ന്യൂട്രല്‍ വേദികളിലേക്കില്ല
ലാഹോര്‍: ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലുമായി (ഐ.സി.സി) നിയമപ്പോരാട്ടത്തിന് തന്നെയാണ് പാക്കിസ്‌താന്‍ ക്രിക്കറ്റ് ബോര്‍ഡ് (പി.സി.ബി). 2011 ലെ ലോകകപ്പ് വേദികള്‍ സംബന്ധിച്ച് ഒരു വിട്ടുവീഴ്‌ച്ചക്കുമില്ലെന്ന് പി.സി.ബി തലവന്‍ ഇജാസ് ഭട്ട് ആവര്‍ത്തിച്ച് പ്രഖ്യാപിച്ചു. ഇന്ത്യ, പാക്കിസ്‌താന്‍, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ നാല് ഏഷ്യന്‍ രാജ്യങ്ങള്‍ക്കായാണ് 2011 ലെ ലോകകപ്പ് ഐ.സി.സി അനുവദിച്ചത്. എന്നാല്‍ പാക്കിസ്‌താനിലെ ഗുരുതരമായ ആഭ്യന്തര പ്രശ്‌നങ്ങളും തുടര്‍ച്ചയായി നടക്കുന്ന സ്‌ഫോടനങ്ങളും ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന് ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിന് അരികില്‍ വെച്ചുണ്ടായ ദുരനുഭവവും മുന്‍നിര്‍ത്തി ലോകകപ്പ് മല്‍സരങ്ങള്‍ അവിടെ നടത്തേണ്ടതില്ലെന്ന് ഐ.സി.സി തീരുമാനിക്കുകയായിരുന്നു. പാക്കിസ്‌താനില്‍ അനുവദിക്കപ്പെട്ട മല്‍സരങ്ങള്‍ ഇന്ത്യക്കും ബംഗ്ലാദേശിനും ശ്രീലങ്കക്കുമായി വീതിച്ച് നല്‍കുകയും ചെയ്‌തു. ഐ.സി.സി യുടെ ഈ തീരുമാനത്തിനെതിരെ നിയമനടപടി ആരംഭിച്ച പി.സി.ബി ആ ദിശയില്‍ തന്നെ നീങ്ങുമെന്നാണ് ഇപ്പോള്‍ ആവര്‍ത്തിച്ചിരിക്കുന്നത്. പാക്കിസ്‌താന് അനുവദിക്കപ്പെട്ടിരുന്ന മല്‍സരങ്ങള്‍ ന്യൂട്രല്‍ വേദികളില്‍ നടത്താനാവുന്ന കാര്യത്തില്‍ പാക്കിസ്‌താന് താല്‍പ്പര്യക്കുറവുണ്ട്. ഇങ്ങനെയൊരു വ്യവസ്ഥ ആതിഥേയ രാജ്യങ്ങള്‍ തമ്മില്‍ ഒപ്പുവെച്ച കരാറില്‍ ഇല്ലെന്നാണ് ഭട്ട് വ്യക്തമാക്കുന്നത്. ഐ.സി.സിയുമായി വലിയ നിയമയുദ്ധത്തിന് പി.സി.ബിക്ക് താല്‍പ്പര്യമില്ല. പക്ഷേ പ്രശ്‌നം രമ്യമായി പരിഹരിക്കണം. പാക്കിസ്‌താനും ഇവിടെയുളള ക്രിക്കറ്റ് പ്രേമികള്‍ക്കും നീതിയാണ് നഷ്‌ടമായിരിക്കുന്നത്. അത് അനുവദിക്കില്ല. കോടതിക്ക് പുറത്ത് വെച്ച് പ്രശ്‌നം പരിഹരിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ട്‌്. അത് വിജയിച്ചാല്‍ സന്തോഷം.
പാക്കിസ്‌താന് 14 ലോകകപ്പ് മല്‍സരങ്ങളാണ് അനുവദിച്ചിരുന്നത്. മല്‍സരങ്ങള്‍ പിന്നീട് മറ്റ് വേദികള്‍ക്ക് വീതിച്ച് നല്‍കിയെങ്കിലും ലോകകപ്പ് ആതിഥേയര്‍ എന്ന നിലയില്‍ പാക്കിസ്‌താന് വാഗ്‌ദാനം ചെയ്യപ്പെട്ട തുക തീര്‍ച്ചയായും നല്‍കുമെന്ന് ഐ.സി.സി വ്യക്തമാക്കിയിട്ടുണ്ട്. നാല് ഡിമാന്‍ഡുകളാണ് പാക്കിസ്‌താന്‍ ഐ.സി.സിക്ക് മുമ്പാകെ വെച്ചതെന്നും അതില്‍ രണ്ടെണ്ണത്തില്‍ പരിഹാരമായിട്ടില്ലെന്നും പറഞ്ഞ ഭട്ട് ഡിമാന്‍ഡുകള്‍ എന്താണെന്ന് വ്യക്തമാക്കിയില്ല.
ലാഹോര്‍ സംഭവത്തിന്റെ പേരില്‍ പാക്കിസ്‌താന് ലോകകപ്പ് ആതിഥേയത്വം നിരാകരിച്ചത് വലിയ അപരാധമാണെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ഇപ്പോഴും ഭട്ട്. കഴിഞ്ഞ മാര്‍ച്ചില്‍ പാക്കിസ്‌താന്‍ പര്യടനത്തിനെത്തിയ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം തീവ്രവാദികളുടെ ആക്രമണത്തില്‍ നിന്ന തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ലാഹോറിലെ ഗദ്ദാഫി സ്‌റ്റേഡിയത്തില്‍ നടക്കുകയായിരുന്ന ടെസ്റ്റിന്റെ മൂന്നാം ദിവസത്തെ മല്‍സരത്തില്‍ പങ്കെടുക്കാനായി ഹോട്ടലില്‍ നിന്നും പുറപ്പെട്ട ടീം ബസ്സ് ഗദ്ദാഫി സ്റ്റേഡിയത്തിന് അരികില്‍ വെച്ച് ആക്രമിക്കപ്പെടുകയായിരുന്നു. ക്യാപ്‌റ്റന്‍ മഹേല ജയവര്‍ദ്ധനെ, കുമാര്‍ സങ്കക്കാര, തിലാന്‍ സമരവീര, തിലകരത്‌നെ ദില്‍ഷാന്‍ എന്നിവര്‍ക്കെല്ലാം ആക്രമണത്തില്‍ പരുക്കേറ്റിരുന്നു. എന്നാല്‍ ഈ സംഭവം ലോകത്തിന് മുന്നില്‍ ഉയര്‍ത്തികാണിക്കുന്നത് പാക്കിസ്‌താനോട് കാണിക്കുന്ന നന്ദികേടാണെന്നാണ് പി.സി.ബി തലവന്റെ വാക്കുകള്‍. ലോകകപ്പ് സെക്രട്ടറിയേറ്റ് ലാഹോറിലായിരുന്നു. ആക്രമണത്തെത്തുടര്‍ന്ന് സെക്രട്ടറിയേറ്റ് മുംബൈയിലേക്ക് മാറ്റി.
പാക്കിസ്‌താന് അനുവദിക്കപ്പെട്ട ലോകകപ്പ് മല്‍സരങ്ങള്‍ ന്യൂട്രല്‍ വേദിയായ യു.എ.ഇയില്‍ നടത്തുന്നതിനോട് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് എതിര്‍പ്പില്ല. ഈയിടെ പാക്കിസ്‌താന്‍ ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര കളിച്ചത് ദുബായ്, അബുദാബി എന്നിവിടങ്ങളില്‍ വെച്ചായിരുന്നു. ഈയിടെ ഇംഗ്ലണ്ടില്‍ നടന്ന ഐ.സി.സി 20-20 ലോകകപ്പില്‍ പാക്കിസ്‌താനാണ് കിരീടം നേടിയത്. പാക്കിസ്‌താനിലേക്ക് വരാന്‍ എല്ലാ ക്രിക്കറ്റ് രാജ്യങ്ങളും മടിച്ചുനിന്നപ്പോള്‍ ദേശീയ ടീമിന് മല്‍സരങ്ങള്‍ പോലും അന്യമായിരുന്നു. എന്നിട്ടും തന്റെ ടീം ലോകകപ്പ് പോലെ വലിയ ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടിയ കാര്യം ഐ.സി.സി മറക്കരുതെന്ന് ഭട്ട് പറഞ്ഞു.
ലോകകപ്പ് അടുത്തെത്തിനില്‍ക്കവെ ഐ.സി.സി ഇനി നിലപാട് മാറ്റില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോകകപ്പിന്റെ ആതിഥേയരാജ്യം എന്ന നിലയില്‍ അവര്‍ക്ക് വാഗ്‌ദാനം ചെയ്യപ്പെട്ടിരുന്ന തുക നല്‍കും. ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക തുടങ്ങിയ വലിയ ടീമുകള്‍ പാക്കിസ്‌താനിലേക്കില്ലെന്ന് വളരെ വ്യക്തമായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ ലോകകപ്പ് മല്‍സരങ്ങള്‍ പാക്കിസ്‌താനില്‍ നടത്താന്‍ ഒരു സാഹചര്യത്തിലും ഐ.സി.സി തയ്യാറാവില്ല.
ഹെന്‍ട്രിക്ക് ഭീഷണി
ബാര്‍സിലോണ: സുല്‍ത്താന്‍ ഇബ്രാഹീമോവിച്ച് എന്ന സ്വീഡന്‍കാരന്‍ ബാര്‍സിലോണയുടെ ചാമ്പ്യന്‍ സംഘത്തിലേക്ക് വന്നത് തിയറി ഹെന്‍ട്രിയെ ബാധിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ബാര്‍സയുടെ മുന്‍നിരയിലെ സ്ഥിരക്കാരനാവാന്‍ ഇത് വരെ ഹെന്‍ട്രിക്ക് കഴിഞ്ഞിട്ടില്ല. സാമുവല്‍ ഇറ്റോ ടീം വിട്ട സാഹചര്യത്തില്‍ ആദ്യ ഇലവനില്‍ തനിക്ക് സ്ഥാനമുണ്ടവുമെന്ന പ്രതീക്ഷകള്‍ക്കിടെയാണ് സുല്‍ത്താന്‍ ഇബ്രാഹീമോവിച്ച് രംഗപ്രവേശം ചെയ്‌തിരിക്കുന്നത്. ഇറ്റാലിയന്‍ ക്ലബായ ഇന്റര്‍ മിലാന്റെ ചാട്ടുളിയാണ് സുല്‍ത്താന്‍. ഏത് കളിയിലും ഗോളടിക്കുന്ന താരം. അത്തരം ഒരു താരത്തെ റിസര്‍വ് ബെഞ്ചില്‍ ഇരുത്താന്‍ കോച്ച് ജോസഫ് ഗുര്‍ഡിയോള തയ്യാറാവില്ല. ഈ സാഹചര്യത്തില്‍ ഹെന്‍ട്രിക്ക് തന്നെയാവും നഷ്ടം.
നിലവില്‍ സ്‌പാനിഷ് ലീഗിലും യുവേഫ ചാമ്പ്യന്‍സ് ലീഗിലും ചാമ്പ്യന്മാരാണ് ബാര്‍സ. പുതിയ സീസമില്‍ ഈ കിരീടങ്ങള്‍ നിലനിര്‍ത്താന്‍ ടമിന് എളുപ്പം കഴിയില്ല. സ്‌പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡ് ശക്തമായ വെല്ലുവിളി ഉയര്‍ത്തുമെന്ന കാര്യത്തില്‍ സംശയമില്ല.യ കൃസ്റ്റിയാനോ റൊണാള്‍ഡോ, കക്ക, കരീം ബെന്‍ഡസാമ തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ ഇപ്പോള്‍ ടീമിലുണ്ട്. സ്‌പാനിഷ് ലീഗും കിംഗ്‌സ് കപ്പും ചാമ്പ്യന്‍സ് ലീഗും ലക്ഷ്യമാക്കി തന്നെയാണ് റയല്‍ വന്‍തുക മുടക്കി സൂപ്പര്‍ താരങ്ങളെ സ്വന്തമാക്കിയിരിക്കുന്നത്. ഈ കാര്യം ബാര്‍സക്കുമറിയാം.
ഇപ്പോള്‍ അമേരിക്കന്‍ പര്യടനത്തിലാണ് ബാര്‍സ. പുതിയ സീസണിന് മുമ്പ് മല്‍സര പ്രാക്ടീസ് എന്ന നിലയിലാണ് ടീം എത്തിയിരിക്കുന്നത്. രണ്ട് സീസണ്‍ മുമ്പാണ് ഇംഗ്ലീഷ്‌് പ്രീമിയര്‍ ലീഗ് ക്ലബായ ആഴ്‌സനലില്‍ നിന്നും ഹെന്‍ട്രി വന്‍വിലക്ക് ബാര്‍സയില്‍ എത്തിയത്. പക്ഷേ പരുക്ക് കാരണം പല പ്രധാന മല്‍സരങ്ങളും അദ്ദേഹത്തിന് നഷ്ടമായി. ലയണല്‍ മെസി-സാമുവല്‍ ഇറ്റോ മുന്‍നിര സഖ്യത്തിന്റെ കരുത്തും ഹെന്‍ട്രിക്ക് ആഘാതമായി. പക്ഷേ അവസരങ്ങള്‍ ലഭിച്ചപ്പോഴെല്ലാം ഫ്രഞ്ചുകാരന്‍ അത് ഉപയോഗപ്പെടുത്തിയിരുന്നു. മെസിക്കൊപ്പം സുല്‍ത്താന്‍ ചേരുമ്പോള്‍ അത് മികച്ച കോമ്പിനേഷനാവുമെന്നാണ് കരുതപ്പെടുന്നത്. ഇരുവരും ഇത് വരെ ഒരുമിച്ച് കളിച്ചിട്ടില്ല.
ഫൈനല്‍ ഹൈദരാബാദില്‍
ചെന്നൈ: ചാമ്പ്യന്‍സ് 20-20 ലീഗിന്റെ ആദ്യ മല്‍സരത്തിലെ പ്രതിയോഗികള്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ രണ്ടാം സ്ഥാനക്കാരായ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും ദക്ഷിണാഫ്രിക്കയിലെ കേപ് കോബ്രാസും. ബാംഗ്ലൂരില്‍ ഒക്ടോബര്‍ 23 നാണ് ഈ അങ്കം. 12 ടീമുകള്‍ പങ്കെടുക്കുന്ന ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ മല്‍സര വേദി ഹൈദരാബാദായിരിക്കും. ടീമുകളെ നാല് ഗ്രൂപ്പുകളാക്കി തിരിച്ചാണ് മല്‍സരങ്ങള്‍. ഓരോ ഗ്രൂപ്പിലും മൂന്ന് ടീമുകള്‍ കളിക്കും. ബാംഗ്ലൂരിനൊപ്പം കേപ് കോബ്രാസ്, ഒറ്റാഗോ എന്നിവരാണ് ഒരു ഗ്രൂപ്പില്‍. ഐ.പി.എല്‍ ചാമ്പ്യന്മാരായ ഡക്കാന്‍ ചാര്‍ജേഴ്‌സിനൊപ്പം സ്റ്റാന്‍ഫോര്‍ഡ് 20-20 ചാമ്പ്യന്മാരായ ട്രിനിഡാഡ് ടുബാഗോയും ഇംഗ്ലണ്ട് 20-കപ്പിലെ ചാമ്പ്യന്മാരും കളിക്കും. ഓരോ ഗ്രൂപ്പില്‍ നിന്നും ആദ്യ രണ്ട് സ്ഥാനങ്ങള്‍ സ്വന്തമാക്കുന്നവര്‍ റൗണ്ട് റോബിന്‍ ലീഗ് അടിസ്ഥാനത്തില്‍ രണ്ടാം റൗണ്ടില്‍ ഏറ്റുമുട്ടും. ഇതില്‍ നിന്നും ആദ്യ നാല് സ്ഥാനങ്ങള്‍ നേടുന്നവരാണ് സെമി ഫൈനല്‍ കളിക്കുക. ഒക്ടോബര്‍ 21ന് ആദ്യ സെമി ഡല്‍ഹിയിലും 22ന് രണ്ടാം സെമി ഹൈദരാബാദിലും നടക്കും. മൊബൈല്‍ കമ്പനിയായ എയര്‍ടെലായിരിക്കും ചാമ്പ്യന്‍ഷിപ്പിന്റെ സ്‌പോണ്‍സര്‍.
വീണ്ടും വിവാദം
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റില്‍ വീണ്ടും വിവാദങ്ങള്‍ തലപൊക്കുന്നു. യൂസഫ് പത്താന്‍, സൗരവ് ഗാംഗുലി, വിനോദ് കാംബ്ലി എന്നിവര്‍ സമീപകാലത്ത് നടത്തിയ ചില പരാമര്‍ശങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിനെയും സെലക്ഷന്‍ കമ്മിറ്റിയെയും പരോക്ഷമായി പ്രതിക്കൂട്ടില്‍ നിര്‍ത്തിയ സാഹചര്യത്തില്‍ നിലപാടുകള്‍ വ്യക്തമാക്കാന്‍ ക്രിക്കറ്റ് ഭരണക്കര്‍ത്താകള്‍ പ്രയാസപ്പെടുകയാണ്.
ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിക്കുളള മുപ്പതംഗ ഇന്ത്യന്‍ സാധ്യതാ സംഘത്തില്‍ ഇര്‍ഫാന്‍ പത്താനെ ഉള്‍പ്പെടുത്താതിരുന്നത് കളത്തിന് പുറത്തെ കളിയിലാണെന്ന യൂസഫ് പത്താന്റെ വാക്കുകള്‍ ക്രിക്കറ്റ് ലോകം ഏറ്റുപിടിച്ചിട്ടുണ്ട്. മുപ്പതംഗ സാധ്യതാ സംഘത്തില്‍ പോലും ഇര്‍ഫാന് സ്ഥാനമില്ലാതെ പോയത് സെലക്ഷന്‍ കമ്മിറ്റി നയങ്ങളാണെന്നാണ് യൂസഫ് പരോക്ഷമായി സൂചിപ്പിച്ചത്. ( ഈ പരാമര്‍ശം പിന്നീട് യൂസഫ് തിരുത്തിയിട്ടുമുണ്ട്. അങ്ങനെയൊന്നും താന്‍ പറഞ്ഞിട്ടില്ലെന്നാണ് ഇന്നലെ അദ്ദേഹം പറഞ്ഞത്.) എന്നാല്‍ ഇത് സംബന്ധിച്ച് എന്തെങ്കിലും പ്രതികരണത്തിന് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായ കൃഷ്‌ണമാചാരി ശ്രീകാന്ത് തയ്യാറായില്ല.
ഇര്‍ഫാന്‍ പുറത്താവാന്‍ കാരണം സെലക്ഷന്‍ കമ്മിറ്റി ദക്ഷിണേന്ത്യന്‍ താരങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കിയത് കൊണ്ടാണെന്നാണ് പറയപ്പെടുന്നത്. ശ്രീകാന്ത് തമിഴ്‌നാട്ടുകാരനാണ്. സ്വന്തം മേഖലക്ക് അദ്ദേഹം മുന്‍ഗണന നല്‍കിയപ്പോള്‍ ഉത്തരേന്ത്യന്‍ സോണ്‍ അവഗണിക്കപ്പെട്ടുവെന്നാണ് പരാതി. ഈ കാര്യം യൂസഫ് പറഞ്ഞിട്ടില്ല. ഇര്‍ഫാന്‍ പുറത്താവാനുളള കാരണം എല്ലാവര്‍ക്കും അറിയാവുന്നതാണെന്നും അതില്‍ പ്രതികരിക്കേണ്ടത് മാധ്യമങ്ങളാണെന്നുമാണ് ബറോഡയില്‍ വെച്ച് യൂസഫ് പറഞ്ഞത്. ഇതില്‍ കൂടുതലൊന്നും അദ്ദേഹം പറഞ്ഞിട്ടില്ല. പക്ഷേ ക്രിക്കറ്റ് ബോര്‍ഡിലെ ചിലര്‍ യൂസഫിനെതിരെ പേര് വെളിപ്പെടുത്താതെ രംഗത്ത് വന്നിട്ടുണ്ട്. സെലക്ഷന്‍ കമ്മിറ്റി ഇപ്പോള്‍ മികച്ച ജോലിയാണ് ചെയ്യുന്നത്. എല്ലാ സെലക്ടര്‍മാരും പ്രതിഫലം പറ്റുന്നവരാണ്. അവര്‍ പ്രൊഫഷണലുകളാണ്. സെലക്ഷന്‍ കാര്യങ്ങളെക്കുറിച്ച് യൂസഫിന് സംസാരിക്കാന്‍ എന്താണ് അധികാരം..? ഇന്ത്യന്‍ ടീമില്‍ യൂസഫിന്റെ സ്ഥാനം സുരക്ഷിതമാണോ..? ഓസ്‌ട്രേലിയക്കെതിരെ നടന്ന രണ്ട് ടെസ്‌റ്റിലെ മോശം പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് വസീം ജാഫറിനെ പുറത്താക്കിയത്. പക്ഷേ അദ്ദേഹം പരാതിപ്പെട്ടിരുന്നില്ല. സെലക്ടര്‍മാരെ ഒരിക്കലും കുറ്റം പറയാനാവില്ല-ബോര്‍ഡിലെ ഒരുന്നതന്റെ വാക്കുകള്‍.
യൂസഫിന്റെ വാദം തീര്‍ച്ചയായും ശരിയല്ലെന്നാണ് ഒരു സെലക്ടര്‍ പറയുന്നത്. യൂസഫ് അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് പൂര്‍ണ്ണമായും തെറ്റാണ്. ഇര്‍ഫാന്റെ റെക്കോര്‍ഡ് ആദ്യം യൂസഫ് പരിശോധിക്കണം. ഇംഗ്ലണ്ട്, ശ്രീലങ്ക, ന്യൂസിലാന്‍ഡ് എന്നിവര്‍ക്കെതിരായ പരമ്പര കളിച്ച ടീമിനെ പരിശോധിച്ചാല്‍ ദക്ഷിണേന്ത്യയില്‍ നിന്നോ അല്ലെങ്കില്‍ ചെന്നൈയില്‍ നിന്നോ ഉളള താരങ്ങള്‍ ആ ടീമുകളില്‍ കുറവാണെന്ന് കാണാം. ആഭ്യന്തര ക്രിക്കറ്റിലെ മികവിന്റെ അടിസ്ഥാനത്തിലാണ് താരങ്ങളെ തെരഞ്ഞെടെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 25 മല്‍സരങ്ങളിലെ ഇര്‍ഫാന്റെ പ്രകടനം വിലയിരുത്തിയാല്‍ എല്ലാവരും അല്‍ഭുതപ്പെടുമെന്നാണ് മറ്റൊരു സെലക്ടര്‍ പറഞ്ഞത്. എല്ലാ മല്‍സരങ്ങളിലും എല്ലാ താരങ്ങളും തകര്‍പ്പന്‍ പ്രകടനം നടത്തുമെന്ന വിശ്വാസം സെലക്ടര്‍മാര്‍ക്കില്ല. പക്ഷേ ടീമിന്റെ വിജയത്തില്‍ എല്ലാവര്‍ക്കും എന്തെങ്കിലും ചെയ്യാന്‍ കഴിയണമെന്നും അദ്ദേഹം കൂട്ടിചേര്‍ക്കുന്നു.
എന്നാല്‍ ഇന്ത്യന്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടില്ലെങ്കിലും മുപ്പതംഗ സാധ്യതാ സംഘത്തിലേക്ക് തെരഞ്ഞെടുക്കപ്പെടാന്‍ തീര്‍ച്ചയായും ഇര്‍ഫാന്‍ യോഗ്യനായിരുന്നുവെന്നാണ് ഒരു സീനിയര്‍ താരം പറഞ്ഞത്. നിലവില്‍ താളം കണ്ടെത്താന്‍ ഇര്‍ഫാന് കഴിയുന്നില്ല എന്നത് സത്യമാണ്. പക്ഷേ ഒന്നോ രണ്ടോ ആഭ്യന്തര മല്‍സരങ്ങള്‍ കളിക്കുന്നതോടെ അദ്ദേഹത്തിന് ഫോം കണ്ടെത്താന്‍ കഴിയുമെന്ന കാര്യത്തില്‍ ഈ താരത്തിന് സംശയമില്ല. ഇന്ത്യന്‍ ക്യാപ്‌റ്റന്‍ മഹേന്ദ്രസിംഗ് ധോണിക്ക് ഇര്‍ഫാനെ വിശ്വാസമില്ലാത്തതാണ് പ്രശ്‌നമെന്ന്‌് മറ്റൊരു ഇന്ത്യന്‍ താരം പറഞ്ഞു.
സെലക്ടര്‍മാര്‍ക്കെതിരെ മുന്‍ ക്യാപ്‌റ്റന്‍ സൗരവ് ഗാംഗുലിയും രംഗത്ത് വന്നിട്ടുണ്ട്. അര്‍ഹിച്ച അവസരങ്ങള്‍ തനിക്ക് നല്‍കിയിരുന്നെങ്കില്‍ ഇപ്പോള്‍ വിരമിക്കുകയില്ലായിരുന്നുവെന്നാണ് കഴിഞ്ഞ ദിവസം ഗാംഗുലി പറഞ്ഞത്. തന്നെ പ്രോല്‍സാഹിപ്പിക്കാന്‍ ആരുമില്ലാതെ പോയതാണ് പ്രശ്‌നമായതെന്ന് ഈയിടെ വിനോദ് കാംബ്ലി പറഞ്ഞിരുന്നു.
സെലക്ടര്‍മാര്‍ പ്രതികള്‍
മുംബൈ: ഇര്‍ഫാന്‍ പത്താന്‍ എന്ന പെര്‍ഫെക്ട് ഓള്‍റൗണ്ടര്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ ആദ്യ മുപ്പതില്‍ പോലും വരാത്തതിന് കാരണക്കാര്‍ ആരാണ്...? സെലക്ടര്‍മാരുടെ തലതിരിഞ്ഞ നയങ്ങളാണ് ബറോഡക്കാരനെ തളര്‍ത്തിയതെന്നാണ് ക്രിക്കറ്റ് ലോകം പറയുന്നത്. കപില്‍ദേവിന് ശേഷം ഇന്ത്യ കണ്ട ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍ എന്ന ബഹുമതി ഇര്‍ഫാന് നല്‍കിയ അതേ സെലക്ടര്‍മാര്‍ തന്നെ ഇപ്പോള്‍ അദ്ദേഹത്തെ തള്ളിപ്പറയുമ്പോള്‍ ചെറിയ പ്രായത്തില്‍ തന്നെ ദുരനുഭവങ്ങളുടെ മുഖത്ത് ഒറ്റപ്പെട്ടുനില്‍ക്കുകയാണ് യുവതാരം. 2004 ല്‍ ഐ.സി.സി ഏറ്റവും മികച്ച ഭാവിതാരം എന്ന ബഹുമതി സമ്മാനിച്ച താരത്തെ ആവശ്യത്തിനും അനാവശ്യത്തിനുമെല്ലാം ഉപയോഗിച്ചത് സെലക്ടര്‍മാരാണ്. കരുത്തനായ സ്വിംഗ് ബൗളര്‍ എന്ന നിലയില്‍ നിന്നും ഓള്‍റൗണ്ടര്‍ ഗണത്തിലേക്ക് അദ്ദേഹത്തെ മാറ്റി ഏത് ബാറ്റിംഗ്, ബൗളിംഗ് പൊസിഷനുകളില്‍ അദ്ദേഹത്തെ അവതരിപ്പിച്ച് പ്രതീക്ഷകളുടെ അമിതഭാരം ആ തലയില്‍ കയറ്റി. പ്രതീക്ഷകള്‍ക്ക് മുന്നില്‍ പലപ്പോഴും തളര്‍ന്ന ഇര്‍ഫാന്‍ പക്ഷേ നിര്‍ണ്ണായക ഘട്ടങ്ങളില്‍ ടീമിന്റെ രക്ഷകനായിട്ടുണ്ട്. 2003-04 സീസണില്‍ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഒരു കൊടുങ്കാറ്റ് പോലെയാണ് ഇര്‍ഫാന്‍ ഇന്ത്യന്‍ ക്രിക്കറ്റിലെത്തിയത്. തുടര്‍ന്ന് നടന്ന പാക്കിസ്‌താന്‍ പര്യടനത്തിലും അദ്ദേഹം മിന്നി. ഇര്‍ഫാനെ വാനോളം പുകഴ്‌ത്താന്‍ അന്ന് നാവുകള്‍ അധികമായിരുന്നു. 2006 ല്‍ ഇര്‍ഫാന്റെ ബൗളിംഗ് ഫോം മങ്ങി. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന്റെ പകുതിക്കിടെ അദ്ദേഹത്തെ തിരിച്ചയച്ചു. ഇപ്പോഴിതാ പൂര്‍ണ്ണമായും പുറത്താക്കപ്പെട്ടിരിക്കുന്നു.
ഇര്‍ഫാന്റെ ബൗളിംഗ് ആക്ഷനാണ് പ്രശ്‌നമെന്ന് ഡെന്നിസ് ലില്ലി എന്ന മഹാനായ ഓസീസ്‌് സീമര്‍ പറയുന്നു. തന്റെ ഇടം കൈ പൂര്‍ണ്ണമായും ഉപയോഗപ്പെടുത്താന്‍ ഇര്‍ഫാന് കഴിയുന്നില്ലെന്നാണ് ലില്ലിയുടെ സാക്ഷ്യം. വേഗതയിലുളള ശ്രദ്ധ മാറ്റി പന്ത് സ്വിംഗ് ചെയ്യിക്കാനാണ് ഇര്‍ഫാന്‍ ശ്രമിക്കേണ്ടതെന്ന് വസീം അക്രം നിര്‍ദ്ദേശിക്കുന്നു. സാധ്യതാ സംഘത്തില്‍ പോലും ഇര്‍ഫാനെ ഉള്‍പ്പെടുത്താതിരുന്നത് വേദനാജനകമാണെന്ന് മുന്‍ ഇന്ത്യന്‍ താരം മണീന്ദര്‍സിംഗ് പറഞ്ഞു. കപില്‍ദേവ്, വസീം അക്രം എന്നിവരുടെ മികവ് ഇര്‍ഫാനില്ല. പക്ഷേ അദ്ദേഹത്തെ വാനോളം ഉയര്‍ത്തിയ സെലക്ടര്‍മാര്‍ തന്നെയാണിപ്പോള്‍ ആ താരത്തെ ചവിട്ടിയിരിക്കുന്നതെന്നും മണീന്ദര്‍ കുറ്റപ്പെടുത്തി. മുന്‍ ഇന്ത്യന്‍ താരമായ മദന്‍ലാലും സെലക്ഷന്‍ കമ്മിറ്റിക്കെതിരെ തുറന്നടിച്ചു. ഇപ്പോഴും ഇന്ത്യയുടെ ഏറ്റവും മികച്ച ബൗളിംഗ് ഓള്‍റൗണ്ടര്‍ ഇര്‍ഫാനാണെന്ന് അദ്ദേഹം പറഞ്ഞു. ഇഷാന്ത്, സഹീര്‍, ആര്‍.പി സിംഗ്, പ്രവീണ്‍ കുമാര്‍ എന്നിവരെ പോലെ ഇര്‍ഫാനെ കാണരുത്. അവരേക്കാളും മികച്ച ബാറ്റ്‌സ്‌മാനാണ് അദ്ദേഹം. സെലക്ഷന്‍ കമ്മിറ്റിയുടെ ജോലിയെന്നാല്‍ ടീമിന്റെ കെട്ടുറപ്പാണ്. അല്ലാതെ ഒരാളെ പിടിച്ചു പുറത്താക്കുകയല്ലെന്നും മദന്‍ലാല്‍ പറഞ്ഞു.
കാലാവസ്ഥയും കളിയെഴുത്തും...
കോഴിക്കോട്: കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലേക്ക് കൊല്‍ക്കത്ത പ്രബലരുടെ ഒരു മല്‍സരം റിപ്പോര്‍ട്ട് ചെയ്യാന്‍ കോയക്ക വരുന്നു.... നല്ല വെയിലില്‍ വലിയ കാലന്‍ കുടയും ചൂടി അദ്ദേഹം പ്രസ്സ് ബോക്‌സില്‍ കയറിയിരുന്നപ്പോള്‍ പലരും കൂടയുടെ അസാംഗത്യം ചൂണ്ടിക്കാട്ടി.... കോയക്കയുടെ മറുപടി എളുപ്പത്തില്‍ വന്നു-ഇന്ന് മഴ പെയ്യും, കളി മുടങ്ങും.. നല്ല വെയിലത്ത് മഴ പെയ്യുമെന്ന് പ്രവചിച്ച കോയക്കയെ പരിഹസിക്കാന്‍ അന്ന് പ്രസ്സ് ഗ്യാലറിയിലെ ചിലരുണ്ടായിരുന്നു... പക്ഷേ കോയക്ക പറഞ്ഞത് തന്നെ സംഭവിച്ചു. മല്‍സരത്തിന്റെ ഇടവേളയില്‍ കോരിച്ചൊരിയുന്ന മഴ. കാണികളെല്ലാം ഓടിയകന്നപ്പോള്‍ സ്‌റ്റേഡിയത്തില്‍ കോയക്കയും അദ്ദേഹത്തിന്റെ കുടയും മാത്രം.......
ഇതായിരുന്നു കോയക്ക എന്ന കെ.കോയ. ഇന്നലെ അദ്ദേഹം കാലയവനികക്കുള്ളിലേക്ക് മറഞ്ഞപ്പോള്‍ കളിയെഴുത്തിന്റെ ലോകം വേദനിക്കുകയാണ്. കളിയെഴുത്തിനൊപ്പം കാലാവസ്ഥാ പ്രവചനവും ജോലിയാക്കിയ കോയക്ക എന്നും നാടനായിരുന്നു... പി.ടി ഉഷയെ പോലെയുള്ള കായിക താരങ്ങളെ വളര്‍ത്തി വലുതാക്കുന്നതില്‍ വലിയ പങ്ക് വഹിച്ച കോയക്കയുടെ സന്തത സഹചാരി കാലന്‍ കുടയായിരുന്നു. തന്റെ കായിക ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത പത്രപ്രവര്‍ത്തകനാണ് കോയക്കയെന്ന് ഉഷ പറഞ്ഞു. എല്ലാ പ്രോല്‍സാഹനവും നല്‍കും. പയ്യോളിയിലെ റെയില്‍വേ ട്രാക്കിനരികിലൂടെയായിരുന്നു മുമ്പ് ഞാന്‍ പരിശീലനം നടത്താറ്. കോയക്ക കണ്ണൂരില്‍ നിന്നും കോഴിക്കോട്ടേക്കുള്ള യാത്രയില്‍ എന്റെ പരിശീലനം കണ്ടാല്‍ തിക്കോടിയില്‍ ഇറങ്ങി അങ്ങോട്ട് വരും. അടുത്ത ദിവസത്തെ പത്രത്തില്‍ വാര്‍ത്തയുമുണ്ടാവും. എറണാകുളത്ത് ശിഷ്യരുടെ മല്‍സരമുളളതിനാല്‍ കോയക്കയെ അവസാനമായി കാണാന്‍ കഴിയാത്ത വേദനയിലാണ് ഉഷ.
കളിയെഴുത്ത് രംഗത്ത് വിംസിയും കോയക്കയും കെ.പി.ആര്‍ കൃഷ്‌ണനുമെല്ലാം സമകാലികരാണ്. പി.എ മുഹമ്മദ് കോയ എന്ന മുഷ്‌ത്താഖിന്റെ വഴികളില്‍ തുറന്ന സമീപനവുമായി കളിയെഴുത്തിന് കരുത്തേകിയകോയക്കയെയും വിംസിയെയും കെ.പി.ആറിനെയും ആദരിക്കാന്‍ കാലിക്കറ്റ് പ്രസ്സ് ക്ലബും സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലും തീരുമാനിച്ചിരുന്നു. രണ്ട് മാസം മുമ്പ് കോഴിക്കോട് കാപ്പാട്ട് വെച്ച്‌് നടത്തിയ സംസ്ഥാന സ്‌പോര്‍ട്‌സ് ജര്‍ണലിസ്‌റ്റ് വര്‍ക്ക്‌ഷോപ്പില്‍ വെച്ചായിരുന്നു ആദരിക്കല്‍ ചടങ്ങ് ഉദ്ദേശിച്ചത്. ചടങ്ങിലേക്ക് കോയക്കയെ ക്ഷണിച്ചപ്പോള്‍ ആരോഗ്യം യാത്ര അനുവദിക്കുന്നില്ലെന്ന മറുപടിക്കൊപ്പം എല്ലാം കേമമാക്കണം എന്ന പ്രോല്‍സാഹനവും നല്‍കിയിരുന്നു. രണ്ടാഴ്‌ച്ച മുമ്പാണ് സംസ്ഥാന സ്‌പോര്‍ട്‌സ് മന്ത്രി എം. വിജയകുമാര്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ബഹുമതി കോയകക്ക് സമ്മാനിച്ചത്. കോയക്കയുടെ വിയോഗത്തില്‍ ഒരു കാലഘട്ടമാണ് അവസാനിച്ചിരിക്കുന്നത്. മൈതാനങ്ങളില്‍, കാലന്‍ കുടയുമായി നടന്നുവരുന്ന ആ ശുഭ്രവസ്‌ത്രധാരി ഇനി ഓര്‍മ്മ മാത്രം..
No comments:
Post a Comment