Tuesday, July 14, 2009
AGAIN PAK TRAGEDY
പാക് ദുരന്തം
കൊളംബോ: ഗാലിയിലെ ദുരന്തം പ്രേമദാസയിലും പാക്കിസ്‌താനെ വേട്ടയാടിയപ്പോള്‍ രണ്ടാം ടെസ്‌റ്റിലും നാടകീയ വിജയം സ്വന്തമാക്കി ശ്രീലങ്ക ഇതാദ്യമായി പാക്കിസ്‌താനെതിരെ സ്വന്തം നാട്ടില്‍ ഒരു ടെസ്റ്റ് പരമ്പര സ്വന്തമാക്കി. ഗാലിയില്‍ നടന്ന ഒന്നാം ടെസ്റ്റില്‍ ആദ്യ മൂന്ന് ദിവസങ്ങളിലും മല്‍സരത്തില്‍ വ്യക്തമായ മേല്‍കൈ നേടിയ പാക്കിസ്‌താന്‍ നാലാം ദിവസത്തിലെ ബാറ്റിംഗ് തകര്‍ച്ചയിലാണ് തോല്‍വി വാങ്ങിയത്. ഇവിടെ രണ്ടാം ടെസ്‌റ്റിന്റെ ആദ്യദിനത്തില്‍ തകര്‍ന്ന സന്ദര്‍ശകര്‍ രണ്ടാം ദിവസത്തില്‍ ഫവാദ് ആലമിന്റെ സെഞ്ച്വറിയിലും ഉമര്‍ ഗുല്‍, സയദ് അജ്‌മല്‍ എന്നിവരുടെ ബൗളിംഗിലും ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്നു. എന്നാല്‍ ഇന്നലെ മല്‍സരത്തിന്റെ മൂന്നാം ദിവസം നുവാന്‍ കുലശേഖരക്കും രംഗനാ ഹെറാത്തിനും മുമ്പില്‍ ബാറ്റ്‌സ്‌മാന്മാര്‍ കളി മറന്നപ്പോള്‍ ലങ്കക്ക് വീണ്ടും അപ്രതീക്ഷിത വിജയം സ്വന്തമായി.
ഒരു വിക്കറ്റിന് 178 റണ്‍സ് എന്ന ശക്തമായ നിലയില്‍ നിന്നും 320 റണ്‍സിന് എല്ലാവരും പുറത്തായ പാക് കാഴ്‌ച്ച വേദനാജനകമായിരുന്നു. ഒരാളുടെ മാത്രം നഷ്ടത്തില്‍ സ്‌ക്കോര്‍ 285 വരെ എത്തിയിരുന്നു. ഇവിടെ നിന്നും അവസാന ഒമ്പത് വിക്കറ്റുകള്‍ കേവലം 35 റണ്‍സിനിടെയാണ് പാക്കിസ്‌താന് നഷ്ടമായത്. രണ്ടാ ം വിക്കറ്റില്‍ ഫവാദ് ആലവും യൂനസ്‌ഖാനും ചേര്‍ന്ന് 200 റണ്‍സ് നേടിയിരുന്നു. ലങ്കന്‍ പാര്‍ട്ട് ടൈം സ്‌പിന്നര്‍ തരംഗ പരണവിതാനയുടെ പന്തില്‍ റിവേഴ്‌സ് സ്വീപ്പിന് ശ്രമിച്ച് യൂനസ് പുറത്തായതാണ് കൂട്ട ആത്മഹത്യക്ക് കാരണമായത്. യൂനസ് പുറത്തായ ഉടന്‍ സങ്കക്കാര പുതിയ പന്തെടുത്തു. അത് ഹെറാത്തിനാണ് നല്‍കിയത്. ബൗളിംഗ് ഭൂതങ്ങളില്ലാത്ത പിച്ചില്‍ മുഹമ്മദ് യൂസഫ് ഉള്‍പ്പെടെയുളള സീനിയര്‍ നിരയും വാലറ്റവും തകരുകയായിരുന്നു. തന്റെ രണ്ടാം പന്തില്‍ തന്നെ ഹെറാത്ത് യൂസഫിനെ പുറത്താക്കി. തുടര്‍ന്ന് കുലശേഖരയുടെ ഊഴമായിരുന്നു. മിസ്‌ബാഹുല്‍ ഹഖ്, കമറാന്‍ അക്‌മല്‍, അബ്ദുള്‍ റൗഫ്, സയദ് അജ്‌മല്‍ എന്നിവരെ കുലശേഖര വിക്കറ്റിന് മുന്നില്‍ കുരുക്കി. അവസാനത്തിലാണ് 168 റണ്‍സുമായി ആലം പുറത്തായത്. 82 റണ്‍സ് നേടിയ യൂനസായിരുന്നു രണ്ടാം ടോപ് സ്‌ക്കോറര്‍. പാക്കിസ്‌താന്‍ ഇന്നിംഗ്‌സ് 320 ല്‍ അവസാനിച്ചപ്പോള്‍ ലങ്കക്ക് ആവശ്യമായത് 170 റണ്‍സായിരുന്നു. കുലശേഖര 37 റണ്‍സിന് നാല് വിക്കറ്റ് നേടിയപ്പോള്‍ ഹെറാത്ത് 99 റണ്‍സിന് അഞ്ച് പേരെ പുറത്താക്കി. വിജയലക്ഷ്യത്തിലേക്ക് വര്‍ണപുരയും പരണവിതാനയും മനോഹരമായാണ് തുടങ്ങിയത്. 54 റണ്‍സ് നേടിയ വര്‍ണപുരക്ക് പകരം കിച്ച സങ്കക്കാര 46 റണ്‍സ് സ്വന്തമാക്കി. പുറത്താവാതെ 37 റണ്‍സ് നേടിയ മഹേലയാണ് വിജയ റണ്‍ നേടിയത്. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ സങ്കക്കാരയും സംഘവും വിജയം റാഞ്ചി.
മല്‍സരം ഇനിയും രണ്ട് ദിവസം ബാക്കിനില്‍ക്കെ പാക്കിസതാന് സ്വന്തം ഗതിയില്‍ പരിതപിക്കാം. ഒന്നാം ഇന്നിംഗ്‌സില്‍ 90 റണ്‍സ് മാത്രമാണ് ടീമിന് നേടാനായത്. ഗാലിയിലെ തകര്‍ച്ചയില്‍ നിന്നും പാഠം പഠിക്കാതെ ഇവിടെയും അലക്ഷ്യമായി കളിച്ച ബാറ്റ്‌സ്‌മാന്മാരാണ് തോല്‍വിയിലെ ഒന്നാം പ്രതികള്‍. രണ്ടാം ഇന്നിംഗ്‌സില്‍ ഫവാദ് ആലവും ഖുറം മന്‍സൂറും തമ്മിലുളള ഒന്നാം വിക്കറ്റ് സഖ്യം പിടിച്ചു പൊരുതുകയും ആലം സെഞ്ച്വറി സ്വന്തമാക്കുകയും ചെയ്‌തപ്പോള്‍ വലിയ ടോട്ടല്‍ പാക്കിസ്‌താന് ഉറപ്പായിരുന്നു. അത് വഴി ലങ്കയെ പരാജയപ്പെടുത്താനും ടീമിന് കഴിയുമായിരുന്നു. നാലാം ഇന്നിംഗ്‌സില്‍ പ്രേമദാസയിലെ ട്രാക്കില്‍ ബാറ്റിംഗ് ദുഷ്‌ക്കരമാവുന്ന സാഹചര്യത്തില്‍ ഫോമിലുള്ള ഉമര്‍ ഗുലും അജ്‌മലും പാക്കിസ്‌താന് ധാരാളമായിരുന്നു. പക്ഷേ പൊരുതിനില്‍ക്കാന്‍ ബാറ്റ്‌സ്‌മാന്മാര്‍ ശ്രമിച്ചില്ല. ഒന്നാം ഇന്നിംഗ്‌സിലെ എവേ സ്വിംഗറുകളിലൂടെ ബാറ്റ്‌സ്‌മാന്മാരെ കബളിപ്പിച്ച നുവാന്‍ കുലേശേഖര രണ്ടാം ഇന്നിംഗ്‌സിലും ആ പ്രകടനം ആവര്‍ത്തിച്ചു. കുലശേഖരക്ക് ഉറച്ച പിന്തുണയുമായി ഹെറാത്തും പന്തെറിഞ്ഞപ്പോള്‍ കാര്യങ്ങള്‍ ഒറ്റയടിക്ക് ആതിഥേയര്‍ക്ക് അനുകൂലമായി.
ബാറ്റിംഗാണ് ചതിച്ചതെന്ന് പാക് നായകന്‍ യൂനസ്‌ഖാന്‍ പരിതപിച്ചു. ഗാലിയിലും ഇതേ വാക്കുകളാണ് യൂനസ് പ്രയോഗിച്ചത്. ഇംഗ്ലണ്ടില്‍ നടന്ന 20-20 ലോകകപ്പില്‍ കിരീടം സ്വന്തമാക്കി രാജകീയമായി നാട്ടില്‍ തിരിച്ചെത്തിയ ടീം കാര്യമായ വിശ്രമമില്ലാതെയാണ് ലങ്കയിലെത്തിയത്. ലോകകപ്പ് സ്വന്തമാക്കിയ സംഘത്തിലെ യുവതാരങ്ങളായ അജ്‌മലും മുഹമ്മദ് ആമിറുമെല്ലാം ടെസ്റ്റ് ടീമിലുണ്ടായിരുന്നു. ബാറ്റ്‌സ്‌മാന്മാരില്‍ സീനിയര്‍ താരങ്ങളാണ് ടീമിലെ ദുരന്ത നായകരായത്. യൂനസ് രണ്ട് ടെസ്റ്റിലും കാര്യമായ സംഭാവനകള്‍ നല്‍കാതെയാണ് മടങ്ങിയത്. സീനിയര്‍ ബാറ്റ്‌സ്‌മാനായ മുഹമ്മദ് യൂസഫ് ഗാലിയിലെ ഒന്നാം ഇന്നിംഗ്‌സില്‍ സെഞ്ച്വറി സ്വന്തമാക്കിയിരുന്നു. പക്ഷേ രണ്ടാം ഇന്നിംഗ്‌സിലും ഇവിടെ രണ്ട് ഇന്നിംഗ്‌സുകളിലും പരാജയമായി. ഇന്ത്യന്‍ വിമത ക്രിക്കറ്റ് ലീഗില്‍ കളിച്ചതിനെ തുടര്‍ന്ന് അകറ്റിനിര്‍ത്തപ്പെട്ട യൂസഫ് ഈയിടെയാണ് ദേശീയ നിരയില്‍ തിരിച്ചെത്തിയത്.
ബൗളര്‍മാര്‍ക്കാണ് ലങ്കന്‍ നായകന്‍ സങ്കക്കാര ഫുള്‍മാര്‍ക്ക് നല്‍കുന്നത്. സീനിയര്‍ സീമറായ ചാമിന്ദ വാസിന് പകരം കളിച്ച നുവാന്‍ കുലേശഖരയും സ്‌പിന്‍ മജീഷ്യന്‍ മുത്തയ്യ മുരളീധരന്റെ പകരക്കാരനായി വന്ന ഹെറാത്തും ഗാലിയിലെ അതേ പ്രകടനമാണ് ഇവിടെയും ആവര്‍ത്തിച്ചതെന്ന് സങ്ക പറഞ്ഞു. മുരളിയുടെ പരുക്ക് ലങ്കന്‍ സംഘത്തിന് ക്ഷീണമാവുമെന്ന് കരുതപ്പെട്ടിരുന്നു. എന്നാല്‍ ഹെറാത്ത് സ്വന്തം റോള്‍ ഭംഗിയാക്കി മനോഹരമായി പന്തെറിഞ്ഞു.
ഫവാദ് ആലവും നുവാന്‍ കുലശേഖരയുമാണ് കളിയിലെ കേമന്മാര്‍. പരമ്പരയില്‍ ഒരു മല്‍സരം കൂടി അവശേഷിക്കുന്നുണ്ട്.
കടുവകള്‍ക്ക് വിജയം
കിംഗ്‌സ്‌ടൗണ്‍: വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിനെതിരെ സീനിയര്‍ താരങ്ങളും പ്ലെയേഴ്‌സ് അസോസിയേഷനും പ്രഖ്യാപിച്ച സമരത്തിന്റെ നേട്ടം ബംഗ്ലാദേശിന്. കരീബിയന്‍ മണ്ണില്‍ ആദ്യ ടെസ്റ്റ് വിജയവുമായി മഷ്‌റഫെ മൊര്‍ത്തസയുടെ സംഘം ചരിത്രത്തില്‍ സ്ഥാനം നേടി. കാല്‍മുട്ടിനേറ്റ പരുക്ക് കാരണം മൊര്‍ത്തസക്ക് രണ്ടാം ടെസ്റ്റില്‍ കളിക്കാനാവില്ലെങ്കിലും നായകനെന്ന നിലയില്‍ കളിച്ച ആദ്യ ടെസ്റ്റില്‍ തന്നെ വലിയ വിജയം സ്വന്തമാക്കാനായതിന്റെ ക്രെഡിറ്റ് മൊര്‍ത്തസക്കുണ്ട്.
95 റണ്‍സിനാണ് ബംഗ്ലാദേശ് വിജയം വരിച്ചത്. ഓപ്പണര്‍ തമീം ഇഖ്‌ബാലിന്റെ കന്നി സെഞ്ച്വറിയില്‍ 277 റണ്‍സാണ് കടുവകള്‍ ആതിഥേയര്‍ക്ക് വിജയലക്ഷ്യമായി നല്‍കിയത്. ഒരു ദിവസം പൂര്‍ണ്ണമായും കളിക്കാനുളളപ്പോള്‍ ഈ ടോട്ടല്‍ നേടാന്‍ കരീബിയന്‍ സംഘത്തിന് കഴിയുമായിരുന്നു. പക്ഷേ സ്‌പിന്നര്‍ മുഹമ്മദ് മഹമൂദ്ദുല്ല 50 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റുകള്‍ സ്വന്തമാക്കിയപ്പോള്‍ ഇന്നലെ അവസാന സെഷനില്‍ ബംഗ്ലാദേശ് വിജയം വരിച്ചു.
മുഹമ്മദ് അഷറഫുലില്‍ നിന്നും ടീമിന്റെ നായകസ്ഥാനം ഏറ്റെടുത്ത മൊര്‍ത്തസ വിജയത്തിന്റെ ക്രെഡിറ്റ് ബൗളര്‍മാര്‍ക്കാണ് നല്‍കിയത്. മഹമൂദ്ദുല്ല നിര്‍ണ്ണായക ഘട്ടത്തില്‍ പ്രകടിപ്പിച്ച മികവാണ് ടീമിന് വിജയം സമ്മാനിച്ചത്. സെഞ്ച്വറി സ്വന്തമാക്കിയ ഇഖ്‌ബാലിനെയും നായകന്‍ പ്രത്യേകം അഭിനന്ദിച്ചു.
വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡുമായുളള ശീതസമരത്തില്‍ ഈ പരമ്പരയില്‍ നിന്നും മാറിനില്‍ക്കാന്‍ ക്യാപ്‌റ്റന്‍ ക്രിസ് ഗെയില്‍ ഉള്‍പ്പെട്ട സീനിയര്‍ നിര തീരുമാനിച്ചപ്പോള്‍ പുതിയ നായകന് കീഴില്‍ യുവനിരയെയാണ് വിന്‍ഡിസ് ക്രിക്കറ്റ് ബോര്‍ഡ് മല്‍സരത്തിനായി നിയോഗിച്ചത്. ക്രിസ് ഗെയിലിന് പുറമെ രാം നരേഷ് സര്‍വന്‍, ശിവനാരായണ്‍ ചന്ദര്‍പോള്‍, ഡ്വിന്‍ ബ്രാവോ, ഫിഡല്‍ എഡ്വാര്‍ഡ്‌് തുടങ്ങിയവരൊന്നും കളിക്കാനുണ്ടായിരുന്നില്ല.
ആദ്യ ടെസ്റ്റില്‍ പരാജയപ്പെട്ടുവെങ്കിലും അടുത്ത ടെസ്റ്റില്‍ ടീം ശക്തമായി തിരിച്ചുവരുമെന്ന് ക്യാപ്‌റ്റന്‍ റൈഫര്‍ പറഞ്ഞു. പെട്ടെന്ന് തട്ടിക്കൂട്ടിയ ടീമാണിത്. എല്ലാവരും ഒത്തുചേരാന്‍ അല്‍പ്പം സമയമെടുക്കും. രണ്ടാം ടെസ്റ്റ് വെള്ളിയാഴ്‌ച്ച ആരംഭിക്കാനിരിക്കെ ആദ്യ ടെസ്റ്റിലെ വീഴ്‌്‌ച്ചകള്‍ക്ക് ടീം പരിഹാരം കാണുമെന്നും നായകന്‍ പറഞ്ഞു.
രണ്ടാം ടെസ്റ്റിലും സീനിയര്‍ ടീമില്ല
കിംഗ്‌സ്‌ടൗണ്‍: ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിലും വിന്‍ഡീസ് നിരയില്‍ സീനിയര്‍ താരങ്ങള്‍ ആരുമുണ്ടാവില്ല. ക്രിക്കറ്റ് ബോര്‍ഡുമായി ശീതസമരം പ്രഖ്യാപിച്ചിരിക്കുന്ന താരനിരയിലെ ആരും പുതിയ കരാര്‍ ഒപ്പുവെക്കാതെ ഇനി കളിക്കില്ല എന്ന നിലപാടിലാണ്. ക്രിക്കറ്റ് ബോര്‍ഡാവട്ടെ താരങ്ങള്‍ക്ക് വഴങ്ങില്ലെന്ന കര്‍ക്കശ നിലപാടിലും. കഴിഞ്ഞ നാല് പരമ്പരകളിലായി ഒരു കരാറുമില്ലാതെയാണ് താരങ്ങള്‍ കളിച്ചതെന്ന് പ്ലെയേഴ്‌സ് അസോസിയേഷന്‍ കുറ്റപ്പെടുത്തിയിരുന്നു. ഈ നിലയില്‍ തുടരാന്‍ കഴിയില്ല. ക്രിക്കറ്റ് ബോര്‍ഡ് കരാര്‍ ഒപ്പിട്ടാല്‍ മാത്രമാണ് സീനിയര്‍ താരങ്ങള്‍ ദേശീയ ടീമിനായി കളിക്കുക. എന്നാല്‍ ഒരു വിട്ടുവീഴ്‌ച്ചക്കും ഇല്ലെന്ന് ഉറച്ച വാക്കുകളാണ് ക്രിക്കറ്റ് ബോര്‍ഡ് നല്‍കുന്നത്. താരങ്ങള്‍ക്കെല്ലാം ഇത് വരെ കളിച്ചതിന്റെ പ്രതിഫലം നല്‍കിയിട്ടുണ്ട്. രാജ്യത്തെ പ്രതിനിധീകരിക്കാനാണ് എല്ലാ താരങ്ങളും ആഗ്രഹിക്കുക. പണമല്ല പ്രധാനമെന്ന സത്യം താരങ്ങള്‍ക്ക് മനസ്സിലാക്കണമെന്നും ബോര്‍ഡ് ഓര്‍മ്മപ്പെടുത്തുന്നു.
വെടിനിര്‍ത്തല്‍
ലോസാഞ്ചലസ്: പരസ്‌പരമുളള വാക്കേറിന് അന്ത്യമിടാന്‍ ലോസാഞ്ചലസ് ഗ്യാലക്‌സി ടീം ക്യാപ്‌റ്റന്‍ ലെന്‍ഡല്‍ ഡോണോവാനും ടീമിലെ സൂപ്പര്‍ താരം ഡേവിഡ് ബെക്കാമും തീരുമാനിച്ചു. ഈ ശനിയാഴ്‌ച്ച അമേരിക്കന്‍ ലീഗില്‍ ഗ്യാലക്‌സിയുടെ കളി നടക്കാനിരിക്കെയാണ് സീനിയര്‍ താരങ്ങള്‍ വെടിനിര്‍ത്താന്‍ തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞയാഴ്‌ച്ച ബെക്കാം എക്‌സ്‌പിരിമെന്റ്‌് എന്ന തലക്കെട്ടിലുള്ള പുസ്‌തകത്തില്‍ ഡോണോവന്റേതായി വന്ന പ്രതികരണങ്ങളാണ് സൂപ്പര്‍ താരങ്ങളുടെ വാക്കേറിന് കാരണമായത്. ബെക്കാമിന് പ്രൊഫഷണലിസം ഇല്ലെന്നും കളിക്കളത്തില്‍ അദ്ദേഹം അലസനാണെന്നുമെല്ലാം പുസ്‌തകത്തില്‍ ഡോണോവാന്‍ തുറന്നടിച്ചിരുന്നു. അമേരിക്കന്‍ ലീഗില്‍ കളിക്കവെ ലോണ്‍ അടിസ്ഥാനത്തില്‍ ഇറ്റാലിയന്‍ ലീഗില്‍ ഏ.സി മിലാന് വേണ്ടി കളിക്കാന്‍ പോവുകയും കാലാവധി കഴിഞ്ഞിട്ടും അവിടെ തങ്ങിയതുമെല്ലാമാണ് ബെക്കാമിനെ കുറ്റപ്പെടുത്താന്‍ ഡോണോവാനെ പ്രേരിപ്പിച്ചത്. പ്രൊഫഷണല്‍ ഫുട്‌ബോള്‍ താരങ്ങള്‍ പ്രകടിപ്പിക്കുന്ന താല്‍പ്പര്യം ബെക്കാമിന്റെ കാര്യത്തില്‍ സംഭവിച്ചിട്ടില്ലെന്ന് ഗ്യാലക്‌സിയുടെ ക്യാപ്‌റ്റന്‍ കൂടിയായ ഡോണോവാന്‍ പറഞ്ഞത് വലിയ വാര്‍ത്തയായിരുന്നു. കഴിഞ്ഞ ദിവസമാണ് ഇതിനെതിരെ ബെക്കാം രംഗത്ത് വന്നത്. പ്രൊഫഷണലിസത്തെക്കുറിച്ച് സംസാരിക്കുന്ന ഡോണോവാന്‍ ആദ്യം സ്വയം പ്രൊഫഷണലാവണമെന്നാണ് ബെക്കാം നിര്‍ദ്ദേശിച്ചത്. തന്നെക്കുറിച്ചുളള പരാതികള്‍ തന്നോട് പറയാതെ മാധ്യമങ്ങളോട് പറയുന്നത് ഏന്ത് പ്രൊഫഷണലിസമാണെന്നും ഇംഗ്ലീഷ് സൂപ്പര്‍ താരം ചോദിച്ചിരുന്നു. റയല്‍ മാഡ്രിഡ് ഉള്‍പ്പെടെ വലിയ ക്ലബുകള്‍ക്കും വലിയ താരങ്ങള്‍ക്കൊപ്പം കളിച്ചിട്ടും തന്നെക്കുറിച്ച് ആരും ഉന്നയിക്കാത്ത പരാതികളാണ് ഡോണോവാന്‍ പറഞ്ഞതെന്നും ഇതില്‍ കഴമ്പില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഡോണോവാനെ നേരില്‍
കാണുമ്പോള്‍ തനിക്കെതിരെ ഉന്നയിച്ച പരാതികളെക്കുറിച്ച് അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഗ്യാലക്‌സി ടീം മാനേജ്‌മെന്റ് ഇടപ്പെട്ട് പ്രശ്‌നം ഒത്തുതീര്‍പ്പാക്കുകയായിരുന്നു.
ടെവസ്
സിറ്റിയില്‍
മാഞ്ചസ്റ്റര്‍: ബ്ലാക്‌ബര്‍ണില്‍ നിന്ന് പരാഗ്വേ മുന്‍നിരക്കാരന്‍ റോക്കി സാന്താക്രൂസിനെയും ആസ്‌റ്റണ്‍ വില്ലയില്‍ നിന്ന് ഇംഗ്ലീഷ് ദേശീയ താരം ജെറാത്ത് ബാറ്റിയെയും റാഞ്ചിയ മാഞ്ചസ്‌റ്റര്‍ സിറ്റിയുടെ വലയില്‍ ഇതാ ഒരു സൂപ്പര്‍ താരം-അര്‍ജന്റീനക്കാരന്‍ കാര്‍ലോസ് ടെവസ്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ താരമായ ടെവസ് അഞ്ച് വര്‍ഷ കരാറാണ് സിറ്റിയുമായി ഒപ്പിട്ടിരിക്കുന്നത്. ബാര്‍സിലോണയില്‍ നിന്ന് കാമറൂണുകാരന്‍ സാമുവല്‍ ഇറ്റോ, ചെല്‍സിയില്‍ നിന്നും നായകന്‍ ജോണ്‍ ടെറി എന്നിവരെ ലക്ഷ്യമിടുന്ന സിറ്റിക്ക് പുത്തന്‍ ഊര്‍ജ്ജം നല്‍കുന്നതാണ് ടെവസിന്റെ വരവ്.
മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ നിരയില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കാത്ത നിരാശയിലാണ് ടെവസ് കൂടുമാറിയതെന്നാണ് റിപ്പോര്‍ട്ട്. അര്‍ജന്റീനക്കായി ഇതിനകം 15 ഗോളുകള്‍ സ്‌ക്കോര്‍ ചെയ്‌ത ടെവസ് ബെയ്‌ജിഗ് ഒളിംപ്‌കിസില്‍ സ്വര്‍ണ്ണം സ്വന്തമാക്കിയ ദേശീയ സംഘത്തില്‍ അംഗമായിരുന്നു. 25 കാരനായ താരത്തിന് വേണ്ടി കഴിഞ്ഞ സീസണ്‍ മുതല്‍ സിറ്റി രംഗത്തുണ്ടായിരുന്നു. പുതിയ സീസണില്‍ പ്രീമിയര്‍ ലീഗിലെ ഏറ്റവും മികച്ച ടീമാക്കി സിറ്റിയെ മാറ്റുക എന്ന ലക്ഷ്യത്തിലാണ് ടീമിന്റെ ഉടമകളായ അറേബ്യന്‍ രാജവംശം. ബ്രസീലുകാരനായ റോബിഞ്ഞോയെ കഴിഞ്ഞ സീസണില്‍ റയല്‍ മാഡ്രിഡില്‍ നിന്നും സിറ്റി സ്വന്തമാക്കിയിരുന്നു. മാര്‍ക് ഹ്യൂസ് പരിശീലിപ്പിക്കുന്ന സിറ്റി സംഘത്തില്‍ റോബിഞ്ഞോയും ടെവസുമായിരിക്കും ഇനി മുന്‍നിരയില്‍ കളിക്കുക. ഇവര്‍ക്കൊപ്പം സാന്താക്രൂസുമാവുമ്പോള്‍ മുന്‍നിരക്ക് പ്രഹരശേഷി കൈവരും.
Subscribe to:
Post Comments (Atom)
No comments:
Post a Comment