Friday, July 10, 2009

CHETHRI IN GOA

ചേത്രി ഡെംപോയില്‍
മഡ്‌ഗാവ്‌: ഇന്ത്യന്‍ ഫുട്‌ബോളിലെ ഗോള്‍വേട്ടക്കാരന്‍ സുനില്‍ ചേത്രി പുതിയ സീസണില്‍ പന്ത്‌ തട്ടുന്നത്‌ ഡെംപോ സ്‌പോര്‍ട്‌സ്‌ ക്ലബ്‌ ഗോവക്ക്‌ വേണ്ടി. കഴിഞ്ഞ മൂന്ന്‌ വര്‍ഷമായി ദേശീയ തലത്തിലും രാജ്യാന്തര തലത്തിലും ഇന്ത്യയുടെ ഏറ്റവും മികച്ച മുന്‍നിരക്കാരനായി അറിയപ്പെടുന്ന ഡല്‍ഹിക്കാരന്‌ വേണ്ടി വലിയ തുകയാണ്‌ ഡെംപോ മുടക്കിയത്‌. ഒരു സീസണിന്‌ മുമ്പ്‌ ഇന്ത്യന്‍ ഫുട്‌ബോളിലെ ഒന്നാമത്‌ ടീമായിരുന്ന ഡെംപോക്ക്‌ കഴിഞ്ഞ സീസണ്‍ നിരാശയുടേതായിരുന്നു. ഐ ലീഗ്‌ ഫുട്‌ബോളില്‍ നിരാശപ്പെടുത്തിയതിനൊപ്പം ഏ.എഫ്‌.സി ചാമ്പ്യന്‍സ്‌ ലീഗിലും മുന്നോട്ട്‌ പോവാനായില്ല. പുതിയ സീസണില്‍ ടീമിന്‌ കരുത്തേകാന്‍ ചേത്രിക്കൊപ്പം കരുത്തരായ ഡിഫന്‍ഡര്‍മാര്‍ അന്‍വറും കോവന്‍ ലോറന്‍സും ഗോവന്‍ സംഘത്തിലുണ്ടാവും. റാന്‍ഡി മാര്‍ട്ടിനസ്‌ എന്ന ആഫ്രിക്കന്‍ താരമാണ്‌ കഴിഞ്ഞ സീസണുകളില്‍ ഡെംപോയുടെ പ്രധാന ഗോളടിയന്ത്രം. അദ്ദേഹത്തിനൊപ്പം സുനിലും കൂടി ചേരുമ്പോള്‍ എതിരാളികളെ വിറപ്പിക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ ഡെംപോ കോച്ച്‌ അര്‍മാന്‍ഡോ കൊളോസോക്ക്‌ സംശയങ്ങളില്ല. സുനിലുമായി ഒപ്പിട്ട കരാറിന്റെ വിശദാംശങ്ങള്‍ നല്‍കാന്‍ കൊളോസോ തയ്യാറായില്ല. കൊല്‍ക്കത്ത ഈസ്‌റ്റ്‌ ബംഗാളിന്റെ താരമായ സുനില്‍ ദിവസങ്ങള്‍ക്ക്‌ മുമ്പ്‌ മഡ്‌ഗാവില്‍ എത്തി ഡെംപോ ടീമിന്റെ പരിശീലനവും കോച്ച്‌ കൊളോസോയുടെ ശൈലിയും മനസ്സിലാക്കിയാണ്‌ ഡെംപോക്കായി കരാര്‍ ഒപ്പിട്ടത്‌.

ഓപ്പണ്‍ സപ്പോര്‍ട്ട്‌്‌
ഓള്‍ഡ്‌ ട്രാഫോഡ്‌: ന്യൂകാസില്‍ യുനൈറ്റഡില്‍ നിന്നും മാഞ്ചസ്‌റ്റര്‍ യുനൈറ്റഡിലേക്ക്‌ മാറാനുളള മൈക്കല്‍ ഓവന്റെ തീരുമാനം അദ്ദേഹത്തിനും ഇംഗ്ലീഷ്‌ ഫുട്‌ബോളിനും ഗുണം ചെയ്യുമെന്ന്‌ ഗാരി നെവില്‍. അല്‍പ്പമധികം കാലമായി രാജ്യാന്തര രംഗത്ത്‌ പ്രത്യക്ഷപ്പെടാന്‍ കഴിയാത്ത ഓവന്‌ മാഞ്ചസ്‌റ്റര്‍ നല്‍കുന്നത്‌ പുതിയ ജിവിതമായിരിക്കുമെന്ന്‌ മാഞ്ചസ്‌റ്ററിന്റെ താരമായ നെവില്‍ അഭിപ്രായപ്പെട്ടു. ന്യൂകാസിലില്‍ കളിച്ച സമയത്ത്‌്‌ രാജ്യാന്തര ശ്രദ്ധ നേടാന്‍ ഓവന്‌ കഴിഞ്ഞിരുന്നില്ല. പരുക്കിന്റെ പ്രശ്‌നത്തില്‍ അകറ്റിനിര്‍ത്തപ്പെട്ട ഓവന്‌ മാഞ്ചസ്‌റ്റര്‍ നല്‍കുന്നത്‌ 2010 ലെ ലോകകപ്പ്‌ വാതിലാണെന്നും നെവില്‍ പറയുന്നു. ദേശീയ ടീമില്‍ തിരിച്ചെത്താനാണ്‌ ഓവന്‍ മാഞ്ചസ്‌റ്ററിലേക്ക്‌ വരുന്നത്‌ എന്ന്‌ നെവില്‍ വിശ്വസിക്കുന്നില്ല. അദ്ദേഹത്തിന്‌ തന്നിലെ ഫുട്‌ബോളറെ നിലനിര്‍ത്താന്‍ താല്‍പ്പര്യമുണ്ട്‌. അത്‌ കൊണ്ടാണ്‌ കൂട്‌ മാറിയിരിക്കുന്നത്‌.പരുക്ക്‌ ആര്‍ക്കും എപ്പോഴും വരാം. ഓവന്‍ രാജ്യത്തിനായി കത്തിനിന്ന സമയത്താണ്‌ അദ്ദേഹത്തെ പരുക്കുകള്‍ വേട്ടയാടിയത്‌. ഇംഗ്ലീഷ്‌ ദേശീയ ടീമിന്റെ പരിശീലകനായ ഫാബിയോ കാപ്പലോ മികച്ച താരങ്ങളെയാണ്‌ നോട്ടമിടുന്നത്‌. ഓന്‍ ഫോമിലേക്കുയര്‍ന്നാല്‍ തീര്‍ച്ചയായും കാപ്പലോ അത്‌ ശ്രദ്ധിക്കും. മാഞ്ചസ്‌റ്റര്‍ സംഘത്തില്‍ നിന്നും കൃസ്‌റ്റിയാനോ റൊണാള്‍ഡോ, കാര്‍ലോസ്‌ ടെവസ്‌ തുടങ്ങിയവരെല്ലാം മാറിയിട്ടുണ്ട്‌. ഈ അവസരം ഉപയോഗപ്പെടുത്താന്‍ ഓവന്‌ കഴിയുമെന്ന കാര്യത്തിലും നെവിലിന്‌ സംശയമില്ല. ഓവനെ പോലെ പരുക്ക്‌ അലട്ടുന്ന നെവിലിനും 2010 ലെ ലോകകപ്പില്‍ കളിക്കാന്‍ അതിയായ താല്‍പ്പര്യമുണ്ട്‌. പരുക്കില്‍ നിന്ന്‌ മുക്തനായി കഴിഞ്ഞ മാസം നടന്ന ലോകകപ്പ്‌ യോഗ്യതാ മല്‍സരങ്ങളില്‍ നെവിലിന്‌ കളിക്കാന്‍ കഴിഞ്ഞിരുന്നു. ഇംഗ്ലണ്ടിനായി ഇനിയും കളിക്കാന്‍ തനിക്ക്‌ അവസരം ലഭിക്കുമെന്നാണ്‌ 34 കാരനായ റൈറ്റ്‌ ബാക്ക്‌ പറയുന്നത്‌.

ഞങ്ങളുടെ കാലത്ത്‌ അങ്ങനെയായിരുന്നു
മുംബൈ: എതിര്‍നിരയിലെ ഒരു ബാറ്റ്‌സ്‌മാന്‍ അര്‍ദ്ധസെഞ്ച്വറി തികച്ചാല്‍ അദ്ദേഹത്തെ അനുമോദിക്കുന്നതില്‍ ഫീല്‍ഡിംഗ്‌ താരങ്ങള്‍ പിശുക്ക്‌ കാണിക്കാത്ത ഒരു കാലം ക്രിക്കറ്റിലുണ്ടായിരുന്നുവെന്ന്‌ സുനില്‍ ഗവാസ്‌ക്കര്‍. ഇന്ന്‌ അതെല്ലാം പോയിരിക്കുന്നു. ഏത്‌ വിധേനയും പ്രതിയോഗിയെ ഇല്ലാതാക്കാനാണ്‌ ശ്രമം. ഇത്‌ ക്രിക്കറ്റിന്റെ മാന്യതയെ ബാധിക്കുന്നതായി അറുപത്‌ വയസ്സ്‌ പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ ക്രിക്കറ്റ്‌ ഇതിഹാസം പറഞ്ഞു. 1971 നും 1987 നും മധ്യേ ഇന്ത്യക്കായി 125 ടെസ്‌റ്റുകള്‍ കളിച്ച ഗവാസ്‌ക്കര്‍ ക്രിക്കറ്റ്‌ ലോകത്തെ അജയ്യരായ ബാറ്റ്‌സ്‌മാന്മാരില്‍ ഒരാളായിരുന്നു. എല്ലാ പ്രതിയോഗികള്‍ക്കുമെതിരെ മിന്നുന്ന ബാറ്റിംഗുമായി കളം നിറഞ്ഞ ഗവാസ്‌ക്കര്‍ക്ക്‌ ക്രിക്കറ്റിന്റെ ഇന്നത്തെ പ്രചാരത്തില്‍ സന്തോഷമുണ്ട്‌. പക്ഷേ ഗെയിമിന്റെ അടിസ്ഥാന തത്വങ്ങള്‍ ബലി കഴിക്കപ്പെടുമ്പോള്‍ അത്‌ കണ്ടിട്ട്‌്‌ മിണ്ടാതിരിക്കാന്‍ അദ്ദേഹത്തിനാവില്ല. ടെസ്‌റ്റ്‌ ക്രിക്കറ്റില്‍ ആദ്യമായി 10,000 റണ്‍സ്‌ പിന്നിട്ട ബാറ്റ്‌സ്‌മാന്‍ കളിക്കളത്തില്‍ ചില ഘട്ടങ്ങളില്‍ നിലവിട്ട്‌ പെരുമാറിയിട്ടുണ്ട്‌. പക്ഷേ ക്രിക്കറ്റ്‌ സ്‌പിരിറ്റിനെ ഒരിക്കലും താന്‍ ചോദ്യം ചെയ്യിട്ടില്ലെന്ന്‌ അദ്ദേഹം വ്യക്തമാക്കുന്നു. എങ്ങനെയും വിജയിക്കാമെന്ന ലക്ഷ്യത്തിലാണ്‌ താരങ്ങള്‍ സ്വയം മറക്കുന്നത്‌. അത്‌ അപകട
കരമാണ്‌. ഞങ്ങളുടെ കാലത്ത്‌ ക്രിക്കറ്റിനോട്‌ എല്ലാവര്‍ക്കും പ്രണയമായിരുന്നു. ആ പ്രണയം അവസാനിച്ചുവെന്ന്‌ തോന്നുന്നു. കളിക്കുന്നത്‌ ഇന്ത്യന്‍ ടീമാണെങ്കിലും വിദേശ ടീമാണെങ്കിലും കളിക്കാരുടെ സമീപനത്തില്‍ ക്രിക്കറ്റ്‌ പാഷനാവുന്നില്ല. എതിര്‍ ടീമിലെ ഒരു ബാറ്റ്‌സ്‌മാന്‍ അര്‍ദ്ധസെഞ്ച്വറി നേടിയാല്‍ ഫീല്‍ഡിംഗ്‌ സംഘത്തിലെ ആരെങ്കിലും കൈയ്യടിക്കുന്ന കാഴ്‌ച്ച ഇന്ന്‌ കാണാന്‍ പ്രയാസമാണ്‌. ഇന്ന്‌ മല്‍സരങ്ങളെല്ലാം തല്‍സമയം ടെലിവിഷനില്‍ കാണിക്കുന്നുണ്ട്‌. അത്‌ കൊണ്ടായിരിക്കാം ചിലപ്പോള്‍ ചിലര്‍ ഒന്ന്‌ കൈയ്യടിക്കുന്നത്‌ കാണാം. ഒരു ബാറ്റ്‌സ്‌മാന്‍ ഒരു സെഞ്ച്വറി സ്വന്തമാക്കിയാല്‍ അദ്ദേഹത്തെ അല്‍പ്പമധികം അഭിനന്ദിക്കുന്നതില്‍ തെറ്റ്‌ കാണേണ്ടതില്ല.
ഇന്ന്‌ ക്രിക്കറ്റില്‍ പണത്തിന്റെ ബഹളമാണ്‌. ഇന്നത്തെ കാലത്ത്‌ കളിക്കാന്‍ കഴിയാത്തതില്‍ നിരാശയുണ്ടോ എന്ന്‌ ചോദിച്ചാല്‍ ഒരു പക്ഷേ നിരാശയില്ല എന്നായിരിക്കും എന്റെ ഉത്തരം. കാരണം ഞാന്‍ കുട്ടിയായിരുന്ന സമയത്ത്‌ ക്രിക്കറ്റിന്‌ ഒരു സ്‌നേഹഭാഷ്യമുണ്ടായിരുന്നു. ക്രിക്കറ്റിന്റെ ആ ഭാഷയാണ്‌ എനിക്കിഷ്ടം. അല്ലാതെ പണമല്ല. സ്ലെഡ്‌ജിംഗ്‌ ക്രിക്കറ്റില്‍ ഒരു തരത്തിലും പ്രോല്‍സാഹിപ്പിക്കപ്പെടരുത്‌. അത്‌ ഗെയിമിനെ ഇല്ലാതാക്കും. മൈതാനത്ത്‌ താരങ്ങള്‍ പരസ്‌പരം കൊമ്പ്‌ കോര്‍ക്കുന്നത്‌ ചിലപ്പോള്‍ അടിപിടിയില്‍ തന്നെ കലാശിച്ചേക്കാം. ക്രിക്കറ്റിലെ ബ്രാഡ്‌മാന്മാരും ബനൗഡുമാരും ക്രൗഡ്രിമാരും സോബേഴ്‌സ്‌മാരും അത്‌ ചെയ്‌തിട്ടില്ല. മല്‍സരക്കളത്തില്‍ പഴയ കാലത്ത്‌ താരങ്ങള്‍ പരസ്‌പരം പരിഹസിക്കാറുണ്ട്‌. അത്‌ അപ്പോഴത്തെ ഒരു ചിരിയില്‍ അവസാനിക്കും. ക്രിക്കറ്റ്‌്‌ ഇന്ന്‌ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി തുല്യശക്തികളായ ടീമുകളുടെ അഭാവമാണെന്ന്‌ ഗവാസ്‌ക്കര്‍ പറയുന്നു. ടെസ്റ്റ്‌ ക്രിക്കറ്റിലെ ഉയര്‍ന്ന റാങ്കിംഗിലെ ടീമുകളും താഴെയുള്ള ടീമുകളും തമ്മിലുളള അന്തരം വലുതാണ്‌. കരുത്തരായ ആറ്‌ ടീമുകളുണ്ടെങ്കില്‍ തീര്‍ച്ചയായും മല്‍സരങ്ങള്‍ ആവേശകരമാവും. 20-20 ക്രിക്കറ്റിന്റെ കടന്നുവരവ്‌ ടെസ്റ്റ്‌ ക്രിക്കറ്റിന്റെ നിലനില്‍പ്പിനെ ബാധിക്കുമെന്ന്‌ സണ്ണി കരുതുന്നില്ല.

ബൂട്ടിയ വിജയത്തിലേക്ക്‌
കൊല്‍ക്കത്ത: ഇന്ത്യന്‍ ക്യാപ്‌റ്റന്‍ ബൈജൂംഗ്‌ ബൂട്ടിയ പുതിയ സീസണില്‍ ഈസ്റ്റ്‌ ബംഗാളിന്‌ വേണ്ടി കളിക്കുമെന്ന കാര്യം ഏറെക്കുറെ ഉറപ്പായി. മോഹന്‍ ബഗാന്റെ താരമായിരുന്ന ബൂട്ടിയ സ്വന്തം ക്ലബിന്റെ നിലപാടുകളില്‍ പ്രതിഷേധിച്ച്‌ കൂട്‌ മാറാനുളള താല്‍പ്പര്യം നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെ ബഗാന്‍ നല്‍കിയ അപ്പീല്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ (ഐ.എഫ്‌.എ) പരിഗണനയിലാണ്‌. തങ്ങളുമായുളള കരാര്‍ വേളയില്‍ ഫുട്‌ബോളിന്‌ പകരം ടെലിവിഷന്‍ പരിപാടികള്‍ക്ക്‌ ബൂട്ടിയ പോയിരുന്നെന്നും അദ്ദേഹം ക്ലബിനോട്‌ നീതി പുലര്‍ത്തിയില്ലെന്നുമായിരുന്നു ബഗാന്റെ പരാതി. ഈ പരാതിയില്‍ വാദം കേള്‍ക്കാന്‍ കഴിഞ്ഞ ദിവസം കൊല്‍ക്കത്ത ടൗണ്‍ഹാളില്‍ ഐ.എഫ്‌.എ യോഗം വിളിച്ചിരുന്നു. ബഗാന്റെ ഭാരവാഹികളും ഫുട്‌ബോള്‍ ഭരണാധികാരികളുമെല്ലാം യോഗത്തിന്‌ എത്തിയിരുന്നു. എന്നാല്‍ തുടക്കത്തില്‍ ഐ.എഫ്‌.എ സെക്രട്ടറി ഉത്‌പല്‍ ഗാംഗൂലി വായിച്ച കത്ത്‌ യോഗത്തിന്റെ പ്രാധാന്യം ഇല്ലാതാക്കി. അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ സെക്രട്ടറി ജനറല്‍ ആല്‍ബെര്‍ട്ടോ കോളോസോ അയച്ച കത്താണ്‌ ഉത്‌പല്‍ വായിച്ചത്‌. ഇന്ത്യന്‍ ക്യാപ്‌റ്റനായ ബൂട്ടിയക്കെതിരെ ഒരു നടപടിയും പാടില്ലെന്നും ഈ വിഷയം ഫെഡറേഷന്‌ വിടുന്നതാണ്‌ ഉചിതമെന്നുമായിരുന്നു കത്തിലെ ഉള്ളടക്കം. ഇത്‌ വായിച്ചുകേട്ടതും ബഗാന്‍ വൈസ്‌പ്രസിഡണ്ട്‌ ഗീത്‌നാഥ്‌ ഗാംഗുലി ക്ഷുഭിതനായി. ഇങ്ങനെയൊരു കത്തിന്റെ കാര്യം ആദ്യം പറഞ്ഞിരുന്നെങ്കില്‍ യോഗത്തിന്‌ വരില്ലായിരുന്നുവെന്ന്‌ അദ്ദേഹം പറഞ്ഞു. ഫെഡറേഷന്റെ കത്ത്‌ വളരെ വൈകിയാണ്‌ ലഭിച്ചതെന്നും അത്‌ കൊണ്ടാണ്‌ ഈ കാര്യം എല്ലാവരെയും അറിയിക്കാന്‍ കഴിയാതിരുന്നതെന്നും ഉത്‌പല്‍ മറുപടി നല്‍കി. ബൂട്ടിയ ഇപ്പോള്‍ ഇന്ത്യന്‍ ടീമിനൊപ്പം വിദേശത്താണ്‌.

മഴ വില്ലന്‍
കിംഗ്‌സ്‌ടൗണ്‍: വിദേശ മണ്ണില്‍ ആദ്യമായി ഒരു ടെസ്റ്റ്‌ പരമ്പര സ്വന്തമാക്കാനുളള ബംഗ്ലാദേശ്‌ മോഹത്തിന്‌ മുന്നില്‍ വില്ലനായി കാര്‍മേഘങ്ങള്‍. വിന്‍ഡീസിനെതിരായ ഒന്നാം ടെസ്‌റ്റിന്റെ ഒന്നാം ദിവസം അല്‍പ്പസമയം മാത്രം കളി നടന്നപ്പോള്‍ കടുവകള്‍ വിക്കറ്റ്‌ പോവാതെ 42 റണ്‍സ്‌ നേടിയിട്ടുണ്ട്‌. വിന്‍ഡീസ്‌ ക്രിക്കറ്റ്‌ ബോര്‍ഡിന്റെ നിലപാടുകളില്‍ പ്രതിഷേധിച്ച്‌ സീനിയര്‍ താരങ്ങള്‍ കളിക്കാത്തതിനാല്‍ പുതിയ നിരയെയാണ്‌ വിന്‍ഡീസ്‌ പരീക്ഷിക്കുന്നത്‌. ടെസ്റ്റ്‌ ക്രിക്കറ്റില്‍ ആദ്യമായി കളിക്കുന്ന വിന്‍ഡീസ്‌ സംഘത്തിന്റെ ദൗര്‍ബല്യം ഉപയോഗപ്പെടുത്തിയാല്‍ ബംഗ്ലാദേശിന്‌ വിജയിക്കാനാവും. ഇത്‌ വരെ കരീബിയന്‍ മണ്ണില്‍ ഒരു ടെസ്റ്റ്‌ വിജയം അവര്‍ക്ക്‌ കഴിഞ്ഞിട്ടില്ല.
ആദ്യദിവസം ഒന്നിലധികം തവണ മഴ പെയ്‌തപ്പോള്‍ ബാറ്റിംഗ്‌ ദുഷ്‌ക്കരമായിരുന്നു. ഇടം കൈയ്യന്‍ ബാറ്റ്‌സ്‌മാന്മാരായ തമീം ഇഖ്‌ബാലും ഇംറുല്‍ കൈസും ശ്രദ്ധയോടെയാണ്‌ ടിനോ ബെസ്‌റ്റ്‌്‌, കീമാര്‍ റോച്ച്‌ എന്നിവരുടെ ഓപ്പണിംഗ്‌ സ്‌പെല്ലിനെ നേരിട്ടത്‌.

ആഷസ്‌, ഇംഗ്ലണ്ട്‌ തിരിച്ചുവരുന്നു
കാര്‍ഡിഫ്‌: ആഷസ്‌ പരമ്പരയിലെ ആദ്യ മല്‍സരം ആവേശകരമാവുന്നു. ബൗളര്‍മാരും ബാറ്റ്‌സ്‌മാന്മാരും തുല്യതയില്‍ പോരാടുന്ന കാഴ്‌ച്ച മൂന്നാം ദിവസത്തിലും കാണാനായി. ആദ്യ ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട്‌ സ്വന്തമാക്കിയ 435 റണ്‍സ്‌ മറികടക്കാന്‍ കരുത്തോടെ പൊരുതിയ റിക്കി പോണ്ടിംഗ്‌, സൈമണ്‍ കാറ്റിച്ച്‌ എന്നിവരെ മൂന്നാം ദിവസം തുടക്കത്തില്‍ തന്നെ പുറത്താക്കാന്‍ ഇംഗ്ലണ്ടിന്‌ കഴിഞ്ഞതാണ്‌ മല്‍സരത്തെ ആവേശകരമാക്കിയത്‌. വിലപ്പെട്ട 239 റണ്‍സിന്റെ സഖ്യമാണ്‌ പോണ്ടിംഗും ഓപ്പണറായ കാറ്റിച്ചും പടുത്തുയര്‍ത്തിയത്‌. രണ്ടാമത്തെ പുതിയ പന്തില്‍ ജെയിംസ്‌ ആന്‍ഡേഴ്‌സണ്‍ രണ്ട്‌ വിക്കറ്റ്‌ പെട്ടെന്ന്‌ നേടിയപ്പോള്‍ 150 റണ്‍സ്‌ നേടിയ പോണ്ടിംഗിനെ മോണ്ടി പനേസര്‍ പുറത്താക്കി.
ആന്‍ഡേഴ്‌സന്റെ ആദ്യ സെഷനിലെ സ്‌പെല്‍ ഫാസ്റ്റ്‌ ബൗളിംഗിന്റെ സുന്ദര കാഴ്‌ച്ചയായിരുന്നു. ഏഴ്‌ ഓവര്‍ ദീര്‍ഘിച്ച ആദ്യ സ്‌പെല്ലില്‍ 17 റണ്‍സ്‌ മാത്രം നല്‍കിയാണ്‌ അദ്ദേഹം രണ്ട്‌ വിക്കറ്റുകള്‍ സ്വന്തമാക്കിയത്‌. തുടക്കത്തില്‍ സ്‌പിന്നര്‍മാരായ ഗ്രയീം സ്വാനിനും പനേസര്‍ക്കുമാണ്‌ ഇംഗ്ലീഷ്‌ ക്യാപ്‌റ്റന്‍ ആന്‍ഡ്ര്യൂ സ്‌ട്രോസ്‌ പന്ത്‌ നല്‍കിയത്‌. പക്ഷേ പോണ്ടിംഗ്‌ ഈ അവസരം ഉപയോഗപ്പെടുത്താന്‍ തുടങ്ങിയപ്പോള്‍ ഇംഗ്ലീഷ്‌ ക്യാപ്‌റ്റന്‍ പുതിയ പന്തെടുത്തു. പൊരുതി നില്‍ക്കുകയായിരുന്ന കാറ്റിച്ചിനെ ഒന്നാന്തരം യോര്‍ക്കറില്‍ ആന്‍ഡേഴ്‌സണ്‍ വീഴ്‌ത്തി. മൈക്‌ ഹസിക്ക്‌ പിടിച്ചുനില്‍ക്കാനുമായില്ല. ഇതൊന്നും കാര്യമാക്കാതെയാണ്‌ പോണ്ടിംഗ്‌ കളിച്ചത്‌. പന്ത്‌ അല്‍പ്പം പഴകിയപ്പോള്‍ സ്‌ട്രോസ്‌ പനേസറെ വിളിച്ചത്‌ ഭാഗ്യമായി. പോണ്ടിംഗിന്റെ ബാറ്റില്‍ തട്ടിയ പന്ത്‌ സ്റ്റംമ്പ്‌ തെറിപ്പിച്ചപ്പോള്‍ ഇംഗ്ലീഷ്‌ ക്യാമ്പ്‌ ശ്വാസം നേരെ വിട്ടു.

പോലീസ്‌ അകമ്പടി, സാനിയ ഇനി സാനിയ സൊഹ്‌റാബ്‌
ഹൈദരാബാദ്‌: ഇന്ത്യന്‍ ടെന്നിസ്‌ താരം സാനിയ മിര്‍സ വിവാഹിതയായി. നാട്ടുകാരനും സുഹൃത്തുമായ മുഹമ്മദ്‌ സൊഹ്‌റാബ്‌ മിര്‍സയുമായുളള നിക്കാഹ്‌ ഇന്നലെ വൈകീട്ട്‌ ഇവിടെ പഞ്ചനക്ഷത്ര ഹോട്ടലിലായിരുന്നു. കനത്ത പോലീസ്‌ അകമ്പടിയില്‍ നടന്ന പരിപാടികളില്‍ അടുത്ത കുടുംബ മിത്രങ്ങളെയും കായിക താരങ്ങളെയും മാത്രമാണ്‌ ക്ഷണിച്ചിരുന്നത്‌. ഇന്ത്യന്‍ ടെന്നിസിന്റെ സൗന്ദര്യരൂപമായ സാനിയയുടെ ആയിരകണക്കിന്‌ ആരാധകര്‍ ബഞ്ചാരഹില്‍സിലെ വസതിക്ക്‌ സമീപവും ഹോട്ടലിന്റെ കവാടത്തിലും ആകാംക്ഷയോടെ കാത്തുനിന്നെങ്കിലും പോലീസ്‌ ആരെയും അകത്തേക്ക്‌ കടത്തിവിട്ടില്ല. സാനിയയുടെ വിവാഹം ഉറപ്പിച്ചതിന്‌ പിറകെ രണ്ട്‌ കാമുകന്മാര്‍ അവരുടെ വീട്ടിലേക്ക്‌ തള്ളിക്കയറാന്‍ ശ്രമിച്ചത്‌ വിവാദമായിരുന്നു. കേരളത്തില്‍ നിന്നുളള മുഹമ്മദ്‌ അഷ്‌റഫും ഡല്‍ഹിക്കാരനായ അജയ്‌ സിംഗ്‌ യാദവുമാണ്‌ പ്രണയം മൂത്ത്‌ സാനിയയുടെ വീട്ടിലെത്തിയവര്‍. രണ്ട്‌ പേരെയും പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തിരുന്നു.
നിക്കാഹ്‌ ചടങ്ങ്‌ പകര്‍ത്താനും റിപ്പോര്‍ട്ട്‌ ചെയ്യാനും മാധ്യമങ്ങളെ അനുവദിച്ചില്ല. തികച്ചും സ്വകാര്യ പരിപാടിയായതിനാല്‍ എല്ലാവരും സഹകരിക്കണമെന്നായിരുന്നു പിതാവ്‌ ഇംറാന്‍ മിര്‍സയുടെ അഭ്യര്‍ത്ഥന. ദേശീയ ചാനലുകള്‍ ഉള്‍പ്പെടെ വലിയ വാര്‍ത്താസംഘം വിവാഹം റിപ്പോര്‍ട്ട്‌ ചെയ്യാനായി ഹൈദരാബാദില്‍ എത്തിയിരുന്നു. വിദേശത്ത്‌ ഉപരിപഠനം നടത്തുകയാണ്‌ 23 കാരനായ സൊഹ്‌റാബ്‌. നിക്കാഹ്‌ കഴിഞ്ഞെങ്കിലും മല്‍സരരംഗത്ത്‌ നിന്ന്‌ സാനിയ പിന്മാറില്ല.

No comments: