ഏഷ്യന്‍ ബ്ലോക് ഒരുമിച്ചുനില്‍ക്കണം: മിയാന്‍ദാദ്
ലാഹോര്‍: ഏഷ്യയില്‍ സുരക്ഷിതമായി ക്രിക്കറ്റ് കളിക്കാമെന്ന് ലോകത്തിന് മുന്നില്‍ തെളിയിക്കാന്‍ ഇന്ത്യന്‍ ടീം അടുത്ത മാസത്തെ പാക്കിസ്‌താന്‍ പര്യടനവുമായി മുന്നോട്ട് പോവണമെന്ന് പാക്കിസ്‌താന്‍ മുന്‍
നായകനും കോച്ചുമായ ജാവേദ് മിയാന്‍ദാദ് അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ ടീം പാക്കിസ്‌താന്‍ പര്യടനം റദ്ദാക്കിയാല്‍ അത് തീവ്രവാദികള്‍ക്ക് കീഴടങ്ങലാവും. പാക്കിസ്‌താനില്‍ സുഗഗമമായി ക്രിക്കറ്റ്‌് കളിക്കാനുളള സാഹചര്യമാണ് നിലവിലുളളത്. അതിനാല്‍ ഇന്ത്യന്‍ ടീം പാക്കിസ്‌താന്‍ പര്യടനത്തില്‍ നിന്ന് പിന്മാറരുത്. ഏഷ്യന്‍ രാജ്യങ്ങള്‍ ഒരുമിച്ചുനിന്ന് ഭീകരവാദത്തെയും തീവ്രവാദത്തെയും നേരിടേണ്ട സന്ദര്‍ഭമാണിതെന്നും പാക്കിസ്‌താന്‍ ക്രിക്കറ്റ് ബോര്‍ഡ് ഡയരക്ടര്‍ ജനറല്‍ കൂടിയായ മിയാന്‍ദാദ് പറഞ്ഞു.
ഇന്ത്യയും പാക്കിസ്‌താനും ഒരു പോലെ ഭീകരവാദത്തെ നേരിടുകയാണ്. രണ്ട് രാജ്യങ്ങളിലും പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നു. രണ്ട് രാജ്യങ്ങളുടെയും വികസനത്തെ തടസ്സപ്പെടുത്തുന്നത് ഭീകരവാദമാണ്. ഇതിനെതിരെ ഒന്നിച്ചുനില്‍ക്കണം. ഭീകരരുടെ ആക്രമണങ്ങളില്‍ പാക്കിസ്‌താന്‍ സാമ്പത്തികമായി മാത്രമല്ല കായികമായും തകര്‍ച്ചയെ നേരിടുകയാണ്. പാക്കിസ്‌താന്‍ താരങ്ങള്‍ക്ക് രാജ്യാന്തര മല്‍സരങ്ങള്‍ നിഷേധിക്കപ്പെട്ടിരിക്കയാണ്. ഈ സമയത്ത് ഇന്ത്യ പാക്കിസ്‌താനില്‍ വന്ന് ക്രിക്കറ്റ് കളിക്കുന്നത് ഇരു രാജ്യങ്ങളും തമ്മിലുളള ബന്ധത്തിനും ക്രിക്കറ്റിനും കരുത്ത് പകരുമെന്നും ഹിന്ദുസ്ഥാന്‍ ടൈംസുമായി സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ഇംഗ്ലണ്ട് ഏകദിന പരമ്പര റദ്ദാക്കി മടങ്ങിയെന്ന് കരുതി ഇന്ത്യ ഒറ്റപ്പെട്ടിട്ടില്ല. ഇന്ത്യക്ക് കരുത്ത് പകരാന്‍ ഏഷ്യന്‍ ശക്തികളുണ്ടെന്ന കാര്യം മറക്കരുത്-അദ്ദേഹം കൂട്ടിചേര്‍ത്തു.
പാക്കിസ്‌താന്‍ ടീമിന്റെ മുന്‍ നായകനായ സഹീര്‍ അബ്ബാസും ഇതേ അഭിപ്രായമാണ് നടത്തിയത്. ഇന്ത്യ പാക്കിസ്‌താന്‍ പര്യടനം റദ്ദാക്കിയാല്‍ രാജ്യാന്തര ക്രിക്കറ്റില്‍ പാക്കിസ്‌താന്‍ അനാഥരായി മാറും. ഇപ്പോള്‍ മിക്ക ടെസ്‌റ്റ് രാജ്യങ്ങളും പാക്കിസ്‌താനിലേക്ക് വരുന്നില്ല. ഇന്ത്യയും ആ വഴി തെരഞ്ഞെടുത്താല്‍ പാക്കിസ്‌താന്‍ ക്രിക്കറ്റിന് അത് ഏറ്റവും വലിയ ദുരന്തമായി മാറുമെന്ന് അസോസിയേറ്റഡ് പ്രസ്സുമായി സംസാരിക്കവെ സഹീര്‍ പറഞ്ഞു. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ (ഐ.സി.സി ) ഇടപെടണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. പാക്കിസ്‌താന്‍ ടീമിന്റെ നായകനായ ഷുഹൈബ് മാലിക്കും ഇന്ത്യന്‍ ടീമിനോട് പാക്കിസ്‌താന്‍ പര്യടനത്തില്‍ നിന്ന് പിന്മാറരുതെന്ന് അഭ്യര്‍ത്ഥിച്ചു.
ജനുവരിയില്‍ ഉദ്ദേശിക്കുന്ന ഇന്ത്യന്‍ ടീമിന്റെ പാക്കിസ്‌താന്‍ പര്യടനം നടക്കില്ല എന്ന് ഉറപ്പായിട്ടുണ്ട്. വിദേശകാര്യ മന്ത്രാലയത്തിന്റെ തീരുമാനത്തിന് കാക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ്. മൂന്ന് ടെസ്‌റ്റും അഞ്ച് ഏകദിനങ്ങളും ഒരു 20-20 മല്‍സരവുമാണ് പരമ്പരയിലുണ്ടായിരുന്നത്. മുംബൈയില്‍ നടന്ന ഭീകരവാദ ആക്രമണത്തിന് പിറകില്‍ പാക്കിസ്‌താന്‍കാരാണെന്ന വാദം ശക്തമായ സാഹചര്യത്തില്‍ ആ രാജ്യത്തേക്ക് ക്രിക്കറ്റര്‍മാരെ അയക്കുന്നതിനോട് സര്‍ക്കാരിന് താല്‍പ്പര്യമില്ല. കൂടാതെ ഇന്ത്യന്‍ നായകന്‍ മഹേന്ദ്രസിംഗ് ധോണി, സീനിയര്‍ താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വീരേന്ദര്‍ സേവാഗ് എന്നിവര്‍ക്കൊന്നും പാക്കിസ്‌താന്‍ പര്യടനത്തിന് താല്‍പ്പര്യമില്ല.
കഴിഞ്ഞ ജൂണ്‍-ജൂലൈ മാസങ്ങളിലാണ് അവസാനമായി ഇന്ത്യന്‍ ടീം പാക്കിസ്‌താനില്‍ പര്യടനം നടത്തിയത്. അന്ന്‌് ഏഷ്യാകപ്പില്‍ ഫൈനല്‍ വരെയെത്തി കറാച്ചിയിലെ ഫൈനലില്‍ ലങ്കന്‍ സംഘത്തോട് പരാജയപ്പെടുകയായിരുന്നു. പാക്കിസ്‌താന്റെ കാര്യമാണ് ഏറെ ദയനീയം. 2007 ഡിസംബറിലാണ് പാക്കിസ്‌താനില്‍ ഒരു ടെസ്‌റ്റ് പരമ്പര അവസാനമായി നടന്നത്. അതിന് ശേഷം ഒരു രാജ്യവും അങ്ങോട്ട് പോയിട്ടില്ല. നിരന്തരമായുണ്ടാവുന്ന ആക്രമണങ്ങളില്‍ പാക്കിസ്‌താന്‍ നഗരങ്ങള്‍ വിറങ്ങലിച്ചു നില്‍ക്കുന്ന കാഴ്‌ച്ചയില്‍ അങ്ങോട്ട് പോവാന്‍ ഒരു രാജ്യവും താല്‍പ്പര്യമെടുക്കാറില്ല. ഓസ്‌ട്രേലിയന്‍ ടീമിന്റെ പാക്കിസ്‌താന്‍ പര്യടനം മുതല്‍ എല്ലാ പരമ്പരകളും പാക്കിസ്‌താന് നഷ്‌ടമാവുകയാണ്. ഈയിടെ അബുദാബിയില്‍ വെച്ച് വിന്‍ഡീസിനെതിരെ ഏകദിന പരമ്പര കളിച്ചത് മാത്രമാണ് രാജ്യാന്തര രംഗത്ത് നിലനില്‍ക്കുന്നു എന്നതിന് തെളിവായി പാക്കിസ്‌താന് ചൂണ്ടികാണിക്കാനുളളത്.
സുരക്ഷയില്‍ ഇംഗ്ലണ്ടിന് സംതൃപ്‌തി
ചെന്നൈ: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്‌റ്റ് പരമ്പര മുന്‍ നിശ്ചയപ്രകാരം തന്നെ നടക്കുമെന്ന് വ്യക്തമായ സൂചനകള്‍. ഇന്നലെ ഇവിടെയെത്തിയ ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് സുരക്ഷാ ഉപദേഷ്‌ടാവ് ചെന്നൈ ചെപ്പോക്ക് സ്‌റ്റേഡിയവും സജ്ജീകരണങ്ങളും പരിശോധിച്ചു. ചെന്നൈ പോലീസ് മേധാവികളുമായും അദ്ദേഹം സംസാരിച്ചു. ടീമിന് കമാന്‍ഡോകളുടെ സഹായമുണ്ടാവുന്നപക്ഷം കളിക്കാമെന്ന് സൂചന നല്‍കി അദ്ദേഹം രണ്ടാം ടെസ്റ്റിന് വേദിയാവുന്ന മൊഹാലിയിലേക്ക് പോയി. മൊഹാലി പിച്ചും മൈതാനവും പരിശോധിച്ച ശേഷം ഡിക്‌സണ്‍ നല്‍കുന്ന റിപ്പോര്‍ട്ട് അനുസരിച്ചായിരിക്കും ഇംഗ്ലീഷ് ടീമിന്റെ ഇന്ത്യന്‍ വരവ്. രണ്ട് ടെസ്‌റ്റുകളാണ് പരമ്പരയിലുളളത്. ആദ്യ ടെസ്റ്റ് 11 ന് ചെന്നൈയിലും രണ്ടാം ടെസ്‌റ്റ് 19 ന് മൊഹാലിയിലുമാണ് പ്ലാന്‍ ചെയ്‌തിരിക്കുന്നത്.
ഇന്നലെ ലണ്ടനില്‍ നിന്നും ഇവിടെയെത്തിയ ഡിക്‌സണ്‍ തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡണ്ടും ക്രിക്കറ്റ് ബോര്‍ഡ് സെക്രട്ടറിയുമായ എന്‍. ശ്രീനിവാസനുമായി സംസാരിച്ചു. ചെപ്പോക്കിലെ സജ്ജീകരണങ്ങളില്‍ അദ്ദേഹത്തിന് സംതൃപ്‌തിയുണ്ട്. രാജ്യത്തെ മികച്ച ടെസ്റ്റ് വേദികളിലൊന്നാണിത്. ഡിക്‌്‌സണുമായി സംസാരിച്ചതില്‍ നിന്നും ടെസ്റ്റ് പരമ്പര തടസ്സമില്ലാതെ നടക്കുമെന്നാണ് കരുതുന്നതെന്ന് ശ്രീനിവാസന്‍ പറഞ്ഞു.
ഇംഗ്ലീഷ് ടീം ഇന്ത്യയിലെത്തുമ്പോള്‍ താരങ്ങള്‍ക്കെല്ലാം പ്രത്യേക കമാന്‍ഡോ സുരക്ഷയാണ് ഡിക്‌സണ്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇരുപത് ഇന്ത്യന്‍ കമാന്‍ഡോകളുടെ സേവനം എപ്പോഴുമുണ്ടാവണം. ഹോട്ടലിലും ഡ്രസ്സിംഗ് റൂമിലുമെല്ലാം താരങ്ങള്‍ക്ക് സുരക്ഷ വേണം. സ്‌റ്റേഡിയത്തില്‍ പെട്ടെന്ന് എന്തെങ്കിലും സംഭവിക്കുന്നപക്ഷം അടിയന്തിരമായി താരങ്ങളെ മാറ്റാനുളള സജ്ജീകരണങ്ങളും വേണം. ഈ നിബന്ധനകള്‍ പാലിക്കുന്നപക്ഷം ഇന്ത്യയില്‍ കളിക്കാന്‍ ഇംഗ്ലണ്ട് തയ്യാറാവും.
അതേ സമയം ഇംഗ്ലണ്ട് ടീം ഇന്ത്യയിലെത്തുകയാണെങ്കിലും സീനിയറായ അഞ്ച് താരങ്ങളുടെ അഭാവമുണ്ടാവുമെന്ന് മുന്‍ ഇംഗ്ലീഷ് താരം ഡൊമിനിക്ക് കോര്‍ക്ക് ബി.ബി.സി യുമായി സംസാരിക്കവെ പറഞ്ഞു. അഞ്ച് താരങ്ങളുടെ പേരുകള്‍ അദ്ദേഹം വ്യക്തമാക്കിയില്ലെങ്കിലും ആന്‍ഡ്ര്യൂ ഫ്‌ളിന്റോഫ്, സ്‌റ്റീവന്‍ ഹാര്‍മിസണ്‍, ജെയിംസ് ആന്‍ഡേഴ്‌സണ്‍ തുടങ്ങിയവരാണ് ഇന്ത്യയില്‍ വരാന്‍ മടിക്കുന്നത് എന്നാണ്‌് സൂചനകള്‍. ഫ്‌ളിന്റോഫിന് ഏകദിന പരമ്പരക്കിടെ പരുക്കേറ്റിരുന്നു. ആന്‍ഡേഴ്‌സന്റെ ഭാര്യ പ്രസവത്തിനായി ആശുപത്രിയിലാണ്. ഹാര്‍മിസണ്‍ ഇന്ത്യയിലേക്ക് വരാന്‍ താല്‍പ്പര്യമില്ലെന്ന് അറിയിച്ചിട്ടുണ്ട്.
ടീമിലെ എല്ലാവരും സുരക്ഷാ ഉപദേഷ്‌ടാവിന്റെ റിപ്പോര്‍ട്ടിനായി കാത്തുനില്‍ക്കുകയാണെന്ന് കോര്‍ക് പറഞ്ഞു. പ്രൊഫഷണല്‍ ക്രിക്കറ്റേഴ്‌്‌സ് അസോസിയേഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് സിയാന്‍ മോറീസ് നാളെ ചെന്നൈയിലെത്തുന്നുണ്ട്. ഇവിടെയുളള സുരക്ഷാ ഉപദേഷ്‌ടാവ് ഡിക്‌സണുമായി അദ്ദേഹം സംസാരിക്കും. ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് നിര്‍ദ്ദേശിച്ചിരിക്കുന്ന നിബന്ധനകള്‍ പാലിക്കപ്പെടുമോ എന്ന കാര്യം മോറിസ് ആരായും.
സ്‌പോര്‍ട്‌സ്‌മാന്‍ ഓഫ് ദ ഇയര്‍
ന്യൂയോര്‍ക്ക്: ബെയ്‌ജിംഗിലെ നീന്തല്‍കുളത്തില്‍ ഒമ്പത് സ്വര്‍ണ്ണങ്ങളുമായി ലോക റെക്കോര്‍ഡുകളുടെ കളിക്കൂട്ടുകാരനായ അമേരിക്കന്‍ നീന്തല്‍ താരം മൈക്കല്‍ ഫെലിപ്‌സിനെ തേടി ഇല്ലസ്‌ട്രേറ്റഡ് വിക്കിലിയുടെ ഏറ്റവും വിലപിടിച്ച സ്‌പോര്‍ട്‌സ്‌മാന്‍ ഓഫ് ദ ഇയര്‍ പുരസ്‌ക്കാരം. ഒളിംപിക്‌സ് നീന്തല്‍കുളത്തില്‍ വിസ്‌മയമായ ഫെലിപ്‌സ് ഇല്‌സ്‌ട്രേറ്റഡ് വിക്കിലിയുടെ സ്‌പോര്‍ട്‌സ് മാന്‍ ഓഫ് ദ ഇയര്‍ പുരസ്‌ക്കാരം സ്വന്തമാക്കുന്ന ആദ്യ നീന്തല്‍ താരമാണ്. മുഹമ്മദ് അലി, ലാന്‍സ് ആംസ്‌ട്രോംഗ്, മൈക്കല്‍ ജോര്‍ദ്ദാന്‍, ജാക് നികോളാസ്, ടൈഗര്‍ വുഡ്‌സ് തുടങ്ങിയ പ്രബലര്‍ സ്വന്തമാക്കിയിട്ടുളള പുരസ്‌ക്കാരമാണിത്. സ്വന്തം പ്രകടനത്തിലൂടെയും വ്യക്തിത്വത്തിലൂടെയും കായികലോകത്തെ വിസ്‌മയിപ്പിച്ച താരങ്ങള്‍ക്ക് നല്‍കുന്ന ഈ പുരസ്‌ക്കാരം സ്വന്തമാക്കാനായതില്‍ ഫെലിപ്‌സ് അതിയായ സന്തോഷം പ്രകടിപ്പിച്ചു.
അവസാനം ഒരവസരം
തിരുവനന്തപരും: ഇന്ത്യന്‍ ടീമില്‍ നിന്നും സംസ്ഥാന ടീമില്‍ നിന്നും നിഷ്‌കാസിതനായി ആര്‍ക്കും വേണ്ടാതെ പുറത്ത് കഴിയുകയായിരുന്ന എസ്.ശ്രീശാന്തിന് ഒടുവില്‍ കേരളത്തിന്റെ രഞ്‌ജി ടീമില്‍ സ്ഥാനം. താര്‍ഖണ്‌ഡിനെ നേരിടുന്ന കേരളാ സംഘത്തില്‍ ശ്രീശാന്തിനെ ഉള്‍പ്പെടുത്തിയതായി കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം പാലക്കാട്ട് കോട്ട മൈതാനിയില്‍ അവസാനിച്ച ജമ്മു കാശ്‌മീരിനെതിരായ മല്‍സരത്തില്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയത് വഴി പ്ലേറ്റ് ഗ്രൂപ്പില്‍ സെമിഫൈനല്‍ സാധ്യത നിലനിര്‍ത്തിയ കേരളത്തിന് താര്‍ഖണഡിനെ തോല്‍പ്പിക്കാനായാല്‍ ഏറെക്കുറെ സെമി കളിക്കാനാവും. കെ.സി.എ സെക്രട്ടറി ടി.സി മാത്യൂവുമായുളള അഭിപ്രായഭിന്നതയെ തുടര്‍ന്ന് അകന്നുനില്‍ക്കുകയായിരുന്നു ഇത് വരെ ശ്രീശാന്ത്. സ്വന്തം ചെയ്‌തികളാല്‍ ദേശീയ ടീമിനും അദ്ദേഹം തലവേദനയായിരുന്നു. രഞ്‌ജി ടീമില്‍ അവസരം ലഭിച്ച സാഹചര്യത്തില്‍ കരുത്ത് പ്രകടിപ്പിച്ചാല്‍ ദേശീയ സംഘത്തിലേക്ക് മടങ്ങിവരാന്‍ കൊച്ചിക്കാരന് കഴിയുമെന്നാണ് പ്രതീക്ഷ.
No comments:
Post a Comment