സിദാന്‍ വിളിച്ചു, കരീം റയലില്‍
മാഡ്രിഡ്: ബ്രസീലിന്റെ കക്ക, പോര്‍ച്ചുഗലിന്റെ കൃസ്റ്റിയാനോ റൊണാള്‍ഡോ എന്നിവര്‍ക്ക് പിറകെ ഫ്രാന്‍സിന്റെ യുവതാരങ്ങളില്‍ ശ്രദ്ധേയനായ മുന്‍നിരക്കാരന്‍ കരീം ബെന്‍സാമയും സ്‌പാനിഷ് ക്ലബായ റയല്‍ മാഡ്രിഡിന്റെ നിരയില്‍. ഫ്രഞ്ച് ലീഗില്‍ ലിയോണിനായി കളിക്കുന്ന 21-കാരന്റെ പ്രഹരശേഷി മനസ്സിലാക്കിയാണ് അദ്ദേഹത്തെ സൂപ്പര്‍ നിരയിലേക്ക് റിക്രൂട്ട് ചെയ്‌തിരിക്കുന്നത്. റയല്‍ മാഡ്രിഡിന്റെ സീനിയര്‍ ഉപദേഷ്ടാക്കളില്‍ ഒരാളായ മുന്‍ സൂപ്പര്‍ താരം സൈനുദ്ദീന്‍ സിദാനാണ് കരീമിന് അവസരം നല്‍കാന്‍ നിര്‍ദ്ദേശിച്ചത്. വലന്‍സിയയില്‍ നിന്നും സ്‌പാനിഷ് സൂപ്പര്‍ താരം ഡേവിഡ് വിയയെ സ്വന്തമാക്കാനും റയല്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബായ മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ നിന്ന് കൃസ്റ്റിയാനോ റൊണാള്‍ഡോയെയും ഇറ്റാലിയന്‍ ക്ലബായ ഏ.സി മിലാനില്‍ നിന്ന് കക്കയെയും റെക്കോര്‍ഡ് തുകക്ക് സ്വന്തമാക്കിയ റയലിന്റെ പ്രസിഡണ്ട് പെരസാണ് പുതിയ താരത്തിനും പച്ചകൊടി നല്‍കിയിരിക്കുന്നത്. രണ്ട് സീസണില്‍ ലിയോണിനായി കളിച്ച കരീമിന്റെ പ്രിയപ്പെട്ട താരം സിദാനും ക്ലബ് റയല്‍ മാഡ്രിഡുമാണ്. പുതിയ സീസണില്‍ താന്‍ റയലിനായി കളിക്കാന്‍ താല്‍പ്പര്യപ്പെടുന്നതായി കരീം അറിയിച്ചപ്പോള്‍ തന്നെ ലിയോണ്‍ താരത്തിന് എല്ലാ ഭാവുകങ്ങളും നേര്‍ന്നിരുന്നു. റയലില്‍ കളിക്കാന്‍ താന്‍ ആഗ്രഹിക്കുന്നതായി ലിയോണിന്റെ പ്രസിഡണ്ട് ജിയാന്‍ മൈക്കല്‍ ആലസിനെ കരീം ഔദ്യോഗികമായി അറിയിച്ചെന്നും ഈ വിഷയത്തില്‍ കരീമിന്റെ തീരുമാനത്തിനാണ് ക്ലബ് മുന്‍ഗണന നല്‍കിയതെന്നും ലിയോണ്‍ അധികൃതര്‍ അറിയിച്ചു. ലോകത്തെ ഏറ്റവും മികച്ച, വലിയ ഫുട്‌ബോള്‍ ക്ലബാണ് റയല്‍ മാഡ്രിഡ്. ആ ക്ലബില്‍ കരീമിന് ഒരവസരം ലഭിക്കുമ്പോള്‍ അതില്‍ ലിയോണിന് സന്തോഷം മാത്രമാണുള്ളത്. അദ്ദേഹവുമായുളള എല്ലാ ഇടപാടുകളും സുഗഗമമായി തന്നെ ഉടന്‍ അവസാനിപ്പിക്കും. റയല്‍ മാഡ്രിഡില്‍ കരീമിന് എല്ലാ ഭാവുകങ്ങളും ഇപ്പോള്‍ തന്നെ ലിയോണ്‍ നേരുന്നതായും ക്ലബ് അധികാരികള്‍ അറിയിച്ചു. ഒമ്പതാം വയസ്സില്‍ ലിയോണിന്റെ യൂത്ത് അക്കാദമിയില്‍ അംഗമായ കരീം പതിനേഴാം വയസ്സിലാണ് സീനിയര്‍ ടീമിനായി ആദ്യം കളിച്ചത്. ഇതിനകം 51 മല്‍സരങ്ങളില്‍ അദ്ദേഹം ലിയോണിനായി പ്രത്യക്ഷപ്പെട്ടപ്പോള്‍ 31 ഗോളുകളാണ് സ്‌ക്കോര്‍ ചെയ്‌തത്. 2007-08 സീസണില്‍ ലീഗിലെ ടോപ് സ്‌ക്കോററും അദ്ദേഹമായിരുന്നു. ഈ കഴിഞ്ഞ സീസണില്‍ കരീം 23 ഗോളുകള്‍ സ്‌ക്കോര്‍ ചെയ്‌തെങ്കിലും ലിയോണിന് ഫ്രഞ്ച് ലീഗില്‍ കിരീടം സ്വന്തമാക്കാന്‍ കഴിഞ്ഞിരുന്നില്ല.
30 ദശലക്ഷം ഡോളറിനാണ് കരീമിനെ റയല്‍ സ്വന്തമാക്കിയിരിക്കുന്നത്. മെച്ചപ്പെട്ട പ്രകടനം യുവതാരത്തിന് നടത്താനായാല്‍ പ്രതിഫലതുക വര്‍ദ്ധിക്കും. അടുത്ത കുറച്ച് ദിവസത്തിനകം കരീം മെഡിക്കല്‍ ടെസ്റ്റിന് വിധേയനാവും. മെഡിക്കല്‍ ജയിച്ചാല്‍ അദ്ദേഹം ക്ലബിന്റെ താരമായി ഔദ്യോഗികമായി പ്രത്യാക്ഷപ്പെടും. മാഞ്ചസ്‌റ്റര്‍ യുനൈറ്റഡ് നോട്ടമിട്ടിരുന്ന കരീമിന് ആറ് വര്‍ഷത്തേ കരാറാണ് റയല്‍ നല്‍കുന്നത്.
റയലിന്റെ മുന്നേറ്റനിരക്ക് കരുത്ത് പകരാന്‍ കരീമിന് കഴിയുമെന്ന് സിദാന്‍ പറഞ്ഞു. ചെറിയ പ്രായത്തില്‍, വിദഗ്‌ദ്ധ പരിശീലനം ലഭിച്ചാണ് കരീം വരുന്നത്. റയലിലെ സീനിയര്‍ താരങ്ങള്‍ക്കൊപ്പം വലിയ മല്‍സരങ്ങളില്‍ പങ്കെടുക്കാന്‍ കഴിയുന്നത് കരീമിന് ഗുണകരമാവുമെന്നും അദ്ദേഹം പറഞ്ഞു.
ഫ്‌ളോറന്റീനോ പെരസ് റയലിന്റെ തലവനായി വീണ്ടും വന്ന ശേഷം ക്ലബിലെത്തുന്ന മൂന്നാമത്തെ മുന്‍നിരക്കാരനാണ് കരീം. ആദ്യം കക്കയെയും പിന്നെ റൊണാള്‍ഡോയെയും വന്‍ തുകക്ക് വാങ്ങിയ പെരസിന്റെ അടുത്ത ലക്ഷ്യം ഡേവിഡ് വിയയാണ്. വലന്‍സിയ വിയയെ വിട്ടുകൊടുക്കാന്‍ തയ്യാറല്ല. പക്ഷേ വലിയ തുക റയല്‍ വാഗ്‌ദാനം ചെയ്‌താല്‍ വലന്‍സിയക്ക് പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത അവസ്ഥ വരും.
പകരം നിസ്റ്റര്‍റൂയി
പാരീസ്: കരീം ബെന്‍സാമ റയല്‍ മാഡ്രിഡിലേക്ക് ചേക്കേറാന്‍ തീരുമാനിച്ചതോടെ ഫ്രാന്‍സിലെ സൂപ്പര്‍ ക്ലബായ ലിയോണ്‍ ഡച്ചുകാരന്‍ റുഡ്‌വാന്‍ നിസ്‌റ്റര്‍റൂയിയെ നോട്ടമിടുന്നു. നിലവില്‍ റയലിന്റെ താരമാണ് വാന്‍ നിസ്‌റ്റര്‍റൂയി. കാല്‍മുട്ടില്‍ ശസ്‌ത്രക്രിയ നടത്തി വിശ്രമിക്കുന്ന ഡച്ചുകാരനെ തങ്ങള്‍ക്ക് നല്‍കണമെന്ന് ലിയോണ്‍ റയല്‍ പ്രസിഡണ്ട് ഫ്‌ളോറന്റീനോ പെരസിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. എന്നാല്‍ റയലില്‍ തന്നെ തുടരാനാണ് തനിക്ക് താല്‍പ്പര്യമെന്നാണ് നിസ്‌റ്റര്‍റൂയി പറയുന്നത്. പുതിയ റിക്രൂട്ടുകളായ കൃസ്റ്റിയാനോ റൊണാള്‍ഡോ, കക്ക, കരീം ബെസാമ എന്നിവരുടെ സാന്നിദ്ധ്യം റുഡ്‌വാന്‍ നിസ്‌റ്റര്‍റൂയിക്ക് കനത്ത ഭീഷണിയാണ്. 2008 നവംബറിലാണ് വാന്‍ നിസ്‌റ്റര്‍റൂയി ശസ്‌ത്രക്രിയക്ക് വിധേയനായത്. അതിന് ശേഷം ഇത് വരെ കളിച്ചിട്ടില്ല. 2006-07 സീസണില്‍ 37 മല്‍സരങ്ങളില്‍ നിന്നായി റയലിന് വേണ്ടി 25 ഗോളുകള്‍ സ്‌ക്കോര്‍ ചെയ്‌ത ഡച്ചുകാരനായിരുന്നു സ്‌പാനിഷ് ലീഗിലെ ടോപ് സ്‌ക്കോറര്‍.
റൊ-കൊറീന്ത്യന്‍സ്
റിയോ: ബ്രസീല്‍ ഫുട്‌ബോള്‍ ലീഗില്‍ വീണ്ടും കൊറീന്ത്യന്‍സിന് കിരീടം. ഇരുപാദ ഫൈനലില്‍ പോര്‍ട്ടോ അള്‍ജറിനെ 4-2ന് പരാജയപ്പെടുത്തിയാണ് സൂപ്പര്‍ താരം റൊണാള്‍ഡോയുടെ കൊറീന്ത്യന്‍സ് വിജയം സ്വന്തമാക്കിയത്. ഈ വിജയത്തോടെ അടുത്ത വര്‍ഷത്തെ കോപ്പ ലിബര്‍ട്ടഡോറസ് കപ്പില്‍ ബ്രസീലിനെ കൊറീന്ത്യന്‍സ് പ്രതിനിധീകരിക്കും. ആവേശകരമായിരുന്നു ഇന്നലെ നടന്ന രണ്ടാം പാദ ഫൈനല്‍. ജോര്‍ജ് ഹെന്‍ട്രിക്കിന്റെ ഗോളില്‍ ഇരുപതാം മിനുട്ടില്‍ കൊറീന്ത്യന്‍സ് ലീഡ് സ്വന്തമാക്കി. ഇടവേളക്ക് മുമ്പ് ആന്ദ്രെ സാന്‍ഡോസ് ലീഡ് രണ്ടാക്കി ഉയര്‍ത്തി. ആദ്യ പാദത്തില്‍ രണ്ട് ഗോളിന് വിജയിച്ച കൊറീന്ത്യന്‍സിന് ഇതോടെ കിരീടം ഉറപ്പായിരുന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ പോര്‍ട്ടോ കോച്ച് തന്റെ തുരുപ്പുചീട്ടായ അലക്‌സാണ്ടറോ എന്ന ഗോള്‍വേട്ടക്കാരനെ ഇറക്കി. ഈ നീക്കം ഫലം ചെയ്യുകയും ചെയ്‌തു. മല്‍സരത്തിന്റെ അവസാന ഇരുപത് മിനുട്ടുകളില്‍ അലക്‌സാണ്ടറോ രണ്ട് ഗോള്‍ തിരിച്ചടിച്ചു. ഇതോടെ അന്ത്യനിമിഷങ്ങള്‍ അത്യാവേശത്തിന്റേതായി. മാരകമായ കളിക്ക് അലക്‌സാണ്ടറോയെ ചുവപ്പ് കാര്‍ഡ് കാട്ടി റഫറി പുറത്താക്കിയത് വലിയ വിവാദത്തിന് കാരണവുമായി. രണ്ട് ടീമിന്റെയും പരിശീലകരെ റഫറി മൈതാനത്ത് നിന്ന് പുറത്താക്കുകയും ചെയ്‌തു. അവസാന നിമിഷങ്ങളില്‍ കൂടുതല്‍ ഗോളുകള്‍ വഴങ്ങാതെ പിടിച്ചുനിന്ന കൊറീന്ത്യന്‍സ് ഈ കിരീടം റൊണാള്‍ഡോക്കാണ് സമ്മാനിക്കുന്നത്.
റയല്‍ മാഡ്രിഡിന്റെ താരമായി കളിച്ച ശേഷം പരുക്ക് കാരണം ആദ്യം ഇറ്റലിയിലേക്കും അതിന് ശേഷം അധികമാര്‍ക്കും വേണ്ടാത്ത ഘട്ടത്തില്‍ നാട്ടിലേക്കും മടങ്ങിയ റൊണാള്‍ഡയെ കൊറീന്ത്യന്‍സ് വന്‍വില നല്‍കിയാണ് സ്വന്തമാക്കിയത്. റൊണാള്‍ഡോ വന്ന ശേഷം ടീമിന് രണ്ട് കീരിടങ്ങള്‍ ലഭിച്ചു. കഴിഞ്ഞ മാര്‍ച്ചില്‍ ആദ്യ കിരീടം നേടിയ കൊറീന്ത്യന്‍സ് ഇത്തവണ ലീഗില്‍ കാര്യമായ തിരിച്ചടികള്‍ നേരിട്ടിരുന്നില്ല.
താന്‍ പുതിയ ക്ലബില്‍ എത്തിയ ശേഷം എല്ലാവരും നല്‍കിയ പിന്തുണയാണ് കരുത്തായതെന്ന് റൊണാള്‍ഡോ പറഞ്ഞു. പരുക്കില്‍ തളര്‍ന്ന ശേഷം കുറച്ച് കാലം വിശ്രമമായിരുന്നു. അതിന് ശേഷമാണ് പുതിയ ടീമില്‍ അംഗമായത്. എല്ലാവരുടെയും പിന്തുണ സജീവമായുണ്ടായിരുന്നു. ഫൈനല്‍ വരെയെത്താന്‍ എല്ലാവരും കരുത്തോടെയാണ് കളിച്ചത്. ഫൈനലിലും ആരും പിറകോട്ട് പോയില്ലെന്നും റൊണാള്‍ഡോ പറഞ്ഞു. കൊറീന്ത്യന്‍സുമായി കരാര്‍ പുതുക്കാന്‍ കഴിയുമെന്നാണ് റൊണാള്‍ഡോയുടെ വിശ്വാസം. ടീം കോപ്പ ലിബര്‍ട്ടഡോറസ് കപ്പിന് യോഗ്യത നേടിയ സാഹചര്യത്തില്‍ റൊണാള്‍ഡോയെ ടീം നിലനിര്‍ത്താനാണ് സാധ്യത.
തിരിച്ചുവരവ്
ലാഹോര്‍: 20-20 ലോകകപ്പ് സ്വന്തമാക്കിയ പാക്കിസ്‌താന്‍ സംഘത്തില്‍ ഇംറാന്‍ നസീര്‍ എന്ന തട്ടുപൊളിപ്പന്‍ ഓപ്പണര്‍ നിര്‍ബന്ധ ഘടകമായിരുന്നെന്ന് പാക്കിസ്‌താന്‍ ക്രിക്കറ്റ് ബോര്‍ഡ് സെലക്ഷന്‍ കമ്മിറ്റിയുടെ താല്‍കാലിക തലവന്‍ വസീം ബാരി. താനായിരുന്നു സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനെങ്കില്‍ ലോകകപ്പ് സംഘത്തില്‍ നസീര്‍ ഉറപ്പായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. വിമത ഇന്ത്യന്‍ ക്രിക്കറ്റ്‌് ലീഗുമായി അടുപ്പമുളളതിനാല്‍ പി.സി.ബി അകറ്റിനിര്‍ത്തിയ താരമായിരുന്നു നസീര്‍. എന്നാല്‍ 20-20 ലോകകപ്പിന് തൊട്ട് മുമ്പ് അബ്ദുള്‍ റസാക്കിനൊപ്പം വിമത ലീഗ് വിട്ട് നസീറും മുഖ്യധാരയില്‍ വന്നിരുന്നു. റസാക്കിന് ലോകകപ്പില്‍ അവസരം നല്‍കിയപ്പോള്‍ നസീറിനെ പരിഗണിച്ചില്ല. 20-20 ക്രിക്കറ്റില്‍ തുടക്കത്തിലെ അഞ്ച് ഓവറുകള്‍ നിര്‍
ണ്ണായകമാണെന്നും ഈ ഘട്ടത്തെ ഉപയോഗപ്പെടുത്താന്‍ തികച്ചും അനുയോജ്യനായ ബാറ്റ്‌സ്‌മാനാണ് അദ്ദേഹമെന്നും ബാരി പറഞ്ഞു. ബാറ്റിംഗ് കൂടാതെ മികച്ച ഫീല്‍ഡര്‍ കൂടിയാണ് നസീര്‍. ശ്രീലങ്കക്കെതിരെ നടക്കുന്ന ഏകദിന പരമ്പരയിലേക്കും 20-20 ടീമിലേക്കും നസീറിനെ പരിഗണിക്കുമെന്നും ബാരി പറഞ്ഞു.
വിയോജിപ്പ്
മെല്‍ബണ്‍:2005 ലെ ആഷസ് പരമ്പരയില്‍ ഇംഗ്ലണ്ടിന് മുന്നില്‍ ഓസ്‌ട്രേലിയ തകരാന്‍ കാരണം കോച്ച് ജോണ്‍ ബുക്കാനന്റെ തലതിരിഞ്ഞ നയങ്ങളായിരുന്നുവെന്ന് മുന്‍ ഓസീസ് താരം ഡാമിയന്‍ മാര്‍ട്ടിന്‍. 2005 ലെ ടീമില്‍ അംഗങ്ങളായിരുന്ന ഷെയിന്‍ വോണും സ്‌റ്റിയൂവര്‍ട്ട് മക്‌ഗിലും ഇതേ ആരോപണം ബുക്കാനനെതിരെ ഉന്നയിച്ചിരുന്നു. ലോകം കീഴടക്കിയ പരിശീലകനായി വിശേഷിക്കപ്പെട്ടിരുന്ന ബുക്കാനന്‍ തന്നിഷ്ടക്കാരനായിരുന്നുവെന്നാണ് മാര്‍ട്ടിന്‍ കുറ്റപ്പെടുത്തുന്നത്. വോണും മക്‌ഗിലും പറഞ്ഞത് സത്യമാണെന്നും അവര്‍ കാട്ടിയ ധൈര്യത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കാനാണ് താന്‍ ഉദ്ദേശിക്കുന്നതെന്നും പറഞ്ഞ മാര്‍ട്ടിന്‍ ശരിയായ പരീശിലനമില്ലാതെയാണ് പല വലിയ മല്‍സരങ്ങളിലും ടീം പങ്കെടുത്തതെന്നും വ്യക്തമാക്കി. 2006-07 ലെ ആഷസ് പരമ്പരക്കിടെ നാടകീയമായി രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ച താരമാണ് മാര്‍ട്ടിന്‍. 2005 ലെ തോല്‍വിക്ക് അമ്പയറിംഗും കാരണമായതായി മാര്‍ട്ടിന്‍ പറയുന്നു. ഇപ്പോള്‍ ഇംഗ്ലീഷ് ക്രിക്കറ്റ് ടീമിന്റെ ഉപദേശകനാണ് ബുക്കാനന്‍.
പിഴ
ലാഹോര്‍: കറുപ്പ് കൈവശം വെച്ച കുറ്റത്തിന് പാക്കിസ്‌താന്‍ സീമര്‍ മുഹമ്മദ് ആസിഫിന് ക്രിക്കറ്റ് ബോര്‍ഡ് ഒരു ദശലക്ഷത്തിന്റെ പിഴ ചുമത്തി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിന്റെ (ഐ.പി.എല്‍) ആദ്യപതിപ്പിന് ശേഷം നാട്ടിലേക്ക് മടങ്ങവെ ദുബായ് വിമാനത്താവളത്തില്‍ വെച്ചാണ് കറുപ്പുമായി ആസിഫ് പിടിക്കപ്പെട്ടത്. ഐ.പി.എല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനായാണ് ആസിഫ് കളിച്ചിരുന്നത്. വിമാനത്താവളത്തില്‍ നിന്നും സംശയകരമായ സാഹചര്യത്തില്‍ പിടിക്കപ്പെട്ട താരം 19 ദിവസത്തോളം പോലീസിന്റെ ചോദ്യം ചെയ്യലിലായിരുന്നു. താന്‍ വാങ്ങിയ മരുന്നില്‍ കറുപ്പ് കലര്‍ത്തിയതായി അറിയില്ലായിരുന്നുവെന്നും സംഭവത്തില്‍ താന്‍ നിരപരാധിയാണെന്നുമെല്ലാം ആസിഫ് വാദിച്ചിരുന്നു. പാക്കിസ്‌താന്റെ വാഗ്‌ദാനമായി വിശേഷിപ്പിക്കപ്പെട്ട ആസിഫ് 11 ടെസ്‌റ്റുകളില്‍ നിന്നായി 51 വിക്കറ്റും 31 ഏകദിനങ്ങളില്‍ നിന്നായി 36 വിക്കറ്റും നേടിയിട്ടുണ്ട്. ആസിഫിനെതിരെ അച്ചടക്കസമിതി തീരുമാനം ഏകകണ്‌ഠമായിരുന്നുവെന്ന് ചെയര്‍മാന്‍ വസീം ബാരി പറഞ്ഞു.
No comments:
Post a Comment