Friday, July 3, 2009

IPL THREAT

ഐ.പി.എല്‍ അവസാനമല്ല
മുംബൈ: യുവ ക്രിക്കറ്റര്‍മാര്‍ ഐ.പി.എല്‍ ജ്വരത്തിലേക്ക്‌ വഴുതിവീഴുന്നത്‌ ആപത്‌കരമാണെന്ന്‌ സുനില്‍ ഗവാസ്‌ക്കര്‍. രാജ്യത്തിനായി കളിക്കുകയാണ്‌ ഒരു താരത്തെ സംബന്ധിച്ച്‌ പ്രധാനം. എന്നാല്‍ ഇന്നത്തെ യുവ ക്രിക്കറ്റര്‍മാര്‍ ഐ.പി.എല്ലിനാണ്‌ പ്രാധാന്യം നല്‍കുന്നത്‌. ഐ.പി.എല്‍ സമ്മാനിക്കുന്ന പണത്തിലും സമ്പത്തിലുമാണ്‌ എല്ലാവര്‍ക്കും നോട്ടം. ഈ നീക്കം ആപത്‌കരമാണെന്ന്‌ ഗവാസ്‌ക്കര്‍ പറഞ്ഞു. ഇന്ന്‌ മാതാപിതാക്കള്‍ കുട്ടികളെ ക്രിക്കറ്റിലേക്ക്‌ പ്രേരിപ്പിക്കുന്നത്‌ പണസമ്പാദനത്തിന്റെ ഭാഗമായാണ്‌. ഒരു ക്രിക്കറ്ററായാല്‍ ഐ.പി.എല്‍ വഴി കോടികള്‍ സമ്പാദിക്കാമെന്നാണ്‌ രക്ഷിതാക്കള്‍ കരുതുന്നത്‌. ക്രിക്കറ്റിന്റെ ആദ്യാവസാനം ഐ.പി.എല്‍ ആണെന്ന്‌ താരങ്ങള്‍ മനസ്സിലാക്കി വെക്കുന്നത്‌ ക്രിക്കറ്റിന്റെ നിലവാരത്തെ തന്നെ ബാധിക്കും. ഇന്ന്‌ ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാന്‍ യുവതാരങ്ങള്‍ക്ക്‌ താല്‍പ്പര്യമില്ല. ആഭ്യന്തര ക്രിക്കറ്റിലൂടെ ലഭിക്കുന്നത്‌ തുഛമായ വരുമാനമാണ്‌. അതിന്‌ പകരം ഐ.പി.എല്‍ പോലുളള മല്‍സരങ്ങളിലേക്ക്‌ നോട്ടമിട്ടാല്‍ വരുമാനം വര്‍ദ്ധിക്കും. ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ച്‌ പരുക്കേറ്റാല്‍ അത്‌ ഐ.പി.എല്‍ മല്‍സരങ്ങളില്‍ കളിക്കുന്നതിനെ ബാധിക്കുമെന്ന ഭയവും യുവ താരങ്ങള്‍ക്കുണ്ട്‌. സ്ഥിരമായി ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ച താരങ്ങള്‍ പലരുമിപ്പോള്‍ സംസ്ഥാനത്തിനോ, മേഖലക്കോ ആയി കളിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കാത്തത്‌്‌ ക്രിക്കറ്റ്‌ ബോര്‍ഡ്‌ ഗൗരവതരം വീക്ഷിക്കണമെന്നും ഐ.പി.എല്‍ ഗവേണിംഗ്‌ കമ്മിറ്റി അംഗം കൂടിയായ ഗവാസ്‌ക്കര്‍ പറഞ്ഞു.
ധാരാളം പണം യുവതാരങ്ങളെ വഴി തെറ്റിക്കുമെന്ന കാര്യത്തില്‍ മുന്‍ ഇന്ത്യന്‍ നായകന്‌ സംശയമില്ല. 19 നും 22 വയസ്സിനും മധ്യേയുളള താരങ്ങള്‍ പണത്തെക്കുറിച്ച്‌ മാത്രം ചിന്തിക്കുമ്പോള്‍ അവരിലെ ക്രിക്കറ്റര്‍ക്ക്‌ മങ്ങലേല്‍ക്കും. പണവും പ്രശസ്‌തിയും അധികമായാല്‍ അതിന്റെ ഫലം വീപരീതമായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
20-20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ദയനീയതക്ക്‌ ഐ.പി.എല്‍ ആണ്‌ കാരണമായതെന്ന അഭിപ്രായത്തോട്‌ ഗവാസ്‌ക്കര്‍ പൂര്‍ണ്ണമായും യോജിക്കുന്നില്ല. ഐ.പി.എല്ലില്‍ ഹോം ആന്‍ഡ്‌ എവേ മല്‍സര ഫോര്‍മാറ്റാണ്‌ പ്രധാനം. പക്ഷേ ഇത്തവണ മല്‍സരങ്ങളെല്ലാം ദക്ഷിണാഫ്രിക്കയിലാണ്‌ നടന്നത്‌. 20-20 ലോകകപ്പാവട്ടെ ഇംഗ്ലണ്ടിലും. അതിനാല്‍ ലോകകപ്പിലെ മല്‍സരപരാജയത്തിന്‌ കാരണം ഐ.പി.എല്‍ ആണെന്ന്‌ പറയുന്നതില്‍ കാര്യമില്ല. ഇന്ത്യന്‍ ബാറ്റ്‌്‌സ്‌മാന്മാര്‍ ഷോട്ട്‌ പിച്ച്‌ പന്തുകള്‍ക്ക്‌ മുന്നില്‍ വിറങ്ങലിക്കുന്നതിനെയും കാര്യമായി കാണേണ്ടതില്ല. എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടും. ലോകകപ്പില്‍ ഷോട്ട്‌ പിച്ച്‌ പന്തുകളുമായി ഇന്ത്യക്കാരെ നേരിട്ട ബൗളര്‍മാര്‍ വിജയിച്ചത്‌ കാരണമാണ്‌ ഇപ്പോല്‍ നടക്കുന്ന പരമ്പരയില്‍ വിന്‍ഡീസ്‌ ബൗളര്‍മാരും ഇതേ തന്ത്രം പ്രയോഗിക്കുന്നത്‌.
അടുത്ത ആഭ്യന്തര ക്രിക്കറ്റ്‌ സീസണില്‍ ദേവ്‌ധര്‍ ട്രോഫി മല്‍സരങ്ങള്‍ ഉള്‍പ്പെടുത്താതിരുന്നത്‌ ഐ.പി.എല്‍ സ്വാധീനത്തിലാണെന്ന വാദവും ഗവാസ്‌്‌കര്‍ ഖണ്‌ഠിച്ചു. രാജ്യാന്തര കലണ്ടറിലെ തിരക്ക്‌ കാരണമായിരിക്കാം ദേവ്‌ധര്‍ ട്രോഫി വേണ്ടെന്ന്‌ വെച്ചത്‌. ഇന്ത്യന്‍ ടീമിപ്പോള്‍ വിന്‍ഡീസിലാണ്‌. അതിന്‌ ശേഷം ചാമ്പ്യന്‍സ്‌ ലീഗുണ്ട്‌, ശ്രീലങ്കന്‍ സന്ദര്‍ശനമുണ്ട്‌, ബംഗ്ലാദേശ്‌ സന്ദര്‍ശനമുണ്ട്‌. ഇതെല്ലം കാരണമായിരിക്കാം ആഭ്യന്തര കലണ്ടറില്‍ ചെറിയ മാറ്റം വരുത്തിയതെന്നും അദ്ദേഹം പറഞ്ഞു.

ആദ്യ ടെസ്‌റ്റിന്‌ ഇന്ന്‌ തുടക്കം, മുരളിയില്ല
ഗാലി: ശ്രീലങ്ക-പാക്കിസ്‌താന്‍ ടെസ്റ്റ്‌ പരമ്പരക്ക്‌ ഇന്ന്‌ തുടക്കം. ഇംഗ്ലണ്ടില്‍ നടന്ന 20-20 ലോകകപ്പിന്റെ ഫൈനലില്‍ മുഖാമുഖം വന്ന ടീമുകള്‍ അഞ്ച്‌ ദിവസത്തെ പോരാട്ടത്തിന്‌ ഇറങ്ങുന്നത്‌ കരുതലോടെയാണ്‌. ടെസ്‌റ്റിനുളള മുന്നൊരുക്കത്തില്‍ സ്‌പിന്‍ മജീഷ്യന്‍ മുത്തയ്യ മുരളിധരന്റെ സേവനം നഷ്ടമായതിന്റെ വ്യാകുലതയിലാണ്‌ ആതിഥേയര്‍. ടെസ്റ്റ്‌ ക്രിക്കറ്റിലെ വിക്കറ്റ്‌ വേട്ടക്കാരനായ മുരളിക്ക്‌ ഇന്നലെ പരിശീലനത്തിനിടെയാണ്‌ പരുക്കേറ്റത്‌. വലത്‌ കാല്‍മുട്ടിന്‌ വേദന വന്ന മുരളിയെ സ്‌കാനിംഗിന്‌ വിധേയനാക്കിയപ്പോള്‍ ചെറിയ പ്രശ്‌നമുളളതായി കണ്ടെത്തി. ഇതിനെ തുടര്‍ന്നാണ്‌ അദ്ദേഹത്തെ ആദ്യ ടെസ്റ്റില്‍ നിന്നും മാറ്റിയത്‌. മുരളിക്ക്‌്‌ പകരം ഓഫ്‌ സ്‌പിന്നര്‍ സൂരജ്‌ മുഹമ്മദിനെയും ലെഫ്‌റ്റ്‌ ആം സ്‌പിന്നര്‍ രംഗന്‍ ഹെറാത്തിനെയും ടീമിലെടുത്തിട്ടുണ്ട്‌. കഴിഞ്ഞ ദിവസം പാക്കിസ്‌താനെതിരെ സമാപിച്ച ത്രിദിന മല്‍സരത്തില്‍ നാല്‌ വിക്കറ്റ്‌ സ്വന്തമാക്കിയ സൂരജിന്‌ ഇന്ന്‌ അവസാന ഇലവനില്‍ സ്ഥാനം ലഭിക്കുമെന്നാണ്‌ കരുതപ്പെടുന്നത്‌.
കുമാര്‍ സങ്കക്കാര നായകന്‍ എന്ന നിലയില്‍ രാജ്യത്തെ നയിച്ചിറങ്ങുന്ന ആദ്യ ടെസ്റ്റാണിത്‌. കഴിഞ്ഞ പാക്കിസ്‌താന്‍ പര്യടനത്തോടെ ടെസ്‌റ്റ്‌ ടീമിന്റെ നായകപ്പട്ടം മഹേല ജയവര്‍ദ്ധനെ വേണ്ടെന്ന്‌ വെച്ചിരുന്നു. തുടര്‍ന്ന്‌ നായകനായ സങ്കക്കാര 20-20 ലോകകപ്പില്‍ മാത്രമാണ്‌ ടീമിന്റെ അമരക്കാരനായത്‌.
നാട്ടില്‍ കളിക്കുന്നതിന്റെ സമ്മര്‍്‌ദ്ദം തനിക്കില്ലെന്ന്‌ അദ്ദേഹം പറഞ്ഞു. മുരളിയെ അവസാന നിമിഷത്തില്‍ നഷ്‌ടമായത്‌ തിരിച്ചടിയാവില്ല. കാരണം അജാന്ത മെന്‍ഡിസ്‌ എന്ന സ്‌പിന്നര്‍ ടീമിലുണ്ട്‌്‌. മുരളിയുടെ പരുക്ക്‌ ചെറുതാണ്‌. പക്ഷേ ആദ്യ ടെസ്റ്റില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തിയാല്‍ പരുക്ക്‌ ചിലപ്പോള്‍ ഗുരുതരമാവാം. അത്തരമൊരു സാഹസത്തിന്‌ തല്‍ക്കാലം താനില്ലെന്ന്‌ സങ്ക പറഞ്ഞു.
സങ്കക്കിത്‌ നല്ല കാലമാണ്‌. 20-20 ലോകകപ്പിന്റെ ഫൈനലില്‍ തോറ്റെങ്കിലും നാട്ടില്‍ തിരിച്ചെത്തിയ ഉടന്‍ അദ്ദേഹത്തിന്‌ ശ്രവിക്കാനായത്‌ ഭാര്യ ഇരട്ടക്കുട്ടികള്‍ക്ക്‌ ജന്മം നല്‍കിയതാണ്‌. ടെസ്‌റ്റ്‌ മല്‍സരത്തില്‍ ടീമിനെ നയിക്കുമ്പോള്‍ അത്‌ വെല്ലുവിളിയാണെന്നാണ്‌ സങ്ക പറയുന്നത്‌. അഞ്ച്‌ ദിവസത്തെ തന്ത്രങ്ങള്‍ക്ക്‌ രൂപം നല്‍കുക എളുപ്പമല്ല. ടീമിലെ സീനിയര്‍ താരങ്ങളായ മഹേല ജയവര്‍ദ്ധനെ, മുത്തയ്യ മുരളീധരന്‍ എന്നിവരുടെ സാന്നിദ്ധ്യം നായകന്‌ അനുഗ്രഹമാണ്‌. മഹേല മുന്‍ ക്യാപ്‌റ്റന്‍ മാത്രമല്ല അനുഭവസമ്പന്നന്‍ കൂടിയാണെന്ന്‌ സങ്ക പറയുന്നു. തിലകരത്‌നെ ദില്‍ഷാന്‍, തിലാന്‍ സമരവീര എന്നിവരുടെ സാന്നിദ്ധ്യവും ഗുണം ചെയ്യുമെന്ന്‌്‌ നായകന്‍ വ്യക്തമാക്കുന്നു.

ഓവന്‍ റെഡ്‌സിന്‌
ലണ്ടന്‍:മൈക്കല്‍ ഓവന്‍ തിരിച്ചുവരുന്നു....മാഞ്ചസ്‌റ്റര്‍ യുനൈറ്റഡിന്റെ ചുവന്ന കുപ്പായത്തില്‍ ഓവനെ കണ്ടാല്‍ അല്‍ഭുതപ്പെടാനില്ലെന്നാണ്‌ ബി.ബി.സി നല്‍കുന്ന സൂചന. പരുക്കില്‍ തളര്‍ന്ന ഓവന്‌ കഴിഞ്ഞ സീസണുകള്‍ സമ്മാനിച്ചത്‌ നഷ്ടങ്ങള്‍ മാത്രമാണ്‌. നിലവില്‍ ഒരു ക്ലബുമായും അദ്ദേഹത്തിന്‌ ബന്ധമില്ല. ന്യൂകാസില്‍ യുനൈറ്റഡിനായാണ്‌ അവസാനമായി കളിച്ചത്‌. കഴിഞ്ഞ ജൂണില്‍ ന്യൂകാസിലുമായുളള കരാര്‍ അവസാനിച്ചിരുന്നു. പുതിയ സീസണില്‍ ഓവനെ നോട്ടമിട്ട്‌ പ്രിമിയര്‍ ലീഗ്‌ ക്ലബുകളായ എവര്‍ട്ടണും ആസ്റ്റണ്‍വില്ലയും സ്റ്റോക്ക്‌ സിറ്റിയും ഹള്‍ സിറ്റിയും രംഗത്തുണ്ടായിരുന്നു. എന്നാല്‍ വളരെ നാടകീയമായാണ്‌ ഓവന്‍ മാഞ്ചസ്‌റ്റര്‍ ക്യാമ്പിലെത്തിയത്‌. ഇന്നലെ അദ്ദേഹം ഓള്‍ഡ്‌ട്രാഫോഡില്‍ മെഡിക്കല്‍ ടെസ്‌റ്റിന്‌ വിധേയനായതായും റിപ്പോര്‍ട്ടുണ്ട്‌. എന്നാല്‍ ഓവന്റെ കാര്യത്തില്‍ എന്തെങ്കിലും സ്ഥിരീകരണം നല്‍കാന്‍ മാഞ്ചസ്‌റ്റര്‍ തയ്യാറായിട്ടില്ല.
2001 ല്‍ യൂറോപ്യന്‍ ഫുട്‌ബോളര്‍ ഓഫ്‌ ദ ഇയര്‍ പട്ടം സ്വന്തമാക്കിയ ഓവന്‍ റയല്‍ മാഡ്രിഡ്‌ ഉള്‍പ്പെടെ വലിയ ക്ലബൂകള്‍ക്ക്‌ കളിച്ചിരുന്നു. എന്നാല്‍ രണ്ട്‌ വട്ടം കാല്‍മുട്ടില്‍ ശസ്‌ത്രക്രിയക്ക്‌ വിധേയനായപ്പോള്‍ വമ്പന്‍ ക്ലബുകള്‍ക്ക്‌ ഓവന്‍ അനഭിമതനായി. പരുക്ക്‌ മൂലം ഇംഗ്ലീഷ്‌ ദേശീയ ടീമിലും ഓവന്‌ സ്ഥാനമുണ്ടായിരുന്നില്ല. ഓവന്റെ കാല്‍മുട്ടിന്റെ കാര്യത്തിലാണ്‌ മാഞ്ചസ്‌റ്ററിനും സംശയമുള്ളത്‌. പൂര്‍ണ്ണമായ മെഡിക്കല്‍ ടെസ്റ്റിന്‌ അദ്ദേഹത്തെ വിധേയനാക്കിയ ശേഷമായിരിക്കും അന്തിമ തീരുമാനം.
മാഞ്ചസ്റ്ററിന്റെ മാനേജര്‍ അലക്‌സ്‌ ഫെര്‍ഗൂസന്‌ ഓവനോട്‌ താല്‍പ്പര്യമുണ്ട്‌. കഴിഞ്ഞ സീസണില്‍ മാഞ്ചസ്റ്ററിന്‌ ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ കിരീടം സമ്മാനിച്ച സംഘത്തിലെ രണ്ട്‌ പ്രഗത്ഭര്‍ കൂട്‌ മാറിയ സാഹചര്യത്തില്‍ മുന്‍നിരയില്‍ കരുത്തരായ താരങ്ങളെ തേടുകയാണ്‌ ഫെര്‍ഗി. കൃസ്റ്റിയാനോ റൊണാള്‍ഡോ, കാര്‍ലോസ്‌ ടെവസ്‌ എന്നിവരുടെ അഭാവം നികത്താന്‍ അനുഭവ സമ്പന്നനായ ഓവന്‌ കഴിയുമെന്നാണ്‌ അദ്ദേഹം കരുതുന്നത്‌. ഇത്‌ വരെ മാഞ്ചസ്‌റ്ററിന്റെ മുന്‍ നിരയില്‍ കുന്തമുനയായി വര്‍ത്തിച്ച റൊണാള്‍ഡോ പുതിയ സീസണില്‍ സ്‌പാനിഷ്‌ ക്ലബായ റയല്‍ മാഡ്രിഡിനാണ്‌ കളിക്കുന്നത്‌. അര്‍ജന്റീനക്കാരനായ കാര്‍ലോസ്‌ ടെവസിനെ നിലനിര്‍ത്തുന്ന കാര്യത്തിലും റെഡ്‌സിന്‌ വിജയിക്കാന്‍ കഴിഞ്ഞിരുന്നില്ല. വിഗാനില്‍ നിന്നും അന്റോണിയോ വലന്‍സിയയെ മാഞ്ചസ്‌റ്റര്‍ സ്വന്തമാക്കിയിട്ടുണ്ട്‌. ഫ്രഞ്ച്‌ ക്ലബായ ലിയോണില്‍ നിന്നും കരീം ബെന്‍സാമയെ റാഞ്ചാനുള്ള നീക്കമാവട്ടെ പരാജയമാവുകയും ചെയ്‌തു.
പരുക്ക്‌ തളര്‍ത്തുന്നതിന്‌ മുമ്പ്‌ ലോകത്തെ ഏറ്റവും മികച്ച മുന്‍നിരക്കാരില്‍ ഒരാളായിരുന്നു ഓവന്‍. ഡേവിഡ്‌ ബെക്കാമിന്റെ നായകത്വത്തിന്‌ കീഴില്‍ അദ്ദേഹം രാജ്യത്തിന്‌ നിരവധി വിജയങ്ങള്‍ സമ്മാനിച്ചിരുന്നു. ന്യൂകാസില്‍ യുനൈറ്റഡിനായി 79 ലീഗ്‌ മല്‍സരങ്ങള്‍ കളിച്ചപ്പോള്‍ 30 ഗോളുകള്‍ സ്‌ക്കോര്‍ ചെയ്യാന്‍ അദ്ദേഹത്തിനായി. ഇംഗ്ലണ്ടിനായി അദ്ദേഹം 89 മല്‍സരങ്ങള്‍ കളിച്ചിട്ടുണ്ട്‌. ഇതില്‍ നിന്നും 40 ഗോളുകളും സ്‌ക്കോര്‍ ചെയ്യാന്‍ കഴിഞ്ഞു. ലിവര്‍പൂളിന്റെ നിരയില്‍ നിന്നാണ്‌ തുടക്കത്തില്‍ ഓവന്‍ മിന്നിയത്‌. 297 മല്‍സരങ്ങളാണ്‌ അദ്ദേഹം ലിവറിനായി കളിച്ചത്‌. ഇത്രയും മല്‍സരങ്ങളില്‍ നിന്നായി 158 ഗോളുകളും കരസ്ഥമാക്കി. 2004 ലാണ്‌ ഓവന്‍ റയല്‍ മാഡ്രിഡിലെത്തുന്നത്‌. നാല്‍പത്‌ മല്‍സരങ്ങളില്‍ നിന്നായി 14 ഗോളുകള്‍ മാത്രമാണ്‌ സ്‌പാനിഷ്‌ ക്ലബിനായി അദ്ദേഹത്തിന്‌ നേടാന്‍ കഴിഞ്ഞത്‌.

ജേതാക്കള്‍ക്ക്‌ ഉജ്വല സ്വീകരണം
ഷൊര്‍ണ്ണൂര്‍: ലോക സ്‌ക്കൂള്‍ കായിക മേളയില്‍ മികവ്‌ തെളിയിച്ച്‌ തിരിച്ചെത്തിയ കേരളാ താരങ്ങള്‍ക്ക്‌ മികച്ച സ്വീകരണം. ആണ്‍കുട്ടികളുടെ 200 മീറ്ററില്‍ വെള്ളി മെഡല്‍ സ്വന്തമാക്കിയ ബിനീഷ്‌ ഷാജി, ലുഖ്‌മാന്‍ ഹക്കീം, നിഖില്‍, ശ്രീഷ്‌മ എന്നിവര്‍ക്ക്‌ റെയില്‍വേ സ്‌റ്റേഷനില്‍ അധ്യാപകരും കായിക പ്രേമികളും ചേര്‍ന്ന്‌ സ്വീകരണം നല്‍കി. മണ്ണാര്‍ക്കാട്‌ കുമരംപുത്തൂര്‍ കല്ലടി ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികളായ നിഖിലിനെയും ശ്രീഷ്‌മയെയും വരവേല്‍ക്കാന്‍ സ്‌ക്കൂള്‍ അധികൃതുരും വിദ്യാര്‍ത്ഥികളുമെല്ലാമെത്തിയിരുന്നു. ഉച്ചക്ക്‌ പതിനൊന്നരയോടെയാണ്‌ താരങ്ങളെയും വഹിച്ചുളള സമ്പര്‍ക്ക ക്രാന്തി എക്‌സ്‌പ്രസ്സ്‌ എത്തിയത്‌. സ്‌ക്കൂള്‍ പ്രിന്‍സിപ്പള്‍ ടി.പി മുഹമ്മദ്‌ റഫീക്ക്‌, പി.ടി.എ പ്രസിഡണ്ട്‌ അഡ്വ.ടി.സിദ്ദിഖ്‌, അധ്യാപകരായ ജാഫര്‍ ബാബു, രജീഷ്‌ കുമാര്‍ എന്നിവര്‍ സ്വീകരണത്തിന്‌ നേതൃത്ത്വം നല്‍കി. നിഖില്‍ 400 മീറ്ററില്‍ നാലാം സ്ഥാനവും ഗ്രീഷ്‌മ ഹൈജംമ്പില്‍ ആറാം സ്ഥാനവുമാണ്‌ നേടിയത്‌.
എറണാകുളം സ്‌റ്റേഷനിലും കോട്ടയത്തും ബീനിഷിന്‌ സ്വീകരണം നല്‍കി. ജനപ്രതിനിധികള്‍ ഉള്‍പ്പെടെ വലിയ സംഘം മെഡല്‍ ജേതാവിനെ സ്വീകരിക്കാനെത്തിയിരുന്നു. വിജയ പ്രതീക്ഷ തുടക്കത്തില്‍ തന്നെയുണ്ടായിരുന്നതായി ബിനീഷ്‌ മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞു. വിജയത്തിന്റെ എല്ലാ ക്രെഡിറ്റും അദ്ദേഹം തന്റെ കോച്ച്‌ രാജുപോളിന്‌ നല്‍കി.

കലാശം
ലണ്ടന്‍: ഒരു വര്‍ഷം മുമ്പ്‌ അനുജത്തിയെ അനായാസം തോല്‍പ്പിച്ച വീനസ്‌ വില്ല്യംസ്‌ വിംബിള്‍ഡണ്‍ ടെന്നിസില്‍ ആറാം സിംഗിള്‍സ്‌ കിരീടം തേടി ഇന്ന്‌ കളിക്കുന്നത്‌ അനുജത്തിക്കെതിരെ തന്നെ... വില്ല്യംസ്‌ സഹോദരീമാരുടെ കുടുംബ കാര്യം വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സ്‌ മാത്രമല്ല-ഡബിള്‍സിലും സഹോദരിമാര്‍ ഫൈനല്‍ കളിക്കുന്നുണ്ട്‌. ഇന്നലെ നടന്ന സെമിയില്‍ അനായാസ വിജയം നേടിയ സഹോദരിമാര്‍ ഇന്ന്‌്‌ ആദ്യം പരസ്‌പരം കളിക്കും. എന്നിട്ടായിരിക്കും ഡബിള്‍സില്‍ ഒരുമിച്ച്‌ ഇറങ്ങുക.
സെമിയില്‍ അനുജത്തി സറീന ശരിക്കും വിയര്‍ത്തിരുന്നു. എലീന ഡെമിത്തേവക്കെതിരായ കളി രണ്ട്‌ മണിക്കൂറും 48 മിനുട്ടും ദീര്‍ഘിച്ചപ്പോള്‍ വീനസിന്‌ കാര്യങ്ങള്‍ വളരെ എളുപ്പമായിരുന്നു. 51 മിനുട്ട്‌ മാത്രമായിരുന്നു രണ്ടാം സെമി അവശേഷിച്ചത്‌.
വിംബിള്‍ഡണ്‍ സെന്‍ന്റര്‍ കോര്‍ട്ടില്‍ എട്ടാമത്‌ ഫൈനല്‍ കളിക്കുന്നതിന്റെ ആവേശത്തിലാണ്‌ വീനസ്‌. പ്രതിയോഗിയായി മുന്നില്‍ വരുന്നത്‌ അനുജത്തിയാവുന്നതില്‍ ചെറിയ വിഷമമുണ്ട്‌. പക്ഷേ പ്രൊഫഷണല്‍ ടെന്നിസില്‍ ഇത്തരം പോരാട്ടങ്ങള്‍ സ്വാഭാവികമാണെന്ന്‌ സൂപ്പര്‍താരം പറഞ്ഞു.

No comments: