിയത്. ചാമ്പ്യന്‍ഷിപ്പില്‍ ഇതാദ്യമായി കളിക്കുന്ന ശ്രീശാന്തിനെ ബഹുമാനിച്ച റോയല്‍സ് ബാറ്റ്‌സ്‌മാന്മാര്‍ മറ്റെല്ലാവരെയും കശക്കുകയായിരുന്നു. ആദ്യ സ്‌പെല്‍ മനോഹരമാക്കിയ ശ്രീശാന്തിനെ പക്ഷേ അവസാനത്തില്‍ ഒജയും ജഡേജയും ഇല്ലാതാക്കി. 23 റണ്‍സാണ് കേരളാ താരത്തിന്റെ അവസാന ഓവറില്‍ റോയല്‍സ് വാരിക്കൂട്ടിയത്.
സ്വപ്‌നില്‍ അസനോദ്‌കര്‍ക്ക് പകരം ടീമിന്റെ ഓപ്പണറായി ഗ്രയീം സ്‌മിത്തിനൊപ്പം കളിച്ച ഒജ മനോഹരമായ പ്രകടനമാണ് നടത്തിയത്. നിലവിലെ ചാമ്പ്യന്മാരായ റോയല്‍സിന് ഇത്തവണ വലിയ ആഘാതമായത് ഓപ്പണിംഗിലെ തകര്‍ച്ചയായിരുന്നു. പലരെയും പരീക്ഷിച്ചിട്ടും ടീമിന് നല്ല തുടക്കം നല്‍കാന്‍ ആര്‍ക്കും കഴിഞ്ഞിരുന്നില്ല. പക്ഷേ ഇന്നലെ ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍മാര്‍ ചേര്‍ന്ന് 20 റണ്‍സ് നേടിയപ്പോള്‍ സീസണിലെ ഏറ്റവും മികച്ച ഓപ്പണിംഗാണ് ടീമിന് ലഭിച്ചത്.
ഫീല്‍ഡിംഗ് നിയന്ത്രണമുളള തുടക്ക ഓവറുകളില്‍ കൂറ്റന്‍ ഷോട്ടുകള്‍ പായിച്ച ഒജ സ്‌പിന്നര്‍മാര്‍ക്ക് നേരെയാണ് കാര്യമായ ആക്രമണം അഴിച്ചുവിട്ടത്. ഐ.പി.എല്ലിലെ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമനായ യൂസഫ് അബ്ദുല്ലക്കും കാര്യമായ പ്രഹരമേറ്റു. മല്‍സരം പത്ത് ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റ് പോവാതെ 92 റണ്‍സായിരുന്നു റോയല്‍സിന്റെ സ്‌ക്കോര്‍. ഇടവേളക്ക് ശേഷം സാധാരണ ടീമുകള്‍ തളരാറുണ്ട്. പക്ഷേ സ്‌മിത്തും ഒജയും ആക്രമണം തുടര്‍ന്നു. ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരായ മല്‍സരത്തില്‍ പ്രതിരോധാത്മക ക്രിക്കറ്റ് കാഴ്‌ച്ചവെച്ച സ്‌മിത്ത് ഇവിടെ തുടക്കം മുതല്‍ ആക്രമണത്തിലായിരുന്നു. രമേഷ് പവാര്‍ എറിഞ്ഞ പതിനൊന്നാം ഓവറില്‍ ക്രിസ് വിട്ട് പറത്തിയ സിക്‌സറായിരുന്നു സ്‌മിത്തിന്റെ ഇന്നിംഗ്‌സിലെ ഏറ്റവും മികച്ച ഷോട്ട്. 51 പന്തില്‍ നിന്ന് അഞ്ച് വീതം സിക്‌സറുകളും ബൗണ്ടറികളും സ്വന്തമാക്കി 68 റണ്‍സുമായി കരിയറിലെ മികച്ച പ്രകടനമാണ് ഒജ നടത്തിയത്. പക്ഷേ റോയല്‍സിന്റെ ആദ്യ വിക്കറ്റ് സ്‌മിത്തിന്റെ രൂപത്തിലാണ് നിലംപതിച്ചത്. 44 പന്തുകള്‍ മാത്രം നേരിട്ട് 77 റണ്‍സ് സ്വന്തമാക്കുന്നതിനിടെ ദക്ഷിണാഫ്രിക്കന്‍ നായകന്‍ 12 തവണയാണ് പന്തിനെ അതിര്‍ത്തി കടത്തിയത്. സ്‌മിത്തിന് പകരം വന്നത് കൂറ്റനടിക്കാരനായ യൂസഫ് പത്താനായിരുന്നു. ഏഴ് പന്തുകളാണ് യൂസഫ് കളിച്ചത്. തുടക്കത്തില്‍ ഒരു സിക്‌സര്‍, അതിന് പിറകെ ബൗണ്ടറി. അടുത്ത പന്തില്‍ പുറത്ത്. സ്‌ക്കോര്‍നിരക്ക് ഗണ്യമായി ഉയരവെ ഒജക്കൊപ്പമെത്തിയ രവിന്ദു ജഡേജ 12 പന്തില്‍ നിന്ന് 33 റണ്‍സുമായി സ്‌ക്കോര്‍ 200 കടത്തി. ഈ ഐ.പി.എല്‍ സീസണില്‍ ഒരു ടീമിന്റെ ഏറ്റവും ഉയര്‍ന്ന സ്‌ക്കോറാണ് റോയല്‍സ് സ്വന്തമാക്കിയത്.
കിംഗ്‌സ് ബൗളര്‍മാരില്‍ എല്ലാവരും ശിക്ഷിക്കപ്പെട്ടു. ആദ്യ ഓവര്‍ എറിഞ്ഞ പവാര്‍ മൂന്ന് ഓവറില്‍ 33 റണ്‍സ് വഴങ്ങിയപ്പോള്‍ ഇര്‍ഫാന്‍ ഓരോവറില്‍ പത്ത് റണ്‍ വീതമാണ് നല്‍കിയത്. ശ്രീശാന്തിന് നല്ല തുടക്കം ലഭിച്ചു. പക്ഷേ അവസാനത്തില്‍ നിറം മങ്ങി. യൂസഫ് അബ്ദുല്ല മൂന്ന് ഓവറില്‍ 33 റണ്‍സ് നല്‍കിയപ്പോള്‍ ചാവ്‌ലക്കും അടികിട്ടി.
വിജയിക്കന്‍ ഓവറില്‍ പത്ത് റണ്‍സിലധികം ആവശ്യമായിരുന്ന കിംഗ്‌സിന്റെ തുടക്കം അതിദയനീയമായിരുന്നു. ആദ്യ പന്തില്‍ തന്നെ ഓപ്പണര്‍ സോഹല്‍ പൂജ്യനായി പുറത്ത്. അനിരുദ്ധ് സിംഗിന്റെ പന്തില്‍ വോണിന് ഫീല്‍ഡിംഗ് പ്രാക്ടീസ് നല്‍കിയാണ് ഓപ്പണര്‍ തിരിഞ്ഞുനടന്നത്. നാല് പന്തുകള്‍ മാത്രം നേരിട്ട ഗോയലും പെട്ടെന്ന് പുറത്തായി. സ്‌ക്കോര്‍ 25 ല്‍ നില്‍ക്കുമ്പോള്‍ ത്രിവേദിയുടെ പന്തില്‍ സൈമണ്‍ കാറ്റിച്ചും പുറത്ത്. പിന്നെ പ്രതീക്ഷകളത്രയും സങ്കക്കാരയിലായിരുന്നു. പക്ഷേ യൂസഫ് പത്താന്‍ സങ്കയെ നിലയുറപ്പിക്കാന്‍ അനുവദിച്ചില്ല. 11 പന്തില്‍ 9 റണ്‍സുമായി മഹേല ജയര്‍ദ്ധനയും പുറത്തായതോടെ തോല്‍വി ഉറപ്പായി. ആദ്യ പത്ത് ഓവറുകള്‍ പിന്നിടുമ്പോള്‍ സ്‌ക്കോര്‍ അഞ്ച് വിക്കറ്റിന് 53 റണ്‍സായിരുന്നു. ക്രീസിലുള്ള യുവരാജ് സിംഗിലായി എല്ലാ പ്രതീക്ഷകളും. അതിനിടെ 19 റണ്‍സുമായി ഇര്‍ഫാനും ആറ് റണ്‍സുമായി പിയുഷും പുറത്തായി. യുവരാജ് പോരാട്ടം തുടരവെ ഓവറുകള്‍ അവസാനി്‌കുകയായിരുന്നു.
പോയന്റ് നില
1-ചെന്നൈ സൂപ്പര്‍ കിംഗ്‌സ്-9
2-രാജസ്ഥാന്‍ റോയല്‍സ്-9
3-ഡല്‍ഹി ഡെയര്‍ഡെവിള്‍സ്-8
4-ഡക്കാന്‍ ചാര്‍ജേഴ്‌സ്-8
5-ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ്-8
6-കിംഗ്‌സ് ഇലവന്‍ പഞ്ചാബ്-8
7-മുംബൈ ഇന്ത്യന്‍സ്-7
8-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്-3
സംശയം
ഡര്‍ബന്‍: രാജസ്ഥാന്‍ റോയല്‍സിന്റെ സംഘത്തില്‍ കമറാന്‍ ഖാന്‍ എന്ന പുത്തന്‍ സീമറെ ഇനി തല്‍ക്കാലം കാണില്ല. സംശയകരമായ ബൗളിംഗ് ആക്ഷന്റെ പേരില്‍ അദ്ദേഹത്തെ രണ്ടാഴ്‌ച്ചകാലത്തെ പുനരധിവാസത്തിന് ഐ.പി.എല്‍ ടെക്‌നിക്കല്‍ കമ്മിറ്റി ശുപാര്‍ശ ചെയ്‌തിരിക്കയാണ്. ഏപ്രില്‍ 30ന് സെഞ്ചൂറിയനില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ മല്‍സരത്തിനിടെയാണ് കമറാന്റെ ബൗളിംഗ് ആക്ഷനില്‍ അമ്പയര്‍മാരായ റൂഡി കോയര്‍ട്‌സണും ഗാരി ബാക്‌സ്‌റ്ററും സംശയം പ്രകടിപ്പിച്ചത്. ഐ.പി.എല്‍ ടെക്‌നിക്കല്‍ കമ്മിറ്റി അംഗങ്ങളായ സുനില്‍ ഗവാസ്‌ക്കറും രവിശാസ്‌ത്രിയും ലളിത് മോഡിയും അമ്പയര്‍മാരുടെ റിപ്പോര്‍ട്ട്‌് അംഗീകരിക്കുകയും കമറാനെ പുനരധിവാസത്തിന് നിയോഗിക്കുകയുമായിരുന്നു. ഉത്തര്‍ പ്രദേശിലെ അസംഗറില്‍ നിന്നുളള പാവപ്പെട്ട കുടുബാംഗമാണ് കമറാന്‍. ആറ് വിക്കറ്റുകളാണ് ഇതിനകം അദ്ദേഹം സ്വന്തമാക്കിയത്.
ബാര്‍സ പരുക്കില്‍
ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനല്‍ രണ്ടാം പാദത്തില്‍ ഇന്ന് സ്റ്റാഫോര്‍ഡ് ബ്രിഡ്‌ജില്‍ ചെല്‍സിയെ നേരിടുന്ന ബാര്‍സിലോണ പരുക്കിന്റെ പിടിയില്‍. രണ്ട് ദിവസം മുമ്പ് സ്‌പാനിഷ് ലീഗില്‍ ബദ്ധ വൈരികളായ റയല്‍ മാഡ്രിഡിന്റെ വലയില്‍ ആറ് ഗോളുകള്‍ നിക്ഷേപിച്ച സൂപ്പര്‍ സംഘത്തിലെ പലരും ഇന്നത്തെ നിര്‍ണ്ണായക അങ്കത്തില്‍ കളിക്കുന്ന കാര്യം സംശയത്തിലാണ്. മുന്‍നിരക്കാരനായ തിയറി ഹെന്‍ട്രി ഇന്നലെ കാല്‍മുട്ടിലെ വേദന കാരണം പരിശീലനത്തിനുണ്ടായിരുന്നില്ല. ഇന്നത്തെ നിര്‍ണ്ണായക അങ്കത്തില്‍ ഫ്രഞ്ചുകാരന്‍ കളിക്കുന്ന കാര്യം സംശയത്തിലാണ്. സസ്‌പെന്‍ഷന്‍ കാരണം രണ്ട് പ്രബല പിന്‍നിരക്കാരെ ഇന്ന് ബാര്‍സക്ക് സ്വന്തം നിരയില്‍ അണിനിരത്താന്‍ കഴിയില്ല. കാര്‍ലോസ് പുയോളും റാഫേല്‍ മാര്‍ക്കസുമാണ് പുറത്തിരിക്കാന്‍ വിധിക്കപ്പെട്ടവര്‍. ഇവര്‍ക്ക് പകരം ഉറുഗ്വേക്കാരനായ മാര്‍ട്ടിന്‍ കാര്‍കസും മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ മുന്‍താരമായ ജെറാര്‍ഡ് പികും കളിക്കാനാണ് സാധ്യത. ലെഫ്‌റ്റ് ബാക് സ്ഥാനത്ത് എറിക് അബിദാലും മധ്യനിരയില്‍ യായ ടൂറിനെയും കളിപ്പിക്കാന്‍ കോച്ച് പെപ് ഗുര്‍ഡിയോള ആലോചിക്കുന്നുണ്ട്.
ചെല്‍സി നിരയില്‍ മുന്‍നിരക്കാരന്‍ നിക്കോളാസ് അനേല്‍ക്ക ഇത്തവണയും റിസര്‍വ് ബെഞ്ചിലായിരിക്കും. മൈക്കല്‍ ബലാക്, ആഷ്‌ലി കോള്‍ എന്നിവര്‍ പരുക്കില്‍ നിന്ന് മുക്തരായിട്ടുണ്ട്. ആദ്യ പാദത്തിലെ ഗോള്‍രഹിത സമനിലയില്‍ മിന്നിയത് ബാര്‍സയായിരുന്നു. പക്ഷേ നുവോ കാംമ്പിലെ മല്‍സരത്തില്‍ ഒരു ഗോള്‍ സ്‌ക്കോര്‍ ചെയ്യാന്‍ കഴിയാതിരുന്നത് സൂപ്പര്‍ നിരക്ക് ക്ഷീണമായി. ഇന്നത്തെ മല്‍സരം സ്വന്തം മൈതാനത്ത് നടക്കുന്നതിനാല്‍ വിജയിക്കാമെന്ന പ്രതീക്ഷയിലാണ് ചെല്‍സിയുടെ നീലപ്പട. ഇന്ന് ചെല്‍സി ജയിക്കുന്നപക്ഷം ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ ഇംഗ്ലീഷ് അങ്കമായി മാറും.
ചാമ്പ്യന്‍സ് ലീഗില്‍ ബാര്‍സയും ചെല്‍സിയും മുഖാമുഖം വരുന്നത് ഇത് പത്താം തവയാണ്. അവസാന നല് മല്‍സരങ്ങളിലും ചെല്‍സിക്ക് മുന്നില്‍ ബാര്‍സ വിയര്‍ത്തിട്ടുണ്ട്. 2006 ഫെബ്രുവരിയിലാണ് ബാര്‍സ അവസാനമായി ചെല്‍സിയെ തോല്‍പ്പിച്ചത്.
No comments:
Post a Comment