Monday, May 25, 2009

VETERAN UTSAV

ജോഹന്നാസ്‌ബര്‍ഗ്ഗ്‌: ഡക്കാന്‍ ചാര്‍ജേഴ്‌സിന്റെ കീരീടനേട്ടത്തില്‍ അവസാനിച്ച ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇത്തവണ മിടുക്ക്‌ കാട്ടിയവര്‍ വെറ്ററന്മാര്‍....! രാജ്യാന്തര ക്രിക്കറ്റ്‌ വിട്ട ആദം ഗില്‍ക്രൈസ്‌റ്റും അനില്‍ കുംബ്ലെയും ഷെയിന്‍ വോണും മാത്യൂ ഹെയ്‌ഡനുമെല്ലാം മൈതാനത്ത്‌ വിസ്‌മയങ്ങളായി നിറഞ്ഞ്‌ നിന്നപ്പോള്‍ സീനിയര്‍ താരങ്ങളായ രാഹുല്‍ ദ്രാവിഡും ഹര്‍ഷല്‍ ഗിബ്‌സും ആന്‍ഡ്ര്യൂ സൈമണ്ട്‌സും ആര്‍.പി സിംഗും സ്വന്തം കരുത്ത്‌ തെളിയിച്ചു. യുവതാരങ്ങളാണ്‌ നിരാശ സമ്മാനിച്ചത്‌. ബാംഗ്ലൂര്‍ റോല്‍സിന്റെ മനീഷ്‌ പാണ്ഡെയെ മാറ്റിനിര്‍ത്തിയാല്‍ ചാമ്പ്യന്‍ഷിപ്പിന്റെ കണ്ടുപിടുത്തമായി വിശേഷിപ്പിക്കാന്‍ ആരുമുണ്ടായിരുന്നില്ല. രോഹിത്‌ ശര്‍മ്മയും പ്രഗ്യാന്‍ ഒജയും കാട്ടിയ മികവ്‌ മാത്രമാണ്‌ ലോകകപ്പിന്‌ ഒരുങ്ങുന്ന ഇന്ത്യന്‍ ക്യാമ്പിന്‌ ആശ്വസിക്കാനുളളത്‌.
പോയ വര്‍ഷത്തില്‍ അവസാന സ്ഥാനത്തേക്ക്‌ പിന്തളളപ്പെട്ടവരായ ഡക്കാനും ബാംഗ്ലൂരും ഇത്തവണ ഫൈനല്‍ കളിച്ചത്‌ തന്നെ സീനിയര്‍ താരങ്ങളുടെ പിന്‍ബലത്തിലാണ്‌. ഐ.പി.എല്‍ ആദ്യ സീസണില്‍ ഷെയിന്‍ വോണ്‍ നയിച്ച രാജസ്ഥാന്‍ റോയല്‍സ്‌ കിരീടം നേടിയത്‌ യുവതാരങ്ങളായ അസനോദ്‌കര്‍, യൂസഫ്‌ പത്താന്‍, സുഹൈല്‍ തന്‍വീര്‍ തുടങ്ങിയവരിലൂടെയായിരുന്നു. പക്ഷേ ഇത്തവണ വോണിന്റെ സംഘത്തില്‍ കുതികുതിപ്പ്‌ നടത്താന്‍ യുവനിരയിലെ ആര്‍ക്കുമായില്ല. ദക്ഷിണാഫ്രിക്കയിലെ പിച്ചുകളില്‍ സാഹചര്യം മനസ്സിലാക്കി കളിക്കാന്‍ യുവതാരങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ ഡക്കാന്റെ നേട്ടത്തില്‍ നിറഞ്ഞത്‌ സീനിയേഴ്‌സാണ്‌. സീനിയേഴ്‌സിനൊപ്പം നായകന്‍ ആദം ഗില്‍ക്രൈസ്‌റ്റിന്റെ തന്ത്രങ്ങളില്‍ വളര്‍ന്ന യുവതാരങ്ങളില്‍ ചിലര്‍ പ്രതീക്ഷ കാത്തതുമാണ്‌ അന്തിമ വിശകലനത്തില്‍ ടീമിന്‌ തുണയായത്‌.
20-20 ക്രിക്കറ്റെന്നാല്‍ പലപ്പോഴും ബാറ്റ്‌സ്‌മാന്മാരുടെ ക്രിക്കറ്റാണ്‌. പക്ഷേ ദക്ഷിണാഫ്രിക്കയിലെ മല്‍സരങ്ങളില്‍ ബൗളര്‍മാര്‍ക്കും വ്യക്തമായ ആധിപത്യം നിലനിര്‍ത്താനായി. ഫൈനല്‍ മല്‍സരത്തില്‍ പോലും ബാറ്റ്‌സ്‌മാന്മാരെക്കാള്‍ കരുതത്‌ പ്രകടിപ്പിച്ചത്‌ ബൗളര്‍മാരായിരുന്നു.
ഫൈനലിനെ വിലയിരുത്തുമ്പോള്‍ ഡക്കാന്റെ നേട്ടമായത്‌ ഹര്‍ഷല്‍ ഗിബ്‌സ്‌ എന്ന ഓപ്പണറാണ്‌. സാധാരണ ഗതിയില്‍ ഗിബ്‌സ്‌ ആക്രമണകാരിയാണ്‌. പന്തിനെ അതിവേഗം അതിര്‍ത്തി കടത്താനുളള തിടുക്കത്തില്‍ പലപ്പോഴും അദ്ദേഹത്തിന്‌ പിഴക്കാറുണ്ട്‌. ഫൈനലില്‍ പക്ഷേ ആദ്യ ഓവറില്‍ തന്നെ ഗില്‍ക്രൈസ്‌റ്റ്‌ പൂജ്യനായി പുറത്തായപ്പോള്‍ ഗിബ്‌സ്‌ നിലപാട്‌ മാറ്റി. ഈ മാറ്റമാണ്‌ ഡക്കാന്‍ ഇന്നിംഗ്‌സിന്‌ കരുത്തായതും. ഗില്‍ക്രൈസ്റ്റിനെ പുറത്താക്കാന്‍ വേണ്ടി മാത്രമായിരുന്നു കുംബ്ലെ പുതിയ പന്തില്‍ ആദ്യ ഓവര്‍ ബൗള്‍ ചെയ്‌തത്‌്‌. വളരെ നാടകീയമായി ഗില്ലിയെ പുറത്താക്കുന്നതില്‍ കുംബ്ലെ വിജയിക്കകയും ചെയ്‌തു.
ഗിബ്‌സ്‌ ഗില്‍ക്രൈസ്റ്റിന്റെ പാതയില്‍ പെട്ടെന്ന്‌ തിരിഞ്ഞു നടന്നിരുന്നെങ്കില്‍ കാര്യങ്ങളെ നിയന്ത്രിക്കാന്‍
ഡക്കാന്‌ കഴിയുമായിരുന്നില്ല. ഗില്ലിക്ക്‌ പകരം ക്രീസിലെത്തിയ സുമനും മറ്റുള്ളവര്‍ക്കും വഴി കാട്ടുന്ന പക്വമായ ഇന്നിംഗ്‌സായിരുന്നു ദക്ഷിണാഫ്രിക്കന്‍ താരത്തിന്റേത്‌. ഡക്കാന്‍ ടീമിന്‌ ചാമ്പ്യന്‍ഷിപ്പില്‍ പ്രശ്‌നമായത്‌ വ്യക്തമായ നയമില്ലായ്‌മയായിരുന്നു. ചാമ്പ്യന്‍ഷിപ്പിന്റെ തുടക്കത്തില്‍ കരുത്ത്‌ കാട്ടി, പിന്നെ മങ്ങി. എല്ലാ മല്‍സരങ്ങളിലും ആക്രമണമാണ്‌ ഏറ്റവും മികച്ച ആയുധമെന്ന്‌ തെറ്റിദ്ധരിച്ചതായിരുന്നു ടീമിനെ ബാധിച്ചത്‌. സാഹചര്യങ്ങളെ പഠിച്ച്‌ കളിക്കണമെന്ന സത്യം ടീമിന്‌ പകര്‍ന്നു നല്‍കാന്‍ കോച്ച്‌ ലെഹ്‌മാനായില്ല. പക്ഷേ സെമിയില്‍ ടീം കാര്യങ്ങള്‍ പഠിച്ചു. ഫൈനലില്‍ അത്‌ മറന്നതുമില്ല. ഗില്‍ക്രൈസ്റ്റ്‌ പുറത്തായപ്പോള്‍ ഗിബ്‌സ്‌ മാതൃകാതാരമായി. ബൗളര്‍മാര്‍ക്ക്‌ പിച്ചില്‍ നിന്നും ലഭിക്കുന്ന പിന്തുണ മനസ്സിലാക്കി കൂറ്റനടികള്‍ക്ക്‌ ഗിബ്‌സ്‌ ശ്രമിച്ചില്ല. നേരിട്ട മുപ്പത്തിനാലാമത്‌ പന്തില്‍ മാത്രമാണ്‌ അദ്ദേഹം വലിയ ഷോട്ടില്‍ സിക്‌സര്‍ നേടിയത്‌. പുറത്താവാതെ അര്‍ദ്ധശതകം സ്വന്തമാക്കിയ ഗിബ്‌സിന്റെ ഇന്നിംഗ്‌സിലെ വലിയ ഷോട്ട്‌ ഇത്‌ മാത്രമായിുന്നു.
ആന്‍ഡ്ര്യൂ സൈമണ്ട്‌സും മാതൃക കാട്ടി. എല്ലാ പന്തുകളെയും അദ്ദേഹം പ്രഹരിച്ചില്ല. രാഹുല്‍ ദ്രാവിഡ്‌ നല്‍കിയ ലൈഫ്‌ ഉപയോഗപ്പെടുത്തി മോശം പന്തുകളെ തെരഞ്ഞെടുത്ത്‌ പ്രഹരിക്കുന്നതില്‍ സൈമോ വിജയിച്ചു. ബാറ്റ്‌സ്‌മാാന്‍ എന്ന നിലയിലും ബൗളര്‍ എന്ന നിലയിലും സൈമോ വളരെ പക്വമതിയായിരുന്നു.
ബാറ്റ്‌സ്‌മാന്‍ എന്ന നിലയില്‍ ഗില്ലി പരാജയപ്പെട്ടിട്ടും അദ്ദേഹത്തിലെ നായകന്‍ തീര്‍ത്തും സാഹസീകനായി. നിരന്തരമായ ബൗളിംഗ്‌ മാറ്റങ്ങള്‍ മാത്രമല്ല, വിരാത്‌ കോഹ്‌ലിയെ പുറത്താക്കിയ സ്റ്റംമ്പിഗും ഗില്ലിയുടെ കരുത്തിനുളള തെളിവുകളായി. ഡക്കാന്‍ നിരയിലെ യുവതാരങ്ങളും സ്വന്തം സംഭാവനകള്‍ ടീമിന്‌ നല്‍കി. ഹര്‍മീത്‌ സിംഗ്‌ എന്ന പഞ്ചാബി സീമര്‍ തന്റെ ഏറ്റവും മികച്ച പ്രകടനം ഫൈനലിലേക്ക്‌ മാറ്റിവെച്ചത്‌ പോലെ തോന്നി. രാഹുല്‍ ദ്രാവിഡിനെ പുറത്താക്കിയത്‌ ഹര്‍മീതായിരുന്നു. പാഡില്‍ സ്വീപ്പിന്‌ ശ്രമിച്ച ദ്രാവിഡ്‌ ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു. ബാംഗ്ലൂരിന്റെ വാലറ്റ്‌ ബാറ്റ്‌സ്‌മാന്‍ വീനയ്‌ കുമാറിനെ പുറത്താക്കിയ തകര്‍പ്പന്‍ ക്യാച്ചും ഹര്‍മിതിന്റെ വകയായിരുന്നു. രോഹിത്‌ ശര്‍മ്മയാണ്‌ ഡക്കാന്‍ ബാറ്റിംഗ്‌ നിരയില്‍ സ്ഥിരത കാട്ടിയ യുവതാരം. ഫൈനലില്‍ കേമത്വം പ്രകടിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ബൗളര്‍ എന്ന നിലയില്‍ കൂടി തന്റെ വിശ്വാസ്യത തെളിയിക്കുന്നതില്‍ മുംബൈക്കാരന്‍ വിജയിച്ചു. പ്രഗ്യാന്‌ ഒജയും മോശമാക്കിയില്ല.
കുംബ്ലെ നായകനായ ശേഷം അവിശ്വസനീയമാം വിധം തിരിച്ചുവരവ്‌ നടത്തിയ ബാംഗ്ലൂര്‍ നിര്‍ഭാഗ്യത്തിനിരയായാണ്‌ ഫൈനലില്‍ അടിയറവ്‌ പറഞ്ഞത്‌. കുംബ്ലെയിലെ നായകനെ സമ്മതിക്കാത വയ്യ. ജയിക്കാന്‍ വേണ്ടി അവസാനം വരെ അദ്ദേഹം ശ്രമിച്ചിരുന്നു. ആദ്യം ബൗള്‍ ചെയ്യാന്‍ അവസരം ലഭിച്ചപ്പോള്‍ സ്വയം പുതിയ പന്തെടുത്തു. മൂന്നാം പന്തില്‍ തന്നെ അപകടകാരിയായ ഗില്‍ക്രൈസ്റ്റിനെ പുറത്താക്കി. ആന്‍ഡ്ര്യൂ സൈമണ്ട്‌സ്‌ അപകടം വിതറാന്‍ തുടങ്ങിയപ്പോഴും രക്ഷകനായത്‌ കുംബ്ലെ. 16 റണ്‍സ്‌ മാത്രം നല്‍കി നാല്‌ വിക്കറ്റുകളാണ്‌ അദ്ദേഹം നേടിയത്‌. പക്ഷേ നായകന്റെ കണക്ക്‌ക്കൂട്ടലുകള്‍ക്കൊപ്പം സഞ്ചരിക്കാന്‍ ബാറ്റ്‌സ്‌മാന്മാര്‍ക്കായില്ല. ജാക്‌ കാലിസ്‌, മനീഷ്‌ പാണ്ഡെ, രാഹുല്‍ ദ്രാവിഡ്‌, റോസ്‌ ടെയ്‌ലര്‍, വിരാത്‌ കോഹ്‌ലി, മാര്‍ക്‌ ബൗച്ചര്‍, റോബിന്‍ ഉത്തപ്പ തുടങ്ങിയ ബാറ്റ്‌സ്‌മാന്മാരെല്ലാമുണ്ടായിട്ടും 145 റണ്‍സ്‌ പിന്നിടാന്‍ ടീമിനായില്ല. ചാമ്പ്യന്‍ഷിപ്പിലെ അപകടകാരികളില്‍ ഒന്നാമന്‍ ടെയ്‌ലറായിരുന്നു. എതിര്‍ ബൗളര്‍മാരെ അനായാസം നേരിടുന്ന ന്യൂസിലാന്‍ഡുകാരന്‍ പുറത്തായതായിരുന്നു ഡക്കാന്‌്‌ കരുത്തായത്‌.
മല്‍സര ശേഷം സംസാരിക്കവെ ഡക്കാന്‍ നായകന്‍ ഗില്‍ക്രൈസ്റ്റ്‌ ഈ കാര്യം പറയുകയും ചെയ്‌തു. ഒരു മാസത്തെ ക്രിക്കറ്റ്‌ കാര്‍ണിവല്‍ സമ്മാനിച്ച ആവേശത്തിന്റെ പാരമ്യതയായിരുന്നു ന്യൂ വാണ്ടറേഴ്‌സ്‌ സ്റ്റേഡിയത്തിലെ ഫൈനല്‍. ടീമുകളില്‍ കൊല്‍ക്കത്തയാണ്‌ എല്ലാവരെയും നിരാശപ്പെടുത്തിയത്‌. മുംബൈയും രാജസ്ഥാനും പഞ്ചാബും സ്ഥിരതയില്‍ പിറകിലായി. കപ്പിലേക്ക്‌ നടന്നവരില്‍ മുന്‍പന്തിയിലായിരുന്ന ഡല്‍ഹിക്കാര്‍ക്ക്‌ നിര്‍ണ്ണായക ഘട്ടത്തില്‍ പിഴച്ചു. മഹേന്ദ്രസിംഗ്‌ ധോണിയുടെ ചെന്നൈക്കും ഇത്‌ തന്നെയാണ്‌ സംഭവിച്ചത്‌.

20 ചിന്തകള്‍
ജോഹന്നാസ്‌ബര്‍ഗ്ഗ്‌: 20:20 ക്രിക്കറ്റിന്റെ ആവേശം അതിന്റെ അനിശ്ചിതത്വമുഖമാണ്‌. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ എന്ന ആശയം ലളിത്‌ മോഡിയുടെ തലയില്‍ ഉദിച്ചപ്പോള്‍, ഷെയിന്‍ വോണും രാജസ്ഥാന്‍ റോയല്‍സും കപ്പില്‍ മുത്തമിടുമെന്ന്‌ ആരും പ്രതീക്ഷിച്ചിരുന്നില്ല. ഇത്തവണ എല്ലാവരും പറഞ്ഞത്‌ ഡല്‍ഹി ഡെയര്‍ഡെവിള്‍സ്‌ കപ്പുമായി മടങ്ങുമെന്നാണ്‌. പക്ഷേ സംഭവിച്ചതാവട്ടെ ഡക്കാന്‍ ചാര്‍ജേഴ്‌സിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ്‌. ആദ്യ സീസണിലെ അവസാന സ്ഥാനക്കാരായ ഡക്കാനും ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സുമാണ്‌ ഇത്തവണ ഫൈനല്‍ കളിച്ചത്‌ എന്നതും തികഞ്ഞ വിരോധാഭാസം.
വളരെ പക്വമായി കളിക്കുന്നവര്‍ക്കാണ്‌ 20-20 യില്‍ വിജയം എന്നതാണ്‌ അംഗീകരിക്കപ്പെട്ട വസ്‌തുത. പക്ഷേ അതും വാണ്ടറേഴ്‌സില്‍ വെറുതെയായി. പക്വമതികളായ അനില്‍ കുംബ്ലെയും രാഹുല്‍ ദ്രാവിഡും ജാക്‌ കാലിസുമെല്ലാം കളിച്ചത്‌ ബാംഗ്ലൂര്‍ സംഘത്തിലായിരുന്നു. അവര്‍ക്ക്‌ പക്ഷേ നിര്‍ണ്ണായക ഘട്ടത്തില്‍ പക്വത പ്രകടിപ്പിക്കാനായില്ല. രാഹുല്‍ ദ്രാവിഡ്‌ എന്ന സ്ലിപ്പ്‌ ഫീല്‍ഡര്‍ ക്യാച്ചിന്റെ കാര്യത്തില്‍ ലോക റെക്കോര്‍ഡുകാരനാണ്‌. പക്ഷേ ആന്‍ഡ്ര്യൂ സൈമണ്ട്‌സ്‌ നല്‍കിയ ഏറ്റവും വലിയ എളുപ്പ അവസരം നിലത്തിട്ടു. ബാറ്റ്‌സ്‌മാനായ ദ്രാവിഡ്‌ വെറുതെ റിവേഴ്‌സ്‌ സ്വീപ്പിന്‌ ശ്രമിച്ച്‌ വിക്കറ്റ്‌ ബലി നല്‍കി. ദ്രാവിഡിലെ പക്വമതിക്ക്‌്‌ പോലും പിഴച്ച കാഴ്‌ച്ചകളിലാണ്‌ ബാംഗ്ലൂര്‍ തോറ്റത്‌. കഴിഞ്ഞ തവണ രാജസ്ഥാന്‍ റോയല്‍സ്‌ കപ്പില്‍ മുത്തമിട്ടത്‌്‌ ചിലരുടെ വ്യക്തിഗത മികവിലായിരുന്നു. ഷെയിന്‍ വാട്ട്‌സണും യൂസഫ്‌ പത്താനും തന്‍വീര്‍ സുഹൈലുമെല്ലാം പ്രകടിപ്പിച്ച മികവിനൊപ്പം വോണിന്റെ നായകത്വവുമായപ്പോഴാണ്‌ റോയല്‍സ്‌ ജേതാക്കളായത്‌. ബാംഗ്ലൂര്‍ നിരയില്‍ വ്യക്തിഗത മികവുകാരുണ്ടായിരുന്നു. പക്ഷേ എല്ലാവരും സമ്മര്‍ദ്ദത്തില്‍ കളിച്ചു. സുന്ദരമായ തുടക്കമാണ്‌ കുംബ്ലെ ടീമിന്‌ നല്‍കിയത്‌. ഗില്‍ക്രൈസ്റ്റിനെ പൂജ്യത്തിന്‌ പുറത്താക്കിയതോടെ കളി പകുതി ജയിച്ചു എന്ന വിശ്വാസം പക്ഷേ അവരെ ചതിച്ചു. ഗില്ലിയെ പുറത്താക്കിയ ശേഷം ബൗളര്‍മാര്‍ അല്‍പ്പം ആലസ്യം പൂണ്ടു. സൈമണ്ട്‌സ്‌ അടിക്കാന്‍ തുടങ്ങിയതോടെ സമ്മര്‍ദ്ദമായി. ഈ സമ്മര്‍ദ്ദം ടീമിനെ അവസാനം വരെ വിടാതെ പിന്തുടര്‍ന്നു. അതേ സമയം ഡക്കാന്‍നിര ഗില്ലി തുടക്കത്തില്‍ പുറത്തായിട്ടും പതര്‍ച്ച പ്രകടിപ്പിച്ചില്ല. ഗിബ്‌സും സൈമണ്ട്‌സും പൊരുതി നിന്നു. ആര്‍.പി സിംഗ്‌ എന്ന സീമര്‍ അവസാന രണ്ട്‌്‌ നിര്‍ണ്ണായക ഓവറുകള്‍ എറിഞ്ഞത്‌ തന്നെ ഉദാഹരണം. പുഞ്ചിരിക്കുന്ന മുഖവുമായാണ്‌ ആര്‍.പി റോബിന്‍ ഉത്തപ്പക്കെതിരെ അവസാന പന്തുകള്‍ പായിച്ചത്‌.
സന്തുലിതമായ ടീമുകളുടെ കാര്യത്തില്‍ പോലും അനിശ്ചിതത്വം നിഴലിച്ചു. ഡല്‍ഹിയും ചെന്നൈയുമായിരുന്നു സന്തുലിതക്കാര്‍. ഈ രണ്ട്‌്‌ പേരും സെമി കളിച്ച്‌ പുറത്തായി. മികവല്ല, സാഹചര്യങ്ങളെ നേരിടുന്നതിലെ പക്വതയാണ്‌ വിജയഘടകമെന്ന്‌ ഇത്തവണയും ഐ.പി.എല്‍ തെളിയിച്ചു. ഇന്ത്യയില്‍ നിന്നും ഐ.പി.എല്‍ ദക്ഷിണാഫ്രിക്കയിലേക്ക്‌ പറിച്ചുനട്ടപ്പോള്‍ പിച്ചുകളിലെ ജീവന്‍ പ്രധാനമായിരുന്നു. അത്‌ മനസ്സിലാക്കി ബാറ്റ്‌സ്‌മാന്മാര്‍ക്കൊപ്പമുള്ള സ്ഥാനം ആദ്യ ഇലവനില്‍ ബൗളര്‍മാര്‍ക്ക്‌ നല്‍കുന്നതില്‍ പല ടീമുകളും പരാജയപ്പെട്ടു. ഷോട്ട്‌ പിച്ച്‌ പന്തുകള്‍ പായിക്കുന്ന ബൗളര്‍മാരാണ്‌ പലപ്പോഴും ഇവിടെ വിജയിച്ചത്‌. സുരേഷ്‌ റൈനയെ പോലുളളവര്‍ മികച്ച ഇന്നിംഗ്‌സുകള്‍ കളിച്ചു. പക്ഷേ ഷോട്ട്‌ പിച്ച്‌ പന്തുകള്‍ക്ക്‌ മുന്നില്‍ വിയര്‍ത്തു. 20-20 ക്ക്‌ പറ്റിയ താരമല്ല സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്ന്‌ പലരും പറഞ്ഞിരുന്നു. പക്ഷേ സച്ചിന്‍ ഏത്‌ ക്രിക്കറ്റും തനിക്ക്‌ വഴങ്ങുമെന്ന്‌ തെളിയിച്ചു. കൊല്‍ക്കത്തന്‍ നിരയിലെ വെറ്ററനായ സൗരവ്‌ ഗാംഗുലിയും ചില മികച്ച ഇന്നിംഗ്‌സുകളിലൂടെ സാന്നിദ്ധ്യം തെളിയിച്ചു.

ഒന്നാമന്‍ ആരാണ്‌....
റോം: ഇറ്റാലിയന്‍ ആസ്ഥാന നഗരം ഒരുങ്ങിയിരിക്കുന്നു.... യൂറോപ്പിലെ ചാമ്പ്യന്‍ ക്ലബിനെ കണ്ടെത്തുന്ന യുവേഫ ചാമ്പ്യന്‍സ്‌ ലീഗിന്റെ കലാശപ്പോരാട്ടം നാളെ ഇവിടെ നടക്കുകയാണ്‌. ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗിലെ മുടിചൂടാമന്നന്മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്‌ സ്‌പെയിനിലെ ജേതാക്കളായ ബാര്‍സിലോണയുമായി കളിക്കുമ്പോള്‍ അത്‌ ലോക സോക്കറിലെ രണ്ട്‌ അജയ്യരുടെ ബലാബലമായി മാറും. മാഞ്ചസ്‌റ്റര്‍ യുനൈറ്റഡിന്റെ സൂപ്പര്‍ താരവും ലോക ഫുട്‌ബോളറുമായ കൃസ്‌റ്റിയാനോ റൊണാള്‍ഡോയും ബാര്‍സിലോണയുടെ അശ്വമായ ലയണല്‍ മെസിയും തമ്മിലുള്ള അങ്കമായിട്ടാണ്‌ നാളത്തെ ഫൈനല്‍ വിശേഷിപ്പിക്കപ്പെടുന്നത്‌.
ഫിഫ ഫുട്‌ബോളര്‍ ഓഫ്‌ ദ ഇയര്‍ പട്ടത്തിനായുളള മല്‍സരത്തില്‍ പോയ വര്‍ഷം കൃസ്‌റ്റിയാനോക്ക്‌ മുന്നില്‍ മെസി അടിയറവ്‌ പറഞ്ഞത്‌ ചെറിയ മാര്‍ജിനിലായിരുന്നു. യുവേഫ ചാമ്പ്യന്‍സ്‌ ലീഗ്‌ ഫൈനലില്‍ മാഞ്ചസ്റ്ററിനെതിരെ മികച്ച പ്രകടനം നടത്താനായാല്‍ അത്‌ ഈ വര്‍ഷത്തെ ഫിഫാ പട്ടം സ്വന്തമാക്കാന്‍ തന്നെ സഹായിക്കുമെന്ന കാര്യത്തില്‍ മെസിക്ക്‌ സംശയില്ല. റോം ഫൈനല്‍ രണ്ട്‌ സൂപ്പര്‍ താരങ്ങള്‍ തമ്മിലുള്ള അങ്കമായിരിക്കും എന്ന ചീത്രീകരണത്തോട്‌്‌ മെസി യോജിക്കുന്നില്ല. ഇന്ന്‌ ലോക സോക്കറിലെ ഏറ്റവും മികച്ച രണ്ട്‌ ക്ലബുകളാണ്‌ മാഞ്ചസ്‌റ്ററും ബാര്‍സയും. രണ്ട്‌ പ്രബല ടീമുകള്‍ തമ്മില്‍ കളിക്കുമ്പോള്‍ തീര്‍ച്ചയായും മല്‍സരത്തിന്‌ അതിന്റേതായ പ്രസക്തിയുണ്ടാവുമെന്ന്‌ മെസി വിശദീകരിക്കുന്നു. പോയ വര്‍ഷം ഈ രണ്ട്‌ ടീമുകളും തമ്മില്‍ ചാമ്പ്യന്‍സ്‌ ലീഗില്‍ കണ്ട്‌ മുട്ടിയത്‌ സെമി ഫൈനലിലായിരുന്നു. ആ മല്‍സരത്തില്‍ ബാര്‍സ ഒരു ഗോളിന്‌ തോറ്റു. ആ തോല്‍വിക്ക്‌ പകരം വിട്ടാനുള്ള അവസരം തന്റെ ടീം ഉപയോഗപ്പെടുത്തുെമന്നാണ്‌ സൂപ്പര്‍ താരം പറയുന്നത്‌.
ഈ സീസണില്‍ ബാര്‍സക്ക്‌ മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞിട്ടുണ്ട്‌. സ്‌പാനിഷ്‌ ലീഗില്‍ കിരീടം ഉറപ്പാക്കിയ ടീം കോച്ചച്‌ പെപ്‌ ഗുര്‍ഡിയോളക്ക്‌ കീഴില്‍ ഒത്തൊരുമയോടെയാണ്‌ കളിക്കുന്നത്‌. സ്‌പാനിഷ്‌ കപ്പും സ്‌പാനിഷ്‌ ലീഗും അതിനൊപ്പം യുവേഫ ചാമ്പ്യന്‍സ്‌ ലീഗും സ്വന്തമാക്കുന്ന ആദ്യ സ്‌പാനിഷ്‌ ടീം എന്ന ഖ്യാതി സ്വന്തമാക്കാനാണ്‌ നാളെ ടീം റോമില്‍ ഇറങ്ങുന്നത്‌. അഞ്ച്‌ വര്‍ഷം മുമ്പാണ്‌ മെസി ബാര്‍സയിലെത്തുന്നത്‌. ഈ അഞ്ച്‌ വര്‍ഷ കാലയളവില്‍ തന്റെ ഏറ്റവും മികച്ച സീസണ്‍ ഇതാണെന്നാണ്‌ അദ്ദേഹം വീശദീകരിക്കുന്നത്‌. തുടക്കത്തില്‍ സ്‌പാനിഷ്‌ കപ്പ്‌ നേടാനായി. അതിന്‌ ശേഷം ലീഗ്‌ കിരീടം. ഇനി അവസാന ചാമ്പ്യന്‍ഷിപ്പായ ചാമ്പ്യന്‍സ്‌ ലീഗാണ്‌. നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ പരാജയപ്പെടുത്തി കപ്പ്‌ സ്വന്തമാക്കുക എളുപ്പമല്ല. പക്ഷേ ആത്മവിശ്വാസത്തോടെ കളിച്ചാല്‍ ഒന്നാമന്മാരാവാമെന്നാണ്‌ അര്‍ജന്റീനക്കാരന്‍ സമര്‍ത്ഥിക്കുന്നത്‌. 1992 ലും 2006 ലും വന്‍കരയിലെ മികച്ച ക്ലബായി തെരഞ്ഞെടുക്കപ്പെട്ട ബാര്‍സക്ക്‌ നാളത്തെ ഫൈനലില്‍ പല സൂപ്പര്‍ താരങ്ങളുടെയും സേവനം ലഭ്യമല്ല. ഫുള്‍ബാക്കുകളായ ഡാനിയല്‍ ആല്‍വസ്‌, എറിക്‌ അബിദാല്‍ എന്നിവര്‍ സസ്‌പെന്‍ഷനിലാണ്‌. ഡിഫന്‍ഡര്‍മാരായ റാഫേല്‍ മാര്‍ക്കസ്‌, ഗബ്രിയേല്‍ മിലിഷോ എന്നിവരുടെ കാര്യത്തില്‍ ഉറപ്പുമില്ല. മുന്‍നിരയില്‍ കളിക്കുന്ന തിയറി ഹെന്‍ട്രി ഫൈനലില്‍ കളിക്കുന്ന കാര്യത്തിലും സംശയമുണ്ട്‌. ഈ സീസണില്‍ ടീമിന്‌ വേണ്ടി 25 ഗോളുകള്‍ സ്‌ക്കോര്‍ ചെയ്‌ത ഹെന്‍ട്രി ഒരു മാസം മുമ്പാണ്‌ അവസാനമായി ടീമിനായി കളിച്ചത്‌. ആന്ദ്രെ ഇനിയസ്റ്റയുടെ ആരോഗ്യ കാര്യത്തിലും കോച്ച്‌ സംതൃപ്‌തനല്ല.

മണിപ്പൂരിന്‌ മഹാജയം
കോയമ്പത്തൂര്‍: അറുപത്തിമൂന്നാമത്‌ സന്തോഷ്‌ ട്രോഫി ദേശീയ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ക്ലസ്റ്റര്‍ മല്‍സരങ്ങളില്‍ മുന്‍ ചാമ്പ്യന്മാരായ മണിപ്പൂര്‍ മറുപടിയില്ലാത്ത ഒമ്പത്‌ ഗോളിന്‌ ഉത്തര്‍കണ്ഡിനെ കശാപ്പ്‌ ചെയ്‌തു. ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ ഹരിയാന ആറ്‌ ഗോളിന്‌ ഗുജറാത്തിനെയും മഹാരാഷ്ട്ര മൂന്ന്‌ ഗോളിന്‌ ഉത്തര്‍ പ്രദേശിനെയും തോല്‍പ്പിച്ചപ്പോള്‍ കരുത്തരായ ഗോവ ഒരു ഗോളിന്‌ താര്‍ഖണ്ഡിനെ തോല്‍പ്പിക്കാന്‍ ഏറെ വിയര്‍ത്തു. മണിപ്പൂരിന്റെ കരുത്തിന്‌ മുന്നില്‍ ഉത്തര്‍ഖണ്ഡ്‌ ഇല്ലാതാവുന്ന കാഴ്‌ച്ചയാണ്‌ തിരുവളളൂരില്‍ നടന്ന ക്ലസ്റ്റര്‍ ആറ്‌്‌ മല്‍സരത്തില്‍ കാണാനായത്‌. മുപ്പത്തിമൂന്നാം മിനുട്ട്‌ മുതലാണ്‌ മണിപ്പൂര്‍ ഗോള്‍വേട്ടയാരംഭിച്ചത്‌. ബിശേഷ്വര്‍ സിംഗിന്റെ ബൂട്ടില്‍ നിന്നായിരുന്നു ആദ്യ ഗോള്‍. ഇടവേളക്ക്‌ മുമ്പ്‌ ബിജന്‍സിംഗും റൈസന്‍ഗായിയും ടീമിന്റെ ലീഡ്‌ ഉയര്‍ത്തി. രണ്ടാം പകുതിയിലാണ്‌ ആറ്‌ ഗോളുകളുമായി മണിപ്പൂര്‍ കളം വാണത്‌.
ക്ലസ്റ്റര്‍ ഏഴില്‍ ഹരിയാനക്ക്‌ ഗുജറാത്ത്‌ എതിരാളികളായിരുന്നില്ല. നെഹ്‌റു സ്റ്റേഡിയത്തില്‍ കളി കാണാന്‍ ആരുമില്ലാതിരുന്നതൊന്നും ഹരിയാനക്കാരെ ബാധിച്ചില്ല. പതിനേഴാം മിനുട്ടിലായിരുന്നു ആദ്യ ഗോള്‍. പിന്നെ ഹരിയാനക്ക്‌ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ക്ലസ്‌റ്റര്‍ രണ്ടില്‍ മഹരാഷ്ട്രക്കാര്‍ അനായാസമാണ്‌ ഉത്തര്‍ പ്രദേശിനെ ഇല്ലാതാക്കിയത്‌. മലയാളിയായ അനസ്‌ നേടിയ ഗോളില്‍ മുപ്പത്തിരണ്ടാം മിനുട്ടില്‍ മഹാരാഷ്ട്ര ലീഡ്‌ നേടി. അലക്‌സ്‌ മരിയോ അംബ്രോസ്‌, സാഹിദ്‌ അന്‍സാരി എന്നിവര്‍ ടീമിന്റെ വിജയമുറപ്പിച്ച ഗോളുകള്‍ സക്കോര്‍ ചെയ്‌തു. ക്ലസ്‌റ്റര്‍ നാലില്‍ ഗോവയാണ്‌ വിയര്‍ത്തത്‌. ഫെലിക്‌സ്‌ ഡീസൂസ നയിച്ച ഗോവന്‍ ടീമിന്‌ ഒരു ഗോള്‍ സ്‌ക്കോര്‍ ചെയ്യാന്‍ എണ്‍പത്തി രണ്ട്‌ മിനുട്ട്‌ കാത്ത്‌ നില്‍ക്കേണ്ടി വന്നു. ലോംഗ്‌ വിസിലിന്‌ എട്ട്‌ മിനുട്ട്‌ ബാക്കിനില്‍ക്കെ സ്‌പോര്‍ട്ടിംഗ്‌ ക്ലബിന്റെ മുന്‍നിരക്കാരാനായ ഫ്രെഡ്ഡി മസ്‌കരാനസാണ്‌ ഗോള്‍ നേടിയത്‌.

ഇന്ന്‌ കേരളം
കോയമ്പത്തൂര്‍: സന്തോഷ്‌ ട്രോഫി ദേശീയ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളം ഇന്ന്‌ ആദ്യ മല്‍സരത്തിനിറങ്ങുന്നു. എന്‍.പി പ്രദീപ്‌ നയിക്കുന്ന സംഘം എതിരിടുന്നത്‌ ദുര്‍ബലരായ ചണ്ഡിഗറിനെയാണ്‌. ഇന്ന്‌ നടക്കുന്ന മറ്റ്‌ മല്‍സരങ്ങളില്‍ പോണ്ടിച്ചേരി ജമ്മു കാശ്‌മീരിനെയും മധ്യപ്രദേശ്‌ മിസോറാമിനെയും ഡല്‍ഹി ആസാമിനെയും തമിഴ്‌നാട്‌ ഹിമാചലിനെയും രാജസ്ഥാന്‍ ത്രിപുരയെയും ഉത്തര്‍ പ്രദേശ്‌ മേഘാലയയെയും നേരിടും. കഴിഞ്ഞ വര്‍ഷം സെമിഫൈനല്‍ കാണാതെ പുറത്തായത്‌ കാരണം ഇത്തവണ പ്രാഥമിക റൗണ്ട്‌ മുതല്‍ കളിക്കേണ്ട അവസ്ഥയിലാണ്‌ കേരളാ ടീം.

1 comment:

Prajeshsen said...

hai kamalkka blog inna kandathu
kollam layout page thanne idanam atha nllathu

any way nice post

thanks