ടെസ്‌റ്റ് ക്രിക്കറ്റിലെ റണ്‍സ് പിന്തുടര്‍ന്ന് നേടിയ ഉയര്‍ന്ന വിജയങ്ങള്‍.
1-2003 ല്‍ ആന്റിഗ്വ ടെസ്‌റ്റില്‍ ഓസ്‌ട്രേലിയക്കെതിരെ വിന്‍ഡീസ് നേടിയ 418 റണ്‍സിന്റെ വിജയം
2-1976 ല്‍ ട്രിനിഡാഡില്‍ നടന്ന ടെസ്‌റ്റില്‍ വിന്‍ഡീസിനെതിരെ ഇന്ത്യ നേടിയ 406 റണ്‍സിന്റെ വിജയം
3-1948 ല്‍ ഹെഡിംഗ്‌ലിയില്‍ നടന്ന ടെസ്‌റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഓസ്‌ട്രേലിയ നേടിയ 404 റണ്‍സിന്റെ വിജയം.
4-2008 ല്‍ ചെന്നൈയില്‍ നടന്ന ടെസ്‌റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ നേടിയ 387 റണ്‍സിന്റെ വിജയം
5-1999 ല്‍ ഹൊബാര്‍ട്ടില്‍ നടന്ന ടെസ്‌റ്റില്‍ പാക്കിസ്‌താനെതിരെ ഓസ്‌ട്രേലിയ കരസ്ഥമാക്കിയ 369 റണ്‍സിന്റെ വിജയം
6-1978 ല്‍ ഗയാനയില്‍ വിന്‍ഡീസിനെതിരെ ഓസ്‌ട്രേലിയ നേടിയ 362 റണ്‍സിന്റെ വിജയം.
ഭീകരതക്കെതിരെ മഹാവിജയം
ചെന്നൈ: ഭീകരതക്ക് മുകളില്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ മഹാവിജയം. മുംബൈയില്‍ നിരപരാധികളുടെ ജീവന്‍ റാഞ്ചിയ ഭീകരര്‍ക്ക് മുന്നില്‍ ക്രിക്കറ്റിന് തളര്‍ച്ചയില്ലെന്ന് പ്രഖ്യാപിച്ച് ചെന്നൈ ടെസ്റ്റില്‍ ആറ് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയവുമായി ഇംഗ്ലണ്ടിനെതിരായ ടെസ്‌റ്റ് പരമ്പരയില്‍ ഇന്ത്യ ലീഡ് നേടി. ചെപ്പോക്കില്‍ മല്‍സരത്തിന്റെ ആദ്യ നാല് ദിവസങ്ങളിലും പിറകിലായിരുന്ന ഇന്ത്യ അവസാന ദിവസത്തിലെ തകര്‍പ്പന്‍ പ്രകടനവുമായാണ് വലിയ വിജയം സ്വന്തമാക്കിയത്. വിജയിക്കാന്‍ 387 റണ്‍സ് ആവശ്യമായിരുന്ന ആതിഥേയര്‍ക്കായി സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പുറത്താവാതെ 103 റണ്‍സ് നേടിയപ്പോള്‍ യുവരാജ്‌സിംഗ് 85 റണ്‍സുമായി സച്ചിന് ഉറച്ച പിന്തുണ നല്‍കി. നാലാം വിക്കറ്റില്‍ സച്ചിന്‍-യുവരാജ് സഖ്യം നേടിയ 163 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇന്ത്യയെ അപായത്തില്‍ നിന്നും രക്ഷിച്ചത്. മല്‍സരത്തിന്റെ നാലാം ദിവസം തട്ടുതകര്‍പ്പന്‍ ബാറ്റിംഗ് നടത്തി സ്വന്തം ടീമിന് കുതിക്കാന്‍ അവസരമൊരുക്കിയ വിരേന്ദര്‍ സേവാഗാണ് കളിയിലെ കേമന്‍. പരമ്പരയിലെ രണ്ടാം മല്‍സരം 19 ന് മൊഹാലിയില്‍ ആരംഭിക്കും.
ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ നാലാം ഇന്നിംഗ്‌സില്‍ പിന്തുടര്‍ന്ന് നേടുന്ന ഏറ്റവും വലിയ നാലാമത് വിജയം ഇന്ത്യ കരസ്ഥമാക്കുമ്പോള്‍ സച്ചിന്‍ തന്റെ കരിയറിലെ നാല്‍പ്പത്തിയൊന്നാമത് ടെസ്റ്റ് സെഞ്ച്വറിയും കുറിച്ചു. ഒരു വിക്കറ്റിന് 131 റണ്‍സ് എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ രാഹുല്‍ ദ്രാവിഡിനെ നഷ്‌ടമായെങ്കിലും പൊട്ടി പൊളിയുന്ന പിച്ചില്‍ സച്ചിനെയും ലക്ഷ്‌മണിനെയും യുവരാജിനെയും വീഴ്‌്‌ത്തുന്നതില്‍ പരാജയപ്പെട്ടു.
മല്‍സരത്തിന്റെ ആദ്യ മൂന്ന് ദിവസങ്ങളിലും നാലാം ദിവസത്തിന്റെ ആദ്യ രണ്ട് സെഷനിലും പിറകിലായ ഇന്ത്യ വിജയിക്കുമെന്ന്‌് കരുതിയതല്ല. പക്ഷേ നാലാം ദിവസം അവസാന സെഷനില്‍ എല്ലാ തച്ചുതകര്‍ത്തുളള സേവാഗിന്റെ ബാറ്റിംഗിലൂടെ ലഭിച്ച പ്രതീക്ഷയാണ് സച്ചിനും യുവരാജും ചേര്‍ന്ന് സഫലമാക്കിയത്. കുറ്റമറ്റതായിരുന്നില്ല സച്ചിന്റെ പ്രകടനം. ഒരു തവണ ഇംഗ്ലീഷ് സ്‌പിന്നര്‍ സ്വാനിന്റെ പന്തില്‍ അദ്ദേഹം കബളിപ്പിക്കപ്പെട്ടിരു്‌നു. എന്നാല്‍ സ്വാനിന്റെ അപ്പീല്‍ അമ്പയര്‍ അംഗീകരിച്ചില്ല.
അവസാന ദിവസത്തില്‍ ഇന്ത്യയുടെ ഒമ്പത് വിക്കറ്റുകള്‍ എത്രയും വേഗം വീഴ്‌ത്തി വിജയം സ്വന്തമാക്കുക മാത്രമായിരന്നു പീറ്റേഴ്‌സന്റെ ലക്ഷ്യം. പക്ഷേ അദ്ദേഹത്തിന്റെ പല തന്ത്രങ്ങളും പാളി. ഫ്‌ളിന്റോഫ് ദ്രാവിഡിനെ രാവിലെ തന്നെ പുറത്താക്കുന്നതില്‍ വിജയിച്ചിരുന്നു. എന്നാല്‍ മറുഭാഗത്ത് സ്വാനിനും പനേസര്‍ക്കുമൊന്നും ബാറ്റ്‌സ്‌മാന്മാരില്‍ സമ്മര്‍ദ്ദം ചെലുത്താനായില്ല. ഗാംഭീര്‍ അതിവേഗതയില്‍ കളിച്ചില്ല. ഒരു ഭാഗം സുരക്ഷിതമാക്കി, ജയത്തിലേക്ക് ലക്ഷ്യം വെച്ചുള്ള യാത്രക്കിടെ ഗാംഭീര്‍ അര്‍ദ്ധസെഞ്ച്വറിയുമായി പുറത്തായെങ്കിലും സച്ചിനും ലക്ഷ്‌മണും കൂടുതല്‍ പരുക്കില്‍ നിന്ന് ടീമിനെ രക്ഷിച്ചു. ലഞ്ചിന് പിരിയുമ്പോള്‍ ഇന്ത്യന്‍ സ്‌ക്കോര്‍ മൂന്ന് വിക്കറ്റിന് 213 റണ്‍സായിരുന്നു.
ലഞ്ചിന് ശേഷം ലക്ഷ്‌മണ്‍ പുറത്തായി. തുടര്‍ന്നാണ് സച്ചിനൊപ്പം യുവരാജ് ചേര്‍ന്നത്. സ്‌പിന്നര്‍മാരായ സ്വാനിനെയും പനേസറിനെയും യുവരാജ് അനായാസം കൈകാര്യം ചെയ്‌തു. ഫ്‌ളിന്റോഫിനെ അതിര്‍ത്തി കടത്തിയാണ് സച്ചിന്‍ ടെസ്റ്റ്‌് ക്രിക്കറ്റിലെ നാല്‍പ്പതിയൊന്നാമത് സെഞ്ച്വറിയും 2008 കലണ്ടര്‍ വര്‍ഷത്തില്‍ ആയിരം റണ്‍സും പൂര്‍ത്തിയാക്കിയത്. സെഞ്ച്വറിയും ടീമിന്റെ വിജയവും ഉറപ്പാക്കിയ ബൗണ്ടറി സച്ചിന്‍ പായിക്കുമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ സമാനതകളില്ലാത്ത ഒരു വിജയമാണ് സാധ്യമായത്.
സ്‌ക്കോര്‍ബോര്‍ഡ്
ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്‌സ് 316. ഇന്ത്യ-ഒന്നാം ഇന്നിംഗ്‌സ് 241. ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്‌സ് 9 വിക്കറ്റിന് 311 ഡിക്ലയേര്‍ഡ്. ഇന്ത്യ രണ്ടാം ഇന്നിംഗ്‌സ്: ഗാംഭീര്‍ -സി-കോളിംഗ്‌വുഡ്-ബി-ആന്‍ഡേഴ്‌സണ്‍-66, സേവാഗ്-എല്‍.ബി.ഡബ്ല്യു-ബി-സ്വാന്‍-83, ദ്രാവിഡ്-സി-പ്രയര്‍-ബി-ഫ്‌ളിന്റോഫ്-4, സച്ചിന്‍-നോട്ടൗട്-103, ലക്ഷ്‌മണ്‍-സി-ബെല്‍-ബി-സ്വാന്‍-26, യുവരാജ്-നോട്ടൗട്ട്-85, എക്‌സ്‌ട്രാസ് 20,ആകെ 98.3 ഓവറില്‍ നാല് വിക്കറ്റിന് 387.
വിക്കറ്റ് പതനം: 1-117 (സേവാഗ്), 2-141 (ദ്രാവിഡ്), 3-183 (ഗാംഭീര്‍). 4-224 (ലക്ഷ്‌മണ്‍). ബൗളിംഗ്: ഹാര്‍മിസണ്‍ 10-0-48-0, ആന്‍ഡേഴ്‌സണ്‍ 11-1-51-1, പനേസര്‍ 27-4-105-0, ഫ്‌ളിന്റോഫ് 22-1-64-1, സ്വാന്‍ 28.3-2-103-2.
ഇത് മുംബൈ രക്തസാക്ഷികള്‍ക്ക്
ചെന്നൈ: ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച ടെസ്‌റ്റ് ക്രിക്കറ്റിലെ തന്റെ നാല്‍പ്പത്തിയൊന്നാം സെഞ്ച്വറി സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മുംബൈയില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്കായി സമര്‍പ്പിച്ചു. മുംബൈയില്‍ സംഭവിച്ചതുമായി ക്രിക്കറ്റിനെ താരതമ്യം ചെയ്യാനാവില്ല. പക്ഷേ ഞങ്ങള്‍ക്ക് ചെയ്യാനാവുന്ന സംഭാവനകള്‍ ഇതാണ്-ചെപ്പോക്കില്‍ ഇംഗ്ലണ്ടിനെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തിയ ശേഷം സംസാരിക്കവെ മുംബൈക്കാരനായ താരം പറഞ്ഞു. കാത്തിരുന്ന കാണുക എന്നതായിരുന്നു ഇന്ത്യന്‍ ടീമിന്റെ ചെന്നൈ ഗെയിം പ്ലാന്‍. കാരണം പിച്ചില്‍ ഭൂതമില്ല. പിടിച്ചുനിന്നാല്‍ വിജയിക്കാനാവുമെന്ന കാര്യത്തില്‍ സംശയമുണ്ടായിരുന്നില്ലെന്നും സച്ചിന്‍ പറഞ്ഞു. ക്യാപ്‌റ്റന്‍ ധോണി സേവാഗിനും സച്ചിനും യുവരാജിനുമാണ് വിജയത്തില്‍ മാര്‍ക്കിട്ടത്.
ശ്രീശാന്തിനെ തരംതാഴ്‌ത്തി
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് താരങ്ങളുമായുളള കരാര്‍ പുതുക്കി. ബാറ്റിംഗില്‍ തപ്പിതടയുന്ന രാഹുല്‍ ദ്രാവിഡിനെ എ ഗ്രേഡില്‍ നിലനിര്‍ത്തിയപ്പോള്‍ ശ്രീശാന്തിനെ ബി ഗ്രേഡില്‍ നിന്നും സി ഗ്രേഡിലേക്ക് തരം താഴ്‌ത്തി. 60 ലക്ഷം പ്രതിവര്‍ഷ വരുമാനം ലഭിക്കുന്ന എ ഗ്രേഡുകാരുടെ പട്ടികയില്‍ ധോണി, സച്ചിന്‍, ദ്രാവിഡ്, സഹീര്‍, ലക്ഷ്‌മണ്‍, ഹര്‍ഭജന്‍, ഗാംഭീര്‍, സേവാഗ്, യുവരാജ് എന്നിവരാണുളളത്. 40 ലക്ഷം ലഭിക്കുന്ന ബി ഗ്രേഡുകാരുടെ പട്ടികയില്‍ ആര്‍.പി സിംഗ്, മുനാഫ്, ഇര്‍ഫാന്‍, റൈന, രോഹിത്, ഇഷാന്ത്, ബദരീനാഥ് എന്നിവരുണ്ട്. 25 ലക്ഷത്തിന്റെ സി ഗ്രേഡില്‍ യൂസഫ് പത്താന്‍, വസീം ജാഫര്‍, പിയുഷ് ചാവ്‌ല, പ്രവീണ്‍, ഒജ, മിശ്ര, ശ്രീശാന്ത് എന്നിവരാണുളളത്.
തേര്‍ഡ് ഐ
ചെപ്പോക്കിലെ ഇന്ത്യന്‍ വിജയത്തിന് ഇരട്ടി മധുരമുണ്ട്.... ആദ്യ ദിവസങ്ങളില്ലെല്ലാം പതറിയിട്ടും മന: സാന്നിദ്ധ്യം നഷ്ടമാക്കാതെ മഹേന്ദ്രസിംഗ് ധോണിയും സംഘവും കളിച്ചു. നാലാം ദിവസം അവസാന സെഷനില്‍ വീരേന്ദര്‍ സേവാഗിന് സ്വാതന്ത്ര്യം നല്‍കിയത് മുതല്‍ ധോണിയിലെ പോസിറ്റീവ് നായകനുളളതാണ് ഈ വിജയവും. നാലാം ഇന്നിംഗ്‌സില്‍ 387 റണ്‍സ് നേടുക എന്നത് ഒരിക്കലും എളുപ്പമല്ല. പ്രത്യേകിച്ച് ചെപ്പോക്കിലെ വീണ്ടുകീറി തുടങ്ങിയ പിച്ചില്‍. ഗ്രയീം സ്വാന്‍, മോണ്ടി പനേസര്‍ എന്നീ രണ്ട് റെഗുലര്‍ സ്‌പിന്നര്‍മാര്‍ സ്വന്തം നിരയിലുളളപ്പോള്‍ കെവിന്‍ പീറ്റേഴ്‌സണ് ഭയപ്പെടാനുണ്ടായിരുന്നില്ല,. പക്ഷേ പീറ്റേഴ്‌്‌സണിലെ നായകന് ധോണി പ്രകടിപ്പിക്കാറുളള ധൈര്യത്തിന് അരികിലെത്താനായില്ല.
മികച്ച തുടക്കമാണ് ഫ്‌ളിന്റോഫ് മല്‍സരത്തിന്റെ അവസാനദിവസത്തില്‍ പീറ്റേഴ്‌സണ് നല്‍കിയത്. തപ്പിതടയുന്ന രാഹുല്‍ ദ്രാവിഡിനെ ഫ്‌ളിന്റോഫ് പുറത്താക്കിയപ്പോള്‍ മല്‍സരത്തിലേക്ക് തിരിച്ചുവരാനുളള വിതാലാണ് തുറന്നിരുന്നത്. എന്നാല്‍ ഈ ഘട്ടത്തില്‍ തന്റെ അനുഭവമ്പന്നനായ സീമര്‍ ഹാര്‍മിസണെ ഉപയോഗപ്പെടുത്തുന്നതില്‍ ക്യാപ്‌റ്റന്‍ താല്‍പ്പര്യമെടുത്തില്ല. രണ്ട് സ്‌പിന്നര്‍മാരില്‍ അദ്ദേഹം വിശ്വാസം പുലര്‍ത്തിയതില്‍ തെറ്റില്ല. പക്ഷേ പനേസര്‍ക്ക് സാഹചര്യങ്ങളെ ചൂഷണം ചെയ്യാനായില്ല. 27 ഓവറുകള്‍ പന്തെറിഞ്ഞ അദ്ദേഹത്തിന് ഒരു വിക്കറ്റ് പോലും ലഭിച്ചില്ലെന്ന് മാത്രമല്ല 105 റണ്‍സും വഴങ്ങി.
ഫ്‌ളിന്റോഫ് ദ്രാവിഡിനെ പുറത്താക്കിയ ഘട്ടത്തില്‍ പകരം ക്രീസിലെത്തിയ സച്ചിനില്‍ സമ്മര്‍ദ്ദം സ്വാഭാവികമാണ്. പൊട്ടിപൊളിയുന്ന പിച്ചില്‍ പ്രതിരോധത്തിന്റെ വിരസതയിലേക്ക് നീങ്ങാതെ, ആക്രമിക്കാനുറച്ചുളള സച്ചിന്റെ പാദചലനങ്ങളില്‍ ആ താരത്തിലെ ആത്മവിശ്വാസമാണ് പ്രകടമായത്. സച്ചിന്‍ ആത്മവിശ്വാസം പ്രകടമാക്കിയപ്പോള്‍ സ്വാനും പനേസറും പരിഭ്രാന്തരായി. ഇംഗ്ലീഷ് സ്‌പിന്നര്‍മാരില്‍ സീനിയര്‍ മോണ്ടിയാണ്. എന്നിട്ടും അദ്ദേഹത്തിന് കാര്യങ്ങളെ പ്രയോജനപ്പെടുത്താനുളള തന്ത്രങ്ങള്‍ക്ക് രൂപം നല്‍കാന്‍ കഴിഞ്ഞില്ല. ആദ്യ ഇന്നിംഗ്‌സില്‍ മികവ് പ്രകടിപ്പിച്ച സ്വാനാവട്ടെ വെറുതെ അപ്പീലുകള്‍ മുഴക്കി അമ്പയര്‍മാരുടെ അതൃപ്‌തി ചോദിച്ചുവാങ്ങുകയായിരുന്നു.
നിര്‍ണ്ണായക ഘട്ടങ്ങളില്‍ ഒരു നായകന് തീര്‍ച്ചായും ആശ്രയിക്കാനാവുക സീനിയര്‍ ബൗളര്‍മാരെയാണ്. അവര്‍ക്കറിയാം പന്തെറിയേണ്ട രീതികള്‍. ഹാര്‍മിസണും ആന്‍ഡേഴ്‌സണുമാണ് ഇംഗ്ലീഷ് സംഘത്തിലെ സീനിയര്‍ ബൗളര്‍മാര്‍. ഫ്‌ളിന്റോഫിനും കാര്യങ്ങളെ എളുപ്പം മനസ്സിലാക്കാനാവും. അവരെ തുടര്‍ച്ചയായി ഉപയോഗപ്പെടുത്തുന്നതിന് പകരം താരതമ്യേന നവാഗതരായ സ്‌പിന്നര്‍മാരെ പീറ്റേഴ്‌സണ്‍ ആശ്രയിച്ചപ്പോള്‍ സച്ചിനും ലക്ഷ്‌മണിനും യുവരാജിനും കാര്യങ്ങള്‍ എളുപ്പമായി.
സേവാഗ് നല്‍കിയ മനോഹരമായ തുടക്കമാണ് ശരിക്കും വിജയത്തിന്റെ അടിത്തറ. സേവാഗിന് കളിയിലെ കേമന്‍പ്പട്ടം നല്‍കിയതില്‍ തെറ്റില്ല. സ്‌ഫോടനാത്‌മക കരുത്തോടെ സേവാഗ് നടത്തിയ ബാറ്റിംഗ് ഇംഗ്ലീഷുകാരെ തളര്‍ത്തിയിരുന്നു. ആ തളര്‍ച്ചയില്‍ നിന്ന് മോചിതരായി രാവിലെ തന്നെ ദ്രാവിഡിനെ പുറത്താക്കാനായപ്പോള്‍ മല്‍സരം അവസാന പന്ത് വരെ ആവേശകരമാവുമെന്നാണ് കരുതിയത്. സച്ചിന്‍ ഒരു ഭാഗത്ത് നിലയുറപ്പിച്ചാല്‍ മറുഭാഗത്ത് കളിക്കുന്നവര്‍ക്ക് അതൊരു തണലാണ്. യുവരാജിന് സ്വന്തം കരിയറില്‍ ചൂണ്ടികാണിക്കാന്‍ വലിയ ഒരു ടെസ്റ്റ് ഇന്നിംഗ്‌സില്ല. ആ കുറവ് നികത്തന്‍ അദ്ദേഹത്തെ സഹായിച്ചത് സച്ചിനാണ്. സച്ചിന്‍ നല്‍കിയ ഒന്നിലധികം അവസരങ്ങളെ ഇംഗ്ലീഷ് ഫീല്‍ഡര്‍മാര്‍ ഉപയോഗപ്പെടുത്തിയതുമില്ല.
ധോണിയിലെ ടെസ്‌റ്റ് നായകന്‍ ഇപ്പോള്‍ നൂറില്‍ നൂറുമേനിയുമായി കത്തിനില്‍ക്കുകയാണ്. രാജ്യത്തെ അദ്ദേഹം നയിക്കുന്നത് ഇത് നാലാം ടെസ്‌റ്റിലാണ്. നാലിലും വിജയം.
No comments:
Post a Comment