Tuesday, July 10, 2012
the difference. china and india
താരങ്ങള്‍ അടിമകളല്ല
1996 ലെ ഒരു അനുഭവകഥയാണിത്. ഡല്‍ഹിയില്‍ ഒരു പ്രാദേശിക ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പ് നടക്കുന്നു. ധാരാളം കുട്ടികള്‍ പങ്കെടുത്ത ചാമ്പ്യന്‍ഷിപ്പില്‍ പതിമൂന്നുകാരനായ ഒരു പയ്യന്‍ 400 ല്‍ 400 പോയന്റും സ്‌ക്കോര്‍ ചെയ്‌ത് ഒന്നാമനാവുന്നു. രാജ്യത്ത് അത് വരെ ആര്‍ക്കും സാധിക്കാത്ത നേട്ടം. പക്ഷേ പയ്യന് ലഭിച്ചത് രണ്ടാം സ്ഥാനം മാത്രം. മൂഴുവന്‍ പോയന്റുകള്‍ സ്വന്തമാക്കിയിട്ടും എന്ത് കൊണ്ട് തനിക്ക് ഒന്നാം സ്ഥാനമില്ലെന്ന് പയ്യന്‍ ചോദിച്ചപ്പോള്‍ സാങ്കേതികതയാണ് ഉത്തരമായി സംഘാടകര്‍ പറഞ്ഞത്. നേരില്‍ കണ്ട സത്യത്തെ അംഗീകരിക്കാന്‍ മല്‍സരം നിയന്ത്രിച്ചവര്‍ തയ്യാറായില്ല. നിരാശനായി മടങ്ങി ആ താരം തോക്ക് താഴെ വെച്ചില്ല. നിരന്തരമായ പരിശീലനത്തിലുടെ അധികാരികളുടെ കണ്ണ് തുറപ്പിച്ച് ഒളിംപിക്‌സില്‍ ഇന്ത്യക്കായി സ്വര്‍ണം തന്നെ നേടി. അവിടെ ആരും സാങ്കേതികത തടസ്സാമായി പറയില്ലല്ലോ ... ഒളിംപിക്‌സില്‍ വ്യക്തിഗത ഇനത്തില്‍ സ്വര്‍ണം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ കായികതാരമെന്ന ബഹുമതിയും സ്വന്തമാക്കി അഭിനവ് അധികാരികളുടെ നേര്‍ക്ക് നോക്കി ചിരിച്ചു....
ഈയിടെ പ്രസിദ്ധീകരിച്ച തന്റെ ആത്മകഥയിലാണ് ചെറിയ പ്രായത്തിലെ തിക്താനുഭവം ബിന്ദ്ര വിവരിക്കുന്നത്. ബെയ്‌ജിംഗ് ഒളിംപ്‌കിസിന് മുമ്പുണ്ടായ ഒരനുഭവവും അദ്ദേഹം വിവരിക്കുന്നുണ്ട്. അധികാരികള്‍ ബിന്ദ്രക്കായി വാങ്ങി നല്‍കിയത് രണ്ട് തരത്തിലുള്ള ഷൂസുകള്‍. ഇടത് പാദത്തില്‍ 11 ഇഞ്ച് വലുപ്പത്തില്‍, വലത് പാദത്തില്‍ 8 ഇഞ്ചിന്റേതും. ഒരു രാജ്യാന്തര താരത്തെ നമ്മള്‍ ഏത് തരത്തില്‍ കാണുന്നു എന്നതിന് ഇതിലും വലിയ തെളിവുകളോ ഉദാഹരണങ്ങളോ ആവശ്യമില്ല.
പതിമൂന്നാം വയസ് മുതല്‍ ബിന്ദ്ര അധികാരികളുടെ കണ്ണിലെ കരടാണ്. ഇപ്പോള്‍ പ്രായം 29. നാലാം ഒളിംപിക്‌സില്‍ പങ്കെടുക്കുന്നു. സമ്പന്ന കുടുംബത്തിലാണ് ബിന്ദ്രയുടെ പിറവി-അതായിരുന്നു ആദ്യ അയോഗ്യത. എന്തിനും ഏതിനും അധികാരികളുടെ മുന്നില്‍ കൈനീട്ടില്ല. അവരുടെ ധാര്‍ഷ്‌്‌ട്യ സമീപനത്തെ അംഗീകരിക്കില്ല. അവര്‍ പറയുന്ന കോച്ചിംഗ് ക്യാമ്പിലെ ശോചനീയതക്ക് കൂട്ടുനില്‍ക്കില്ല. പതിമൂന്നാം വയസ്സില്‍ വന്‍ പ്രകടനം നടത്തിയവനെ ഒതുക്കാന്‍ നടത്തിയ സംഘടിത ശ്രമം ഇന്നും തുടരുന്നു. ലോകത്തിലെ തന്നെ വന്‍ ധനാഡ്യരില്‍ ഒരാളായ ലക്ഷ്‌മി മിത്തല്‍ നടത്തുന്ന മീത്തല്‍ ചാമ്പ്യന്‍സ് ട്രസ്റ്റിന്റെ താരമാണ് ബിന്ദ്ര. 2004 ലെ ഏതന്‍സ് ഒളിംപിക്‌സില്‍ ഇന്ത്യയുടെ പ്രകടനം ദയനീയമായപ്പോഴാണ് ലക്ഷ്‌മി മീത്തല്‍ കായികതാരങ്ങളെ സഹായിക്കാനും രാജ്യത്തിന് കനക നേട്ടങ്ങള്‍ സമ്മാനിക്കാനുമായി പുതിയ ട്രസ്‌റ്റിന് രൂപം നല്‍കിയത്. ആദ്യം മുതല്‍ ബിന്ദ്ര ഇതില്‍ അംഗമായിരുന്നു. ബെയ്‌ജിംഗില്‍ അദ്ദേഹം സ്വര്‍ണം നേടി മീത്തലിന്റെ ലക്ഷ്യത്തിന് സുവര്‍ണനിറം നല്‍കുകയും ചെയ്‌തു. ബിന്ദ്രക്കൊപ്പം പരിശീലനം നേടുന്ന രഞ്‌ജന്‍ സോഥി ഗോഞ്ചു ഏഷ്യന്‍ ഗെയിംസില്‍ ഡബിള്‍ ട്രാപ്പില്‍ സ്വര്‍ണം നേടി മീത്തല്‍ ട്രസ്‌റ്റിന്റെ മറ്റൊരു അഭിമാനതാരമായി.
പഴയ തരത്തില്ലല്ല ഇപ്പോള്‍ കാര്യങ്ങള്‍. താരങ്ങളെ സഹായിക്കാനും രാജ്യത്തിന്റെ യശസ് ഉയര്‍ത്താനുമായി നിരവധി സ്വകാര്യ സംരംഭകര്‍ കായികരംഗത്ത് വന്‍തോതില്‍ നിക്ഷേപം നടത്തുന്നുണ്ട്. ഒളിംപിക്‌സ് ചരിത്രത്തില്‍ ട്രാക്കില്‍ മാത്രം ആറ് ഇന്ത്യന്‍ താരങ്ങള്‍ക്ക് കപ്പിനും ചുണ്ടിനുമിടയില്‍ മെഡലുകള്‍ നഷ്ടമായിട്ടുണ്ട്. പി.ടി.ഉഷയും മില്‍ഖാസിംഗുമെല്ലാം അതില്‍ ഉള്‍പ്പെടുന്നു. ഇവര്‍ക്കെല്ലാം പ്രശ്‌നമായത് ഉന്നത പരിശീലനത്തിന്റെ കുറവായിരുന്നു.
ഇന്ന് 130 കോടിയണ് ഇന്ത്യന്‍ ജനസംഖ്യ. ചൈന കഴിഞ്ഞാല്‍ രണ്ടാം സ്ഥാനത്ത്. മാനവ വിഭവശേഷിയില്‍ ബഹുദൂരം മുന്നില്‍ നില്‍ക്കുന്ന ഇന്ത്യ കഴിഞ്ഞ ഒളിംപിക്‌സില്‍ ആകെ സമ്പാദിച്ചത് ഒരു സ്വര്‍ണവും രണ്ട് വെങ്കലങ്ങളും മാത്രമാണ്.
പണ്ട് കാലങ്ങളില്‍ ഔദ്യോഗിക സഹായത്താല്‍ മാത്രമായിരുന്നു കായികതാരങ്ങള്‍ വലിയ മേളകളില്‍ പങ്കെടുത്തതെങ്കില്‍ ഇപ്പോള്‍ സ്വകാര്യ പങ്കാളിത്തം വളരെ ശക്തമായിട്ടും മെഡലുകളും നേട്ടങ്ങളും അകലുന്നതിന്റെ കാര്യകാരണങ്ങളാണ് ചികയേണ്ടതും തിരുത്തേണ്ടതും. ഒന്ന് ശ്രമിച്ചാല്‍ മെഡലുകള്‍ നേടാമെന്നതിന് സമീപകാലത്തെ വലിയ തെളിവുകളുണ്ട്. ബെയ്‌ജിംഗിലെ ബിന്ദ്രയുടെ നേട്ടവും കോമണ്‍വെല്‍ത്ത് ഗെയിംസിലെ മെല്‍പ്പട്ടികയിലെ രണ്ടാം സ്ഥാനവും.
ഡല്‍ഹി ആതിഥേയത്വം വഹിച്ച കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഓസ്‌ട്രേലിയ, ബ്രിട്ടന്‍, കാനഡ, ന്യൂസിലാന്‍ഡ് തുടങ്ങിയ വന്‍ പ്രതിയോഗികളുമായി മല്‍സരിച്ചാണ് നമ്മള്‍ രണ്ടാം സ്ഥാനത്ത് വന്നത്. അതിന് ശേഷം നമ്മുടെ താരങ്ങള്‍ക്ക് ആകെ ലഭിച്ച രാജ്യാന്തര അവസരം ഗോഞ്ചു ഏഷ്യന്‍ ഗെയിംസായിരുന്നു. വലിയ മേളകള്‍ക്കിടെ സംഭവിക്കുന്ന വലിയ ഗ്യാപ്പുകള്‍ താരങ്ങളെ ദോഷകരമായി ബാധിക്കുന്നുണ്ട്. ധ്യാന്‍ചന്ദിന്റെ ഇന്ത്യന്‍ ഹോക്കി സംഘം പരാജയത്തിലേക്ക് മറയാന്‍ കാരണം മല്‍സരങ്ങളുടെ കുറവായിരുന്നു. പ്രതിയോഗികള്‍ നിരവധി മല്‍സരങ്ങളും ചിട്ടയായ പരിശീലനവുമായി മുന്നേറുമ്പോള്‍ സാമ്പത്തിക വിഷയങ്ങളിലും അച്ചടക്കമില്ലായ്‌മയിലും താന്‍ പോരിമയിലുമെല്ലാം നമ്മള്‍ ഇല്ലാതാവുന്നു.
ഇന്ത്യന്‍ കായികരംഗത്ത് സ്വകാര്യ നിക്ഷേപത്തെ സ്വാഗതം ചെയ്യുന്ന മുന്‍ താരങ്ങളായ വീരന്‍ റോസ്‌ക്കിനെ (ഹോക്കി) ഗീത് സേഥി (ബില്ല്യാര്‍ഡ്‌സ്) തുടങ്ങിയവരെല്ലാം സമ്മതിക്കുന്ന ഒരു കാര്യമുണ്ട്. ഇവിടെ പ്രതിഭകള്‍ക്ക് പഞ്ഞമില്ല. വളര്‍ത്തുന്നതിലാണ് പ്രശ്‌നം. ഒരു ഒളിംപിക് മെഡല്‍ നേടുകയെന്നത് വലിയ വികാരപര സംഭവമായാണ് ഇന്ത്യ കാണുന്നത്. ബിന്ദ്ര സ്വര്‍ണം നേടിയപ്പോള്‍ രാജ്യമത് ആഘോഷമാക്കി. പക്ഷേ ബിന്ദ്രക്ക് നേട്ടം തുടരാനുള്ള സാഹചര്യം ഒരുക്കിയില്ല. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ബിന്ദ്രയുടെ സ്ഥാനത്ത് ഗഗന്‍ നരാംഗാണ് മിന്നിയത്. പക്ഷേ ഗഗന്‍ ഏഷ്യന്‍ ഗെയിംസില്‍ നിരാശപ്പെടുത്തി. ശാസ്‌ത്രീയമായ പരിശീലനവും താര സംരക്ഷണവുമില്ലാത്തതാണ് അടിസ്ഥാന പ്രശ്‌നം. തങ്ങളെ സംരക്ഷിക്കാന്‍ ആരുമില്ലെന്ന തോന്നല്‍ താരങ്ങള്‍ക്കുണ്ട്. ടിന്റു ലൂക്ക എന്ന താരത്തിന് താങ്ങും തണലവുമായി നില്‍ക്കുന്നത് ഇവിടുത്തെ കായിക അധികാരികളല്ല-പി.ടി ഉഷയാണ്. ടിന്റു മെഡല്‍ നേടുന്നത് ഉഷക്ക് വേണ്ടിയാണെന്ന ധാരണയിലാണ് ചിലര്‍. പി കുഞ്ഞഹമ്മദ് എന്ന 400 മീറ്ററുകാരന് ട്രയല്‍സിന് പോലും അവസരമുണ്ടായില്ല. ഒളിംപിക് ടിക്കറ്റ് മോഹിച്ച് ലങ്കയില്‍ ഒരവസരം കണ്ടെത്തിയപ്പോള്‍ പണം നല്‍കാന്‍ ആരും തയ്യാറായില്ല. ഇര്‍ഫാന്‍ എന്ന നടത്തക്കാരന്റെ സ്ഥിതിയും വിത്യസ്‌തമല്ല. എല്ലാവരും ആശങ്കയിലാണ്. ഒരു മെഡല്‍ നേടിയാല്‍ അനുമോദിക്കാനെത്തുന്നവരെ പോലും വിശ്വസിക്കാന്‍ കഴിയാത്ത അവസ്ഥ. താരങ്ങളെ അടിമകളെ പോലെയാണ് അസോസിയേഷന്‍കാര്‍ കാണുന്നത്. ബിന്ദ്രയെ പോലെ എന്തെങ്കിലും തുറന്ന് പറയുന്നവരെ ഒതുക്കാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടത്തും. മാറിയ കാലത്തിനൊപ്പം സാങ്കേതികതയും ശാസ്‌ത്രീയതയും മാതൃകയാക്കി താരങ്ങളെ സംരക്ഷിക്കാന്‍ അസോസിയേഷന്‍ മുന്നോട്ട് വരണം-താരങ്ങളെ അടിമകളായി കാണരുത്.
Subscribe to:
Post Comments (Atom)
No comments:
Post a Comment