Friday, July 17, 2009

NO PROBLEM

പിണക്കം ഒ.കെ
ഈസ്റ്റ്‌ റൂഥര്‍ഫോര്‍ഡ്‌, അമേരിക്ക: വലിയ ഇടവേളക്ക്‌ ശേഷം ഡേവിഡ്‌ ബെക്കാം അമേരിക്കന്‍ സോക്കര്‍ ലീഗില്‍ അരങ്ങേറിയപ്പോള്‍ ലോസ്‌ ആഞ്ചലസ്‌ ഗ്യാലക്‌സി ഒന്നിനെതിരെ മൂന്ന്‌ ഗോളുകള്‍ക്ക്‌ ന്യൂയോര്‍ക്ക്‌ റെഡ്‌ ബൂള്‍സിനെ വീഴ്‌ത്തി... പക്ഷേ വിജയത്തില്‍ ബെക്കാമിന്‌ കാര്യമായ റോളുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ പ്രകടനം കാണാന്‍ കൂടുതല്‍ കാണികള്‍ എത്തിയതുമില്ല. ബെക്കാമിനോട്‌ പിണക്കമുണ്ടെന്ന്‌ കളി കാണാനെത്തിയവരില്‍ ചിലര്‍ വിളിച്ച്‌ കൂവുകയും ചെയ്‌തു. ഒരു കാര്യം മാത്രമാണ്‌ രസകരമായി കണ്ടത്‌-അമേരിക്കന്‍ സംഘത്തിന്റെ നായകന്‍ ലെന്‍ഡാല്‍ ഡോണോവാന്‍ മല്‍സരത്തില്‍ ഒരു ഗോള്‍ നേടി. അടുത്ത നിമിഷം തന്നെ ബെക്കാം ഓടിയെത്തി ഡോണോവനെ ആശ്ലേഷിച്ചു. ഇരുവരും തമ്മിലുളള പിണക്കത്തില്‍ കാര്യമില്ലെന്ന സത്യമാണ്‌ ഇതോടെ വ്യക്തമായത്‌. ഒരാഴ്‌ച്ചക്ക്‌ മുമ്പ്‌ രണ്ട്‌ പേരും വാചകക്കസര്‍ത്തുമായി വാര്‍ത്തകളില്‍ സ്ഥാനം നേടിയിരുന്നു.
ആറ്‌ മാസത്തിലധികമായി ബെക്കാം ഗ്യാലക്‌സിക്കായി കളിച്ചിട്ട്‌. ലോണ്‍ അടിസ്ഥാനത്തില്‍, മൂന്ന്‌ മാസകാലയളവില്‍ ഇറ്റാലിയന്‍ ക്ലബായ ഏ.സി മിലാന്‌ വേണ്ടി കളിക്കാന്‍ പോയ താരം അവിടെ തന്നെ തങ്ങിയത്‌ വലിയ പ്രതിഷേധത്തിന്‌ കാരണമായിരുന്നു. ഇറ്റലിയില്‍ തുടരാനാണ്‌ തനിക്ക്‌ താല്‍പ്പര്യമെന്ന്‌ ബെക്കാം പരസ്യമായി പറയുകയും ചെയ്‌തപ്പോള്‍ അമേരിക്കക്കാര്‍ പിണങ്ങിയിരുന്നു. ആ പിണക്കത്തിന്‌ തെളിവായിരുന്നു ജയന്റ്‌്‌ സ്‌റ്റേഡിയത്തില്‍ കണ്ടത്‌. ബെക്കാം ഇവിടെ ആദ്യ സീസണ്‍ കളിച്ചപ്പോള്‍ മല്‍സരം ആസ്വദിക്കാനെത്തിയത്‌ 66,237 പേരായിരുന്നു. അന്നും പ്രതിയോഗികള്‍ റെഡ്‌ ബുള്‍സായിരുന്നു. അമേരിക്കന്‍ സോക്കര്‍ ചരിത്രത്തില്‍ 27 വര്‍ഷത്തിനിടെ കണ്ട ഏറ്റവും വലിയ ജനക്കൂട്ടമായിരുന്നു അത്‌. എന്നാല്‍ അടുത്ത സീസണില്‍ ആളുകളുടെ എണ്ണം 46,754 ആയി കുറഞ്ഞു. ബെക്കാമില്‍ നിന്നും കാണികള്‍ പ്രതീക്ഷിച്ചത്‌ ലഭിച്ചില്ല എന്നതിന്റെ സൂചനയായിരുന്നു ഇത്‌. ഇന്നലെ സ്‌റ്റേഡിയത്തിന്റെ മുക്കാല്‍ ഭാഗവും ഒഴിഞ്ഞ്‌ കിടക്കുകയായിരുന്നു. ആകെ മല്‍സരം കാണാനെത്തിയത്‌ 23, 238 പേര്‍. വലിയ സ്‌റ്റേഡിയത്തിന്റെ ഗ്രാന്‍ഡ്‌ പവിലിയനില്‍ മാത്രമായിരുന്നു അല്‍പ്പം പേരുണ്ടായിരുന്നത്‌.
കാണികളുടെ എണ്ണം കുറഞ്ഞതില്‍ തനിക്ക്‌ പങ്കില്ലെന്നാണ്‌ ബെക്കാം പറയുന്നത്‌. ആദ്യ സീസണ്‍ ആവേശകരമായിരുന്നു. കളി ആസ്വദിക്കാന്‍ കൂടുതല്‍ പേര്‍ എത്താറുണ്ടായിരുന്നു. എന്നാല്‍ അടുത്ത സീസണില്‍ എണ്ണം കുറഞ്ഞു. ഈ സീസണില്‍ ക്ലബ്‌ തുടക്കം മുതല്‍ കരുത്ത്‌ പ്രകടിപ്പിച്ചാല്‍ തീര്‍ച്ചയായും ആരാധകരുടെ എണ്ണം വര്‍ദ്ധിക്കുമെന്നാണ്‌ ബെക്കാം കരുതുന്നത്‌.
ബെക്കാമിന്‌ ഇന്നലെ അദ്ദേഹത്തിന്റേതായ ഫ്രീ കിക്കുകളൊന്നും ലഭിച്ചില്ല. ഫ്രീകിക്ക്‌ വിദഗ്‌ദ്ധനായ ഇംഗ്ലീഷ്‌ സൂപ്പര്‍ താരത്തെ കാണികള്‍ അടുത്ത്‌ കണ്ടത്‌ കോര്‍ണര്‍ കിക്കുകളുടെ അവസരത്തിലായിരുന്നു. കോര്‍ണര്‍ കിക്ക്‌ എടുക്കാനായി ബെക്കാം മൈതാനത്തിന്റെ അരികില്‍ വന്ന ഘട്ടത്തില്ലെല്ലാം അദ്ദേഹത്തിനെതിരായ മുദ്രാവാക്യങ്ങളാണ്‌ ഉയര്‍ന്നത്‌. മല്‍സരത്തിന്റെ മൂന്നാം മിനുട്ടില്‍ തന്നെ ഗ്യാലക്‌സി ലീഡ്‌ നേടിയിരുന്നു. അലക്‌സ്‌ എസ്‌കാന്റിയാനാണ്‌ ആദ്യ ഗോള്‍ സ്‌ക്കോര്‍ ചെയ്‌തത്‌. മുപ്പത്തിയൊന്നാം മിനുട്ടില്‍ ഡോണാവാന്റെ വലത്‌ കാലന്‍ ഷോട്ടായിരുന്നു ഗോളായി മാറിയത്‌. ഈ ഗോള്‍ നേടിയ ഉടന്‍ ക്യാപ്‌റ്റന്‍ ഓടിയെത്തിയത്‌ ബെക്കാമിന്‌ അരികിലേക്കായിരുന്നു. ദിവസങ്ങള്‍ക്ക്‌ മുമ്പാണ്‌ ഇരുവരും കൊമ്പ്‌്‌ കോര്‍ത്തത്‌. ബെക്കാമിന്‌ പ്രൊഫഷണലിസമില്ലെന്നും അദ്ദേഹം അല്‍പ്പനാണെന്നുമെല്ലാം ഡോണോവാന്‍ പറഞ്ഞപ്പോള്‍ തന്നെക്കുറിച്ച്‌ ഇത്‌ വരെ ഇങ്ങനെയൊന്നും പറഞ്ഞിട്ടില്ലെന്നും പറയാനുളളത്‌ മുഖത്ത്‌ നോക്കി പറയാത്ത ഡോണോവാനാണ്‌ പ്രൊഫഷണലിസമില്ലാത്തതെന്നും ബെക്കാമും തുറന്നടിച്ചിരുന്നു. പക്ഷേ ഇന്നലെ മൈതാനത്ത്‌ ആ പിണക്കമൊന്നും കണ്ടില്ല. ആദ്യ പകുതിയുടെ അവസാനത്തില്‍ എഡ്ഡി ലൂയിസാണ്‌ മൂന്നാം ഗോള്‍ സ്‌ക്കോര്‍ ചെയ്‌തത്‌.

മാഞ്ചസ്‌റ്റര്‍ യുനൈറ്റഡ്‌ രക്ഷപ്പെട്ടു
കൊലാലംപൂര്‍: ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ചാമ്പ്യന്മാരായ മാഞ്ചസ്‌റ്റര്‍ യുനൈറ്റഡിന്റെ സൂപ്പര്‍ താരനിര രക്ഷപ്പെട്ടത്‌ ഭാഗ്യം കൊണ്ട്‌ മാത്രം. ഇന്ന്‌ ഇന്തോനേഷ്യന്‍ പര്യടനത്തിന്‌ എത്തേണ്ടിയിരുന്ന ടീം താമസിക്കാന്‍ ബുക്ക്‌ ചെയ്‌ത പഞ്ചനക്ഷത്ര ഹോട്ടല്‍ കഴിഞ്ഞ ദിവസം ബോംബാക്രമണത്തില്‍ തകര്‍ന്നതോടെ ടീമിന്റെ പര്യടനം തന്നെ റദ്ദാക്കി. ഇന്തോനേഷ്യന്‍ ആസ്ഥാനമായ ജക്കാര്‍ത്തയിലെ ഏറ്റവും വലിയ ഹോട്ടലുകളില്‍ ഒന്നായ റിറ്റ്‌സ്‌ കാര്‍ട്ടണ്‍ ഹോട്ടലിലാണ്‌ ടീമിന്‌ താമസം ഏര്‍പ്പാട്‌ ചെയ്‌തിരുന്നത്‌. ഈ ഹോട്ടലിന്‌ അരികിലായിട്ടാണ്‌ കഴിഞ്ഞ ദിവസം തീവ്രവാദി ആക്രമണമുണ്ടായത്‌. അരികിലുള്ള ജെ.ഡബ്ല്യൂ.മാരിയട്ട്‌ ഹോട്ടലിനും ആക്രമണത്തില്‍ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്‌. സ്‌ഫോടനത്തില്‍ ഒമ്പത്‌ പേരാണ്‌ കൊല്ലപ്പെട്ടത്‌. അമ്പത്തിലധികം പേര്‍ക്ക്‌ പരുക്കേല്‍ക്കുകയും ചെയ്‌തിരുന്നു.
ഈ തിങ്കളാഴ്‌ച്ച ജക്കാര്‍ത്തയില്‍ ഇന്തോനേഷ്യന്‍ ഓള്‍സ്‌റ്റാര്‍ ഇലവനുമായി മാഞ്ചസ്‌റ്റര്‍ യുനൈറ്റഡ്‌ ടീം സൗഹൃദ മല്‍സരം പ്ലാന്‍ ചെയ്‌തിരുന്നു. ഈ മല്‍സരത്തിന്റെ ടിക്കറ്റുകള്‍ പൂര്‍ണ്ണമായും വിറ്റഴിക്കുകയും ചെയ്‌തപ്പോഴാണ്‌ ആക്രമണം നടന്നത്‌. ഇന്നാണ്‌ മാഞ്ചസ്‌റ്റര്‍ സംഘം ജക്കാര്‍ത്തയില്‍ എത്തേണ്ടിയിരുന്നത്‌. ഇന്നലെ മലേഷ്യന്‍ ആസ്ഥാനത്ത്‌ എത്തിയ ടീം അവിടെ തന്നെ തങ്ങുകയാണ്‌. തുടക്കത്തില്‍ മലേഷ്യയിലും പിന്നെ ഇന്തോനേഷ്യയിലും അത്‌ കഴിഞ്ഞാല്‍ ദക്ഷിണ കൊറിയയും ചൈനയുമായിരുന്നു മാഞ്ചസ്‌റ്ററിന്റെ കേന്ദ്രങ്ങള്‍. മാറിയ സാഹചര്യത്തില്‍ ടീമിന്റെ ഷെഡ്യൂളില്‍ മാറ്റമുണ്ടാവും. എന്നാല്‍ അന്തിമ രൂപമായിട്ടില്ല. തല്‍ക്കാലം മലേഷ്യയില്‍ തങ്ങാനാണ്‌ തീരുമാനമെന്നും കൊറിയ, ചൈന പര്യടനങ്ങളില്‍ മാറ്റത്തിന്‌ സാധ്യതയില്ലെന്നും ക്ലബിന്റെ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഡേവിഡ്‌ ഗില്‍ പറഞ്ഞു. താരങ്ങളുടെയും സപ്പോര്‍ട്ടിംഗ്‌ സ്‌റ്റാഫിന്റെയും സുരക്ഷയാണ്‌ പ്രധാനമെന്നും കളിക്കുന്ന കാര്യത്തില്‍ തീരുമാനം ഉടനുണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്തോനേഷ്യയില്‍ കളിക്കാന്‍ ടീമിന്‌ അതിയായ താല്‍പ്പര്യമുണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞു.
വെയിന്‍ റൂണി , മൈക്കല്‍ ഓവന്‍, പാര്‍ക്‌ ജി സംഗ്‌ തുടങ്ങിയ സൂപ്പര്‍ താരങ്ങളെല്ലാം സംഘത്തിലുണ്ട്‌. ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ സീസണ്‍ അടുത്ത മാസമാണ്‌ ആരംഭിക്കുന്നത്‌. അതിന്‌ മുന്നോടിയായുളള ഏഷ്യന്‍ പര്യടനത്തിനാണ്‌ ടീം ഇപ്പോള്‍ എത്തിയിരിക്കുന്നത്‌.

റയല്‍ അര്‍പ്പണം
മേനുത്ത്‌്‌, ഡുബ്ലിന്‍: റയല്‍ മാഡ്രിഡ്‌ ഇത്തവണ സ്‌പാനിഷ്‌്‌ ലീഗ്‌ കിരീടം മാത്രമല്ല യുവേഫ ചാമ്പ്യന്‍സ്‌ ലീഗും കിംഗ്‌സ്‌ കപ്പും സ്വന്തമാക്കുമെന്ന്‌ ക്ലബിന്റെ പുതിയ സൂപ്പര്‍താരമായ കൃസ്റ്റിയാനോ റൊണാള്‍ഡോ. ഐറിഷ്‌ നഗരത്തില്‍ പരിശീലനത്തിനെത്തിയ സൂപ്പര്‍താരം ഇന്നലെ മാധ്യമ പ്രവര്‍ത്തകരുമായി മനസ്സ്‌ തുറന്നപ്പോള്‍ റയല്‍ മാഡ്രിഡിന്റെ പുതിയ സംഘത്തിന്‌ എല്ലാ കളികളും ജയിക്കാനാവുമെന്ന വിശ്വാസമാണ്‌ പ്രകടമായത്‌. സൂപ്പര്‍ താരങ്ങള്‍ മാത്രം കളിക്കുന്ന ടീമാവുമ്പോള്‍ പിണക്കവും അസൂയയുമെല്ലാമുണ്ടാവുമെന്ന പ്രചാരണത്തില്‍ കഴമ്പില്ല. എല്ലാവരുടെയും ലക്ഷ്യം ടീമിന്റെ വിജയമാണ്‌. ഒരേ ലക്ഷ്യത്തിലേക്ക്‌ എല്ലാവരും കളിക്കുമ്പോള്‍ അവിടെ പിണക്കത്തിന്‌ സമയമില്ലെന്ന്‌ അദ്ദേഹം പറഞ്ഞു. ലോക റെക്കോര്‍ഡ്‌ തുകക്കാണ്‌ മാഞ്ചസ്‌റ്റര്‍ യുനൈറ്റഡില്‍ നിന്നും റൊണാള്‍ഡോയെ റയല്‍ സ്വന്തമാക്കിയത്‌. അദ്ദേഹത്തെ കൂടാതെ ഈ സീസണില്‍ റയല്‍ നിരയില്‍ കക്ക, കരീം ബെന്‍സാമ, റൗള്‍ അല്‍ബിയോള്‍ എന്നിവരെല്ലാം കളിക്കുന്നുണ്ട്‌.
കഴിഞ്ഞ സീസണില്‍ റയല്‍ വന്‍ നിരാശയാണ്‌ സമ്മാനിച്ചിരുന്നത്‌. സ്‌പാനിഷ്‌ ലീഗില്‍ നല്ല തുടക്കത്തിന്‌ ശേഷം ടീം തളര്‍ന്നു. ബാര്‍സിലോണയുടെ കുതിപ്പിന്‌ തലവെച്ച്‌ കൊടുത്ത റയല്‍ പരമ്പരാഗത വൈരികള്‍ക്കെതിരെ റിട്ടേല്‍ ലെഗ്‌ പോരാട്ടത്തില്‍ ആറ്‌ ഗോളാണ്‌ വാങ്ങിയത്‌. ബാര്‍സ സ്‌്‌പാനിഷ്‌ ലീഗിന്‌ പുറമെ യുവേഫ ചാമ്പ്യന്‍സ്‌ ലീഗും രാജകീയമായാണ്‌ സ്വന്തമാക്കിയത്‌. സ്വന്തം നാട്ടില്‍ നടന്ന കിംഗ്‌സ്‌ കപ്പിലും അവരായിരുന്നു ജേതാക്കള്‍. മൂന്ന്‌ കപ്പും സ്വന്തമാക്കുന്ന ആദ്യ സ്‌പാനിഷ്‌ ടീം എന്ന ബഹുമതിയും ബാര്‍സ സ്വന്തമാക്കിയിരുന്നു. ഈ മൂന്ന്‌ കിരീടങ്ങളും പുതിയ സീസണില്‍ തിരിച്ചുപിടിക്കാനാവുമെന്നാണ്‌ റൊണാള്‍ഡോ കരുതുന്നത്‌. മികച്ച താരങ്ങള്‍ കളിക്കുമ്പോള്‍ അത്യാവശ്യം വേണ്ടത്‌ അല്‍പ്പം ഭാഗ്യമാണ്‌. ഭാഗ്യത്തിന്റെ പിന്തുണയുണ്ടെങ്കില്‍ തീര്‍ച്ചയായും സ്‌പെയിനിലെയും യൂറോപ്പിലെയും ഒന്നാം നമ്പര്‍ ടീമായി മാറാന്‍ റയലിന്‌ കഴിയും. ഒമ്പത്‌ തവണ യൂറോപ്പിലെ ചാമ്പ്യന്മാരാവാന്‍ റയലിന്‌ സാധിച്ചിട്ടുണ്ട്‌. എത്രയോ തവണ സ്‌പാനിഷ്‌ ലീഗിലും ഒന്നാമന്മാരായിട്ടുണ്ട്‌. കഴിഞ്ഞ സീസണ്‍ ക്ലബിന്‌ തിരിച്ചടികളുടേതായിരുന്നു. അത്‌ മറന്ന്‌ കരുത്തോടെ പോരാടാനാണ്‌ എല്ലാവരും എത്തിയിരിക്കുന്നത്‌. ടീമിന്റെ കോച്ച്‌ മാനുവല്‍ പെലിഗ്രീനിയെക്കുറിച്ചും റൊണാള്‍ഡോക്ക്‌ മികച്ച അഭിപ്രായമാണ്‌.
കഴിഞ്ഞ അല്‍പ്പം ദിവസങ്ങളിലായി ഇവിടെ പരിശീലനം നടത്തുന്ന റയല്‍സംഘം തിങ്കളാച്ച ഐറിഷ്‌ ക്ലബായ ഷംറോക്‌ റേവേഴ്‌സിനെതിരെ സൗഹൃദ മല്‍സരം കളിക്കുന്നുണ്ട്‌. ഈ കളിയില്‍ റൊണാള്‍ഡോ ഇറങ്ങാനാണ്‌ സാധ്യത. അങ്ങനെയാണെങ്കില്‍ റൊണാള്‍ഡോ റയലിനായി കളിക്കുന്ന ആദ്യ മല്‍സരമായിരിക്കുമിത്‌.

ഇംഗ്ലീഷ്‌ ഡ്രൈവിംഗ്‌
ലോര്‍ഡ്‌സ്‌: ആഷസ്‌ ടെസ്‌റ്റ്‌്‌ പരമ്പരയുടെ രണ്ടാം ടെസ്‌റ്റിലെ രണ്ടാം ദിനത്തിലും ഡ്രൈവിംഗ്‌ സീറ്റില്‍ ഇംഗ്ലണ്ട്‌. ഒന്നാം ഇന്നിംഗ്‌സില്‍ 425 റണ്‍സിന്‌ പുറത്തായ ആതിഥേയര്‍ രണ്ടാം ദിവസം ലഞ്ചിന്‌ മുമ്പ്‌ തന്നെ സന്ദര്‍ശകരുടെ രണ്ട്‌ വിലപ്പെട്ട വിക്കറ്റുകളും സ്വന്തമാക്കി. ഓപ്പണര്‍ ഫില്‍ ഹ്യൂഗ്‌സ്‌, ക്യാപ്‌റ്റന്‍ റിക്കി പോണ്ടിംഗ്‌ എന്നിവരാണ്‌ സ്‌ക്കോര്‍ ബോര്‍ഡില്‍ രണ്ടക്കം തികക്കും മുമ്പ്‌ പുറത്തായത്‌. ഇന്നലെ തുടക്കത്തില്‍ വാലറ്റത്തെ നാല്‌ വിക്കറ്റുകള്‍ പെട്ടെന്ന്‌ നഷ്‌ടമായ ശേഷം ബൗളിംഗ്‌ കരുത്തിലാണ്‌ ഇംഗ്ലണ്ട്‌ തിരിച്ചെത്തിയത്‌. ഓസീസ്‌ സീമര്‍ ഹില്‍ഫാന്‍ഹസിന്‌ മുന്നില്‍ ഇംഗ്ലീഷ്‌ വാലറ്റം തളര്‍ന്ന കാഴ്‌ച്ച ബ്രിട്ടീഷ്‌ രാഞ്‌ജി ഉള്‍പ്പെടെയുളളവര്‍ നിരാശയോടെയാണ്‌ കണ്ടത്‌. പക്ഷേ ലോര്‍ഡ്‌സ്‌ തിങ്ങിനിറഞ്ഞ കാണികള്‍ക്ക്‌ മുന്നില്‍ ബൗളര്‍മാര്‍ ഇംഗ്ലീഷ്‌ കരുത്തായി മാറി. വിവാദ സാഹചര്യത്തില്‍ പോണ്ടിംഗിന്റെ വിലപ്പെട്ട വിക്കറ്റ്‌ സ്വന്തമാക്കി ജെയിംസ്‌ ആന്‍ഡേഴ്‌സണാണ്‌ ഇംഗ്ലീഷ്‌ ആഘോഷത്തിന്‌ കരുത്തേകിയത്‌. ആന്‍ഡേഴ്‌സന്റെ പന്ത്‌ മോഹിപ്പിക്കുന്നതായിരുന്നു. മുന്നോട്ടാഞ്ഞ പോണ്ടിംഗിന്‌ പക്ഷേ പന്ത്‌ കളിക്കാനായില്ല. ബാറ്റിനും പാഡിനുമിടയിലുടെ ചെറിയ ശബ്ദത്തില്‍ പന്ത്‌ ഒന്നാം സ്ലിപ്പില്‍ ഇംഗ്ലീഷ്‌ ക്യാപ്‌റ്റന്റെ കരങ്ങളിലെത്തിയപ്പോള്‍ ശക്തമായ അപ്പീല്‍ ഉയര്‍ന്നു. തന്റെ നൂറാമത്‌ ടെസ്‌റ്റ്‌ നിയന്ത്രിക്കുന്ന റൂഡി കുയര്‍ട്‌സണ്‍ ഉടന്‍ തന്നെ മൂന്നാം അമ്പയറുടെ സഹായം തേടി. മൂന്നാം അമ്പയറുടെ തീരുമാനം പോണ്ടിംഗിന്‌ എതിരായിരുന്നു. ടെലിവിഷന്‍ റിപ്ലേകളില്‍ പന്ത്‌ ബാറ്റിലുരസിയ കാര്യത്തില്‍ വ്യക്തമായ തെളിവുണ്ടായിരുന്നില്ല. പക്ഷേ പോണ്ടിംഗിന്‌ മടങ്ങാനായിരുന്നു വിധി. കാര്‍ഡിഫില്‍ നടന്ന ആദ്യ ടെസ്‌റ്റില്‍ പലവട്ടം ഇംഗ്ലീഷ്‌ ഫീല്‍ഡര്‍മാരുമായി ഉടക്കിയ പോണ്ടിംഗ്‌ ഇന്നലെയും ഉടക്കിനുളള മൂഡിലായിരുന്നു. തീരുമാനം തേര്‍ഡ്‌ അമ്പയര്‍ക്ക്‌ വിട്ട സാഹചര്യത്തില്‍ അദ്ദേഹം ക്രീസില്‍ തന്നെ ഉറച്ചുനിന്നു. അതേ സമയത്ത്‌ തന്നെ ആന്‍ഡ്ര്യൂ ഫ്‌ളിന്റോഫ്‌ ഉള്‍പ്പെട്ട ഇംഗ്ലീഷ നിര ഓസീസ്‌ നായകനെ വാക്കുകളാല്‍ മുറിവേല്‍പ്പിക്കാനും ശ്രമിച്ചു.
മാര്‍ക്‌ ഹ്യൂസിന്റെ വിക്കറ്റും ആന്‍ഡേഴ്‌സണായിരുന്നു. ഇംഗ്ലീഷ്‌ കൗണ്ടി ക്രിക്കറ്റില്‍ മിഡില്‍സക്‌സിനായി കളിക്കുന്ന ഹ്യൂസിന്‌ പക്ഷേ കൗണ്ടി അനുഭവസമ്പത്ത്‌്‌ ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞില്ല. ലഞ്ച്‌ വരെ പിടിച്ചുനില്‍ക്കാന്‍ സൈമണ്‍ കാറ്റിച്ചിലും മൈക്കല്‍ ഹസിയിലും സമ്മര്‍ദ്ദമായിരുന്നു. പക്ഷേ രണ്ട്‌ പേരും പൊരുതി നിന്നു. രാവിലെ ആദ്യ മണിക്കൂറില്‍ മൈതാനം നിറഞ്ഞത്‌്‌ ഹില്‍ഫാന്‍ഹസായിരുന്നു. ആദ്യ ദിവസം ഇംഗ്ലീഷ്‌ കരുത്തായി മൈതാനം നിറഞ്ഞ നായകന്‍ ആന്‍ഡ്ര്യൂ സ്‌ട്രോസിനെ രണ്ടാം പന്തില്‍ തന്നെ ഹില്‍ഫാന്‍ഹസ്‌ പുറത്താക്കി. പിറകെ സ്റ്റ്യൂവര്‍ട്ട്‌ ബ്രോഡും തിരിഞ്ഞുനടന്നു. ഒന്നാം വിക്കറ്റില്‍ അലിസ്‌റ്റര്‍ കുക്കിനൊപ്പം 196 റണ്‍സിന്റെ വിജയകരമായ ഒന്നാം വിക്കറ്റ്‌ സഖ്യം പടുത്തുയര്‍ത്തിയ സ്‌ട്രോസായിരുന്ന ഇംഗ്ലീഷ്‌ ഇന്നിംഗ്‌സിലെ താരം. വിലപ്പെട്ട 161 റണ്‍സാണ്‌ അദ്ദേഹം സ്‌ക്കോര്‍ ചെയ്‌തത്‌. ഗ്രയീം സ്വാനിന്റെ വിക്കറ്റ്‌ പീറ്റര്‍ സിഡിലിനായിരുന്നു. സ്റ്റ്യൂവര്‍ട്ട്‌ ബ്രോഡിനും പിടിച്ചുനില്‍ക്കാനായില്ല. കാര്‍ഡിഫില്‍ നടന്ന ഒന്നാം ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക്‌ വിജയം നിഷേധിച്ചത്‌ ഇംഗ്ലണ്ടിന്റെ അവസാന വിക്കറ്റ്‌ സഖ്യമായിരുന്നു. ഇവിടെയും പത്താം വിക്കറ്റ്‌ സഖ്യം ഓസ്‌ട്രേലിയക്കാരെ നിയന്ത്രിച്ചു. ജെയിംസ്‌ ആന്‍ഡേഴ്‌സണും ഗ്രഹാം ഒനിയനും ചേര്‍ന്ന്‌ 47 റണ്‍സാണ്‌ അവസാന വിക്കറ്റില്‍ നേടിയത്‌. അസുഖം കാരണം സിഡിലിന്‌ ബൗള്‍ ചെയ്യാന്‍ കഴിയാതെ വന്നപ്പോള്‍ നതാന്‍ ഹൗറിറ്റ്‌സിന്റെ പരുക്കും പോണ്ടിംഗിന്‌ തിരിച്ചടിയായി.

No comments: