Monday, July 2, 2012
INDIA AND JAMAICA-THE DIFFERENCE
ഇന്ത്യയല്ല ജമൈക്ക
ജമൈക്കയെയും ഇന്ത്യയെയും താരതമ്യം ചെയ്യുന്നത് പാതകമായിരിക്കും. ആനയും അണ്ണാക്കൊട്ടനും എന്ന് പറയുന്നത് പോലെയാണ് രണ്ട് രാജ്യങ്ങളും തമ്മിലുള്ള വിത്യാസം. ഇന്ത്യയെന്നാല്‍ ലോക ജനസംഖ്യയിലെ രണ്ടാമന്മാര്‍, വലിയ ജനാധിപത്യരാജ്യം, മാനവ വിഭവശേഷിയില്‍ അജയ്യര്‍, നാനാത്വവും ഏകത്വവും മതനിരപേക്ഷതയുമുള്‍പ്പെടെ വിശേഷണങ്ങളുടെ പട്ടിക അതിവിപുലമാണ്. ഭൂമിശാസ്‌ത്ര കണക്ക് പരിശോധിച്ചാല്‍ വലുപ്പത്തില്‍ ഏഴാം സ്ഥാനക്കാര്‍, 3,287,263 കിലോമീറ്ററില്‍ വിടര്‍ന്ന് വിസ്‌തരിച്ച് കിടക്കുന്ന മഹാരാജ്യം.
ഇനി ജമൈക്കയോ...കരീബിയന്‍ ദ്വീപസമൂഹത്തിലെ ഒരു കൊച്ചു പ്രദേശം. 10,990 കിലോമീറ്ററാണ് ആകെ വലുപ്പം. ജനസംഖ്യയില്‍ നമ്മള്‍ രണ്ടാമതാണെങ്കില്‍ ജമൈക്ക 139-ാം സ്ഥാനത്താണ്. കൃസ്‌ത്യന്‍ രാജ്യമാണ്. മതേതരത്വവും സമത്വവും നാനാത്വവുമൊന്നും അവര്‍ അവകാശപ്പെടുന്നില്ല. മാനവിഭവശേഷിയെക്കുറിച്ചും അവര്‍ അഹങ്കരിക്കുന്നില്ല.
പക്ഷേ ഒന്നുണ്ട്-ഉള്ള വിഭവശേഷിയെ ഉപയോഗപ്പെടുത്താന്‍ ജമൈക്കക്കാര്‍ക്കറിയാം. അതാണ് മാറ്റം. ഇനി കാര്യത്തിലേക്ക് വരാം. ജമൈക്കയിലിപ്പോള്‍ ഒളിംപിക് ട്രയല്‍സ് നടക്കുകയാണ്. ലണ്ടന്‍ ടിക്കറ്റ് നേടാന്‍ തട്ടുതകര്‍പ്പന്‍ മല്‍സരങ്ങള്‍. ലോകത്തെ അതിവേഗക്കാരനായ ഉസൈന്‍ ബോള്‍ട്ട് തന്റെ പ്രിയപ്പെട്ട ഇനമായ 100, 200 ലും രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് ട്രയല്‍സിലാണ്. യോഹാന്‍ ബ്ലേക്ക് എന്ന കൂട്ടുകാരന് മുന്നിലാണ് ബോള്‍ട്ടിന്റെ ബോള്‍ട്ടിളകിയത്. അസാഫ പവലിനെ പോലുള്ളവരുമുണ്ടായിരുന്നു. ലോകോത്തര താരങ്ങള്‍ മാത്രം മല്‍സരിക്കുന്ന ആ ഒരു ട്രയല്‍സിന്റെ നിലവാരം ഊഹിക്കാവുന്നതേയുള്ളു. ലോകത്തെ അതിവേഗക്കാരാനാവാന്‍ മല്‍സരിക്കുന്ന മൂന്ന് പേരും ഒരേ രാജ്യക്കാര്‍. അവര്‍ തമ്മില്‍ സ്‌പോര്‍ട്‌സ്‌മാന്‍ സ്‌പിരിറ്റോട ശക്തമായ മല്‍സരം. തോല്‍ക്കാന്‍ മനസ്സിലാത്തവരെ പോലെ മെച്ചപ്പെട്ട സമയം കുറിക്കാന്‍ നടക്കുന്ന തകര്‍പ്പന്‍ പോരാട്ടത്തിനിടയിലും സൗഹൃദം കാത്ത് സൂക്ഷിക്കുന്നവര്‍. ഇന്നലെ 200 മീറ്ററിലും ബോള്‍ട്ടിന് തോല്‍വി പിണഞ്ഞു. ബ്ലാക്കായിരുന്നു ജേതാവ്. മല്‍സരത്തിന് ശേഷം ബ്ലാക്കിനെ ഓടിയെത്തി അഭിനന്ദിച്ചവരില്‍ ഒന്നമാന്‍ ബോള്‍ട്ടായിരുന്നു.
നമ്മുടെ നാട്ടിലോ...? ലിയാന്‍ഡര്‍ പെയ്‌സും മഹേഷ് ഭൂപതിയും കണ്ടാല്‍ മിണ്ടുമോ..... സാനിയ മിര്‍സയും സൈന നെഹ്‌വാളും കണ്ടാല്‍ ഹായ് പറഞ്ഞാലായി. ഉഷയെയും ടിന്റുവിനെയും കണ്ടാല്‍ അഞ്‌ജു ബോബി ജോര്‍ജ്ജ് ചിരിക്കുമോ.... ഇതാണവസ്ഥ. ബോള്‍ട്ടും ബ്ലാക്കും തമ്മിലുള്ള പോരാട്ടത്തിന്റെ തീവ്രതയാണ് വാര്‍ത്തകളില്‍ നിറയുന്നത്. അവര്‍ തമ്മിലുള്ള ശണ്‌ഠയല്ല. പെയ്‌സും ഭൂപതിയും തമ്മില്‍ പരസ്യമായി വഴക്കിടുന്നു. അവനൊപ്പം കളിക്കാന്‍ ഞാനില്ലെന്ന് പറയുന്നു. സാനിയ മിര്‍സ പരസ്യമായി പ്രസ്‌താവനയിറക്കുന്നു. എന്തും തോന്നിവാസവും ഇവിടെയാവാം. വേണമെങ്കില്‍ ജനാധിപത്യത്തെ പഴി ചാരാം. എല്ലാവര്‍ക്കും എന്തും പറയാമല്ലോ.... ഇങ്ങനെ എന്തും പറയുന്നവര്‍ കളത്തിലിറങ്ങിയാലോ പൂച്ചകള്‍. തോറ്റാല്‍ ഒരായിരം ന്യായീകരണങ്ങള്‍ പറയാനുമുണ്ടാവും.
സ്‌പെയിന്‍ കഴിഞ്ഞ ദിവസം യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഐതിഹാസിക വിജയം നേടി. ഇറ്റലിയെ ഫൈനലില്‍ നാല് ഗോളിന് തകര്‍ത്തു. കപ്പ് നേടിയ താരങ്ങള്‍ക്ക് ഭരണക്കൂടം കോടികളൊന്നും പ്രഖ്യാപിച്ചില്ല. പ്രധാനമന്ത്രി ഔദ്യോഗികമായി ഒന്നഭിനന്ദിച്ചു. അത് തന്നെ. താരങ്ങള്‍ക്കും അത് മതി. അവരെല്ലാം വലിയ ക്ലബുകള്‍ക്കായി കളിക്കുന്നവരാണ്. കോടിശ്വരന്മാരാണ്. രാജ്യ സ്‌നേഹമുളളവരമാണ്. അനാവശ്യ അവകാശവാദങ്ങള്‍ക്ക് മുതിരില്ല. അവിടങ്ങളില്‍ ഫുട്‌ബോള്‍, ടെന്നിസ്, വോളിബോള്‍ എന്നിങ്ങനെയുളള വേര്‍തിരിവില്ല. മികവ് തെളിയിക്കുന്നവരെയെല്ലാം ഭരണക്കൂടം അംഗീകരിക്കും.
കഴിഞ്ഞ ദിവസം കോഴിക്കോട് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ കേരളാ ഫുട്‌ബോള്‍ ട്രെയിനിംഗ് സെന്റര്‍ എന്ന പുതിയ ഫുട്‌ബോള്‍ കൂട്ടായ്‌മയുടെ ആഭിമുഖ്യത്തില്‍ മൂന്ന് തലമുറകളിലെ ഫുട്‌ബോളര്‍മാരെ ആദരിച്ചിരുന്നു. വെറ്ററന്‍ തലമുറയില്‍പ്പെട്ടവരെല്ലാം വാര്‍ദ്ധക്യ സഹജമായ രോഗങ്ങളാലും സാമ്പത്തിക പ്രശ്‌നങ്ങളാലും വിഷമിക്കുന്നവര്‍.ഒരു കാലത്ത് രാജ്യത്തിനായും സംസ്ഥാനത്തിനായും കളിച്ചവര്‍ക്ക് അഞ്ച് നയാപൈസയുടെ പെന്‍ഷന്‍ പോലുമില്ല. നമ്മുടെ ഫുട്‌ബോള്‍ ഭരണക്കാര്‍ക്ക് ഈ താരങ്ങളുടെ പേര് പോലുമറിയില്ല. അതേ സമയം നാനാത്വവും ഏകത്വവുമെല്ലാം പറയുന്ന നാട്ടില്‍ ക്രിക്കറ്റര്‍മാര്‍ ലക്ഷാധിപരാണ്. ഇന്നത്തെ ക്രിക്കറ്റര്‍മാര്‍ മാത്രമല്ല ഇന്നലെയുടെ ക്രിക്കറ്റര്‍മാരും ദരിദ്രരല്ല. കേരളത്തിനായി രജ്ഞി കളിച്ച ഒരു താരത്തിന് വലിയ പെന്‍ഷന്‍ ക്രിക്കറ്റ് ഭരണാധികാരികള്‍ നല്‍കുന്നുണ്ട്. പഴയകാല ദേശീയ താരങ്ങള്‍ക്കെല്ലാം ഇത്തവണ ഇന്ത്യന്‍ പ്രിമിയര്‍ ലീഗിനിടെ കോടികളുടെ കിഴി നല്‍കുകയുണ്ടായി. നമ്മുടെ നാട്ടില്‍ ക്രിക്കറ്റ് മാത്രമാണ് ധനാഗമമാര്‍ഗ്ഗം. മറ്റ് കായിക രംഗങ്ങളിലുള്ളവര്‍ പട്ടിണിപ്പാവങ്ങള്‍. ഈ കാര്യം പക്ഷേ ജനാധിപത്യത്തില്‍ ചര്‍ച്ചയാവുന്നില്ല. സമത്വവും ഏകത്വവും അവിടെ വരുന്നില്ല.
ജമൈക്കയിലെ ട്രയല്‍സിന് ശേഷം ബോള്‍ട്ട് പറഞ്ഞു ലണ്ടനിലേക്ക് ഒരുങ്ങാന്‍ ചില തോല്‍വികള്‍ നല്ലതാണെന്ന്. ബ്ലാക്ക് നല്ല പോരാട്ടം നടത്തിയതായും അദ്ദേഹം പറഞ്ഞു. ചില തോല്‍വികള്‍ ജയത്തിന് തുല്യമാണ്. പെയ്‌സിനോട് ഭൂപതി തോറ്റാല്‍ വിജയിക്കുന്നത് നമ്മുടെ ടെന്നിസാണ്. പക്ഷേ ആ ബോധം രണ്ടാള്‍ക്കുമില്ല. തോല്‍വിയെന്നാല്‍ അത് അപമാനത്തിന് തുല്യമാണ്. കൂട്ടാകാരനോടാണ് തോല്‍വിയെങ്കില്‍ ആത്മഹത്യയാണ് നല്ലതെന്ന് കരുതുന്ന നമ്മുടെ കായിക ചിന്താഗതിയില്‍ ചെറിയ മാറ്റമെങ്കിലും വരുത്താന്‍ നമ്മുടെ താരങ്ങള്‍ കൊച്ചു ജമൈക്കയെയും അവിടുത്തെ താരങ്ങളെയും ഒന്ന് പഠിക്കുക...
Subscribe to:
Post Comments (Atom)
No comments:
Post a Comment