Tuesday, July 3, 2012

THARAVADIKAL VAZHILLA





വിസന്റെ ഡെല്‍ബോസ്‌ക്കെ- ഫുട്‌ബോള്‍ പ്രേമികള്‍ക്ക്‌ സുപരിചിതമായ നാമം. ലോകകപ്പിന്‌ പിറകെ സ്‌പെയിനിന്‌ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പും സമ്മാനിച്ച പരിശീലകന്‍. 2008 ല്‍ സ്‌പെയിന്‍ യൂറോ സ്വന്തമാക്കുമ്പോള്‍ ലൂയിസ്‌ അരഗോനസായിരുന്നു ടീമിന്റെ പരിശീലകന്‍. വന്‍കരാ കിരീടം രാജ്യത്തിന്‌ സമ്മാനിച്ച ആഭിജാത്യത്തോടെ അരഗോനസ്‌ പടിയിറങ്ങിയപ്പോള്‍ സ്‌പാനിഷ്‌ ഫുട്‌ബോള്‍ അധികാരികള്‍ ഏകകണ്‌ഠമായി ഡെല്‍ബോസ്‌ക്കെക്ക്‌ അനുകൂലമായി തീരുമാനമെടുക്കുകയായിരുന്നു. ഒരേ ഒരു വ്യവസ്ഥ മാത്രമാണ്‌ ഡെല്‍ബോസ്‌ക്കെ മുന്‍വെച്ചത്‌: ടീമിന്റെ കാര്യങ്ങളില്‍ അധികാരികള്‍ ഇടപെടരുത്‌. സെലക്ഷന്‍ മുതല്‍ എല്ലാ കാര്യങ്ങളിലും കോച്ചിനായിരിക്കണം അധികാരം. അധികാരികള്‍ വ്യവസ്ഥ സന്തോഷത്തോടെ അംഗീകരിച്ചു. ഫലമോ 2010 ല്‍ സ്‌പെയിന്‍ ചരിത്രത്തിലാദ്യമായി ലോകകപ്പ്‌ സ്വന്തമാക്കി, ഇപ്പോള്‍ വീണ്ടും യൂറോ. രണ്ട്‌ വലിയ കിരീടങ്ങള്‍ രാജ്യത്തിന്‌ സമ്മാനിച്ചിട്ടും ഒരു അഹങ്കാരവും പ്രകടിപ്പിക്കാതെ, ഒന്ന്‌ തുള്ളി ചാടാതെ, ആഭിജാത്യമാവുന്ന ചെറുപുഞ്ചിരിയില്‍ 62 കാരന്‍ അനുമോദനങ്ങളെ സ്വീകരിക്കുന്നു.
ഡെല്‍ബോസ്‌ക്കോയുടെ സംഘത്തില്‍ നിറയെ സൂപ്പര്‍ താരങ്ങള്‍. റയല്‍ മാഡ്രിഡിനും ബാര്‍സിലോണക്കും വലന്‍സിയക്കും ആഴ്‌സനലിനും ബയേണ്‍ മ്യൂണിച്ചിനുമെല്ലാം കളിക്കുന്ന കൊമ്പന്മാര്‍. എല്ലാവരും പുപ്പുലികള്‍. സൂപ്പര്‍താര ജാഡകളും പിണക്കങ്ങളുമെല്ലാം നിലനില്‍ക്കുമ്പോള്‍ തന്നെ അച്ചടക്കത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്‌ച്ചയില്ലാത്ത നിലപാടുമായി ഡെല്‍ബോസ്‌ക്കെ ശക്തനായി നിലകൊള്ളുന്നു. നായകന്‍ ഇകര്‍ കസിയസിന്‌ പോലും പരിശീലകനില്‍ അമിത സ്വാധീനമില്ല. യൂറോയില്‍ രണ്ട്‌ മല്‍സരങ്ങളില്‍ സ്‌പെയിന്‍ കളിച്ചത്‌ മുന്‍നിരയില്‍ ആരെയും പരീക്ഷിക്കാതെയാണ്‌. ഡേവിഡ്‌ വിയ, കാര്‍ലോസ്‌ പുയോള്‍ തുടങ്ങിയ അനുഭവസമ്പന്നരുടെ അഭാവത്തിലും ഡെല്‍ബോസ്‌ക്കെ പരീക്ഷണങ്ങളുടെ പാതയില്‍ സഞ്ചരിച്ചില്ല. ഇറ്റലിയെ ഫൈനലില്‍ നാല്‌ ഗോളിന്‌ തകര്‍ത്തിട്ടും ആ മുഖത്ത്‌ അഹങ്കാരം പ്രത്യക്ഷപ്പെട്ടില്ല. വിജയത്തിന്‌ ശേഷം മാഡ്രിഡില്‍ മടങ്ങിയെത്തിയപ്പോഴോ- അധികാരികള്‍ക്കെല്ലാം മാന്യമായ ഹസ്‌തദാനം. മാധ്യമങ്ങളോട്‌ വീമ്പടിയില്ല........
മാന്യതയും ആഭിജാത്യവും സമചിത്തതയും ഔചിത്യവുമെല്ലാം ഒരുമിച്ച്‌ സമ്മേളിക്കുമ്പോള്‍ പിറക്കുന്ന തറവാടിത്തത്തില്‍ ഡെല്‍ബോസ്‌ക്കെ മാതൃകയാണ്‌. നമുക്കിടയില്‍ ഉണ്ടോ ഇങ്ങനെ ഒരാള്‍....? അല്ലെങ്കില്‍ ഇങ്ങനെ ഒരാള്‍ക്ക്‌ ഇവിടെ സ്ഥാനമുണ്ടോ.....തറവാടിയായ ഒരാള്‍ നമ്മുടെ പരിശീലക സ്ഥാനം ഏറ്റെടുക്കുമോ..? സംശയമാണ്‌.
പരിശീലകരെ എങ്ങനെയാണ്‌ നമ്മുടെ അധികാരികള്‍ പരിഗണിക്കുന്നത്‌. രണ്ടാം തരം പൗരന്മാരെ പോലെ. അധികാരികളെ അനുസരിക്കുന്ന നല്ല പിള്ളമാര്‍ക്ക്‌ മാത്രമാണ്‌ ഇവിടെ ആയുസ്‌. ഇന്ത്യന്‍ ക്രിക്കറ്റിനെ മാത്രം ഉദാഹരിക്കാം. ഇപ്പോള്‍ നമ്മുടെ ദേശീയ ടീമിന്റെ പരിശീലകന്‍ ഡങ്കണ്‍ ഫ്‌ളെച്ചര്‍. പഴയ പടക്കുതിരയാണ്‌. പ്രതിമാസം രണ്ട്‌ കോടിയാണ്‌ അദ്ദേഹത്തിന്റെ പ്രതിഫലം. പക്ഷേ ക്യാപ്‌റ്റന്‍ മഹേന്ദ്രസിംഗ്‌ ധോണി, സീനിയര്‍ താരങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വീരേന്ദര്‍ സേവാഗ്‌, ഗൗതം ഗാംഭീര്‍, വി.വി.എസ്‌ ലക്ഷ്‌മണ്‍, സഹീര്‍ഖാന്‍ തുടങ്ങിയവരെയൊന്നും തൊടാനുള്ള അവകാശം കോച്ചിനില്ല. മൗനവും അനുസരണയുമാണ്‌ ഇന്ത്യയില്‍ പരിശീലകന്റെ യോഗ്യത എന്ന്‌ അതിവേഗം മനസ്സിലാക്കി ഫ്‌ളെച്ചര്‍ മിണ്ടാതിരിക്കുന്നു. വെറുതെയിരുന്നാലും കോടികള്‍ ലഭിക്കുമ്പോള്‍ ബഹളമുണ്ടാക്കി പണം നഷ്ടപ്പെടുത്തേണ്ടെന്ന പ്രായോഗിക തത്വശാസ്‌ത്രമാണ്‌ അദ്ദേഹം നടപ്പാക്കുന്നത്‌. ടീമിനെ സെലക്ട്‌ ചെയ്യാന്‍ കോച്ചിന്‌ അധികാരമില്ല. ആ ജോലിക്ക്‌ സെലക്‌ടര്‍മാര്‍ എന്ന സൈന്യമുണ്ട്‌. പ്രാദേശിക താല്‍പ്പര്യങ്ങള്‍, മേഖലാ താല്‍പ്പര്യങ്ങള്‍, സ്‌പോണ്‍സര്‍ താല്‍പ്പര്യങ്ങള്‍ അങ്ങനെ താല്‍പ്പര്യങ്ങളെ താരാട്ട്‌ പാടി താലോലിക്കുന്നവരാണ്‌ സെലക്ടര്‍മാര്‍. അവര്‍ നല്‍കുന്ന ടീമിന്‌ ഉപദേശ നിര്‍ദ്ദേശങ്ങള്‍ നല്‍കാനോ ശാസിക്കാനോ ഉള്ള അധികാരവുമില്ല കോച്ചിന്‌. പത്രസമ്മേളനം വിളിച്ച്‌ വാചകമടിക്കാനുമാവില്ല. കളിക്കാരുടെ കൂടെയങ്ങ്‌ നടന്നാല്‍ മതി. ടീം കപ്പടിച്ചാല്‍ കോടികള്‍ പ്രഖ്യാപിക്കപ്പെടും. അതില്‍ ഒരു വിഹിതം കോച്ചിനുമുണ്ടാവും.
ഇന്ത്യന്‍ ഫുട്‌ബോളിലും ഇത്‌ തന്നെ അവസ്ഥ. കോവര്‍മാന്‍സ്‌ എന്ന ഡച്ചുകാരനാണ്‌ ഇപ്പോള്‍ ചുമതല. യുവേഫയുടെ എ ലൈസന്‍സ്‌ ലഭിച്ച പരിശീലകനാണ്‌ അദ്ദേഹം. 1988 ല്‍ യൂറോപ്യന്‍ ഫുട്‌ബോള്‍ കിരീടം സ്വന്തമാക്കിയ ഡച്ച്‌ സംഘത്തിലെ അംഗം. ഇന്ത്യന്‍ ഫുട്‌ബോളില്‍ നടക്കുന്ന പൊറാട്ട്‌ നാടകങ്ങളില്‍ അദ്ദേഹം തല വെക്കുമെന്ന്‌ തോന്നുന്നില്ല. സ്‌റ്റീഫന്‍ കോണ്‍സ്‌ന്റൈന്‍, ബോബ്‌ ഹൂട്ടണ്‍ എന്നിവരുടെ അനുഭവം എല്ലാവര്‍ക്കുമറിയാം. താരങ്ങള്‍ക്ക്‌ പ്രിയപ്പെട്ട കോച്ചായിരുന്നു ഹൂട്ടണ്‍. പക്ഷേ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലെ തോല്‍വിയെ തുടര്‍ന്ന്‌ അദ്ദേഹം പുറത്തായി. നിലവില്‍ ഇന്ത്യന്‍ ഹോക്കി ടീമിനെ പരിശീലിപ്പിക്കുന്നത്‌ ഓസ്‌ട്രേലിയക്കാരനായ മൈക്കല്‍ നോബ്‌സാണ്‌. അദ്ദേഹം വന്ന ശേഷം ടീമില്‍ കാര്യമായ മാറ്റങ്ങളുണ്ട്‌. എന്നാല്‍ ഒളിംപിക്‌സില്‍ ടീം തോറ്റാല്‍ ബലിയാടാവുക നോബ്‌സായിരിക്കും. കരുത്തര്‍ക്കൊപ്പമാണ്‌ ഇന്ത്യ കളിക്കുന്നത്‌. ഒരു ജയത്തിന്‌ പോലും അധികം വിയര്‍ക്കണം. പക്ഷേ ലണ്ടന്‍ മേളക്ക്‌ ശേഷം സ്വന്തം മുഖം രക്ഷിക്കാന്‍ ബലിയാടുകളെ തെരയുന്ന അധികാരികള്‍ക്ക്‌ മുന്നില്‍ നോബ്‌സിനെ പോലുള്ളവരായിരിക്കും വരുക.
അസോസിയേഷന്‍കാരും സൂപ്പര്‍ താരങ്ങളും ഭരിക്കുന്ന നമ്മുടെ കായികരംഗത്ത്‌ പരിശീലകന്റെ ജോലി കേവലം സഹായിയുടേതാണ്‌. ഗ്രെഗ്‌ ചാപ്പല്‍ എന്ന ക്രിക്കറ്റ്‌ കോച്ച്‌ ഒന്ന്‌ ചൂടായപ്പോള്‍ പൊട്ടിത്തെറിച്ചിരുന്നു സൗരവ്‌ ഗാംഗുലി. അധികാരികള്‍ക്ക്‌ വേണ്ടത്‌ താരമായിരുന്നു. ചാപ്പല്‍ പടിയിറങ്ങി. ഹൂട്ടണ്‍ ഒരു മല്‍സരത്തില്‍ പുറത്തിരുത്തിയപ്പോള്‍ സഹിക്കാനായില്ല ബൈജൂംഗ്‌ ബൂട്ടിയക്ക്‌. അവിടെയും താരം ജയിച്ചു. തോല്‍ക്കാന്‍ മനസ്സുള്ളവരാണ്‌ ഇവിടെ തുടരുന്നവര്‍. ഡെല്‍ബോസ്‌ക്കോയെ പോലെ അന്തസ്സുള്ളവര്‍ക്ക്‌ ഇവിടെ നിലനില്‍പ്പില്ല. എല്ലാം സഹിക്കാനും പൊറുക്കാനും കഴിയുന്നവന്റെ ലക്ഷ്യം സ്വന്തം അതിജീവനമാണ്‌. അവിടെ രാജ്യമാണ്‌ തോല്‍ക്കുന്നത്‌.

No comments: