Tuesday, July 28, 2009

BARCA SULTHAN

സുല്‍ത്താന്‍ ഇനി ബാര്‍സയില്‍
ബാര്‍സിലോണ: ഇന്റര്‍ മിലാന്‍ എന്ന ഇറ്റാലിയന്‍ സംഘത്തിന്റെ ആണിക്കല്ലായി കഴിഞ്ഞ അഞ്ച്‌ വര്‍ഷമായി സോക്കര്‍ മൈതാനത്ത്‌ നിറഞ്ഞ സുല്‍ത്താന്‍ ഇബ്രാഹീമോവിച്ച്‌ എന്ന സ്വീഡന്‍കാരന്‍ ഇനി കളിക്കുന്നത്‌ സ്‌പാനിഷ്‌ ലീഗില്‍ ബാര്‍സിലോണയുടെ കുപ്പായത്തില്‍. സ്‌പെയിനിലെ ചാമ്പ്യന്‍ സംഘത്തിന്റെ നിരയില്‍ ഇന്നലെ സുല്‍ത്താന്‍ ഔദ്യോഗികമായി അംഗത്വമെടുത്തു. അഞ്ച്‌ വര്‍ഷത്തെ കരാറിലാണ്‌ അദ്ദേഹം ഒപ്പിട്ടത്‌. നുവോ കാംമ്പില്‍ സൂപ്പര്‍ താരത്തിന്റെ ആഗമനം കാണാന്‍ നാല്‍പ്പതിനായിരത്തോളം ഫുട്‌ബോള്‍ പ്രേമികളാണ്‌ തടിച്ചുകൂടിയത്‌. 45 കോടിക്കൊപ്പം സാമുവല്‍ ഇറ്റോ എന്ന കാമറൂണുകാരനെയും നല്‍കിയാണ്‌ ബാര്‍സ സുല്‍ത്താനെ സ്വന്തമാക്കിയിരിക്കുന്നത്‌. ലോക സോക്കറിലെ ഏറ്റവും മികച്ച മുന്‍നിരക്കാരനില്‍ ഒരാളാണ്‌ സുല്‍ത്താന്‍. ബാര്‍സയുടെ നിരയില്‍ ഈ സീസണിലെത്തുന്ന വിലയുളള ഏക താരമാണ്‌ സുല്‍ത്താന്‍. നിലവില്‍ സ്‌പാനിഷ്‌ ലീഗിനൊപ്പം യുവേഫ ചാമ്പ്യന്‍സ്‌ ലീഗും ബാര്‍സക്ക്‌ സ്വന്തമാക്കാണ്‌. ഈ കിരീടങ്ങള്‍ തിരിച്ചുപിടിക്കാന്‍ റയല്‍ മാഡ്രിഡ്‌ ശക്തരായ താരങ്ങളുമായി അണിനിരക്കുന്ന സാഹചര്യത്തിലാണ്‌ ഇറ്റോവിന്‌ പകരം ബാര്‍സ സുല്‍ത്താനെ രംഗത്തിറക്കിയിരിക്കുന്നത്‌. മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ നിന്ന്‌ കൃസ്റ്റിയാനോ റൊണാള്‍ഡോ, ഏ.സി മിലാനില്‍ നിന്ന്‌ കക്ക തുടങ്ങിയ വന്‍ താരങ്ങള്‍ പുതിയ സീസണില്‍ റയല്‍ നിരയിലുണ്ടാവും.
സുല്‍ത്താന്‍ ബാര്‍സയില്‍ ഇറങ്ങിയ അതേ ദിവസം തന്നെ സാമുവല്‍ ഇറ്റോയെ ഇന്റര്‍ മിലാന്‍ സ്വന്തം മൈനാത്ത്‌ അവതരിപ്പിച്ചു. നീലയില്‍ കറുത്ത വരയുളള ഇന്ററിന്റെ കുപ്പായത്തില്‍ സൂപ്പര്‍ താരത്തെ കാണാന്‍ സാന്‍സീറോയില്‍ നിറയെ ജനമായിരുന്നു. കഴിഞ്ഞ ദിവസമാണ്‌ ഇറ്റോ ഇവിടെ മെഡിക്കലിന്‌ എത്തിയത്‌.
റൊ പുറത്ത്‌
സാവോപോളോ: പരുക്കുകള്‍ റൊണാള്‍ഡോയെ വിടുന്ന മട്ടില്ല. കാല്‍മുട്ടിലെ പരുക്കുകള്‍ കാരണം ലോക സോക്കറില്‍ നിന്നും ദീര്‍ഘകാലം വിട്ടുനില്‍ക്കേണ്ടി വന്ന ബ്രസീല്‍ സൂപ്പര്‍ താരത്തിനെ വീണ്ടും പരുക്ക്‌ പിടികൂടിയിരിക്കുന്നു. ഇത്തവണ കാലിന്‌ പകരം കൈക്കാണ്‌ പരുക്ക്‌. കഴിഞ്ഞ ദിവസം കൊറീന്ത്യന്‍സിനായി കളിക്കവെ വീണപ്പോള്‍ റൊണാള്‍ഡോയുടെ ഇടത്‌ കൈയില്‍ രണ്ട്‌ എല്ലുകള്‍ പൊട്ടിയിട്ടുണ്ട്‌. രണ്ട്‌ മാസത്തോളം അദ്ദേഹത്തിന്‌ പുറത്തിരിക്കേണ്ടിവരുമെന്നാണ്‌ ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട്‌. ശസ്‌ത്രക്രിയ വേണമെങ്കില്‍ കൂടുതല്‍ നാളുകള്‍ പുറത്തിരിക്കേണ്ടി വരും. ഞായറാഴ്‌ച്ച പാല്‍മിറാസിനെതിരെ നടന്ന മല്‍സരത്തില്‍ മൂന്ന്‌ ഗോളുകള്‍ക്ക്‌ കൊറീന്ത്യന്‍സ്‌ പരാജയപ്പെട്ടിരുന്നു. പരുക്ക്‌ ഗുരുതരമല്ലെങ്കിലും രണ്ട്‌ മാസത്തോളം വിശ്രമം നിര്‍ബന്ധമാണെന്ന്‌ കൊറീന്ത്യന്‍സ്‌ ഡോക്ടര്‍ പോളോ ഡി ഫാരിയ പറഞ്ഞു.

തിരിച്ചടിക്കുമെന്ന്‌ അമേരിക്ക
ചിക്കാഗോ: കോണ്‍കാകാഫ്‌ ഗോള്‍ഡ്‌ കപ്പ്‌ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലേറ്റ തോല്‍
വിക്ക്‌ അതേ നാണയത്തില്‍ മെക്‌സിക്കോക്ക്‌ തിരിച്ചടി നല്‍കുമെന്ന്‌ അമേരിക്കന്‍ ഫുട്‌ബോള്‍ ടീം കോച്ച്‌ ബോബ്‌ ബ്രാഡ്‌ലി. വന്‍കരാ കിരീട പോരാട്ടത്തില്‍ അമേരിക്ക നാണംകെട്ട അഞ്ച്‌ ഗോള്‍ തോല്‍വി രുചിച്ചതിന്‌ പിറകെ മാധ്യമങ്ങളെല്ലാം കോച്ചിനെതിരെ രംഗത്ത്‌ വന്ന സാഹചര്യത്തിലാണ്‌ ബ്രാഡ്‌ലി വെല്ലുവിളിയുമായി രംഗത്ത്‌ വന്നിരിക്കുന്നത്‌. അടുത്ത മാസം 12ന്‌ മെക്‌സിക്കോ സിറ്റിയിലെ ലോക പ്രശസ്‌തമായ അസ്റ്റെക്‌ സ്‌റ്റേഡിയത്തില്‍ അമേരിക്കയും മെക്‌സിക്കോയും ലോകകപ്പ്‌ യോഗ്യതാ മല്‍സരം കളിക്കുന്നുണ്ട്‌. അഞ്ച്‌ ഗോളിന്റെ തോല്‍വി ഞെട്ടിപ്പിക്കുന്നതാണെന്ന്‌ കോച്ച്‌ സമ്മതിച്ചു. ഇത്രയും വലിയ തോല്‍വി ഒരു ടീമും പ്രതീക്ഷിക്കില്ല. പക്ഷേ ഞങ്ങളുടെ ബി ടീമാണ്‌ മെക്‌സിക്കോക്കെതിരെ കളിച്ചത്‌. ലോകകപ്പ്‌ യോഗ്യതാ മല്‍സരത്തില്‍ സീനിയര്‍ നിര തന്നെ കളിക്കുമ്പോള്‍ മെക്‌സിക്കോയെ പരാജയപ്പെടുത്താന്‍ പ്രയാസപ്പെടേണ്ടി വരില്ലെന്നാണ്‌ ബ്രാഡ്‌ലി പറയുന്നത്‌. അതേ സമയം അഞ്ച്‌ ഗോളിന്റെ മഹാ വിജയവുമായി ഗോള്‍ഡ്‌ കപ്പ്‌ സ്വന്തമാക്കിയ മെക്‌സിക്കന്‍ ടീമിന്റെ പരിശീലകന്‍ ജാവിയര്‍ അഗ്വിര്‍ ത്രിശങ്കുവിലാണ്‌. പുതിയ നിരയെ അണിനിരത്തിയാണ്‌ അദ്ദേഹം മാസ്‌മരിക വിജയം നേടിയത്‌, ലോകകപ്പ്‌ യോഗ്യതാ മല്‍സരത്തില്‍ ഇതേ ടീമിനെ തന്നെ അണിനിരത്തിയിട്ട്‌ കാര്യമുണ്ടോ എന്നാണ്‌ അദ്ദേഹത്തിന്റെ ആശങ്ക. അമേരിക്കയെ പോലെ ശക്തരായ പ്രതിയോഗികള്‍ക്കെതിരെ അഞ്ച്‌ ഗോളുകള്‍ സ്‌ക്കോര്‍ ചെയ്‌ത യുവനിരയെ അവഗണിക്കുന്നത്‌ തെറ്റാണ്‌. പക്ഷേ ഗോള്‍ഡ്‌ കപ്പ്‌ സംഘത്തില്‍ ഇല്ലാതിരുന്ന സീനിയര്‍ താരങ്ങളെ അഗ്വിറോക്ക്‌ മറക്കാനാവില്ല. യൂറോപ്യന്‍ ലീഗില്‍ പി.എസ്‌.വി ഐന്തോവാനായി കളിക്കുന്ന കാര്‍ലോസ്‌ സാല്‍ഡിസോ,ജാവിയര്‍ റോഡ്രിഗസ്‌, സ്‌റ്റട്ട്‌ഗര്‍ട്ടിന്റ റൈക്കാര്‍ഡോ ഒസാരിയോ, അമേരിക്കാസിന്റെ പാവല്‍ പാര്‍ദോ,ഗുഡാലജറയുടെ ആരോണ്‍ ഗാലിന്‍ഡോ, വില്ലാ റയലിന്റെ ഗുലെര്‍മോ ഫ്രാങ്കോ എന്നിവരെല്ലാം ലോകകപ്പ്‌ സംഘത്തില്‍ മടങ്ങിയെത്തുന്നവരാണ്‌. ഇവരെ ഉള്‍പ്പെടുത്തുമ്പോള്‍ സ്വാഭാവികമായും ചില യുവതാരങ്ങളെ മാറ്റിനിര്‍ത്തേണ്ടി വരുമെന്നാണ്‌ കോച്ചിന്റെ അലട്ടുന്നത്‌. ഇന്ന്‌ മെക്‌സിക്കന്‍ സെലക്ഷന്‍ കമ്മിറ്റി ലോകകപ്പ്‌ ടീമിനെ പ്രഖ്യാപിനിരിക്കയാണ്‌.
ലോകകപ്പ്‌ യോഗ്യതാ മല്‍സരം മെക്‌സിക്കോക്ക്‌ അതി നിര്‍ണ്ണായകമാണ്‌. കോണ്‍കാകാഫ്‌ മേഖലയില്‍ 12 പോയന്റുമായി കോസ്‌റ്റാറിക്കയാണ്‌ ഒന്നാമത്‌. പത്ത്‌ പോയന്റുമായി അമേരിക്ക രണ്ടാം സ്ഥാനത്ത്‌ നില്‍ക്കുന്നു.ഏഴ്‌ പോയന്റുള്ള ഹോണ്ടുറാസ്‌ മൂന്നാമതാണ്‌. അവര്‍ക്ക്‌ പിറകിലാണ്‌ ആറ്‌ പോയന്റുളള മെക്‌സിക്കോയുടെ സ്ഥാനം. മേഖലയില്‍ നിന്നും ആദ്യ മൂന്ന്‌ സ്ഥാനങ്ങള്‍ നേടുന്നവര്‍ക്കാണ്‌ ലോകകപ്പ്‌ ഫൈനല്‍ ബെര്‍ത്ത്‌. നാലാം സ്ഥാനത്ത്‌ വരുന്നവര്‍ ലാറ്റിനമേരിക്കന്‍ ഗ്രൂപ്പിലെ അഞ്ചാം സ്ഥാനക്കാരുമായി പ്ലേ ഓഫ്‌ കളിക്കണം.

സുല്‍ത്താനെ കാണാന്‍ ഇന്ത്യന്‍ ടീം
ബാര്‍സിലോണ: നുവോ കാംപിലെ ഓഗസ്‌റ്റ്‌ 27 ഇന്ത്യന്‍ ഫുട്‌ബോള്‍ താരങ്ങള്‍ മറക്കില്ല. ഈ ദിവസത്തിലാണ്‌ സ്വിഡിഷ്‌ സൂപ്പര്‍താരം സുല്‍ത്താന്‍ ഇബ്രാഹീമോവിച്ച്‌ ബാര്‍സയില്‍ ചേര്‍ന്നത്‌. ഇന്ത്യന്‍ ടീം പരിശീലനം നടത്തുന്ന മൈതാനത്തിന്‌ തൊട്ടരികിലായിട്ടായിരുന്നു സുല്‍ത്താനെ അവതരിപ്പിക്കുന്ന ചടങ്ങ്‌. അരലക്ഷത്തോളം പേരാണ്‌ പുതിയ താരത്തെ കാണാന്‍ സ്‌റ്റേഡിയത്തില്‍ തടിച്ചുകൂടിയത്‌. കാണികള്‍ക്കൊപ്പം ചില ഇന്ത്യന്‍ താരങ്ങളുമുണ്ടായിരുന്നു. അവര്‍ക്ക്‌ സുല്‍ത്താനെ കാണാനായി. ചിലര്‍ക്ക്‌ പക്ഷേ സൂപ്പര്‍ താരത്തിന്റെ അരികിലെത്തി ഫോട്ടോയെടുക്കാന്‍ താല്‍പ്പര്യമുണ്ടായിരുന്നു. പക്ഷേ സെക്യൂരിറ്റി അനുവദിച്ചില്ല.
ഇന്ത്യന്‍ ടീം താമസിക്കന്ന അതേ ഹോട്ടലില്‍ തന്നെയാണ്‌ സുല്‍ത്താനും താമസിച്ചത്‌. ഇവിടെയും പക്ഷേ സെക്യൂരിറ്റി ഒരു സ്വാതന്ത്ര്യവും അനുവദിച്ചിരുന്നില്ല. ലയണല്‍ മെസിയെ പോലെയുളള സൂപ്പര്‍ താരങ്ങളെ നേരില്‍ കാണാന്‍ കൊതിച്ച ഇന്ത്യന്‍ താരങ്ങള്‍ക്ക്‌ ഇത്‌ വരെ അര്‍ജന്റീനക്കാരനെ കാണാന്‍ കഴിഞ്ഞിട്ടില്ല. ബാര്‍സ ടീം ഇപ്പോള്‍ ഓഫ്‌ സീസണ്‍ പര്യടനത്തിലാണ്‌. ഇന്ത്യന്‍ ടീമിന്‌ ഇന്ന്‌ രണ്ടാം മല്‍സരമുണ്ട്‌. പ്രതിയോഗികള്‍ ഏ.ഇ പാര്‍ട്ട്‌ എന്ന ടീമാണ്‌. ആദ്യ മല്‍സരത്തില്‍ സ്‌പാനിഷ്‌ നാലാം ഡിവിഷന്‍ ക്ലബിനെ സമനിലയില്‍ തളക്കാനായ ആവേശത്തിലാണ്‌ ബൈജൂംഗ്‌ ബൂട്ടിയയും സംഘവും. ഇന്നലെ സുനില്‍ ചേത്രിയുള്‍പ്പെടെയുളളവര്‍ പൂര്‍ണ്ണ പരിശീലനത്തിലായിരുന്നു.

ലോകകപ്പിന്‌ വേണ്ടി ഒബാമയും
വാഷിംഗ്‌ടണ്‍: ലോകകപ്പ്‌ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്‌ ആതിഥേയത്വം വഹിക്കാനുളള അമേരിക്കന്‍ താല്‍പ്പര്യത്തിനൊപ്പം പ്രഡിസണ്ട്‌ ബറാക്‌ ഒബാമയും...! കഴിഞ്ഞ ദിവസം വൈറ്റ്‌ ഹൗസില്‍ തന്നെ കാണാനെത്തിയ ഫിഫ തലവന്‍ സെപ്‌ ബ്ലാറ്ററോട്‌ ഈ കാര്യം ഒബാമ പറയുകയും ചെയ്‌തു. അടുത്ത വര്‍ഷം ദക്ഷിണാഫ്രിക്കയിലും 2014 ല്‍ ബ്രസീലിലും നടക്കുന്ന ലോകകപ്പിന്‌ ശേഷം 2018 ലെ ലോകകപ്പ്‌ അമേരിക്കക്ക്‌ വേണമെന്നതാണ്‌ സോക്കര്‍ ഫെഡറേഷന്റെ താല്‍പ്പര്യം. എന്നാല്‍ യൂറോപ്പ്‌ ശക്തമായി രംഗത്ത്‌ വന്ന സാഹചര്യത്തില്‍ 2022 ലെ ലോകകപ്പായിരിക്കും അമേരിക്കക്ക്‌ അനുയോജ്യമെന്നതാണ്‌ ബ്ലാറ്ററുടെ വിലയിരുത്തല്‍. എന്നാല്‍ ഈ കാര്യം അദ്ദേഹം ഒബാമയോട്‌ പറഞ്ഞിട്ടില്ല.
ദക്ഷിണാഫ്രിക്കയില്‍ അടുത്ത വര്‍ഷം നടക്കുന്ന ലോകകപ്പിലേക്ക്‌ ഒബാമയെ ബ്ലാറ്റര്‍ ക്ഷണിച്ചിട്ടുണ്ട്‌. എന്നാല്‍ അമേരിക്കന്‍ പ്രസിഡണ്ട്‌ ക്ഷണത്തിന്‌ വ്യക്തമായ മറുപടി നല്‍കിയിട്ടില്ല. പിന്നീട്‌ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കവെ ദക്ഷിണാഫ്രിക്കയിലെത്താന്‍ ശ്രമിക്കുമെന്ന്‌ ഒബാമ വ്യക്തമാക്കി.
ഫിഫ കോണ്‍ഫെഡറേഷന്‍ കപ്പ്‌ ഫുട്‌ബോള്‍ ഫൈനല്‍ വരെയെത്തിയ അമേിക്കന്‍ ടീം അവിടെ ബ്രസീലിന്‌ മുന്നില്‍ തകര്‍ന്നത്‌ ഒബാമ കണ്ടിരുന്നില്ല. പക്ഷേ അമേരിക്കന്‍ സോക്കര്‍ നിലവാരം പുലര്‍ത്തുന്നു എന്ന കാര്യത്തില്‍ അദ്ദേഹത്തിന്‌ സംശയമില്ല. കോണ്‍ഫെഡറേഷന്‍ കപ്പ്‌ ഫൈനലിന്റെ ആദ്യ പകുതിയില്‍ രണ്ട്‌്‌ ഗോളിന്‌ മുന്നിട്ട്‌ നിന്ന ശേഷമാണ്‌ അമേരിക്ക ബ്രസീലിന്‌ മുന്നില്‍ തളര്‍ന്നത്‌. ഫൈനല്‍ മല്‍സരത്തിന്റെ ആദ്യ പകുതയില്‍ ഉപയോഗിച്ച പന്ത്‌ ബ്ലാറ്റര്‍ ഒബാമക്‌ സമ്മാനിക്കുകയും ചെയ്‌തു.

ലോകകപ്പ്‌ ഹോക്കി
ഹീറോ ഹോണ്ട സ്‌പോണ്‍സര്‍
ന്യൂഡല്‍ഹി: അടുത്ത വര്‍ഷം ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ലോകകപ്പ്‌ ഹോകി ചാമ്പ്യന്‍ഷിപ്പ്‌ ഹീറോ ഹോണ്ട മോട്ടോര്‍സ്‌്‌ സ്‌പോണ്‍സര്‍ ചെയ്യും. ഇന്റര്‍നാഷണല്‍ ഹോക്കി ഫെഡറേഷന്‍ പ്രസിഡണ്ട്‌ ലിയാന്‍ഡറോ നിഗ്രെ, ഇന്ത്യന്‍ ഒളിംപിക്‌ അസോസിയേഷന്‍ പ്രസിഡണ്ട്‌ സുരേഷ്‌ കല്‍മാഡി, ഹോക്കി ഇന്ത്യ പ്രസിഡണ്ട്‌ ഏ.കെ മാട്ടൂ, 1975 ല്‍ ലോകകപ്പ്‌ സ്വന്തമാക്കിയ ഇന്ത്യന്‍ ടീമിലെ അംഗങ്ങള്‍ എന്നിവര്‍ അണിനിരന്ന ചടങ്ങില്‍ വെച്ചാണ്‌ ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്‌. ലോകത്തെ എല്ലാ ഹോക്കി പ്രബലരും പങ്കെടുക്കുന്ന ചാമ്പ്യന്‍ഷിപ്പ്‌ ഇന്ത്യക്ക്‌ കരുത്ത്‌ പ്രകടിപ്പിക്കാനുള്ള അവസരമാണെന്ന്‌ നിഗ്രെ പറഞ്ഞു.

ആമിര്‍ ജേതാവ്‌
കോഴിക്കോട്‌: സംസ്ഥാന അണ്ടര്‍-13 ചെസ്‌ ചാമ്പ്യന്‍ഷിപ്പില്‍ കോഴിക്കോടിന്റെ ആമിര്‍ ആസിം ജേതാവായി. കൊല്ലം വൈ.എം.സി.എ യില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ ആറര പോയന്റ്‌ സ്വന്തമാക്കിയാണ്‌ ഗോവിന്ദപുരം കേന്ദ്രീയ വിദ്യാലയത്തിലെ ആമിര്‍ ഒന്നാമനായത്‌. എറണാകുളത്തിന്റെ വിഷ്‌ണു ഗോപകുമാറിനാണ്‌ രണ്ടാം സ്ഥാനം. ആദ്യ രണ്ട്‌ സ്ഥാനങ്ങള്‍ നേടിയവര്‍ ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തെ പ്രതിനിധീകരിക്കും.

No comments: