Monday, July 16, 2012

INDIAN BEHAVIOUR TO A COACH


പണത്തിന്റെ ഇന്ത്യന്‍ മാര്‍ക്കറ്റ്‌
എന്ത്‌ കൊണ്ട്‌ ലണ്ടന്‍ ഒളിംപിക്‌സിന്‌ യോഗ്യത നേടാന്‍ കഴിഞ്ഞില്ല എന്ന ചോദ്യത്തിന്‌ ഇന്ത്യയുടെ ദീര്‍ഘദൂര ഓട്ടക്കാരിയായ പ്രീജ ശ്രീധരന്‍ നല്‍കിയ മറുപടി ഗൗരവമുള്ളതാണ്‌. ഏഴ്‌ മാസം മുമ്പ്‌ നിയോഗിതനായ ഇറ്റലിക്കാരനായ പുതിയ പരിശീലകന്റെ തന്ത്രങ്ങളിലെ പരിചയക്കുറവും വളരെ വൈകിയുള്ള വിദേശ മല്‍സരങ്ങളും തന്നെ തളര്‍ത്തിയെന്നാണ്‌ പ്രീജ വ്യക്തമാക്കിയിരിക്കുന്നത്‌. തോല്‍ക്കുമ്പോള്‍ താരങ്ങളല്ല എല്ലാവരും കാര്യകാരണങ്ങള്‍ നികത്തും. പക്ഷേ പ്രീജ പറയുന്നതില്‍ കാര്യമുണ്ട്‌- ഗോഞ്ചു ഏഷ്യന്‍ ഗെയിംസില്‍ തകര്‍പ്പന്‍ പ്രകടനത്തിലൂടെ 10,000 മീറ്ററില്‍ സ്വര്‍ണവും 5,000 മീറ്ററില്‍ വെള്ളിയും നേടിയ താരത്തിന്റെ കോച്ച്‌ നിക്കോളായി സിസറേവ്‌ എന്ന ബെലാറൂസുകാരനായിരുന്നു. ആ നേട്ടത്തിന്‌ ശേഷം അത്‌ലറ്റ്‌സ്‌ വില്ലേജില്‍ വെച്ച്‌ നിക്കോളായിയെ കണ്ടപ്പോള്‍ അദ്ദേഹം ആത്മവിശ്വാസത്തോടെ പറഞ്ഞത്‌ ഒരു വര്‍ഷത്തിനകം പ്രീജ ലോകോത്തര താരമാവുമെന്നാണ്‌. കെനിയയുടെയും മറ്റ്‌ ആഫ്രിക്കന്‍ താരങ്ങളുടെയും സ്റ്റാമിനയില്‍ പ്രകടമാവുന്ന കരുത്ത്‌ മാത്രമാണ്‌ അകന്ന്‌ നില്‍ക്കുന്നതെന്നും ശക്തമായ പരിശീലനത്തില്‍ പ്രീജക്ക്‌ പ്രശ്‌നങ്ങളെ അതിജീവിക്കാന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാല്‍ പിന്നീട്‌ കേട്ടത്‌ നിക്കോളായിയെ പുറത്താക്കിയ വാര്‍ത്തയായിരുന്നു. പുതിയ കോച്ചിനെയും നിയമിച്ചു. അദ്ദേഹത്തിന്റെ തന്ത്രങ്ങളുമായി പരിചയപ്പെട്ടുവരുമ്പോഴാണ്‌ ഒളിംപിക്‌ വന്നെത്തിയിരിക്കുന്നത്‌. ഇറ്റലിയില്‍ വെച്ചായിരുന്നു പ്രീജയുടെ അവസാന യോഗ്യതാ ട്രയല്‍സ്‌. അതിലും പരാജയപ്പെട്ട താരത്തിന്‌ ലണ്ടനില്‍ മല്‍സരിക്കാനാവില്ല.
ഏഷ്യന്‍ ഗെയിംസില്‍ നല്ല റെക്കോര്‍ഡ്‌ നല്‍കിയ പരിശീലകനെ ഒഴിവാക്കിയതിന്‌ ഇന്ത്യന്‍ അത്‌ലറ്റിക്‌ ഫെഡറേഷന്‍ സ്വന്തം ന്യായീകരണങ്ങള്‍ നിരത്തിയിട്ടുണ്ട്‌. താരങ്ങള്‍ക്ക്‌ അനാവശ്യ ജോലിഭാരം നല്‍കുന്നതും അസുഖങ്ങള്‍ വരുമ്പോള്‍ നിരോധിക്കപ്പെട്ട മരുന്നുകള്‍ ഉപദേശിക്കുന്നതുമെല്ലാമാണ്‌ അവര്‍ നിരത്തിയ എസ്‌ക്യൂസുകള്‍.(പക്ഷേ താരങ്ങളാരും നിക്കോളായിയെ കുറപ്പെടുത്തിയിട്ടില്ല) പ്രീജ, സുധാസിംഗ്‌, കവിതാ റൗട്ട്‌ തുടങ്ങിയ ഭാവി വാഗ്‌ദാനങ്ങളെ രാജ്യാന്തര നിലവാരത്തിലേക്ക്‌ ഉയര്‍ത്തിയ പരിശീലകനോട്‌ ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത്‌ അധികാരികളുടെ സമീപനത്തില്‍ മനം മടുത്തുവെന്നാണ്‌.
ആര്‌ പറയുന്നതാണ്‌ ശരി...? നമ്മുടെ അധികാരികളെ എന്തായാലും കണ്ണുമടച്ച്‌ വിശ്വസിക്കാനാവില്ല. സ്വന്തം നിലനില്‍പ്പിനായി അവര്‍ നടത്തുന്ന നാടകങ്ങളില്‍ ഒന്ന്‌ മാത്രമാവാം നിക്കോളായിയെ പുറത്താക്കിയത്‌.
ബെലാറൂസുകാരാനയ നിക്കോളായിയുമായി ചൈനയില്‍ വെച്ച്‌ ദീര്‍ഘസമയം സംസാരിക്കാന്‍ കഴിഞ്ഞതില്‍ നിന്നും മനസ്സിലായത്‌ അദ്ദേഹത്തിന്റെ ഇന്ത്യന്‍ താല്‍പ്പര്യമാണ്‌. പ്രീജയെയും സുധയെയും കവിതയെയും അദ്ദേഹത്തിന്‌ ഇഷ്‌ടമായിരുന്നു. മൂന്ന്‌ പേരും കഠിനാദ്ധ്വാനികള്‍. ഇടക്കുള്ള വീടു സന്ദര്‍ശനം മാത്രമായിരുന്നു അദ്ദേഹം പ്രശ്‌നമായി പറഞ്ഞിരുന്നത്‌. മൂന്ന്‌ പേരുടെയും മസില്‍ വളര്‍ച്ച പ്രശ്‌നമായിരുന്നു. ചെറിയ പ്രായത്തില്‍ പോഷകാഹാര സമൃദ്ധമായ ഭക്ഷണങ്ങള്‍ കഴിക്കാതിരുന്നതിനാല്‍ മസില്‍ വളര്‍ച്ച മന്ദഗതിയിലാണ്‌. ആ മസിലുകളെ ശക്തിവത്താക്കി, സ്‌റ്റാമിനാതലം ഉയര്‍ത്തി കൂടുതല്‍ വര്‍ക്കൗട്ടുകള്‍ നടത്തി ശരീരത്തിനും മനസ്സിനും കരുത്ത്‌ നല്‍കാനാണ്‌ നിക്കോളായി ശ്രമിച്ചത്‌. തന്റെ ദൗത്യത്തില്‍ അദ്ദേഹം വിജയിച്ചതിന്‌ ധാരാളം തെളിവുകളുണ്ട്‌. പ്രീജയുടെയും കവിതയുടെയും ഏഷ്യന്‍ ഗെയിംസ്‌ നേട്ടത്തിന്‌ പുറമെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസില്‍ സുധയും ഒന്നാമത്‌ വന്നു. കവിത ഡല്‍ഹി കോമണ്‍വെല്‍ത്ത്‌ ഗെയിസിലും മെഡല്‍ സ്വന്തമാക്കിയിരുന്നു. കോമണ്‍വെല്‍ത്തിലെയും ഏഷ്യന്‍ ഗെയിംസിലെയും നേട്ടങ്ങള്‍ ആയുധമാക്കി ഒളിംപിക്‌സ്‌ മെഡല്‍ എന്ന അദ്ദേഹത്തിന്റെ പ്ലാനാണ്‌ കായികമന്ത്രാലയവും സായിയും ചേര്‍ന്ന്‌ മറിച്ചിട്ടത്‌. ഏഷ്യന്‍ ഗെയിംസിന്‌ ശേഷം അവധിക്ക്‌ പോയ നിക്കോളായി കൂടുതല്‍ പ്രതിഫലം ചോദിച്ചിരുന്നു. കൂടാതെ കായിക പരിശീലനമറിയുന്ന തന്റെ ഭാര്യക്ക്‌ ഒരു ജോലിയും തേടി. ഈ രണ്ട്‌ ആവശ്യങ്ങളും ഉന്നയിച്ചപ്പോള്‍ അദ്ദേഹം ഒളിംപിക്‌സിലെ രാജ്യത്തിന്റെ മെഡല്‍ പ്രതീക്ഷകളെക്കുറിച്ചും വ്യക്തമാക്കിയിരുന്നു. എന്നാല്‍ കായിക മന്ത്രാലയം അതിന്‌ തയ്യാറായില്ല. ചെറിയ ഒരു പ്രതിഫല വര്‍ദ്ധന മാത്രം നിര്‍ദ്ദേശിച്ച്‌ അവര്‍ വാതില്‍ അടച്ചു. പ്രീജയോടോ കവിതയോടോ ഒന്ന്‌ ചോദിച്ചത്‌ പോലുമില്ല. സ്വന്തം പരിശീലകന്‍ അകന്ന കാര്യം വളരെ വൈകിയാണ്‌ ഇവരറിയുന്നത്‌. ഇതാണ്‌ നമ്മുടെ മര്യാദ.
സാധാരണ ഗതയില്‍ പരിശീലകനെ പുറത്താക്കുന്നതില്‍ പരമ്പരാഗതമായി നമ്മള്‍ അവലംബിക്കുന്ന മാതൃകയുണ്ട്‌. വലിയ ചാമ്പ്യന്‍ഷിപ്പില്‍ ടീം പങ്കെടുക്കുകയും തോല്‍ക്കുകയും ചെയ്യുമ്പോള്‍ ബലിയാടായി അധികാരികള്‍ പരിശീലകനെ കണ്ടെത്തും. അദ്ദേഹത്തെയങ്ങ്‌ പുറത്താക്കും. ക്രിക്കറ്റിലും ഹോക്കിയിലും അത്‌ലറ്റിക്‌സിലുമെല്ലാം ഇത്‌ പതിവ്‌ സംഭവമാണ്‌. ഇന്ത്യന്‍ ഫുട്‌ബോളിന്‌ വളര്‍ച്ചയുടെ വഴികള്‍ ഉപദേശിക്കുക മാത്രമല്ല അത്‌ കാണിക്കുകയും താരങ്ങള്‍ കൈയ്യടിക്കുകയും ചെയ്‌ത ഡേവ്‌ ഹൂട്ടണെ അകാരണമായി പുറത്താക്കി. സ്റ്റീഫന്‍ കോണ്‍സ്‌റ്റൈന്‍ എന്ന പരിശീലകനോടും കരുണ കാട്ടിയില്ല. ഹോക്കിയില്‍ ഇപ്പോള്‍ മൈക്കല്‍ നോബ്‌സ്‌ എന്ന ഓസ്‌ട്രേലിയക്കാരനുണ്ട്‌. അദ്ദേഹത്തിന്റെ മുന്‍ഗാമികളായ എത്രയോ പേരെ വെറുതെ പുറത്താക്കിയിട്ടുണ്ട്‌. നിക്കോളായിയുടെ കാര്യത്തില്‍ പക്ഷേ തോല്‍വിയുണ്ടായിരുന്നില്ല. കര്‍ക്കശക്കാരനായ ആ കോച്ച്‌ വിജയം മാത്രമാണ്‌ സമ്മാനിച്ചത്‌. ബംഗ്ലൂരൂവിലും പട്യാലയിലും പൂനെയിലുമായി അദ്ദേഹം താരങ്ങള്‍ക്ക്‌ നല്‍കിയത്‌ അതിജീവനത്തിന്റെ പാഠങ്ങളായിരുന്നു. ഒളിംപിക്‌സ്‌ വര്‍ഷത്തില്‍ ശക്തനായ ഒരു പരിശീലകനോട്‌ അധികാരികള്‍ ചെയ്‌ത പാതകത്തില്‍ രണ്ട്‌ താരങ്ങള്‍ ബലികഴിക്കപ്പെട്ടിരിക്കുന്നു. പ്രീജക്കും കവിതക്കും ഇനി അടുത്ത ഒളിംപിക്‌സ്‌ വരെ കാത്തിരിക്കണം. അര്‍ജുനയും ഏഷ്യന്‍ മെഡലുകളുമെല്ലാമായി പ്രീജ വിവാഹിതയാവാന്‍ പോവുന്നു. ട്രാക്കില്‍ അവള്‍ക്കിനി തുടരാനാവുമോ എന്നത്‌ വലിയ ചോദ്യം. നാല്‌ വര്‍ഷം കഴിയുമ്പോഴേക്കും ലോകം എത്ര മാറിയിരിക്കും എന്നത്‌ മറ്റൊരു ചോദ്യം. പക്ഷേ ഇപ്പോള്‍ തന്നെ ഉത്തരം നല്‍കാന്‍ കഴിയുന്ന ഒരു ചോദ്യമുണ്ട്‌-നാല്‌ വര്‍ഷം കഴിഞ്ഞാലും നമ്മുടെ അധികാരികള്‍ മാറില്ല. അവിടെ കല്‍മാഡിമാരും മല്‍ഹോത്രമാരും ഭാനോട്ടുമാരും തന്നെയായിരിക്കും....
നിക്കോളായി പ്രതിഫലം കൂടുതല്‍ ചോദിച്ചപ്പോള്‍ മുഖം നല്‍കാത്തവര്‍ സ്വന്തം പ്രതിഫലം അടിക്കടി വര്‍ദ്ധിപ്പിക്കുന്നു. കൂടാതെ പോക്കറ്റടിയും നടത്തുന്നു.

No comments: