Tuesday, July 17, 2012
CASTER SEMANYA AND TINTU LUKA-THE BIG DIFFERENCE
ഇന്ന് രണ്ട് താരങ്ങളെ പരിചയപ്പെടാം- അവര്‍ നേരിടുന്ന പ്രശ്‌നങ്ങളെയും. ലണ്ടന്‍ ഒളിംപിക്‌സില്‍ വനിതകളുടെ 800 മീറ്ററില്‍ മല്‍സരിക്കുന്ന ദക്ഷിണാഫ്രിക്കക്കാരിയും ഇന്ത്യക്കാരിയുമാണ് കഥാപാത്രങ്ങള്‍
1-മോക്‌ഗാഡി കാസ്‌റ്റര്‍ സെമന്യ: വനിതകളുടെ 800 മീറിലെ നിലവിലെ ലോക ജേത്രി. 2009 ലെ ലോക ചാമ്പ്യന്‍ഷിപ്പില്‍ 1:55.45 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്‌ത താരം ലിംഗ വിവാദത്തില്‍ മാധ്യമങ്ങളില്‍ ഇടക്കാലത്ത് നിറഞ്ഞിരുന്നു. പക്ഷേ താന്‍ വനിതയാണെന്ന് തെളിയിച്ച് സെമന്യ ശക്തയായി തിരിച്ചെത്തി. രാജ്യവും മാധ്യമങ്ങളും യുവതാരത്തിനൊപ്പം നിന്നു. 2008 ലെ കോമണ്‍വെല്‍ത്ത് യൂത്ത് ഗെയിംസിലുടെ സ്വര്‍ണം നേടി വന്ന താരത്തെ ദക്ഷിണാഫ്രിക്കന്‍ ഭരണക്കൂടം രാജ്യത്തിന്റെ സ്വത്തായി പ്രഖ്യാപിച്ചു. ലണ്ടനില്‍ ദക്ഷിണാഫ്രിക്ക ഈ കൊച്ചുതാരത്തില്‍ നിന്ന് സ്വര്‍ണം പ്രതീക്ഷിക്കുന്നു. പക്ഷേ പ്രതീക്ഷാഭാരം അടിച്ചേല്‍പ്പിക്കുന്നില്ല.
2:ടിന്റു ലൂക്ക. ഉഷാ സ്‌ക്കൂള്‍ ഓഫ് അത്‌ലറ്റിക്‌സിന്റെ അഭിമാനമാവുന്ന താരം. ഉഷയെന്ന പരിശീലകയുടെ ആത്മാര്‍പ്പണത്തില്‍ ലോക വേദികളില്‍ അവസരം ലഭിച്ച ടിന്റുവാണ് ലണ്ടന്‍ ഒളിംപിക്‌സിന് യോഗ്യത നേടിയ ഇന്ത്യയുടെ ആദ്യ അത്‌ലറ്റ്. 1: 59.85 സെക്കന്‍ഡാണ് മികച്ച സമയം. 2008 ല്‍ ജക്കാര്‍ത്തയില്‍ നടന്ന ഏഷ്യന്‍ ജൂനിയര്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടിയ ടിന്റു ഗോഞ്ചു ഏഷ്യന്‍ ഗെയിംസില്‍ വെങ്കലം നേടിയിരുന്നു.
ഇനി രണ്ട് രാജ്യങ്ങളിലെ കായികാധികാരികള്‍ രണ്ട് താരങ്ങളെയും എങ്ങനെയാണ് പരിചരിക്കുന്നത് എന്ന വിഷയത്തില്‍ ഒരു താരതമ്യം.
കാസ്റ്റര്‍ സെമന്യ: 2009 ലെ ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം സ്വന്തമാക്കിയതിന് ശേഷം സെമന്യയെ ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാര്‍ രാജ്യത്തിന്റെ സ്വത്തായി പ്രഖ്യാപിച്ചു. കായിക മന്ത്രാലയത്തിന്റെ സ്‌ക്കോളര്‍ഷിപ്പും പരിശീലന സൗകര്യവും പഠന സൗകര്യവും. സെമന്യക്കും പരിശീലകനും താല്‍പ്പര്യമുള്ള രാജ്യാന്തര മീറ്റുകളില്‍ പങ്കെടുക്കാം. ചെലവുകളെല്ലാം സര്‍ക്കാര്‍ വഹിക്കും. അടുത്തയാഴ്‌ച്ചയാണ് സെമന്യ ലണ്ടനിലെത്തുന്നത്. ഈ സമയം വരെയും മാധ്യമങ്ങള്‍ക്ക് മുമ്പാകെ അവളെ അവതരിപ്പിക്കുന്നില്ല. സ്വര്‍ണം നേടുമെന്ന തരത്തില്‍ സമ്മര്‍ദ്ദം അടിച്ചേല്‍പ്പിക്കുന്നില്ല. പരുക്കില്‍ നിന്ന് അകന്നുനില്‍ക്കാന്‍ മാത്രം ഉപദേശം.
ടിന്റു ലൂക്ക: ഇന്ത്യന്‍ കായികാധികാരികള്‍ ടിന്റുവിനെ തിരിഞ്ഞ് നോക്കുന്നില്ല. പി.ടി. ഉഷയുടെ ശിഷ്യ എന്ന നിലയില്‍ എല്ലാ കാര്യങ്ങളും ഉഷ തന്നെ നോക്കണമെന്ന നിര്‍ദ്ദേശം. സാമ്പത്തികമായി കാര്യമായ സഹായങ്ങളില്ല. കിനാലൂരിലെ ഉഷയുടെ സ്‌ക്കൂളില്‍ തന്നെ പരിശീലനം. ഇടക്ക് മാത്രം രാജ്യാന്തര അവസരം. അത് തന്നെ സ്വന്തം റിസ്‌ക്കില്‍. ഇത്തവണ യോഗ്യത നേടിയ ആദ്യ അത്‌ലറ്റ് എന്ന ബഹുമതിയുണ്ടായിട്ടും അതിനൊത്ത പരിചരണം ഇത് വരെ ലഭിച്ചിട്ടില്ല. ഉഷയുടെ സംരക്ഷണത്തില്‍ മാത്രം രാജ്യാന്തര അവസരം.
രണ്ട് രാജ്യങ്ങളിലെയും മാറ്റങ്ങള്‍ നിരീക്ഷിക്കുക: സെമന്യക്ക് സ്വന്തം പരിശീലനം മാത്രം ശ്രദ്ധിച്ചാല്‍ മതി.സാമ്പത്തിക വിഷയങ്ങളെക്കുറിച്ചാലോചിച്ച് തല പുകക്കേണ്ടതില്ല. പ്രതീക്ഷകളുടെ അമിതഭാരം ആരും അടിച്ചേല്‍പ്പിക്കുന്നില്ല. മാധ്യമ പ്രവര്‍ത്തര്‍ ചുറ്റും കൂടി കഥ മെനയുന്നില്ല. പ്രകടനം മോശമായാല്‍ വിമര്‍ശകര്‍ വാ തുറക്കുന്നില്ല. ദിവസവും ആറ് മണിക്കൂര്‍ പരിശീലനം. പിന്നെ വിശ്രമം. മെന്റല്‍ ട്രെയിനിംഗും ഫിസിക്കല്‍ ട്രെയിനിംഗും ജിമ്മുമെല്ലാമായി ഒരുക്കങ്ങളില്‍ പുലര്‍ത്തുന്ന അച്ചടക്കത്തില്‍ ആത്മവിശ്വാസത്തോടെ സെമന്യ ഒരുങ്ങുന്നു. സാമ്പത്തികമായി ദക്ഷിണാഫ്രിക്ക അത്ര കരുത്തരല്ല. പക്ഷേ കായികമായി എല്ലാ സഹായങ്ങളും പ്രോല്‍സാഹനങ്ങളും നല്‍കുന്നു. ഉദ്‌ഘാടനങ്ങള്‍ക്ക് സെമന്യ പോവുന്നില്ല. സെലിബ്രിറ്റി സ്‌റ്റാറ്റസ് ആഗ്രഹിക്കുന്നില്ല. സ്വന്തം കാര്യം സിന്ദാബാദ് എന്ന മുദ്രാവാക്യം. പിന്തുണക്കാന്‍ സ്വന്തം പരിശീലകന്‍ മാത്രമല്ല രാജ്യത്തെ കായിക സമൂഹം ഒന്നടങ്കമുണ്ട്. ജോലിയുടെ പ്രശ്‌നവുമില്ല. രാജ്യത്തിന്റെ പൊതുസ്വത്തായ താരത്തിന് ജീവിക്കാനുള്ള സമ്പത്ത് രാജ്യം നല്‍കും
ഇനി ടിന്റുവിലേക്ക് വരാം. വിമര്‍ശകര്‍ക്ക് നടുവിലാണ് പാവം പെണ്‍കുട്ടി. ആരെല്ലാം ഉഷയെ എതിര്‍ക്കുന്നുവോ അവരെല്ലാം ടിന്റുവിനെയും വേട്ടയാടുന്നു. ഉഷയോടുള്ള വിരോധം തീര്‍ക്കാന്‍ മുന്‍ അത്‌ലറ്റുകള്‍ പോലും ടിന്റുവിനെക്കുറിച്ച് ഒരു നല്ല വാക്ക് പറയുന്നില്ല. പ്രതീക്ഷകളുടെ അമിതഭാരം പേറുകയാണ് കണ്ണൂര്‍കാരി. ഏത് മീറ്റിലേക്ക് പോവുമ്പോഴും സ്വര്‍ണം വാരി വരുമെന്ന മാധ്യമ ചര്‍ച്ചകള്‍. വലിയ രാജ്യത്തിന്റെ വലിയ പ്രതീക്ഷയായി ടിന്റുവിനെ വിശേഷിപ്പിക്കുന്നു. ആ സമ്മര്‍ദ്ദ ഭാരത്തില്‍ താരം തളരുന്നു. ഒരു സാമ്പത്തക സഹായവും കായിക മന്ത്രാലയമോ അത്‌ലറ്റിക് ഫെഡറേഷനോ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷനോ നല്‍കുന്നില്ല. ടിന്റു ഉഷക്ക് വേണ്ടിയാണ് ഓടുന്നതെന്നാണ് പ്രചാരണം. പ്രചാരണം നടത്തുന്നതോ നമ്മുടെ കായിക കുലപതിമാര്‍.
ഇനി യാഥാര്‍ത്ഥ്യത്തിലേക്ക്: നിലവിലുള്ള സാഹചര്യത്തില്‍ ടിന്റു ലണ്ടനില്‍ മെഡല്‍ നേടാന്‍ സാധ്യത വിരളമാണ്. സെമന്യക്കാവട്ടെ നല്ല സാധ്യതയുമുണ്ട്. ടിന്റുവിന് ഫൈനല്‍ ബെര്‍ത്ത് നേടാനായാല്‍ അത് തന്നെ വലിയ നേട്ടമായിരിക്കും. ഓഗസ്‌റ്റ് 11 നാണ് 800 മീറ്റര്‍ ഫൈനല്‍. അന്ന് അല്‍ഭുതങ്ങള്‍ സംഭവിച്ചാല്‍ ഒരു മെഡല്‍ നേടാനാവും. പക്ഷേ അത്തരം വിശ്വാസം തന്നെ അപകടമാണ്. ഒളിംപിക്‌സ് കഴിഞ്ഞാല്‍ എല്ലാവരും ടിന്റുവിനെയും ഉഷയെയും വേട്ടയാടും. അതോടെ അവരങ്ങ് തളരും. പിന്നെ എഴുന്നേല്‍ക്കുക 2014 ലെ ബൂസാന്‍ ഏഷ്യന്‍ ഗെയിംസ് മുന്‍നിര്‍ത്തിയായിരിക്കും. അപ്പോഴും പതിവ് പോലെ പഴയ പ്രശ്‌നങ്ങളെല്ലാം തല ഉയര്‍ത്തും.
ജനാധിപത്യ വിശ്വാസം വര്‍ദ്ധിച്ചതിനാല്‍ എല്ലാവരെയും കല്ലെറിയാന്‍ ഭയങ്കര മിടുക്കാണ് നമുക്ക്. ഉഷയുടെ സമകാലികരായ ധാരാളം താരങ്ങള്‍ നമുക്കുണ്ട്. അവരിപ്പോള്‍ എന്ത്‌് ചെയ്യുകയാണ്... കുശുമ്പും പരദൂഷണവുമായി നടക്കുന്നു. ഒരു കാലത്ത് ഓടിയതിനാല്‍ അത്യാവശ്യ പ്രശസ്‌തിയും ജോലിയുമായി. ഇപ്പോള്‍ ജിവിതം കൂശാല്‍. കൂട്ടുകാരിയെക്കുറിച്ച് നാല് പരദൂഷണമടിച്ചാല്‍ അത് വാര്‍ത്തയാവും. അങ്ങനെയങ്ങ്‌് കാലം കഴിക്കാമെന്ന കണക്ക്‌കൂട്ടല്‍. ആങ്ങള മരിച്ചാലും നാത്തൂന്റെ കണ്ണീര് കാണാനുള്ള അതിമോഹം.
Subscribe to:
Post Comments (Atom)
No comments:
Post a Comment