Saturday, July 14, 2012
NO OLYMPIC CHARTER FOR INDIA, WE HAVE KALMADI CHARTER
ഒളിംപിക് ചാര്‍ട്ടറും ഇന്ത്യയോട് തോല്‍ക്കുന്നു
ഒളിംപിക് ചാര്‍ട്ടര്‍ എന്നൊരു മഹത്തായ രേഖയുണ്ട്. ഒളിംപിക്‌സ് മഹാമേളയുടെ ചരിത്രത്തോളം പഴക്കമുള്ള ഗെയിംസ് നിയമങ്ങളെ പ്രതിപാദിക്കുന്ന അടിസ്ഥാന രേഖ. വളരെ വ്യക്തമായി ഒളിംപിക്‌സ് ലക്ഷ്യങ്ങളും ഒളിംപിക്‌സ് മൂല്യങ്ങളും വിവരിക്കുന്ന രേഖയില്‍ ഒരു വരിയുണ്ട്-കായികതയുടെ വിശ്വാസ്യതക്ക് വിഘ്‌നം നില്‍ക്കുന്നവരോട് മമത പാടില്ല. എല്ലാ രാജ്യങ്ങളും എല്ലാ കായിക ഫെഡറേഷനുകളും ഈ ചാര്‍ട്ടര്‍ പാലിക്കാനും നിയമവ്യവസ്ഥകളെ ഉയര്‍ത്തിപ്പിടിക്കാനും ബാധ്യസ്ഥരാണ്.
കായികതയുടെ വിശ്വാസ്യതക്ക് വിഘ്‌നം നില്‍ക്കുന്നവരുടെ പട്ടികയിലേക്ക് നിസ്സംശയം ചൂണ്ടിക്കാട്ടാം സുരേഷ് കല്‍മാഡിയെ. വളരെ വ്യക്തമായ തെളിവുകളുമായി നിയമത്തിന് മുന്നില്‍ പിടിക്കപ്പെട്ട വ്യക്തി. വലിയ ഒരു ചാമ്പ്യന്‍ഷിപ്പിന്റെ മുഖ്യ സംഘാടകനായി രാജ്യത്തിന്റെ ഖജനാവിന് കോടികള്‍ നഷ്ടപ്പെടുത്തിയ സംഘാടകന്‍. വ്യവസ്ഥിതികളെയും സത്യങ്ങളെയും പരസ്യമായി വെല്ലുവിളിക്കുന്ന വ്യക്തി. അത്തരത്തിലൊരാള്‍ കോടതിയുടെ വഴിയെ ഒളിംപിക്‌സിന്റെ ഭാഗമാവുമ്പോള്‍ ആര് തടയും...?
ഇന്റര്‍നാഷണല്‍ ഒളിംപിക് കമ്മിറ്റിയാണ് ഒളിംപിക് ചാര്‍ട്ടറിന്റെ സംരക്ഷകര്‍. അവരാണ് ചട്ടങ്ങള്‍ പാലിക്കപ്പെടുന്നുണ്ടോ എന്ന് ശ്രദ്ധിക്കേണ്ടവര്‍. ജാക്വസ് റോജെയാണ് കമ്മിറ്റിയുടെ തലവന്‍. അദ്ദേഹത്തിന് ഇന്ത്യന്‍ ഭരണക്കൂടവുമായോ, നമ്മുടെ കോടതികളുമായോ ബന്ധമില്ല. നേരിട്ടുള്ള ബന്ധം ഇന്ത്യന്‍ ഒളിംപിക് അസോസിയേഷനുമായാണ്. അവിടെ നിന്നാണ് സത്യങ്ങള്‍ അറിയേണ്ടത്. പക്ഷേ ഒന്നും അവരറിയുന്നില്ല. (സഊദി അറേബ്യ വനിതാ കായിക താരങ്ങള്‍ക്ക് ഒളിംപിക്‌സിന് അനുമതി നിഷേധിച്ചപ്പോള്‍ അതിനെതിരെ പ്രതിഷേധമുണ്ടായി. പരാതി ഒളിംപിക് കമ്മിറ്റിയിലെത്തി. സഊദിക്കാര്‍ ഒളിംപിക് ചാര്‍ട്ടര്‍ ലംഘിക്കുന്നുവെന്നായിരുന്നു ആരോപണം. ഉടന്‍ തന്നെ ഐ.ഒ.സി ഇടപ്പെട്ടു. പ്രശ്‌നം പരിഹരിച്ചു.)
ഇന്ത്യയിലെ പ്രശ്‌നങ്ങള്‍ ഇന്റര്‍നാഷണല്‍ ഒളിംപിക് കമ്മിറ്റിയെ അറിയിക്കേണ്ടത് നമ്മുടെ ഭരണക്കൂടമാണ്. കല്‍മാഡിക്ക് ലണ്ടന്‍ യാത്രാനുമതി കോടതി നല്‍കിയ ഉടന്‍ കേന്ദ്ര സ്‌പോര്‍ട്‌സ് മന്ത്രി അജയ് മാക്കന്‍ ശക്തനായി രംഗത്ത് വരുകയും കല്‍മാഡി ലണ്ടനിലേക്ക് പോവരുതെന്നും കല്‍മാഡിക്ക് അവസരം നല്‍കരുതെന്ന് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷനോട് ആവശ്യപ്പെടുകയും ചെയ്‌തു. നല്ല നീക്കം. കായികരംഗത്ത് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം അണ്ടിയാണോ മാങ്ങയാണോ വലുത് എന്ന പ്രശ്‌നമാണ്. അസോസിയേഷന്‍കാരും ഫെഡറേഷനുകളും പറയുന്നു തങ്ങളെ ചോദ്യം ചെയ്യാന്‍ ആരുമില്ലെന്ന്. കായിക മന്ത്രാലയം പറയുന്നു വലിയവന്മാര്‍ തങ്ങളാണെന്ന്. ഈ ശീതസമരത്തിന് കാലപ്പഴക്കമുണ്ട്. പക്ഷേ കേമന്മാര്‍ അസോസിയേഷന്‍കാര്‍ തന്നെയാണെന്നല്ലേ മന്ത്രിയുടെ വാക്കുകള്‍ തെളിയിക്കുന്നത്.
കല്‍മാഡിക്കെതിരെ വളരെ ശക്തമായ നിലപാട് എന്ത് കൊണ്ട് കായികമന്ത്രാലയം സ്വീകരിക്കുന്നില്ല...? ചൈനയില്‍ നിന്ന് ഒന്ന് ഉദാഹരിക്കാം. 2008 ലെ ബെയ്‌ജിംഗ് ഒളിംപിക്‌സ് സമയത്ത് സംഘാടകസമതി വൈസ് ചെയര്‍മാനെതിരെ ശക്തമായ അഴിമതിയാരോപണം ഉയര്‍ന്നു. ചൈനയായത് കൊണ്ട് അത് വലിയ വാര്‍ത്തയായില്ല. ഔദ്യോഗികമായി ആരും അത് ചര്‍ച്ച ചെയ്‌തതുമില്ല. ഗെയിംസ് കഴിഞ്ഞടുയന്‍ ചൈനീസ് ഭരണക്കൂടം അദ്ദേഹത്തെ അറസ്‌റ്റ് ചെയ്‌തു. ഇപ്പോഴും അഴിയെണ്ണുന്നു വൈസ് ചെയര്‍മാന്‍. കോമണ്‍വെല്‍ത്ത് ഗെയിംസ് എന്ന വലിയ മേളയുടെ മുഖ്യസംഘാടകനായ സുരേഷ് കല്‍മാഡി വലിയ അഴിമതി നടത്തിയതിന് ജീവിക്കുന്ന തെളിവുകളുണ്ടായിട്ടും അദ്ദേഹത്തെ ജയിലില്‍ എത്തിക്കാന്‍ ഭഗീരഥയത്‌നം വേണ്ടി വന്നു. നിയമത്തിന്റെ ഇഴ കീറി അദ്ദേഹം പുറത്തിറങ്ങി. അതിന് ശേഷം ആദ്യം ചെയ്‌തത് സ്വന്തം നാട്ടില്‍ സ്വീകരണം ഒരുക്കുകയായിരുന്നു. കോണ്‍ഗ്രസ് അദ്ദേഹത്തിന്റെ കാര്യത്തില്‍ ഒന്നും ചെയ്‌തില്ല. ഉന്നത നേതൃത്ത്വം പ്രശ്‌നം നിശബ്ദതയില്‍ ഒതുക്കി. സോപാധിക ജാമ്യം നേടി പുറത്തിറങ്ങിയ അദ്ദേഹം ഇപ്പോള്‍ പ്രത്യേക ഉത്തരവിലൂടെ ലണ്ടനിലേക്ക് പോവുന്നു.
കഴിഞ്ഞ ദിവസം അശ്വനി നാച്ചപ്പ, വന്ദന ഷാന്‍ബാഗ്, മേഴ്‌സിക്കുട്ടന്‍, വന്ദനറാവു തുടങ്ങി മുന്‍ ഇന്ത്യന്‍ താരങ്ങള്‍ കോഴിക്കോട്ട് വന്നിരുന്നു. ക്ലീന്‍ ഇന്ത്യ സ്‌പോര്‍ട്‌സ് എന്ന കായിക സംഘടനയുടെ കേരളാ ചാപ്‌റ്റര്‍ ഉദ്‌ഘാടനത്തിനെത്തിയ ഇവര്‍ വാര്‍ത്താസമ്മേളനം നടത്തി പറഞ്ഞത് സുരേഷ് കല്‍മാഡി ലണ്ടനിലേക്ക് പോവുന്നത് ഏത് വിധേനയും തടയുമെന്നായിരുന്നു. അസാധ്യമായ കാര്യങ്ങളെക്കുറിച്ച് ഇത്തരത്തില്‍ സംസാരിക്കണമോ എന്ന സംശയം ഉന്നിയച്ചപ്പോള്‍ എന്ത് വില കൊടുത്തും കല്‍മാഡിയെ തടയുമെന്നായിരുന്നു മുന്‍ താരങ്ങളടെ മറുപടി. കേന്ദ്ര കായികമന്ത്രിക്ക് പോലും കല്‍മാഡിയെ തടയാന്‍ കഴിയാതെ വരുമ്പോള്‍ താര സംഘടനക്ക് എന്ത് ചെയ്യാനാവും..? ഐ.എ.എസ് വലിച്ചെറിഞ്ഞ് കായികരംഗത്തെ കള്ളന്മാരെ പുകച്ച് പുറത്ത് ചാടിക്കാന്‍ രംഗത്തിറങ്ങിയ ഹൈദരാബാദുകാരന്‍ റാവുവിനെ പോലുള്ളവര്‍ വെറുതെയിരിക്കില്ല എന്നറിയാമെങ്കിലും ഒളിംപിക് ചാര്‍ട്ടറില്‍ പറയുന്ന കായിക ധാര്‍മികതയെക്കുറിച്ച് ചിന്തിക്കാത്ത കല്‍മാഡിയെ തടഞ്ഞത് കൊണ്ട് എന്താണ് കാര്യം. അദ്ദേഹം ഇപ്പോഴും ലോക കായികരംഗത്തെ പല സുപ്രധാന പദവികള്‍ വഹിക്കുന്നു.
ധാര്‍മികതയെ അംഗീകരിക്കുന്നവരായിരുന്നു നമ്മുടെ കായിക സംഘാടകരെങ്കില്‍ ഇന്ത്യ ലോക കായികഭൂപഠത്തില്‍ എന്നോ ഉയരത്തില്‍ എത്തുമായിരുന്നു. എല്ലാ അസോസിയേഷനുകളിലും തമ്മിലടിയാണ് നടക്കുന്നത്. ഹോക്കിക്ക് മാത്രം രണ്ട് സംഘടനകള്‍, ക്രിക്കറ്റില്‍ ജഗ്‌മോഹന്‍ ഡാല്‍മിയ-ശരത് പവാര്‍ ഗ്രൂപ്പുകള്‍ ഉണ്ടായിരുന്നെങ്കിലും ഡാല്‍മിയ ഇപ്പോള്‍ പല്ല് കൊഴിഞ്ഞ സിംഹമായിരിക്കുന്നു. ടെന്നിസിലും റൈഫിള്‍ അസോസിയേഷനിലുമെല്ലാം വടം വലികളാണ്. എല്ലാവര്‍ക്കും വേണ്ടത് അധികാരം. അധികാര വഴിയില്‍ ധാര്‍മികതക്ക് വിലയില്ല.
കല്‍മാഡി ലണ്ടനിലെത്തും. രാജ്യത്തിന്റെ ഔദ്യോഗിക സംഘത്തിനൊപ്പം ചേരും. താരങ്ങളുടെ മാര്‍ച്ച് പാസ്‌റ്റില്‍ കോട്ടുമിട്ട് പങ്കെടുക്കും. ഔദ്യോഗിക വക്താവായി വിലസും. ആര്‍ക്കും തടയാനാവില്ല എന്ന സത്യത്തില്‍ ഒളിംപിക് ചാര്‍ട്ടര്‍ പോലും പരിഹസിക്കപ്പെടും. ഇവിടെയും തോല്‍ക്കുന്നത് ആരാണ്...? ചാര്‍ട്ടറും സത്യങ്ങളും യാഥാര്‍ത്ഥ്യവും ജനങ്ങളും....
Subscribe to:
Post Comments (Atom)
No comments:
Post a Comment