Friday, July 24, 2009

AGAIN U.S

അമേരിക്ക-മെക്‌സിക്കോ ഫൈനല്‍
ചിക്കാഗോ: കോണ്‍കാകാഫ്‌ ഗോള്‍ഡ്‌ കപ്പ്‌ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ പോരാട്ടത്തില്‍ നാളെ അമേരിക്കയും അയല്‍ക്കാരായ മെക്‌സിക്കോയും മുഖാമുഖം. ഇന്നലെ നടന്ന സെമി ഫൈനലുകളില്‍ നിലവിലെ ചാമ്പ്യന്മാരായ അമേരിക്ക മറുപടിയില്ലാത്ത രണ്ട്‌ ഗോളുകള്‍ക്ക്‌ ഹോണ്ടുറാസിനെ പരാജയപ്പെടുത്തിയപ്പോള്‍ അധികസമയത്തും സമനിലയില്‍ കലാശിച്ച രണ്ടാം സെമിയില്‍ ഷൂട്ടൗട്ട്‌ വിജയവുമായി മെക്‌സിക്കോ കോസ്‌റ്റാറിക്കയെ വീഴ്‌ത്തി. ചാമ്പ്യന്‍ഷിപ്പില്‍ ഇത്‌ വരെ തോല്‍വിയറിയാത്തവരായ അമേരിക്ക സൂപ്പര്‍ താരങ്ങളില്ലാതെയാണ്‌ ഫൈനല്‍ ടിക്കറ്റ്‌ നേടിയത്‌. ടീമിലെ സൂപ്പര്‍ താരങ്ങളായ ലെന്‍ഡാല്‍ ഡോണോവാന്‍, ടീം ഹൊവാര്‍ഡ്‌ തുടങ്ങിയവരെല്ലാം അമേരിക്കന്‍ ലീഗില്‍ കളിക്കാന്‍ പോയതിനാല്‍ യുവനിരയാണ്‌ രാജ്യത്തെ പ്രതിനിധീകരിച്ചത്‌. പക്ഷേ കോച്ച്‌ ബോബ്‌ ബ്രാഡ്‌ലിയുടെ തന്ത്രങ്ങളില്‍, ഹോണ്ടുറാസിന്റെ സീനിയര്‍ താരങ്ങളെ ഇല്ലാതാക്കാന്‍ യുവനിരക്കായി. ഒന്നാം പകുതിയുടെ അവസാനത്തില്‍ ക്ലിയറന്‍സ്‌ ഗുഡ്‌സണ്‍ ആദ്യ ഗോള്‍ നേടിയപ്പോള്‍ രണ്ടാം ഗോള്‍ കെന്നഡി കൂപ്പറിന്റെ ബൂട്ടില്‍ നിന്നായിരുന്നു. കഴിഞ്ഞ രണ്ട്‌ തവണയും കോണ്‍കാകാഫില്‍ അമേരിക്കന്‍ ടീമിന്‌ എതിരാളികളുണ്ടായിരുന്നില്ല. ഇത്തവണ പക്ഷേ മെക്‌സിക്കോ ശക്തമായ സംഘവുമായാണ്‌ എത്തിയിരിക്കുന്നത്‌. കോസ്‌റ്റാറിക്കയെ ഷൂട്ടൗട്ടില്‍ 5-3 ന്‌ വീഴ്‌്‌ത്തിയ അവര്‍ക്ക്‌ ഫൈനല്‍ പോരാട്ടത്തില്‍ കോച്ച്‌ കാര്‍ലോസ്‌ അഗ്വിറോയുടെ സേവനവും ലഭിക്കും. കഴിഞ്ഞ മൂന്ന്‌ മല്‍സരങ്ങളില്‍ സസ്‌പെന്‍ഷന്‍ കാരണം കോച്ച്‌ ഗ്യാലറിയിലിരുന്നാണ്‌ കളി കണ്ടത്‌.
വലിയ ചാമ്പ്യന്‍ഷിപ്പില്‍ അമേരിക്കയുടെ തുടര്‍ച്ചയായ രണ്ടാം ഫൈനലാണിത്‌. ഒരു മാസം മുമ്പ്‌ ദക്ഷിണാഫ്രിക്കയില്‍ നടന്ന ഫിഫ കോണ്‍ഫെഡറേഷന്‍ കപ്പില്‍ ഫൈനലില്‍ കരുത്തരായ ബ്രസീലിനെതിരെ തുടക്കത്തില്‍ രണ്ട്‌ ഗോളിന്‌ മുന്നിട്ട്‌ നിന്ന ശേഷം പിന്നീട്‌ മൂന്ന്‌ ഗോളുകള്‍ വാങ്ങി തോറ്റതിന്റെ നിരാശ താരങ്ങളുടെ മുഖത്ത്‌ ഇപ്പോഴും പ്രകടമാണ്‌. ആ ഫൈനല്‍ തോല്‍വിക്ക്‌ നാളെ സ്വന്തം തട്ടകത്തില്‍ മറുപടി നല്‍കാനാണ്‌ എല്ലാവരും ആഗ്രഹിക്കുന്നത്‌. അമേരിക്കന്‍ ദേശീയ ടീമിനായി തന്റെ അഞ്ചാം മല്‍സരം കളിച്ച ക്ലിയറന്‍സ്‌ ഗുഡ്‌സണെ പോലുളള യുവതാരങ്ങള്‍ പറയുന്നത്‌ കപ്പ്‌ സ്വന്തമാക്കാന്‍ മറ്റാരെയും അനുവദിക്കില്ലെന്നാണ്‌.
ഹോണ്ടുറാസിന്‌ കാര്യമായ വെല്ലുവിളി ഉയര്‍ത്താന്‍ മല്‍സരത്തിന്റെ ഒരു ഘട്ടത്തിലും കഴിഞ്ഞില്ല. അമേരിക്കക്കെതിരെ കഴിഞ്ഞ ഒരു മാസത്തിനിടെ മൂന്നാമത്തെ തോല്‍വിയാണ്‌ അവര്‍ രുചിക്കുന്നത്‌. ഇതേ ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാം തോല്‍വിയും. മികച്ച പ്രകടനം നടത്തിയിട്ടും ടീം പരാജയപ്പെട്ടതില്‍ നിരാശയുണ്ടെന്ന്‌ ഹോണ്ടുറാസ്‌ കോച്ച്‌ റൈനാള്‍ഡോ റൂയാഡ പറഞ്ഞു. അമേരിക്ക ശക്തരായ പ്രതിയോഗികളായിരുന്നു. അവര്‍ക്കെതിരെ മികച്ച പ്രകടനം നടത്താനായി. പക്ഷേ നിര്‍ണ്ണായക അവസരങ്ങള്‍ ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതേ സമയം യുവതാരങ്ങള്‍ പ്രതീക്ഷ കാത്തതിലാണ്‌ അമേരിക്കന്‍ കോച്ചിന്‌ ആഹ്ലാദം. അടുത്ത ലോകകപ്പില്‍ രാജ്യത്തിനായി അവസരം തേടുന്ന യുവതാരങ്ങളെയാണ്‌ ബ്രാഡ്‌ലി അവതരിപ്പിച്ചത്‌.
ഗോള്‍ക്കീപ്പര്‍ ഗുലെര്‍മെ ഒച്ചാവയുടെ പ്രകടനമാണ്‌ മെക്‌സിക്കോക്ക്‌ വിജയമൊരുക്കിയത്‌. കോസ്‌റ്റാറിക്കയുടെ മൂന്നാമത്തെ പെനാല്‍ട്ടി കിക്ക്‌ തട്ടിതെറിപ്പിച്ച ഗുലെര്‍മോയാണ്‌ മെക്‌സിക്കോക്ക്‌ നിര്‍്‌ണ്ണായക ബ്രേക്‌ ത്രൂ നല്‍കിയത്‌.

ഇരട്ടകുട്ടികളുടെ അച്ഛന്‍
സൂറിച്ച്‌: ടെന്നിസ്‌ സൂപ്പര്‍താരം റോജര്‍ ഫെഡ്‌റര്‍ക്ക്‌ ഇരട്ടക്കുട്ടികള്‍. സ്വിസ്‌ ഇതിഹാസത്തിന്റെ ഭാര്യ മിര്‍ക ഫെഡ്‌റര്‍ ഇന്നലെയാണ്‌ ഇരട്ടകുട്ടികള്‍ക്ക്‌ ജന്മം നല്‍കിയത്‌. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ മൂഹൂര്‍ത്തമെന്നാണ്‌ 27-കാരനായ താരം കുട്ടികളുടെ വരവിനെ വിശേഷിപ്പിച്ചത്‌. രണ്ടും പെണ്‍കുട്ടികളാണ്‌. ആദ്യ കുട്ടിക്ക്‌ മൈല റോസ്‌ എന്നും രണ്ടാം കുട്ടിക്ക്‌ ഷാര്‍ലൈന്‍ റിവ എന്നുമാണ്‌ നാമകരണം ചെയ്‌തിരിക്കുന്നത്‌. കഴിഞ്ഞ മാസം നടന്ന യൂ.എസ്‌ ഓപ്പണ്‍ ടെന്നിസ്‌ ഫൈനലില്‍ ഫെഡ്‌റര്‍ അമേരിക്കന്‍ പ്രതിയോഗിയായ ആന്‍ഡി റോഡിക്കിനെ നേരിടുന്നത്‌ കാണാന്‍ പൂര്‍ണ്ണ ഗര്‍ഭിണിയായിട്ടും മിര്‍ക എത്തിയിരുന്നു. മാരത്തോണ്‍ പോരാട്ടത്തിലാണ്‌ ഫെഡ്‌റര്‍ റോഡിക്കിനെ പരാജയപ്പെടുത്തി ചരിത്രത്തില്‍ ഇടം പിടിച്ചത്‌. ഫെഡ്‌ററുടെ പതിനഞ്ചാമത്‌ ഗ്രാന്‍ഡ്‌സ്ലാം നേട്ടമായിരുന്നു അത്‌. ഇത്‌ വരെ ഒരു താരത്തിനും എത്തിപ്പിടിക്കാന്‍ കഴിയാത്ത നേട്ടം സ്വന്തം ഭര്‍ത്താവ്‌ സ്വന്തമാക്കുന്നത്‌ കാണാനാണ്‌ ആരോഗ്യം മറന്ന്‌്‌ മിര്‍ക്ക എത്തിയത്‌.
ടെന്നിസ്‌ താരമായ മിര്‍ക്കയെ 2000 ത്തിലെ സിഡ്‌നി ഒളിംപിക്‌സ്‌ വേളയിലാണ്‌ ഫെഡ്‌റര്‍ കണ്ട്‌ മുട്ടിയത്‌. സ്ലോവാക്യക്കാരിയായ മിര്‍ക്കക്ക്‌ 31 വയസ്സുണ്ട്‌.

സങ്ക-ദി സേവിയര്‍
കൊളംബോ: കുമാര്‍ സങ്കക്കാരയുടെ പ്രതിരോധം ഭേദിക്കാന്‍ ഡാനിഷ്‌ കനേരിയക്കായില്ല.... മൂന്നാം ടെസ്‌റ്റില്‍ സമനില സ്വന്തമാക്കി ശ്രീലങ്ക മൂന്ന്‌ മല്‍സര ടെസ്റ്റ്‌ പരമ്പരയില്‍ അപരാജിതരായി. പുറത്താവാതെ 133 റണ്‍സുമായി പാറ പോലെ ക്രിസില്‍ ഉറച്ചു നിന്ന ലങ്കന്‍ നായകന്‍ കളിയിലെ കേമനായപ്പോള്‍ നുവാന്‍ കുലശേഖര എന്ന സീമര്‍ക്കാണ്‌ പരമ്പരയിലെ കേമന്‍പ്പട്ടം. ആദ്യ രണ്ട്‌ ടെസ്റ്റുകളിലും നാടകീയ വിജയം സ്വന്തമാക്കിയ ലങ്ക 2-0 ത്തിന്‌ ഇതാദ്യമായി പാക്കിസ്‌താനെതിരെ സ്വന്തം മണ്ണില്‍ നിന്ന്‌ ഒരു പരമ്പര നേടിയപ്പോള്‍ 110 ടെസ്‌റ്റുകളില്‍ രാജ്യത്തിന്റെ കളറണിഞ്ഞ ചാമിന്ദ വാസ്‌ ആരാധകരോട്‌ വിടപറഞ്ഞു.
മല്‍സരത്തിന്റെ അവസാന ദിവസം ആരംഭിക്കുമ്പോള്‍ പാക്കിസ്‌താനായിരുന്നു ഡ്രൈവിംഗ്‌ സീറ്റില്‍. വലിയ ലക്ഷ്യത്തിലേക്ക്‌ ബാറ്റ്‌ ചെയ്യുകയായിരുന്ന ലങ്കയുടെ പ്രതീക്ഷകളത്രയും ക്യാപ്‌റ്റനിലായിരുന്നു. അനുഭവസമ്പത്തിന്റെ കരുത്തില്‍ സങ്ക തന്നിലര്‍പ്പിച്ച വിശ്വാസം കാത്തപ്പോള്‍ പാക്കിസ്‌താന്‍ ബൗളര്‍മാര്‍ക്ക്‌ പൊട്ടിപൊളിഞ്ഞ സിംഹളീസ്‌ ട്രാക്കിനെ ഉപയോഗപ്പെടുത്താനായില്ല. സങ്കക്ക്‌ ശക്തമായ പിന്തുണയുമായി ആഞ്ചലോ മാത്യൂസും അവസാനം വരെയുണ്ടായിരുന്നു. 64 റണ്‍സാണ്‌ മാത്യൂസ്‌ സ്വന്തമാക്കിയത്‌.
സങ്കയും മാത്യൂസും പൊരുതിനിന്നപ്പോള്‍ ലങ്കക്കും വിജയിക്കാന്‍ സാധ്യതയുണ്ടായിരുന്നു. വിക്കറ്റുകള്‍ ശേഷിക്കവെ ആക്രമിച്ച്‌ കളിച്ചാല്‍ വേണമെങ്കില്‍ വിജിയിക്കാവുന്ന അവസരത്തിലും സങ്കക്കാര സാഹസത്തിന്‌ മുതിര്‍ന്നില്ല. പതിനാല്‌ മാന്‍ഡേറ്ററി ഓവറുകള്‍ക്ക്‌ മുമ്പ്‌ കളി അവസാനിക്കുമ്പോള്‍ ലങ്കയും വിജയവും തമ്മില്‍ 101 റണ്‍സിന്റെ അകലം മാത്രമായിരുന്നു.
മാത്യൂസിനെ പോലെ തട്ടുതകര്‍പ്പന്‍ ബാറ്റ്‌സ്‌മാന്‍ ക്രീസിലുളളപ്പോള്‍ ഒരു 20-20 ആവേശം സങ്കക്കാരയില്‍ നിന്നും കാണികള്‍ പ്രതീക്ഷിച്ചു. പക്ഷേ പാക്കിസ്‌താന്‍ സ്‌പിന്നര്‍മാരെ ബഹുമാനിക്കാനുളള പക്വതയാണ്‌ ലങ്കന്‍ നായകന്‍ കാണിച്ചത്‌. മൂന്ന്‌ വിക്കറ്റിന്‌ 183 റണ്‍സ്‌ എന്ന നിലയിലാണ്‌ ലങ്ക അഞ്ചാം ദിവസം ആരംഭിച്ചത്‌. പിടിച്ചുനില്‍ക്കുക എന്ന ലക്ഷ്യത്തില്‍ പന്തിനെയും ബൗളര്‍മാരെയും ബഹുമാനിക്കാന്‍ തന്നെയാണ്‌ സങ്കയും സമരവീരയും തീരുമാനിച്ചത്‌. പാക്കിസ്‌താന്‍ നായകന്‍ ഗത്യന്തരമില്ലാതെ തന്റെ ബൗളര്‍മാരെ മാറി മാറി ഉപയോഗിച്ചു. പക്ഷേ വിക്കറ്റ്‌ വീണില്ല. ലഞ്ചിന്‌ ശേഷം സയദ്‌ അജ്‌മലിന്റെ ദൂസ്‌രയില്‍ സമരവീര പുറത്തായപ്പോഴാണ്‌ മാത്യൂസ്‌ എത്തിയത്‌. അദ്ദേഹം നിലയുറപ്പിച്ചപ്പോള്‍ പാക്കിസ്‌താന്‌ സമ്മര്‍ദ്ദം ചെലുത്താനായില്ല.
മറഡോണ മൈതാനം മാറ്റി
ബ്യൂണസ്‌ അയേഴ്‌സ്‌: സെപ്‌തംബര്‍ അഞ്ചിന്‌ നടക്കുന്ന നിര്‍ണ്ണായക ലാറ്റിനമേരിക്കന്‍ ലോകകപ്പ്‌ യോഗ്യതാ മല്‍സരത്തല്‍ അര്‍ജന്റീന ബ്രസീലിനെ നേരിടുന്നത്‌ തലസ്ഥാന നഗരിയിലെ റിവര്‍പ്ലേറ്റ്‌ സ്‌റ്റേഡിയത്തിലായിരിക്കില്ല. ബ്യൂണസ്‌ അയേഴ്‌സില്‍ നിന്നും 180 കീലോമീറ്റര്‍ അകലെയുള്ള റൊസാരിയോ സ്‌റ്റേഡിയത്തിലായിരിക്കും മല്‍സരം നടക്കുക. റിവര്‍പ്ലേറ്റ്‌ സ്‌റ്റേഡിയത്തില്‍ നിന്നും മല്‍സരം റൊസാരിയോയിലേക്ക്‌ മാറ്റണമെന്ന ദേശീയ ടീം കോച്ച്‌ മറഡോണയുടെ നിര്‍ദ്ദേശം അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ അംഗീകരിക്കുകയായിരുന്നു. ഫിഫയും ഇത്‌ അംഗീകരിച്ചിട്ടുണ്ട്‌. റിവര്‍പ്ലേറ്റ്‌ മൈതാനം വളരെ മോശമാണെന്നാണ്‌ മറഡോണ കുറ്റപ്പെടുത്തിയത്‌. ലാറ്റിനമേരിക്കയില്‍ നാല്‌ റൗണ്ട്‌ ലോകകപ്പ്‌ യോഗ്യതാ പോരാട്ടങ്ങളാണ്‌ ശേഷിക്കുന്നത്‌. ബ്രസീലിനും ചിലിക്കും പരാഗ്വേക്കും പിറകില്‍ നാലാം സ്ഥാനത്താണ്‌ അര്‍ജന്റീനയിപ്പോള്‍. ബ്രസീലിന്‌ 27 ഉം, ചിലിക്ക്‌ 26 ഉം പരാഗ്വേക്ക്‌ 24 ഉം പോയന്റാണുളളത്‌. അര്‍ജന്റിനക്ക്‌ 22 പോയന്റാണുളളത്‌. അര്‍ജന്റീനക്ക്‌ വെല്ലുവിളി ഉയര്‍ത്തി 20 പോയന്റുമായി ഇക്വഡോറും 18 പോയന്റുമായി ഉറുഗ്വേയും 17 പോയന്റുമായി കൊളംബിയയും ഇതേ പോയന്റുമായി വെനിസ്വേലയുമുണ്ട്‌. വന്‍കരയില്‍ നിന്നും ആദ്യ നാല്‌ സ്ഥാനങ്ങള്‍ നേടുന്നവര്‍ക്കാണ്‌ ലോകകപ്പിലേക്ക്‌ നേരിട്ട്‌ എന്‍ട്രി. അഞ്ചാം സ്ഥാനം നേടുന്നവര്‍ കോണ്‍കാകാഫിലെ നാലാം സ്ഥാനക്കാരുമായി പ്ലേ ഓഫ്‌ കളിക്കണം.
ലോകകപ്പ്‌ ബെര്‍ത്ത്‌ സ്വന്തമാക്കാന്‍ വേണ്ടിയാണ്‌ മറഡോണയെ ദേശീയ ടീമിന്റെ പരിശീലകനായി അര്‍ജന്റീന നിയോഗിച്ചത്‌. നല്ല തുടക്കത്തിന്‌ ശേഷം പക്ഷേ മറഡോണയുടെ സംഘം പതറുകയാണ്‌. ലയണല്‍ മെസിയെ പോലുളള സൂപ്പര്‍ താരങ്ങളുണ്ടായിട്ടും വലിയ വിജയം സ്വന്തമാക്കാന്‍ ടീമിന്‌ കഴിഞ്ഞിട്ടില്ല.

നമ്പര്‍ വണ്‍ പോരാട്ടം
ലണ്ടന്‍: ലണ്ടനില്‍ ലോകം ഉറ്റുനോക്കുന്ന അതിവേഗക്കാരുടെ പോരാട്ടം. ലണ്ടന്‍ ഗ്രാന്‍ഡ്‌ പ്രീയില്‍ മല്‍സരിക്കുന്നവര്‍ ചില്ലറക്കാരല്ല. ഒളിംപിക്‌ ചാമ്പ്യന്‍ ഉസൈന്‍ ബോള്‍ട്ടും അദ്ദേഹത്തിന്റെ നമ്പര്‍ വണ്‍ ശത്രുവായ അസാഫ പവലും. ബെയ്‌ജിംഗ്‌ ഒളിംപിക്‌സില്‍ സ്വര്‍ണ്ണം സ്വന്തമാക്കിയതിന്‌ ശേഷം ബോള്‍ട്ട്‌ നടത്തിയ വീരവാദങ്ങളെ ഇവിടെ ഇല്ലാതാക്കുമെന്നാണ്‌ അസാഫ പറയുന്നത്‌. ലോകത്തിലെ അതിവേഗക്കാരനായ ഓട്ടക്കാരന്‍ ആരാണെന്ന്‌ താന്‍ കാണിച്ചുതരാമെന്നും അസാഫ വെല്ലുവിളിക്കുന്നുണ്ട്‌. ഒളിംപിക്‌സിന്‌ ശേഷം കഴിഞ്ഞ ജൂലൈയില്‍ സ്‌റ്റേക്ക്‌ഹോമില്‍ വെച്ച്‌ ബോള്‍ട്ടിനെ വീഴ്‌ത്താനായ കാര്യമാണ്‌ അസാഫ ഊന്നിപ്പറയുന്നത്‌. ഒളിംപിക്‌സില്‍ സംഭവിച്ചത്‌ ചെറിയ പിഴവായിരുന്നു. ഫൈനല്‍ മല്‍സരത്തില്‍ ആവശ്യത്തിനുള്ള ഊര്‍ജ്ജം ലഭിച്ചില്ല. അത്‌ കൊണ്ടാണ്‌ പിറകിലായത്‌. പക്ഷേ അന്നും ഇന്നും ഞാന്‍ തന്നെയാണ്‌ ലോകത്തിലെ ഒന്നാമനായ സ്‌പ്രിന്റര്‍. അത്‌ തെളിയിച്ചുതരാം-അസാഫയുടെ വാചകമടിക്ക്‌ പക്ഷേ ബോള്‍ട്ട്‌ മറുപടി നല്‍കിയിട്ടില്ല. 9.74 സെക്കന്‍ഡില്‍ ഫിനിഷ്‌ ചെയത്‌ അസാഫ ലോക റെക്കോര്‍ഡ്‌ സ്വന്തമാക്കിയതിന്‌ പിറകെയാണ്‌ ബെയ്‌ജിംഗില്‍ ബോള്‍ട്ട്‌ കരുത്തനായത്‌. ബോള്‍ട്ട്‌ എന്ന സ്‌പിന്ററുടെ ജന്മസിദ്ധിയാണ്‌ ബെയ്‌ജിംഗില്‍ പ്രകടമായത്‌. 9.69 സെക്കന്‍ഡില്‍ ഫിനിഷ്‌ ചെയ്‌ത്‌്‌ അദ്ദേഹം ലോക റെക്കോര്‍ഡ്‌ നേടിയപ്പോള്‍ 9.95 സെക്കന്‍ഡിലാണ്‌ അസാഫ ഫിനിഷ്‌ ചെയ്‌തത്‌. അസാഫയിലെ കഠിനാദ്ധ്വാനിക്ക്‌ നിര്‍ണ്ണായക ഘട്ടങ്ങളില്‍ പിഴക്കുകയും ചെയ്‌തു. പരുക്കുകളാണ്‌ അസാഫക്ക്‌ പലപ്പോഴും വെല്ലുവിളിയായത്‌. രണ്ടാഴ്‌ച്ച മുമ്പ്‌ റോമില്‍ അദ്ദേഹം കുറിച്ച സമയം 9.88 സെക്കന്‍ഡായിരുന്നു. പേശീവലിവും കാല്‍മുട്ടിലെ വേദനയുമാണ്‌ ചതിച്ചതെന്നാണ്‌ അന്ന്‌ അസാഫ നല്‍കിയ വീശദീകരണം. ബെയ്‌ജിംഗില്‍ പരാജയപ്പെട്ടപ്പോഴും അദ്ദേഹം ആരോഗ്യകാരണങ്ങളാണ്‌ ചൂണ്ടിക്കാട്ടിയത്‌. ബെര്‍ലിനില്‍ അടുത്ത മാസം ലോക അത്‌ലറ്റിക്‌ ചാമ്പ്യന്‍ഷിപ്പ്‌ നടക്കാനിരിക്കെ കരുത്ത്‌ തെളിയിക്കാന്‍ ഇതിലും വലിയ വേദി അസാഫക്കും ബോള്‍ട്ടിനുമില്ല. അതിനാല്‍ കാത്തിരിക്കാം ആരാണ്‌ ലണ്ടനിലെ ഒന്നാമനെന്ന്‌....

ഹെയ്‌ഡന്‍ അക്കാദമി
ചെന്നൈ: ഓസ്‌ട്രേലിയന്‍ ഓപ്പണറായിരുന്ന മാത്യൂ ഹെയ്‌ഡന്‍ ചെന്നൈയില്‍ യുവ ക്രിക്കറ്റര്‍മാര്‍ക്കായി അക്കാദമി സ്ഥാപിക്കുന്നു. രാഹുല്‍ ദ്രാവിഡ്‌, ചെന്നൈ സൂപ്പര്‍ കിംഗ്‌സ്‌ കോച്ച്‌ സ്‌റ്റീഫന്‍ ഫ്‌ളെമിംഗ്‌ എന്നിവരുടെ സഹകരണത്തിലാണ്‌ അക്കാദമിക്ക്‌ ഹെയ്‌ഡന്‍ തുടക്കമിടുന്നത്‌. പത്ത്‌ വര്‍ഷം മുമ്പ്‌ ചെന്നൈ തനിക്ക്‌ നല്‍കിയ കരുത്തിനുളള പ്രതിഫലമായാണ്‌ അക്കാദമിയെ ഹെയ്‌ഡന്‍ വിശേഷിപ്പിക്കുന്നത്‌. 2000-01 സീസണില്‍ സ്റ്റീവ്‌ വോ നയിച്ച ഓസീസ്‌ സംഘത്തില്‍ അംഗമായി ഇവിടെയെത്തിയാണ്‌ സ്‌പിന്‍ ട്രാക്കില്‍ ഹെയ്‌ഡന്‍ കളി പഠിച്ചത്‌.
വാസ്‌ പുറത്ത്‌
കൊളംബോ: ടെസ്‌റ്റ്‌ ക്രിക്കറ്റില്‍ നിന്നും വിരമിച്ച ചാമിന്ദ വാസിന്‌ ശ്രീലങ്കയുടെ ഏകദിന സംഘത്തില്‍ സ്ഥാനമില്ല. നാല്‌ വര്‍ഷത്തിന്‌ ശേഷം പക്ഷേ തിലാന്‍ സമരവീരക്ക്‌ അവസരമേകി കൊണ്ട്‌ പാക്കിസ്‌താനെതിരായ ഏകദിന പരമ്പരക്കുളള ടീമിനെ ഇന്നലെ പ്രഖ്യാപിച്ചു. ടീം ഇതാണ്‌: കുമാര്‍ സങ്കക്കാര (ക്യാപ്‌റ്റന്‍), മുത്തയ്യ മുരളീധരന്‍, സനത്‌ ജയസൂര്യ, മഹേല ജയവര്‍ദ്ധനെ, തിലാന്‍ സമരവീര, ചമര കപ്പുഗുഡേര, ആഞ്ചലോ മാത്യസ്‌, നുവാന്‍ കുലശേഖര, ലാസിത്‌ മാലിങ്ക, അജാന്ത മെന്‍ഡിസ്‌, തിലിന കാന്‍ഡാംബി, മാലിങ്ക ഭണ്ഡാര, തിലാന്‍ തുഷാര, ഉപുല്‍ തരംഗ. പരമ്പരയിലെ ആദ്യ മല്‍സരം ഈ മാസം 30ന്‌ ധാംബൂലയില്‍ നടക്കും.

No comments: