Wednesday, July 22, 2009

WINDIES CLIMAX


ഐവറിക്കാര്‍ക്ക്‌ പിഴ
സൂറിച്ച്‌: ലോകകപ്പ്‌ യോഗ്യതാ മല്‍സരത്തിനിടെ സ്‌റ്റേഡിയത്തിന്റെ മതില്‍ തകര്‍ന്ന്‌ 22 പേര്‍ മരിക്കാനിടയായ സംഭവത്തില്‍ ഐവറി കോസ്‌റ്റിന്‌ ഫിഫ 46,000 ഡോളര്‍ പിഴ ചുമത്തി. കഴിഞ്ഞ മാര്‍ച്ച്‌ 29ന്‌ നടന്ന ഐവറികോസ്‌റ്റ്‌-മലാവി ലോകകപ്പ്‌ യോഗ്യതാ മല്‍സരം ആരംഭിക്കുന്നതിന്‌ അരമണിക്കൂര്‍ മുമ്പാണ്‌ കാണികളുടെ തള്ളിക്കയറലില്‍ സ്‌റ്റേഡിയത്തിന്റെ മതില്‍ തകര്‍ന്ന്‌ വീണത്‌. 22 പേര്‍ തല്‍സമയം മരിച്ചപ്പോള്‍ 130 ലധികം പേര്‍ക്ക്‌ പരുക്കേറ്റിരുന്നു. ഐവറി കോസ്‌റ്റിന്റെ ആസ്ഥാന നഗരമായ അബിദ്‌ജാനിലെ ഫെലിക്‌സ്‌ ഹുഫോറ്റ്‌ ബോയിഗ്നി സ്‌റ്റേഡിയത്തിലാണ്‌ അത്യാഹിതം നടന്നത്‌. ഈ സ്‌റ്റേഡിയത്തിന്‌ ഇനി മുതല്‍ ഫിഫയുടെ നിയന്ത്രണമുണ്ടാവും. ഇതേ മൈതാനത്ത്‌ വെച്ചാണ്‌ സെപ്‌തംബര്‍ അഞ്ചിന്‌ ആതിഥേയര്‍ അടുത്ത ലോകകപ്പ്‌ യോഗ്യതാ മല്‍സരത്തില്‍ ബുര്‍ക്കിനോഫാസോയുമായി കളിക്കുന്നത്‌. ആ മല്‍സരത്തിന്‌ 20,000 ത്തിലധികം പേര്‍ക്ക്‌ ടിക്കറ്റ്‌ നല്‍കരുതെന്നാണ്‌ ഫിഫ നിര്‍ദ്ദേശം.
ദുരന്തം നടന്ന മല്‍സരത്തിനേക്കായി കണക്കില്‍ കവിഞ്ഞ ടിക്കറ്റുകളാണ്‌ സംഘാടകര്‍ നല്‍കിയിരുന്നത്‌. ഐവറി കോസ്‌റ്റിലെ സൂപ്പര്‍ താരമായ ചെല്‍സിയുടെ ദീദിയര്‍ ദ്രോഗ്‌ബെ സ്വന്തം മൈതാനത്ത്‌ കളിക്കുന്നത്‌ കാണാന്‍ കാണികള്‍ തിങ്ങികൂടിയപ്പോള്‍ പതിനായിരത്തോളം പേര്‍ ടിക്കറ്റ്‌ ലഭിക്കാതെ പുറത്ത്‌ നില്‍ക്കേണ്ടി വന്നു. ഇവര്‍ തള്ളിക്കയറിയപ്പോള്‍ മതില്‍ തകരുകയായിരുന്നു. സ്‌റ്റേഡിയത്തിന്റെ കപ്പാസിറ്റി 34, 600 ആണ്‌. ഇതിന്റെ ഒരു ഇരട്ടിയിലധികം പേരാണ്‌ ദ്രോഗ്‌ബെയടെ മല്‍സരം കാണാനെത്തിയത്‌.
ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടാല്‍ വിലക്കല്ലാതെ മറ്റൊരു പോംവഴി ഇനി മുന്നില്ലില്ലെന്ന്‌ ഫിഫ വ്യക്തമാക്കി. ആരാണ്‌ ദുരന്തത്തിന്‌ ഉത്തരവാദികള്‍ എന്ന്‌ അന്വേഷണ സംഘം വ്യക്തമാക്കിയിട്ടില്ല. പക്ഷേ കണക്കില്‍ കവിഞ്ഞ്‌ ആളുകളെ കയറ്റുന്നത്‌ ഒരിക്കലും നീതികരിക്കാനാവാത്ത സംഭവമാണ്‌. മല്‍സരത്തിന്റെ കിക്കോഫിന്‌ മുമ്പ്‌ സംഭവം നടന്നതിനാലാണ്‌ മരണസംഖ്യ കുറഞ്ഞത്‌. ടിക്കറ്റ്‌ ലഭിക്കാത്ത കാണികള്‍ ബഹളം വെച്ചപ്പോള്‍ പോലീസ്‌ ടിയര്‍ഗ്യാസ്‌ പ്രയോഗിക്കുകയും ഇതിനെ തുടര്‍ന്ന്‌ എല്ലാവരും ഓടിയപ്പോഴുണ്ടായ തിക്കും തിരക്കിലുമാണ്‌ മരണസംഖ്യ ഉയര്‍ന്നതെന്നാണ്‌ നിഷ്‌പക്ഷ അന്വേഷണത്തില്‍ വ്യക്തമായത്‌. ഇനി മുതല്‍ മല്‍സരവേദിക്ക്‌ 100 മീറ്റര്‍ മുന്നിലായി ട്രാഫിക്‌ ബാരിയേഴ്‌സ്സ്‌ സ്ഥാപിക്കണമെന്നും ഫിഫ നിര്‍ദ്ദേശിച്ചിട്ടുണ്ട്‌.
ജയം ചെല്‍സിക്ക്‌
പാസഡേന, കാലിഫ്‌: യൂറോപ്പിലെ രണ്ട്‌ പ്രബല ക്ലബുകള്‍ അമേരിക്കയില്‍ ബലാബലം വന്നപ്പോള്‍ വിജയം ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ക്ലബായ ചെല്‍സിക്ക്‌. മറുപടിയില്ലാത്ത രണ്ട്‌ ഗോളുകള്‍ക്ക്‌ ചെല്‍സി തോല്‍പ്പിച്ചത്‌ ഇറ്റാലിയന്‍ ചാമ്പ്യന്മാരായ ഇന്റര്‍ മിലാനെ. സൂപ്പര്‍ താരങ്ങളായ ദീദിയര്‍ ദ്രോഗ്‌ബെയും ഫ്രാങ്ക്‌ ലംപാര്‍ഡുമാണ്‌ ചെല്‍സിക്കായി ഗോളുകള്‍ സ്‌ക്കോര്‍ ചെയ്‌ത്‌. റോസ്‌ ബൗള്‍ മൈതാനത്ത്‌ പ്രബലരുടെ പോരാട്ടം കാണാന്‍ കാണികള്‍ തിങ്ങിനിറഞ്ഞിരുന്നു. വേള്‍ഡ്‌ ഫുട്‌ബോള്‍ ചാലഞ്ച്‌ എന്ന പേരിലുളള ഫുട്‌ബോള്‍ പരമ്പരയുടെ ഭാഗമായിട്ടായിരുന്നു മല്‍സരം. ഇറ്റലിയില്‍ നിന്ന്‌ തന്നെയുള്ള ഏ.സി മിലാനും മെക്‌സിക്കന്‍ സിറ്റി ക്ലബും ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നുണ്ട്‌. ആവേശകരമായ മല്‍സരത്തിന്റെ മുപ്പതാം മിനുട്ടില്‍ മുപ്പത്‌ വാര അകലെ നിന്നുള്ള തകര്‍പ്പന്‍ ഷോട്ടിലാണ്‌ ദ്രോഗ്‌ബെയുടെ ഗോള്‍ പിറന്നത്‌. ഷോട്ട്‌ തടയാന്‍ മിലാന്‍ ഗോള്‍ക്കീപ്പര്‍ വിദ്‌ ബാലിക്‌ മുഴുനീളം ഡൈവ്‌ ചെയ്‌തെങ്കിലും ക്രോസ്‌ബാറിലുരസി പന്ത്‌ വലയില്‍ കയറി. അമ്പതാം മിനുട്ടില്‍ ലഭിച്ച പെനാല്‍ട്ടി കിക്കില്‍ നിന്നാണ്‌ ലംപാര്‍ഡ്‌ ഗോള്‍ നേടിയത്‌. ഡാനിയല്‍ സ്‌റ്റര്‍ഗിസിനെ പെനാല്‍ട്ടി ബോക്‌സില്‍ വെച്ച്‌ ഫൗള്‍ ചെയ്‌തതിനായിരുന്നു പെനാല്‍ട്ടി. ഇന്റര്‍ മിലാന്‍ നിരയില്‍ കളിച്ച സുല്‍ത്താന്‍ ഇബ്രാഹിമോവിച്ച്‌ മികവ്‌ കാട്ടിയെങ്കിലും സ്‌ക്കോര്‍ ചെയ്യാന്‍ കഴിഞ്ഞില്ല. പുതിയ സീസണില്‍ മിലാന്‍ വിട്ട്‌ ബാര്‍സിലോണയില്‍ ചേരുമെന്ന്‌ കരുതപ്പെടുന്ന ഇബ്രാഹീമോവിച്ച്‌ അമ്പത്തിയൊമ്പതാം മിനുട്ടിലാണ്‌ മൈതാനത്ത്‌ ഇറങ്ങിയത്‌. 2006 ലെ ലോകകപ്പില്‍ സ്വീഡനായി കളച്ച ഇബ്രാഹീമോവിച്ച്‌ കഴിഞ്ഞ സീസണില്‍ മിലാന്‌ വേണ്ടി 25 ഗോളുകള്‍ സക്കോര്‍ ചെയ്‌തിരുന്നു.

വെടിനിര്‍ത്തല്‍
ഗ്രാനഡ: വിന്‍ഡീസ്‌ ക്രിക്കറ്റ്‌ ബോര്‍ഡിനെതിരായ സമരത്തില്‍ സീനിയര്‍ താരങ്ങളുടെ വെടിനിര്‍ത്തല്‍. ബോര്‍ഡും താരങ്ങളും തമ്മിലുളള പ്രശ്‌നത്തിന്‌ പരിഹാരം കാണാനായി മധ്യസ്ഥനെ നിയോഗിക്കാനുളള തീരുമാനത്തെ സ്വാഗതം ചെയ്‌ത്‌ സീനിയര്‍ താരങ്ങള്‍ മല്‍സര ബഹിഷ്‌ക്കരണം അവസാനിപ്പിച്ചു. ബംഗ്ലാദേശിനെതിരെ നടക്കുന്ന ഏകദിന പരമ്പരയില്‍ ക്രിസ്‌ ഗെയിലും സംഘവും കളിക്കും. ക്രിക്കറ്റ്‌ ബോര്‍ഡ്‌ താരങ്ങളുമായി കരാര്‍ ഒപ്പിടാതെ നിങ്ങുന്നതിനെതിരെയായിരുന്നു പ്ലെയേഴ്‌സ്‌ അസോസിയേഷന്റെ ആഭ്യമുഖ്യത്തില്‍ സീനിയര്‍ താരങ്ങള്‍ ബഹിഷ്‌ക്കരണം പ്രഖ്യാപിച്ചത്‌. മഷ്‌റഫെ മൊര്‍ത്തസ നയിച്ച ബംഗ്ലാദേശ്‌ സംഘം ടെസ്‌റ്റ്‌-ഏകദിന പരമ്പരക്കായി എത്തിയ ഉടനാണ്‌ സീനിയര്‍ താരങ്ങള്‍ ക്രിക്കറ്റ്‌ ബോര്‍ഡുമായി ഏറ്റുമുട്ടാന്‍ തീരുമാനിച്ചത്‌. ടെസ്‌റ്റ്‌ പരമ്പരയില്‍ തങ്ങള്‍ കളക്കില്ലെന്ന്‌ താരസംഘട പ്രഖ്യാപിച്ചപ്പോള്‍ അതിന്‌ പുല്ലുവില കല്‍പ്പിച്ച ക്രിക്കറ്റ്‌ ബോര്‍ഡ്‌ പകരം ജൂനിയര്‍ ടീമിനെയാണ്‌ രംഗത്തിറക്കിയത്‌. ഈ ടീമിനെയാവട്ടെ ബംഗ്ലാദേശുകാര്‍ രണ്ട്‌ ടെസ്റ്റിലും നാണം കെടുത്തി. സെന്റ്‌ വിന്‍സന്റിലും ഗ്രാനഡയിലും നടന്ന മല്‍സരങ്ങളില്‍ പോരാട്ടവീര്യം പ്രകടിപ്പിക്കാന്‍ മാത്രമാണ്‌ കരിബീയന്‍ യുവസംഘത്തിനായത്‌. ഇത്‌ വരെ വിദേശ മണ്ണില്‍ ഒരു പരമ്പര സ്വന്തമാക്കാന്‍ കഴിയാതിരുന്ന കടുവകള്‍ക്കാവട്ടെ വിന്‍ഡീസ്‌ സീനിയര്‍ താരങ്ങളുടെ സമരം അനുഗ്രഹവുമായി.
ടെസ്റ്റ്‌ പരമ്പര ആസ്വദിക്കാന്‍ ആരുമില്ലാത്ത അവസ്ഥയായിരുന്നു. നൂറില്‍ താഴെ ആരാധകര്‍ മാത്രമാണ്‌ കളികാണാന്‍ എത്തിയിരുന്നത്‌. പ്രശ്‌നത്തിന്‌ പരിഹാരം കണ്ടെത്താന്‍ ഇന്നലെ ക്രിക്കറ്റ്‌ ബോര്‍ഡ്‌ പ്രതിനിധികളും താരസംഘടനയുടെ പ്രതിനിധികളും തമ്മില്‍ ചര്‍ച്ചയുണ്ടായിരുന്നു. ഗുയാനയുടെ പ്രസിഡണ്ട്‌ ഭരത്‌ ജാഗ്‌ ദിയോയായിരുന്നു ചര്‍ച്ച വിളിച്ചത്‌. കോമണ്‍വെല്‍ത്ത്‌ സെക്രട്ടറി ജനറല്‍ സിദ്ധാര്‍ത്ഥ്‌ രാംപാലിനെ ചര്‍ച്ചകള്‍ക്കുള്ള മധ്യസ്ഥനായി ഇരുപക്ഷവും അംഗീകരിച്ചതോടെയാണ്‌ മഞ്ഞുരുകിയത്‌. ക്രിക്കറ്റ്‌ ബോര്‍ഡും താരസംഘടനയും തമ്മിലുളള പ്രശ്‌നങ്ങളെല്ലാം ഇരുപക്ഷത്തോടും വ്യക്തമായി സമര്‍പ്പിക്കാനാണ്‌ മധ്യസ്ഥന്‍ ആവശ്യപ്പെട്ടിരിക്കുന്നത്‌. മധ്യസ്ഥ സംഘം ഉടന്‍ തന്നെ ചര്‍ച്ചകള്‍ ആരംഭിച്‌ പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കുമെന്ന്‌ ഗ്രാനഡയുടെ പ്രസിഡണ്ട്‌ പറഞ്ഞു.
ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയില്‍ മൂന്ന്‌ മല്‍സരങ്ങളാണുളളത്‌. ആദ്യ മല്‍സരം നാളെ നടക്കും. ക്രിസ്‌ ഗെയില്‍ നയിക്കുന്ന സീനിയര്‍ സംഘത്തില്‍ കരുത്തരായ ശിവനാരായണ്‍ ചന്ദര്‍പോള്‍, രാം നരേഷ്‌ സര്‍വന്‍, ഡ്വിന്‍ ബ്രാവോ തുടങ്ങിയവരെല്ലാമുണ്ട്‌. ഇംഗ്ലണ്ടില്‍ അവസാനിച്ച 20-20 ലോകകപ്പില്‍ സെമി ഫൈനല്‍ വരെ കളിച്ചവരാണ്‌ ഗെയിലിന്റെ സംഘം. ഇവര്‍ ബഹിഷ്‌ക്കരണം പ്രഖ്യാപിച്ചപ്പോള്‍ ജൂനിയര്‍
നിരയെയാണ്‌ ക്രിിക്കറ്റ്‌ ബോര്‌ഡ്‌ അവതരിപ്പിച്ചത്‌. ഈ നീക്കത്തിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്നാണ്‌ ക്രക്കറ്റ്‌ ബോര്‍ഡ്‌ ചര്‍ച്ചകള്‍ക്ക്‌ തയ്യാറായത്‌.

മാലിക്‌ ഷോ
കൊളംബോ: സിംഹളീസ്‌ സ്‌പോര്‍ട്‌സ്‌ ഗ്രൗണ്ടില്‍ പാക്കിസ്‌താന്‍ ബാറ്റിംഗ്‌ ഒരിക്കല്‍ക്കൂടി തരം താണിരുന്നു-പക്ഷേ ഷുഹൈബ്‌ മാലിക്‌ എന്ന മുന്‍ ക്യാപ്‌റ്റന്‍ പുറത്താവാതെ നേടിയ സെഞ്ച്വറിയും അര്‍ദ്ധശതകങ്ങളുമായി മിസ്‌ബാഹുല്‍ ഹഖും വിക്കറ്റ്‌ കീപ്പര്‍ കമറാന്‍ അക്‌മലും നല്‍കിയ പിന്തുണയും മറ്റൊരു നാടകീയ തകര്‍ച്ചയില്‍ നിന്നും പാക്കിസ്‌താനെ കരകയറ്റി. അവസാന ടെസ്‌റ്റില്‍ ഒരു ദിവസം കൂടി ശേഷിക്കവെ സന്ദര്‍ശകര്‍ക്കിപ്പോള്‍ വിലപ്പെട്ട 366 റണ്‍സിന്റെ ലീഡുണ്ട്‌. രണ്ടാം ഇന്നിംഗ്‌സില്‍ അഞ്ച്‌ വിക്കറ്റിന്‌ 300 റണ്‍സ്‌ എന്ന നിലയിലാണ്‌ ടീം.
ആദ്യ രണ്ട്‌ ടെസ്റ്റിലും നാടകീയമായി തോറ്റ പാക്കിസ്‌താന്‌ ഇനി പരമ്പര നേടാനാവല്ല. പക്ഷേ ആശ്വാസവിജയം സ്വന്തമാക്കാം. ചാമിന്ദാ വാസിന്റെ അവസാന ടെസ്റ്റില്‍ വിജയം കൊതിക്കുന്ന ലങ്കക്ക്‌ കാര്യങ്ങള്‍ എളുപ്പമല്ല. പുല്ലില്ലാത്ത പിച്ചില്‍ അവസാന ദിവസത്തില്‍ പിടിച്ചുനില്‍ക്കുക അസാധ്യമാണ്‌.
നാലാം ദിവസത്തില്‍ രണ്ടാം ഇന്നിംഗ്‌സ്‌ പുനരാരംഭിച്ച പാക്കിസ്‌താന്‍ ഒരു ഘട്ടത്തില്‍ നാല്‌ വിക്കറ്റിന്‌ 67 റണ്‍സ്‌ എന്ന നിലയിലായിരുന്നു. ടീമിലെ മുഖ്യ ബാറ്റ്‌സ്‌മാന്മാരായ ക്യാപ്‌റ്റന്‍ യൂനസ്‌ഖാനും മുഹമ്മദ്‌ യൂസഫും പവിലിയനില്‍ തിരിച്ചെത്തിയ കാഴ്‌ച്ചയില്‍ മറ്റൊരു പരാജയമാണ്‌ മുന്നില്‍കണ്ടത്‌. പക്ഷേ മിന്നുന്ന ഷോട്ടുകളുമായി ഷുഹൈബ്‌ മാലിക്കും കമറാന്‍ അക്‌മലും മിസ്‌ബാഹും അവസാന രണ്ട്‌ സെഷനുകളില്‍ നിറഞ്ഞ്‌ നിന്നു. 106 റണ്‍സുമായി മാലിക്‌ ക്രീസിലുണ്ട്‌. കഴിഞ്ഞ രണ്ട്‌ ടെസ്‌റ്റിലും ആധികാരിക പ്രകടനം നടത്താന്‍ കഴിയാതിരുന്ന മാലിക്കിന്റെ ടീമിലെ സ്ഥാനം തന്നെ ചോദ്യം ചെയ്യപ്പെട്ട വേളയിലാണ്‌ എല്ലാവര്‍ക്കും മറുപടിയുമായി ചേതോഹരമായ ഇന്നിംഗ്‌സ്‌ അദ്ദഹം കാഴ്‌ച്ചവെച്ചത്‌. വാസിന്റെ ഒരു പന്ത്‌ മിഡ്‌വിക്കറ്റിലൂടെ അതിര്‍ത്തി കടത്തിയ ഷോട്ടായിരുന്നു മാലിക്കിന്റെ ഇന്നിംഗ്‌സിലെ സൂപ്പര്‍ ഷോട്ട്‌. തകര്‍ച്ചയിലായിരുന്നു പാക്കിസ്‌താന്‍ തുടക്കം. ഓപ്പണര്‍ ഖുറം മന്‍സൂറിന്‌ കേവലം രണ്ട്‌ റണ്‍സ്‌ മാത്രമാണ്‌ നേടാനായത്‌. ഹെറാത്തിന്റെ പന്തിനെ ആക്രമിക്കാന്‍ ശ്രമിച്ച മന്‍സൂര്‍ ക്ലീന്‍ ബൗള്‍ഡായി. രണ്ടാം ടെസ്‌റ്റില്‍ മനോഹരമായ സെഞ്ച്വറി സ്വന്തമാക്കി ടീമിലെ തന്റെ സ്ഥാനം ഉറപ്പിച്ച ഫവാദ്‌ ആലമിന്‌ 16 റണ്‍സ്‌ മാത്രമാണ്‌ നേടാനായത്‌. ക്യാപ്‌റ്റന്‍ യൂനസാവട്ടെ നിരുത്തരവാദിത്ത്വ ഷോട്ടില്‍ ഒരിക്കല്‍ക്കൂടി പവിലിയന്‍ കണ്ടു. 23 റണ്‍സാണ്‌ ടീമിലെ വിശ്വസ്‌തനായ യൂസഫിന്‌ നേടാനായത്‌.
മിസ്‌ബാഹിന്‌ കൂട്ടായി മാലിക്‌ വരുമ്പോള്‍ ലങ്കന്‍ ബൗളര്‍മാര്‍ സംഹാരതാണ്ഡവത്തിനുളള ഒരുക്കത്തിലായിരുന്നു. പുതിയ പന്തില്‍ പേസര്‍മാര്‍ നല്‍കുന്ന കരുത്ത്‌ ഉപയോഗപ്പെടുത്തിയാണ്‌ സങ്കക്കാര കഴിഞ്ഞ രണ്ട്‌ ടെസ്റ്റിലും വിജയം വരിച്ചത്‌. ഇത്തവണ പക്ഷേ മാലിക്‌ ഭദ്രമായി കളിച്ചു. ബൗളര്‍മാരെ നിലയുറപ്പിക്കാന്‍ അനുവദിച്ചാല്‍ അത്‌ അപകടമാണെന്ന്‌ മനസ്സിലാക്കിയാണ്‌ മാലികും മിസ്‌ബയും ബാറ്റേന്തിയത്‌. വ്യക്തിഗത സ്‌ക്കോര്‍ 65 ല്‍ മിസ്‌ബ പുറത്തായെങ്കിലും പകരം വന്ന കമറാന്‍ അക്‌മല്‍ പതിവ്‌ പോലെ ആക്രമിച്ചുളള തന്റെ ശൈലി ആവര്‍ത്തിച്ചു. 68 പന്തില്‍ അഞ്ച്‌്‌ ബൗണ്ടറിയും ഒരു സിക്‌സറുമാണ്‌ അക്‌മല്‍ സ്വന്തമാക്കിയത്‌.
ഇന്ന്‌ ബൗളര്‍മാര്‍ തിളങ്ങിയാല്‍ പാക്കിസ്‌താന്‌ വിജയിക്കാനാവും. സ്‌പിന്നര്‍മാരായ ഡാനിഷ്‌ കനേരിയ, സയദ്‌ അജ്‌മല്‍ എന്നിവര്‍ ആദ്യ ഇന്നിംഗ്‌സില്‍ മികവ്‌ പ്രകടിപ്പിച്ചിരുന്നു.

കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌
താരങ്ങളെ ഇനിയും ഇന്‍ഷൂര്‍ ചെയ്‌തിട്ടില്ല
ബാംഗ്ലൂര്‍: ഇന്ത്യന്‍ ഹോക്കി താരം ബാല്‍ജിത്‌ സിംഗ്‌ പരുക്കുമായി ആശുപത്രിയില്‍ കഴിയവെ അടുത്ത വര്‍ഷം രാജ്യം ആതിഥേയത്വം വഹിക്കുന്ന കോമണ്‍വെല്‍ത്ത്‌ ഗെയിംസില്‍ പങ്കെടുക്കുന്ന താരങ്ങള്‍ക്ക്‌ ഇത്‌ വരെ ഒരു തരത്തിലുമുളള ഇന്‍ഷൂറന്‍സ്‌ കവറേജ്‌ ഉറപ്പാക്കിയിട്ടില്ല. പൂനെയില്‍ പരിശീലനത്തിനിടെ കണ്ണിന്‌ പരുക്കേറ്റ ബാല്‍ജിത്‌ ഇപ്പോള്‍ ഓള്‍ ഇന്ത്യ മെഡിക്കല്‍ ഇന്‍സ്‌റ്റിറ്റിയൂട്ടില്‍ ചികില്‍സയിലാണ്‌. അദ്ദേഹത്തിന്‌ എല്ലാ ചികില്‍സാ ചെലവുകളും കായികമന്ത്രാലയം വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്‌. പക്ഷേ കോമണ്‍വെല്‍ത്ത്‌ ഗെയിംസിന്‌ ഇന്ത്യന്‍ താരങ്ങളെ ഒരുക്കുന്ന സ്‌പോര്‍ട്‌സ്‌ അതോരിറ്റി ഓഫ്‌ ഇന്ത്യ ഇത്‌ വരെ ഇന്‍ഷൂറന്‍സ്‌ കവറേജ്‌ കാര്യത്തില്‍ ഗൗരവതരം നീക്കങ്ങള്‍ നടത്തിയിട്ടില്ല. താരങ്ങളുടെ പരുക്കും പ്രശ്‌നങ്ങളും സ്വാഭാവിക കാര്യമാണ്‌. പരുക്കേല്‍ക്കുന്ന താരങ്ങളെ സംരക്ഷിക്കാന്‍ സംഘാടകര്‍ പലപ്പോഴും തയ്യാറാവാറില്ല.
ബാല്‍ജിത്‌ സംഭവത്തിന്‌ ശേഷം സായ്‌ ഉദ്യോഗസ്ഥര്‍ ഇന്‍ഷുറന്‍സ്‌ കമ്പനികളെ സമീപിക്കാന്‍ തുടങ്ങിയിട്ടുണ്ട്‌. കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ വലിയ സംഭവമാണ്‌. ഈ ഗെയിംസില്‍ പങ്കെടുക്കന്ന ഇന്ത്യന്‍ താരങ്ങളുടെ ആരോഗ്യം സംരക്ഷിക്കേണ്ടതുണ്ട്‌. ഇതിനായി ആവുന്നതെല്ലാം സായ്‌ ചെയ്യുമെന്ന്‌ ഒരു ഉന്നത ഉദ്യോഗസ്‌ഥന്‍ അറിയിച്ചു. കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ അടുത്തെത്തിയ വേളയിലാണ്‌ സായ്‌ ഉദ്യോഗസ്ഥര്‍ക്ക്‌ ബോധോദയം ഉണ്ടായത്‌. വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ തന്നെ കോമണ്‍വെല്‍ത്ത്‌ ഗെയിംസില്‍ തീരുമാനമായിരുന്നു. എന്നാല്‍ ബാല്‍ജിത്‌ സംഭവത്തിന്‌ ശേഷമാണ്‌ ഇന്‍ഷൂറന്‍സിന്റെ കാര്യത്തില്‍ സായ്‌ നീങ്ങുന്നത്‌.
ഇന്ത്യന്‍ കായികതാരങ്ങള്‍ പലവിധത്തില്‍ അകറ്റിനിര്‍ത്തപ്പെടുന്നവരാണ്‌. ക്രിക്കറ്റര്‍മാരെ മാറ്റിനിര്‍ത്തിയാല്‍ മറ്റാര്‍ക്കും സാമ്പത്തികമായി എല്ലാ താരങ്ങളും പിന്നോക്കമാണ്‌. ബാല്‍ജിത്തിന്റെ കാര്യത്തില്‍ കായിക മന്ത്രാലയം കാട്ടിയ അനുകമ്പ പക്ഷേ പലര്‍ക്കും ലഭിച്ചിട്ടില്ല.
അതിനിടെ ബാല്‍ജിത്‌ ഇനി മല്‍സരക്കളത്തില്‍ തിരിച്ചുവന്നാല്‍ മാത്രമാണ്‌ തന്റെ വേദന മാറുകയുളളുവെന്ന്‌ ഇന്ത്യന്‍ കോച്ച്‌ റോമിയോ ജെയിംസ്‌ പറഞ്ഞു. ജെയിംസിന്‌ കീഴില്‍ പരിശീലനം നടത്തവെയാണ്‌ ബാല്‍ജിത്തിന്‌ പരുക്കേറ്റത്‌. ബാല്‍ജിത്തിനെ കൂടാതെ മറ്റ്‌ ഗോള്‍ക്കീപ്പര്‍മാരായ അഡ്രിയാന്‍ ഡീസൂസ, ഭരത്‌ ചേത്രി, പി.ആര്‍ ശ്രീജേഷ്‌ എന്നിവരും പരിശീലനത്തിനുണ്ടായിരുന്നു. ഗോള്‍ക്കീപ്പര്‍മാരുടെ മെയ്‌വഴക്കം ശരിയാക്കുന്നതിനുളള പരിശീലനത്തിനിടെയാണ്‌ ഗോള്‍ഫ്‌ ബോള്‍ വൈസറിനിടയിലൂടെ വലത്‌ കണ്ണില്‍ പതിച്ചത്‌. ഗോള്‍ക്കീപ്പര്‍ തമ്മിലുളള മല്‍സരമായിരുന്നു അതെന്ന്‌ കോച്ച്‌ പറഞ്ഞു. ആദ്യ മല്‍സരത്തില്‍ അഡ്രിയാനാണ്‌ ജയിച്ചത്‌. രണ്ടാം മല്‍സരത്തില്‍ ബാല്‍ജിത്‌ ജയിച്ചു. ജയത്തിലുളള ആവേശത്തിലാവാം അദ്ദേഹം മൈതാനത്ത്‌ കിടന്നതെന്നാണ്‌ ആദ്യം തോന്നിയത്‌. ഞങ്ങള്‍ അദ്ദേഹത്തില്‍ നിന്നും അല്‍പ്പം അകലെയായിരുന്നു. പിന്നീടാണ്‌ കാര്യം മനസ്സിലായത്‌. മൈതാനത്ത്‌ നിന്ന്‌ ആശുപത്രിയിലെത്തുമ്പോള്‍ നാല്‍പ്പത്‌ മിനുട്ട്‌്‌ പിന്നിട്ടിരുന്നു. അപ്പോഴെല്ലാം തനിക്ക്‌ കുഴപ്പമില്ലെന്നാണ്‌ ബാല്‍ജിത്‌ പറഞ്ഞത്‌. പിതാവിനെ വിളിച്ച്‌ അപകടത്തെക്കുറിച്ച്‌ പറഞ്ഞതും ബാല്‍ജിതാണെന്ന്‌ ജെയിംസ്‌ വേദനയോടെ പറഞ്ഞു.
പരിശീലനത്തിന്‌ ഗോള്‍ഫ്‌ ബോള്‍ ഉപയോഗിച്ചതിനെ മുന്‍ താരങ്ങള്‍ വിമര്‍ശിച്ചത്‌ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ രണ്ട്‌ വര്‍ഷം മുമ്പ്‌ തന്നെ ഗോള്‍ഫ്‌ ബോളില്‍ പരിശീലനം തുടങ്ങിയിരുന്നതായി കോച്ച്‌ പറഞ്ഞു.
അതിനിടെ ബാല്‍ജിത്തിന്‌ ഇനി വലത്‌ കണ്ണിന്റെ കാഴ്‌ച്ചശക്തി പൂര്‍ണ്ണമായി ലഭിക്കുമോ എന്ന കാര്യത്തില്‍ ഇത്‌ വരെ ഡോക്ടര്‍മാര്‍ ഉറപ്പ്‌ നല്‍കിയിട്ടില്ല.

ആസിഫിന്‌ വധു വീണ
ലാഹോര്‍: പാക്കിസ്‌താന്റെ വിവാദ ക്രിക്കറ്റര്‍ മുഹമ്മദ്‌ ആസിഫ്‌ ടെലിവിഷന്‍ നടിയായ വീണ മാലിക്കിനെ വിവാഹം ചെയ്‌തതായി റിപ്പോര്‍ട്ട്‌. ലണ്ടനില്‍ വെച്ചായിരുന്നു വിവാഹമെന്ന്‌ പറയപ്പെടുന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ക്രിക്കറ്റിന്റെ ആദ്യ എഡിഷനില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനായി കളിച്ച്‌ മടങ്ങവെ കറുപ്പുമായി ദുബായ്‌ വിമാനത്താവളത്തില്‍ നിന്ന്‌ പിടിക്കപ്പെട്ട ആസിഫ്‌ ഇപ്പോള്‍ ടീമിന്‌ പുറത്താണ്‌.

No comments: