Wednesday, July 8, 2009

WINDIES REVOLT

വിന്‍ഡീസില്‍ കലാപം
സെന്റ്‌ വിന്‍സന്റ്‌: വിന്‍ഡീസ്‌ ക്രിക്കറ്റില്‍ വീണ്ടും കരാറിന്റെ കലാപം.... ബംഗ്ലാദേശിനെതിരായ ടെസ്റ്റ്‌ പരമ്പരയിലെ ആദ്യ മല്‍സരം ഇന്നിവിടെ ആരംഭിക്കാനിരിക്കെ രാജ്യത്തിനായി ഇനി കളിക്കാനില്ലെന്ന ശക്തമായ നിലപാടിലാണ്‌ വിന്‍ഡീസ്‌ പ്ലെയേഴ്‌സ്‌ അസോസിയേഷന്‍. കഴിഞ്ഞ നാല്‌ ചാമ്പ്യന്‍ഷിപ്പുകളില്‍ താരങ്ങള്‍ രാജ്യത്തെ പ്രതിനിധീകരിച്ചത്‌ ഒരു കരാറുമില്ലാതെയാണെന്നും ഇനിയും അത്‌ തുടരാനാവില്ലെന്നുമാണ്‌ അസോസിയേഷന്റെ നിലപാട്‌. ഇംഗ്ലണ്ടില്‍ നടന്ന 20-20 ലോകകപ്പ്‌ ഉള്‍പ്പെടെ വലിയ ചാമ്പ്യന്‍ഷിപ്പുകളില്‍ താരങ്ങള്‍ പങ്കെടുത്തത്ത്‌്‌ വിന്‍ഡീസ്‌ ക്രിക്കറ്റ്‌ ബോര്‍ഡുമായി ഒരു കരാറുമില്ലാതെയാണ്‌. രാജ്യത്തിനായി കളിക്കുമ്പോള്‍ എല്ലാം മറക്കുന്ന താരങ്ങളെ ഇനിയും പിഢിപ്പിക്കാനാണ്‌ ക്രിക്കറ്റ്‌ ബോര്‍ഡ്‌ ശ്രമിക്കുന്നതെന്നും ഇത്‌ അനുവദിക്കില്ലെന്നുമാണ്‌ അസോസിയേഷന്‍ പ്രസിഡണ്ട്‌ ദിനനാഥ്‌ രാംനാരായണ്‍ പറഞ്ഞു. അടിയന്തിര പ്രാബല്യത്തില്‍ പരമ്പര ബഹിഷ്‌ക്കരിക്കാനാണ്‌ തീരുമാനം. ദീര്‍ഘകാലമായി താരങ്ങളും ക്രിക്കറ്റ്‌ ബോര്‍ഡും തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങളില്‍ തീര്‍പ്പാവാതെ ഇനി മുന്നോട്ടില്ലെന്ന ശക്തമായ നിലപാടില്‍ മാറ്റമില്ലെന്നും പ്രസ്‌താവനയില്‍ അദ്ദേഹം വ്യക്തമാക്കി.
വിന്‍ഡീസ്‌ ക്രിക്കറ്റ്‌ ബോര്‍ഡും താരങ്ങളുടെ സംഘടനയും തമ്മില്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ ഇപ്പോഴും തുടരുകയാണ്‌. ഇത്‌ വരെ ഒരു താരവുമായും സെന്‍ട്രല്‍ കോണ്‍ട്രാക്‌റ്റ്‌ ക്രിക്കറ്റ്‌ ബോര്‍ഡ്‌ ഒപ്പിട്ടിട്ടില്ല. നേരത്തെ ടീമിന്റെ സ്‌പോണ്‍സറായ ഡിജിസെല്ലുമായുണ്ടായ പ്രശ്‌നത്തിലും വിന്‍ഡീസ്‌ ക്രിക്കറ്റില്‍ അപശബ്‌ദങ്ങള്‍ ഉയര്‍ന്നിരുന്നു. 2007 ല്‍ വിന്‍ഡീസ്‌ ആതിഥേയത്വം വഹിച്ച ലോകകപ്പ്‌ ക്രിക്കറ്റ്‌ പോലും ആതിഥേയ ടീമിന്റെ ബഹിഷ്‌ക്കരണ ഭീഷണി നേരിട്ടിരുന്നു. വിന്‍ഡീസ്‌ താരങ്ങള്‍ പല ദ്വീപുകളെ പ്രതിനിധീകരിക്കുന്നവരാണ്‌. ഇന്ത്യ പോലുളള രാജ്യങ്ങളിലെ താരങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ തുഛഛമായ പ്രതിഫലമാണ്‌ ഓരോ മല്‍സരത്തിലും താരങ്ങള്‍ക്ക്‌ ലഭിക്കുന്നത്‌. ലോകകപ്പ്‌ പോലെ വലിയ ഒരു ചാമ്പ്യന്‍ഷിപ്പില്‍ ഒരു കരാറുമില്ലാതെ താരങ്ങള്‍ കളിച്ചത്‌ തന്നെ ഇതിനുദാഹരണം. ലോകകപ്പിനിടെ പരുക്കേറ്റ ഒരു താരം ഇപ്പോഴും ചികില്‍സയിലാണ്‌. ഈ താരത്തിന്റെ ചികില്‍സാ ചെലവുകള്‍ ആര്‌ വഹിക്കുമെന്ന ചോദ്യത്തിന്‌ ബോര്‍ഡിന്‌ വ്യക്തമായ ഉത്തരം നല്‍കാനില്ല. താരവുമായി കരാര്‍ ഇല്ലാത്ത സാഹചര്യത്തില്‍ ചികില്‍സാ ചെലവ്‌ തങ്ങള്‍ക്ക്‌ വഹിക്കാന്‍ ബാധ്യതയില്ലെന്ന്‌ നിലപാടാണ്‌ ബോര്‍ഡിന്‌. പരുക്കേറ്റ താരത്തിന്‌ കോടതിയെ പോലും സമീപിക്കാന്‍ കഴിയില്ല. രാജ്യത്തിനായി പ്രൊഫഷണല്‍ സ്‌പോര്‍ട്‌സില്‍ പങ്കെടുക്കുമ്പോള്‍ സ്വാഭാവികമായും ഏതൊരു താരത്തിനും മതിയായ സംരക്ഷണമുണ്ടാവും. എന്നാല്‍ വിന്‍ഡീസ്‌ ക്രിക്കറ്റര്‍മാരുടെ കാര്യത്തില്‍ അത്‌ പോലുമില്ല.
താരസംഘടന ബഹിഷ്‌ക്കരണ ഭീഷണി മുഴക്കിയിട്ടുണ്ട്‌. എങ്കിലും ബംഗ്ലാദേശിനെതിരായ പരമ്പര മുടക്കമില്ലാതെ നടക്കുമെന്നാണ്‌ ക്രിക്കറ്റ്‌ ബോര്‍ഡ്‌ വ്യക്തമാക്കുന്നത്‌. സെന്റ്‌ വിന്‍സന്റില്‍ എത്തിയിരിക്കുന്ന വിന്‍ഡീസ്‌ ടീമില്‍ പല സൂപ്പര്‍ താരങ്ങളുമില്ല. സീനിയര്‍ താരങ്ങള്‍ മല്‍സരം ബഹിഷ്‌ക്കരിക്കുന്നപക്ഷം രണ്ടാം നിരയെ ഉപയോഗപ്പെടത്തി പരമ്പരയില്‍ തുടരാനാണ്‌ ബോര്‍ഡിന്റെ നീക്കം. താരങ്ങളുടെ പ്രശ്‌നങ്ങള്‍ അറിയില്ലെന്നും ടെസ്റ്റ്‌ മല്‍സരം മുന്‍ നിശ്ചയപ്രകാരം നടക്കുമെന്നുമാണ്‌ ബോര്‍ഡ്‌ തവന്‍ ജൂലിയന്‍ ഹണ്ട്‌ പറഞ്ഞത്‌.
ക്യാപ്‌റ്റന്‍ ക്രിസ്‌ ഗെയില്‍ ഉള്‍്‌പ്പെടെയുളള സീനിയര്‍ താരങ്ങള്‍ ഇന്ന്‌ കളിക്കാന്‍ സാധ്യതയില്ല. ഗെയിലും സീനിയര്‍ താരങ്ങളും പലവട്ടം തങ്ങളുടെ പ്രശ്‌നങ്ങള്‍ ക്രിക്കറ്റ്‌ ബോര്‍ഡിനെ അറിയിച്ചിരുന്നു. പക്ഷേ ഇത്‌ വരെ ഒരു പരിഹാരത്തിനും ശ്രമമുണ്ടായിട്ടില്ലെന്നാണ്‌ താര സംഘടന കുറ്റപ്പെടുത്തുന്നത്‌. ഈ വര്‍ഷമാദ്യം വിന്‍ഡീസ്‌ ടീമിന്റെ ഇംഗ്ലണ്ട്‌ പര്യടനം താരങ്ങളുടെ ബഹീഷ്‌ക്കരണ ഭീഷണിയില്‍ അലങ്കോലമാവുമെന്നാണ്‌ കരുതപ്പെട്ടത്‌. ഇംഗ്ലീഷ്‌ പരമ്പരയില്‍ കളിക്കാതെ ദക്ഷിണാഫ്രിക്കയില്‍ നടന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ക്രിക്കറ്റില്‍ കളിക്കുമെന്ന്‌ വരെ ചില താരങ്ങള്‍ പറഞ്ഞിരുന്നു. പക്ഷേ അവസാന നിമിഷത്തില്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ ചര്‍ച്ചയെന്ന മറുപടി നല്‍കി താരങ്ങളെ സംതൃപ്‌തരാക്കുകയായിരുന്നു. 2008 ല്‍ ഓസ്‌ട്രേലിയക്കെതിരെ നടന്ന പരമ്പരയിലും ഇത്തരം പ്രശ്‌നങ്ങളുണ്ടായിരുന്നു. സീനിയര്‍ താരങ്ങള്‍ പരമ്പരയിലെ ആദ്യ രണ്ട്‌ ടെസ്റ്റില്‍ നിന്ന്‌ വിട്ടുനില്‍ക്കാന്‍ വരെ തീരുമാനിച്ചതായിരുന്നു. എന്നാല്‍ ഇന്ത്യന്‍ പ്രിമിയര്‍ ലീഗില്‍ കളിക്കാമെന്നും പരിശീലന ക്യാമ്പ്‌ നിര്‍ബന്ധമല്ലെന്നും ക്രിക്കറ്റ്‌ ബോര്‍ഡ്‌ അറിയിച്ചതിനെ തുടര്‍ന്ന്‌ താരങ്ങള്‍ നിലപാട്‌ മാറ്റിയിരുന്നു. ബ്രയന്‍ ലാറ നായകനായ സമയത്ത്‌, 2005 ല്‍ സീനിയര്‍ താരങ്ങള്‍ ഉള്‍പ്പെടെ, പത്ത്‌ താരങ്ങള്‍ ശ്രീലങ്കന്‍ പര്യടനത്തില്‍ നിന്നും വിട്ടുനിന്നിരുന്നു. ലാറക്കൊപ്പം ക്രിസ്‌ ഗെയിലും രാം നരേഷ്‌ സര്‍വനുമെല്ലാം വിട്ടുനിന്നപ്പോള്‍ പുതുമുഖതാരങ്ങളെയാണ്‌ വിന്‍ഡീസ്‌ അയച്ചത്‌. പരമ്പരയിലെ രണ്ട്‌ മല്‍സരത്തിലും ടീം തോല്‍ക്കുകയും ചെയ്‌തിരുന്നു.
പുതിയ സംഭവവികാസങ്ങളില്‍ പുതുമയില്ലെന്നാണ്‌ അസോസിയേഷന്‍ പറയുന്നത്‌. പക്ഷേ ഇത്തവണ വിട്ടുവീഴ്‌ച്ചക്കില്ല. ക്രിക്കറ്റ്‌ ബോര്‍ഡ്‌ നിലപാട്‌ മാറ്റാത്തപക്ഷം പരമ്പരയുടെ ഭാവി സംബന്ധിച്ച്‌ ഒരുറപ്പും സംഘടന നല്‍കുന്നില്ല.

ബംഗ്ലാദേശിന്‌ പരിഭ്രാന്തിയില്ല
സെന്റ്‌ വിന്‍സന്റ്‌: വിന്‍ഡീസ്‌ ക്രിക്കറ്റിലെ പ്രശ്‌നങ്ങള്‍ വഷളാവുമ്പോഴും ബംഗ്ലാദേശിന്‌ പരിഭ്രാന്തിയില്ല. പരമ്പരയിലെ ആദ്യ മല്‍സരത്തിനുളള ഒരുക്കത്തിലാണ്‌ മഷ്‌റഫെ മൊര്‍ത്തസയും സംഘവും. വിന്‍ഡീസ്‌ ക്രിക്കറ്റ്‌ ബോര്‍ഡിന്റെ ആഭ്യന്തര വിഷയങ്ങളില്‍ ഇടപെടാന്‍ താല്‍പ്പര്യമില്ലെന്നാണ്‌ ബംഗ്ലാദേശ്‌ ക്രിക്കറ്റ്‌ ബോര്‍ഡിന്റെ മീഡിയ മാനേജര്‍ റബീദ്‌ ഇമാം വ്യക്തമാക്കിയത്‌.
മൊര്‍ത്തസയെന്ന പുതിയ നായകന്‌ കീഴിലാണ്‌ കടുവകള്‍ എത്തിയിരിക്കുന്നത്‌. 20-20 ലോകകപ്പിലെ ദയനീയതയെ തുടര്‍ന്ന്‌ മുഹമ്മദ്‌ അഷറഫുലിനെ മാറ്റിയാണ്‌ മൊര്‍ത്തസയെ നായകനാക്കിയത്‌. അഷ്‌റഫുല്‍ ടീമിലുണ്ട്‌.

അന്ന്‌ ഹീറോ, ഇന്ന്‌ സീറോ
ലാഹോര്‍: 20-20 ലോകകപ്പ്‌ നാട്ടിലെത്തിച്ചപ്പോള്‍ വീരനായകനായി വിശേഷിപ്പിക്കപ്പെട്ട യൂനസ്‌ഖാന്‍ ഒരു മല്‍സരത്തിലെ പരാജയത്തിലൂടെ നാട്ടുകാര്‍ക്ക്‌ വില്ലനായി....! ശ്രീലങ്കക്കെതിരെ ഗാലിയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ പാക്കിസ്‌താന്‍ 50 റണ്‍സിന്‌ തോല്‍ക്കാന്‍ കാരണം നായകനായ യൂനസിന്റെ പിഴവുകളാണെന്നാണ്‌ മുന്‍ താരങ്ങളായ മോയിന്‍ഖാനും സര്‍ഫ്രാസ്‌ നവാസും ഇജാസ്‌ അഹമ്മദുമെല്ലാം പറയുന്നത്‌. ഗാലിയില്‍ ലങ്ക നല്‍കിയ വിജയലക്ഷ്യമായ 168 റണ്‍സ്‌ പിന്നിടുന്നതില്‍ പാക്‌ താരങ്ങള്‍ ദയനീയമായി പരാജയപ്പെട്ടിരുന്നു. മല്‍സരത്തിന്റെ നാലാം ദിവസത്തില്‍ എട്ട്‌ വിക്കറ്റുകള്‍ കൈവശമിരിക്കെ 97 റണ്‍സ്‌ പിന്നിടാന്‍ ടീമിന്‌ കഴിഞ്ഞിരുന്നില്ല. ഫവാദ്‌ ആലം, അബ്ദുള്‍ റസാക്ക്‌, ഡാനിഷ്‌ കനേരിയ എന്നീ പ്രമുഖരായ മൂന്ന്‌ പേരെ ആദ്യ ഇലവനില്‍ നിന്ന്‌ മാറ്റിയതാണ്‌ തോല്‍വിക്ക്‌ കാരണമായി മോയിന്‍ഖാന്‍ പറയുന്നത്‌. ടീമിലെ ഏറ്റവും മികച്ച ഇടം കൈയ്യന്‍ ബാറ്റ്‌സ്‌മാനും സ്‌പിന്നറുമാണ്‌ ആലം. അദ്ദേഹത്തെ ഉള്‍പ്പെടുത്താതിരുന്നതിന്റെ ന്യായമെന്തെന്ന്‌ മോയിന്‍ ചോദിക്കുന്നു. വാം അപ്പ്‌ മല്‍സരത്തില്‍ വിലപ്പെട്ട 80 റണ്‍സ്‌ ആലം സ്വന്തമാക്കിയിരുന്നു. ലെഫ്‌റ്റ്‌ ആം സ്‌പിന്നും നന്നായി കൈകാര്യം ചെയ്യുന്ന ഒരു താരത്തെ മാറ്റിനിര്‍ത്തിയതില്‍ മോയിന്‍ അല്‍ഭുതം പ്രകടിപ്പിച്ചു. മല്‍സരത്തിന്റെ മൂന്നാം ദിവസം അന്നത്തെ കളി അവസാനിക്കാനിരിക്കെ പാക്കിസ്‌താന്റെ രണ്ടാം ഇന്നിംഗ്‌സില്‍ യൂനസ്‌ഖാന്‍ ബാറ്റിംഗിന്‌ വന്നതിനെ സര്‍ഫ്രാസ്‌ ചോദ്യം ചെയ്‌തു. ആ സമയത്ത്‌ നൈറ്റ്‌ വാച്ച്‌മാനായിരുന്നു നല്ലത്‌. ടീമിലെ മികച്ച ഓള്‍റൗണ്ടറാണ്‌ അബ്ദുള്‍ റസാക്ക്‌. അദ്ദേഹത്തിന്‌ അവസരം നല്‍കിയില്ല. സീനിയര്‍ സ്‌പിന്നറായ കനേരിയയും പുറത്തായിരുന്നു. നാലാം ദിവസം പാക്‌ ബാറ്റിംഗ്‌ ടെലിവിഷനില്‍ കണ്ടപ്പോള്‍ എല്ലാ സ്വപ്‌നമാണെന്നാണ്‌ കരുതിയത്‌. ഒന്നിന്‌ പിറകെ ഒന്നായി ബാറ്റ്‌സ്‌മാന്മാര്‍ കൂടാരം കയറിയ കാഴ്‌ച്ച അല്‍ഭുതകരമായിരുന്നു. ഫവാദ്‌ ആലവും അബ്ദുള്‍ റസാക്കും ടീമിലുണ്ടായിരുന്നെങ്കില്‍ ബാറ്റിംഗിനും ബൗളിംഗിനും ഉപയോഗപ്പെടുത്താമായിരുന്നു.
ചെറിയ ടോട്ടല്‍ ചേസ്‌ ചെയ്യുമ്പോള്‍ പാക്‌ ബാറ്റ്‌സ്‌മാന്മാര്‍ പതറുന്നത്‌ പുതിയ സംഭവമല്ലെന്ന്‌ ഇജാസ്‌ അഹമ്മദ്‌ അഭിപ്രായപ്പെട്ടു. ടീമിന്‌ രണ്ട്‌ പരിശീലകരുണ്ട്‌-ഇന്‍ത്തികാബ്‌ ആലവും ആക്വിബ്‌ ജാവേദും. രണ്ട്‌ പേരും ബൗളര്‍മാരാണ്‌. ബാറ്റിംഗ്‌ പ്രശ്‌നങ്ങളില്‍ ഉപദേശങ്ങള്‍ നല്‍കാന്‍ ഒരാളില്ല. ക്യാപ്‌റ്റന്‍ യൂനസ്‌ഖാനും വൈസ്‌ ക്യാപ്‌റ്റന്‍ മിസ്‌ബാഹുമാണ്‌ ബാറ്റിംഗ്‌ വിഷയങ്ങളില്‍ തീരുമാനങ്ങളെടുക്കുന്നത്‌. ടീമിന്‌ ഒരു ബാറ്റിംഗ്‌ കോച്ച്‌ നല്ലതായിരിക്കുമെന്ന്‌ അദ്ദേഹം പറഞ്ഞു.


മുരളി പുറത്ത്‌
ഗാലി: കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തില്‍ ഈ മാസം 12ന്‌ ആരംഭിക്കുന്ന പാക്കിസ്‌താനെതിരായ രണ്ടാം ടെസ്റ്റിലും മുത്തയ്യ മുരളീധരന്‍ കളിക്കുന്ന കാര്യം സംശയത്തില്‍. കാല്‍മുട്ടിലെ വേദന കാരണം ഗാലി ടെസ്റ്റില്‍ നിന്നും വിട്ട മുരളി ഇപ്പോഴും ചികില്‍സയിലാണ്‌. ഗാലിയില്‍ ലങ്ക 50 റണ്‍സിന്റെ നാടകീയ വിജയം സ്വന്തമാക്കിയിരുന്നു. മുരളിക്ക്‌ പകരം കളിച്ച രംഗനാ ഹെറാത്താണ്‌ ഗാലിയില്‍ വിസ്‌മയമായത്‌. പാക്കിസ്‌താന്റെ രണ്ടാം ഇന്നിംഗ്‌സില്‍ 15 റണ്‍സ്‌ മാത്രം നല്‍കി നാല്‌ വിക്കറ്റ്‌ നേടിയ ഹെറാത്തായിരുന്നു കളിയിലെ കേമനും. ശക്തമായ ടീം ഗെയിമാണ്‌ ലങ്ക കാഴ്‌ച്ചവെച്ചതെന്ന്‌ മുരളി പറഞ്ഞു. ഹെറാത്ത്‌ മനോഹരമായാണ്‌ പന്തെറിഞ്ഞത്‌. അനുഭവസമ്പന്നനായ ബൗളറാണ്‌ അദ്ദേഹം. ഹെറാത്തിന്‌ പ്രത്യേക ഉപദേശങ്ങള്‍ നല്‍കിയിരുന്നില്ലെന്നും മുരളി പറഞ്ഞു.

പ്രണയത്തിന്‌ പോലീസ്‌ മരുന്ന്‌
ഹൈദരാബാദ്‌: ടെന്നിസ്‌ താരം സാനിയ മിര്‍സയുമായി പ്രണയാഭ്യര്‍ത്ഥന നടത്തി ബഹളം വെച്ച മലയാളിയെ പോലീസ്‌ പിടികൂടി. എഞ്ചിനീയറിംഗ്‌ വിദ്യാര്‍ത്ഥി മുഹമ്മദ്‌ അഷ്‌റഫാണ്‌ ഹൈരാബാദ്‌ പോലീസിന്റെ പിടിയിലായത്‌. ഈ മാസം പത്തിനാണ്‌ സാനിയയുടെ നിക്കാഹ്‌. ബാല്യകാല സുഹൃത്തായ സൊഹറാബ്‌ മിര്‍സയാണ്‌ വരന്‍. നിക്കാഹിന്റെ ഒരുക്കങ്ങള്‍ ബഞ്ചാരഹില്‍സിലെ വസതിയില്‍ നടക്കവെയാണ്‌ ഇന്നലെ അഷ്‌റഫും സുഹൂത്തും ബഹളമുണ്ടാക്കിയത്‌. സാനിയയുടെ പിതാവ്‌ ഇംറാന്‍ മിര്‍സയെ കണ്ട അഷ്‌റഫും സുഹൂത്തും നിക്കാഹ്‌ നടത്തരുതെന്ന്‌ പറഞ്ഞ്‌ രോഷാകുലരായപ്പോള്‍ പോലീസ്‌ ഇടപ്പെട്ടു.
തനിക്ക്‌ സാനിയയെ ഇഷ്ടമാണെന്നും അവളെ വിവാഹം കഴിക്കാന്‍ അനുവദിക്കണമെന്നുമാണ്‌ മലപ്പുറത്തുകാരനായ അഷ്‌റഫിന്റെ ആവശ്യം. ഈ കാര്യം പറയാന്‍ സുഹൃത്തായ മൊഹന്തിക്കൊപ്പമാണ്‌ അഷ്‌റഫ്‌ ബഞ്ചാരഹില്‍സിലെത്തിയത്‌. എന്ത്‌ വന്നാലും നിക്കാഹ്‌ നടക്കരുത്‌ എന്നതായിരുന്നു അഷ്‌റഫിന്റെയും സുഹൃത്തിന്റെയും ആവശ്യം. എന്നാല്‍ ഇംറാന്‍ മിര്‍സ ഇരുവരെയും ചീത്ത വിളിച്ച്‌ പുറത്താക്കി പോലീസിനെ വിളിച്ചു. സാനിയയുടെ മൊബൈലിലേക്ക്‌ നിരവധി തവണ അഷ്‌റഫ്‌ വിളിച്ചതായും ഭീഷണിപ്പെടുത്തിയതായും ഇംറാന്‍ മിര്‍സ പോലീസില്‍ പരാതിപ്പെട്ടിട്ടുണ്ട്‌.
സാനിയയെ വളരെ വര്‍ഷങ്ങളായി താന്‍ സ്‌നേഹിക്കുന്നുണ്ടെന്നും അവളുടെ വിവാഹം ഉറപ്പിച്ചത്‌ അറിഞ്ഞതിനെ തുടര്‍ന്ന്‌ പ്രതിഷേധം അറിയിക്കാനാണ്‌ വീട്ടില്‍ ചെന്നതെന്നും അഷ്‌റഫ്‌ പോലീസിനോട്‌ പറഞ്ഞു. ബാംഗ്ലൂരില്‍ ഒരു ചാമ്പ്യന്‍ഷിപ്പിനിടെയാണത്രെ അഷ്‌റഫ്‌ സാനിയയെ കണ്ടത്‌. ആദ്യ നോട്ടത്തില്‍ തന്നെ വണ്‍വേ അനുരാഗം. പിന്നെ കണ്ടിട്ടുമില്ല. എന്തായാലും സംഭവത്തെ തുടര്‍ന്ന്‌ സാനിയയുടെ വസതിയില്‍ പോലീസ്‌ കാവലേര്‍പ്പെടുത്തി.

തിരിച്ചുവരവ്‌
വെല്ലിംഗ്‌ടണ്‍: ഡാരല്‍ ടഫി ശക്തനായി ന്യൂസിലാന്‍ഡ്‌ ക്രിക്കറ്റിലേക്ക്‌ തിരിച്ചുവരുന്നു. വിമത ഇന്ത്യന്‍ ക്രിക്കറ്റ്‌ ലീഗുമായി (ഐ.സി.എല്‍) സഹകരിച്ചതിന്റെ പേരില്‍ മുഖ്യധാരയില്‍ നിന്ന്‌ അകറ്റപ്പെട്ട ടഫിയെ ശ്രീലങ്കന്‍ പര്യടനത്തിനുള്ള ന്യൂസിലാന്‍ഡ്‌ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. 31 കാരനായ സീമര്‍ 2004 ജൂണിലാണ്‌ അവസാനമായി ടെസ്റ്റ്‌ കളിച്ചത്‌. ഹെഡിംഗ്‌ലിയില്‍ ഇംഗ്ലണ്ടിനെതിരെ നടന്ന ടെസ്‌റ്റില്‍ പങ്കെടുത്തതിന്‌ ശേഷം 2007 ല്‍ വിന്‍ഡീസില്‍ നടന്ന ലോകകപ്പിലും കളിച്ചിരുന്നു. ദക്ഷിണാഫ്രിക്കയില്‍ 2007 ല്‍ നടന്ന പ്രഥമ 20-20 ലോകകപ്പിനുളള കിവി സംഘത്തില്‍ നിന്നും അകറ്റിനിര്‍ത്തപ്പെട്ട നിരാശയിലാണ്‌ ടഫി ഐ.സി.എല്ലില്‍ അംഗമായത്‌. ഐ.സി.എല്ലില്‍ ചേര്‍ന്നവര്‍ക്ക്‌ തെറ്റ്‌ തിരുത്താന്‍ നല്‍കിയ അവസരം ഉപയോഗപ്പെടുത്തിയാണ്‌ ടഫി മുഖ്യധാരയില്‍ വന്നത്‌.

ഇംഗ്ലണ്ട്‌ പൊരുതുന്നു
കാര്‍ഡിഫ്‌: ആഷസ്‌ പരമ്പരയിലെ ആദ്യ ടെസ്റ്റിന്റെ ആദ്യദിനം തുടക്കത്തില തകര്‍ച്ച അകറ്റി ആതിഥേയരായ ഇംഗ്ലണ്ട്‌ പൊരുതുന്നു. മല്‍സരം 62 ഓവര്‍ പിന്നിടുമ്പോള്‍ ടോസ്‌ നേടി ആദ്യം ബാറ്റ്‌ ചെയ്യുന്ന ഇംഗ്ലണ്ട്‌ മൂന്ന്‌ വിക്കറ്റ്‌ നഷ്ടത്തില്‍ 205 റണ്‍സ്‌ സ്വന്തമാക്കിയിട്ടുണ്ട്‌. നായകന്‍ ആന്‍ഡ്ര്യൂ സ്‌ട്രോസ്‌ (30), ഓപ്പണര്‍ അലിസ്റ്റര്‍ കുക്ക്‌ (10), രവി ബോപ്പാര (35) എന്നിവരാണ്‌ പുറത്തായത്‌. 107 പന്തില്‍ നിന്ന്‌ 56 റണ്‍സുമായി മുന്‍ ക്യാപ്‌റ്റന്‍ കെവിന്‍ പീറ്റേഴ്‌സണും 137 പന്തില്‍ 55 റണ്‍സുമായി പോള്‍ കോളിംഗ്‌വുഡുമാണ്‌ ക്രീസില്‍. ഓസ്‌ട്രേലിയക്കായി മിച്ചല്‍ ജോണ്‍സണ്‍ രണ്ട്‌ പേരെ പുറത്താക്കിയപ്പോള്‍ പുതിയ പന്ത്‌ പങ്കിട്ട ഹില്‍ഫാന്‍ഹസിനും ഒരു ഇരയെ കിട്ടി.
കാര്‍ഡിഫില്‍ നടക്കുന്ന ആദ്യ ടെസ്റ്റ്‌ ആസ്വദിക്കാന്‍ സ്റ്റേഡിയം നിറയെ ആരാധകരായിരുന്നു. ഓസ്‌ട്രേലിയക്കാര്‍ തന്നെ ആയിരത്തോളം പേരുണ്ടായിരുന്നു. സ്‌ക്കോര്‍ ബോര്‍ഡില്‍ 21 റണ്‍സ്‌ മാത്രമുളളപ്പോള്‍ ഇംഗ്ലണ്ടിന്‌ കുക്കിനെ നഷ്ടമായിരുന്നു. മിച്ചലിന്റെ പന്തില്‍ മൈക്കല്‍ ക്ലാര്‍ക്കിന്‌ സ്ലിപ്പില്‍ പിടി നല്‍കുകയായിരുന്നു കുക്ക്‌. സ്‌ട്രോസും ബോപ്പാരയും തമ്മിലുളള സഖ്യം പിടിച്ചുപൊരുതവെ സ്‌ക്കോര്‍ 67 ല്‍ നായകന്‍ വീണു. പിറകെ ബോപ്പാരയും തിരിഞ്ഞുനടന്നപ്പോള്‍ തകര്‍ച്ചയാണ്‌ മുന്നില്‍ കണ്ടത്‌. പക്ഷേ മുന്‍ നായകരായ പീറ്റേഴ്‌സണും കോളിംഗ്‌വുഡും പൊരുതിക്കളിച്ചു.

ഫാബിയാനോക്കായി മിലാന്‍ രംഗതത്‌
മിലാന്‍:കോണ്‍ഫെഡറേഷന്‍ കപ്പ്‌ ഫുട്‌ബോളില്‍ ബ്രസീലിന്റെ സൂപ്പര്‍ താരമായി മാറിയ ലൂയിസ്‌ ഫാബിയാനോക്കായി ഏ.സി മിലാന്‍ വല വീശുന്നു. സ്‌പാനിഷ്‌ ക്ലബായ സെവിയെയുടെ താരമാണ്‌ നിലവില്‍ ഫാബിയാനോ. റയല്‍ മാഡ്രിഡില്‍ നിന്നും ജാന്‍ ഹണ്ട്‌ലറെ റാഞ്ചാന്‍ നോട്ടമിട്ട മിലാന്‍ ഇപ്പോള്‍ ആ നീക്കം ഉപേക്ഷിച്ചാണ്‌ ഫാബിയാനോക്കായി രംഗത്ത്‌ വന്നിരിക്കുന്നത്‌. കഴിഞ്ഞ സീസണില്‍ മിലാന്റെ കരുത്തായി മാറിയ ബ്രസീലുകാരന്‍ കക്ക ഇപ്പോള്‍ റയല്‍ സംഘത്തിലാണ്‌. കക്കക്ക്‌ പകരം കരുത്തനായ മറ്റൊരു ബ്രസീലുകാരന്‍ എന്നതാണ്‌ മിലാന്റെ ലക്ഷ്യം.

No comments: