Wednesday, December 10, 2008

CHELSI IN



യുവേഫ: ചിത്രം വ്യക്തം
ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ്‌ ലീഗ്‌ നോക്കൗട്ട്‌ ചിത്രം വ്യക്തമായി. ഗ്രൂപ്പ്‌ യില്‍ നിന്ന്‌ ചെല്‍സിയും ഏ.എസ്‌ റോമയും ബിയില്‍ നിന്ന്‌ ഗ്രീക്‌ ക്ലബായ പനാത്തിനായിക്കോസും യോഗ്യത നേടിയതോടെയാണ്‌ യൂറോപ്പിലെ ചാമ്പ്യന്‍ ക്ലബിനെ കണ്ടെത്തുന്ന ചാമ്പ്യന്‍ഷിപ്പിന്റെ പ്രീ ക്വാര്‍ട്ടര്‍ ഫൈനല്‍ ചിത്രം പൂര്‍ണ്ണമായത്‌. ഈ മൂന്ന്‌ ടീമുകള്‍ക്കൊപ്പം ഇന്റര്‍ മിലാന്‍, ബാര്‍സിലോണ, സ്‌പോര്‍ട്ടിംഗ്‌ ലിസ്‌ബണ്‍, ലിവര്‍പൂള്‍, അത്‌ലറ്റികോ മാഡ്രിഡ്‌, വില്ലാ റയല്‍, മാഞ്ചസ്‌റ്റര്‍ യുനൈറ്റഡ്‌, ലിയോണ്‍, ബയേണ്‍ മ്യൂണിച്ച്‌, ആഴ്‌സനല്‍, പോര്‍ട്ടോ, യുവന്തസ്‌, റയല്‍ മാഡ്രിഡ്‌ എന്നിവരാണ്‌ അവസാന പോരാട്ടങ്ങള്‍ക്കായി ഒരുങ്ങുന്നത്‌. ഈ മാസം 19 ന്‌ നിയോണിലെ യുവേഫ ആസ്ഥാനത്ത്‌ വെച്ച്‌ നടക്കുന്ന നറുക്കെടുപ്പിലൂടെ മല്‍സര ഫിക്‌സ്‌ച്ചര്‍ അറിയാനാവും. 2009 ഫെബ്രുവരി 24, 25 തിയ്യതികളിലായാണ്‌ പ്രി ക്വാര്‍ട്ടര്‍ ആദ്യപാദ മല്‍സരങ്ങള്‍ അരങ്ങേറുക.
ഇന്നലെ നടന്ന മല്‍സരത്തില്‍ ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗില്‍ രണ്ടാം സ്ഥാനത്ത്‌ നല്‍ക്കുന്ന ചെല്‍സി 2-1ന്‌ ക്ലൂജിനെ പരാജയപ്പെടുത്തിയാണ്‌ പ്രി ക്വാര്‍ട്ടര്‍ ടിക്കറ്റ്‌ ഉറപ്പിച്ചത്‌. മല്‍സരത്തിന്റെ നാല്‍പ്പതാം മിനുട്ടില്‍ സലോമാന്‍ കാലുവിന്റെ ഗോളില്‍ മുന്നിലെത്തിയ ചെല്‍സിയെ ഞെട്ടിച്ചുകൊണ്ട്‌ രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ യൂസഫ്‌ കോനിലൂടെ ക്ലൂജ്‌ ഒപ്പമെത്തി. സ്റ്റാഫോര്‍ഡ്‌ ബ്രിഡ്‌ജില്‍ ആരെയും ഭയപ്പെടാത്ത പ്രകടനം നടത്തിയ റുമേനിയന്‍ ക്ലബായ ക്ലൂജ്‌ അട്ടിമറിയുടെ മുന്നറിയിപ്പ്‌ നല്‍കുന്ന ശരവേഗതുള്ള ആക്രമണമാണ്‌ നടത്തിയത്‌. എഴുപത്തിയൊന്നാം മിനുട്ടില്‍ സൂപ്പര്‍ താരം ദിദിയര്‍ ദ്രോഗ്‌ബെ ചെല്‍സിയുടെ മാനം കാത്തു. പ്രി ക്വാര്‍ട്ടര്‍ ടിക്കറ്റ്‌ നേരത്തെ ഉറപ്പാക്കിയ സ്‌പാനിഷ്‌ കരുത്തരായ ബാര്‍സക്ക്‌ പക്ഷേ തിരിച്ചടിയേറ്റു. രണ്ടാം നിരയെ അണിനിരത്തിയ ബാര്‍സക്ക്‌ മുന്നില്‍ വില്ലന്മാരായത്‌ ഉക്രൈനില്‍ നിന്നുള്ള ഷാക്തര്‍ ഡോണ്‍സ്‌റ്റക്‌. 2-3 നാണ്‌ ഷാക്തര്‍ വിജയം വരിച്ചത്‌. നിര്‍ണ്ണായക മല്‍സരമല്ലാത്തതിനാല്‍ ലയണല്‍ മെസ്സി ഉള്‍പ്പെടെ മുന്‍നിരക്കാര്‍ക്കാല്ലാം ബാര്‍സ വിശ്രമം അനുവദിച്ചിരുന്നു. അടുത്തയാഴ്‌ച്ച നടക്കുന്ന സ്‌പാനിഷ്‌ ലീഗ്‌ പോരാട്ടത്തില്‍ റയല്‍ മാഡ്രിഡിനെ വെല്ലുവിളിക്കാനുളളതിനാലാണ്‌ ബാര്‍സ കോച്ച്‌ മുഖ്യ താരങ്ങള്‍ക്ക്‌ വിശ്രമം അനുവദിച്ചത്‌.
ഗ്രൂപ്പ്‌ എയില്‍ നിന്നുമുളള പ്രി ക്വാര്‍ട്ടര്‍ ടിക്കറ്റിന്‌ വിജയം അനിവാര്യമായിരുന്ന ഇറ്റലിക്കാരായ ഏ.എസ്‌ റോമ ബോറോഡോക്‌സിനെ രണ്ട്‌ ഗോളിനാണ്‌ പരാജയപ്പെടുത്തിയത്‌. ഗോള്‍ രഹിതമായ ആദ്യ പകുതിക്ക്‌ ശേഷം അറുപത്തിയൊന്നാം മിനുട്ടില്‍ മാറ്റിയോ ബ്രീ റോമക്ക്‌ ലീഡ്‌ സമ്മാനിച്ചു. ക്യാപ്‌റ്റന്‍ ഫ്രാന്‍സിസ്‌ക്കോ ടോട്ടിയാണ്‌ വിജയമുറപ്പിച്ച ഗോള്‍ സ്‌ക്കോര്‍ ചെയ്‌തത്‌. ഗ്രൂപ്പ്‌ ബിയില്‍ വെര്‍ഡര്‍ ബ്രെഹ്മന്‌ മുന്നില്‍ തകര്‍ന്നിട്ടും ഇന്റര്‍ മിലാന്‌ അടുത്ത ഘട്ടത്തിലേക്കുളള ടിക്കറ്റ്‌ ഉറപ്പിക്കാനായി. ക്ലൗഡിയോ പിസാറോ, മാര്‍ക്‌സ്‌ റോസന്‍ബര്‍ഗ്ഗ്‌ എന്നിവരാണ്‌ ജര്‍മന്‍ ടീമിനു വേണ്ടി ഗോളുകള്‍ സ്‌ക്കോര്‍ ചെയ്‌തത്‌. ഗ്രൂപ്പിലെ മറ്റൊരു മല്‍സരത്തില്‍ പനാത്തിനായിക്കോസ്‌ സൈപ്രസില്‍ നിന്നുള്ള ഫമഗൂസ്റ്റയെ ഒരു ഗോളിന്‌ തോല്‍പ്പിച്ചു.
ഗ്രൂപ്പ്‌ ഡിയില്‍ നിന്നും നേരത്തെ തന്നെ പ്രി ക്വാര്‍ട്ടര്‍ ഉറപ്പാക്കിയ ലിവര്‍പൂള്‍ ഇന്നലെ നടന്ന അവസാന ഗ്രൂപ്പ്‌ അങ്കത്തില്‍ ഹോളണ്ടില്‍ നിന്നുളള പി.എസ്‌.വി ഐന്തോവനെ 3-1ന്‌ പരാജയപ്പെടുത്തി.

ഇനി ഗെയിം
ചെന്നൈ: ഇന്ന്‌ മുതല്‍ ക്രിക്കറ്റ്‌ ചര്‍ച്ചകളാണ്‌... ഇത്‌ വരെ ഭീകരവാദവും ഇംഗ്ലീഷ്‌ ടീമിന്റെ വരവിലുളള അനിശ്ചിതത്വവുമായിരുന്നു ചര്‍ച്ചയെങ്കില്‍ മഴ അനുവദിക്കുന്ന പക്ഷം ഇനി അഞ്ച്‌ നാളുകള്‍ ക്രിക്കറ്റിനുളളതാണ്‌. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുളള രണ്ട്‌ മല്‍സര ടെസ്‌റ്റ്‌ പരമ്പരക്ക്‌ ഇന്നിവിടെ തുടക്കമാവുമ്പോള്‍ മുംബൈയിലെ ഭീകരരാത്രികളെ എല്ലാവരും മറക്കുകയാണ്‌. മുംബൈ സ്‌ഫോടനങ്ങളെ തുടര്‍ന്ന്‌ ഇന്ത്യക്കെതിരായ ഏകദിന പരമ്പര വെട്ടിചുരുക്കി നാട്ടിലേക്ക്‌ മടങ്ങിയ ഇംഗ്ലീഷ്‌ ടീം ടെസ്റ്റ്‌ പരമ്പരക്കായി തിരിച്ചെത്തുമോ എന്ന കാര്യത്തില്‍ സംശയങ്ങളുണ്ടായിരുന്നു. നയതന്ത്രപരമായി നടത്തിയ ചര്‍ച്ചകളുടെ വിജയത്തെ തുടര്‍ന്ന്‌ അബുദാബിയിലെ കണ്ടീഷനിംഗ്‌ ക്യാമ്പില്‍ നിന്നുമെത്തിയ ഇംഗ്ലീഷ്‌ ടീം രണ്ട്‌ ദിവസമായി ചെപ്പോക്കില്‍ കഠിന പരിശീലനത്തിലാണ്‌.
കഴിഞ്ഞ രണ്ട്‌ ദിവസങ്ങളിലായി പെയ്യുന്ന മഴ ഇന്ന്‌ മല്‍സരത്തെ ബാധിക്കുമോ എന്നതാണ്‌ വലിയ സംശയം. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ദുര്‍ബലമാവന്‍ ഒരു ദിവസം കൂടി വേണമെന്നാണ്‌ കാലാവസ്ഥാ റിപ്പോര്‍ട്ട്‌.
ഐ.സി.സി ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തുളള ഓസ്‌ട്രേലിയക്കാരെ നാല്‌ മല്‍സര ടെസ്‌റ്റ്‌ പരമ്പരയില്‍ 2-0 ത്തിന്‌ പരാജയപ്പെടുത്തി കരുത്ത്‌ പ്രകടിപ്പിച്ച ഇന്ത്യക്ക്‌ തന്നെയാണ്‌ ഈ പരമ്പരയില്‍ വ്യക്തമായ മുന്‍ത്തൂക്കം. മഹേന്ദ്രസിംഗ്‌ ധോണി ആദ്യമായി പൂര്‍ണ്ണ സമയ ടെസ്‌റ്റ്‌ നായകനാവുന്ന പരമ്പരയില്‍ ബാറ്റിംഗിലും ബൗളിംഗിലും ഇന്ത്യക്ക്‌ വ്യക്തമായ മുന്‍്‌ത്തൂക്കമുണ്ട്‌. ഓസ്‌ട്രേലിയക്കെതിരായ പരമ്പരയോടെ ടെസ്‌റ്റ്‌ രംഗം വിട്ട അനില്‍ കുംബ്ലെക്ക്‌ പകരം നായകനായി അവരോധിക്കപ്പെട്ട ധോണിക്ക്‌ കീഴില്‍ യുവതാരങ്ങളും സീനിയേഴ്‌സും ഒറ്റക്കെട്ടാണ്‌. വീരേന്ദര്‍ സേവാഗും ഗൗതം ഗാംഭീറും നല്‍കുന്ന നല്ല തുടക്കമാണ്‌ ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ കരുത്ത്‌ പ്രകടിപ്പിക്കാന്‍ ടീമിനെ സഹായിച്ചത്‌. മധ്യനിരക്ക്‌ കരുത്ത്‌ പകരാന്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വി.വി.എസ്‌ ലക്ഷ്‌മണ്‍, യുവരാജ്‌ സിംഗ്‌ എന്നിവരെല്ലാമുണ്ട്‌. രാഹുല്‍ ദ്രാവിഡിന്റെ കാര്യത്തില്‍ മാത്രമാണ്‌ സംശയം.
രണ്ട്‌ സീമര്‍മാരെയും രണ്ട്‌ സ്‌പിന്നര്‍മാരെയുമായിരിക്കും ഇന്ത്യ ബൗളിംഗില്‍ അണിനിരത്തുക. സഹീര്‍ഖാനും ഇഷാന്ത്‌ ശര്‍മ്മയും ഓസ്‌ട്രേലിയക്കെതിരെ മികവ്‌ പ്രകടിപ്പിച്ചിരുന്നു. ഹര്‍ഭജന്‍സിംഗിനൊപ്പം അമിത്‌ മിശ്രയായിരിക്കും രണ്ടാമത്തെ സ്‌പിന്നര്‍. പാര്‍ട്ട്‌ ടൈം ബൗളര്‍മാരായ സേവാഗിനും യുവരാജിനും സ്‌പിന്‍ ഡ്യൂട്ടിയുണ്ടാവും. ഈ പരമ്പര 2-0 ത്തിന്‌ സ്വന്തമാക്കാനായാല്‍ ഇന്ത്യക്ക്‌ വീണ്ടും ഐ.സി.സി ടെസ്റ്റ്‌ റാങ്കിംഗില്‍ ഓസ്‌ട്രേലിയക്ക്‌ പിറകില്‍ രണ്ടാമത്‌ വരാന്‍ കഴിയും. ഇപ്പോള്‍ ദക്ഷിണാഫ്രിക്കയാണ്‌ രണ്ടാമത്‌. ഓസ്‌ട്രേലിയക്കെതിരായ പരമ്പര സ്വന്തമാക്കിയ ശേഷം ഇന്ത്യ രണ്ടാം സ്ഥാനത്ത്‌ വന്നിരുന്നു. എന്നാല്‍ ബംഗ്ലാദേശിനെ തകര്‍ത്തതോടെ ഇന്ത്യയുടെ രണ്ടാം സ്ഥാനം ദക്ഷിണാഫ്രിക്ക റാഞ്ചി.
ഇംഗ്ലണ്ട്‌ അഞ്ച്‌ ബൗളര്‍മാരുമായിട്ടായിരിക്കും കളിക്കാനിറങ്ങുക. ഏകദിന പരമ്പരയില്‍ ഫോം തെളിയിച്ച മധ്യനിര ബാറ്റ്‌സമാന്‍ ഒവൈസ്‌ ഷാക്ക്‌ പകരം സ്‌പിന്നര്‍ ഗ്രയീം സ്വാനിന്‌ അവസരം നല്‍കുമെന്ന്‌ ക്യാപ്‌റ്റന്‍ കെവിന്‍ പീറ്റേഴ്‌സണ്‍ വ്യക്തമാക്കി കഴിഞ്ഞു. അലിസ്‌റ്റര്‍ കുക്ക്‌, ഇയാന്‍ ബെല്‍ എന്നിവരായിരിക്കും ഓപ്പണര്‍മാര്‍. കെവിന്‍ പീറ്റേഴ്‌സണ്‍, ആന്‍ഡ്ര്യൂ സ്‌ട്രോസ്‌, പോള്‍ കോളിംഗ്‌വുഡ്‌, ആന്‍ഡ്ര്യൂ ഫ്‌ളിന്റോഫ്‌ എന്നിവര്‍ക്കാണ്‌ മധ്യനിരയുടെ ചുമതല. ജെയിംസ്‌ ആന്‍ഡേഴ്‌സണ്‍, സ്‌റ്റീവന്‍ ഹാര്‍മിസണ്‍, മോണ്ടി പനേസര്‍, സ്വാന്‍ എന്നിവര്‍ക്കൊപ്പം ഫ്‌ളിന്റോഫിനും ബൗളിംഗ്‌ ഭാരമുണ്ടാവും.
ഏകദിന പരമ്പരയില്‍ ഇന്ത്യക്ക്‌ മുന്നില്‍ നാണം കെട്ടതിനാല്‍ അല്‍പ്പം മുന്‍കരുതലോടെയായിരിക്കും ഇംഗ്ലണ്ട്‌ കളിക്കുക എന്നത്‌ വ്യക്തമാണ്‌. ചെപ്പോക്കിലെ പിച്ച്‌ സ്‌പിന്നര്‍ാരെ തുണക്കുന്നതാണ്‌. ഹര്‍ഭജന്‍സിംഗും അമിത്‌ മിശ്രയും ഓസ്‌ട്രേലിയക്കാരെ വെള്ളം കുടിപ്പിച്ചവരാണ്‌. അതിനാല്‍ താരതമ്യേന സ്‌പിന്നിനെ പരിചയമില്ലാത്ത ഇംഗ്ലീഷുകാരെ വെളളം കുടിപ്പിക്കാന്‍ ഇവര്‍ക്കാവുമെന്നാണ്‌ കോച്ച്‌ ഗാരി കിര്‍സ്‌റ്റണ്‍ കരുതുന്നത്‌.
കനത്ത സുരക്ഷയിലാണ്‌ മല്‍സരം. രണ്ടായിരത്തോളം പോലീസുകാരും കമാന്‍ഡോകളുമാണ്‌ ചെപ്പോക്കില്‍ ഡ്യൂട്ടിയിലുളളത്‌. സുരക്ഷയിലും ടിക്കറ്റ്‌ വില്‍പ്പനക്ക്‌ കുറവില്ല. മഴ മാറിനില്‍ക്കുന്ന പക്ഷം മികച്ച ക്രിക്കറ്റാണ്‌ കാണികള്‍ പ്രതീക്ഷിക്കുന്നത്‌. മല്‍സരം നിയോ സ്‌പോര്‍ട്‌സില്‍ രാവിലെ ഒമ്പത്‌ മുതല്‍ തല്‍സമയം.

തേര്‍ഡ്‌ ഐ
മുംബൈ നല്‍കിയ ഷോക്കില്‍ നിന്നും നാട്ടിലേക്ക്‌ തിരിച്ച ഇംഗ്ലീഷ്‌ ടീം ടെസ്‌റ്റ്‌ പരമ്പരക്കായി തിരിച്ചുവരുമെന്ന്‌ കരുതിയര്‍ കുറവായിരുന്നു. ജെഫ്‌ ബോയ്‌ക്കോട്ട്‌ ഉള്‍പ്പെടെയുളള പ്രമുഖര്‍ പരമ്പര റദ്ദാക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ പക്വമതിയായ നായകനായി കെവിന്‍ പീറ്റേഴ്‌സണ്‍ സ്വീകരിച്ച നിലപാടാണ്‌ ഈ പരമ്പര തീര്‍ച്ചയായും സാധ്യമാക്കിയത്‌. ഏകദിന പരമ്പരയില്‍ തകര്‍ന്നടിഞ്ഞ സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നും എത്രയും വേഗം രക്ഷപ്പെടാന്‍ പീറ്റേഴ്‌സണ്‌ ലഭിച്ച വാതായനമായിരുന്നു മുംബൈ സ്‌ഫോടന പരമ്പര. പക്ഷേ ക്രിക്കറ്റ്‌ സ്‌പിരിറ്റ്‌ ഉയര്‍ത്തിപ്പിടിച്ച്‌ സ്വന്തം താരങ്ങള്‍ക്ക്‌ അവരുടെ നിലപാട്‌ സ്വീകരിക്കാന്‍ പീറ്റേഴ്‌സണ്‍ അവസരം നല്‍കി. ആരെയും നിര്‍ബന്ധിക്കാന്‍ അദ്ദേഹം മുതിര്‍ന്നില്ല. ആന്‍ഡ്ര്യൂ ഫ്‌ളിന്റോഫും സ്‌റ്റീവന്‍ ഹാര്‍മിസണും വരില്ലെന്ന്‌ സൂചിപ്പിച്ചപ്പോള്‍ അവരുടെ തീരുമാനത്തെ ബഹുമാനിക്കാന്‍ നായകന്‍ മുതിര്‍ന്നത്‌. ഒടുവില്‍ ക്യാപ്‌റ്റന്റെ ധൈര്യത്തിന്‌ കരുത്ത്‌ പകര്‍ന്നാണ്‌ എല്ലാവരുമെത്തിയത്‌.
ടെസ്റ്റ്‌ പരമ്പരക്ക്‌ ഇന്ന്‌ തുടക്കമാവുമ്പോള്‍ ഇന്ത്യ ശ്രദ്ധിക്കേണ്ടത്‌ പീറ്റേഴ്‌സണെ തന്നെയായിരിക്കും. നേതൃ ഗുണത്തിനൊപ്പം എല്ലാവരുടെയും പിന്തുണയും ആര്‍ജ്ജിച്ചാണ്‌ ഇംഗ്ലണ്ട്‌ തിരിച്ചെത്തിയിരിക്കുന്നത്‌. ഏകദിന പരമ്പരയിലെ അതേ ടീം തന്നെയാണ്‌ ഏറെകുറെ ടെസ്റ്റിലും കളിക്കുന്നത്‌. ഏകദിന പരമ്പരയിലെ സ്വന്തം വീഴ്‌ച്ചകളെക്കുറിച്ച്‌ ഗൃഹപാഠം നടത്താന്‍ ടീമിന്‌ അവസരം ലഭിച്ച സാഹചര്യത്തില്‍ അവര്‍ പൊരുതിനില്‍ക്കാനാണ്‌ സാധ്യത. ഇന്ത്യ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചവരാണ്‌. സമീപകാലത്തായി തകര്‍പ്പന്‍ ഫോമിലാണ്‌ എന്ന വസ്‌തുതകളെല്ലാം മനസ്സിലാക്കി പ്രതിരോധത്തിന്റെ വാതിലുകള്‍ക്ക്‌ മുന്നിലായിരിക്കും ഇംഗ്ലണ്ട്‌ നിലയുറപ്പിക്കുക. അത്യാവശ്യ ഘട്ടത്തില്‍ തേര്‍ഡ്‌ ഗിയറില്‍ വരാന്‍ കരുത്തരായ പലരും ടീമിലുളളതിനാല്‍ മല്‍സരത്തല്‍ പറയപ്പെടുന്ന മുന്‍ത്തൂക്കം ഇന്ത്യക്ക്‌ ലഭിക്കണമെങ്കില്‍ ബൗളര്‍മാര്‍ തന്നെ വിചാരിക്കണം.
സ്‌പിന്നിനെ നന്നായി കളിക്കാന്‍ കഴിയും പീറ്റേഴ്‌സണും ഫ്‌ളിന്റോഫിനും കോളിംഗ്‌വുഡിനും. ഈ മൂന്ന്‌ ഓള്‍റൗണ്ടര്‍മാരുടെ സാന്നിദ്ധ്യമാണ്‌ ഇംഗ്ലീഷ്‌ കരുത്ത്‌.
ഇന്ത്യന്‍ നിരയില്‍ ഇഷാന്ത്‌ ശര്‍മ്മക്കാണ്‌ മാര്‍ക്ക്‌. ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ മാന്‍ ഓഫ്‌ ദ സീരിസ്‌ പട്ടം നേടിയ ഇഷാന്ത്‌ ആകെ 13 ടെസ്റ്റുകള്‍ മാത്രമാണ്‌ കളിച്ചത്‌. പക്ഷേ വളരെ പെട്ടെന്ന്‌ കാര്യങ്ങളെ പഠിക്കാന്‍ ഡല്‍ഹിക്കാരന്‌ കഴിയുന്നുണ്ട്‌. റിക്കി പോണ്ടിംഗ്‌ ഉള്‍്‌പ്പെടെയുളള ലോകോത്തര ബാറ്റ്‌സ്‌മാന്മാരെ വിറപ്പിക്കാന്‍ കഴിയുന്നത്‌ ചെറിയ കാര്യമല്ല. തീര്‍ത്തും പ്രതികൂലമായ സാഹചര്യങ്ങളെ ഉപയോഗപ്പെടുത്തിയാണ്‌ ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ 17 വിക്കറ്റുകള്‍ ഇഷാന്ത്‌ സ്വന്തമാക്കിയത്‌. റിവേഴ്‌സ്‌ സ്വിംഗുകള്‍ പായിക്കാന്‍ മിടുക്കനായ സഹീര്‍ഖാന്റെ അനുഭവസമ്പത്തും ഇഷാന്തിന്‌ ഗുണമാവും.
ചിദംബരം സ്റ്റേഡിയത്തില്‍ പലപ്പോഴും പ്രതികൂല കാലാവസ്ഥയില്‍ മല്‍സരങ്ങള്‍ തടസ്സപ്പെട്ടിട്ടുണ്ട്‌. തമിഴ്‌നാട്‌ തീരദേശ സംസ്ഥാനമായതിനാല്‍ കാലാവസ്ഥയെ പ്രവചിക്കുകയും എളുപ്പമല്ല. രാഹുല്‍ ദ്രാവിഡ്‌ എന്ന ഇന്ത്യയുടെ മുന്‍ ക്യാപ്‌റ്റന്‌ ഫോമിലേക്ക്‌ തിരിച്ചുവരാനുളള ഏറ്റവും എളുപ്പമേറിയ വഴിയാണിത്‌. ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ വന്‍ പരാജയമായ ദ്രാവിഡിന്‌ ഇവിടെ റണ്‍സ്‌ നേടാന്‍ കഴിയാത്തപക്ഷം അദ്ദേഹത്തിന്റെ ടീമിലെ സ്ഥാനം തന്നെ തെറിക്കാനാണ്‌ സാധ്യത. യുവരാജ്‌ സിംഗിന്‌ ടെസ്റ്റ്‌ സീറ്റ്‌ ഉറപ്പിക്കാനുളള അവസരവും ഇതാണ്‌. സൗരവ്‌ ഗാംഗുലിക്ക്‌ പകരമാണ്‌ അദ്ദേഹമിപ്പോള്‍ ടീമിലെത്തിയത്‌. സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയാല്‍ ഗാംഗുലിയെ പോലെ ആ മധ്യനിര കസേര നിലനിര്‍ത്താന്‍ യുവിക്കാവും.
ഒറ്റനോട്ടത്തില്‍ കാര്യങ്ങള്‍ ഇന്ത്യക്ക്‌ എളുപ്പമാണ്‌. പക്ഷേ മുന്‍കരുതല്‍ നല്ലതാണ്‌-ഫ്‌ളിന്റോഫും പീറ്റേഴ്‌സണും കോളിംഗ്‌വുഡും പിന്നെ ഇന്ത്യന്‍ വംശജനായ മോണ്ടി പനേസറും ഇംഗ്ലീഷ്‌ നിരയിലുണ്ട്‌.

ഇനി സ്വന്തം നാട്ടില്‍
റിയോ: ബ്രസീലിന്റെ മുന്‍ സൂപ്പര്‍ താരം റൊണാള്‍ഡോ ഇനി സ്വന്തം നാട്ടിലെ ക്ലബിന്‌ വേണ്ടി ബൂട്ടണിയും. സാവോപോളോയിലെ കൊറീന്ത്യന്‍സിന്‌ വേണ്ടി കളിക്കാന്‍ മുപ്പത്തിരണ്ടുകാരനായ താരം കരാര്‍ ചെയ്‌തു. കഴിഞ്ഞ സീസണില്‍ ഇറ്റാലിയന്‍ ക്ലബായ ഏ.സി മിലാനു വേണ്ടി കളിച്ച റൊണാള്‍ഡോ പരുക്ക്‌ കാരണം പുറത്തായിരുന്നു. കാല്‍മുട്ടിന്‌ ഗുരുതരമായി പരുക്കേറ്റ റൊണാള്‍ഡോക്ക്‌ ഇനി കളിക്കാന്‍ കഴിയില്ല എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇപ്പോള്‍ പതുക്കെ പന്ത്‌ തട്ടാന്‍ തുടങ്ങിയ മുന്‍ ലോക ഫുട്‌ബോളര്‍ക്ക്‌ താമസിയാതെ ഗ്രൗണ്ടിലിറങ്ങാനാവുമെന്നാണ്‌ ഡോക്ടര്‍ാര്‍ വ്യക്തമാക്കിയത്‌. ഒരു വര്‍ഷത്തേക്കാണ്‌ റൊണാള്‍ഡോ കൊറീന്ത്യന്‍സിനായി കളിക്കാന്‍ ഒപ്പിട്ടിരിക്കുന്നത്‌. പതിനേഴാം വയസ്സില്‍ ബ്രസീല്‍ വിട്ട റൊണള്‍ഡോ വര്‍ഷങ്ങള്‍ക്ക്‌ ശേഷമാണ്‌ സ്വന്തം നാട്ടിലെ ക്ലബിനായി കരാര്‍ ചെയ്യപ്പെടുന്നത്‌.

ഒന്നാം ടെസ്റ്റിന്‌ ഇന്ന്‌ തുടക്കം
ഡുനഡിന്‍: ഓസ്‌ട്രേലിയക്കെതിരായ ടെസ്‌റ്റ്‌ പരമ്പരയിലെ നിരാശാജനകമായ പ്രകടനം മറന്ന്‌ ന്യൂസിലാന്‍ഡ്‌ ഇന്ന്‌ വിന്‍ഡീസിനെതിരെ ആദ്യ ടെസ്‌റ്റിനിറങ്ങുന്നു. രണ്ട്‌ ടെസ്റ്റ്‌ പരമ്പരയിലെ ആദ്യ മല്‍സരം ഇന്നിവിടെ നടക്കുമ്പോള്‍ അനുകൂലമായ സാഹചര്യം ഉപയോഗപ്പെടുത്താനാണ്‌ നായകനായ ഡാനിയല്‍ വെട്ടോരി സ്വന്തം ടീമംഗങ്ങളെ ഉപദേശിക്കുന്നത്‌. ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ പരാജയപ്പെട്ടതോടെ ഐ.സി.സി ടെസ്‌റ്റ്‌ റാങ്കിംഗില്‍ ഇപ്പോള്‍ എട്ടാം സ്ഥാനത്താണ്‌ കിവീസ്‌. പുതിയ കോച്ച്‌ ആന്‍ഡി മോളിസിലും സമ്മര്‍ദ്ദമുണ്ട്‌. നല്ല തുടക്കമാണ്‌ അദ്ദേഹം ആഗ്രഹിക്കുന്നത്‌. ക്രിസ്‌ ഗെയിലാണ്‌ കരിബീയിന്‍ സംഘത്തെ നയിക്കുന്നത്‌. രാം നരേഷ്‌ സര്‍വന്‍, ചന്ദര്‍പോള്‍ തുടങ്ങിയ അനുഭവസമ്പന്നരും ഒരുപറ്റം യുവതാരങ്ങളുമാണ്‌ കരിബീയന്‍ കരുത്ത്‌.

ഗോള്‍ വേട്ടയില്‍
ചര്‍ച്ചില്‍ സെമിയില്‍
കൊല്‍ക്കത്ത: ഹിന്ദുസ്ഥാന്‍ ഏറനോട്ടിക്‌സ്‌ ലിമിറ്റഡിനെ മറുപടിയില്ലാത്ത ഏഴ്‌ ഗോളുകള്‍
ക്ക്‌ തരിപ്പണമാക്കി ചര്‍ച്ചില്‍ ബ്രദേഴ്‌സ്‌ ഗോവ ഫെഡറേഷന്‍ കപ്പ്‌ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ സെമി ഫൈനലില്‍ ഡെംപോ ഗോവയെ നേരിടാന്‍ യോഗ്യത നേടി. മറ്റൊരു മല്‍സരത്തില്‍ മഹീന്ദ്ര യുനൈറ്റഡ്‌ 4-2ന്‌ മുഹമ്മദന്‍സിനെ പരാജയപ്പെടുത്തി. ഗ്രൂപ്പില്‍ ചര്‍ച്ചിലിനും മഹീന്ദ്രക്കും തുല്യ പോയന്റാണുളളത്‌. എന്നാല്‍ മെച്ചപ്പെട്ട ഗോള്‍ ശരാശരി ചര്‍ച്ചിലിന്‌ തുണയായി. എച്ച്‌. ഏ.എല്ലിനെതിരായ മല്‍സരത്തില്‍ നാല്‌ ഗോളുകള്‍ സ്വന്തമാക്കിയ ഒഡാഫെ ഒനാകെ ഒക്കോലിയാണ്‌ ചര്‍ച്ചിലിനായി കളം നിറഞ്ഞത്‌. 16, 61, 81,88 മിനുട്ടുകളിലായിരുന്നു ഒഡാഫെയുടെ ഗോളുകള്‍. ചര്‍ച്ചിലിന്റെ മറ്റ്‌ ഗോളുകള്‍ ബിനീഷ്‌ ബാലന്‍ (5, 65 ), ഒഗ്‌ബ കാലു (17) എന്നിവര്‍ സ്വന്തമാക്കി. മുഹമ്മദന്‍സിനെതിരെ മഹീന്ദ്രക്കായി സ്‌റ്റിവന്‍ ഡയസ്‌ (18), ചിദി എദ്ദെ (33,68) മുഹമ്മദ്‌ റാഫി (56) എന്നിവരാണ്‌ ഗോളുകള്‍ സ്‌ക്കോര്‍ ചെയ്‌തത്‌.

1 comment:

Chullanz said...

ചെല്‍സി കേറുമെന്നു ഉറപ്പായിരുന്നു. മൊറിഞ്ഞൊ യുഗം മുതല്‍ ശ്രദ്ധിച്ചതാ ചെല്‍സിയെ.ഇപ്പൊ സുന്ദരമായ പാസ്സിംഗ്‌ ഗയിം കളിച്ചു തുടങ്ങിയിട്ടുണ്ട്‌. ഇനി വേണ്ടത്‌ അതിനു യോജിച്ച്‌ കളിക്കാരാണു. ഇംഗ്ളിഷ്‌ സാഹചര്യത്തില്‍ കളിച്ചു പഠിച്ച ലംബാറ്‍ഡല്ല ഡെക്കൊ ആണു വേന്‍ഡതെന്നു ബിഗ്ഫില്ലിനറിയാം. കിട്ടാക്കനിയായ ചാമ്പിയന്‍സ്‌ ലീഗ്‌ ഇത്തവണ നേടുമെന്നു പ്രതീക്ഷിക്കാം.