Wednesday, July 11, 2012

will they repeat


ഈ ചിത്രം നോക്കൂക...! അഭിമാനത്തോടെ മൂന്ന്‌ ഇന്ത്യന്‍ വനിതകള്‍. മൂന്ന്‌ പേരുടെയും കൈവശം മെഡലുകള്‍..... 2010 ഒക്ടോബര്‍ 11-ന്‌്‌ ഡല്‍ഹിയിലെ നെഹ്‌റു സ്‌റ്റേഡിയത്തില്‍ സംഭവിച്ച ഈ അല്‍ഭൂതത്തിന്‌ ദൃക്‌സാക്ഷിയാവാന്‍ കഴിഞ്ഞത്‌ ഭാഗ്യമാണ്‌. ഇത്തരത്തില്‍ ഒരു ക്ലീന്‍ സ്വീപ്പ്‌ ഇന്ത്യന്‍ കായികരംഗത്തിന്റെ ചരിത്രത്തില്ലില്ല. നമ്മുടെ തലസ്ഥാന നഗരം ആതിഥേയത്വം വഹിച്ച കോമണ്‍വെല്‍ത്ത്‌ ഗെയിംസില്‍ വനിതകളുടെ ഡിസ്‌ക്കസ്‌ ത്രോയില്‍ സ്വര്‍ണവും വെള്ളിയും വെങ്കലവും ഇന്ത്യക്ക്‌. ഇന്ത്യന്‍ സ്‌പോര്‍ട്‌സിനെ അറിയുന്നവര്‍ക്കത്‌ മഹാല്‍ഭുതമായിരുന്നു. 52 വര്‍ഷമായി കോമണ്‍വെല്‍ത്ത്‌ ട്രാക്കില്‍ നിന്ന്‌ ഒരു സ്വര്‍ണം ലഭിച്ചിരുന്നില്ല. 1958ലെ കാര്‍ഡിഫ്‌ ഗെയിംസില്‍ പറക്കും സിക്ക്‌ മില്‍ഖാ സിംഗ്‌ 400 മീറ്ററില്‍ സ്വര്‍ണം നേടിയതിന്‌ ശേഷം കനക ദാരിദ്ര്യമായിരുന്നു. നെഹ്‌റു സ്‌റ്റേഡിയത്തിലെ കാഴ്‌ച്ചകള്‍ ഞങ്ങള്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക്‌ ആദ്യമങ്ങ്‌ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. കൃഷ്‌ണ പൂനിയക്ക്‌ സ്വര്‍ണം, സ്വതവേ മിതഭാഷിയായ ഹര്‍വന്ത്‌ കൗറിന്‌ വെള്ളി, സീമാ ആന്റിലിന്‌ വെങ്കലം. ദേശീയ പതാകയുമായി മൂന്ന്‌ ഇന്ത്യന്‍ വനിതകളും നെഹ്‌റു സ്‌റ്റേഡിയത്തിലുടെ വിജയാഹ്ലാദം മുഴക്കുമ്പോള്‍ അത്‌ ക്യാമറയില്‍ പകര്‍ത്താന്‍ മല്‍സരിച്ചവരുടെ മുഖം പോലും മനസ്സിലുണ്ട്‌. പോഡിയത്തില്‍ മൂന്ന്‌ തവണ ദേശീയ ഗാനം ഉയര്‍ന്നു. സുരേഷ്‌ കല്‍മാഡിയും ലളിത്‌ ഭാനോട്ടുമെല്ലാം അല്‍പ്പമഹങ്കാരത്തില്‍ സംസാരിക്കുന്നതും കേട്ടു. ഇന്ത്യന്‍ കായികലോകം ഒരിക്കലും മറക്കാത്ത ദിനം.
ഓസ്‌ട്രേലിയന്‍ ഡിസ്‌ക്കസ്‌ ത്രോ താരമായിരുന്ന ഡാനി സാമുവല്‍സ്‌ സ്വര്‍ണം നേടുമെന്നാണ്‌ കരുതിയത്‌. അവസാന നിമിഷം ഡാനി പരുക്കുമായി പിന്മാറിയപ്പോഴും മൂന്നില്‍ മൂന്നും ഇന്ത്യ നേടുമെന്ന്‌ കരുതിയില്ല. ലണ്ടനില്‍ ഈ മൂന്ന്‌ പേരും മല്‍സരിക്കുന്നില്ല. കൃഷ്‌ണയും സീമയും യോഗ്യത നേടിയിട്ടുണ്ട്‌. ഇവരെന്ത്‌ നേടുമെന്ന ചോദ്യത്തിന്‌ പോലും പ്രസക്തിയില്ലാത്ത തരത്തിലാണ്‌ ലോക നിലവാരം. 64.74 മീറ്ററാണ്‌ കൃഷ്‌ണയുടെ ഏറ്റവും മികച്ച ദൂരം. സീമായവട്ടെ 64.84 മീറ്റര്‍ എറിഞ്ഞിട്ടുണ്ട്‌. എന്നാല്‍ ഇന്ത്യയുടെ താരങ്ങളെക്കാള്‍ മികച്ച റെക്കോര്‍ഡുള്ള മുപ്പതോളം പേരാണ്‌ ലണ്ടനില്‍ വിവിധ രാജ്യങ്ങളെ പ്രതിനിധീകരിക്കുന്നത്‌.
ട്രാക്കില്‍ നിന്ന്‌ ഇന്ത്യ എന്തെങ്കിലും പ്രതീക്ഷിക്കുന്നത്‌ കേവലം പ്രതീക്ഷയായി തന്നെ അവസാനിക്കുമെന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കുമ്പോള്‍ തന്നെ 14 പേര്‍ ഇത്തവണ രാജ്യത്തിനായി മല്‍സരിക്കുന്നുണ്ട്‌. ഇവരെല്ലാം മികച്ചവരാണ്‌. പക്ഷേ ലോക നിലവാരവുമായി താരതമ്യം ചെയ്യുമ്പോഴാണ്‌ വലിയ പ്രശ്‌നം വരുന്നത്‌. നമ്മുടെ താരങ്ങള്‍ക്ക്‌ രാജ്യത്തെ പ്രതിനിധീകരിക്കാന്‍ അവസരം ലഭിക്കാറുള്ളത്‌ ഒളിംപിക്‌സിലും ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത്‌ ഗെയിംസിലും പിന്നെ ലോക മീറ്റിലുമാണ്‌. നാല്‌ വര്‍ഷത്തിലൊരിക്കല്‍ മാത്രം സംഭവിക്കുന്ന ഈ മേളകള്‍ക്കിടെ കാര്യമായ പരിശീലനം ലഭിക്കാതെ, മല്‍സര പരിചയമില്ലാതെ ആഭ്യന്തര രംഗത്തെ തട്ടിപ്പു മീറ്റുകളില്‍ തല കാണിക്കേണ്ടി വരുന്നു. ക്യാച്ച്‌ ദം യംഗ്‌ എന്നത്‌ നമ്മുടെ അധികാരികളും പരിശീലകരും പഴകിപാടിയ മുദ്രാവാക്യമാണ്‌. കോച്ച്‌ ദം പ്രോപര്‍ലി എന്ന പടിഞ്ഞാറന്‍ മുദ്രാവാക്യത്തിനൊപ്പം ആരും സഞ്ചരിക്കുന്നില്ല. ടിന്റുവിന്‌ ഉഷയെന്ന പോലെ, അഞ്‌ജുവിന്‌ ബോബിയെന്ന പോലെ കൃഷ്‌ണക്ക്‌ ഭര്‍ത്താവ്‌ വികാസുണ്ട്‌. അത്‌ കൊണ്ട്‌ മാത്രമാണ്‌ കുടുംബിനിയായ കൃഷ്‌ണ മല്‍സര രംഗത്ത്‌ തുടരുന്നത്‌ തന്നെ. ഇങ്ങനെ തണലായി ആരുമില്ലാത്തവര്‍ എല്ലാം മടുത്ത്‌ ഓടി പോകുന്നവരാണ്‌.
നമ്മുടെ കുട്ടികള്‍ മല്‍സര രംഗത്തേക്ക്‌ വരുന്നത്‌ തന്നെ ഒരു ജോലി ലഭിക്കാനാണ്‌. ഗ്രേസ്‌ മാര്‍ക്കിന്റെ ആനുകൂല്യവും സ്‌പോര്‍ട്‌സ്‌ ക്വാട്ടാ നിയമനവുമല്ലാം നിലനില്‍ക്കുന്നതിനാല്‍ ഉപരിപഠനത്തിനും ജോലിക്കും എളുപ്പമാര്‍ഗ്ഗം ഇതാണെന്ന്‌ മനസ്സിലാക്കി വരുന്നവരില്‍ ചിലര്‍ക്ക്‌ മല്‍സരരംഗത്ത്‌ തുടരാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ അവരെ മടുപ്പിക്കുന്ന നയമാണ്‌ അധികാരികള്‍ സ്വീകരിക്കുക. അങ്ങനെ എല്ലാം മടുത്ത്‌ പിരിയുന്നു എല്ലാവരും. ഒരു ജോലി കിട്ടിയാല്‍ എല്ലാ സഹിച്ച്‌ മടുത്തുവെന്ന നിലപാടില്‍ പിന്മാറുന്നവരുടെ പട്ടികയില്‍ നിരവധി പേരുണ്ട്‌.
എല്ലാ താരങ്ങളും പറയുന്നത്‌ പോലെ കൃഷ്‌ണക്കും പറയാന്‍ ധാരാളമുണ്ട്‌. 2006 ലെ ദോഹ ഏഷ്യന്‍ ഗെയിംസില്‍ കൃഷ്‌ണയെ കണ്ടിരുന്നു. അന്നവിടെ മൂന്നാം സ്ഥാനം നേടിയ ശേഷം മീഡിയാ സെന്ററിലെത്തിയ ജാട്ടുകാരിക്ക്‌ ഹിന്ദി മാത്രമായിരുന്നു വശമുണ്ടായിരുന്നത്‌. 61.53 മീറ്ററായിരുന്നു ദോഹയില്‍ പിന്നിട്ട ദൂരം. അന്ന്‌ ചൈനക്കാരായ രണ്ട്‌ പേരായിരുന്നു സ്വര്‍ണവും വെളളിയും നേടിയത്‌. ആ ചൈനക്കാര്‍ ഇപ്പോള്‍ ലോക തലത്തില്‍ സജീവമായുണ്ട്‌ (ഐ മിന്‍ സിയും മാ സുന്‍ജാനും). രണ്ട്‌ പേരും സ്വന്തം ദൂരം ഏറെ മെച്ചപ്പെടുത്തി. കൃഷ്‌ണയാവട്ടെ 2006 ലെ 61.53 മീറ്ററില്‍ നിന്ന്‌ ആറ്‌ വര്‍ഷത്തിന്‌ ശേഷം 64.76 മീറ്ററിലാണ്‌ എത്തിയിരിക്കുന്നത്‌. അതിനിടെ കോമണ്‍വെല്‍ത്തില്‍ സ്വര്‍ണവും ഗോഞ്ചു ഏഷ്യന്‍ ഗെയിംസില്‍ വെങ്കലവും നേടിയത്‌ മാത്രമാണ്‌ കാര്യമായ സമ്പാദ്യം. പരുക്കും ആരോഗ്യ പ്രശ്‌നങ്ങളുമെല്ലാം കൃഷ്‌ണയുടെ കരിയറിലുമുണ്ട്‌. നാല്‌ വര്‍ഷം മുമ്പ്‌ ബെയ്‌ജിംഗില്‍ നടന്ന ഒളിംപിക്‌സില്‍ ഫൈനല്‍ യോഗ്യത നേടാന്‍ പോലും ജാട്ടുകാരിക്കായിരുന്നില്ല.
കൃഷ്‌ണക്കിത്‌ അവസാന ഒളിംപിക്‌സാണ്‌. ഇനിയൊരവസരമില്ല. കോമണ്‍വെല്‍ത്ത്‌ ഗെയിംസിലെ മികവിന്‌ ശേഷം കൃഷ്‌ണ സ്വന്തം താല്‍പ്പര്യത്തിലാണ്‌ പരിശീലനം നടത്തിയത്‌. ഇടക്ക്‌ വിദേശത്തേക്ക്‌ പോയെങ്കിലും സ്വന്തം തട്ടകത്തേക്ക്‌ തിരിച്ചെത്തി. മോശം അനുഭവങ്ങളിലും ആത്മവിശ്വാസം ആയുധമാക്കിയ ഈ താരം വളരെ വൈകിയാണ്‌ പ്രൊഫഷണല്‍ താരമായി മാറുന്നത്‌. നമ്മുടെ പ്രശ്‌നങ്ങളില്‍ പ്രധാനവും അത്‌ തന്നെ. ദുരിതക്കയത്തില്‍ നിന്ന്‌ പക്വതയിലേക്കും അവിടെ നിന്ന്‌ പ്രൊഫഷണല്‍ സമീപനത്തിലേക്കും മാറുമ്പോള്‍ സമയമധികം എടുക്കുന്നു അപ്പോഴേക്കും ലോകം മുന്നേറിയിരിക്കും. കൃഷ്‌ണയെ പോലുള്ളവരുടെ സേവനം പുതിയ തലമുറക്കായി ഇനി ഉപയോഗപ്പെടുത്തണം. അതിനാണ്‌ അധികാരികള്‍ താല്‍പ്പര്യമെടുക്കേണ്ടത്‌.

No comments: