Sunday, July 1, 2012

pavam JOSEPH


ജോസഫ്‌
ക്രൂശിതനാണ്‌
ഏഷ്യന്‍ ഗെയിംസ്‌ എന്നാല്‍ നമ്മുടെ വന്‍കരയിലെ ഏറ്റവും വലിയ കായിക കൂട്ടായ്‌്‌മയാണ്‌. എല്ലാ ഏഷ്യന്‍ രാജ്യങ്ങളും നാല്‌ വര്‍ഷത്തിലൊരിക്കല്‍ നടത്തപ്പെടുന്ന മേളയില്‍ പങ്കെടുക്കും. കഴിഞ്ഞ ഗെയിംസ്‌ ചൈനയിലെ വ്യവസായ പട്ടണമായ ഗോഞ്ചുവില്‍ നടന്നപ്പോള്‍ 47 രാജ്യങ്ങളാണ്‌ പങ്കെടുത്തത്‌. പുരുഷന്മാരുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ മലയാളിയായ ജോസഫ്‌ ജി എബ്രഹാമിനായിരുന്നു സ്വര്‍ണം. ട്രാക്കില്‍ നമ്മുടെ പുരുഷ താരങ്ങള്‍ സ്വര്‍ണമണിയുന്നത്‌ ഏഷ്യന്‍ ഗെയിംസില്‍ അപൂര്‍വ്വ സംഭവമായതിനാല്‍ ജോസഫിന്റെ പ്രകടനം വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. ഏഷ്യന്‍ ജേതാവായ ജോസഫ്‌ പക്ഷേ ലണ്ടന്‍ ഒളിംപിക്‌സിനില്ല..... ലോകത്തെ ഏറ്റവും വലിയ വന്‍കരയെ പ്രതിനിധീകരിക്കുന്ന 400 മീറ്റര്‍ ഹര്‍ഡില്‍സിലെ ചാമ്പ്യന്‍ താരത്തിന്‌ ലോക വേദിയില്‍ അവസരം ലഭിക്കാതെ പോയത്‌ യോഗ്യതാ മാര്‍ക്ക്‌ പിന്നിടുന്നതിലെ പരാജയത്തിലായിരുന്നു. ഈയിടെ ഹൈദരാബാദിലെ ഗച്ചിബൗളി സ്‌റ്റേഡിയത്തില്‍ നടന്ന അന്തര്‍ സംസ്ഥാന അത്‌ലറ്റിക്‌ മീറ്റിലും ഇപ്പോള്‍ കസാക്കിസ്ഥാനിലെ അല്‍മാട്ടിയില്‍ നടക്കുന്ന ഏഷ്യന്‍ ഓള്‍ സ്‌റ്റാര്‍ മീറ്റിലും ജോസഫ്‌ പങ്കെടുത്ത്‌ സ്വര്‍ണം നേടി. പക്ഷേ യോഗ്യതാ കടമ്പ തടസമായി.
ഏഷ്യന്‍ ഗെയിംസ്‌ റിപ്പോര്‍ട്ട്‌ ചെയ്യാനെത്തിയ ഞങ്ങളെയെല്ലാം അല്‍ഭുതപ്പെടുത്തിയിരുന്നു ജോസഫ്‌. ഗെയിംസ്‌ ആരംഭിക്കുന്നതിന്‌ മുമ്പ്‌ മെഡല്‍ സാധ്യതക്കാരെ പറ്റി വാര്‍ത്ത നല്‍കിയപ്പോള്‍ ജോസഫ്‌ പട്ടികയിലുണ്ടയിരുന്നില്ല. ആവോട്ടിയിലെ നാഷണല്‍ സ്‌റ്റേഡിയത്തില്‍ മാതൃഭൂമിയിലെ കെ.വിശ്വനാഥന്‍, മലയാള മനോരമയിലെ മനോജ്‌ തെക്കേടത്ത്‌ എന്നിവര്‍ക്കൊപ്പം പുരുഷന്മാരുടെ 400 മീറ്റര്‍ ഹര്‍ഡില്‍സ്‌ ഫൈനല്‍ റിപ്പോര്‍ട്ട്‌ ചെയ്യാന്‍ പോയപ്പോള്‍ പ്രതീക്ഷ കുറവായിരുന്നു. മാധ്യമ പ്രവര്‍ത്തകര്‍ക്ക്‌ സാധാരണ മല്‍സരിക്കുന്ന താരങ്ങളുടെ ബയോഡാറ്റ നല്‍കാറുണ്ട്‌. ജോസഫിന്റെ ബയോ ലഭിച്ചപ്പോള്‍ പ്രത്യേകം നോട്ട്‌ ചെയ്യണമെന്ന്‌ തോന്നിയിരുന്നില്ല. ഒസാക്കയില്‍ 2007 ല്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ പുതിയ സമയം കുറിച്ച്‌ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ രണ്ടാം റൗണ്ട്‌ കടന്ന ആദ്യ താരമെന്ന ഖ്യാതിക്ക്‌ ശേഷം ജോസഫ്‌ പരുക്കില്‍ വലിയ മല്‍സരങ്ങളില്‍ പങ്കെടുത്തിരുന്നില്ല.
സഊദിക്കാരന്‍ ബന്‍ദാര്‍ സരഹിലി, ജപ്പാന്റെ നവോഹിരോ കവകിത തുടങ്ങിയവര്‍ക്കായിരുന്നു സാധ്യതകള്‍ കല്‍പ്പിക്കപ്പെട്ടത്‌. ജപ്പാനി പത്രക്കാരുടെ ആവേശം കണ്ടപ്പോള്‍ അവരുടെ ദേശീയ ചാമ്പ്യന്‍ കവകിത ഒന്നാമനാവുമെന്ന്‌ കരുതി. പക്ഷേ മല്‍സരം തുടങ്ങിയപ്പോള്‍ മുതല്‍ കണ്ടത്‌ ജോസഫിന്റെ കുതിപ്പ്‌. തകര്‍പ്പന്‍ ഫിനിഷിംഗ്‌. 49.96 സെക്കന്‍ഡില്‍ ഒന്നാമന്‍. ജോസഫിന്റെ ബയോഡാറ്റ വിശദ വാര്‍ത്തയാക്കി നല്‍കിയപ്പോള്‍ സമയം അതിക്രമിച്ചിരുന്നു. പിറ്റേ ദിവസം അത്‌ലറ്റ്‌സ്‌ വില്ലേജില്‍ പോയി ജോസഫിനെ കണ്ടപ്പോള്‍ വലിയ സ്വര്‍ണം ലഭിച്ച ജാഡയൊന്നുമില്ലാത്ത സാധാരണക്കാരന്‍. കൂറെയധികം സംസാരിച്ചു. അന്ന്‌ പറഞ്ഞിരുന്നു ലണ്ടനാണ്‌ സ്വപ്‌നമെന്ന്‌.....
ആ സ്വപ്‌നമാണ്‌ വിഫലമായിരിക്കുന്നത്‌. എന്താണ്‌ ജോസഫ്‌ എന്ന സൈനീകന്‍ ചെയ്‌ത തെറ്റ്‌...? നിരന്തരമായി പരിശീലനം നടത്തി, ആത്മവിശ്വാസത്തോടെ മല്‍സരിച്ചു-പക്ഷേ സ്വന്തം സമയം (49.51 സെക്കന്‍ഡ്‌) മെച്ചപ്പെടുത്താനുള്ള രാജ്യാന്തര അവസരങ്ങള്‍ ലഭിച്ചില്ല. ആണ്ടിലും കൊല്ലത്തിലും ഇന്ത്യന്‍ കായികതാരത്തിന്‌ ലഭിക്കുന്ന രാജ്യാന്തര അവസരം മാത്രമായിരുന്നു ജോസഫിനും ലഭിച്ചത്‌. 2007 ലെ ലോക ചാമ്പ്യന്‍ഷിപ്പിന്‌ ശേഷം കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌, പിന്നെ ഏഷ്യന്‍ ഗെയിംസ്‌. അതിന്‌ ശേഷം ഇപ്പോള്‍ അല്‍മാട്ടിയിലെ ഓള്‍ സ്‌റ്റാര്‍ മീറ്റും...
നമ്മുടെ കായികാധികാരികള്‍ സ്ഥിരമായി പറയാറുള്ള രണ്ട്‌ പദങ്ങളാണ്‌ ക്യാച്ച്‌ ദം യംഗ്‌ എന്നതും ട്രെയിന്‍ ദം ഫാസ്റ്റ്‌ എന്നതും. ജോസഫിനെ പോലുള്ളവരെ ക്യാച്ച്‌ ദം യംഗ്‌ പ്രഖ്യാപനത്തിലൂടെ കണ്ടെത്തിയതല്ല. സാധാരണ കുടുംബത്തില്‍ പിറന്ന കോട്ടയത്തുകാരന്‍ സ്‌ക്കൂള്‍ മീറ്റിലൂടെയും പിന്നെ സ്വപ്രയത്‌നത്തിലൂടെയുമാണ്‌ വളര്‍ന്നത്‌. കഞ്ഞിയും കപ്പയുമായിരുന്നു ജോസഫിന്റെ പ്രോട്ടീന്‍. സൈന്യത്തിലെ കാര്‍ക്കശ്യമായിരുന്നു അദ്ദേഹത്തിലെ താരത്തിന്റെ അച്ചടക്കം. ലോക തലത്തില്‍ മികച്ച പ്രകടനം നടത്തിയാല്‍ കൂടുതല്‍ അവസരങ്ങള്‍ തേടിയെത്തുമെന്ന്‌ കരുതിയ താരത്തിന്‌ മുന്നില്‍ പക്ഷേ തടസവാദങ്ങള്‍ ഉന്നയിക്കുന്നതിലായിരുന്നു അധികാരികള്‍ക്ക്‌ മിടുക്ക്‌.
ഏഷ്യയില്‍ ഒന്നാമത്‌ വന്ന ഒരു താരത്തിന്‌ ഒളിംപിക്‌സ്‌ മുന്‍നിര്‍ത്തി സ്‌പെഷ്യല്‍ ട്രെയിനിംഗും വിദേശാവസരങ്ങളും ഒരുക്കേണ്ടതുണ്ടായിരുന്നു. മറ്റ്‌ രാജ്യങ്ങളിലെ അത്‌ലറ്റുകള്‍ക്ക്‌ അവിടെയുള്ള അധികാരികള്‍ ഇതെല്ലാം ചെയ്യാറുണ്ട്‌. ട്രെയിന്‍ ദം ഫാസ്റ്റ എന്ന്‌ പറഞ്ഞ്‌ നമ്മുടെ അധികാരികള്‍ കരയുന്ന കുട്ടികള്‍ക്ക്‌ മാത്രം അല്‍പ്പം പാല്‌ നല്‍കുന്നു. ചില താരങ്ങള്‍ക്ക്‌ വിദേശാവസരങ്ങള്‍ ലഭിച്ചപ്പോള്‍ ബഹളം വെക്കാത്ത സൗമ്യ പ്രകൃതക്കാരനായ ജോസഫിനെ പോലുള്ളവര്‍ പടിക്ക്‌ പുറത്തായി.
ജോസഫിനൊപ്പം ഗോഞ്ചുവില്‍ മല്‍സരിച്ച്‌ വെളളിയും വെങ്കലവും നേടിയ സഊദിക്കാരനും ജപ്പാനിയും ലണ്ടനില്‍ മല്‍സരിക്കുന്നുണ്ട്‌. അവര്‍ ഏഷ്യന്‍ ഗെയിംസ്‌ സമയത്തേക്കാള്‍ മെച്ചപ്പെട്ട സമയമാണ്‌ രാജ്യത്തെ യോഗ്യതാ മല്‍സരങ്ങളില്‍ കുറിച്ചത്‌. ഒരു പക്ഷേ ഇവരിലൊരാള്‍ ലണ്ടനില്‍ മെഡല്‍ നേടിയാല്‍ പാവം ജോസഫിന്റെ അവസ്ഥ ഒന്നാലോചിക്കുക...
ജോസഫിന്‌ ലണ്ടന്‍ ടിക്കറ്റില്ല. അദ്ദേഹത്തിന്‌ പാര പണിത അധികാരികളില്‍ പലരും കോട്ടും സൂട്ടുമിട്ട്‌ ലണ്ടന്‍ വിസ തരപ്പെടുത്തി പറക്കാന്‍ ഒരുങ്ങിയിട്ടുണ്ട്‌. പങ്കെടുക്കുക-വിജയിപ്പിക്കുക എന്നതാണല്ലോ ഒളിംപിക്‌ മുദ്രാവാക്യം.

No comments: