Saturday, July 21, 2012

PLS-SOME FOOD




വിശക്കുന്ന വയറിനോടും കരുണയില്ല
ആദ്യം ഈ രണ്ട്‌ ചിത്രങ്ങള്‍ നോക്കുക- ആദ്യ ചിത്രത്തില്‍ ദാലും ചപ്പാത്തിയും രണ്ട്‌ ഉള്ളിയും. രണ്ടാമത്തെ ചിത്രത്തില്‍ റൊട്ടിയും ചിക്കനും ഓംലെറ്റും നട്ട്‌സും വെജിറ്റബിള്‍സും ഫ്രൂട്ട്‌സും. ഇന്ത്യന്‍ കായിക താരങ്ങള്‍ക്ക്‌ അവരുടെ പരിശീലന കേന്ദ്രത്തില്‍ ലഭിക്കുന്ന പ്രഭാത ഭക്ഷണമാണ്‌ ദാലും ചപ്പാത്തിയും ഉള്ളിയും. ദരിദ്ര ആഫ്രിക്കന്‍ രാജ്യങ്ങളിലെ കായിക താരങ്ങള്‍ക്ക്‌ ബ്രേക്ക്‌ ഫാസ്റ്റായി നല്‍കുന്നതാണ്‌ രണ്ടാമത്തെ ചിത്രം. എല്ലാ പ്രോട്ടീനുകളും ഉള്‍പ്പെട്ടത്‌.
ദാലും റൊട്ടിയും പന്നീറുമാണ്‌ നമ്മുടെ രാജ്യത്തെ ഏതൊരു അത്യുന്നത സ്‌പോര്‍ട്‌സ്‌ പരിശീലന കേന്ദ്രത്തിലും താരങ്ങള്‍ക്ക്‌ ലഭിക്കുന്ന പ്രധാന ഭക്ഷണം. ബോക്‌സര്‍മാര്‍ക്കും ഗുസ്‌തിക്കാര്‍ക്കും ഈ മെന്യൂ കൊണ്ട്‌ എന്ത്‌ കാര്യം...? ( വിദേശത്ത്‌ ബോക്‌സര്‍മാരുടെ ഫുഡ്‌ മെന്യൂ കണ്ടാല്‍ നമ്മള്‍ ഞെട്ടും. ഒരു ബോക്‌സര്‍ ഒരു ദിവസം മാത്രം അകത്താക്കുന്നത്‌ ആറ്‌ കിലോഗ്രാം മാംസമാണ്‌. ഇതിന്‌ പുറമെ പഴ വര്‍ഗങ്ങളും എനര്‍ജി ഡ്രിങ്ക്‌സും വേറെ).
ദാല്‍ അല്ലെങ്കില്‍ നമ്മുടെ നാടന്‍ പരിപ്പില്‍ എന്താണ്‌ അടങ്ങിയിരിക്കുന്നത്‌...? കാര്യമായി ഒന്നുമില്ല. അധിക വൈറ്റമിനോ, അധിക ഊര്‍ജ്ജമോ ഒന്നും നല്‍കാത്ത ഒരു സാധാ ദക്ഷിണേഷ്യന്‍ വിഭവം. ഇന്ത്യയിലും പാക്കിസ്‌്‌താനിലും ബംഗ്ലാദേശിലും നേപ്പാളിലും ശ്രീലങ്കയിലുമെല്ലാം കൂടുതല്‍ ജനങ്ങള്‍ ഇഷ്‌ടപ്പെടുന്ന ദാലിനൊപ്പം റൊട്ടിയ്യോ അല്ലെങ്കില്‍ ചപ്പാത്തിയോ ആണ്‌ അനുയോജ്യനായ വിഭവം. പല തരത്തിലുള്ള റൊട്ടികളിലും കാര്യമായ അന്നജമോ ജീവകങ്ങളോ ഇല്ല. പന്നീര്‍ എന്ന വെണ്ണക്കഷ്‌ണത്തിലാണ്‌ രക്തത്തിനും ശരീരത്തിനും അല്‍പ്പം ഉപകാരമാവുന്ന എന്തെങ്കിലുമുണ്ടാവുക.
മണിക്കൂറുകളോളം ജിമ്മില്‍ കഠിനപരിശീലനം നടത്തി തിരിച്ചെത്തുന്ന ഒരു കായിക താരത്തിന്‌ മേല്‍പ്പറഞ്ഞ ഭക്ഷണമാണ്‌ നല്‍കുന്നത്‌. അതും കൃത്യമായ അളവില്‍. പക്ഷേ എത്ര പരാതി പറഞ്ഞിട്ടും കാര്യമില്ല. നമ്മുടെ സായ്‌ കേന്ദ്രങ്ങളിലും പട്യാലയിലെ കേന്ദ്ര ക്യാമ്പിലും രാജ്യത്തെ മറ്റ്‌ കായിക പരിശീലന കേന്ദ്രങ്ങളിലുമെല്ലാം പ്രധാന മെന്യൂ ഈ ദാല്‍-റൊട്ടി-പന്നീര്‍ കോമ്പിനേഷനാണ്‌. അമേരിക്കന്‍ താരത്തിന്റെ ഭക്ഷണവുമായി ഇന്ത്യയെ ഉദാഹരിക്കേണ്ടതില്ല. പക്ഷേ പട്ടിണിപാവം രാജ്യമായ എത്യോപ്യയുമായി ഒന്ന്‌ താരതമ്യം ചെയ്യാം. എത്യോപ്യയില്‍ കൂടുതല്‍ ദീര്‍ഘദൂര ഓട്ടക്കാരാണ്‌. അവരുടെ മെന്യൂവില്‍ ഒരു ദിവസം 600 കിലോഗ്രാം മാംസവും, പ്രോട്ടീന്‍ ഉല്‍പ്പന്ന ക്രമീകൃതാഹാരം 200 ഗ്രാമും പഴവര്‍ഗ്ഗങ്ങള്‍ 500 ഗ്രാമും പിന്നെ എനര്‍ജി ഫുഡ്‌സ്‌ 20 ശതമാനവുമാണ്‌. പട്ടിണി മൂലം ദിവസം പത്ത്‌ കുട്ടികള്‍ എത്യോപ്യയില്‍ മരിക്കുന്നു എന്ന യുനിസെഫിന്റെ കണക്ക്‌ ഇതിനോട്‌ ചേര്‍ത്ത്‌ വായിക്കണം.
അടിസ്ഥാനപരമായി ഇന്ത്യന്‍ കായികരംഗം മാറുന്നില്ല എന്ന സത്യത്തിന്‌ അടിവരയിടാന്‍ ഭക്ഷണക്രമം മറ്റൊരു ഉദാഹരണമാണ്‌. 2012 ഒളിംപിക്‌സിന്‌ മുന്നോടിയായി കേന്ദ്രകായിക മന്ത്രാലയം 2011 ഏപ്രില്‍ മുതലുള്ള പതിനാല്‌ മാസത്തേക്ക്‌ അനുവദിച്ചത്‌ 258 കോടിയാണ്‌....! പരിശീലനത്തിനും രാജ്യാന്തര മല്‍സര പരിചയത്തിനും പിന്നെ താരങ്ങളുടെ ആരോഗ്യത്തിനുമായാണ്‌ ഈ വലിയ തുക അനുവദിച്ചത്‌. ഇന്ത്യന്‍ കായിക ചരിത്രത്തില്‍ ആദ്യമായാണ്‌ ഇത്രയും വലിയ തുക സര്‍ക്കാര്‍ നീക്കി വെക്കുന്നത്‌. സ്വകാര്യ ഗ്രൂപ്പുകളുടെ സഹായങ്ങള്‍ വേറെയും.
പരിശീലനത്തിലും ഭക്ഷണ കാര്യങ്ങളിലുമൊന്നും താരങ്ങളുടെ അഭിപ്രായങ്ങള്‍ ആരും ഗൗനിക്കുന്നില്ല. എല്ലാ പരിശീലന കേന്ദ്രങ്ങളിലും സ്ഥിരക്കാരായ പാചകക്കാരാണുള്ളത്‌. അവര്‍ക്ക്‌ ഉന്നതര്‍ നല്‍കുന്നത്‌ പതിവ്‌ മെന്യുവാണ്‌. അതനുസരിച്ച്‌ അവര്‍ പാചകം ചെയ്യുന്നു. കൂടുതല്‍ ഭക്ഷണം ചോദിച്ചാല്‍ പോലും പ്രശ്‌നങ്ങളുണ്ടാവുന്ന അവസ്ഥയാണ്‌ പലയിടങ്ങളിലും. ആധുനിക പരിശീലകര്‍ ആദ്യം തയ്യാറാക്കുന്നത്‌ താരങ്ങള്‍ക്കുള്ള ഭക്ഷണക്രമമാണ്‌. ഗുസ്‌തിക്കാരന്‌ കൊടുക്കുന്ന ഭക്ഷണമായിരിക്കില്ല ബോക്‌സര്‍ക്ക്‌ നല്‍കുന്നത്‌. അത്‌ലറ്റുകള്‍ക്ക്‌ നല്‍കുന്നത്‌ മറ്റൊരു മെന്യൂവായിരിക്കും. അതായത്‌ താരങ്ങളുടെ മല്‍സര ഇനം പോലെ അവരുടെ ശരീര ബലത്തെ പുഷ്‌ടിപ്പെടുത്തുന്ന ഭക്ഷണത്തിന്‌ പരിശീലകര്‍ നിര്‍ദ്ദേശം നല്‍കുമ്പോള്‍ ഇവിടെ എല്ലാവര്‍ക്കും ഒരേ ഭക്ഷണം. പരിശീലകരുടെ നിര്‍ദ്ദേശങ്ങള്‍ക്ക്‌ പുല്ലുവില്ല. എല്ലാ താരങ്ങളും പത്ത്‌ മണിക്കൂറോളം പരിശീലനം നടത്തുന്നവരാണ്‌. രാവിലെ നേന്ത്രപ്പഴവും മുട്ടയും കഴിച്ചാല്‍ പിന്നെ വെളളം മാത്രമാണ്‌ ഉപയോഗിക്കുക. ഉച്ചഭക്ഷണ സമയത്താണ്‌ ദാലും റൊട്ടിയും പന്നിറൂം വരുക. വൈകീട്ട്‌ കാര്യമായ ഭക്ഷണങ്ങളില്ല. രാത്രിയായാലും ദാല്‍-റൊട്ടി-പന്നീര്‍ കോമ്പിനേഷന്‍ തന്നെ. നാല്‌ വര്‍ഷം മുമ്പ്‌ ബെയ്‌ജിംഗില്‍ ഇന്ത്യക്ക്‌ ഗുസ്‌തിയില്‍ വെങ്കലം സമ്മാനിച്ച സുശീല്‍ കുമാര്‍ പരിശീലന ക്യാമ്പിലെ ഭക്ഷണം കഴിക്കാറില്ല. ഹരിയാനയിലെ സനാപേട്ടിലുള്ള സായ്‌ സെന്ററിലെ ഭക്ഷണം തനിക്ക്‌ പറ്റില്ലെന്ന്‌ താരം തന്നെ തുറന്ന്‌ പറഞ്ഞു. ഗുസ്‌തി പോലെ ഒരു കായിക ഇനത്തില്‍ ഒരു താരത്തിന്‌ ആവശ്യമായ ഊര്‍ജ്ജം പ്രദാനം ചെയ്യുന്ന ഒന്നും ആ ഭക്ഷണ ക്രമത്തില്ലില്ല. അതിനാല്‍ വീട്ടില്‍ നിന്ന്‌ ഭക്ഷണം വരുത്തിയാണ്‌ സുശീലിന്റെ പരിശീലനം. ബെയ്‌ജിംഗിന്‌ ശേഷം സുശീലിന്‌ അത്യാവശ്യ പ്രശസ്‌തിയായി. അദ്ദേഹത്തിന്‌ സ്‌പോണ്‍സര്‍മാരുണ്ട്‌. അതിനാല്‍ സാമ്പത്തിക പ്രയാസമില്ല. ഭക്ഷണം സ്വന്തമായി തയ്യാറാക്കി കഴിക്കാം.
ഭക്ഷണത്തില്‍ പുലര്‍ത്തുന്ന അലസത താരങ്ങളുടെ ആരോഗ്യത്തെ ബാധിക്കുമ്പോള്‍ പരുക്കും മറ്റ്‌ കാര്യങ്ങളും ശ്രദ്ധിക്കേണ്ടതിലും കാര്യമായ താല്‍പ്പര്യം അധികാരികള്‍ പ്രകടിപ്പിക്കുന്നില്ല. എല്ലാ സംഘത്തിനൊപ്പവും ഫിസിയോ തെറാപിസ്‌റ്റുകളുണ്ടാവും. ചില താരങ്ങള്‍ക്ക്‌ സ്വന്തം ഫിസിയോ തെറാപിസ്‌റ്റുകളുണ്ടെങ്കില്‍ ചിലപ്പോള്‍ ടീമിനൊപ്പം ഒന്നോ രണ്ടോ ഫിസിയോ തെറാപിസ്‌റ്റുകളെ വെക്കാറുണ്ട്‌. എന്നാല്‍ ഗുസ്‌തി സംഘത്തില്‍ ഒരു ഫിസിയോ തെറാപിസ്‌റ്റുമില്ല. സൂശീലിനെ പോലുള്ളവര്‍ സ്വന്തം പോക്കറ്റില്‍ നിന്ന്‌ പണമെടുത്താണ്‌ ഫിസിയോ തെറാപിസ്റ്റുകളെ കൊണ്ട്‌ പോയിരിക്കുന്നത്‌. സായ്‌ വിദേശത്ത്‌ നിന്ന്‌ ഫിസിയോതെറാപിസ്‌റ്റുകളെ നിയമിച്ചിട്ടുണ്ട്‌. ഇവര്‍ക്ക്‌ പക്ഷേ ഇന്ത്യന്‍ സാഹചര്യങ്ങളെയോ ഇന്ത്യന്‍ താരങ്ങളെയോ പഠിക്കാന്‍ കഴിയുന്നില്ല.
നല്ല ഭക്ഷണം നല്‍കാന്‍, താരങ്ങളുടെ ആരോഗ്യ സംരക്ഷണം മുന്‍നിര്‍ത്തി ഫിസിയോകെളെ ടീമിനൊപ്പം ചേര്‍ക്കാന്‍ എന്താണ്‌ ഇത്ര പ്രയാസം. സ്‌പോര്‍ട്‌സ്‌ അതോരിറ്റി ഓഫ്‌ ഇന്ത്യയുടെ സമീപകാല ഫയലുകള്‍ നോക്കിയാല്‍ കാണാം കായിക മന്ത്രാലയം നല്‍കിയ കാശിന്റെ ചരിത്രം. 2009 ല്‍ 678 കോടിയാണ്‌ സായിക്ക്‌ നല്‍കിയത്‌. അതിന്‌ ശേഷമാണ്‌ ഒളിംപിക്‌സ്‌ മുന്‍നിര്‍ത്തി മാത്രം 258 കോടി നല്‍കിയത്‌. ഇത്രയൊക്കെ നല്‍കിയിട്ടും താരങ്ങള്‍ ഭക്ഷണകാര്യത്തില്‍ പോലും പരാതിപ്പെടേണ്ടി വരുന്നത്‌ വേദനാജനകമാണ്‌. ഒളിംപിക്‌സ്‌ പോലെ വലിയ മേളക്ക്‌ പോവുമ്പോള്‍ അവിടെ അത്‌ലറ്റ്‌സ്‌ വില്ലേജില്‍ ലഭിക്കുന്ന ഭക്ഷണത്തെ ആശ്രയിക്കേണ്ടി വരും. വലിയ രാജ്യങ്ങള്‍ സ്വന്തം മെന്യൂ നിര്‍ബന്ധമായും നല്‍കുമ്പോള്‍ നമ്മള്‍ പതിവ്‌ ഏഷ്യന്‍ വിഭവങ്ങളില്‍ സംതൃപ്‌തരാവുന്നു. ദാലും റൊട്ടിയും കഴിച്ച്‌ മെലിഞ്ഞൊട്ടിയ ശരീരവുമായി നമ്മുടെ താരങ്ങള്‍ മല്‍സരിക്കുന്നത്‌ കരുത്തന്മാരായ വിദേശികളുമായാണ്‌. പിന്നെ എവിടെ ജയിക്കാനാണ്‌...ഉസൈന്‍ ബോള്‍ട്ടിന്റെ കായബലവും മസിലും ഒന്ന്‌ നോക്കുക-നമ്മുടെ കെ.ടി ഇര്‍ഫാന്റെയും......

No comments: