ഫിറ്റ്‌നസ് പ്രധാനം
ബാംഗ്ലൂര്‍: ആന്‍ഡ്ര്യൂ ഫ്‌ളിന്റോഫ് എന്ന ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ മുപ്പത്തിയൊന്നാം വയസ്സില്‍
ടെസ്‌റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ തീരുമാനിച്ചത് എല്ലാവര്‍ക്കുമുള്ള മുന്നറിയിപ്പാണ്- പറയുന്നത് ഇന്ത്യന്‍ ടീമിന്റെ ബൗളിംഗ് കോച്ച് വെങ്കടേഷ് പ്രസാദ് എന്ന വെങ്കി. ക്രിക്കറ്റ് കലണ്ടറിലെ തിരക്കിട്ട മല്‍സര ഷെഡ്യൂളില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ താരങ്ങളെ വേട്ടയാടുമെന്നും അതിവേഗ റിട്ടയര്‍മെന്റിന് പലരും നിര്‍ബന്ധിക്കപ്പെട്ടാല്‍ അതില്‍ അല്‍ഭുതപ്പെടാനില്ലെന്നും വെങ്കി പറയുന്നതില്‍ കാര്യമുണ്ട്. ടെസ്‌റ്റ് ക്രിക്കറ്റും ഏകദിന ക്രിക്കറ്റും 20-20 ക്രിക്കറ്റുമായി ക്രിക്കറ്റ് നാളുകള്‍ വിപൂലമായതിന്റെ രക്തസാക്ഷിയാണ് ഫ്‌ളിന്റോഫ്. ധാരാളം മല്‍സരങ്ങളില്‍ നിരന്തരം പങ്കെടുത്തതിനാലാണ് അദ്ദേഹത്തെ പരുക്കുകള്‍ വേട്ടയാടിയതും വിരമിക്കാന്‍ നിര്‍ബന്ധിതനായതും. ഇന്ത്യന്‍ സംഘത്തില്‍ ഫ്‌ളിന്റോഫിനെക്കാള്‍ കൂടുതല്‍ മല്‍സരങ്ങള്‍ കളിക്കുന്ന ധാരാളം താരങ്ങളുണ്ട്. ഇവരെ പരുക്കുകള്‍ പിടികൂടാന്‍ വ്യക്തമായ സാധ്യത നിലനില്‍ക്കുന്നു. ഇപ്പോള്‍ ഇന്ത്യന്‍ ടീമിന് രണ്ട് മാസത്തെ അവധിക്കാലമാണ്. വിന്‍ഡീസ് പര്യടനത്തിന് ശേഷം താരങ്ങളെല്ലാം അവധി ആഘോഷിക്കുന്നു. അവധിക്ക് ശേഷം തിരക്കിട്ട ഷെഡ്യൂളാണ്. ആദ്യം ശ്രീലങ്കന്‍ പര്യടനം, അതിന് ശേഷം ദക്ഷിണാഫ്രിക്കയില്‍ ഐസി.സി ചാമ്പ്യന്‍സ് ട്രോഫി, പിന്നെ ചാമ്പ്യന്‍സ് ലീഗ്, ബംഗ്ലാദേശില്‍ ഏകദിന പരമ്പര, ശ്രീലങ്കക്കെതിരെ ടെസ്റ്റ് പരമ്പര, ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പര, മാര്‍ച്ച് ഏപ്രില്‍ സീസണില്‍ ഐ.പി.എല്‍ ലീഗ്, പിന്നെ 20-20 ലോകകപ്പ്-അങ്ങനെ തിരക്കിന്റെ ദിനങ്ങള്‍.
ഈ ചാമ്പ്യന്‍ഷിപ്പുകളില്ലെല്ലാം സൂപ്പര്‍ താരങ്ങളെ അണിനിരത്തിയാല്‍ പരുക്കുകള്‍ ഉറപ്പാണ്. ഇത് മനസ്സിലാക്കി അടുത്ത ഒരു വര്‍ഷത്തേക്ക് പുതിയ പാക്കേജ് തയ്യാറാക്കുന്ന തിരക്കിലാണിപ്പോള്‍ വെങ്കി. താരങ്ങളുടെ റൊട്ടേഷന്‍ സമ്പ്രദായം വിജയകരമായി നടപ്പിലാക്കാനും ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദേശീയ ക്രിക്കറ്റ്‌് അക്കാദമി വഴി യുവതാരങ്ങളുടെ റിസര്‍വ് സംഘത്തെ രൂപപ്പെടുത്താനുമാണ് അദ്ദേഹം നിര്‍ദ്ദേശിക്കുന്നത്. ക്രിക്കറ്റ് ബോര്‍ഡുമായി കരാര്‍ ഒപ്പിട്ട താരങ്ങളെ പൂര്‍ണ്ണമായും പ്രയോജനപ്പെടുത്തണം. ദേശീയ ടീമില്‍ അംഗങ്ങളായവര്‍ക്കൊപ്പം മറ്റ് താരങ്ങളെ റിസര്‍വ് സംഘത്തില്‍ നിലനിര്‍ത്തിയാല്‍ അവരുടെ സേവനം ഏത് സമയത്തും ഉപയോഗപ്പെടുത്താനാവും. വര്‍ഷങ്ങളായി റൊട്ടേഷന്‍ സമ്പ്രദായം നിലവിലുണ്ട്. ഇത് ഫലപ്രദമായി ഉപയോഗപ്പെടുത്തണം. റൊട്ടേഷന്റെ പേരില്‍ പക്ഷേ താരങ്ങളെ ദ്രോഹിക്കരുത്. റൊട്ടേഷന്റെ പേരില്‍ മാത്രം ഫോമിലുളള താരത്തെ മാറ്റിനിര്‍ത്തുന്നതിനോട് വെങ്കിക്ക് യോജിപ്പില്ല. ഒരു താരം മനോഹരമായി കളിക്കുമ്പോള്‍ അദ്ദേഹത്തെ റൊട്ടേഷന്റെ പേരില്‍ മാറ്റിനിര്‍ത്തുന്നത് ആ താരത്തോട് ചെയ്യുന്ന അനീതിയായിരിക്കും. അതിനെ അംഗീകരിക്കാന്‍ കഴിയില്ല. റിസര്‍വ് സംഘം ശക്തമായി ഉണ്ടെങ്കില്‍ അവരെ പ്രയോജനപ്പെടുത്താന്‍ എളുപ്പമാണ്. സീനിയര്‍ സംഘത്തിലെ ഒരാള്‍ക്ക് പരുക്കേറ്റാല്‍ ഈ റിസര്‍വ് സംഘത്തിലെ ആരെയെങ്കിലും ഉപയോഗിക്കാം.
എല്ലാ ക്രിക്കറ്റ് താരങ്ങളും തിരക്കിന്റെ പിടിയിലാണ്. തിരക്കേറിയ ഷെഡ്യൂളില്‍ പ്രധാന കാഷ്വാലിറ്റിയായി മാറുക ബൗളര്‍മാരായിരിക്കും. ഫാസ്‌റ്റ് ബൗളര്‍മാര്‍ തുടര്‍ച്ചയായി കളിച്ചാല്‍ അവരുടെ ആരോഗ്യത്തെ അത് ബാധിക്കും. ഇന്ന് ക്രിക്കറ്റ് ബോര്‍ഡുമായി കരാര്‍ ഒപ്പിട്ട 37 താരങ്ങളുണ്ട്. ഇവരില്‍ ദേശീയ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവര്‍ വിദേശത്ത് കളിക്കുമ്പോള്‍ മറ്റ് താരങ്ങള്‍ എന്താണ് ചെയ്യുന്നത് എന്നതാണ് പ്രധാനം. ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ ഇവരൊന്നും ചെയ്യുന്നില്ല. അവിടെയാണ് പ്രശ്‌നമെന്ന് വെങ്കി ചൂണ്ടിക്കാട്ടുന്നു.
നമ്മുടെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ എല്ലാവിധ സൗകര്യങ്ങളുമുണ്ട്. താരങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണം. നല്ല നിലവാരമുളള നെറ്റ്‌സും, ഫിസിയോയും ട്രെയിനറുമെല്ലാം അക്കാദമിയില്‍ ഉളളപ്പോള്‍ താരങ്ങള്‍ അവധിയാഘോഷിക്കുന്നതില്‍ കാര്യമില്ല. അക്കാദമിയിലെ വിപുലമായ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തിയാല്‍ ഫിറ്റ്‌നസ് നിലനിര്‍ത്താം. ഫിറ്റ്‌നസ് നിലനിര്‍ത്തുന്ന താരത്തിന് ഒരു പരമ്പരയുടെ മധ്യേ ക്ഷണം ലഭിച്ചാല്‍ തീര്‍ച്ചയായും കാര്യമായ തയ്യാറെടുപ്പുകളില്ലാതെ പെര്‍ഫോം ചെയ്യാനാവും. ഇന്ത്യന്‍ താരങ്ങളോട് ഫിറ്റ്‌നസിനെക്കുറിച്ച് സംസാരിക്കേണ്ടതില്ല. അവര്‍ക്കറിയാം കാര്യങ്ങള്‍. രാജ്യാന്തര ക്രിക്കറ്റിലെ തിരക്കില്‍ ആരോഗ്യം മറന്നാല്‍ അതിന്റെ നഷ്ടം മറ്റാര്‍ക്കുമായിരിക്കില്ല. ദേശീയ ഡ്യൂട്ടിയിലുളള ഒരു താരത്തോട് നിരന്തരം ഫിറ്റ്‌നസ് കാര്യത്തല്‍ അവബോധം പുലര്‍ത്താന്‍ പറയേണ്ടതില്ലെന്നും വെങ്കി പറയുന്നു.
ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍മാരായ സഹീര്‍ഖാന്‍, മുനാഫ് പട്ടേല്‍, ഇഷാന്ത് ശര്‍മ്മ, ഇര്‍ഫാന്‍ പത്താന്‍, ആര്‍.പി സിംഗ് തുടങ്ങിയവരെല്ലാം പരുക്കിന് നിരന്തരം ഇരയാവുന്നുണ്ട്. ശ്രീശാന്ത് പരുക്കുകള്‍ കാരണം ഇപ്പോള്‍ മുഖ്യധാരയില്‍ തന്നെയില്ല. ഇവരെയെല്ലാം ഉപയോഗപ്പെടുത്താന്‍ ശക്തമായ ഫിറ്റ്‌നസ് ഷെഡ്യൂള്‍ വേണം.
ഇംഗ്ലണ്ടില്‍ നടന്ന ലോകകപ്പ് 20-20 യില്‍ ഇന്ത്യ നിരാശപ്പെടുത്താന്‍ കാരണം ഐ.പി.എല്‍ ക്രിക്കറ്റാണെന്ന് വെങ്കി കരുതുന്നില്ല. ഐ.പി.എല്ലിനെ ഒരു തരത്തിലും കുറ്റം പറയാന്‍ കഴിയില്ല. ലോകകപ്പിന് മുന്നോടിയായി ഇങ്ങനെയൊരു ചാമ്പ്യന്‍ഷിപ്പ് ലഭിച്ചത് തന്നെ നേട്ടമാണ്. ഇന്ത്യന്‍ ടീമിലെ എല്ലാവരും വിവിധ ഐ.പി.എല്‍ ടീമുകള്‍ക്കായി കളിച്ചവരാണ്. ആധുനിക യുഗത്തില്‍ മല്‍സരങ്ങളുടെ എണ്മം കുറക്കണമെന്ന് പറയുന്നതില്‍ കഴമ്പില്ല. താരങ്ങള്‍ ആരോഗ്യം നിലനിര്‍ത്തുകയാണ് പ്രധാനം.
ഫ്‌ളിന്റോഫ് തന്റെ ആരോഗ്യ കാര്യത്തില്‍ നേരത്തെ തന്നെ ആശങ്ക പ്രകടിപ്പിച്ചിരുന്നതായി ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ കോച്ചായിരുന്ന വെങ്കി പറഞ്ഞു. ഫ്‌ളിന്റോഫ് ചെന്നൈ ടീമില്‍ അംഗമായിരുന്നു.
ഹാപ്പി ബൂട്ടിയ
ബാര്‍സിലോണ: ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിനെ നയിച്ച ഒരു ക്യാപ്‌റ്റനും ഇത് വരെ ലഭിക്കാത്ത സൗകര്യങ്ങളാണ് ബൈജൂംഗ് ബൂട്ടിയക്ക് ലഭിച്ചിരിക്കുന്നത്. അവധിക്കാലത്ത് പരിശീലനത്തിന് ബാര്‍സിലോണയിലെ അതിവിശാലമായ നുവോ കാമ്പില്‍ അവസരം. ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ പുതിയ സീസണിലെ തിരക്കേറിയ ഷെഡ്യൂള്‍ പ്രമാണിച്ച്, അവരെ വലിയ മല്‍സരങ്ങളിലേക്ക് ആരോഗ്യത്തോടെ നിലനിര്‍ത്താനായി അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനാണ് ടീമിനെ തുടക്കത്തില്‍ ദുബായിലേക്കും ഇപ്പോള്‍ ബാര്‍സിലോണയിലേക്കും അയച്ചിരിക്കുന്നത്. യൂവേഫ ചാമ്പ്യന്‍സ് ലീഗും സ്‌പാനിഷ് ലീഗും കിംഗ്‌സ് കപ്പുമെല്ലാം സ്വന്തമാക്കി ലോകത്തെ ചാമ്പ്യന്‍ ക്ലബുകളില്‍ ഒന്നായ ബാര്‍സിലോണയുടെ മൈതാനത്ത് പരിശീലനത്തിന് ലഭിച്ച അവസരം എല്ലാവരും ഉപയോഗപ്പെടുത്തുകയാണെന്ന് ബൂട്ടിയ പറഞ്ഞു. ഓഗസ്‌റ്റ് ആദ്യവാരം വരെ ഇവിടെ പരിശീലനത്തിന് ഇന്ത്യന്‍ ടീമുണ്ട്. ദുബായില്‍ പത്ത് ദിവസത്തോളമുണ്ടായിരുന്നു. അവിടെ നിന്നാണ് നേരിട്ട് സ്‌പെയിനിലെത്തിയത്.
ഇന്ത്യയില്‍ നിന്നും തികച്ചും വിത്യസ്‌തമായ അനുഭവമാണ് സ്‌പെയിനും ബാര്‍സിലോണയും ക്യാപ്‌റ്റന് നല്‍കുന്നത്. വിസ്‌തൃതമായി കിടക്കുന്ന മൈതാനത്തിലെ പരിശീലന സൗകര്യങ്ങള്‍ അമ്പരിപ്പിക്കുന്നതാണെന്ന് വര്‍ഷങ്ങളായി ഇന്ത്യന്‍ ടീമിന്റെ അമരത്തുള്ള ബൂട്ടിയ പറഞ്ഞു. ലയണല്‍ മെസിയും തിയറി ഹെന്‍ട്രിയുംസാമുവല്‍ ഇറ്റോയും കാര്‍ലോസ് പൂയോളുമെല്ലാം കളിക്കുന്ന മൈതാനത്ത്, പരിശീലനം നടത്തുമ്പോള്‍ ലഭിക്കുന്ന ഊര്‍ജ്ജം വലുതാണ്. ഇന്ത്യന്‍ ടീമിന് സീസണില്‍ നെഹ്‌റു കപ്പ് ഫുട്‌ബോള്‍ വരുന്നുണ്ട്. നിലവിലെ ചാമ്പ്യന്മാരാണ് ഇന്ത്യ. ഈ കപ്പ് നിലനിര്‍ത്തുക പ്രധാനമാണ്. 2011 ല്‍ ഖത്തറില്‍ നടക്കുന്ന ഏഷ്യാകപ്പ് ഫുട്‌ബോളിലും ഇന്ത്യ കളിക്കുന്നുണ്ട്. വലിയ ചാമ്പ്യന്‍ഷിപ്പുകള്‍ മുന്‍നിര്‍ത്തി കരുതലോടെയാണ് ടീം ഒരുങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു. വര്‍ഷങ്ങളായി ഇന്ത്യന്‍ ടീമിന്റെ പരിശീലകനായ ഡേവിഡ് ഹൂട്ടണാണ് താരങ്ങളുടെ ആവേശം. കൃത്യമായ സമയക്രമവും ചിട്ടയോടെയുളള പരിശീലനവുമായി അദ്ദേഹം മണിക്കൂറുകളോളം ടീമിനൊപ്പമാണ്. ഒരു തരത്തിലും ആലസ്യത്തിന് അവസരം നല്‍കാതെ എല്ലാവരുടെയും കാര്യങ്ങള്‍ ശ്രദ്ധയോടെ നീരിക്ഷിച്ചാണ് ഹൂട്ടണ്‍ നീങ്ങുന്നത്.
ബാര്‍സിലോണയില്‍ പരിശീലന സൗകര്യം ഒരുക്കിയത് തന്നെ ഹൂട്ടണാണ്. രാജ്യാന്തര രംഗത്ത് ഏറെ അനുഭവസമ്പത്തുളള അദ്ദേഹം ബാര്‍സ മാനേജ്‌മെന്റുമായി സംസാരിച്ചാണ് അവധിക്കാലത്ത് അവസരമൊരുക്കിയത്. നുവോ കാമ്പില്‍ ഇപ്പോള്‍ മൈതാനം ഒരുക്കുന്ന തിരക്കിലും ഇന്ത്യക്ക് അവസരം നല്‍കിയത് കോച്ചിന്റെ താല്‍പ്പര്യത്തിലാണ്. ടീമില്‍ അംഗമായ മലയാളിയായ പ്രദീപ് ആഹ്ലാദത്തിലാണ്. സ്വപ്‌നത്തില്‍ കണ്ടിരുന്ന ടീമിന്റെ മൈതാനത്ത് കൂറെ ദിവസം ചെലവഴിക്കാന്‍ ലഭിച്ച അവസരം ശരിക്കും ഉപയോഗപ്പെടുത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ടെറി
എവിടെ
സിയാറ്റില്‍: ജോണ്‍ ടെറി എന്ന ചെല്‍സി നായകന്‍ പുതിയ സീസണില്‍ ഏത് ക്ലബിന്റെ കുപ്പായത്തിലായിരിക്കും...? യൂറോപ്യന്‍ പത്രങ്ങളില്‍ നിറയെ ഇപ്പോള്‍ ഈ ചോദ്യത്തിന് ഉത്തരം തേടിയുളള റിപ്പോര്‍ട്ടുകളാണ്. അഞ്ച് വര്‍ഷമായി പ്രീമിയര്‍ ലീഗ് ക്ലബായ ചെല്‍സിയുടെ നീല കുപ്പായത്തില്‍ മാത്രമാണ് ടെറി എന്ന പ്രതിരോധ നിരക്കാരനെ കണ്ടിട്ടുള്ളത്. എന്നാല്‍ അദ്ദേഹത്തെ എന്ത് വില കൊടുത്തും റാഞ്ചാന്‍ മാഞ്ചസ്‌റ്റര്‍ സിറ്റി രംഗത്ത് വന്നിരിക്കുന്ന സാഹചര്യത്തല്‍ ഊഹാപോഹങ്ങള്‍ ഇടതടവില്ലാതെ പ്രചരിക്കുകയാണ്. ടെറിയാവട്ടെ ഇത് വരെ ഒന്നും തുറന്ന് പറഞ്ഞിട്ടില്ല. ചെല്‍സി ടീമിന്റെ പുതിയ കോച്ച് കാര്‍ലോസ് അന്‍സലോട്ടിതീര്‍ത്ത് പറയുന്നത് താന്‍ പുതിയ ക്യാപ്‌റ്റനെ തേടില്ല എന്നാണ്. ടെറി തുടരുമെന്ന് ഉറച്ച് വിശ്വസിക്കുന്നവരില്‍ ഗോള്‍ക്കീപ്പര്‍ പീറ്റര്‍ ചെക്കുമുണ്ട്. ഇപ്പോള്‍ അമേരിക്കയില്‍ പരിശീലനത്തിലാണ് ചെല്‍സി ടീം. ടെറി പരിശീലനത്തില്‍ സജീവമായി പങ്കെടുക്കുന്നുണ്ട്. എത്ര പണം നല്‍കിയാലും ടെറി സിറ്റിക്ക് മാറില്ലെന്നാണ് അന്‍സലോട്ടി പറയുന്നത്. പണമല്ലല്ലോ പ്രധാനമെന്നും അദ്ദേഹം ചോദിക്കുമ്പോള്‍ ചെല്‍സി സംഘത്തിലെ താരങ്ങളെല്ലാം ആശ്വാസത്തിലാണ്. സിറ്റിയുടെ നിരയിലേക്ക് ഇപ്പോള്‍ റോബിഞ്ഞോയെ കൂടാതെ അര്‍ജന്റീനക്കാരന്‍ കാര്‍ലോസ് ടെവസിനെയും ലഭിച്ചിട്ടുണ്ട്. ടെറിയും കൂടിയാവുമ്പോള്‍ ടീമിന് അത് കരുത്താവുമെന്നാണ് സിറ്റിയുടെ ഉടമസ്ഥരായ യു.എ.ഇക്കാരുടെ നിലപാട്. എന്ത് വില വേണമെങ്കിലും നല്‍കാമെന്നാണ് സിറ്റി പറയുന്നത്. പക്ഷേ ചെല്‍സി വ്യക്തമാക്കുന്നത് ടെറിയെ വിടില്ലെന്നും.
കൂട് മാറാനാണ് ടെറിക്ക് താല്‍പ്പര്യമെങ്കില്‍ അദ്ദേഹം അമേരിക്കയിലേക്ക് പോവുമായിരുന്നില്ല എന്നാണ് ചെല്‍സിക്കാര്‍ പറയുന്നത്. ക്ലബ് മാറ്റത്തിന് താല്‍പ്പര്യമുണ്ടെങ്കില്‍ ആദ്യം തന്നെ അദ്ദേഹത്തിന് നിലപാട് വ്യക്തമാക്കാം. എന്നാല്‍ ഇത് വരെ ഒന്നും പറയാതെ ഇപ്പോള്‍ ടീമിനൊപ്പം അമേരിക്കയിലേക്ക് പോയതിനാല്‍ ടെറി ചെല്‍സിയില്‍ തന്നെ തുടരുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്. ഇത് വരെ ടെറി മറ്റ് ക്ലബുകള്‍ക്ക് കളിച്ചിട്ടില്ല. പലപ്പോഴും അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട് തന്റെ ജീവിതത്തില്‍ പുതിയ ക്ലബ് ഇല്ലെന്ന്. അത്തരമൊരു സാഹചര്യത്തില്‍ എന്തിന് സംശയിക്കണമെന്നാണ് പീറ്റര്‍ ചെക്കിന്റെ ചോദ്യം. കാലം എത്രമാറിയാലും ടെറിയിലെ നായകന്‍ കളിക്കുക നീലകുപ്പായത്തില്‍ തന്നെയായിരിക്കുമെന്നും ചെക് പറയുന്നു.
അബുദാബി രാജകുടുംബാംഗമായ ഷെയിക് മന്‍സൂര്‍ ബിന്‍ സയദ് അല്‍ നഹ്യാനാണ് സിറ്റിയുടെ ഉടമസ്ഥന്‍. അദ്ദേഹത്തിന്റെ ലക്ഷ്യം സൂപ്പര്‍ താരങ്ങളാണ്. പണം നോക്കാതെയാണ് അദ്ദേഹം ടെവസിനെയും റോക്കി സാന്താക്രൂസിനെയും റോബിഞ്ഞോയെയുമെല്ലാം വാങ്ങിയത്.
അന്‍സലോട്ടി പറയും പോലെ ചെല്‍സിക്ക് മറ്റൊരു നായകനില്ല എന്ന് ആരാധകരും തീര്‍ത്ത് പറയുമ്പോള്‍ ടെറിയുടെ വാക്കുകള്‍ക്കാണ് ഇനി പ്രസക്തി.
ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ട്
ലോര്‍ഡ്‌സ്: ക്രിക്കറ്റിന്റെ മക്കയില്‍ ആന്‍ഡ്ര്യൂ ഫ്‌ളിന്റോഫ് എന്ന ഫ്രെഡ്ഡിക്ക് വിജയത്തില്‍ ഒരു യാത്രയയപ്പ് നല്‍കാനാണ് ആന്‍ഡ്ര്യൂ സ്‌ട്രോസിന്റെ മോഹം. ടെസ്‌റ്റ് ക്രിക്കറ്റില്‍ നിന്ന് ആഷസ് പരമ്പരയോടെ വിരമിക്കുന്ന ഫ്രെഡ്ഡിക്ക് ലോര്‍ഡ്‌സ് എന്നും പ്രിയപ്പെട്ട വേദിയാണ്. ഇവിടെ തന്റെ അവസാന ടെസ്റ്റില്‍ വിജയിക്കാന്‍ ്‌അദ്ദേഹവും കൊതിക്കുന്നു. നിലവില്‍ കാര്യങ്ങള്‍ പുരോഗമിക്കുന്നതും ഒരു ഇംഗ്ലീഷ് വിജയത്തിലേക്കാണ്.
രണ്ടാം ടെസ്‌റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ 210 റണ്‍സിന്റെ വലിയ ലീഡ് സ്വന്തമാക്കിയിട്ടും ഫോളോ ഓണിന് ഓസ്‌ട്രേലിയയെ നിര്‍ബന്ധിക്കാതെ രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റ് ചെയ്യുന്ന ആതിഥേയര്‍ ശക്തമായ നിലയിലാണ്. ആദ്യ ഇന്നിംഗ്‌സിലെന്ന പോലെ ഓസീസ് ഫാസ്‌റ്റ് ബൗളിംഗ് നിരയിലെ പ്രധാന ആയുധമായ മിച്ചല്‍ ജോണ്‍സണെ തലങ്ങും വിലങ്ങും പായിച്ചാണ് സ്‌ട്രോസും അലിസ്‌റ്റര്‍ കുക്കും റണ്‍സ് നേടിയത്. സ്‌പിന്നര്‍ നതാന്‍ ഹൗറിറ്റ്‌സ് രംഗത്തിറങ്ങിയപ്പോള്‍ ഓപ്പണര്‍മാര്‍ പുറത്തായെങ്കിലും രണ്ട്‌് പൂര്‍ണ്ണ ദിവസം ബാക്കിനില്‍ക്കെ മല്‍സരത്തില്‍ വ്യക്തമായ മേല്‍കൈ ഇംഗ്ലണ്ടിനാണ്. രാവിലെ ഒന്നാം ഇന്നിംഗ്‌സ് പുനരാരംഭിച്ച ഓസ്‌ട്രേലിയക്ക് അധികസമയം പിടിച്ചുനില്‍ക്കാനായില്ല. ഫോളോ ഓണ്‍ കടമ്പ കടക്കുക എന്നതായിരുന്നു പ്രധാനം. പക്ഷേ ഇംഗ്ലീഷ് ബൗളര്‍മാര്‍ അവസരങ്ങള്‍ നല്‍കിയില്ല. ഒമ്പതാം വിക്കറ്റില്‍ നതാന്‍ ഹൗറിറ്റ്‌സും പീറ്റര്‍ സിഡിലും ചേര്‍ന്ന് നേടിയ 44 റണ്‍സിന്റെ സഖ്യമാണ് വലിയ മാനക്കേടില്‍ നിന്ന് ടീമിനെ രക്ഷിച്ചത്. 24 റണ്‍സുമായി ഒനിയന്റെ പന്തില്‍ ഹൗറിറ്റ്‌സ് പുറത്തായപ്പോഴാണ് ഇന്നിംഗ്‌സിന് അന്ത്യമായത്. കൈവിരലിന് പരുക്കേറ്റിട്ടും മനോഹരമായാണ് ഹൗറിറ്റ്‌സ് ബാറ്റ് ചെയ്‌തത്.
No comments:
Post a Comment