Friday, July 6, 2012

MARY THE REAL BET


ഇത്തവണ ലണ്ടനിലേക്ക്‌ ഇന്ത്യ അയക്കാന്‍ പോവുന്നത്‌ എണ്‍പതോളം വരുന്ന സംഘത്തെയാണ്‌. ഔദ്യോഗിക ഭാഷയില്‍ പറഞ്ഞാല്‍ ശക്തമായ സെലക്ഷന്‍ പ്രക്രിയയിലുടെയും കഠിനമായ പരിശീലനത്തിലുടെയും തെരഞ്ഞെടുക്കപ്പെടുന്നവര്‍.(കര്‍ക്കശമായ ഇടപെടലുകളിലൂടെയും ഉന്നത സ്വാധീനത്താലുമെന്നും തിരുത്തി വായിക്കുക). ഹോക്കി, ടെന്നിസ്‌, ഗുസ്‌തി, ബോക്‌സിംഗ്‌, ഷൂട്ടിംഗ്‌, ബാഡ്‌മിന്റണ്‍, അത്‌ലറ്റിക്‌സ്‌ തുടങ്ങിയ ഇനങ്ങളിലായാണ്‌ കൂടുതല്‍ താരങ്ങള്‍. ഈ താരങ്ങളില്‍ ലോകത്തിന്‌ പരിചയമുള്ള അധികമാരുമില്ല.
കായിക ലോകത്തിന്‌ ഇന്ത്യയെന്നാല്‍ അത്‌ വിശ്വനാഥന്‍ ആനന്ദും മഹേന്ദ്രസിംഗ്‌ ധോണിയും സച്ചിന്‍ ടെണ്ടുല്‍ക്കറുമെല്ലാമാണ്‌. അവരുടെ ചിത്രങ്ങള്‍ മാത്രമാണ്‌ മാധ്യമങ്ങളിലും ചര്‍ച്ചകളിലും നിറഞ്ഞ്‌ നില്‍ക്കുന്നത്‌. ആനന്ദും ധോണിയും സച്ചിനുമൊന്നും ഒളിംപിക്‌സിനില്ല. (ക്രിക്കറ്റ്‌ ഒളിംപിക്‌്‌സില്‍ മല്‍സര ഇനമാക്കിയാല്‍ പോലും നമ്മുടെ ക്രിക്കറ്റ്‌ ബോര്‍ഡിന്റെ ഒരു ലൈന്‍ വെച്ച്‌ അവര്‍ പങ്കെടുക്കില്ല. അവരുടെ കണ്ണില്‍ ഒളിംപിക്‌സ്‌ എന്നാല്‍ അത്‌ അധ:കൃതരുടെ സംഗമമാണ്‌. ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ്‌ മല്‍സര ഇനമാക്കിയപ്പോള്‍ തിരിഞ്ഞ്‌ നോക്കിയിരുന്നില്ല ആരും. ഒരു ടീമിനെ അയക്കാന്‍ പോലമുള്ള കാരുണ്യം കാണിക്കാത്തവര്‍). ഗെയിംസുകളില്‍ പങ്കെടുക്കുന്നത്‌ താരതമ്യേന അറിയപ്പെടാത്തവരാണ്‌. അസോസിയേഷന്‍കാര്‍ വലിയ പ്രതിഫലം നല്‍കാത്തവര്‍. ക്യാമറാ കാഴ്‌ച്ചകളില്‍ നിറയാത്തവര്‍. അരപ്പട്ടിണിയിലും മുഴുപ്പട്ടിണിയിലും രാജ്യത്തെ സ്‌നേഹിക്കുന്നവര്‍. പറക്കും സിക്ക്‌ മില്‍ഖാസിംഗില്‍ തുടങ്ങി ദീപികാ കുമാരിയില്‍ എത്തിയാല്‍ എല്ലാവരും ഒരു നേരത്തെ അന്നത്തിന്‌ പ്രയാസപ്പെട്ടവര്‍.
ഇന്നലെ ഒരു ബ്രിട്ടിഷ്‌ മാഗസിന്‍ നടത്തിയ തെരഞ്ഞെടിുപ്പില്‍ രസകരമായ സത്യം തെളിഞ്ഞു. ആഗോള കായിക ലോകത്ത്‌ വിപണിയുള്ള താരങ്ങളുടെ പട്ടികയിലെ ആദ്യ അമ്പതില്‍പ്പെട്ട രണ്ട്‌ ഇന്ത്യക്കാരില്‍ ഒരാള്‍ മേരി കോം എന്ന വനിതാ ബോക്‌സര്‍. നമ്മുടെ ക്രിക്കറ്റ്‌ ക്യാപ്‌റ്റന്‍ മഹേന്ദ്രസിംഗ്‌ ധോണി (16)ക്കൊപ്പമാണ്‌ അഞ്ച്‌ തവണ ലോകപ്പട്ടം കരസ്ഥമാക്കിയ മേരി കോമും(38) പോപ്പുലര്‍ പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്‌. രണ്ട്‌ പേരും നാട്ടിന്‍പുറത്തുകാരാണ്‌. സ്വപ്രയത്‌നത്താല്‍ മുന്നോട്ട്‌ വന്നവര്‍. താര്‍ഖണ്‌ഡിലെ റാഞ്ചിക്കാരനാണ്‌ എം.എസ്‌ ധോണി. ഇന്ത്യക്ക്‌ ലോകകപ്പ്‌ സമ്മാനിച്ച നായകന്‍. ഇന്ത്യന്‍ ക്രിക്കറ്റിലെ ഐക്കണ്‍ താരം. ക്രിക്കറ്റിന്‌ മാധ്യമലോകവും കോര്‍പ്പറേറ്റ്‌ ലോകവും നല്‍കുന്ന തുറന്ന പിന്തുണയിലാണ്‌ ധോണി താരമായതെങ്കില്‍ ഒന്നുമില്ലായ്‌മയില്‍ നിന്ന്‌ ഇഛാശക്തിയില്‍ മാത്രം ലോകതലത്തില്‍ ഒന്നാമത്‌ വന്നിരിക്കുന്ന ബോക്‌സറാണ്‌ മേരി. പ്രായം 29. രണ്ട്‌ കുട്ടികളുടെ മാതാവാണ്‌ മണിപ്പൂരുകാരി.
ഇത്തവണ ലണ്ടനില്‍ ഇന്ത്യയുടെ വലിയ സംഘത്തില്‍ വ്യക്തമായ മെഡല്‍ സാധ്യത നിലനില്‍ക്കുന്നത്‌ മേരിക്കാണ്‌. ആദ്യമായി ഒളിംപിക്‌സില്‍ മല്‍സര ഇനമാക്കിയ വനിതാ ബോക്‌സിംഗിലെ സ്വന്തം ഇനത്തില്‍ അഞ്ച്‌ തവണയാണ്‌ മേരി ലോക ജേതാവായത്‌. ആരില്‍ നിന്നും ഒന്നും ചോദിക്കുന്ന സ്വഭാവക്കാരിയല്ല മേരി. സ്വന്തം കരുത്തിലാണ്‌ വിശ്വാസം. ആരെയും തോല്‍പ്പിക്കാമെന്ന അഹങ്കാരവുമില്ല. പക്ഷേ റിംഗില്‍ തന്റെ ധൈര്യം പ്രകടിപ്പിക്കാനും അത്‌ വഴി വിജയിക്കാനും കഴിയുമ്പോള്‍ പ്രൊഫഷണല്‍ സമീപനത്തിന്റെ ഇന്ത്യന്‍ പ്രതിരൂപമാണ്‌ ഈ ഗ്രാമീണതാരം. 46-48 കിലോഗ്രാം വിഭാഗത്തില്‍ ഇന്ന്‌ മേരിയെ തോല്‍പ്പിക്കാന്‍ ആരുമില്ല. ഒളിംപിക്‌സ്‌ വേദിയാവുമ്പോള്‍ കൂടുതല്‍ മല്‍സരക്കാരില്ല. നാല്‌ മല്‍സരങ്ങള്‍ ജയിക്കാനായാല്‍ മെഡലുറപ്പാക്കാം. ക്യൂബക്കാരാണ്‌ കാര്യമായ വെല്ലുവിളിയെന്ന്‌ മനസ്സിലാക്കുമ്പോഴും മേരി ടെന്‍ഷനടിച്ച്‌ സംസാരിക്കുന്നില്ല. 29 ന്റെ പക്വതയില്‍ അവര്‍ ആവര്‍ത്തിക്കുന്നത്‌ നന്നായി മല്‍സരിക്കുമെന്നാണ്‌.
ഇന്റര്‍നാഷണല്‍ ബോക്‌സിംഗ്‌ അസോസിയേഷന്‍ (എ.ഐ.ബി.എ) നടത്തുന്ന ചാമ്പ്യന്‍ഷിപ്പുകളിലെ ലോക കിരീടത്തിന്റെ അഹങ്കാരം പ്രകടിപ്പിക്കാതെ, ലോക റാങ്കിംഗിലെ നാലാം സ്ഥാനത്തെക്കുറിച്ച്‌ വാചകമടിക്കാതെ പ്രതിയോഗികളെ ബഹുമാനിക്കുന്ന സ്‌പോര്‍ട്‌സ്‌ മാന്‍ സ്‌പിരിറ്റില്‍ മേരി ഈ വലിയ യാത്രക്ക്‌ തണലേകിയ ഭര്‍ത്താവിനാണ്‌ ഫുള്‍ മാര്‍ക്ക്‌ നല്‍കുന്നത്‌. രണ്ട്‌ കുട്ടികളുടെ മാതാവയ ഒരാള്‍ക്ക്‌ ലോക വേദികളിലുടെ സഞ്ചരിച്ച്‌ മല്‍സരങ്ങള്‍ മാത്രം ഭക്ഷിച്ച്‌ നടക്കണമെങ്കില്‍ വീട്ടിലും കുടുംബത്തിലും ഒരു തണല്‍ വേണം. ഭര്‍ത്താവിന്റെ ആ തണലാണ്‌ ഇപ്പോഴും മേരിക്ക്‌ ഊര്‍ജ്ജമാവുന്നത്‌.
കഴിഞ്ഞ ഒരു വര്‍ഷം ലണ്ടന്‍ ടിക്കറ്റിനായുള്ള പഞ്ചുകള്‍ മാത്രമായിരുന്നു. സരിതാ ദേവി, പൂജാറാണി, നിതു കഹാല്‍, കെ.മന്ദാകിനി തുടങ്ങിയ ബോക്‌സര്‍മാര്‍ക്കൊപ്പം സ്വന്തം വെയിറ്റ്‌ കാറ്റഗറിയില്‍ കടുത്ത മല്‍സരമുണ്ടായിരുന്നു. 70 രാജ്യങ്ങളില്‍ നിന്നുള്ള 305 വനിതാ ബോക്‌സര്‍മാരില്‍ നിന്നും ഒളിംപിക്‌ ടിക്കറ്റ്‌ നേടുകയെന്നത്‌ തന്നെ വെല്ലുവിളിയായിരുന്നു. യോഗ്യതാ ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ബ്രിട്ടന്റെ നിക്കോളാ ആഡസിനോട്‌ പരാജയപ്പെട്ടത്‌ മേരിക്ക്‌ തിരിച്ചടിയായിരുന്നു. എന്നാല്‍ ഭാഗ്യത്തിന്റെ അകമ്പടിയില്‍ ഒളിംപിക്‌ ബെര്‍ത്ത്‌ ലഭിച്ചതിന്‌ ശേഷം മേരി കഠിനമായ പരിശീലനത്തില്‍ മാത്രം ശ്രദ്ധിച്ചാണ്‌ മുന്നേറുന്നത്‌. പൂനെയില്‍ വിദേശ കോച്ച്‌ ചാള്‍സ്‌ അറ്റ്‌കിന്‍സണിന്റെ പരിശീലനത്തിലാണ്‌ ഇപ്പോള്‍. ഈ മാസം 21 ന്‌ ലിവര്‍പൂളിലേക്ക്‌ പോവും. ഇംഗ്ലീഷ്‌ സാഹചര്യങ്ങളെ പഠിക്കുകയാണ്‌ ലക്ഷ്യം.
മേരിയാണ്‌ ലണ്ടനിലെ ഇന്ത്യയുടെ ആദ്യ ബെറ്റ്‌ എന്നത്‌ സാധാരണക്കാരന്റെ അഭിമാനമാണ്‌. വായയില്‍ വെള്ളിക്കരണ്ടിയുമായി ജനിക്കാത്ത ഒരു പെണ്‍കുട്ടി, തൂപ്പൂപണിക്കാരായ മാതാപിതാക്കളുടെ ശിക്ഷണത്തില്‍ വളര്‍ന്ന്‌ ഇന്ന്‌ ആരെയും ഇടിച്ചിടുമ്പോള്‍ ആ നേട്ടത്തിന്‌ തിളക്കമേറെയാണ്‌. ഒരു ഒളിംപിക്‌ മെഡല്‍ കൂടി ലഭിച്ചാല്‍ അത്‌ മേരിയുടെ അദ്ധ്വാനത്തിനുള്ള ഫിനിഷിംഗ്‌ ടച്ചാവും.

No comments: