Sunday, July 8, 2012

SORRY PREEJA


ഈ ചൈനീസ്‌ ചിത്രത്തിലെ സന്തോഷം നേരില്‍ കണ്ടിരുന്നു. ആ മുഹൂര്‍ത്തില്‍ അഭിമാനം കൊണ്ടിരുന്നു. ദേശീയ ഗാനമായ ജനഗണമന ചൈനീസ്‌ നഗരമായ ഗോഞ്ചുവിലെ ആവോട്ടി നാഷണല്‍ സ്‌റ്റേഡിയത്തില്‍ ഉയര്‍ന്നപ്പോള്‍ കണ്ണ്‌ നനയുകയും ചെയ്‌തിരുന്നു. ആയിരകണക്കിന്‌ ചൈനീസ്‌ യുവത്വത്തിന്റെ നിശബ്ദദതയില്‍ ദേശീയ സംഗീതം അലയടിച്ചപ്പോള്‍ അതിനൊപ്പം ഉച്ചത്തില്‍ ജനഗണമന പാടാന്‍ ഞങ്ങള്‍ അല്‍പ്പം ഇന്ത്യക്കാര്‍ മാത്രമായിരുന്നു ആ ദിവസം മൈതാനത്തുണ്ടയിരുന്നത്‌. പ്രീജാ ശ്രീധരന്‍ എന്ന കൊച്ചുതാരം, നിഷ്‌കളങ്കമായ സംസാരത്തിലും സമീപനത്തിലും നമുക്കെല്ലാം അടുപ്പം തോന്നുന്ന താരം-അവള്‍ ഒളിംപിക്‌സിനില്ലെന്നത്‌ വേദനാജനകം മാത്രമല്ല നിരാശാജനകവുമാണ്‌....
പനിയും ഒപ്പം ന്യൂമോണിയയുമാണ്‌ പ്രീജയെ തളര്‍ത്തിയത്‌. കഴിഞ്ഞ ദിവസം ഇറ്റാലിയന്‍ നഗരമായ സാനിയതയില്‍ നടന്ന അവസാന യോഗ്യതാ പോരാട്ടത്തില്‍ പ്രീജക്കൊപ്പം ഏഷ്യന്‍ ഗെയിംസില്‍ വെള്ളി നേടിയ കവിത റൗട്ടും പങ്കെടുത്തിരുന്നു. പക്ഷേ അസുഖം തളര്‍ത്തിയ ശരീരവുമായി, മനസ്സ്‌ പറയുന്ന വേഗതയില്‍ കുതിക്കാനാവാതെ പകുതി വഴിയില്‍ രണ്ട്‌ പേരും പിന്മാറിയ വാര്‍ത്ത ആദ്യം വിശ്വസിച്ചിരുന്നില്ല. പട്യാലയിലെ ഇന്ത്യന്‍ ക്യാമ്പുമായി ബന്ധപ്പെട്ടപ്പോഴാണ്‌ കാര്യങ്ങളുടെ നിജസ്ഥിതി മനസ്സിലായത്‌.
യൂ ട്യൂബില്‍ ഇപ്പോഴും ആ ഏഷ്യന്‍ ഗെയിംസ്‌ സുവര്‍ണ മുഹൂര്‍ത്തങ്ങള്‍ കാണാം. ഇന്ത്യന്‍ സ്‌പോര്‍ട്‌സിനെ സ്‌നേഹിക്കുന്നവര്‍ സി.സി.ടി.വിയിലെ ആ ദൃശ്യങ്ങള്‍ എത്രയോ കണ്ടിരിക്കുന്നു. പ്രീജയുടെ രണ്ട്‌ ഏഷ്യന്‍ ഗെയിംസ്‌ പോരാട്ടങ്ങളും കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ പോരാട്ടവും ചന്ദ്രികക്ക്‌ വേണ്ടി റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു. 2006 ലെ ദോഹ ഗെയിംസില്‍ പ്രീജയിലെ താരത്തിന്‌ രാജ്യാന്തര അനുഭവസമ്പത്ത്‌ കുറവായിരുന്നു. ഏഷ്യന്‍ ഗെയിംസ്‌ വില്ലേജില്‍ പ്രീജയെ കാണാന്‍ പോയപ്പോള്‍ നാണത്തോടെ സംസാരിച്ച ഇടുക്കിക്കാരി ആവശ്യപ്പെട്ടത്‌ എല്ലാവരുടെയും പ്രാര്‍ത്ഥനയായിരുന്നു. പക്ഷേ 10,000 മീറ്ററിലും 5,000 മീറ്ററിലും അഞ്ചാം സ്ഥാനത്താണ്‌ പ്രീജ ഫിനിഷ്‌്‌ ചെയ്‌തത്‌. മല്‍സരത്തിന്‌ ശേഷം ആ അഞ്ചാം സ്ഥാനം തന്നെ വലിയ നേട്ടമാണെന്ന്‌ പറഞ്ഞപ്പോള്‍ സന്തോഷത്തോടെ ദൈവത്തിന്‌ നന്ദി പറഞ്ഞ താരം 2010 ലെ കോമണ്‍വെല്‍ത്ത്‌ ഗെയിംസില്‍ പക്ഷേ നിരാശപ്പെടുത്തി. പരുക്കിലും അസുഖത്തിലും തളര്‍ന്നിരുന്നു ആ സമയത്ത്‌. വീണ്ടും ഏഷ്യന്‍ ഗെയിംസ്‌ വന്നപ്പോള്‍ പ്രീജ ശരിക്കും അല്‍ഭുതമായിരുന്നു. ഗോഞ്ചുവിലെ ഗെയിംസ്‌ പ്രധാന മീഡിയാ സെന്ററില്‍ നിന്ന്‌ ആവോട്ടി സ്‌റ്റേഡിയത്തിലെത്താന്‍ ചൈനയിലെ അതിവേഗ ഏഴ്‌ വരി പാതയിലുടെ 45 മിനുട്ട്‌ സഞ്ചരിക്കണമായിരുന്നു. പ്രീജയും ഒപ്പം കവിതയും മല്‍സരിക്കുന്ന ദിവസത്തില്‍ ഞങ്ങള്‍ മൂന്ന്‌ മലയാളി പത്രപ്രവര്‍ത്തകര്‍ (മനോജ്‌ തെക്കേടത്ത്‌-മലയാള മനോരമ, കെ.വിശ്വനാഥ്‌-മാതൃഭൂമി) നേരത്തെ തന്നെ സ്‌റ്റേഡിയത്തിലെത്തി. ഒരു മലയാളി മല്‍സരിക്കുമ്പോള്‍ മലയാളികള്‍ക്കുണ്ടാവുന്ന താല്‍പ്പര്യം മീഡിയാ ബോക്‌സിലെ ആദ്യ കസേരയിലുണ്ടായിരുന്നു മുതിര്‍ന്ന സ്‌പോര്‍ട്‌സ്‌്‌ മാധ്യമ പ്രവര്‍ത്തകനായ മോഹന്‍ (ദി ഹിന്ദു) ഉണ്ടായിരുന്നു. (കണ്ണൂര്‍കാരനായ മോഹന്‍ ദീര്‍ഘകാലമായി ഗെയിംസ്‌ വേദികളിലെ സുപരിചിത മുഖമാണ്‌.)
ചുവന്ന ഷര്‍ട്ടുകളണിഞ്ഞ ചൈനീസ്‌ കായികാരാധകരാല്‍ തിങ്ങിയ സ്റ്റേഡിയത്തിലെ ഓരോ മുഹൂര്‍ത്തവും ആവേശകരമായിരുന്നു. നിശ്ചിത സമയത്ത്‌ തന്നെ മല്‍സരം തുടങ്ങി. മൈതാനത്തിന്‌ നടുവില്‍ ഹാമര്‍ ത്രോ, ഹൈജംമ്പ്‌ മല്‍സരങ്ങള്‍ നടക്കുന്നുണ്ടായിരുന്നു. അതിനാല്‍ തന്നെ 10,000 മീറ്ററിന്റെ തുടക്കം പലരുമറിഞ്ഞിരുന്നില്ല. ഒമ്പത്‌ പേരുടെ തുടക്കത്തില്‍ മുന്നില്‍ കയറിയ പ്രീജയും കവിതയും പകുതിദൂരം പിന്നിടപ്പോള്‍ രണ്ടും മൂന്നും സ്ഥാനത്തായിരുന്നു. അവസാന ലാപ്പില്‍ അവസാന 500 മീറ്ററില്‍ പ്രീജ രണ്ടാം സ്ഥാനത്ത്‌ നിന്ന്‌ ഒന്നാം സ്ഥാനത്തേക്ക്‌ ടോപ്പ്‌ ഗിയറില്‍ കുതിക്കുന്ന കാഴ്‌ച്ച അവിശ്വസനീയമായിരുന്നു. ഇരിപ്പിടത്തില്‍ നിന്ന്‌ എഴുന്നേറ്റ്‌ കൈകള്‍ അടിക്കാന്‍ തുടങ്ങി ഞങ്ങള്‍ ഇന്ത്യക്കാരെല്ലാം. തൊട്ട്‌ പിറകെ കവിതയും. ഞെട്ടിക്കുന്ന ഫിനിഷിംഗിന്‌ ശേഷം കിതപ്പോടെ കുരിശ്‌ വരച്ച്‌ പ്രീജക്കായി ദേശീയ പതാക നല്‍കിയത്‌ ഞങ്ങളായിരുന്നു. രാത്രിയായതിനാല്‍ അന്ന്‌ പ്രീജയോട്‌ സംസാരിക്കാന്‍ കഴിഞ്ഞില്ല. അടുത്ത ദിവസം രാവിലെ അത്‌ലറ്റ്‌ വില്ലേജില്‍ പോയപ്പോള്‍ കോച്ച്‌ നിക്കോളായിക്കൊപ്പം ചിരിച്ച്‌ വന്ന പ്രീജ തനി ഇടുക്കിക്കാരിയായി ദീര്‍ഘസമയം സംസാരിച്ചു. രണ്ട്‌ ദിവസത്തിന്‌ ശേഷം 5000 മീറ്ററില്‍ രണ്ടാം സ്ഥാനവും നേടി.
ഏഷ്യന്‍ ഗെയിംസിന്‌ ശേഷം ലണ്ടന്‍ മാത്രമായിരുന്നു പ്രീജയുടെ സ്വപ്‌നം. ആ സ്വപ്‌നമാണ്‌ അസുഖത്തില്‍ തളര്‍ന്നിരിക്കുന്നത്‌. ദരിദ്രമായ സാഹചര്യങ്ങളില്‍ നിന്ന്‌ വളര്‍ന്ന പ്രീജക്ക്‌ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരത്തെയുണ്ട്‌. നിക്കോളായിക്ക്‌ കീഴില്‍ വന്നപ്പോഴാണ്‌ കഠിനമായ പരിശീലനം വഴി ആരോഗ്യം തിരിച്ചുകിട്ടിയത്‌.
പരുക്കും അസുഖങ്ങളും കായികലോകത്തെ നിത്യ പ്രശ്‌നങ്ങളാണ്‌. വലിയ മേളകള്‍ക്കിടെ പരുക്കുകള്‍ തളര്‍ത്തുമ്പോള്‍ അതില്‍ പരിതപിക്കുകയല്ലാതെ മറ്റ്‌ മാര്‍ഗ്ഗങ്ങളില്ല. പക്ഷേ ഒളിംപിക്‌സ്‌ പോലെ ഒരു മേള-അതിനുള്ള ഒരുക്കങ്ങള്‍ എല്ലാം അവസാനത്തില്‍ വൃഥാവിലാവുമ്പോള്‍ അത്‌ പ്രീജക്ക്‌ മാത്രമല്ല രാജ്യത്തിനും ആഘാതമാണ്‌. ലണ്ടനില്‍ ദീര്‍ഘദൂര മല്‍സരങ്ങളില്‍ പ്രീജക്ക്‌ മെഡല്‍ സാധ്യതകളുണ്ടയിരുന്നില്ല. ആഫ്രിക്കയില്‍ നിന്നുള്ള ശക്തരായ പ്രതിയോഗികള്‍ മല്‍സരിക്കാനെത്തുന്നുണ്ട്‌. കെനിയ, എത്യോപ്യ തുടങ്ങിയവരാണ്‌ ഈ രംഗത്തെ കുലപതിമാര്‍. അവര്‍ക്കെതിരെ മല്‍സരിക്കുന്നത്‌ പ്രീജക്ക്‌ പക്ഷേ കൂടുതല്‍ അനുഭവ സമ്പത്ത്‌ നല്‍കുമായിരുന്നു.

No comments: